Thursday, January 16, 2025

ഉ സാം ഓയെർ (കമ്പോഡിയ, ഭാഷ ഖമെർ, ജനനം : 1936)

ഞാറുനടീൽക്കാലം

ഉ സാം ഓയെർ (കമ്പോഡിയ, ഭാഷ ഖമെർ, ജനനം : 1936)


രാത്രി നമ്മളിളം ഞാറുകൾ പറിച്ചു വെച്ചു
പകൽവേളയിലതൊക്കേയും വയലിൽ നട്ടു
കുനിഞ്ഞു നിന്നൊരേ നില്പിലന്തിയാവോളം,
അറിഞ്ഞില്ലാരുമാച്ചോപ്പു കൺകൾ തൻ ലക്ഷ്യം

അമ്മമാർ കുഞ്ഞുങ്ങളെയമ്മൂമ്മമാർക്കൊപ്പം
വിട്ടുപോകേ, മുലയിൽ പാൽ നിറഞ്ഞു നൊന്തൂ
വെയിലിൽ വരണ്ടു വാടീ,യപ്പൊഴും ചോപ്പൻ
മിഴിയുള്ളോരലറീ "രണ്ടേക്രയും കൂടി"

അമ്മമാർ പറഞ്ഞു: "പാലൂട്ടുവാൻ വിടണേ
ഞങ്ങളെ" ചോപ്പു കണ്ണന്മാരിടക്കു ചാടീ
"പരിഭ്രമം വേണ്ടവരെക്കുറിച്ചിവിടെ
പണി ചെയ്യൂ,പാർട്ടി നോക്കുമവർതൻ കാര്യം"

അന്തിയിലമ്മമാർ വീട്ടിൽ പാഞ്ഞുചെല്ലുമ്പോൾ
കണ്ടു പ്രാണൻ പോയ,ബോധം പോയ കുഞ്ഞുങ്ങൾ
സങ്കടക്കനം വഹിക്കാനമ്മമാർക്കൊന്നേ
വഴി - മാറത്തലയ്ക്കുന്ന വിലാപം മാത്രം

"എൻ്റെ കുഞ്ഞേ, കുഞ്ഞുവാവേ, നീ സഹിച്ചല്ലോ
അമ്മ പാവമടിമ - നീയെന്നെ വിട്ടേ പോയ്
നമ്മൾ നട്ട വയലെല്ലാം മാന്ത്രികത്തേരാൽ
ചെന്നുരുട്ടാൻ പറയണേ കാലനോടു നീ"

- ജൂൺ - സെപ്തംബർ 1978
(കമ്പോഡിയയിൽ പോൾപോട്ടിൻ്റെ നേതൃത്വത്തിൽ ഖമർ റൂഷ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ വംശഹത്യാ കാലത്ത് എഴുതിയത്)

No comments:

Post a Comment