പടലം 40
1
ത്രിശിരസ്സണഞ്ഞു ചെന്തീ ചിതറുന്ന നോക്കിനോടും
മഹോദരനോടു കൂടി വന്നു ശരങ്ങൾ തൂകി
വലിയോരു മരമെടുത്തിട്ടംഗദനെറിഞ്ഞൂ വമ്പിൽ
ശരനിരയാൽ മരത്തെ ത്രിശിരസ്സുടൻ മുറിച്ചു
2
മുറിച്ച മാമരത്തെക്കണ്ടു കോപിച്ചനേകം കല്ലാ-
ലെറിഞ്ഞിതംഗദനിടക്കു മലകളാൽ മരങ്ങളാലും
നുറുങ്ങിവീണവയൊക്കേയും സൂക്ഷ്മധൂളികളായി
ത്രിശിരസ്സിനമ്പാൽ ദേവാന്തകനുടെ മുസലത്താലും
3
മുസലംകൊണ്ടെറിയുന്നോനേ കോപിച്ച ദേവാന്തകൻ
മതിമറന്നെറിയുന്നോരേ ത്രിശിരസ്, മഹോദരനും
അതിനേതും ഭയമില്ലാതെയംഗദനവയൊക്കേയും
ഹിതമൊടെപ്പാഞ്ഞും വീണും മധുരമായൊഴിഞ്ഞടുത്തു
4
അടുക്കവേയമ്പെയ്തൂ സൽക്കീർത്തിമാൻ മഹോദരൻ,പാ -
ഞ്ഞടിച്ചു വീഴ്ത്തീയംഗദൻ പോരാടുമാനക്കണ്ണ്
പിടിച്ചതിൻ കൊമ്പു രണ്ടും പെരുമയോടൂരി,ക്കൊമ്പാ-
ലടിച്ചു ദേവാന്തകൻ്റെ വമ്പുപോമ്മാറലറീ
5
അലറിയ നേരമാർത്തൂ കപിവരർ,ദേവാന്തകൻ
നിലത്തുവീണുതിരം തുപ്പിയുടനെയുണർന്നെണീറ്റു
വലിയോരു മുസലംകൊണ്ട് ചെറുത്തുടനംഗദൻ്റെ
തലയിലാഞ്ഞടിച്ചെന്നാലും തളർന്നില്ല കപികൾവീരൻ
6
കപികുലവീരനെക്കണ്ടമ്പുകൾ മൂന്നെടുത്തു
തരം നോക്കിത്തറച്ചൂ നെറ്റിത്തടത്തിലായ് ത്രിശിരസ്സ്
പിറകേ മഹോദരൻ താനമ്പെയ്യവേയംഗദൻ
മരനിരകൊണ്ടവയെ മാറ്റിയും തടഞ്ഞും നിന്നു
7
നിന്ന മാരുതിയണഞ്ഞൂ നീലനുമംഗദനും
മന്നിലീ മൂവരോടുമെതിർത്തുന്മദം പൊഴിഞ്ഞ്
വന്ന വാരണങ്ങളോടു യുവസിംഹം പോരിന്നായി
ചെന്നണയുന്നപോലെ ചെറുത്തു യുദ്ധം തുടർന്നു
8
യുദ്ധം തുടർന്ന നേരമമ്പെയ്തൂ മഹോദരൻ
യുദ്ധത്തിനിണങ്ങിയോരാനതൻ ചുമലിലേറി
നീൾക്കൈകളുള്ളവനാം നീലൻ്റെ നേർക്കയച്ചൂ
കൂർത്ത സായകങ്ങളാ കഠിനനാം ത്രിശിരസ്സ്
9
ത്രിശിരസ്സിനെയിപ്പോഴേ മുടിക്കേണമെന്നുറച്ചു
കോപിച്ചണയും ഹനൂമാനെ വൻമുസലംകൊണ്ടു
തരം നോക്കിത്തല്ലിയ ദേവാന്തകനെ ഹനുമാൻ
കരവിരൽ ചുരുട്ടിമുട്ടിക്കനത്തോടെപ്പിടിച്ചടിച്ചു
10
അടിച്ചതേറ്റവനും വീണൂ പ്രാണൻ പിരിഞ്ഞു ഭൂവിൽ
അടുത്തു മാരുതിയെറിഞ്ഞൂ പെരിയോരചലത്താലേ
പൊടുക്കനെ ത്രിശിരസ്സും സായകം പൊഴിച്ചൂ കുന്നു
പൊടിച്ചു പോർക്കളത്തിൽ വീഴ്ത്തിപ്പൊരുതീ ശരങ്ങളാലേ
11
ശരങ്ങൾ ചൊരിഞ്ഞു കൊടുംകോപക്കനൽക്കണ്ണോടെ
അരികത്തു വന്ന നിശാചരൻ്റെ തേരൊരു മരത്താൽ
തരിയാക്കിപ്പൊടിച്ചൂ ഹനുമാൻ, തേരിന്നു തുണയാം ശൂലം
ഹരിവരൻ തൻ്റെ നെഞ്ചിൽ തറയ്ക്കുമാറരക്കൻ ചാടി
12
ചാടുമാ രാക്ഷസൻ്റെ കൈത്തലം വിട്ടെരിഞ്ഞു
ചാടി വന്നണഞ്ഞ ശൂലം കൈപ്പടത്താൽ പിടിച്ചു
തോളിൽ മലയണിഞ്ഞ മാരുതി രാക്ഷസർക്കു
പേടിയാം പടിയരിഞ്ഞു പെരുമയോടേയലറി
No comments:
Post a Comment