Tuesday, January 28, 2025

കോർണേലിയസ് പ്ലാറ്റെലിസ് (ലിത്വാനിയ, ജനനം: 1951) കവിതകൾ

കോർണേലിയസ് പ്ലാറ്റെലിസ് കവിതകൾ


1
മഞ്ഞുകാലത്ത് സന്ധ്യയിൽ


മഞ്ഞുകാലത്ത് സന്ധ്യയിൽ
ലൈബ്രറിജ്ജനലിലൂടെ പുറത്തു നോക്കുമ്പോൾ
അലമാരകൾ പെട്ടെന്നു തുറന്ന്
ആപ്പിൾപഴങ്ങളും റോസാപ്പൂക്കളും നിറച്ച
കൊട്ട തൂക്കി
ഒരു പയ്യൻ അകത്തുവന്നു
ഇരുട്ടിനു കനം വെച്ചു, ചിന്തകൾ കൂടിക്കുഴഞ്ഞു

ഇന്ന് - പയ്യൻ പറയുന്നു -
ഒരു വിചിത്ര അനുഭവം എനിക്കുണ്ടായി
പഴത്തോട്ടത്തിലൂടെ
താഴേക്കു നടക്കുകയായിരുന്നു
പെട്ടെന്ന് അലമാരകൾ നിറഞ്ഞ ഒരിരുണ്ട മുറിയിൽ
വന്നെത്തിയതായിക്കണ്ടു
ദീർഘചതുരത്തിൽ സ്ലാബുകൾ നിറഞ്ഞ
ഒരു മുറിയിൽ.
അവിടെ,മഞ്ഞുകാല സന്ധ്യയിൽ
ജനലിലൂടെ പുറത്തേക്കു നോക്കി
ദുഃഖിതനായൊരു മനുഷ്യനിതാ നിൽക്കുന്നു

2
വെള്ളത്തിലിറങ്ങുന്ന അരയന്നം


കുളത്തിൻ കണ്ണാടിയിലേക്ക്
ഒരരയന്നം നിശ്ശബ്ദമിറങ്ങുന്നു
സന്ധ്യയുടെ അടിത്തട്ടിൽ ചേക്കേറുന്നു
അതിൻ്റെ പ്രതിഫലനം.
കറുത്ത കാലടികൾ
വെള്ളത്തിനുമേൽ തൊടുന്നു
രണ്ടരയന്നങ്ങളും അലിഞ്ഞൊന്നാകുന്നു

കുനിഞ്ഞിരുന്ന് ശബ്ദമില്ലാതെ
നീയെന്നോടെന്തോ മന്ത്രിക്കുന്നു
പിന്നെ തല എൻ്റെ തോളിൽ ചായ്ക്കുന്നു
ഇളകിത്തുടിക്കുന്ന സ്വപ്നപ്പടർപ്പിനു പിന്നിൽ
മാഞ്ഞുപോകുന്നു


3
യുദ്ധാരംഭം

ഏതു മഹായുദ്ധത്തിൻ്റെയും തുടക്കം സുന്ദരമാണ്:
വാദ്യവൃന്ദങ്ങൾ, ചൊടിയുള്ള യൂണിഫോമുകൾ,
രാജ്യത്തിൻ്റെ ബലിഷ്ഠമായ ചോര കുതിപ്പിച്ച്
അദൃശ്യ രക്തക്കുഴലുകളിലൂടെ ഒഴുക്കിവിടുന്ന
ഹൃദയമിടിപ്പു പോലെ
പാതയിലൂടെ വരുന്ന ചവിട്ടടി മുഴക്കം,
തിളങ്ങുമായുധങ്ങൾ,
കണ്ണുകൾ,
തുളച്ചു കയറുന്ന പ്രാപ്പിടിയനോ
ലക്ഷ്യത്തിനു നേർക്കു പറക്കുന്ന അമ്പോ
ഉദ്ദേശ്യത്തിനും പ്രഹരത്തിനുമിടയിലെ മുഷ്ടിയോ
അനുഭവിച്ചറിഞ്ഞ ഹൃദയലാഘവം....
ഓരോ മഹായുദ്ധത്തിൻ്റെയും തുടക്കം സുന്ദരമാണ്
അത്തരമൊരു നിമിഷത്തിൽ ആരോർക്കും
യുദ്ധത്തെക്കുറിച്ച്?


4
ഉച്ച

കാട്ടുപോപ്പിപ്പൂക്കൾക്കിടയിലൂടൊരിളങ്കാറ്റു വീശി
ഉണക്ക വൈക്കോൽ മണം കൊണ്ടെൻ്റെ
മുഖമുഴിഞ്ഞ്.
പൂക്കുന്ന ഇലനാരകങ്ങളുടെ തണലിൽ
സ്നേഹവാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്.

ഇളംനീലവിരികളിൽ
കെട്ടുപിണഞ്ഞു കിടക്കുന്ന ശരീരങ്ങൾ പോലെ
മേഘങ്ങൾ....

ഞാൻ പൊടുന്നനെ ചോദിച്ചു:
നട്ടുച്ചനേരമേ, എവിടെ നിൻ്റെ സത്ത്?
അതു മറുപടി പറഞ്ഞു:
പൂക്കുന്ന കാട്ടുപോപ്പികൾക്കിടയിലെ പുല്ലിലിരിക്കുന്ന
ഈ മനുഷ്യൻ്റെ തലയോട്ടിയിൽ.
എണ്ണമറ്റ നരച്ച കോശങ്ങളുണ്ടാ തലയോട്ടിയിൽ
ആ കോശങ്ങളിലുണ്ട് എണ്ണമറ്റ വാക്കുകൾ.
ആ വാക്കുകളിലൊന്ന് - അതിലുണ്ടെൻ്റെ സത്ത്
എന്നാൽ ആരുമിതറിയുന്നില്ല,
ആ മനുഷ്യനോ ഞാനോ

No comments:

Post a Comment