വ്ലാഡിമിർ ഹൊലാൻ കവിതകൾ (ചെക്ക്, 1905- 1980)
1
ഉയിർത്തെഴുന്നേല്പ്
ഞങ്ങളുടെ ഈ ജീവിതത്തിനുശേഷം
ഭയപ്പെടുത്തുന്നൊരു കാഹളനാദം
ഞങ്ങളെയുണർത്തും എന്നതു സത്യമോ?
ദൈവമേ, മാപ്പ്
ഞാനെന്നെ ആശ്വസിപ്പിക്കട്ടെ
മരണ ശേഷം ഞങ്ങളുടെയെല്ലാം ഉയിർപ്പുമുണർച്ചയും
പൂവൻകോഴിയുടെ കൂവൽ
ലളിതമായി പ്രഖ്യാപിക്കുമെന്ന്.
കൂവൽ കേട്ടാൽ
സ്വല്പനേരം കൂടി ഞങ്ങൾ കിടക്കും
ആദ്യം എണീക്കുക അമ്മയാവും
അമ്മ ശാന്തമായി അടുപ്പിൽ തീപ്പൂട്ടുന്നത്
ഞങ്ങൾ കേൾക്കും,
സ്റ്റവ്വിൽ വാൽപ്പാത്രം വക്കുന്നത്,
അലമാരയിൽ നിന്നു ചായപ്പൊടിട്ടിന്ന്
സൗമ്യമായെടുക്കുന്നത്.
വീടായി മാറും ഒരിക്കൽകൂടി ഞങ്ങൾ
2
ലിഫ്റ്റിൽ ഒരു ദർശനം
നാമിരുവർ മാത്രം കയറിയ ലിഫ്റ്റിൽ
മറ്റൊന്നും ചിന്തിക്കാതെ തമ്മിൽ നാം നോക്കിനിന്നു
രണ്ടു ജീവിതങ്ങൾ, ഒരു നിമിഷം,
പൂർണ്ണത,അനുഗൃഹീതാനന്ദം......
അവൾ അഞ്ചാം നിലയിലിറങ്ങി,ഞാൻ പിന്നെയും പോയി,
ഇനിയൊരിക്കലുമവളെ കാണില്ലെന്നറിഞ്ഞ്.
ജീവിതത്തിലൊരിക്കൽ മാത്രമുള്ള,
പിന്നൊരിക്കലുമില്ലാത്ത,
കൂടിക്കാഴ്ച്ചയായിരുന്നു ഇത്
എന്നറിഞ്ഞ്.
ഞാനവളെ പിന്തുടർന്നു പോയിരുന്നെങ്കിൽ
അതൊരു മരിച്ച മനുഷ്യനാകുമായിരുന്നു.
അവളെന്നെത്തേടി വന്നിരുന്നെങ്കിൽ അത്
അപരലോകത്തു നിന്നുമാകുമായിരുന്നു
3
ഓർഫിയൂസ്
എഴുതാനോ വായിക്കാനോ എണ്ണാനോ
അവറിയുമായിരുന്നില്ല
എന്നാലവൻ പാടി.
അവൻ മരിച്ചപ്പോൾ
ഒരു സ്പോഞ്ചുകൊണ്ടു തുടച്ച്
സ്ത്രീകളവൻ്റെ ശശീരം വെടിപ്പാക്കി.
ലൈംഗികാവയവങ്ങളിലവർ തൊട്ടതും
അവൻ പാടാൻ തുടങ്ങി
അവർ ഭയന്നോടി
വാർത്ത പരന്നു
അങ്ങനെ
അടക്കം ചെയ്യപ്പെടാതെ അവൻ മരിച്ചു.
4
കത്ത്
- നിങ്ങൾ മരിക്കുകയാണ്. നിങ്ങൾ ജീവിതമാസ്വദിച്ചോ?
- ഉവ്വ്
- എന്തുകൊണ്ട്?
- ഒരിക്കൽ ഒരു പഴയ പ്ലെയ്ൻമരച്ചുവട്ടിൽ വെച്ച് മുൻപരിചയമില്ലാത്തൊരു പെൺകുട്ടി വന്ന് എനിക്കൊരു കത്ത് തന്ന് ഓടിപ്പോയി.
- നിങ്ങളതു വായിച്ചോ?
- ഉവ്വ്
- അതിലെന്താണ് പറഞ്ഞിട്ടുള്ളത്?
- ഒന്നുമില്ല!