Saturday, January 4, 2025

സെമെസ്ദിൻ മെഹ്മെദിനോവിച്ച് (ബോസ്നിയ, ജനനം : 1960)

1

*ശവം


സെമെസ്ദിൻ മെഹ്മെദിനോവിച്ച്
(ബോസ്നിയ, ജനനം : 1960)

പാലത്തിൽ നമ്മൾ വേഗം കുറച്ചു
മിൽജാക്കാ നദിക്കരയിൽ മഞ്ഞത്ത്
മനുഷ്യ ശവം കീറിപ്പറിക്കുന്ന
നായ്ക്കളെ കണ്ടു
പിന്നെ വേഗം കൂട്ടി

ഒന്നുമെന്നിൽ മാറിയില്ല
ചക്രങ്ങൾക്കടിയിൽ
മഞ്ഞുരഞ്ഞു തെറിക്കുന്നത് ശ്രദ്ധിച്ചു
പല്ല് ആപ്പിൾ ചവക്കുമ്പോഴെന്നപോലെ.
വന്യമൊരാഗ്രഹം അപ്പോൾ തോന്നി:

നിന്നെ നോക്കി ചിരിക്കാൻ
കാരണം നീയീ സ്ഥലത്തെ നരകം എന്നു വിളിക്കുന്നു
എന്നിട്ട് ഓടിയകലുന്നു
സരായേവോക്കു വെളിയിൽ
മരണം കാണുകയില്ലെന്നു
സ്വയം പറഞ്ഞുകൊണ്ട്.


*ഈ കവിത 1993 -ൽ ബോസ്നിയൻ യുദ്ധകാലത്തെഴുതിയ സരായെവോ ബ്ലൂസ് എന്ന കൃതിയിൽ നിന്ന്. സരായെവോ നഗരം യുദ്ധത്തിൽ തകർന്നു പോയി. സരായെവോയിലൂടെ ഒഴുകുന്ന നദിയാണ് മിൽജാക്കാ


2

തിയ്യതികൾ


1994 ജനുവരി 17 ന് അവൻ കൊല്ലപ്പെട്ടു
അന്നുതൊട്ട് എല്ലാ ദിവസവും
അവൻ കൊല്ലപ്പെടുന്നു

ഇന്നു കൂടി അവൻ മരിച്ചു
1995 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച.
എന്നല്ല, ഓരോ സന്ധ്യക്കും

അലൗകികമായതെന്തോ
എനിക്കു സംഭവിക്കുന്നു.
കുളിമുറിയിലേക്കു കാൽവെക്കുമ്പോൾ

എൻ്റെ ഇടംതോളിനുമേലൊരു
നിഴൽ വളരുന്നത്
കണ്ണാടിയിൽ ഞാൻ ശ്രദ്ധിക്കുന്നു

അതെൻ്റേതല്ല. പിന്തിരിഞ്ഞ്
തോളിനു മേലേക്കൂടി നോക്കുമ്പോൾ
എന്താണു കാണുന്നത്?

ഒരു സ്വപ്നം. പക്ഷേ കണ്ണുകൾ തുറന്നാണ്
ഒരു കാക്ക എൻ്റെ മേശപ്പുറത്തേക്കു പാറിവരുന്നു
എന്നിട്ടു പറയുന്നു

മെയ് 17 ന് സരായെവോയിൽ
ചെറിപ്പഴങ്ങൾ
പഴുത്തുപാകമാകുമെന്ന്.


ഞാനതു
കേൾക്കുന്നു
കാത്തിരിക്കുന്നു.


No comments:

Post a Comment