രാമചരിതം 9
വരുന്ന ശത്രുക്കളെല്ലാമകമലിഞ്ഞേ
വരികിൽ നല്ലത്, തരികഭയമെന്നായ്
വരുന്നോർക്കഭയം നൽകലഴകു തന്നെ
അറിവുള്ളോർ,ക്കതിനുള്ള വഴി പറയാം.
ഒരു വനചരനൊടു കനിവു തോന്നി
പറവയൊന്നിരയായ് തന്നുടൽ കൊടുക്കേ
അവൻ മുമ്പു തന്നിണയെ ഹനിച്ചോനെന്നു
കരുതീ, ലെന്നറിയുവോരറിവെഴുന്നോർ
അറിവേറും കപിരാജൻ ദശമുഖന്റെ -
യനുജനോടിണങ്ങിയതറിയിച്ചപ്പോൾ
ഉടനൊരു ഞൊടിക്കുളളിലവിടെയെങ്ങും
മുഴക്കമായ് പേരെടുത്ത പടഹജാലം.
അരചരിലിളയവൻ ലക്ഷ്മണൻ വന്നു
കരുത്തനാം നിശിചരവര ശിരസ്സിൽ
ശുഭമുഹൂർത്തത്തിൽ തന്നെയഭിഷേകവും
കഴിക്കേയിളകിത്തുള്ളീ വാനരക്കൂട്ടം
"ഇളകുമീ മറികടൽ കടന്നുകൊള്ളാൻ
ഇനി നല്ലതുരചെയ്യിനുചിതമായി"
ഇളയവനൊടും കപിവരന്മാരോടും
കരുത്തനാം നിശിചരനൊടുമരചൻ
തെളിവൊടേയഴകൊടേയുരച്ച നേരം
പെരുതായ സമുദ്രത്തോടഴിഞ്ഞധികം
തെളിഞ്ഞോരു വഴിക്കായിയിരക്കുക നി-
ന്തിരുവടിയെന്നവരും തിരിച്ചുരച്ചു.
അവരതു മൊഴിഞ്ഞപ്പോളരചൻ രാമൻ
അടിമുടി വടിവൊടു പൊടിയണിഞ്ഞ്
കപിവരർ സ്തുതി ചെയ്കേ, പദമലരു
നിവരവേ, തൊഴുകവേ കരകമലം
വഴിതരികെന്നുടനേ കടലിനോട -
ങ്ങഴകൊടേയിരന്നു മാറമരും വണ്ണം
ഭുവനമോഹനമുടൽ കമിഴും വണ്ണം
പുകഴേറും പുല്ലിൻ മീതേ നമസ്ക്കരിച്ചു.
പുല്ലിൻ മീതേ കിടന്ന രാഘവനു കോപം
പൊടിഞ്ഞു പോയ്, "കഴിഞ്ഞുപോയിളയവനേ,
സൂര്യോദയങ്ങൾ മൂന്നിന്നേ, ക്കെടുക്ക വില്ലും
അഴകെഴും ശരങ്ങളും തൊടുക്കുവാനായ്
അലകടൽ വറുവറെ വരണ്ടു വറ്റി -
യതിലുള്ള പൊടി പൊങ്ങെക്കപികളെല്ലാം
കടന്നുപോന്നുലകത്തിൽ കരയതെന്നു
പ്രസിദ്ധമാമിനി" യെന്നു മൊഴിഞ്ഞെണീറ്റു
എഴുന്നേറ്റിട്ടവൻ തീപാറിടും ശരങ്ങൾ
ഇടതുടർന്നങ്ങുമിങ്ങും പൊഴിച്ച നേരം
കുഴഞ്ഞുപോയ് പെരും ജലചരങ്ങളെല്ലാം
കുറുകിവന്ന വെള്ളത്തിലുയിരൊടുങ്ങി.
അഴലിൽ വന്നരുളിയ വരുണനപ്പോൾ
"പുകളേറും നളനെന്ന കപിവരനാൽ
പിഴയില്ലാച്ചിറ കെട്ടുകതിനവനോ
വലിയൊരു പണിയില്ല" യെന്നു പറഞ്ഞു.
അതു കേൾക്കേ നശിച്ചിതു നരപതി തൻ
അമർഷം, സന്തുഷ്ടരായ കപികളെല്ലാം
മരങ്ങൾ പർവതങ്ങളുമെടുത്തു വന്നു
സമുദ്രത്തിലിട്ടൂ തുടർന്നനവരതം
ഉയർന്നിതു കരുത്തേറും ചിറ നളന്നാൽ
ഇടക്കിടെ മറിവിനു കയറു പിടി -
ച്ചപകടമുണ്ടാം നീങ്ങിയകന്നാലെന്നു
കപികളിലറിവുള്ളോരളന്നു നിന്നു.
അതിലതിലധികമുള്ളവയടർത്തീ
മരങ്ങളും കല്ലുകളും പർവ്വതങ്ങളും
ശതമഖാരിക്കു നാശം വരുത്തുവാനായ്
ശതയോജനാവഴിക്കു ചിറ കെട്ടീടാൻ
കരങ്ങളിലെടുത്തുവന്നവരവരേ -
യുടനുടനിടുമവർ കടലിൻ മീതെ
ഹിതം പോലെയൊരു തരം കരയെപ്പോലെ
നളനെന്ന കപിവരൻ പണിതുയർത്തി.
തിരതല്ലും കടൽ കടന്നവർക്കെല്ലാർക്കും
പുകളേറും നിശിചരപുരി വരെയും
തെരുതെരെ വഴി നടക്കുവാൻ പാകത്തിൽ
ബലമുള്ള ചിറ പണി തുടങ്ങിയ നാൾ
ഇരുപതിലിരുമൂന്നു കുറഞ്ഞുണ്ടായ് യോ -
ജന, മറുപകലിലൊരിരുപതുണ്ടായ്
ഇരുപതും പിന്നെയൊന്നുമടുത്ത നാളും
ഉയർന്നിതു പെരുംചിറ വഴി വഴിയായ്
പെരുംചിറ നാലാം പകലിരുപത്തിര-
ണ്ടതിൻ ബാക്കി വഴി മറുദിനം പകലേ
ഇരുപതും പിന്നെ മൂന്നു, മുറപ്പിനോടേ
ഉയർന്നുവന്നിടുകയായ് ചിറയപ്പാടെ.
വിലങ്ങില്ലാതിളകുന്ന കടൽ ശതയോ -
ജന വഴി തെളിവോടു നടന്നു പോകാൻ
തരത്തിനുയർന്നുവന്ന വഴി കടന്നു
സമുദ്രത്തിൻ മറുകരയണഞ്ഞെല്ലാരും
കപികളുമവരുടെയരചനും നൽ-
ത്തരുണിയിൽ മതി കെട്ടു മനമുഴറും
നരപതി തനയനുമിളയവനും
നലമുള്ള നിശിചരവരനുമെല്ലാം
മലമുകൾ, മരനിര, കൊടിയ ശൂലം
പെരും ഗദ, ശരങ്ങളും ധനുസ്സ്, വാളും
കരങ്ങളിലിളകുന്ന പടയുമായി
കടലുപോൽ നിറഞ്ഞിതക്കര കടന്ന്.
No comments:
Post a Comment