Thursday, September 28, 2023

ഭൂമിയുടെ ചെവി

ഭൂമിയുടെ ചെവി



ശവമെടുക്കാൻ വൈകിയപ്പോൾ

ചെവിയിൽ നിന്നെന്തോ അനങ്ങും പോലെ തോന്നി.

പഞ്ഞി തിരുക്, ആരോ പറഞ്ഞു.

പഞ്ഞി തിരുകി.

ശവമെടുത്തു.

അടക്കു കഴിഞ്ഞു കുളിച്ചു വന്നു.

ആളൊഴിഞ്ഞ നിലത്ത്

ഒരു ചുകന്ന മുത്തുമണി.

അതിന് എല്ലാം കേൾക്കാം.

ഒരു കേൾവിയന്ത്രമായ്

ഞാനതെടുത്തു ചെവിയിൽ വെച്ചപ്പോൾ

എനിക്കുമെല്ലാം കേൾക്കാം.

Wednesday, September 27, 2023

വല്ലാത്തൊരു നാട്ടിലൂടെ രക്ഷപ്പെടൽ - അന്ദ്രാസ് പെറ്റോഷ് (ഹങ്കറി, ജനനം: 1959)

വല്ലാത്തൊരു നാട്ടിലൂടെ രക്ഷപ്പെടൽ

അന്ദ്രാസ് പെറ്റോഷ് (ഹങ്കറി, ജനനം: 1959)



എനിക്കു പിറകേയോടി വരുന്നു

ഭയപ്പെടുത്തും നിശ്ശബ്ദതയിൽ

കുടഞ്ഞു കളയാനാവുന്നില്ല

തീരാപ്പകയിൽ പിന്തുടരുന്നു

എനിക്കു പിറകിൽ ഭയന്ന മൗനം

പിന്തുടരുന്നൂ തീരാപ്പകയിൽ

ഒരു ഭയമൂകതയൊരു നിസ്തബ്‌ധത

തീരാപ്പകയോടെനിക്കു പിറകേ

വരുന്നു, പിന്തുടരുന്നൂ പേടി -

ച്ചരണ്ട മൂകത, യൊരു നിസ്തബ്ധത

വരുന്നു തീരാപ്പകയാൽ സ്തബ്ധം

മൂകം പിറകേയോടിവരുന്നു.


ശബ്ദമെഴാതെ ചവിട്ടിമെതിക്കു -

ന്നവരുടെ കാലടി സ്വപ്നത്തിൽ പോൽ

സ്വപ്നത്തിൽ പോൽ: ഒരു ഭയമൂകത-

യൊരു നിസ്തബ്ധത, എനിക്കു പിന്നിൽ

വരുന്നു കാലടി, തുടരേയോടി.

ശബ്ദമെഴാത്ത കിതപ്പ്, മെതിക്കും

കാലടി, മങ്ങിയ രൂപങ്ങൾ പോൽ

കാണാം, മങ്ങിയൊരാ രൂപങ്ങൾ

മനസ്സിലാക്കാമെനിക്ക്, കാണാം

തിരിഞ്ഞു പിന്നിൽ നോക്കീടുമ്പോൾ.


ഓടിയൊളിപ്പൂ ഞാനൊരു കാട്ടിൽ -

കൂടി, യിതേവരെയോടിപ്പോന്ന

തരത്തിൽ കാണും കാട്ടിൽകൂടി,

കാടിന്നൊരു തരമായിതു വരെയും

കാണും കാട്ടിൽ, മണൽക്കുന്നുകളുടെ -

യിടയിൽ കൂടി, പാഴ്മണലിപ്പോൾ 

ചൂഴ്കേ,യന്തിവെളിച്ചത്തിൽ ഞാൻ

പിന്നിൽ നോക്കേയവരുടെ മങ്ങിയ

രൂപമെനിക്കറിയാനാവുന്നൂ.

അന്തിവെളിച്ചം, ഇരുട്ടിവരുന്നു -

ണ്ടെങ്ങും, ഇരുട്ടിവരുന്നേയുള്ളൂ

ഇപ്പൊളിരുട്ടി വരുന്നേയുള്ളൂ

ഈയത്തിൻ നിറമായേയുള്ളൂ.


കിതച്ചിടുന്നൂ നിശ്ശബ്ദമവർ

നിശ്ശബ്ദമൊരു കിതപ്പെന്നാൽ

അറിയാമവരുടെ ശ്വാസക്കുറുക -

ലെനിക്കെൻ സ്വപ്നത്തിൽ പോലെ.

ആ നിശ്ശബ്ദക്കുറുകൽ, പക്ഷേ -

യറിവൂ ഞാനാക്കിതപ്പുകൾ

കുറുകുന്നൂ ഞാൻ മൂകം സ്തബ്ധം

സ്തബ്ധവിമൂകത,യരികിൽ വരുന്നൂ

വേട്ടക്കാരെന്നരികിൽ ചുറ്റും 

മണലിൻ തരിശ,ല്ലല്ല വെറും നര


കിനാവു കാണുമ്പോലെ, കിനാവ-

ല്ലൊരു നര മാത്രം ചുറ്റിലു, മല്ലാ

മൂകത മാത്ര, മൊരന്തിവെളിച്ച വി-

മൂകത മാത്രം, കേൾക്കാൻ കഴിയു -

ന്നേതാണ്ടവരുടെ കിതപ്പെനിക്ക്.

അവരിങ്ങെത്തീയെന്നാലുമെനി -

ക്കവരെക്കേൾക്കാനാവുന്നീല.

ഒരു വെടിവെപ്പിൻ പന്തയ,മവരെൻ

പിറകേ വായിട്ടലച്ചിടുന്നാ

വാക്കുക,ളെന്നാലവർ പറയുന്ന -

തെനിക്കറിയാം, ഒരു പന്തയവെടിവെ-

പ്പോടാനാവാതേ ഞാൻ വീഴ്ത്ത -

പ്പെട്ടൂ, കോച്ചി മരച്ചു വിറച്ചു വി-

റങ്ങലിപ്പൂ, വയ്യാ പായാൻ


വേട്ടക്കാരെൻ മേലേ വിജയം

നേടുന്നൂ, ഞാൻ മാഞ്ഞീടുന്നൂ

തന്നത്താനേ പറയുന്നൂ ഞാൻ

വിടുകില്ലെന്മേൽ വിജയം നേടാൻ 

വേട്ടക്കാരെ, പ്പക്ഷേയറിവൂ

വിജയം നേടുകയാണവരെന്മേൽ

തുടരെത്തുടരെ,ക്കാണാമവരുടെ

നിഴൽരൂപങ്ങൾ തെളിഞ്ഞു തെളിഞ്ഞു

വരുന്നെൻ പിന്നിൽ, കേൾക്കാമിപ്പോൾ

അവരോടുന്ന കിതപ്പേറെക്കുറെ

ഞാൻ മൗനത്തിലടങ്ങീടുകിലും

നിശ്ചലതയിൽ മൂടപ്പെട്ടാലും

അവരോടുന്ന കിതപ്പുകൾ കേൾക്കാം,

പറയുന്നൂ ഞാൻ തന്നത്താനേ.


കേൾക്കാമേതാണ്ടവരുടെ തോക്കുകൾ

പാത്തി വലിച്ചുന്നം വെയ്ക്കുന്നത്,

സ്വപ്നം ഞാൻ കാണുമ്പോൽ, കാമ്പി-

ല്ലാത്തൊരു മായക്കാഴ്ച്ച കണക്കു, കി-

നാവു കിനാക്കാണുന്നതുപോലെ

വേട്ടക്കാരെൻ പിറകേ, തിക്കി -

ത്തിക്കിക്കൊണ്ടേയോടുന്നൂ ഞാൻ,

ഞെട്ടിത്തെറിയൻ നിശ്ശബ്ദതയാൽ

ചുറ്റപ്പെട്ടെൻ ശ്വാസക്കുറുകൽ,

ഇപ്പോഴും ഞാനവരെക്കേൾക്കും

നിസ്തബ്ധതയാലരികത്തരിക -

ത്തരികത്തണയുന്നെൻവേട്ടക്കാർ

അന്തസ്സാരവിഹീനമനന്തമൊ-

രോട്ടപ്പന്തയമേറെദ്ദീർഘം.


വല്ലാത്തൊരു പാച്ചിൽ. ഞാൻ കേൾപ്പൂ

വേട്ടക്കാരെ, കഴിയുന്നീലാ

തുടരുമിതെത്രയതൂഹിച്ചീടാൻ

വിശ്രമമെപ്പൊളെനിക്കെന്നറിയാൻ

എന്നെങ്കിലുമിതൊടുങ്ങിടുമോ? കഴി-

വീലയതൂഹിക്കാനുമെനിക്ക്.

എന്നെങ്കിലുമിതൊടുങ്ങുകിലെന്നുടെ

രക്ഷപ്പെടലീ ഭീകര ഭൂനില -

യൂടെ, പാഴ്മണലൂടേ, യസ്ത -

മയം പോൽ പിന്നെ നരച്ചിരുളുന്നൂ -

ണ്ടന്തിവെളിച്ചം, പ്രിയകരമായൊരു

കാനൽ മരീചിക, കാമ്പില്ലാത്തത്

നിശ്ശബ്ദം, ഞാൻ സ്വപ്നം കാണും

പോൽ, പൊരുളറ്റൊരു നിശ്ശബ്ദതയിൽ

ഞാനതിവേഗം പായും പോലെ.


പാഴ്മണൽ കാനനപാതകൾ പുല്ലു

പരപ്പുകൾ താണ്ടി, പോൽ - പോലുള്ളൊരു

ലോകം ഞാൻ സ്വപ്നം കാണുമ്പോൽ

അവസാനിക്കാതെന്റെ പലായന -

മെന്നിൽക്കൂടി, ദ്ദുഷ്കരസഹനം

നിശ്ശബ്ദതയിപ്പോഴു, മരൂപം

നരയാൽ ചുറ്റപ്പെ,ട്ടെൻ ചുറ്റും

രൂപവിഹീനം നരപ്പ്, വൈകൃത

രൂപങ്ങൾ ഭീകരമാകൃതികൾ

ഭീകര വൈകൃത രൂപങ്ങൾ തൻ

മങ്ങിച്ചിന്നിയതാമാകൃതികൾ













Tuesday, September 26, 2023

തടാകം പ്രഭാതത്തിൽ - അന്ദ്രാസ് പെറ്റോഷ് (ഹങ്കറി, ജനനം: 1959)

തടാകം പ്രഭാതത്തിൽ


അന്ദ്രാസ് പെറ്റോഷ് (ഹങ്കറി, ജനനം: 1959)


വിസ്തൃത ജലം : പ്രഭാതത്തിന്റെ നിശ്ശബ്ദത

സ്വർഗ്ഗീയ നീലം, നിശ്ശബ്ദത, യീപ്രഭാതത്തിൻ

വിസ്തൃതജലം, വിസ്തൃതം , നീലനിശ്ശബ്ദത,

സ്വർഗ്ഗീയം, പ്രഭാതത്തിൻ വിസ്തൃതജലം,ജലം


പട്ടിന്റെ പതുപ്പുള്ള വീർത്തുപൊങ്ങൽ. നിശ്ശബ്ദം

തിരകളിളകുന്ന വിറകൾ, നിശ്ശബ്ദത

വിസ്തൃത ജലം, സ്വർഗ്ഗീയോജ്വലനീലം, പട്ടു

പതുപ്പിൻ തിരയിളക്കങ്ങൾ തൻ കൊടും വിറ -


യലുകൾ, മങ്ങൽ, മൂടൽ, കനക്കും വീർത്തുപൊങ്ങൽ

വിസ്തൃതജലം, നീലം, തിരതൻ തുള്ളൽ, പതു

പതുപ്പൻ ക്ഷോഭങ്ങൾ, സ്വർഗ്ഗീയത, സ്വർഗ്ഗീയത


നീലിച്ച നിശ്ശബ്ദത, വീർത്തുന്തൽ, പതുപ്പാർന്ന

ക്ഷോഭങ്ങൾ, തിരതുള്ളൽ, സ്വർഗ്ഗീയം പുലർനീലം



Sunday, September 24, 2023

ഉപ്പുകൊറ്റൻ

 *ഉപ്പുകൊറ്റൻ



1


പൊന്നാനിത്തുറയിൽ നിന്നുള്ളിലേക്ക്

വള്ളം വരുന്നു പേരാറിലൂടെ

ഉപ്പുതൊട്ടുള്ള ചരക്കു കേറ്റി

ഉൾനാട്ടുകടവുകളിൽ ചെന്നടുത്ത്

പട്ടാമ്പിക്കെത്തുന്നതിനു മുമ്പേ മണൽ-

ത്തിട്ടിലിടിച്ചതു നിൽക്കുന്നു.

പേരാറിലൂടെക്കയറിപ്പോകാ-

നാവില്ലിനി, വെള്ളമത്രയില്ല.

കാണാവുന്നേടം വിളർത്തുനില്പൂ

തീരങ്ങൾ ഉപ്പേൽക്കാ മങ്ങലായി.

പാലക്കാട്ടോളവും പോയേ പറ്റൂ

തീരത്തെ വെട്ടുവഴി ചവിട്ടി.


2


ഊന്നുകോൽ കുത്തി തുഴയെറിഞ്ഞ്

വള്ളം തിരിയുന്നിടത്തോട്ട്.

പുഴയോടു ചേർന്ന കുളമുക്കു

കായലിലേക്കു കയറുന്നു.

കായൽക്കരയിലെയങ്ങാടിയിൽ

വള്ളമടുത്തു ചരക്കിറക്കി

തോർത്തുമുണ്ടാൽ വിയർപ്പൊപ്പുന്നു

കച്ചവടക്കാരനുപ്പുകൊറ്റൻ

*കടവത്തെപ്പുത്തർക്കു കാവൽ നിൽക്കു-

മരയാലിൻ കാറ്റിൽ വിയർപ്പാറുന്നു.

*പായ്വഞ്ചിയിൽ കേറ്റാൻ വെച്ച ചെമ്പു-

പാത്രത്തിനട്ടി തിളങ്ങുന്നു.

വഴിവക്കിൽത്തന്നെ നിസ്ക്കാരപ്പള്ളി,

അസർവെയിൽ ചുമരിന്മേൽ പൂത്തുനില്പൂ.


3


പട്ടാമ്പിയെത്തുന്നതിനു മുമ്പേ

വള്ളങ്ങൾ യാത്ര മുടിച്ച പിന്നെ

തലച്ചുമടായ് നീങ്ങിപ്പോകുന്നൂ

ചരക്കുകൾ ഊടുവഴി തോറും.

കടലു കുറുക്കിയോരുപ്പലിവൂ

കുടിവെള്ളമില്ലാത്ത നാട്ടിൽപ്പോലും.

*കാലമെന്നുപ്പിനെപ്പഞ്ഞിയാക്കി

കടഞ്ഞെന്റെ പഞ്ഞിയെയുപ്പുമാക്കി

ആ വെൺമതന്നന്ധതയിൽ ഞാനൊ -

രൈതിഹ്യത്തോണിയിൽ തെന്നിനീങ്ങി.


4


കുന്നിൻമുകളിൽ ശവപ്പറമ്പിൽ

ഇല്ലിമുളങ്കാട്ടിൽ ഞാറ്റടിയിൽ

ഉളിമൂർച്ചകൊണ്ടും ഉരുട്ടി വീഴ്ത്തും

കരിങ്കല്ലിൻ കൂർത്ത മുനകൾകൊണ്ടും

ചേറിക്കൊഴിക്കും മറവികൊണ്ടും

ചേറ്റുപോത്തിൻ കൊമ്പുവെട്ടൽകൊണ്ടും

അന്നന്നു ജീവിതത്തിൻ തെളിച്ചം

മിന്നിച്ചു മിന്നിച്ചു പോയ് പലരും

ആ സോദരത്വത്തിലെന്റെയുപ്പു

തൂവും വെളിച്ചവുമൊത്തു ചേർന്നു.

ഉപ്പിന്നകത്തുള്ള വർണ്ണങ്ങ-

ളപ്പാടെയെൻ നാടായ് വിരിയുന്നു

വിറ്റുവരവിൽ സ്വയം മറന്ന്

പട്ടണവാതുക്കൽ ഞാനിരുന്നു.

ഋതുക്കൾ മെലിഞ്ഞും നിറഞ്ഞും പോകേ

ചലിച്ചു ഞാൻ ചോരയിലുപ്പു പോലെ


5


കാറ്റിലുമുപ്പുകൊട്ടാരമുള്ള

തീരങ്ങളിൽ പോയ് ഞാനുപ്പു വിറ്റു.

നെല്ലു വിളയുന്ന നാട്ടിൽ നെല്ലും

കല്ലു വിളയുന്നിടത്തു കല്ലും.

വള്ളങ്ങൾ പോകാപ്പുഴക്കരയിൽ

ദാഹിച്ചു ചാവുമീ പട്ടണത്തിൽ

പല പല കച്ചവടങ്ങൾ മാറി

പല പറ്റുപുസ്തകക്കെട്ടു മാറി

തെരുവിൻ മുനമ്പിൽ ഗുദാമുകളിൽ

പല കാൽക്കുലേറ്ററിൽ കുത്തിക്കുത്തി

വീടാക്കടത്തിന്റെയുപ്പുചാക്കും

പേറിയുഷ്ണിച്ചു വരുന്നൊരെന്റെ

ഒടുവിലെ സ്വപ്നത്തിൻ കുഞ്ഞുതോണി

പുഴയിലെക്കുറ്റി തറഞ്ഞു നില്പൂ.


6


എല്ലാം പിടഞ്ഞൊടുങ്ങും മുമ്പേ,

ലോഡ്ജുമുറി തൻ ജനൽ തുറക്കേ,

പട്ടാമ്പിപ്പാലത്തിൻ ചോട്ടിൽ കാണ്മൂ

നീങ്ങാക്കിനാവുപോൽ കുഞ്ഞുതോണി.

എന്നെയെൻ ബാദ്ധ്യതയെന്നപോലെ

തോണിയെക്കുറ്റി മുറുക്കി നില്പൂ

*തോണിതൻ പള്ളപ്പുറത്തു കാണാം

ഇംഗ്ലീഷിൽ ടൈറ്റാനിക് എന്ന പേര്.

ആരുടെ ടൈറ്റാനിക്കാണിതാവോ

ആരിതനക്കാതെ കെട്ടിയാവോ

ആരു തകർന്നു മുടിഞ്ഞതിന്റെ

ക്രൂരക്കളിയോർമ്മപ്പേരിതാവോ!


7


ആരിട്ട കൗതുകപ്പേരായാലും

എന്റെയീക്കൊച്ചു കൊതുമ്പു സ്വപ്നം

കടലിന്നടിയിലേക്കാഴ്ന്നു പോയ

പെരിയ കിനാവിൻ പകർപ്പു തന്നെ.

പാലത്തിനടിയിലെ വെള്ളക്കെട്ടിൽ

താഴാനുമാഴം കാണാതെ നില്പൂ.

ഉരുക്കളിൽ ചരിത്രം കരയ്ക്കണയും

ചെറുതോണി ചെളിയിലിടിച്ചു നിൽക്കും

ഉപ്പോ മധുരമോയെന്നറിയാ-

തല്പം തരിയിൽ ഞാൻ വെന്തെരിയും.






*പറയി പെറ്റ പന്തിരുകുലത്തിലെ  അംഗമായ ഐതിഹ്യ കഥാപാത്രമാണ് ഉപ്പുകൊറ്റൻ. ഉപ്പുകച്ചവടക്കാരനായിരുന്ന ഉപ്പുകൊറ്റൻ ഇസ്ലാം മത വിശ്വാസിയായിരുന്നു. ഉപ്പുകൊറ്റൻ എന്ന കഥാപാത്രത്തെ ചരിത്രത്തിലേക്കും പുതുകാലത്തിലേക്കും പടർത്താനുള്ള ശ്രമമാണ് ഈ കവിത.


* കടവത്തെപ്പുത്തർ - കടവത്തെ ബുദ്ധർ. ബുദ്ധമതത്തിന് സ്വാധീനമുണ്ടായിരുന്ന ഇടങ്ങളായിരുന്നു ഈ പ്രദേശങ്ങൾ.


* കുളമുക്കു കായലിലൂടെ പായ്വഞ്ചികൾ നീങ്ങിയിരുന്നു. കായൽ തീരത്തെ അങ്ങാടികൾ ചെമ്പു വ്യാപാരത്തിന് പ്രശസ്തമാണ്.


* പാലക്കാട്ടുനിന്ന് ഉപ്പു കൊണ്ടുവന്ന് പൊന്നാനിയിലും പൊന്നാനിയിൽ നിന്ന് പഞ്ഞി കൊണ്ടുവന്ന് പാലക്കാട്ടും ഉപ്പുകൊറ്റൻ വിറ്റതായി കഥയുണ്ട്.


* പട്ടാമ്പിപ്പാലത്തിനു ചുവട്ടിൽ കെട്ടിയിട്ട ടൈറ്റാനിക്ക് എന്നു പേരുള്ള ചെറുതോണി ആദ്യമായ് ശ്രദ്ധയിൽ പെടുത്തിയ വി. മുസഫർ അഹമ്മദിന്റെ ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം എന്ന യാത്രാനുഭവലേഖനത്തോടു കടപ്പാട്.


Friday, September 22, 2023

ജലസ്വപ്നങ്ങൾ -3 - മീറെൻ അഗുർ മീബെ (ബാസ്ക്, സ്പെയിൻ, ജനനം: 1962)

ജലസ്വപ്നങ്ങൾ -3

മീറെൻ അഗുർ മീബെ (ബാസ്ക്, സ്പെയിൻ, ജനനം: 1962)



ഫോണിൽ നിൻ ശബ്ദം ജലം.

മേശപ്പുറത്തൊരു ഗ്ലാസ്.

ഞാനതും നോക്കിയുറക്കത്തിലാഴുന്നു.

ജലം കിടക്കയൊഴുക്കിക്കൊണ്ടുപോകുന്നു.

എന്റെ രാവാട വീർത്തുന്തി നിൽക്കുന്നു.

വിളക്കുമാടത്തിനു നേർക്കു ഞാനൊഴുകുന്നു

എനിക്ക് ഇമെയിൽ ചെയ്തുകൊണ്ടവിടെയുണ്ടു നീ.

വിഷയം : "വെള്ളം, പ്ലീസ്"

(എന്റെ ശബ്ദം ജലമോ നിനക്ക്?)

കണ്ണു തുറക്കുന്നു ഞാൻ, കയ്യു നീട്ടുന്നു

ഗ്ലാസു വീഴുന്നു

ചില്ലു തുണ്ടുകൾ നിൻ പേരുരയ്ക്കുന്നു

ഞാനുണരുന്നൂ നനഞ്ഞ്.


ഒരു നീണ്ട തീവണ്ടി - ജോസെബാ സാരിയോനന്തിയ (ബാസ്ക്ക്, ജനനം : 1958)

 ഒരു നീണ്ട തീവണ്ടി

ജോസെബാ സാരിയോനന്തിയ (ബാസ്ക്ക്, ജനനം : 1958)


സൂര്യോദയം, എപ്പോഴുമൊരു നീണ്ട തീവണ്ടി

സ്റ്റേഷൻ വിട്ടു പോകുന്നു.

ജനലിലൂടൊരു പെണ്ണു നോക്കുന്നു

ആരോടുമല്ലാതെ യാത്ര പറയുന്നു.

എപ്പോഴുമൊരു ഹൃദയം

രണ്ടായിക്കീറുന്നു.

ഒരു പാതി തീവണ്ടിയോടൊപ്പം പോകുന്നു

മറുപാതി പ്ലാറ്റ്ഫോമിൽ തങ്ങുന്നു.

മഴ പെയ്യുന്നു ജനലുകൾ നനച്ച്

ബോഗികൾ നനച്ച്, റയിൽപ്പാതകൾ നനച്ച്

എപ്പോഴും തീവണ്ടി നാശം പിടിച്ചത്.

മുൻ തടവുപുള്ളിയുടെ മനസ്സ് - ജോസെബാ സാരിയോനന്തിയ (ബാസ്ക്, ജനനം : 1958)

മുൻ തടവുപുള്ളിയുടെ മനസ്സ്

ജോസെബാ സാരിയോനന്തിയ (ബാസ്ക്, ജനനം : 1958)


മുൻ തടവുപുള്ളിയുടെ മനസ്സ്

എപ്പോഴും ജയിലിലേക്കു മടങ്ങുന്നു.

ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും

വക്കീൽമാരെയും അയാൾ

തെരുവിലെവിടെ വെച്ചും കാണുന്നു.

അവർക്കയാളെ തിരിച്ചറിയാനായില്ലെങ്കിൽ പോലും

മറ്റാരെക്കാളും കൂടുതൽ സമയം

പോലീസുകാരയാളെ തറച്ചുനോക്കുന്നു.

കാരണം അയാളുടെ നടത്തം

ഏറെ പിരിമുറുക്കത്തോടെയാണ്.

അല്ലെങ്കിൽ വല്ലാത്ത അയവോടെ.

ഒരു കുറ്റാരോപിതനെ

അയാളെന്നും ഹൃദയത്തിൽ ചുമക്കുന്നു.

പൊട്ടിപ്പൊളിഞ്ഞൊരു ഷൂസു കൂന - ജോസെബാ സാരിയോനന്തിയ (ബാസ്ക്ക്, ജനനം : 1958)

പൊട്ടിപ്പൊളിഞ്ഞൊരു ഷൂസു കൂന


ജോസെബാ സാരിയോനന്തിയ (ബാസ്ക്ക്, ജനനം : 1958)



ജീവിതത്തിന്റെ രൂപകം യാത്ര.


മൃതിയുടേത് നിലാവിൽ കാണാവുന്ന

പൊട്ടിക്കീറിപ്പൊളിഞ്ഞ ഷൂസിൻ കൂന.


അതു തനിക്കുതാനായിത്തിളങ്ങുന്നു.


ചോടുവെപ്പിന്റെയായുസ്സൊടുങ്ങവേ,

ഏതിലൂടെയെല്ലാം നടന്നെന്നതിൻ

ഓർമ്മയില്ലയാ ഷൂസുകൾക്കൊന്നിനും.


കെട്ടിത്തൂങ്ങി മരിക്കുവാൻ യാത്രികർ

ഊരിക്കൊണ്ടെങ്ങോ പോയതു കാരണം

കെട്ടുനാടകളില്ലാത്ത ഷൂസുകൾ





ഭൂമിശാസ്ത്രം - ഫെലിപ്പെ ജുവാരിസ്റ്റി (ബാസ്ക്, സ്പെയിൻ, ജനനം: 1957)

 ഭൂമിശാസ്ത്രം


ഫെലിപ്പെ ജുവാരിസ്റ്റി (ബാസ്ക്, സ്പെയിൻ, ജനനം: 1957)


ഞാൻ ഇവിടെ ജനിച്ചവൻ

എന്നിട്ടും എനിക്കീ സ്ഥലമറിയില്ല.

ഞങ്ങൾ ഒരേ ഭാഷ പറയുന്നവർ

എന്നിട്ടും എനിക്കെന്റെ ജനത്തെ

മനസ്സിലാക്കാനാവുന്നില്ല.

ഇതെന്റെ ജന്മനാട്

ഇഞ്ചിഞ്ചായ് ഇവളെന്നെ കൊല്ലുന്നു.

എന്നിട്ടും ഞാനിവളുടെ മെരുങ്ങാത്ത സാമ്രാജ്യത്തിലേക്ക്

എപ്പൊഴും മടങ്ങുന്നു,

രോഗി അവന്റെ വേദനയിലേക്കെന്ന പോലെ

അക്കിത്തം വാസുദേവന്റെ ചിത്രങ്ങൾ

 അക്കിത്തം വാസുദേവന്റെ ചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ മനുഷ്യൻ പാർക്കുന്ന ഇടങ്ങളിലേക്ക് എത്തിപ്പെട്ട വന്യമൃഗങ്ങളാണ് എന്നെ ആകർഷിച്ചത്. മൃഗങ്ങൾക്ക് അവയുടെ വന്യമായ വാസസ്ഥാനങ്ങൾ നഷ്ടമായി അവ നഗരത്തിലേക്കിറങ്ങുന്നതായാണ് എനിക്കാദ്യം തോന്നിയത്. മനുഷ്യന്റെ അധിനിവേശം മൂലം ശോഷിച്ചു വരുന്ന കാട്ടിൽ വെള്ളവും തീറ്റയുമില്ലാതെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേരളത്തിൽ പെരുകിവരുന്ന കാലത്താണ് അക്കിത്തം വാസുദേവന്റെ ചിത്രങ്ങൾ ഞാൻ ആദ്യം കണ്ടത്. കേരളത്തിലെ ഞങ്ങളുടെ ചെറുഗ്രാമത്തിൽ പോലും മുമ്പു കാണാത്ത തരത്തിൽ കാട്ടുപന്നിയും മയിലും കുരങ്ങുമെല്ലാം മനുഷ്യവഴികളിൽ കുറുക്കനെ വരാൻ തുടങ്ങിയ കാലവുമാണിത്.

സ്റ്റുഡിയോയിൽ നിന്ന് ആ ചിത്രങ്ങൾ കണ്ടു മടങ്ങിയ ശേഷം അവ എന്നെ പിന്തുടർന്നത് നഗരത്തെ പിന്തുടരുന്ന കാടായും നാഗരികതയെ പിന്തുടരുന്ന വന്യതയായുമാണ്. കേദാർനാഥ് സിങ്ങിന്റെ ഹിന്ദി കവിത ബാഘുമായി ആ ചിത്രങ്ങളെ ചേർത്തു വെച്ച് ഞാൻ വായിച്ചു.


എന്നാൽ ആ ചിത്രങ്ങളുടെ പ്രിന്റുകൾ ആവർത്തിച്ചാവർത്തിച്ചു കണ്ടപ്പോൾ ആദ്യമുണ്ടായ തോന്നലിന് ചില മാറ്റങ്ങൾ വന്നു. മൃഗങ്ങളിൽ നിന്ന് എന്റെ ശ്രദ്ധ മാറി മനുഷ്യരിലേക്കായി. ഏതെങ്കിലും ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ കൂടെയല്ലാതെ ഈ ചിത്രങ്ങളിൽ പൊതുവേ മനുഷ്യരെ കാണുന്നില്ല എന്നത് വളരെ പ്രധാനമായി തോന്നി, ഇപ്പോൾ. തല കീഴായി നിൽക്കുന്നതോ കസേരയിലിരുന്നെഴുതുന്നതോ കമിഴ്ന്നു ചുരുണ്ടു കിടക്കുന്നതോ രംഗവേദിയിൽ നിൽക്കുന്നതോ കിടക്കയിൽ മലർന്നുകിടക്കുന്നതോ ഇണചേരുന്നതോ മുറിക്കകത്തുള്ളതോ പുറത്തുള്ളതോ ആവട്ടെ മനുഷ്യരൂപങ്ങൾക്കെല്ലാമരികെ, മൃഗങ്ങളുണ്ട്. അവ വളർത്തുമൃഗങ്ങളോ വളർത്തുപക്ഷികളോ അല്ല. മനുഷ്യന്നരികിലിരിക്കുമൊരു കോഴിയേയോ കാക്കയേയോ കാണാൻ ഇവിടെ പ്രയാസമാണ്. ആനയുണ്ട് എന്നതു ശരി തന്നെ. എന്നാൽ അക്കിത്തം ചിത്രങ്ങളിലെ മൃഗരൂപങ്ങളിലെല്ലാമുള്ള ഇണക്കമില്ലാത്ത അപരിചിതഭാവം, വന്യഭാവം, ആനക്കുമുണ്ട്. വലിയ കൊറ്റി പോലുള്ള പക്ഷികളിലെല്ലാം ആ ഇണക്കമില്ലായ്മ കാണാം. ഇണങ്ങാത്ത ഒരു മനുഷ്യേതരജീവിയുടെ സാന്നിദ്ധ്യത്തിന്റെ വലയത്തിനകത്തു നിൽക്കുന്ന മനുഷ്യനുമുണ്ട് ഒരപരിചിതഭാവം. ആ അപരിചിതഭാവം മനുഷ്യന്റെ ആത്യന്തികമായ ഏകാന്തതയുടെ ആഴം വർദ്ധിപ്പിക്കുന്നു. 


ഇങ്ങനെ ഒരു സ്പീഷീസ് എന്ന നിലയിൽ മനുഷ്യൻ അനുഭവിക്കുന്ന പ്രാചീനവും വന്യവുമായ ഏകാകിതയുടെ ചിത്രാഖ്യാനമായി അക്കിത്തം വാസുദേവന്റെ കല മാറുന്നത് ഗ്രിഡ് ഓഫ് ദ ഫയർ, ദിസ് സൈഡ് ഓഫ് ദ ഫോറസ്റ്റ് എന്നീ സീരീസുകൾ എന്നെ അനുഭവിപ്പിക്കുന്നു.

നാലു മഞ്ഞുവീഴ്ച്ചകൾ - ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ. ജനനം : 1951)

നാലു മഞ്ഞുവീഴ്ച്ചകൾ

ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ. ജനനം : 1951)


പുലർച്ചെ മഞ്ഞ് ആദ്യമായി വീണപ്പോൾ, മഞ്ഞുപാളികൾ നിലത്തു മെല്ലെ, പൂമ്പാറ്റകളെപ്പോലെ, ശരിക്കു പറഞ്ഞാൽ വീണുറങ്ങുന്ന പൂമ്പാറ്റകളെപ്പോലെ വിശ്രമിക്കാനെത്തിയപ്പോൾ, ഞങ്ങളെ നോക്കിയിരുന്ന വൃദ്ധയായ സ്ത്രീ അടുക്കള ജനാലയിലൂടെ പുറത്തേക്കു നോക്കി, അവർ പറയും ദൈവമില്ലെന്ന് എന്നും പറഞ്ഞ്, ദൃഢമായ വിശ്വാസത്തിൽ നിന്ന്, കനലുകളിൽ നിന്നു തീയെന്നപോലെയുയർന്ന ആഹ്ലാദച്ചിരി ചിരിച്ചു. എന്നിട്ട് വാദ്യവൃന്ദത്തിനു നിർദ്ദേശം നൽകുന്ന സംഗീതജ്ഞയെപ്പോലെ അവർ താനണിഞ്ഞ മേൽവസ്ത്രത്തിന്റെ മേലറ്റം വരെ കൈകളുയർത്തി ശാന്തമായ് ശാന്തമായ് എല്ലാത്തിനേയും പൊതിയുന്ന നിശ്ശബ്ദത ആരംഭിച്ചു. അനിയനും പെങ്ങളുമടക്കം ഞങ്ങൾ മൂവരും ജനാലക്കൽ നിന്നു വിട്ടുപോകാതെ, അല്ലെങ്കിൽ എതിരേ നിന്ന് , ജനാലക്ക് കുറേക്കൂടി ചാരി,  പെരുച്ചാഴികളെപ്പോലെ, പക്ഷികളെപ്പോലെ, കാട്ടുപന്നികളെപ്പോലെ മലയിലെ കടുവകളെപ്പോലെ നിശ്ശബ്ദരായി. എപ്പോഴും നിലവിളിക്കുന്ന ഭ്രാന്തനെപ്പോലെയും സാധനങ്ങൾ കൊണ്ടെത്തരുന്ന, എപ്പോഴും ചൂളമടിക്കുന്ന പയ്യനെപ്പോലെയും കാഹളം വിളി നിർത്തിയ മാലാഖമാരെപ്പോലെയും മണിനാക്കിൽ കെട്ടിയ കയറ് പിൻവലിച്ച മണിയടിക്കാരെപ്പോലെയും നിശ്ശബ്ദരായി. ജിപ്സിപ്പാളയത്തിൽ  വയലിനും ചെണ്ടയും പെട്ടിക്കുള്ളിലേക്കു തിരികെ വച്ചു. വിദ്യാലയങ്ങൾ ശൂന്യമായി, ആശാരിക്കടയും ഇറച്ചിക്കടയും ഒഴിഞ്ഞു, ഒടുവിൽ എല്ലാം, എല്ലാം ശൂന്യമായി, നിശ്ചലം, ശാന്തം, നമ്മുടെ നഗരം, സംസ്ഥാനം, രാജ്യം, ഫ്രാൻസ്, സ്വീഡൻ, ഏഷ്യ, ഗ്രഹങ്ങൾ, ശുക്രൻ, ചൊവ്വ, വ്യാഴം, പ്ലൂട്ടോ, എല്ലാം , എല്ലാം ശൂന്യമായി, ആ കൈച്ചലനത്തിന്റെ അവസാനം വരെ എല്ലാം നിശ്ചലവും ശാന്തവുമായി. അതു പൂർത്തിയായപ്പോൾ, ഞങ്ങളെ നോക്കിയിരുന്ന വൃദ്ധ സ്ത്രീ, അവരു പറയും ദൈവമില്ലെന്ന് എന്നാവർത്തിച്ചു പറഞ്ഞുകൊണ്ട് പൂമ്പാറ്റകളെപ്പോലുള്ള മഞ്ഞുപാളികൾക്കു നേരെ കൈ ചൂണ്ടിയതും ആ നിമിഷം രണ്ടു നായ്ക്കൾ കുരക്കാനും മഞ്ഞിൽ കുത്തിമറിഞ്ഞു കളിക്കാനും തുടങ്ങുകയും ചെയ്തു. പള്ളിമണിയടിക്കുകയും ഭ്രാന്തൻ കരയുകയും സാധനങ്ങൾ കൊണ്ടെത്തരുന്ന പയ്യൻ വീണ്ടും വീണ്ടും ഈണത്തിൽ ചൂളമടിക്കുകയും ജിപ്സികൾ നൃത്തമാടുകയും സ്കൂൾ അദ്ധ്യാപിക നൃത്തമാടുകയും ആശാരി ബേക്കറിക്കാരന്റടുത്ത് ബ്രഡു വാങ്ങാൻ പോവുകയും ബേക്കറിക്കാരൻ ആശാരിയാലയിൽ വിറകു വാങ്ങാൻ പോവുകയും പിന്നെ നമ്മുടെ നഗരം, നമ്മുടെ സംസ്ഥാനം, നമ്മുടെ രാജ്യം, മറ്റെല്ലാ രാജ്യങ്ങളും, നമ്മുടെ ഗ്രഹം, മറ്റെല്ലാ ഗ്രഹങ്ങളും സ്തബ്ധത വിട്ടുണരുകയും അവയുടെ നിത്യജീവിതത്തിലേക്കു മടങ്ങുകയും എന്റെ അനിയനും പെങ്ങളുമടക്കം നമ്മൾ മൂവരും കോട്ടുകളണിഞ്ഞ് പുറത്തുപോയി തെന്നുവണ്ടിയിലേറി ചുറ്റി നടക്കുകയും അല്ലെങ്കിൽ നായ്ക്കളോടൊപ്പം കളിക്കുകയും അല്ലെങ്കിൽ അദ്ധ്യാപികക്കൊപ്പം നൃത്തമാടുകയും ചെയ്തു.

ഇരുപതുകൊല്ലം കഴിഞ്ഞ്, ജനലിന്റെ മുകൾച്ചില്ലിൽ മഞ്ഞു കാണായി. കിടക്കയിൽ നിന്ന് പൂർണ്ണനഗ്നയായ ഒരു സ്ത്രീ എഴുന്നേറ്റ് പറഞ്ഞു, ഓ നോക്ക് ഇപ്പൊഴും മഞ്ഞുപെയ്യുകയാണ്, ടീ വി യിലെ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞതു ശരിതന്നെ. കൃത്യം ആ നിമിഷത്തിൽ തന്നെ മഞ്ഞ് അവളുടെ മുടിക്കു ചുറ്റും മിന്നിത്തിളങ്ങി, അഥവാ അതവിടെ കാണപ്പെട്ടു, മഞ്ഞുപാളികൾ ഒരു പരിവേഷമുണ്ടാക്കുകയും അത് ജ്യോതിശാസ്ത്രമാസികയിൽ വരുന്ന തരം രാജ്ഞിമാരിലൊരുവളാക്കി അവളെ മാറ്റുകയും ചെയ്തു. ഹൊ, എന്തൊരു വെളുപ്പാണെല്ലാറ്റിനും , അവൾ നെടുവീർപ്പിട്ടു, നമുക്കു മുന്നിൽ കാണുന്ന ആ മല കൊഴുത്തുറഞ്ഞ ക്രീം പോലെ. വിരിപ്പുകളും പുതപ്പുകളും മാറ്റി ഞാനും ജനലിലൂടെ നോക്കി, ആകാശം കനത്തുറഞ്ഞു കാണുന്നത് ബോധ്യപ്പെട്ടു, മഞ്ഞ് ഏതാനും ദിവസം, ഒരാഴ്ച്ച കൂടിയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ പ്രവചിച്ചു. നമ്മൾ ഈ കൂടിനുള്ളിൽ ഏതാണ്ട് ഒറ്റപ്പെട്ടു,ഞാൻ പറഞ്ഞു. അതിശയം തന്നെ, അവൾ മറുപടി പറഞ്ഞു. വാ വാ വാ, ഞാൻ വിളിച്ചു, കിടക്കയിലേക്കു വാ, അപ്പോൾ നമുക്കു തണുക്കില്ല. എന്തു മനോഹരമാണീ മഞ്ഞ്. എന്തു മനോഹരമാണീ ശിശിരം.കൊഴുത്തുറഞ്ഞ ക്രീം പോലെ കാണപ്പെടുന്ന നിന്റെ രണ്ടു ചെറുകുന്നുകളോടു കൂടി, എത്ര സുന്ദരിയാണു നീ.

ഇരുപതു കൊല്ലം കഴിഞ്ഞ് വീണ്ടും പെട്ടെന്നു മഞ്ഞു വന്നു. ഒരിക്കൽകൂടി ഒരു പ്രഭാതത്തോടൊപ്പം. കാറിന്മേലെയും ജനാലമേലും മഞ്ഞു മൂടുന്നതു ഞാറിയുന്നതിനു മുമ്പ്. അകത്തെ താപനില താണു താണു വന്നു. നിമിഷങ്ങൾക്കകം മുമ്പു ശ്രദ്ധയിൽ പെടാത്ത ഒരു ചെരിവിൽ ഞാനെത്തുകയും എന്റെ ചക്രങ്ങൾ തെന്നി നിരങ്ങി വഴിവക്കത്ത് ഒരു വെളുത്ത ചുഴലിക്കാറ്റിന്റെ നടുവിൽ അകപ്പെടുകയും ചെയ്തു. ഞാൻ റേഡിയോ വെച്ചു. പുറത്തു പോകരുത്, റോട്ടിലിറങ്ങരുത്, റിപ്പോർട്ടർ പറഞ്ഞു, ആദ്യമേ ഫോൺ ചെയ്ത് അന്വേഷിച്ചല്ലാതെ റോട്ടിലിറങ്ങരുത്. വീട്ടിൽ ശാന്തമായിരുന്ന് ഞങ്ങളുടെ പരിപാടികൾ ശ്രവിക്കുന്നതാണ് ഏറ്റവും നല്ലത്. ഞാൻ റേഡിയോ പൂട്ടി. ജനൽ സ്വല്പം തുറന്ന് പുറത്തേക്കു നോക്കി. ഒന്നും കാണാൻ ഇല്ല, ഒരു ലോറി പോലും. ഞാൻ ഒറ്റക്കായിരുന്നു. ഒരു സ്വപ്നത്തിലെന്നപോലെ, എന്റെ ജീവിത ത്തിലെ സർവ്വതും മങ്ങിമാഞ്ഞു തുടങ്ങിയതായി എനിക്കനുഭവപ്പെട്ടു. ഭാര്യ, കുട്ടികൾ, ജോലി, എന്റെ അഭിപ്രായങ്ങൾ എല്ലാം എനിക്കന്യമായി. കാറിന്റെ വൈപ്പറുകൾ പ്രവർത്തിപ്പിക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. മഞ്ഞ് കാറിനെ ഏറെക്കുറെ മൂടി. കുറേക്കൂടി കനത്തിൽ മഞ്ഞു വീഴാൻ തുടങ്ങി. മഞ്ഞുപാളികൾക്കിപ്പോൾ നരച്ച നിറം, ചാരം കൊണ്ടുണ്ടാക്കിയപോലെ. ഞാൻ റേഡിയോ വെച്ചു. റിപ്പോർട്ടർ അപ്പോൾത്തന്നെ പറഞ്ഞു, പുറത്തു പോകരുത്, എന്റെ നിർദ്ദേശം സ്വീകരിക്കൂ. പുലർച്ചക്കൊരിക്കലും റോഡുകളിൽ സഞ്ചരിക്കരുത്. തണുപ്പത്തു മരിച്ചുപോയില്ലെങ്കിൽ ആ റേഡിയോ റിപ്പോർട്ടറെ കണ്ടുപിടിച്ച് ഒരു കുപ്പികൊണ്ടയാളുടെ തലമണ്ടക്കടിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. അതൊരൊന്നാന്തരം ആശയം തന്നെ. എന്റെ ജീവിതം ഉടച്ചുവാർക്കാൻ എനിക്കാശിക്കാവുന്ന ഏറ്റവും ബുദ്ധിപരമായ തുടക്കം.

ഇരുപതു വർഷത്തിനു ശേഷം രണ്ടു മീറ്റർ ഉയരത്തിൽ മഞ്ഞ് മൂടുകയും വൃദ്ധസദനത്തിൽ നിന്ന് മൂന്നു ദിവസത്തേക്ക് ഞങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാതെ വരികയും ചെയ്തു. ഒന്നും ചെയ്യാനില്ലാതെ മടുത്ത് ഒടുവിൽ വാക്കിങ് സ്റ്റിക്കുമെടുത്ത് ഞാൻ പുറത്തിറങ്ങി. നീല ആകാശം. എപ്പോഴത്തെക്കാളും തെളിഞ്ഞ അന്തരീക്ഷം. ഉരുകാത്ത ഒരു ചെളിമഞ്ഞു കൂമ്പാരത്തിനു മുന്നിൽ ആഹ്ലാദാരവത്തോടെ ഞാൻ നിന്നു. അധികം വൈകാതെ നടപ്പാതയിലെ തണുത്തുറഞ്ഞ ചെളിക്കെട്ടിൽ കാൽ വഴുതി വാതുക്കൽ വെച്ച പൂച്ചട്ടികളിലൊന്നിന്മേലേക്കു വീണ് ഞാനെന്റെ കാലു പൊട്ടിച്ചു. നന്ദിയുണ്ടെനിക്ക്, അവരെന്നെ ആശുപത്രിയിലാക്കി. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അവരെന്നെ ആശുപത്രിയിലാക്കി എനിക്കു തനിച്ചൊരു മുറി തന്നു. വൃദ്ധസദനത്തിലെപ്പോലെ മറ്റാരുമായും പങ്കിടേണ്ടാത്ത ഒരു മുറി, നന്ദിയുണ്ടെനിക്ക്. ഇടക്കിടക്ക് നഴ്സു വന്നു ചോദിക്കും, വല്ലാതെ ബോറടിക്കുന്നുണ്ടോ എന്ന്. ഒരിക്കലുമില്ല, ഞാൻ മറുപടി പറയും. നല്ല പുറംകാഴ്ച്ച കിട്ടുന്ന മുറിയാണിത്, നഗരം മുഴുവൻ ഇവിടെയിരുന്നു കാണാം എന്നു നഴ്സ്. അതെ ശരിയാണ് എന്നു പറഞ്ഞ് ഞാൻ എന്നെ വീണ്ടും തനിച്ചാക്കി നഴ്സു പോകുന്നതു വരെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. ഈ ജനാല എനിക്ക് അതേ പഴയ ജനാല തന്നെ. അനിയനും പെങ്ങളും ഞാനും ജനിച്ച വീടിന്റെ അതേ അടുക്കളജ്ജനാല. വീണ്ടും മഞ്ഞുപെയ്യുകയായി. മഞ്ഞുപാളികൾ, വിശ്രമിക്കാനായ് മെല്ലെ വരുന്ന, വീണുറങ്ങുന്ന, പൂമ്പാറ്റകളെപ്പോലെ കാണപ്പെടുന്നു. ഞങ്ങളെ നോക്കുന്ന വൃദ്ധ സ്ത്രീ അടുക്കളജനാലയിലൂടെ പുറത്തു നോക്കി അവർ പറയും ദൈവമില്ലെന്ന് എന്നും പറഞ്ഞ് ആഹ്ലാദിച്ചു ചിരിക്കുന്നു. അവരുടെ ഉറച്ച വിശ്വാസത്തിൽ നിന്നുയരുന്നതാണ് ആ ആഹ്ലാദച്ചിരി, കനലുകളിൽ നിന്ന് തീയെന്നപോലെ.എന്നിട്ട് വാദ്യവൃന്ദത്തിനു നിർദ്ദേശം നൽകുന്ന സംഗീതജ്ഞയെപ്പോലെ അവർ താനണിഞ്ഞ മേൽവസ്ത്രത്തിന്റെ മേലറ്റം വരെ കൈകളുയർത്തി ശാന്തമായ് ശാന്തമായ് എല്ലാത്തിനേയും പൊതിയുന്ന നിശ്ശബ്ദത ആരംഭിച്ചു.അനിയനും പെങ്ങളുമടക്കം ഞങ്ങൾ മൂവരും ജനാലക്കൽ നിന്നു വിട്ടുപോകാതെ, അല്ലെങ്കിൽ എതിരേ നിന്ന് , ജനാലക്ക് കുറേക്കൂടി ചാരി,  പെരുച്ചാഴികളെപ്പോലെ, പക്ഷികളെപ്പോലെ, കാട്ടുപന്നികളെപ്പോലെ മലയിലെ കടുവകളെപ്പോലെ നിശ്ശബ്ദരായി. എപ്പോഴും നിലവിളിക്കുന്ന ഭ്രാന്തനെപ്പോലെയും സാധനങ്ങൾ കൊണ്ടെത്തരുന്ന, എപ്പോഴും ചൂളമടിക്കുന്ന പയ്യനെപ്പോലെയും കാഹളം വിളി നിർത്തിയ മാലാഖമാരെപ്പോലെയും മണിനാക്കിൽ കെട്ടിയ കയറ് പിൻവലിച്ച മണിയടിക്കാരെപ്പോലെയും നിശ്ശബ്ദരായി. ജിപ്സിപ്പാളയത്തിൽ  വയലിനും ചെണ്ടയും പെട്ടിക്കുള്ളിലേക്കു തിരികെ വച്ചു. വിദ്യാലയങ്ങൾ ശൂന്യമായി, ആശാരിക്കടയും ഇറച്ചിക്കടയും ഒഴിഞ്ഞു, ഒടുവിൽ എല്ലാം, എല്ലാം ശൂന്യമായി, നിശ്ചലം, ശാന്തം, നമ്മുടെ നഗരം, സംസ്ഥാനം, രാജ്യം, ഫ്രാൻസ്, സ്വീഡൻ, ഏഷ്യ, ഗ്രഹങ്ങൾ, ശുക്രൻ, ചൊവ്വ, വ്യാഴം, പ്ലൂട്ടോ, എല്ലാം , എല്ലാം നിശ്ചലം ശാന്തം ശൂന്യം. കാലെങ്ങനെയിരിക്കുന്നു?, പെട്ടെന്നു ഞാൻ കേട്ടു. എന്നെ നോക്കുന്ന ഡോക്ടറാണ്. അവരൊരു വെളുത്ത കോട്ടണിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമില്ല, പതിവുപോലെത്തന്നെ, ഞാൻ മറുപടി പറഞ്ഞു, പതിവുപോലെത്തന്നെ.


Wednesday, September 20, 2023

തൽസമയം - കാർലിസ് വെർഡിൻസ് (ലാത്വിയ, ജനനം : 1979)

 തൽസമയം


കാർലിസ് വെർഡിൻസ് (ലാത്വിയ, ജനനം : 1979)



കച്ചേരി കേൾക്കാൻ പോകുന്നവരിൽ

ഗിറ്റാറിന്റെ ആദ്യ മീട്ടലിൽ തന്നെ

പാട്ടു തിരിച്ചറിയുന്നവരുണ്ട്.

അപ്പോളവർ ആർത്തലറും


ആദ്യവരി തുടങ്ങുമ്പൊഴേ

തിരിച്ചറിയുന്ന കാണികളുണ്ട്.

അപ്പോളവർ ആർത്തലറും


പല്ലവി

നാലാം തവണ ആവർത്തിച്ചശേഷം മാത്രം

തിരിച്ചറിയുന്നവരുണ്ട്

അപ്പോളവർ ആർത്തലറും.


ഒരു വസ്തു തിരിച്ചറിയാത്തവരുണ്ട്

ഒന്നും കേൾക്കാതെ കാണാതെ

മൂലയ്ക്കടിയുന്നവർ.

കാവൽക്കാർ അവരെ പിടിച്ചു പുറത്തിടും

അപ്പോളവർ ആർത്തലറും.

Tuesday, September 19, 2023

1899 ലെ ഒരു ചെറുകവിക്ക് - ജോർജ് ലൂയി ബോർഹസ്

 1899 ലെ ഒരു ചെറുകവിക്ക്


ജോർജ് ലൂയി ബോർഹസ്



പകലിൻ വിളുമ്പിൽ നമ്മെക്കാത്തു നിൽക്കുമൊരു

ദുഃഖനേരത്തിനെ കവിതയിലൊതുക്കുവാൻ

അവ്യക്തനിഴലാർന്ന, സൗവർണ്ണമാകുമാ -

സങ്കടത്തിയതിയിൽ തൻ പേരിണക്കുവാൻ

പകലതിന്നൊടുവിലേക്കണയുന്ന നേരത്തു -

മപരിചിതപദ്യത്തിൽ പണിതേയിരുന്നു നീ.

അപരിചിത നീലതൻ യാമമുറപ്പാക്കി -

യഖിലലോകം മാഞ്ഞുപോം വരെ നിൻ ത്വര.

നീ വിജയിച്ചുവോ, നീ നിലനിന്നുവോ,

ഞാനറിവീലെന്റെയവ്യക്തസോദരാ.

എങ്കിലുമേകാകി ഞാൻ ആഗ്രഹിക്കുന്നു

വിസ്മൃതി, യിപ്പൊഴും ചായാത്തൊരന്തിയിൽ

വാക്കിന്റെ തേഞ്ഞ പരമശ്രമത്തിൽ നിൻ

മായും തണലെൻ ദിനങ്ങൾക്കു നൽകുവാൻ.