Thursday, August 3, 2023

ഇശൈ കവിത

 ബാങ്കു കൊള്ളക്കാരനും മാനേജരുമായ ഒരാൾ

ഇശൈ


ചെറുപ്രായത്തിൽ

അവൻ ഒരു

കൊടും പോരാളിയായിരുന്നു.


നെറ്റിയിൽ ഇറുക്കെക്കെട്ടിയിരുന്ന

ചുവപ്പു റിബ്ബൺ

ഉറങ്ങുമ്പോൾ പോലും കൂടെയുണ്ടായിരുന്നു.


സ്വത്ത് ഒരിടത്തു കുമിയുന്നതു

സഹിക്കാതെ

തോക്കുമെടുത്ത്

അവനൊരു ബാങ്കിൽ കയറി.


 ഗംഭീരമായിരുന്നു അവിടം.

 സുഖകരമായ തണുപ്പുള്ളത്.

 വെടിപ്പും ഭംഗിയുമവിടെ പട്ടൊളി വീശി


വിശേഷിച്ചും ആ കറക്കക്കസേര.

അതിൽ എന്തോ ഒരു മായം ഉണ്ടായിരുന്നു.

തോക്ക് ഒരു മൂലയിൽ ചായ്ച്ചുവെച്ച്

കറക്കക്കസേരയിലിരുന്ന് 

ഫയലുകൾ നോക്കാൻ തുടങ്ങി അവൻ.

No comments:

Post a Comment