Sunday, September 3, 2023

രാമചരിതം പടലം 10

രാമചരിതം പടലം 10



1
കടലും കടന്നു ചെന്ന പടയുടെ പെരുപ്പം കണ്ടു
വേഗം വന്നറിയിക്കെന്നു കേമൻ രാവണൻ ചൊൽകേ
കപിവരരൂപം പൂണ്ടു ശുകസാരണന്മാരങ്ങു
തരം നോക്കി നടക്കേക്കണ്ടു തടുത്തൂ വിഭീഷണനും.


2
കപിവീരർ വേഗം ചെന്നു പാഞ്ഞുടൻ പിടിച്ചടിച്ചു 
കാൽകളും കയ്യും കെട്ടി രാമന്റെ മുന്നിലിട്ടു.
"ദശമുഖൻ വാക്കാൽ മെല്ലെപ്പോന്നു വൻപടയെക്കാണാൻ
കയറീയിത്തറയിൽ ഞങ്ങൾ" ശാന്തരായവർ പറഞ്ഞു.


3
എന്നവർ പറഞ്ഞ നേര "മെങ്കിൽ കെട്ടഴിക്ക, കാൺക -
യിന്നീ വൻപടയെയെങ്ങുമിടവിടാതിഷ്ടം പോലെ"
എന്നു കാകുൽസ്ഥൻ ചൊൽകേയെങ്ങും പോയ് നടന്നു കണ്ടു
ചെന്നറിയിച്ചൂ പടപ്പെരുപ്പം രാവണനോട്.


4
പടയുടെ പെരുപ്പമിപ്പോളിടവിടാതുള്ളവണ്ണം
പറയുവാൻ പണിപ്പെടുമെന്നാലുമിതാ, പറയാം
കടലുമേഴുമലയും ഭൂമിയാകാശം കാടും
ഇടതൂർന്ന കപിസൈന്യത്താൽ നിറഞ്ഞൂ ലങ്കേശായിന്ന്


5
ലങ്കേശാ കേൾക്ക, വാനിൽ തൊടുമാറു വാൽ നിറുത്തി
തന്നെപ്പോലുള്ള നൂറുകോടി വീരന്മാർ ചുറ്റി
മിന്നലു പോലെ മെയ്യിൻ നിറമുള്ളവനെക്കാൺക
രാമന്റെ വലത്തുഭാഗം, മൈന്തനെന്നവനു പേര്.


6
അവനുടെ വലത്തുനില്പൂ കീർത്തിമാൻ താരനെന്നോൻ
ശിവനോടുമേറ്റുമുട്ടാൻ പോന്ന കരങ്ങളുള്ളോൻ.
ചുവടൊന്നായ് ചേർന്നു നിൽക്കും വീരന്നു പേരു ധൂമ്ര -
നവനോടൊത്തവരില്ലാ കപികളിലാരും പോരിൽ


7
ഇടത്തു നിൽക്കുന്നവനു ജാംബവാനെന്നു നാമം
എവിടെയും സംസാരിക്കാനഴകാർന്ന ഭാഷയുള്ളോൻ
കരുത്തൻ ദംഭനെന്നുള്ള കപിവരൻ പിന്നെക്കീർത്തി
പെരുത്തുള്ള സൈന്യാധിപനഴകുള്ള സന്നാദനൻ.


8
അഴകൻ സന്നാദനൻ കൈയ്യൊരു കയ്യാൽ പിടിച്ചു ചെമ്പൊൽ -
ത്തളിരിന്റെ ചന്തം തോൽക്കും ചാരുശരീരമുള്ളോൻ
അണിഞ്ഞ കിരീടത്തിന്റെ തിളക്കത്തിൽ വിളങ്ങുന്നോൻ
അരികൾക്കന്തകൻ ക്രഥൻ പിന്നെ നിൽക്കുന്നൂ വീരൻ


9
മാറ്റും മൃതിയെപ്പോലുമുൾക്കരുത്താൽ, ശത്രുക്കൾ
തോറ്റു കൈവണങ്ങും വമ്പുള്ളവനാം പ്രമാഥിയെന്നോൻ
കാറ്റിനെ വേഗം കൊണ്ടു കടക്കുന്നോ,നേതു രൂപം
മാറ്റി വരിക്കുമെന്നതറിവീലാ പടയിൽ നിൽക്കേ


10
പടയിൽ തുടർന്നു കാണ്മൂ തടിയൻ ഗവാക്ഷനെ, യുൾ -
ക്കടുപ്പം ചേർന്നോരു ഗജൻ, കൂടേ ഗവയൻ പിന്നെ
വടിവുറ്റ ശരഭൻ, ഗന്ധമാദനൻ തൊട്ടരികേ,
ഉടനേ കേസരി, പിന്നെ ചൊല്ലാർന്ന ശതബലി


11
ശതബലിക്കടുത്തിടത്തായ് തടുക്കുവാനെന്ന മട്ടിൽ
ഉടക്കും മദയാനക്കൂട്ടത്തിനു സിംഹമായി
വിലമതിക്കുവാൻ പറ്റാബ്ബലമിണങ്ങിയ നളൻ
എതിരിടുന്നോർക്കു കാലൻ നീലൻ മറ്റേവനയ്യാ!

No comments:

Post a Comment