*എതിർവിളി മറുവിളി
പാ. അകിലൻ
പരിഭാഷ: പി.രാമൻ
എങ്ങു വെച്ചു പോകുന്നു
താങ്കളാ വാക്കുകൾ ആറ്റൂർ?
മലകളുടെ വറ്റാത്ത ആദിയുറവിലോ?
ഇലകളുടെ ഒടുങ്ങാത്ത ശലശലപ്പുകൾക്കടിയിലോ?
അല്ലെങ്കിൽ
പട്ടിണി മനുഷ്യന്റെ കീറത്തുണികൾക്കിടയിൽ
ചരിത്രം കിടന്നുറങ്ങുന്ന തെരുവിലോ?
ഇവിടെത്തന്നെയാണുള്ളത്, ആറ്റൂർ
കടലിനക്കരെ
താങ്കളറിഞ്ഞ പേരുകളും
കാണാത്ത ഇടങ്ങളും
ആറാക്കുരുതിയും വറ്റാത്ത
അതേ നിലത്ത്.
ആയിരം ഉച്ചഭാഷിണി വാക്കുകളുടെ
രാഷ്ട്രീയ ഇടിമുഴക്കങ്ങൾക്കിടയിൽ
താങ്കളുടെ മൗനം മാത്രം
കേൾക്കുന്നു.
ഒരു ദീർഘനിശ്വാസം
നടുങ്ങുമെന്റെ കൈകളിൽ തട്ടുന്നു.
നമ്മുടെ പുകയില വള്ളങ്ങൾ
കാലത്തിൽ മുങ്ങിപ്പോയെന്നാലും
കണ്ണകീ കോവലരൊരുമിച്ചു ചേരുമ്പൊഴെല്ലാം
ഭഗവതി
ചുകന്നു വെളിപ്പെടുന്നവിടെ.
മഴയടർന്നു പെയ്യുന്നു ആറ്റൂർ
ബോംബിൽ ചിതറിയ വസ്ത്രങ്ങൾക്കിടയിൽ
അരമുണ്ടു മാത്രമുടുത്ത കവിയുടെ സാക്ഷ്യം
അമർന്നടിയുന്നു.
ഇപ്പുറത്ത്
കടലിനുമേലേ
ഒരു പൂവു വെയ്ക്കുന്നു ഞാൻ
ഉദകമർപ്പിക്കുന്നു.
* ആറ്റൂർ രവിവർമ്മ ഈഴത്തമിഴരെക്കുറിച്ചെഴുതിയ കവിതയുടെ തലക്കെട്ട്
* ശ്രീലങ്കയും കേരളവും തമ്മിലുണ്ടായിരുന്ന പുകയിലക്കച്ചവടത്തിന്റെ (ജാപ്പാണപ്പുകയില) ഓർമ്മ
No comments:
Post a Comment