*ഉപ്പുകൊറ്റൻ
1
പൊന്നാനിത്തുറയിൽ നിന്നുള്ളിലേക്ക്
വള്ളം വരുന്നു പേരാറിലൂടെ
ഉപ്പുതൊട്ടുള്ള ചരക്കു കേറ്റി
ഉൾനാട്ടുകടവുകളിൽ ചെന്നടുത്ത്
പട്ടാമ്പിക്കെത്തുന്നതിനു മുമ്പേ മണൽ-
ത്തിട്ടിലിടിച്ചതു നിൽക്കുന്നു.
പേരാറിലൂടെക്കയറിപ്പോകാ-
നാവില്ലിനി, വെള്ളമത്രയില്ല.
കാണാവുന്നേടം വിളർത്തുനില്പൂ
തീരങ്ങൾ ഉപ്പേൽക്കാ മങ്ങലായി.
പാലക്കാട്ടോളവും പോയേ പറ്റൂ
തീരത്തെ വെട്ടുവഴി ചവിട്ടി.
2
ഊന്നുകോൽ കുത്തി തുഴയെറിഞ്ഞ്
വള്ളം തിരിയുന്നിടത്തോട്ട്.
പുഴയോടു ചേർന്ന കുളമുക്കു
കായലിലേക്കു കയറുന്നു.
കായൽക്കരയിലെയങ്ങാടിയിൽ
വള്ളമടുത്തു ചരക്കിറക്കി
തോർത്തുമുണ്ടാൽ വിയർപ്പൊപ്പുന്നു
കച്ചവടക്കാരനുപ്പുകൊറ്റൻ
*കടവത്തെപ്പുത്തർക്കു കാവൽ നിൽക്കു-
മരയാലിൻ കാറ്റിൽ വിയർപ്പാറുന്നു.
*പായ്വഞ്ചിയിൽ കേറ്റാൻ വെച്ച ചെമ്പു-
പാത്രത്തിനട്ടി തിളങ്ങുന്നു.
വഴിവക്കിൽത്തന്നെ നിസ്ക്കാരപ്പള്ളി,
അസർവെയിൽ ചുമരിന്മേൽ പൂത്തുനില്പൂ.
3
പട്ടാമ്പിയെത്തുന്നതിനു മുമ്പേ
വള്ളങ്ങൾ യാത്ര മുടിച്ച പിന്നെ
തലച്ചുമടായ് നീങ്ങിപ്പോകുന്നൂ
ചരക്കുകൾ ഊടുവഴി തോറും.
കടലു കുറുക്കിയോരുപ്പലിവൂ
കുടിവെള്ളമില്ലാത്ത നാട്ടിൽപ്പോലും.
*കാലമെന്നുപ്പിനെപ്പഞ്ഞിയാക്കി
കടഞ്ഞെന്റെ പഞ്ഞിയെയുപ്പുമാക്കി
ആ വെൺമതന്നന്ധതയിൽ ഞാനൊ -
രൈതിഹ്യത്തോണിയിൽ തെന്നിനീങ്ങി.
4
കുന്നിൻമുകളിൽ ശവപ്പറമ്പിൽ
ഇല്ലിമുളങ്കാട്ടിൽ ഞാറ്റടിയിൽ
ഉളിമൂർച്ചകൊണ്ടും ഉരുട്ടി വീഴ്ത്തും
കരിങ്കല്ലിൻ കൂർത്ത മുനകൾകൊണ്ടും
ചേറിക്കൊഴിക്കും മറവികൊണ്ടും
ചേറ്റുപോത്തിൻ കൊമ്പുവെട്ടൽകൊണ്ടും
അന്നന്നു ജീവിതത്തിൻ തെളിച്ചം
മിന്നിച്ചു മിന്നിച്ചു പോയ് പലരും
ആ സോദരത്വത്തിലെന്റെയുപ്പു
തൂവും വെളിച്ചവുമൊത്തു ചേർന്നു.
ഉപ്പിന്നകത്തുള്ള വർണ്ണങ്ങ-
ളപ്പാടെയെൻ നാടായ് വിരിയുന്നു
വിറ്റുവരവിൽ സ്വയം മറന്ന്
പട്ടണവാതുക്കൽ ഞാനിരുന്നു.
ഋതുക്കൾ മെലിഞ്ഞും നിറഞ്ഞും പോകേ
ചലിച്ചു ഞാൻ ചോരയിലുപ്പു പോലെ
5
കാറ്റിലുമുപ്പുകൊട്ടാരമുള്ള
തീരങ്ങളിൽ പോയ് ഞാനുപ്പു വിറ്റു.
നെല്ലു വിളയുന്ന നാട്ടിൽ നെല്ലും
കല്ലു വിളയുന്നിടത്തു കല്ലും.
വള്ളങ്ങൾ പോകാപ്പുഴക്കരയിൽ
ദാഹിച്ചു ചാവുമീ പട്ടണത്തിൽ
പല പല കച്ചവടങ്ങൾ മാറി
പല പറ്റുപുസ്തകക്കെട്ടു മാറി
തെരുവിൻ മുനമ്പിൽ ഗുദാമുകളിൽ
പല കാൽക്കുലേറ്ററിൽ കുത്തിക്കുത്തി
വീടാക്കടത്തിന്റെയുപ്പുചാക്കും
പേറിയുഷ്ണിച്ചു വരുന്നൊരെന്റെ
ഒടുവിലെ സ്വപ്നത്തിൻ കുഞ്ഞുതോണി
പുഴയിലെക്കുറ്റി തറഞ്ഞു നില്പൂ.
6
എല്ലാം പിടഞ്ഞൊടുങ്ങും മുമ്പേ,
ലോഡ്ജുമുറി തൻ ജനൽ തുറക്കേ,
പട്ടാമ്പിപ്പാലത്തിൻ ചോട്ടിൽ കാണ്മൂ
നീങ്ങാക്കിനാവുപോൽ കുഞ്ഞുതോണി.
എന്നെയെൻ ബാദ്ധ്യതയെന്നപോലെ
തോണിയെക്കുറ്റി മുറുക്കി നില്പൂ
*തോണിതൻ പള്ളപ്പുറത്തു കാണാം
ഇംഗ്ലീഷിൽ ടൈറ്റാനിക് എന്ന പേര്.
ആരുടെ ടൈറ്റാനിക്കാണിതാവോ
ആരിതനക്കാതെ കെട്ടിയാവോ
ആരു തകർന്നു മുടിഞ്ഞതിന്റെ
ക്രൂരക്കളിയോർമ്മപ്പേരിതാവോ!
7
ആരിട്ട കൗതുകപ്പേരായാലും
എന്റെയീക്കൊച്ചു കൊതുമ്പു സ്വപ്നം
കടലിന്നടിയിലേക്കാഴ്ന്നു പോയ
പെരിയ കിനാവിൻ പകർപ്പു തന്നെ.
പാലത്തിനടിയിലെ വെള്ളക്കെട്ടിൽ
താഴാനുമാഴം കാണാതെ നില്പൂ.
ഉരുക്കളിൽ ചരിത്രം കരയ്ക്കണയും
ചെറുതോണി ചെളിയിലിടിച്ചു നിൽക്കും
ഉപ്പോ മധുരമോയെന്നറിയാ-
തല്പം തരിയിൽ ഞാൻ വെന്തെരിയും.
*പറയി പെറ്റ പന്തിരുകുലത്തിലെ അംഗമായ ഐതിഹ്യ കഥാപാത്രമാണ് ഉപ്പുകൊറ്റൻ. ഉപ്പുകച്ചവടക്കാരനായിരുന്ന ഉപ്പുകൊറ്റൻ ഇസ്ലാം മത വിശ്വാസിയായിരുന്നു. ഉപ്പുകൊറ്റൻ എന്ന കഥാപാത്രത്തെ ചരിത്രത്തിലേക്കും പുതുകാലത്തിലേക്കും പടർത്താനുള്ള ശ്രമമാണ് ഈ കവിത.
* കടവത്തെപ്പുത്തർ - കടവത്തെ ബുദ്ധർ. ബുദ്ധമതത്തിന് സ്വാധീനമുണ്ടായിരുന്ന ഇടങ്ങളായിരുന്നു ഈ പ്രദേശങ്ങൾ.
* കുളമുക്കു കായലിലൂടെ പായ്വഞ്ചികൾ നീങ്ങിയിരുന്നു. കായൽ തീരത്തെ അങ്ങാടികൾ ചെമ്പു വ്യാപാരത്തിന് പ്രശസ്തമാണ്.
* പാലക്കാട്ടുനിന്ന് ഉപ്പു കൊണ്ടുവന്ന് പൊന്നാനിയിലും പൊന്നാനിയിൽ നിന്ന് പഞ്ഞി കൊണ്ടുവന്ന് പാലക്കാട്ടും ഉപ്പുകൊറ്റൻ വിറ്റതായി കഥയുണ്ട്.
* പട്ടാമ്പിപ്പാലത്തിനു ചുവട്ടിൽ കെട്ടിയിട്ട ടൈറ്റാനിക്ക് എന്നു പേരുള്ള ചെറുതോണി ആദ്യമായ് ശ്രദ്ധയിൽ പെടുത്തിയ വി. മുസഫർ അഹമ്മദിന്റെ ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം എന്ന യാത്രാനുഭവലേഖനത്തോടു കടപ്പാട്.
No comments:
Post a Comment