Tuesday, January 28, 2025

വൈറ്റോറ്റാസ് വി ബ്ലോസ് (ലിത്വാനിയ, 1930 - 2016)

അച്ഛനുണ്ടാക്കിയ വീഞ്ഞ്


വൈറ്റോറ്റാസ് വി ബ്ലോസ് (ലിത്വാനിയ, 1930 - 2016)


വീഞ്ഞുണ്ടാക്കി
വലിയ ഭരണികളിലാക്കി
തോട്ടത്തിലെ മണ്ണിനടിയിൽ
കുഴിച്ചിട്ടു
അച്ഛൻ.
ആപ്പിൾ മരങ്ങളുടെയും
ചെറിമരങ്ങളുടെയും വേരുകൾക്കിടയിൽ
കൊല്ലംതോറുമത്
പുളിച്ചു പുളിച്ചുവന്നു.
അച്ഛൻ പോയപ്പോൾ
അടക്കിയത് ദൂരെ
അവർ കൊണ്ടുപോയടക്കിയ മണ്ണിനടിയിൽ
തൻ്റെ വീഞ്ഞദ്ദേഹം കണ്ടെത്തിയെങ്കിൽ!
തോട്ടത്തിലെ വേരുകൾക്കിടയിൽ തെരയാൻ
അവരൊരിക്കലുമനുവദിച്ചില്ല ഞങ്ങളെ
അതിൻ്റെ മധുരം
എൻ്റെ നാവ് അറിഞ്ഞതേയില്ല
എന്നാൽ ഞാൻ വിശ്വസിക്കുന്നു
ഞങ്ങളെല്ലാവരും മരിച്ചു മണ്ണിനടിയിലാവുന്ന കാലത്ത്
വീട്ടിലുണ്ടാക്കിയ വീഞ്ഞു രുചിക്കാനായി
ഒത്തുകൂടും
ഗംഭീരവിരുന്ന്
അച്ഛൻ ചഷകമുയർത്തി
മരിച്ചവരും ജീവിക്കുന്നവരുമായ
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി
പാനോപചാരം ചെയ്യും
എൻ്റെ തലയാകും ആദ്യമുയരുക
വീഞ്ഞിനായി ആദ്യം കരയുക ഞാനാവും
കാരണം അച്ഛനുണ്ടാക്കിയ വീഞ്ഞു നുകരാൻ
ജീവിച്ചിരിക്കേ എനിക്കവസരം കൈവന്നില്ല

No comments:

Post a Comment