ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ
ആറ്റൂർക്കവിതയുടെ മൂർത്തതയും കാർക്കശ്യവും എനിക്കിഷ്ടമാണ്. വിനയചന്ദ്രൻ കവിതയുടെ കുതിക്കുന്ന ഒഴുക്ക് എനിക്കിഷ്ടമാണ്. സച്ചിദാനന്ദകവിതയിലെ സമഗ്രതാബോധം എനിക്കിഷ്ടമാണ്.മേതിലിന്റെ പ്രപഞ്ചദർശനബോധം എനിക്കിഷ്ടമാണ്. ആർ.രാമചന്ദ്രന്റെ ധ്യാനാത്മകത എനിക്കിഷ്ടമാണ്. അനേകത്തെ ഒറ്റ മുനയിലേക്ക് ആവാഹിക്കുന്ന കെ.ജി. എസ് രീതി എനിക്കിഷ്ടമാണ്. പുതുകാലത്തേക്കും പകർന്നെടുക്കുന്ന സുഗതകുമാരിയുടെ ഭാവഗീതാത്മകത എനിക്കിഷ്ടമാണ്. തന്നെ പലതാക്കിപ്പിരിക്കുന്ന അയ്യപ്പപ്പണിക്കരത്തം എനിക്കിഷ്ടമാണ്. ടി.ആർ. ശ്രീനിവാസിന്റെ ഉന്മാദം തിളങ്ങുന്ന ചുഴിഞ്ഞു നോട്ടം എനിക്കിഷ്ടമാണ്. കടമ്മനിട്ടയിലെ അപാരമായ ഊർജ്ജം എനിക്കിഷ്ടമാണ്. മങ്ങൂഴം പോലുള്ള കക്കാടിന്റെ ക്ഷീണഭാവം എനിക്കിഷ്ടമാണ്. കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ സംസ്കാരധാരകളുടെ സംഗമ സ്ഥലമായി കവിതയെ മാറ്റുന്ന വിഷ്ണു നാരായണ രീതി എനിക്കിഷ്ടമാണ്. ജി.കുമാരപ്പിള്ളയുടെ സ്വരവൈവിധ്യവും നാടത്തം നിറഞ്ഞ ചിരിയും എനിക്കിഷ്ടമാണ്. സൂക്ഷ്മതയിലേക്കുള്ള പുലാക്കാട്ടു രവീന്ദ്രന്റെ മിഴിയൂന്നൽ എനിക്കിഷ്ടമാണ്. വി.കെ.നാരായണന്റെ കൂസലില്ലായ്മ എനിക്കിഷ്ടമാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നാടകീയത എനിക്കിഷ്ടമാണ്. ജയപ്രകാശ് അങ്കമാലിക്കവിതയുടെ പൗരാണിക ഭാവം എനിക്കിഷ്ടമാണ്. ഏറ്റുമാനൂർ സോമദാസന്റെ കവിതയിലെ സുതാര്യത എനിക്കിഷ്ടമാണ്. കുറച്ചു വരി കൊണ്ട് ഭാവത്തിന്റെ അഗാധതയിൽ നമ്മെയാഴ്ത്തുന്ന ഒ.വി.ഉഷയുടെ രീതി എനിക്കിഷ്ടമാണ്. ലോകത്തെ മുഴുവൻ തന്നോടു ചേർത്തു നിർത്തുന്ന ഒ എൻ വി മട്ട് എനിക്കിഷ്ടമാണ്. കാവാലത്തിന്റെ താളക്കെട്ട് എനിക്കിഷ്ടമാണ്. പി ഭാസ്കരന്റെ മനുഷ്യപ്പറ്റ് എനിക്കിഷ്ടമാണ്. വയലാർക്കവിതയിലെ അഭിമാനബോധം എനിക്കിഷ്ടമാണ്. കെ.വി. തമ്പിയുടെ മുറിയിലെ ഇരുട്ട് എനിക്കിഷ്ടമാണ്. മാധവൻ അയ്യപ്പത്തിന്റെ പരീക്ഷണാത്മകത എനിക്കിഷ്ടമാണ്. ചിലെടത്ത് നേർപ്പിച്ചും ചിലെടത്ത് കൂർപ്പിച്ചും കുറുക്കിയുമെടുക്കുന്ന ഏ അയ്യപ്പന്റെ ജലച്ചായഭാഷ എനിക്കിഷ്ടമാണ്. കുഞ്ഞുണ്ണിക്കവിതയുടെ അസംബന്ധദർശനവും വാമൊഴിത്തവും എനിക്കിഷ്ടമാണ്. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലുള്ള നാട്ടിൻപുറത്തെ കാരണവരുടെ ഭാവം എനിക്കിഷ്ടമാണ്.എം.എൻ.പാലൂർ ക്കവിതയിലെ അബദ്ധം പിണഞ്ഞവന്റെ നിഷ്കളങ്കമട്ട് എനിക്കിഷ്ടമാണ്. അകവിതയായിപ്പരക്കാനുള്ള ചെറിയാൻ കെ.ചെറിയാന്റെ വെമ്പൽ എനിക്കിഷ്ടമാണ്. ഉള്ളിലൊരു മുള്ളു സൂക്ഷിക്കുന്ന ജോർജ് തോമസിന്റെ കവിതാരീതി എനിക്കിഷ്ടമാണ്. ചരാചരങ്ങളുമായി തനിക്കുണ്ടായിരുന്ന സിരാബന്ധം മുറിഞ്ഞു പോയതു വിളക്കിച്ചേർക്കലായ് കവിതയെക്കാണുന്ന കെ. എ.ജയശീലന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്. അക്കിത്തം കവിതയിലെ കുട്ടിത്തവും പൊടുന്നനെയുണ്ടാകുന്ന ബോധോദയമിന്നലുകളും എനിക്കിഷ്ടമാണ്. കവിതയുടെ ഭാഷ പഴഞ്ചൊല്ലുപോലെ കുറുക്കിയെടുക്കുന്ന എം.ഗോവിന്ദത്തം എനിക്കിഷ്ടമാണ്. സംസാര ഭാഷയിലെ വാക്കുകൾ കൊണ്ട് ഒളപ്പമണ്ണ സൃഷ്ടിക്കുന്ന നേർമ്മ എനിക്കിഷ്ടമാണ്.പുനലൂർ ബാലന്റെ കവിതയിൽ നിന്നൊഴുകുന്ന വിമർശനത്തിന്റെ ലാവ എനിക്കിഷ്ടമാണ്. തിരുനല്ലൂർ കരുണാകരൻകവിതയിൽകൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയത എനിക്കിഷ്ടമാണ്. തന്റെ ജീവിതപരിസരത്തെക്കുറിച്ചെഴുതുന്ന പുറമണ്ണൂർ ടി.മുഹമ്മദിന്റെ യാഥാർത്ഥ്യബോധം എനിക്കിഷ്ടമാണ്. സുധാകരൻ തേലക്കാടിന്റെ കവിതയിൽ വിഷാദം നിറപ്പകിട്ടോടെ സാന്ദ്രമാക്കുന്ന രീതി എനിക്കിഷ്ടമാണ്.ഫ്യൂഡൽ കാലത്തുനിന്ന് ജനാധിപത്യകാലത്തേക്കുള്ള സംക്രമണത്തിന്റെ ഉത്കണ്ഠകൾ കെ.സി. ഫ്രാൻസിസ് അവതരിപ്പിച്ചത് എനിക്കിഷ്ടമാണ്. അക്രമാസക്തമായി വരുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ ഇരമ്പം ആദ്യമേ കേട്ട എസ്.വി. ഉസ്മാൻകവിതയുടെ ജാഗ്രത എനിക്കിഷ്ടമാണ്. സി.എ.ജോസഫിന്റെ കവിതകളിലെ അപൂർവതയും അപ്രതീക്ഷിതത്വവും ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളിൽ അതേകുന്ന ആശ്വാസവും എനിക്കിഷ്ടമാണ്. വി.വി.കെ.വാലത്തിന്റെ ലോകബോധം എനിക്കിഷ്ടമാണ്. കമ്മ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ധർമ്മസങ്കടങ്ങളും തിളക്കമുള്ള നിമിഷങ്ങളും ചെറുകാട് കവിതകളിലെഴുതിയത് എനിക്കിഷ്ടമാണ്. എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലെ കർഷകന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്. കണ്ണൂകളിലൂറി താഴേക്കു വീഴാതെ തുളുമ്പി നിൽക്കുന്ന കണ്ണീർത്തുള്ളിയുടെ നില്പ് കൂത്താട്ടുകുളം മേരി ജോൺ എഴുതിയത് എനിക്കിഷ്ടമാണ്. വി.കെ.ഗോവിന്ദൻ നായർക്കവിതയിലെ പദച്ചേർപ്പുകൾ എനിക്കിഷ്ടമാണ്.സ്വന്തം നാട്ടു മിത്തുകളിലേക്കുള്ള കുട്ടമത്തിന്റെ അന്വേഷണം എനിക്കിഷ്ടമാണ്. വൈലോപ്പിള്ളിക്കവിതയിലെ പരസ്പരവിരുദ്ധമായ സങ്കീർണ്ണഭാവങ്ങളുടെ പ്രകാശനം എനിക്കിഷ്ടമാണ്. ഇടശ്ശേരിക്കവിതയിലെ ശരിതെറ്റുകൾക്കിടയിലെ നില്പും ആത്മ വിചാരണയും സംസ്കാരത്തിന്റെ അടരുകളിലേക്കുള്ള ഇറക്കവും എനിക്കിഷ്ടമാണ്. ജി.കവിതയിലെ, അനന്തപ്രപഞ്ചം ഉള്ളിൽ നിറയുന്ന അനുഭവം എനിക്കിഷ്ടമാണ്. ഒരേ സമയം പരമ സ്വാതന്ത്ര്യവും പരമബന്ധനവും ആവിഷ്കരിക്കുന്ന പീക്കവിതയുടെ സങ്കീർണ്ണ നില എനിക്കിഷ്ടമാണ്. പൗരാണികതയേയും പുതുകാല ജീവിതത്തേയും യാഥാർത്ഥ്യ ബോധത്തോടെ ചേർത്തുവയ്ക്കുന്ന എൻ.വി. രീതി എനിക്കിഷ്ടമാണ്. കെ.കെ.രാജാക്കവിതയിലെ വിസ്മയ ഭാവം എനിക്കിഷ്ടമാണ്. ചങ്ങമ്പുഴക്കവിതയുടെ ഒടുങ്ങാത്ത ചാഞ്ചല്യവും അനന്തതയെ ഓർമ്മിപ്പിക്കുന്ന അനർഗ്ഗളതയും എനിക്കിഷ്ടമാണ്. ഇടപ്പള്ളിക്കവിതയിലെ, ഒഴുക്കിനെ സ്വപ്നം കാണുന്ന ഉൾവലിവ് എനിക്കിഷ്ടമാണ്. ബാലാമണിയമ്മക്കവിതയിലെ, വെളിച്ചം തേടിയുള്ള യാത്രയും അതിലൂടെ എത്തിച്ചേരുന്ന പാകതയും എനിക്കിഷ്ടമാണ്. ജീവിതത്തിലേറ്റ ആഘാതങ്ങളാൽ പുഞ്ചിരി പൊട്ടിച്ചിരിയായി മാറുന്ന സഞ്ജയകവിത എനിക്കിഷ്ടമാണ്. ടി.കെ.നാരായണക്കുറുപ്പിന്റെ കവിതകളിൽ ഉൺമയുടെ ബോധം കുറുകിയ ഗദ്യത്തിലേക്ക് കവിതയായ് സാന്ദ്രമാകുന്ന അനുഭവം എനിക്കിഷ്ടമാണ്. കുറ്റിപ്പുറത്തിന്റെ കവിതയിലെ, മുറ്റത്തൊരറ്റത്തൊരു പൂവെരഞ്ഞി മുറ്റിത്തഴച്ചങ്ങനെ നിന്നിരുന്നു എന്ന മട്ടിലുള്ള ഋജുത്വം എനിക്കിഷ്ടമാണ്. കയ്യെത്തുന്ന ദൂരത്തെ പരിസരപ്രകൃതിയിൽ മുഴുകുന്ന വള്ളത്തോളിന്റെ ജീവിതരതി എനിക്കിഷ്ടമാണ്. ഉള്ളൂർക്കവിതയിലെ നീതിബോധം എനിക്കിഷ്ടമാണ്. ഭൗതികലോകത്തുനിന്നും ആത്മീയലോകത്തേക്കുള്ള മാറ്റം സിസ്റ്റർ മേരി ബെനീഞ്ജ എഴുതുന്നത് എനിക്കിഷ്ടമാണ്. മന പ്രകൃതങ്ങളുടെ വേരു തേടിപ്പോകുന്ന ആശാൻ കവിതയുടെ അനുകരിക്കാനാവാത്ത ഏകാന്തനില എനിക്കിഷ്ടമാണ്. വി.സി ബാലകൃഷ്ണപ്പണിക്കർക്കവിതയിൽ ഇരുട്ടും വെളിച്ചവും മാറി മാറി വീഴുന്നതിന്റെ അഗാധതീവ്രത എനിക്കിഷ്ടമാണ്.......
ഇവരിലൊക്കെയുമുണ്ടാവാം എനിക്കിഷ്ടമില്ലാത്തവയും...
2
എത്ര പുതുതായിരിക്കുമ്പോഴും ആറ്റൂർക്കവിതയിൽ പ്രവർത്തിക്കുന്ന 'ഇന്നലെ' യും പിൽക്കാല കവിതകളിലെ അസ്വാഭാവികത തോന്നിക്കുന്ന പദച്ചേർപ്പുകളും എനിക്കിഷ്ടമല്ല. വിനയചന്ദ്രകവിതയിലെ റഫ്രിജറേറ്റർ, ചൊറി, ബാങ്ക് പാസ്ബുക്ക്, ബുദ്ധമൗനം, ബീജഗണിതം എന്നിങ്ങനെയുള്ള പട്ടികപ്പെടുത്തലും അസ്ഥാനത്തെ വാചാലതയും എനിക്കിഷ്ടമില്ല. സച്ചിദാനന്ദ കവിതയിലെ പ്രതികരണ സ്വഭാവത്തിന്റെ യാന്ത്രികത എനിക്കിഷ്ടമല്ല. മേതിൽക്കവിതയുടെ പടിഞ്ഞാറൻ ചുവ എനിക്കിഷ്ടമല്ല. ആർ.രാമചന്ദ്രകവിത ടാഗോറിലേക്കോ മിസ്റ്റിസിസത്തിലേക്കോ ചായുമ്പോഴത്തെ യാന്ത്രികത എനിക്കിഷ്ടമല്ല. കെ.ജി. എസ്സിന്റെ ആദ്യകാലകവിതയിലെ അമിത പ്രഭാഷണപരതയും പിൽക്കാല കവിതയിലെ വൈകാരിക വരൾച്ച തോന്നിക്കുന്ന ഭാഷാരീതിയും എനിക്കിഷ്ടമല്ല. സുഗതകുമാരിക്കവിതയുടെ ഭാഷാപരവും പ്രമേയപരവും ഭാവപരവുമായ പ്രതീക്ഷിതത്വം എനിക്കിഷ്ടമല്ല. അയ്യപ്പപ്പണിക്കർക്കവിതയിലെ അതിവാചാലതയും ഭാവത്തെ ബോധപൂർവം മുറിച്ചിടുന്ന രീതിയും എനിക്കിഷ്ടമല്ല. ടി.ആർ. ശ്രീനിവാസ് കവിതയിലെ ഭാഷാപരവും ഭാവപരവുമായ ശൈഥില്യം എനിക്കിഷ്ടമല്ല. കടമ്മനിട്ടക്കവിതയിലെ നാട്ടുപ്രമാണിയുടെ ധിക്കാരനോട്ടം എനിക്കിഷ്ടമല്ല. കക്കാടിന്റെ കവിതയിലെ സംസ്കൃതപദച്ചേർപ്പുകളും മഹാഭാരത കഥകളിലേക്കുള്ള തുടർച്ചയായ പിൻവാങ്ങലും എനിക്കിഷ്ടമല്ല. പൂണൂലും ജാതി- വംശ അഭിമാനവും വെളിപ്പെടുന്ന വിഷ്ണുനാരായണ കവിതാസന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. ജി. കുമാരപ്പിള്ളക്കവിതയിൽ കേവല വസ്തുസ്ഥിതിവിവരണത്തോടുള്ള കമ്പം എനിക്കിഷ്ടമല്ല. പുലാക്കാട്ടു രവീന്ദ്രന്റെ കവിതയിലെ പരമ്പരാഗത കാവ്യബിംബങ്ങളെ പുൽകാനുള്ള ത്വര എനിക്കിഷ്ടമല്ല. വി.കെ.നാരായണന്റെ കവിതയിലെ ലക്ഷ്യവേധിയല്ലാത്ത ചിതറൽഎനിക്കിഷ്ടമല്ല.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ ബലിമൃഗനാട്യവും വാക്കുകളെ ഊതിപ്പെരുപ്പിച്ച് മുഴക്കമുള്ളതാക്കുന്ന രീതിയും എനിക്കിഷ്ടമില്ല. ജയപ്രകാശ് അങ്കമാലിക്കവിതയിലെ ചുള്ളിക്കാട് സ്വാധീനം എനിക്കിഷ്ടമല്ല. ആനുകാലികമാവാനുള്ള ഏറ്റുമാനൂർ സോമദാസകവിതയുടെ വെമ്പൽ എനിക്കിഷ്ടമല്ല. ഒ വി.ഉഷയുടെ കവിതയിൽ ഭാവപരവും ഭാഷാപരവുമായി തുടങ്ങിയേടത്തു നിന്ന് മുന്നോട്ടു നീങ്ങാത്ത നില്പ് എനിക്കിഷ്ടമല്ല. ഒ.എൻ.വി.ക്കവിതയിൽ പ്രമേയത്തെ വൈകാരികമാക്കാൻ ശ്രമിക്കുമ്പോൾ പൊടിയുന്ന വിയർപ്പും മുഷിപ്പും എനിക്കിഷ്ടമില്ല. കാവാലം കവിത ഭാഷാപരമായി മ്യൂസിയംപീസ് ആയി പരിമിതപ്പെടുന്ന സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. യഥാർത്ഥ സംഭവങ്ങളെ പലപ്പോഴും വെറുതേ പദ്യപ്പെടുത്തുക മാത്രം ചെയ്യുന്ന പി.ഭാസ്കരരീതി എനിക്കിഷ്ടമല്ല. വയലാർക്കവിതയിൽ പുരോഗമനാശയങ്ങളും സവർണ്ണ യാഥാസ്ഥിതിക കാവ്യഭാഷയും പരസ്പരം പുറന്തിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമല്ല. പ്രമേയം, കാവ്യബിംബങ്ങൾ എന്നിവയുടെ കാര്യത്തിൽ കെ.വി. തമ്പിക്കവിതയിൽ കാണുന്ന ചുരുങ്ങൽ അഥവാ റേഞ്ചില്ലായ്മ എനിക്കിഷ്ടമല്ല. പ്രമേയംകൊണ്ടും രൂപംകൊണ്ടും പുതുതായിരിക്കുമ്പോഴും മാധവൻ അയ്യപ്പത്തിന്റെ കവിതകളിലുളള ഭാഷാപരമായ പഴക്കച്ചുവ എനിക്കിഷ്ടമല്ല. തിളങ്ങുന്ന രണ്ടു വരികൾക്കു മുകളിലും താഴെയും എ.അയ്യപ്പൻ നിരത്തുന്ന കാല്പനിക ക്ലീഷേ വരികൾ എനിക്കിഷ്ടമല്ല.
കുട്ടിത്തത്തിലേക്ക് സ്വയം പരിമിതപ്പെടുത്താനുള്ള കുഞ്ഞുണ്ണിക്കവിതയുടെ നിരന്തരശ്രമം എനിക്കിഷ്ടമല്ല. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലെ വാചാലമായ കടപടാരവം എനിക്കിഷ്ടമല്ല. പാലൂർക്കവിതയിലെ കഥ പറച്ചിലിന്റെ ചെടിപ്പ് എനിക്കിഷ്ടമല്ല. കവിത എന്ന മാധ്യമത്തോടുള്ള ആത്മവിശ്വാസക്കുറവിൽ നിന്നുണ്ടായതെന്നു തോന്നിക്കുന്ന ചെറിയാൻ കെ. ചെറിയാന്റെ കവിവ്യക്തിത്വമില്ലായ്മ എനിക്കിഷ്ടമല്ല. ജോർജ് തോമസിന്റെ കവിതയിൽ വിമർശനം അതി പ്രകടവും അതി പരുഷവുമാകുമ്പോൾ കാവ്യാത്മകത ചോരുന്നതായിത്തോന്നുന്ന അനുഭവം എനിക്കിഷ്ടമല്ല. തത്വചിന്താപരതയുടെ ആധിക്യം കൊണ്ട് കെ.എ, ജയശീലൻ കവിതയിൽ വരുന്ന ഭാഷാപരമായ ക്ലിഷ്ടത എനിക്കിഷ്ടമല്ല. അക്കിത്തം കവിതയിലെ പദ്യ പ്രബന്ധരചനാതല്പരതയും ഫ്യൂഡൽ മൂല്യങ്ങളുടെ തകർച്ചയിൽ നിന്നുണ്ടാകുന്ന വിഷാദവും എനിക്കിഷ്ടമല്ല. എം.ഗോവിന്ദ ഭാഷയിൽ ബോധപൂർവത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. ഫ്യൂഡൽ മൂല്യം വിട്ട് മുതലാളിത്ത മൂല്യത്തിലേക്കുള്ള മാറ്റത്തിനു പിന്നിലെ സമർത്ഥന്റെ നോട്ടം ഒളപ്പമണ്ണക്കവിതയിൽ നിന്നുയരുന്നത് എനിക്കിഷ്ടമല്ല. പുനലൂർ ബാലന്റെ കവിതയിൽ അത്യാവേശം കൊണ്ടുണ്ടാകുന്ന വാചാലത എനിക്കിഷ്ടമല്ല. പരമ്പരാഗത ക്ലീഷേ കാവ്യകല്പനകൾ കൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയാനുഭവത്തെ ദുർബലപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. സ്വന്തം കരുത്ത് തിരിച്ചറിയാതെ മുഖ്യധാരാ പ്രമേയങ്ങളിലേക്ക് പുറമണ്ണൂർ ടി.മുഹമ്മദിന്റെ കവിത പോകുന്നത് എനിക്കിഷ്ടമല്ല. സുധാകരൻ തേലക്കാടിന്റെ കവിതയിലെ കാല്പനികകാവ്യപാരമ്പര്യത്തോടുള്ള അമിത വിധേയത്വം എനിക്കിഷ്ടമല്ല. കെ.സി. ഫ്രാൻസിസിന്റെ അവസാനകാല കവിതയിലെ അതിരുകവിഞ്ഞ സിനിസിസവും വിഷാദവും എനിക്കിഷ്ടമല്ല. എസ്.വി. ഉസ്മാൻ കവിതയിൽ സ്വന്തം കവിവ്യക്തിതാത്തെ സ്വയം മാനിക്കായ്കയാലുണ്ടായ എഴുത്തിന്റെ വൈരള്യം എനിക്കിഷ്ടമല്ല. സി.എ.ജോസഫിന്റെ കവിതയുടെ കാവ്യശരീരത്തിൽ കാണുന്ന വൈലോപ്പിള്ളി സ്വാധീനം എനിക്കിഷ്ടമല്ല. വി വി കെ വാലത്തിന്റെ കവിതയിൽ പ്രഭാഷണപരത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. അപ്പപ്പോഴത്തെ പ്രായോഗിക ആവശ്യങ്ങൾക്കു വേണ്ടിയെഴുതിയവയാണ് ഈ കവിതകൾ എന്ന, ചെറുകാടിന്റെ കവിതയിലെ ഭാവം എനിക്കിഷ്ടമല്ല. കൃഷി, ദേശീയ പ്രസ്ഥാനം, കൃഷ്ണഭക്തി ഈ മൂന്നു വിഷയങ്ങളല്ലാതെ മറ്റെന്തിനെക്കുറിച്ചെഴുതുമ്പോഴും എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലുണ്ടാവുന്ന അയവ് എനിക്കിഷ്ടമല്ല. കൂത്താട്ടുകുളം മേരി ജോൺ കവിതയിൽ ക്രാഫ്റ്റിന്റെ കാര്യത്തിലുള്ള ഉദാസീനത എനിക്കിഷ്ടമല്ല. വി.കെ.ഗോവിന്ദൻ നായർക്കവിതയിൽ ഫ്യൂഡൽ സംസ്കാരത്തിന്റെ അഭിരുചിയോടുളള ഭക്തി കൂടി തലനീട്ടിക്കാണുന്നത് എനിക്കിഷ്ടമല്ല. കുട്ടമത്തിന്റെ കവിത വള്ളത്തോൾക്കളരിയുടെ ഭാവുകത്വ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നത് എനിക്കിഷ്ടമില്ല. കമ്പിനു കമ്പിന്, വരിക്കു വരി അലങ്കരിച്ചേ പറ്റൂ എന്ന വൈലോപ്പിള്ളിക്കവിതയുടെ പിടിവാശി എനിക്കിഷ്ടമല്ല. നാടൻ വാക്കുകളും കഠിന സംസ്കൃതവും തമ്മിൽ വിലക്ഷണമായി ചേരുമ്പോൾ ഇടശ്ശേരിക്കവിതയിലുണ്ടാകുന്ന പ്രയോഗക്ലിഷ്ടതകൾ എനിക്കിഷ്ടമല്ല. കാണുന്ന എന്തിനേയും പ്രതീകവത്കരിക്കുന്ന ജി. കവിതയിലെ യാന്ത്രികത എനിക്കിഷ്ടമല്ല. പി.കുഞ്ഞിരാമൻ നായർ തന്റെ ഏതു കവിതയിലും പ്രയോഗിക്കാൻ പാകത്തിന് ഒരുക്കിവെച്ചിരിക്കുന്ന ഒരുക്കു ശീലുകൾ പോലുള്ള വരികളും ബിംബങ്ങളും എനിക്കിഷ്ടമല്ല. വൈകാരികതലം പോലും ചിന്തിച്ചുണ്ടാക്കുന്നതാണ് എന്നു തോന്നിപ്പിക്കുന്ന അമിതമായ വിചാരപരത എൻ.വി.ക്കവിതയിൽ എനിക്കിഷ്ടമില്ല. കെ.കെ . രാജാക്കവിതയിൽ അനുഭവ പരതയേക്കാൾ ആശയപരതക്കു പ്രാമുഖ്യമുള്ള സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. കയ്പെങ്കിൽ അതി കയ്പ് ,ക്രോധമെങ്കിൽ അതിക്രോധം, വിഷാദമെങ്കിൽ അതി വിഷാദം - എപ്പോഴുമുള്ള ഈ അതി ചങ്ങമ്പുഴക്കവിതയിൽ ഉണ്ടാക്കുന്ന ചെടിപ്പ് എനിക്കിഷ്ടമില്ല. ഇടപ്പള്ളിക്കവിതയിൽ നിറയെയുള്ള ജീവിതതന്ത്രി, കാലമാകുന്ന കടൽ, വാസരനാഥൻ , കളവാണീമണി, കല്യാണകല്ലോലം എന്ന മട്ടിലുള്ള ചെടിപ്പിക്കുന്ന പദപ്രയോഗങ്ങളുടെ ആധിക്യം എനിക്കിഷ്ടമല്ല. ആഖ്യാനത്തിലെ കയറ്റിറക്കങ്ങളില്ലാത്ത ഒരേ സ്ഥായി ബാലാമണിയമ്മക്കവിതയിലുണ്ടാക്കുന്ന വൈരസ്യം എനിക്കിഷ്ടമല്ല. ആനുകാലിക സംഭവങ്ങളിൽ കുരുങ്ങിയേ പറ്റൂ എന്ന സഞ്ജയച്ചിരിയുടെ ശാഠ്യം എനിക്കിഷ്ടമല്ല. ടാഗോർക്കവിതയോടുള്ള വിധേയത്വത്തിൽ നിന്ന് പുറത്തുകടക്കുന്നത് ശരിയല്ല എന്ന ടി.കെ.നാരായണക്കുറുപ്പിന്റെ കവിതയുടെ ഉറച്ച തീരുമാനം എനിക്കിഷ്ടമില്ല. പ്രസ്താവനകളോടും പൊതുതത്വങ്ങളോടുമുള്ള കുറ്റിപ്പുറത്തിന്റെ ഭ്രമം എനിക്കിഷ്ടമല്ല. കവിതയുടെ ഭാവാന്തരീക്ഷം തകർക്കും വിധത്തിൽ അസ്ഥാനത്ത് സാമൂഹ്യസ്ഥിതിവിവരണം നടത്തുന്ന വള്ളത്തോൾ രീതി എനിക്കിഷ്ടമല്ല. കന്യാകുമാരിയിലെ സൂര്യോദയം വർണ്ണിക്കുന്നിടത്ത് "പൊൻമയമായൊരു സാധനം പൊങ്ങുന്നു" എന്നെഴുതിയ തരത്തിൽ ഉള്ളൂർക്കവിതയിലുടനീളം കാണുന്ന പദൗചിത്യമില്ലായ്മ എനിക്കിഷ്ടമല്ല. വൈയക്തിക അനുഭവങ്ങളിൽ നിന്നു രക്ഷപ്പെട്ട് തത്വവിചാരങ്ങളിലേക്കു പോകാനുള്ള സിസ്റ്റർ മേരി ബനീഞ്ജക്കവിതയുടെ തിടുക്കം എനിക്കിഷ്ടമില്ല. സാക്ഷാൽക്കാരത്തിലേക്ക്, പൂർണ്ണിമയിലേക്ക് എത്തുന്നിടത്തു വെച്ച് ആശാൻ കവിതയെ പിന്നാക്കം വലിക്കുന്ന ആ പിൻവിളി എനിക്കിഷ്ടമല്ല. വി.സി. ബാലകൃഷ്ണപ്പണിക്കർക്കവിതയിലെ, "പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ" എന്ന മട്ടിലുള്ള പ്രയോഗങ്ങൾക്കു പിന്നിലെ നിയോക്ലാസിക് കാവ്യഭാഷയുടെ സ്വാധീനം എനിക്കിഷ്ടമല്ല.
എങ്കിലും ഇവരിലൊക്കെയുമുണ്ടല്ലോ എനിക്കിഷ്ടമുള്ളവയും...
എന്റെയീ അനിഷ്ടങ്ങൾ തന്നെയാകാം പലരുടെയും ഇഷ്ടങ്ങൾ. ഇവരുടെ കവിതകളിൽ എനിക്കു തോന്നിയ ഇഷ്ടങ്ങൾ തന്നെ മറ്റു പല വായനക്കാർക്കും അനിഷ്ടമാകാനും മതി.
ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പറയാൻ പറ്റാത്ത ഒരു മൂന്നാം വിഭാഗം വേറെയുമുണ്ടെന്നതാണ് കൗതുകം തോന്നുന്ന ഒരു കാര്യം. ഉദാഹരണത്തിന്, പാലാ നാരായണൻ നായർ, എം.പി.അപ്പൻ, നാലാങ്കൽ എന്നിവരുടെ കവിതകൾ കുറേ വായിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടത്തിന്റെ കാര്യത്തിലായാലും അനിഷ്ടത്തിന്റെ കാര്യത്തിലായാലും ഒരു തിരിപാട് ഇതുവരെ കിട്ടിയിട്ടില്ല. ഈ വിഭാഗത്തിൽ കുറെയേറെ കവികളുണ്ട്. വെണ്ണിക്കുളം പോലും എന്നെ സംബന്ധിച്ചിടത്തോളം ഈ വിഭാഗത്തിലാണു പെടുക. ഇതിനെല്ലാം പുറമേ, ശരിക്കു ഞാൻ വായിച്ചെത്തിയിട്ടില്ലാത്ത കുറച്ചു കവികൾ ഇനിയുമുണ്ട്,കെ.കെ.രാജായെപ്പോലെ.
No comments:
Post a Comment