മനോജേട്ടന്റെ ഓർമ്മയിൽ ഒത്തുകൂടിയ പ്രിയസുഹൃത്തുക്കളേ,
2006-2010 കാലത്ത് നെന്മാറയിലും കൊല്ലങ്കോട്ടും വെച്ച് മനോജേട്ടനുമായി ഇടപഴകിയ ഒരാളാണ് ഞാൻ. പിന്നീട് അവിടെ നിന്നു നാട്ടിലേക്കു പോന്ന ശേഷം ആ സൗഹ്യദത്തിന്റെ തുടർച്ച നിലനിർത്താൻ കഴിഞ്ഞതുമില്ല. മനോജേട്ടൻ വളാഞ്ചേരിക്കു ദാമോദരൻ മാഷെ കാണാൻ പോകുന്ന വഴിയിൽ ഒന്നുരണ്ടു തവണ പട്ടാമ്പിയിൽ വെച്ചു കണ്ടതൊഴിച്ചാൽ. അദ്ദേഹത്തിന്റെ മരണ വിവരവും ഞാൻ കുറച്ചു വൈകിയാണറിഞ്ഞത്. അതു കാരണം ആ ദിവസം അവസാനമായി വന്നു കാണാൻ കഴിഞ്ഞതുമില്ല. ഇന്ന് ഈ ഓർമ്മക്കൂട്ടായ്മയിൽ എന്നെ സുഖലത ടീച്ചർ ഓർമ്മിച്ചു വിളിച്ചപ്പോൾ തീർച്ചയായും ഇവിടെ വരണമെന്നു തന്നെ കരുതി ഇരിക്കുകയായിരുന്നു. പക്ഷേ ഇന്നലെ വൈകീട്ടുമുതൽ പനിയും കഫക്കെട്ടും ബാധിച്ചതിനാൽ യാത്ര ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിൽ മനോജേട്ടൻ എന്ന സുഹൃത്തിനെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും പത്രാധിപരെക്കുറിച്ചും എനിക്കു പറയാനുള്ള ചില കാര്യങ്ങൾ ഇങ്ങനെ എഴുതി അയക്കുന്നു. സൗകര്യപ്പെടുമെങ്കിൽ ഇതവിടെ വായിക്കണമെന്ന് അപേക്ഷിക്കുന്നു.
രണ്ടു മൂന്നു വർഷമേ അദ്ദേഹവുമായി ഇടപഴകിയിട്ടുള്ളൂവെങ്കിലും എന്നിലും ചില മുദ്രകൾ അവശേഷിപ്പിച്ചാണ് ആ മനുഷ്യൻ കടന്നുപോയത്. അതിൽ ഒരു കാര്യം എന്റെ ആദ്യ ലേഖന സമാഹാരത്തിനെഴുതിയ ആമുഖത്തിൽ ഞാൻ മുമ്പു സൂചിപ്പിച്ചിട്ടുമുണ്ട്. മനോജേട്ടന്റെ തുടർച്ചയായ പ്രേരണകൊണ്ടാണ് ഞാൻ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത് എന്നതാണത്. അദ്ദേഹം വാക്കറിവ് എന്ന സമാന്തര പ്രസിദ്ധീകരണം നടത്തുന്ന കാലമായിരുന്നു അത്. ഞാനാകട്ടെ അന്ന്, മലയാളത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ കവികളെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു.ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ പറഞ്ഞ് ഈയൊരു വിഷയത്തിലും എത്തുമായിരുന്നു. ടി.ആർ. ശ്രീനിവാസിന്റെ കവിതകളെക്കുറിച്ചാണ് ഞാൻ ഏറെ ആവേശത്തോടെ സംസാരിച്ചത്. ടി.ആർ. ശ്രീനിവാസിന്റെ കവിതകൾ മനോജേട്ടനും മുമ്പേ തന്നെ വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് എന്നത് എന്നെ സന്തോഷിപ്പിച്ചു. ഇത്തരം കവികളെക്കുറിച്ച് തുടർച്ചയായി ലേഖനങ്ങളെഴുതൂ എന്ന് അദ്ദേഹം നിർബന്ധിച്ചതിന്റെ ഫലമായാണ് ടി.ആർ. ശ്രീനിവാസ്, വി.വി.കെ.വാലത്ത്, സി.എ.ജോസഫ്, എ.വി.ശ്രീകണ്ഠപ്പൊതുവാൾ തുടങ്ങിയവരെപ്പറ്റിയുള്ള ലേഖനങ്ങൾ ഞാനെഴുതിയത്. അവ വാക്കറിവിൽ വന്നു. ഇപ്പോഴും ഞാൻ ആ ശ്രേണിയിൽ പെട്ട എഴുത്തു തുടരുന്നു. ഓരോ പുതിയ എഴുത്തു പൂർത്തിയാക്കുമ്പോഴും മനോജേട്ടനെ കടപ്പാടോടെ ഓർക്കുകയും ചെയ്യുന്നു.
നോവലിസ്റ്റും പത്രാധിപരും ചിന്തകനുമായ മനോജിന്റെ സംഭാവനകൾ ഭാവിയിൽ വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളൂ എന്നു ഞാൻ വിചാരിക്കുന്നു. അദ്ദേഹത്തിന്റെ ഈ മൂന്നു പ്രവർത്തന മേഖലകളെക്കുറിച്ചും പറയുന്നതിനു മുമ്പ് എനിക്കാദ്യം പറയാനുള്ളത് ഒരു മികച്ച സംവാദകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. സംവാദം മനോജേട്ടന്റെ ഒരു പ്രധാന മാധ്യമം തന്നെയായിരുന്നു. ആ ദിവസങ്ങളിൽ കൊല്ലങ്കോട്ടു നിന്ന് അദ്ദേഹം ബസ്സുകയറി വൈകുന്നേരം നാലരയോടെ പലപ്പോഴും നെന്മാറ ബോയ്സ് സ്കൂളിൽ എത്തുമായിരുന്നു. സ്കൂളിൽ അന്നുണ്ടായ എന്തെങ്കിലും വിഷയത്തിൽ നിന്നാവും ചിലപ്പോൾ സംസാരം തുടങ്ങുക. അത് രാവിലെ നടന്ന വിദ്യാർത്ഥിസമരത്തെക്കുറിച്ചാവാം, അല്ലെങ്കിൽ സാമൂഹ്യവിരുദ്ധർ സ്ക്കൂൾ നശിപ്പിക്കുന്നതിനെക്കുറിച്ചാവാം. മനോജേട്ടൻ ചരിത്രത്തിലേക്കും സാമൂഹ്യശാസ്ത്രത്തിലേക്കും പറഞ്ഞു കയറുന്നത് കേട്ടിരിക്കുക ഏറെ കൗതുകകരമാണ്. നമുക്ക് പുതിയ ഉൾക്കാഴ്ച്ച തരുന്ന എത്രയോ നിരീക്ഷണങ്ങൾ അവയിലടങ്ങിയിട്ടുണ്ടാവും. തുറന്ന ക്ലാസ് മുറികളുടെ ചുമരുകളിൽ മുറുക്കിത്തുപ്പി ആളുകൾ വൃത്തികേടാക്കുന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണം ഞാൻ വ്യക്തമായ് ഓർക്കുന്നു. ജനാധിപത്യത്തിന്റെ പാരമ്പര്യമില്ലായ്മയാണ് ഈ പ്രശ്നത്തിനു കാരണം എന്നദ്ദേഹം വിശദീകരിച്ചു. പബ്ലിക് സ്പേസും ജനാധിപത്യ മൂല്യങ്ങളും ഇവിടെയുണ്ടായത് സ്വാതന്ത്ര്യത്തിനു ശേഷം മാത്രമാണ്. പുതുതായുണ്ടായിവന്ന ഈ പബ്ലിക് സ്പെയിസിൽ എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ ജനതക്ക് അറിഞ്ഞു കൂടാ. നമുക്ക് ജാതികളുടെ ഇടുക്കു സ്ഥലങ്ങളിൽ പെരുമാറിയ ശീലമേയുള്ളൂ. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർക്ക് പൊതുസ്ഥലത്തു പെരുമാറിയ പാരമ്പര്യമുണ്ട്. ബോയ്സ് സ്കൂളിന്റെ ചുമരിലെ വെറ്റിലക്കറയിൽ നിന്ന് ഇന്ത്യയുടെയും യൂറോപ്പിന്റെയും പാരമ്പര്യങ്ങളിലേക്ക് ഞങ്ങളെത്തും. ഇന്ത്യൻ ജാതി ജീവിതത്തിന്റെ ആഴത്തെയും വ്യാപ്തിയേയും കുറിച്ചാണ് മനോജേട്ടൻ ഏറ്റവുമധികം സംസാരിച്ചത് എന്നോർക്കുന്നു. ഈ സംവാദങ്ങൾ എന്റെ വീക്ഷണങ്ങളെ മാറ്റാനും പുതുക്കാനും പ്രേരകമായിട്ടുണ്ട്. ദേശാഭിമാനി സ്റ്റഡീസർക്കിൾ കാലത്തെ ഓർമ്മകളിൽ നിന്നു തുടങ്ങുന്ന ചില സംസാരങ്ങൾ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള സംവാദമായി പടർന്നതും ഓർക്കുന്നു. ആരോടാണ് താൻ സംസാരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള മുൻധാരണയില്ലാതെ സംവദിക്കുന്നതായിരുന്നു മനോജേട്ടന്റെ രീതി. ഈ വ്യത്യാസം എനിക്ക് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന പല ബുദ്ധിജീവികളും എഴുത്തുകാരുമായി സംസാരിക്കുമ്പോൾ സംസാരിക്കുന്ന ആളെക്കുറിച്ചുളള മുൻധാരണ അവരെ നയിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ മുൻധാരണകളിൽ പ്രധാനം ജാതി തന്നെയാണ്. ഇയാൾ ഇന്ന ജാതിയാണ്, ഇയാളുടെ സാമൂഹ്യാവസ്ഥ ഇന്നതാണ് എന്ന മുൻധാരണ സംവാദത്തിന്റെ സാദ്ധ്യതകളെ തകിടം മറിക്കും. എന്നാൽ മനോജേട്ടൻ മുൻധാരണകളില്ലാത്ത സംവാദമാണ് തുറന്നിടുക. കവിതയുടെ പേരിലോ ജാതിയുടെ പേരിലോ കക്ഷിരാഷ്ട്രീയത്തിന്റെ പേരിലോ യാതൊരു മുൻധാരണയുമില്ലാതെ, മനുഷ്യൻ എന്ന നിലയിൽ എന്നോടു സംവദിച്ച അപൂർവ്വം ബുദ്ധിജീവികളിൽ ഒരാളാണ് മനോജേട്ടൻ. റാഡിക്കൽ ഹ്യൂമനിസ്റ്റ് ചിന്താധാരയുമായി അദ്ദേഹം പുലർത്തിയ ആത്മബന്ധം തന്നെയാവാം ഈ തുറസ്സിനു കാരണം.
ഒരു സമാന്തര പ്രസിദ്ധീകരണമെന്ന നിലയിൽ വാക്കറിവ് മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹം വളരെ പ്രയാസപ്പെട്ടിരുന്നു. ലേഖനങ്ങൾ നൽകിക്കൊണ്ടല്ലാതെ മറ്റേതെങ്കിലും നിലയിൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. മനോജേട്ടനും ഹരിദാസും ഏറെ ശ്രമപ്പെട്ടാണ് ഓരോ ലക്കവും പുറത്തുവന്നത്. ഗൗരവമുള്ള സമാന്തര പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് മുന്നോട്ടുവക്കാൻ വാക്കറിവിനു കഴിഞ്ഞു. നമ്മുടെ ധൈഷണിക പാരമ്പര്യത്തെ പുതുകാലവുമായി ഇണക്കാനുള്ള ശ്രമമായിരുന്നു വാക്കറിവ്. അടുത്ത സുഹൃത്തായ എം. സുകുമാരനുമായി അതിൽ മനോജേട്ടൻ നടത്തിയ ദീർഘസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് തുടർച്ചയായി വരാൻ തുടങ്ങിയ ഇഹപരസംഹിതയെക്കുറിച്ചും ഞങ്ങൾ തമ്മിൽ ദീർഘമായി ഫോണിൽ സംസാരിച്ചത് ഓർക്കുന്നു. കേരളീയമായ ഒരു കഥ പറച്ചിൽ രീതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന കഥകളായാണ് ഞാൻ അന്ന് അതു വായിച്ചത്. തുറന്ന സംവാദം തന്നെയായിരുന്നു മനോജേട്ടന്റെ സാഹിത്യ ജീവിതത്തിന്റെയും സാരം എന്നു ഞാൻ കരുതുന്നു. സമൂഹത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയുമുള്ള ദാർശനികവും ധൈഷണികവുമായ സംവാദങ്ങൾ തുറക്കുന്നവയാണ് സത്യവാഗീശ്വരൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ. പാരായണസുഖത്തെ അദ്ദേഹം മുന്നിൽ വെച്ചതേയില്ല. എങ്കിലും അവസാനിക്കാത്ത സംവാദങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ആ കൃതികൾ നമ്മോടൊപ്പമുണ്ടാകും.
കൊല്ലങ്കോട്ട് മനോജേട്ടനും സുഖലതടീച്ചറും താമസിച്ചിരുന്ന രണ്ടു വീട്ടിലും ഞാൻ മുമ്പു പോയിട്ടുണ്ട്. നെന്മാറയുടെ പരിസരത്ത് ഞാൻ സ്ഥിരതാമസമുറപ്പിക്കാൻ വിചാരിച്ച നാളുകളായിരുന്നു അവ. വാങ്ങാനായി വീടുകൾ നോക്കിയ കൂട്ടത്തിൽ മനോജേട്ടൻ താമസിച്ചിരുന്ന അഗ്രഹാരത്തിലെ വീടും നോക്കിയിരുന്നു. പക്ഷേ ആ ആലോചനകളൊന്നും നടന്നില്ല. ഞാൻ എന്റെ ജന്മനാട്ടിലേക്കു തന്നെ മടങ്ങുകയും ചെയ്തു. പോകേണ്ട വിസ്തൃതികളും വീണ്ടും വീണ്ടും നാം മടങ്ങിയെത്തുന്ന ഇടുക്കുകളും ഓർമ്മിപ്പിച്ചു കൊണ്ട് മനോജേട്ടന്റെ സംവാദജീവിതം നമ്മോടൊപ്പം ഇപ്പൊഴും നിലനിൽക്കുന്നു. ആ സംവാദജീവിതത്തെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്ത് നിർത്തട്ടെ.