സൈനികർ
കാർലിസ് വെർഡിൻസ് (ലാത്വിയ, ജനനം: 1979)
കിടക്കയിൽ യൂണിഫോമണിഞ്ഞു നാം കിടന്നു. ഞാൻ, സ്വർണ്ണത്തലമുടിയുള്ള ഒരു ജർമ്മൻകാരൻ. നീ, രോമത്തൊപ്പി വെച്ച ഒരു റഷ്യക്കാരൻ. ഒരുപാടു വർഷങ്ങൾ യുദ്ധസന്നദ്ധരായി നാമങ്ങനെ കിടന്നു..
ഒരു നിമിഷം ഞാൻ മയക്കത്തിൽ വീണതും നീ തോക്ക് എന്റെ തലക്കു നേരെ ചൂണ്ടി. "ഒരു പുക താ, വഷളൻ നാസീ" നീ ആവശ്യപ്പെട്ടു. "നിന്റെ കുണ്ടിക്കാണ് പുക, വൃത്തികെട്ട ഇവാനേ" അനങ്ങാതെ ഞാൻ മറുപടി കൊടുത്തു.
ഒരു കൈ കൊണ്ട് നീയെന്നെ കടന്നുപിടിച്ചു. യൂണിഫോമിന്റെ മുൻവശം വലിച്ചു കീറി - പണ്ടാറടങ്ങട്ടെ. എന്റെ നാസി യൂണിഫോമിനടിയിൽ ഒരു ക്യൂബൻ പട്ടാളക്കാരന്റെ യൂണിഫോം!
പിന്നിലേക്കാഞ്ഞ് നീയെന്നെ തറപ്പിച്ചു നോക്കി. ഞാനൊരു ക്യൂബക്കാരനായിക്കഴിഞ്ഞിരുന്നു : മുറ്റിയ താടി, തിളങ്ങുന്ന കണ്ണുകൾ, ചെവിക്കു പിന്നിൽ ഒരു സിഗററ്റ്.
നീ നിന്റെ തോക്കു വലിച്ചെറിഞ്ഞ് സന്തോഷക്കണ്ണീരോടെ അലറിക്കരഞ്ഞു : "അല്ലെങ്കിലും എനിക്കറിയാം, എന്റെ ഹൃദയത്തിന്റെ ആഴത്തിലറിയാം എന്റെ തൊട്ടടുത്തു കിടക്കുന്നത് സുഹൃത്താണ്, സഖാവാണ് എന്ന്"
"വിപ്ലവം ജയിക്കട്ടെ!" നിന്റെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഞാൻ മന്ത്രിച്ചു. "ഞാനിതാ കീഴടങ്ങുന്നു!" ശാന്തമായ കുറുകലോടെ, നിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നീയെന്നെ അനുവദിച്ചു.
എന്നാൽ നിന്റെ യൂണിഫോമിന്റെ കുടുക്കഴിക്കേ, അവിശ്വാസത്തോടെ ഞാൻ പിന്നിലേക്കു മാറി. റഷ്യൻ യൂണിഫോമിനടിയിൽ നീ അണിഞ്ഞിരുന്നത് ഒരമേരിക്കൻ നാവിക യൂണിഫോം!
നോക്കുമ്പോൾ എന്റെയടുത്തു കിടക്കുന്നത് ശരിക്കുമൊരു അമേരിക്കക്കാരൻ. പല്ലു കാട്ടിയുള്ള പരന്ന ചിരി, ചവക്കുന്ന ച്യൂയിങ്ഗം.
ഞാനൊരു കത്തി കടന്നെടുത്ത് നിന്റെ തൊണ്ടയോടു ചേർത്തു വെച്ചു. നീ പക്ഷേ ഇളിച്ചുകൊണ്ടിരിക്കുന്നു : "എന്റിഷ്ടാ, ഇതൊന്നും അത്ര എളുപ്പമല്ല"
വടിക്കാത്ത നിന്റെ അമേരിക്കൻ താടിമേൽ എന്റെ കത്തിമുന നേരിയ ഒരു ചോപ്പുവര വീഴ്ത്തി. "നിനക്കു രക്ഷയില്ല, മുതലാളിത്തപ്പന്നീ ..." പല്ലിറുമ്മിക്കൊണ്ടു ഞാൻ പറഞ്ഞു. എന്നാൽ നീ ചുമ്മാ ചിരിച്ചു : "വിഡ്‌ഢി മതഭ്രാന്താ, വിടില്ല ഞാൻ നിന്നെ"
കിടക്കയിൽ യൂണിഫോമണിഞ്ഞു നാം കിടന്നു. ഞാൻ താടിയുള്ള ക്യൂബക്കാരൻ. നീ ചിരിക്കുന്ന അമേരിക്കക്കാരൻ. യുദ്ധസന്നദ്ധരാണു നാം. കിടക്കക്കടിയിൽ നിറയെ സിഗററ്റുകുറ്റികളും ചവച്ചുതുപ്പി ഉരുട്ടി വെച്ച ച്യൂയിംങ്ഗമ്മും.
No comments:
Post a Comment