Sunday, January 12, 2025

മമ്മാദ് അരാസ് (അസർബൈജാൻ,1933-2004, ഭാഷ അസേരി)

യുദ്ധമില്ലെങ്കിൽ

മമ്മാദ് അരാസ് (അസർബൈജാൻ,1933-2004, ഭാഷ അസേരി)

യുദ്ധമില്ലെങ്കിൽ
ആയുധങ്ങൾ തുറന്ന ഉലയിലിട്ടുരുക്കി
ഭൂമിക്കും ചൊവ്വക്കും ഇടയിലൊരു പാലം പണിയാൻ
നമുക്കു കഴിയും
യുദ്ധമില്ലെങ്കിൽ
ആയിരം കൊല്ലത്തെ വിളവ്
ഒറ്റ ദിവസം കൊണ്ടു കൊയ്യാൻ നമുക്കാവും
ചന്ദ്രനേയും നക്ഷത്രങ്ങളേയും
ഭൂമിയിലേക്കു കൊണ്ടുവരാൻ
ശാസ്ത്രജ്ഞർക്കു കഴിയും
പടത്തലവൻ്റെ കണ്ണുകൾ പറയുന്നു:
"ഒരു ചെറുഗ്രാമത്തിൻ്റെ മേൽനോട്ടക്കാരനാകും ഞാൻ
യുദ്ധമില്ലെങ്കിൽ!"
യുദ്ധമില്ലെങ്കിൽ
അകാലമരണങ്ങൾ ഒഴിവാക്കാം
മുടി നരക്കുന്നത് ഏറെ വൈകിക്കാം
യുദ്ധമില്ലെങ്കിൽ നാം ദുഃഖമറിയില്ല, വേർപാടറിയില്ല
യുദ്ധമില്ലെങ്കിൽ
മനുഷ്യകുലത്തിൻ്റെ വെടിയുണ്ട
വാക്കായി മാറും
വാക്കോ സ്നേഹമായും.


No comments:

Post a Comment