ഗുണാ (എന്ന) ഗുണശേഖരൻ
ഇശൈ
കാൺമാനില്ല
പേര് : ഗുണാ (എന്ന) ഗുണശേഖരൻ
വയസ്സ് : 31
അടയാളം : കവിളിൽ നാണയ വട്ടത്തിൽ ഒരു മറുക്.
കാണാതാവുമ്പോൾ നീലനിറ ടീ ഷർട്ടും കറുപ്പുനിറ പേന്റും അണിഞ്ഞിരുന്നു.
ബസ് സ്റ്റാന്റിലെ ചുമർപ്പരസ്യം വായിച്ചു
തിരിഞ്ഞതും
എതിരേ ഗുണശേഖരൻ നിൽക്കുന്നു.
സ്വല്പം മനോനില തെറ്റിയയാൾ
എന്നു തോന്നിയതിനാൽ
പരുങ്ങലോടെ ഞാൻ അടുത്തു ചെന്നു.
ഏകാധിപത്യത്തിന്റെ കടന്നുകയറ്റങ്ങൾക്കും
ആക്രമണങ്ങൾക്കുമെതിരെ
വിമർശനമുന്നയിച്ചു, അയാൾ.
ഭൂഗർഭജലം ഊറ്റുന്നതിനെക്കുറിച്ചുള്ള
തന്റെ വേദന അറിയിച്ചു.
പുറനാനൂറിൽ
'തൊടിത്തലൈ വിഴുത്തണ്ടിനാർ' രചിച്ച
ഒരു പാട്ടെടുത്തു കാട്ടി സംസാരിച്ചു.
പിക്കാസോ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ എന്നാരാഞ്ഞു.
പാവം ആ വീട്
ഗുണായെ വെച്ചുകൊണ്ട്
എന്തു ചെയ്യാനാണ്!
പാവം ഗുണാ
ആ വീട്ടിലിരുന്ന്
എന്തു ചെയ്യാനാണ്!
വയറു തടവിക്കാട്ടി
വിശക്കുന്നു എന്നു പറയുന്ന അവന്
ഭക്ഷണം കൊടുക്കുന്നു ഞാൻ
കാണുന്നവർ വിവരമറിയിക്കാൻ വേണ്ടി
ഒരു ടെലഫോൺ നമ്പർ
ചുവർപ്പരസ്യത്തിനടിയിൽ
കൊടുത്തിട്ടുണ്ട്.
നിങ്ങൾ ശരി എന്നു പറഞ്ഞാൽ
അവനെ വീട്ടിലേക്കു തിരിച്ചയക്കാം.
No comments:
Post a Comment