Monday, January 6, 2025

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)

കവിതകൾ

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)


1

ആദ്യം സന്ദേശം
അതു കൈപ്പറ്റിയവനെ കൊല്ലും
പിന്നീട്
അയച്ചവനെയും
ഏതു ഭാഷയിലെന്നത്
വിഷയമേയല്ല

ഞാനെണീക്കുന്നു
ബാൽക്കണിവാതിൽ മലർക്കെത്തുറക്കുന്നു
ഒന്നു ശ്വാസമെടുക്കുന്നു

മഞ്ഞില്ലാത്ത തെരുവിനു മുകളിൽ
കടൽക്കാക്കകൾ വട്ടം ചുറ്റുന്നു
തീറ്റയെറിയുന്ന ആംഗ്യം കാണിച്ച്
ഞാനവയെ ആകർഷിക്കുകയില്ല

ഞാനൊരു സിഗററ്റ് കൊളുത്തുന്നു
സ്വസ്ഥാനത്ത് മടങ്ങിവരുന്നു
എന്നിട്ടൊരു ശ്വാസമെടുക്കുന്നു

സ്വപ്നം കാണാൻ ഇവിടൊന്നുമില്ല
എല്ലാം സാധിക്കാവുന്നത്
ചെറിയ കാര്യങ്ങൾ


2

ജമന്തികൾ
ജനലിന്നരികിലെ മേശപ്പുറത്തെ പൂപ്പാത്രത്തിൽ :
ഇവ

ജനലിന്നരികിലെ
മേശപ്പുറത്തെ
പൂപ്പാത്രത്തിലെ
ജമന്തികളല്ല

നിന്നെയിങ്ങനെ ശല്യപ്പെടുത്തുകയും
മുടി പാറിപ്പറത്തുകയും ചെയ്യുന്ന കാറ്റ്,
ഇത്

നിൻ്റെ മുടി പാറിപ്പറത്തുന്ന കാറ്റ്
നിൻ്റെ മുടി പാറിപ്പറക്കുമ്പോൾ
നിന്നെ ശല്യപ്പെടുത്തണമെന്ന്
നീയാഗ്രഹിക്കാത്ത
കാറ്റിത്


3
അങ്ങനെ ഈ മനുഷ്യൻ തല കുനിക്കുന്നു

ഒന്നുമില്ലാത്തിടത്ത്

കയറെടുക്കുന്നു

കയർ ചുരുട്ടുന്നു

അക്ഷരങ്ങൾ പാറ്റിക്കളയുന്നു

കടന്നുപോകുന്നു


No comments:

Post a Comment