Tuesday, January 28, 2025

ബെർടോൾഡ് ബ്രെഹ്ത്ത് (1898 - 1956)

ബെർടോൾഡ് ബ്രെഹ്ത്ത്


1

പുസ്തകം ചാമ്പലാക്കുമ്പോൾ


അപായകരമായ വിവരങ്ങളടങ്ങുന്ന പുസ്തകങ്ങൾ
പൊതുസ്ഥലത്തിട്ടു കത്തിക്കാൻ
ഭരണകൂടം ഉത്തരവിട്ടപ്പോൾ
തീക്കുണ്ഡത്തിലേക്കു ലോഡുകണക്കിനു പുസ്തകങ്ങൾ
വലിച്ചുകൊണ്ടുവരാൻ
വണ്ടിക്കാളകൾ നിർബന്ധിക്കപ്പെട്ടപ്പോൾ
നിരോധിക്കപ്പെട്ട ഒരെഴുത്തുകാരൻ
കത്തിച്ച പുസ്തകങ്ങളുടെ പട്ടിക പരിശോധിച്ച്
തൻ്റെ പുസ്തകങ്ങളൊന്നുമതിലുൾപ്പെട്ടിട്ടില്ലെന്നു കണ്ടു
ഞെട്ടി
ക്രോധച്ചിറകുകളോടെ എഴുത്തുമേശയിലേക്കു പാഞ്ഞ്
അധികാരത്തിലിരിക്കുന്നവർക്ക്
ഒരു കത്തെഴുതി:
എന്നെ ചുട്ടുചാമ്പലാക്ക്
എൻ്റെ പുസ്തകങ്ങൾ
ഇത്രകാലം ചൂണ്ടിക്കാട്ടിയതൊന്നും
സത്യമല്ലെന്നോ!
ഇപ്പോളിതാ നിങ്ങളെന്നെ
ഒരു നുണയനെപ്പോലെ പരിഗണിക്കുന്നു
നിങ്ങളോടു ഞാനാജ്ഞാപിക്കുന്നു,
എന്നെ ചുട്ടുചാമ്പലാക്ക്


2

മറീ എ യുടെ ഓർമ്മ


നീലസ്സെപ്തംബർ മാസമൊരന്തിയിൽ
പ്ലംമരച്ചില്ലച്ചോട്ടിൽ ശയിച്ചു നാം
ഞാനവളെയെന്നോമനപ്പെണ്ണിനെ
ചേർത്തടുപ്പിച്ചു സ്വപ്നസാഫല്യമായ്
വേനലിൻ സ്വർഗ്ഗശാന്തിയിൽ കണ്ടു ഞാൻ
മേലെയങ്ങൊരു മേഘം മിഴിവൊടേ
ഏറെ വെൺമയാർന്നേറെപ്പെരിയതായ്
കാണവേ, കാണ്മതില്ലതു മാഞ്ഞുപോയ്

പിന്നെയെത്രയോ വ്യത്യസ്ത സന്ധ്യകൾ
അന്ധമങ്ങൊഴുകിപ്പോയ്, പഴത്തോപ്പു
കുറ്റിയറ്റിരിക്കാം, നിങ്ങളെൻ്റെയാ -
പ്പെണ്ണെവിടെയെന്നിന്നു ചോദിക്കുകിൽ
ഒന്നുമോർക്കുന്നതില്ലാ ശരിക്കു ഞാൻ
എന്തു നിങ്ങൾ പറയാൻ തുടങ്ങുന്നു -
വെന്നതൂഹിക്കാ, മെങ്കിലുമാ മുഖം
ആവതില്ലോർത്തെടുക്കുവാ,നന്നു ഞാ-
നുമ്മ വെച്ചതു മാത്രമറിഞ്ഞിടാം.

മേലെയാ മേഘമില്ലായിരുന്നെങ്കിൽ
ഞാനാച്ചുംബനം പോലും മറന്നിടാം
കാൺമു ഞാനതു നിത്യമായ് വ്യക്തമായ്
നീലിമയിൽ നിനക്കാത്ത വെൺമയായ്
പ്ലംമരച്ചില്ല പിന്നെയും പൂത്തിടാം
പെണ്ണിനിന്നേഴു കുഞ്ഞുങ്ങളായിടാം
എങ്കിലും മേഘമൊറ്റ ഞൊടിക്കകം
വന്നു, ഞാൻ നോക്കവേ കാറ്റിൽ മാഞ്ഞുപോയ്


3

ചക്രം മാറ്റൽ

ഞാൻ റോട്ടുവക്കിലിരിപ്പാണ്
ഡ്രൈവർ വണ്ടിച്ചക്രം മാറ്റുന്നു
ഞാൻ വരുന്ന സ്ഥലം എനിക്കിഷ്ടമല്ല
പോകുന്ന സ്ഥലവും എനിക്കിഷ്ടമല്ല
പിന്നെന്തിനിത്ര അക്ഷമയോടെ
ഡ്രൈവർ ചക്രം മാറ്റുന്നത്
നോക്കിക്കൊണ്ടിരിക്കുന്നു?



No comments:

Post a Comment