Monday, January 13, 2025

കാൻ യൂസെൽ (തുർക്കി, 1926-1999)

കാൻ യൂസെൽ (തുർക്കി, 1926-1999)

കവിതകൾ

1
വസന്തത്തിൻ്റെ തന്ത്രങ്ങൾ

ആൽമണ്ട് മരങ്ങൾ പൂത്തതു കാണാൻ
ഇരുട്ടിൽ നീയൊരു തീപ്പെട്ടിക്കൊള്ളി
തെളിയിക്കുന്നു
മാർച്ചു മാസത്തിൽ ഇളകിമറിയുന്ന കടലിലെ
രണ്ടു കപ്പലുകളെന്നപോലെ
നിൻ്റെ കണ്ണുകൾ അസ്വസ്ഥം.

എന്തു തന്ത്രമാണ് നീ ഞങ്ങൾക്കു നേരെ പ്രയോഗിക്കുക
ഒരു വെടിവെപ്പു തുടങ്ങുമോ
അതോ വസന്തം തുറന്നു പ്രഖ്യാപിക്കുമോ?

2
വല വീശൽ

നനഞ്ഞൊലിക്കുമൊരാകാശം വലയുമായി വന്നു.
മുക്കുവർ ആസകലം നീല


3
ഡബിൾ ആക്റ്റ്

എൻ്റെ പൊന്നുചങ്ങാതീ,
ഈ രാജ്യം ഉറങ്ങുന്നതു നോക്കൂ
ഒരേ സമയം ഇതുറങ്ങുകയും
കോട്ടുവാ വിടുകയും ചെയ്യുന്നതു നോക്കിക്കാണൂ

4
സഹകരണം

നീതി, മഹത്തായ ഒരു പെരും പാത്രം
നാമതിൻ്റെ തവി


5
അവസാന സമ്മാനം

കയറാൻ പാകത്തിന്
ഞാനൊരു ഈത്തപ്പനയായി മാറി
മുടിയില്ലാതെ, ഇലയില്ലാതെ.
നഗ്നമെങ്കിലും
പഴങ്ങൾ ഞാൻ കരുതി;
ഓറഞ്ച് നിറത്തിൽ
സത്തു നിറഞ്ഞ്.
ഇതാണെൻ്റെ ശരൽക്കാലം
ഇതാണെൻ്റെ സമ്മാനം

6
ഭൂകമ്പമാപനം

ലോകം ഒരു കാളക്കൊമ്പിലാണിരിക്കുന്നതെന്ന്
മിത്തുകൾ പറയുന്നു
കാളയുടെ ഓരോ ചലനവും
ഭൂകമ്പത്തിനു കാരണമാവുന്നു
സത്യത്തിൽ ലോകം ഇരിക്കുന്നത്
ജനങ്ങളുടെ തോളിൽ.
ജനമിളകുമ്പോൾ
എന്താണു സംഭവിക്കുക, കാണൂ

No comments:

Post a Comment