ലോക് ഡൗൺ മുതുകിലെ അണ്ണാൻ വരകൾ
പി.രാമൻ
വീടിനോടു ചേർന്ന് തൊട്ടുമുമ്പിൽ ഒരു പുളിമരമുണ്ട്. കൊല്ലത്തിലെത്ര തവണയെന്നെണ്ണിയിട്ടില്ല, അതിൽ പഴയ ഇല കൊഴിയുകയും പുതിയ ഇല വരികയും ചെയ്തുകൊണ്ടേയിരിക്കും. ടെറസ്സിനും ജനൽ മേൽക്കൂരകൾക്കും മുകളിൽ മിക്കപ്പോഴും ഉണങ്ങിയ പുളിയിലകൾ അടിഞ്ഞുകിടക്കും. അതടിച്ചുവാരിക്കളയുക നല്ലൊരു പണി തന്നെ. ഈ പുളിയങ്ങു വെട്ടിക്കളഞ്ഞ് അതിൻ്റെ സ്ഥാനത്ത് മറ്റൊരു മരം നട്ടാലെന്തെന്നു വിചാരിച്ചു നിൽക്കുമ്പൊഴായിരിക്കും വീടു കറങ്ങി നടക്കുന്ന ആ 'വീടോടിക്കരിമ്പൂച്ച' പുളിഞ്ചോട്ടിലെത്തുക.പെട്ടെന്ന് പുളിങ്കൊമ്പിൽ നിന്ന് ചിൽ ചിൽ എന്ന ചിലപ്പ് ഉയരുകയായി. പൂച്ചയെക്കണ്ട് ഒരണ്ണാൻ ചിലച്ചു തുടങ്ങിയതും മറ്റണ്ണാന്മാർ ഒന്നിച്ചു ചിലക്കുകയായി. ഇനി പൂച്ച പോയാലല്ലാതെ ഇതു നിലയ്ക്കില്ല. അതെ, അണ്ണാന്മാരുടെ ലോകം തന്നെ ആ പുളിമരം. താഴെ കൊണ്ടുവയ്ക്കുന്ന ഇഡ്ഡലിക്കഷണങ്ങൾ തിന്നാൻ രാവിലെ തന്നെ റഡിയായി അവ താഴേക്കു നോക്കി ഇരിപ്പുണ്ട്. അണ്ണാന്മാരുടെ തീറ്റയും വാലു തുള്ളിച്ചുള്ള ചിലപ്പും കൊമ്പത്തു ചാഞ്ഞു കിടന്നുള്ള വിശ്രമവും തലയുയർത്തി നാലുപുറവും നോക്കുന്ന കരുതലും ശ്രദ്ധിച്ചാണ് ഈ ലോക് ഡൗൺ കാലത്തെ ഓരോ ദിവസവും കടന്നു പോകുന്നത്.
സ്വാഭാവികമായും അണ്ണാറക്കണ്ണന്മാരെക്കുറിച്ചുള്ള കവിതകളും ചിത്രങ്ങളുമെല്ലാം അപ്പോൾ ഓർമ്മയിലേക്കു വരും. എ.രാമചന്ദ്രൻ്റെ പല ചിത്രങ്ങളിലും കണ്ടിട്ടുള്ള, വാലു തൂക്കിയിട്ടു കൊമ്പുകളിലിരിക്കുന്ന അണ്ണാന്മാർ വിശേഷിച്ചും. "അണ്ണാറക്കണ്ണാ തൊണ്ണൂറു വാലാ" എന്ന, കുട്ടിക്കാലത്തു നിന്നുള്ള ആ പഴയ വിളിയിലെ വൈചിത്രൃം ഇനിയും മുഴുവനായും തുറന്നു കിട്ടിയിട്ടില്ലല്ലോ എന്നുമോർക്കും. ഉദ്ദേശ്യമെന്തായാലും ശരി, ആ വിളിയിൽ അണ്ണാനേക്കാളും വലിയ അതിൻ്റെ വാല് വളഞ്ഞുയരുന്നതാണ് ഞാൻ കാണുക. നൂറിനുള്ളിൽപ്പെടുമെങ്കിലും നൂറിനേക്കാൾ വലിയ നൂറാണല്ലോ തൊണ്ണൂറ്! പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക എന്ന വിളി വൈലോപ്പിള്ളിക്കവിതയുടെ മാഞ്ചോട്ടിൽ നിന്നുയരുന്നു. ജി.കുമാരപിള്ളയുടെ മകരം എന്ന കവിതയിൽ മകരമാസം വരുന്നത് ചിലു ചിലെന്ന് അണ്ണാറക്കണ്ണനായാണ്. "ചിലു ചിലെന്നണ്ണാറക്കണ്ണനായ് വന്നു". മകരം മാത്രമല്ല എല്ലാ മാസങ്ങളും അങ്ങനെ തന്നെയാണല്ലോ വരുന്നത് എന്ന് ഉടനെ മനസ്സുകൊണ്ടു തിരുത്തി വായിക്കാറുമുണ്ട്. അണ്ണാൻ എന്ന പേര് മരക്കൊമ്പിൽ പതിഞ്ഞിരിക്കുന്നതായും അണ്ണാറക്കണ്ണൻ എന്ന പേര് വാലുവിരിച്ച് കണ്ണു മിഴിച്ച് നോക്കുന്നതായും അണ്ണാറക്കൊട്ടൻ എന്ന പേര് (ഈ പേര് നമ്മുടെ എഴുത്തുകാർ അധികം പ്രയോഗിച്ചു കണ്ടിട്ടില്ല) തുള്ളിത്തെറിച്ചു പായുന്നതായും തോന്നും.
അണ്ണാനെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് കെ.എ.ജയശീലൻ്റെ 'അണ്ണാനോട്'
എല്ലാ ചിലപ്പിനും
വാലു തുള്ളിക്കണോ
ദേഹം മുഴുവൻ കുടയണോ
ഇങ്ങനെ
ഓരോ ചിലപ്പിനും?
എന്നാണ് കവി അണ്ണാനോടു ചോദിക്കുന്നത്.ആ ചോദ്യത്തോടെ അണ്ണാൻ സംവേദനത്വത്തിൻ്റെയും ആവിഷ്കാരത്തിൻ്റെയും മുഴുത്തികവിനെ കുറിക്കുന്നതായി മാറുന്നു.ശരീരമപ്പാടെ, അണ്ണാൻ്റെ ആവിഷ്കാരത്തിൻ്റെ ഭാഗമാവുകയാണ്. ഭാഗികമായ ആവിഷ്കാരമല്ല, സമ്പൂർണ്ണ ആവിഷ്കാരമാണ് ഈ കേൾക്കുന്ന ചിൽ ചിൽ ചിലപ്പ്. അയ്യോ, എൻ്റെ കവിത, എൻ്റെ ശബ്ദം, തീർത്തും ഭാഗികമായ ആവിഷ്കാരമാണല്ലോ! എൻ്റെ നിലവിളിയോ?
ദൽഹിയിൽ കുത്തബ്മിനാറിൻ്റെ മുന്നിൽ വെച്ചു കണ്ട,തൊഴുകൈയോടെ നിൽക്കുന്ന അണ്ണാൻ
ഭയവും നിസ്സഹായതയും കട്ട പിടിച്ച തൊഴുകൈയുമായ് നിലവിളിക്കുന്ന ഒരു മുഖമാണ് കവി പി.പി.രാമചന്ദ്രനെ ഓർമ്മിപ്പിച്ചത്(തൊഴുകൈ എന്ന കവിത). 2002-ലെ ഗുജറാത്ത് വംശീയ കലാപകാലത്ത് മാധ്യമങ്ങളിലൂടെ നമ്മുടെ മനസ്സിൽ പതിഞ്ഞ കുത്തബുദ്ധീൻ അൻസാരിയുടെ മുഖമാണത്. മാറിയ ഇന്ത്യയുടെ മുഖം.രാമൻ വാത്സല്യത്തോടെ തലോടിയ മുതുകല്ല ഇവിടെ അണ്ണാൻ. പുതുകാല രാമരാജ്യത്തിൻ്റെ മുഖം തന്നെയാണ്. അണ്ണാനെ രാഷ്ട്രീയ ധ്വനികളോടെ എങ്ങനെ കവിതയിൽ കൊണ്ടുവരാം എന്നതിൻ്റെ മാതൃകയാണ് ഈ 'തൊഴുകൈ'.
സംഘകാലത്ത് നമ്മുടെ ഈ തമിഴകത്തു ജീവിച്ചിരുന്ന ഒരു കവിയുടെ പേരു കേൾക്കണോ? അണിലാടു മുൻറിലാർ - എന്നു വെച്ചാൽ അണ്ണാനാടുന്ന മുറ്റത്താൻ. കവിയുടെ യഥാർത്ഥ പേര് നമുക്കറിഞ്ഞുകൂടാ.സംഘകാലകൃതിയായ കുറുന്തൊകൈയിലെ നാല്പത്തിയൊന്നാം പാട്ടിൽ പ്രയോഗിച്ച "അണ്ണാനാടുന്ന മുറ്റം പോലെ" എന്ന ഉപമയുടെ പേരിൽ കവി തന്നെ പിൽക്കാലത്ത് അറിയപ്പെട്ടു! പി.പി.രാമചന്ദ്രൻ എന്ന പുതുകാല കവിക്കെന്ന പോലെ ഈ സംഘകാല പുരാതന കവിക്കും അണ്ണാൻ്റെ കാഴ്ച്ച സങ്കടപ്പെടുത്തുന്ന ദൃശ്യമായിത്തീരുകയാണ്:
കാതലർ ഉഴൈയർ ആകപ്പെരിതു ഉവന്തു,
ചാറുകൊൾ ഊരിൻ പുകൽവേൻ മൻറ,
അത്തം നണ്ണിയ അണിൽ ആടു മുൻറിറ്
പുലപ്പിൽ പോല പ്പുല്ലെൻറു
അലപ്പെൻ - തോഴി! - അവർ അകൻറ ഞാൻറേ
(പരിഭാഷ:
കാമുകൻ കൂടേയെങ്കിലാനന്ദം പെരിയത്,
പൂരമാഘോഷിച്ചീടുമൂരിന്റെയത്യാനന്ദം.
പാഴ്മരുക്കാടു മൂടും വീടുള്ള ചെറുനാട്ടി-
ലാളുകൾ പൊയ്പോയ് അണ്ണാനാടുന്ന മുറ്റം പോലെ -
യൊറ്റയ്ക്കു തേങ്ങും തോഴീ ഞാൻ - അവനകന്ന നാൾ)
വിരഹം വിഷയമായ, പാലത്തിണയിൽ പെടുന്ന ഒരു പ്രണയകവിതയാണിത്.സംഘകാല കാവ്യസങ്കേതമനുസരിച്ച് അകം കവിത. കാമുകൻ കൂടെയുള്ളപ്പോൾ കാമുകിക്ക് ആനന്ദം. വിട്ടു പോയാലോ ദു:ഖവും. ആ ദുഃഖത്തെക്കുറിച്ചു പറയുമ്പോഴാണ്, ആളുകൾ ഉപേക്ഷിച്ചു പോയ, അണ്ണാൻ മാത്രം കളിക്കുന്ന മുറ്റം പോലെ തൻ്റെ മനസ്സു തേങ്ങുന്നു എന്ന് കവിതയിലെ നായിക പറയുന്നത്. ഏതു സാഹചര്യത്തിലായാലും, അണ്ണാൻ ആടുന്ന മുറ്റം അങ്ങനെ തേങ്ങുമോ എന്ന് ഈ കവിത വായിക്കുമ്പോഴൊക്കെ എനിക്കു സംശയം തോന്നാറുണ്ട്.
ഇങ്ങനെ ഭയവും വിഷാദവും ദു:ഖവും വിരഹവുമെല്ലാം കവികൾ അണ്ണാൻ വരികളിലൂടെ കുറിക്കുന്നുണ്ടെങ്കിലും പൊതുവേ ചടുലമായ പ്രസന്നത തന്നെ, ഈ നിഷ്കളങ്ക ജീവി. അമേരിക്കൻ കവി എമിലി ഡിക്കിൻസിൻ്റെ ആ കുഞ്ഞിക്കവിതയിലെപ്പോലെ മരത്തിനു മുകളിലേക്കും താഴേക്കും ഓടി നടക്കുന്ന ജീവി. ഏതു നാട്ടിലും അതങ്ങനെയാണ്. അമേരിക്കയിൽ പോയ മലയാളി കവികൾ അവിടെയും അതേ അണ്ണാനെക്കണ്ടു കൗതുകം കൊണ്ടിട്ടുണ്ട്. ടി.പി.രാജീവൻ സുതാര്യം എന്ന കവിതയിൽ എഴുതുന്നു:
വാഷിങ്ടൺ സ്ക്വയറിൽ
ഇന്നലെ ഞാനൊരു അണ്ണാനെ കണ്ടു.
അത് നമ്മുടെ വേദങ്ങളെപ്പറ്റിയോ
ഇതിഹാസങ്ങളെപ്പറ്റിയോ കേട്ടിട്ടില്ല.
കാമസൂത്രവും അർത്ഥശാസ്ത്രവും
നാട്യശാസ്ത്രവും വായിച്ചിട്ടില്ല.
വിവേകാനന്ദനെയോ ഗാന്ധിയെയോ
നെഹ്റുവിനെയോ അറിയില്ല
അതിനു പക്ഷേ, നിന്നെ അറിയാം
നമ്മുടെ ഭാഷ മനസ്സിലാകും.
അണ്ണാനറിയാം, എന്നാൽ മനുഷ്യനു മാത്രമാണ് നമ്മുടെ ഭാഷ അറിയാത്തത് എന്ന വേദനയിലേക്കാണ് ആ കവിത നീളുന്നത്.
സ്വാർത്ഥത്തിനായി അണ്ണാൻ്റെ ഭാഷയെപ്പോലും ഉപയോഗിക്കാനുള്ള സാമർത്ഥ്യം മനുഷ്യനു മാത്രമുള്ളതാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കവിതയുണ്ട്, തമിഴിൽ. തമിഴിലെ പ്രസിദ്ധ ആധുനിക കവി ജ്ഞാനക്കൂത്തൻ (1938 - 2016) എഴുതിയത്. ചണനാരു കൊണ്ടുണ്ടാക്കിയതു പോലുള്ള ചെറിയ ദേഹം ചുമന്ന് പച്ചമരക്കൊമ്പുകളിലെങ്ങും ചുറുചുറുക്കോടെ ചുറ്റുകയാണ് അണ്ണാൻകുഞ്ഞ്.പെട്ടെന്ന് അതിനെ പിടിക്കാനായി മനുഷ്യൻ വരുന്നു. കൊല്ലും കൂർമുനയുള്ള കോല് പച്ചിലകൾക്കിടയിൽ മറച്ച് അണ്ണാൻ ഭാഷയിൽ വിളിക്കുകയാണയാൾ. വിളി കേട്ടു കുതിച്ച് ഉത്സാഹത്തോടെ കൊമ്പിറങ്ങി വന്ന അണ്ണാൻ തന്നെ മധുരമായ് വിളിക്കുന്ന ശബ്ദമെവിടെ എന്നു നോക്കുന്ന നേരത്ത് ഒറ്റക്കുത്താണ്. അണ്ണാൻകുഞ്ഞ് ഉടനെ ഓടിവരാൻ എന്തു ചൊല്ലിയാണ് അയാൾ വിളിച്ചത്? കൊമ്പിൽ കോർത്ത അണ്ണാൻകുഞ്ഞിനെ ചോരയോടെ സഞ്ചിയിലിട്ടടച്ച് അയാൾ കൊണ്ടു പോകുന്നു.
അണ്ണാൻകുഞ്ഞേ അണ്ണാൻകുഞ്ഞേ
നിന്റെ ഭാഷ മോഷ്ടിച്ചവനെ
അറിയാതെ പോയല്ലോ അണ്ണാൻകുഞ്ഞേ.
എന്ന് അവസാനിക്കുമ്പോൾ, സ്വന്തം ഭാഷ മോഷ്ടിക്കപ്പെട്ടത് അറിയാത്തതുകൊണ്ടുള്ള ദുരന്തത്തിലേക്കാണ് കവിത ചൂണ്ടുന്നത്. അണ്ണാൻ്റെ, പ്രകൃതിയുടെ, മറ്റുള്ളവരുടെ ഭാഷ സമർത്ഥമായി മോഷ്ടിച്ച് അതുപയോഗിച്ച് അവരെത്തന്നെ ഇരയാക്കി മാറ്റുന്ന മനുഷ്യ സാമർത്ഥ്യത്തെ ഈ കവിത നമ്മുടെ മുന്നിൽ നിർത്തുന്നു.
ഒരണ്ണാറക്കണ്ണനെ കണ്ടാൽ മതി കണ്ണിനുത്സവമാകാൻ. ആ ഉത്സവത്തെ വിപരീത ധ്വനികളോടെ ആവിഷ്കരിക്കുന്ന ഒരു കവിത അടുത്ത കാലത്ത് മലയാളത്തിൽ വായിച്ചു - എം.എസ്.ബനേഷിൻ്റെ അണ്ണാറക്കണ്ണോത്സവം. ജ്ഞാനക്കൂത്തൻ്റെ കവിതയിൽ അണ്ണാനെ ചാക്കിലാക്കി നീങ്ങുന്ന ആ മനുഷ്യൻ എങ്ങോട്ടു പോയി എന്നതിൻ്റെ ഉത്തരം പോലെ വായിക്കാം ഈ കവിത. നികത്താനൊരുങ്ങുന്ന നെൽപ്പാടത്തിൻ്റെ തെക്കേ മൂലയിലിരുന്ന് മദ്യപിക്കുന്ന നാൽവർ സംഘത്തിലേക്കാണ് അയാൾ എത്തുന്നത്:
ഭയത്താൽ പിടഞ്ഞുകൊ-
ണ്ടുൾവശം കുതറുന്ന
ചാക്കുമായ് വന്നൂ രഘു
'കൂട്ടുടൻ അടുപ്പെ' ന്നായ്
തുറന്ന ചാക്കിൽ നിന്നു
പിടിച്ചിട്ടൊന്നൊന്നായി
മുപ്പതോ മുപ്പത്തഞ്ചോ
അണ്ണാറക്കണ്ണന്മാരെ.
മുതുകിൽ പിക്കാസ്സോയോ
രാമനോ വരച്ചപോൽ
മൂവര മിനുങ്ങുന്ന
കിളുന്തു ഹൃദയങ്ങൾ
പേടിയിൽ, കഴുത്തിലെ
കുടുക്കിൽ ഞെരിപ്പിലും
ഭയന്നങ്ങുയർത്തുന്ന
വാലിൽ ഹാ, വെഞ്ചാമരം
മുപ്പതോ മുപ്പത്തഞ്ചോ
ആനകളെഴുന്നള്ളി
സരസം വെഞ്ചാമരം
വിടർത്തി നിൽക്കും പോലെ,
ചാരായ രാഗത്തിൻ്റെ
നെൽത്തറ മേളത്തിന്ന്
ചാകുന്ന നേരത്തും ഹാ,
നിങ്ങൾ തൻ തൃശൂർപ്പൂരം
അങ്ങനെ മനുഷ്യൻ്റെ ഉത്സവങ്ങളുടെ ഇരയാവുകയാണീ ജീവി. എളുപ്പം പിടികൂടാവുന്ന സാധുക്കളെയെല്ലാം പിടിച്ച് ഇരയാക്കാനുള്ള സാമർത്ഥ്യം കൂടിച്ചേർന്നതാണ് മനുഷ്യൻ്റെ ഉൽസവങ്ങളെന്ന് കവി ഓർമ്മിപ്പിക്കുന്നു. പൂരപ്പറമ്പിൽ നിരന്നു നിൽക്കുന്ന ആനകളുടെ സഹനവും അവയോടു മനുഷ്യൻ കാണിക്കുന്ന ക്രൂരതയും കൂടിയുണ്ട്, അണ്ണാന്മാരെ തീയിലെരിക്കുന്ന ഈ കാഴ്ച്ചക്കുപിന്നിൽ.
അണ്ണാനെക്കുറിച്ചുള്ള കവിതകളെക്കുറിച്ചു പറഞ്ഞു പറഞ്ഞ് വേദനയുടെയും ക്രൂരതയുടെയും അടിപ്പടവിലേക്കു തന്നെയാണ് നമ്മളെത്തിയത്. "കുഴിച്ചുകുഴിച്ചു നാം അനിഷ്ട സ്മൃതികൾ തൻ അഴുക്കു പരതിച്ചെന്നെത്തുന്നൂ നരകത്തിൽ" എന്നു വൈലോപ്പിള്ളി എഴുതിയ പോലെ. അടുത്തിടെ വായിച്ച ഒരു സ്വീഡിഷ് കവിതയിൽ മരത്തിലിരുന്ന് മുറിവേറ്റു കരയുന്ന ഒരണ്ണാൻ്റെ നിലവിളി ഞാൻ കേട്ടു. അണ്ണാൻ്റെ ദേഹത്താണോ കവിയുടെയുള്ളിലാണോ വായനക്കാരിലാണോ എന്നറിയാത്ത, കറുത്ത ചോര ചീറ്റിക്കൊണ്ടിരിക്കുന്ന ആ മുറിവിൽ തന്നെയാണ് നാമിപ്പോൾ ചെന്നു തൊട്ടിരിക്കുന്നത്.അണ്ണാനെക്കുറിച്ചെഴുതുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സങ്കീർണ്ണമായ ഭാഷയിലാണ് സ്വീഡിഷ് കവി ആസെ ബർഗ് എഴുതുന്നത്. തരുണാസ്ഥി ദിവസം എന്ന ഈ കവിത, 1997-ൽ സ്വീഡിഷിൽ പ്രസിദ്ധീകരിച്ച് 2005-ൽ ഇംഗ്ലീഷ് പരിഭാഷയിലൂടെ പുറംലോകത്തെത്തിയ 'മാനിനോടൊപ്പം' എന്ന സമാഹാരത്തിൽ നിന്നുള്ളതാണ്. സ്വീഡിഷ് ഭാഷയിലെ സമകാല കവികളിൽ ഏറെ ശ്രദ്ധേയയാണ് ആസെ ബർഗ്. കവിത വായിക്കൂ:
"കറുത്ത ചോര വരുന്നു. ആ തുളയിലൂടെ. കട്ടിച്ചോര വരുന്നു. എണ്ണ പോലുണ്ടത്. അണ്ണാൻ മരത്തിൽ നിലവിളിക്കുന്നു.
കറുത്ത ചോര വരുന്നു.ഏറെയില്ല, എങ്കിലും വെൺമയുടെ നടുക്കുള്ള ആ തുളയിലൂടെ അതു വരുന്നില്ലെന്നു പറയാൻ വയ്യ. അതിന് ഇവിടെ പേപ്പട്ടി വിഷത്തിൻ്റെ മണം. അണ്ണാൻ പൊളളിക്കരിഞ്ഞ് അന്ധനായിക്കിടക്കുന്നു കന്യാ തഴപ്പുകൾക്കടിയിൽ.
ക്യാൻസറാണ് ഇന്നു നമുക്ക്. എനിക്കൊരു ശരീരമുണ്ട്; മരത്തിലതു നിലവിളിക്കുന്നു.വെൺമയ്ക്കു നടുവിലെ ആ തുളയിലൂടെ. തുളയുടെ അരികു ഭിത്തികൾ പുറത്തേക്കു വീർത്തുന്തിക്കിടക്കുന്നു. തളളിപ്പുറത്തേക്കു താണു വരാൻ അതിനു ധൈര്യമില്ല.അതാണ് ചോര നിലവിളിക്കുന്നത്.
തുറന്ന് തന്നിൽ നിന്നു തന്നെ തളളിപ്പുറത്തു വരാൻ തുളയ്ക്കു ധൈര്യമില്ല. കറുത്ത ചോര വരുന്നു. തുളയിൽ നിന്ന്. യന്ത്രക്കറക്കങ്ങൾ നിലച്ചു. ഇറച്ചി പ്രതിരോധം നിർത്തി കൊളുത്തിൽ വിളറിത്തൂങ്ങുന്നു. തുളയിലൊരു മുഴ തറഞ്ഞു കേറിയ പോലെ അണ്ണാൻ ഒറ്റക്കു നിലവിളിക്കുന്നു. മരത്തിൽ ചോര നിലവിളിക്കുന്നു, വെൺമയിൽ കറുപ്പായ് ചോര നിലവിളിക്കുന്നു.
നമ്മൾ അഴുക്കുചാലിൽ നിന്നു പിറവിയെടുത്തവർ. നന്മതിന്മകൾക്കപ്പുറത്തെ ഭയജനകമായ കുഴമ്പിൽ നിന്നും. അത് പ്രേതങ്ങളെപ്പോലെ നാറുന്നു.ഇറച്ചിത്തുണ്ടിൻ്റെ, മറുപിള്ളയുടെ, മണം.കറുത്ത ചോര വരുന്നു. ചതുപ്പു വാതകവും അതിസാര വെള്ളവും കുമിള പൊട്ടുന്നു. തുളയിൽ നിന്നും അതു നിലവിളിയ്ക്കുന്നു, മുട്ടത്തോടോ ജയിലോ പോലെ ഭ്രൂണത്തെ പൊതിഞ്ഞ തരുണാസ്ഥികൾ പോലെയുണ്ടാ നിലവിളികൾ. എൻ്റെ കുഞ്ഞു കയ്യിൽ കിടക്കുന്ന കുഞ്ഞണ്ണാൻ്റെ അസ്ഥികൂടത്തിലെ ചെറിയ എല്ലുകളെല്ലാം പൊട്ടി നുറുങ്ങിയിരിക്കുന്നു. നിശ്ചലം കിടക്കുന്ന അതിൻ്റെ കണ്ണാണ് തുള.തുറന്നു മലരുന്ന തളർന്ന തുള.ഇറച്ചിക്കടിയിലെ കറുത്ത കുടലിൽ നിന്നു തന്നെയാവാം, ചോര ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു.
കറുത്ത ചോര വരുന്നു. ആ കറുത്ത പഴയ തുളയിൽ നിന്നും. ചതുപ്പു ചോര, ചെളിച്ചോര, പാടപിടിച്ച കട്ടിക്കുഴമ്പു ചോര.എണ്ണ പോലുണ്ടത്. അണ്ണാൻ മരത്തിൽ അവസാനമായൊന്നു നിലവിളിച്ചപ്പോൾ തുളയിൽ നിന്ന് ഒരു ഞെരക്കം മെല്ലെയുയരുന്നു."
വരി മുറിക്കാതെ ഗദ്യത്തിലെഴുതിയ കവിതയാണിത്. ആ വേദനയുടെ നീറ്റൽ അനുഭവിക്കാമെന്നല്ലാതെ വരിക്കു വരി അർത്ഥം വിശദീകരിക്കാൻ ഇവിടെ കഴിയുകയില്ല. മുമ്പുദ്ധരിച്ച മലയാള - തമിഴ് കവിതകളിൽ നിന്നു കേട്ട വേദനയുടെ ആഴം വ്യത്യസ്തമായ ഒരാവിഷ്കാര രീതിയിൽ ഇവിടെയും തെളിയുന്നു.ഒരേ പ്രമേയം മുൻനിർത്തിയെഴുതിയ പല കവിതകളുടെ വായനാനുഭവങ്ങൾ പലതരത്തിലാകുന്നത് ആവിഷ്കാര രീതിയിലെ ഈ വൈവിധ്യം കൊണ്ടു തന്നെയാണ്.
പി.പി.രാമചന്ദ്രൻ കുത്തബ് മീനാറിനു മുന്നിൽ അണ്ണാനെ കണ്ടപോലെ, സിറിയൻ കുർദ്ദിഷ് കവി ഹുസൈൻ ഹബ്ബാഷ് പാരീസിലെ പ്രസിദ്ധമായ പെർ ലാഷെയസ് സെമിത്തേരിയിൽ വെച്ച് ഒരു കുഞ്ഞണ്ണാനെ കണ്ടുമുട്ടുന്നുണ്ട്.(കവിത- പെർ ലാഷെയസ് സെമിത്തേരി) മരിച്ചവരെയാരെയും കവി ശ്മശാനത്തിൽ കാണുന്നില്ല. ആകാശത്തേക്കു ശിരസ്സുയർത്തി നിൽക്കുന്ന കുടീരങ്ങളല്ലാതെ. പക്ഷേ പെട്ടെന്നു കണ്ടു, ബൽസാക്കിൻ്റെ (അവിടെ അടക്കം ചെയ്ത പ്രസിദ്ധ ഫ്രഞ്ചു നോവലിസ്റ്റ്) തോളത്ത് പരിഭ്രമത്തോടെ ചെവി കൂർപ്പിച്ചിരുന്ന്, അപ്പുറത്തെ കല്ലറയിൽ നിന്നുയരുന്ന വേദന നിറഞ്ഞ ഗാനം കേൾക്കുന്ന ഒരു കുഞ്ഞണ്ണാനെ. അപ്പുറത്തെ ആ കുടീരത്തിൽ അടക്കിയിട്ടുള്ളത് പ്രസിദ്ധ ഫ്രഞ്ച് ഗായിക ഏഡിത് പിയാഫിനെ (1915 - 1963) യാണ്. മരിച്ച ഗായികയുടെ വിഷാദഗാനം അണ്ണാൻ്റെ കാതിലൂടെ കേൾക്കുന്നു കവി.1970-ൽ ജനിച്ച ഹുസൈൻ ഹബ്ബാഷ് കുർദ്ദിഷിലും അറബിക്കിലുമെഴുതുന്ന, യൂറോപ്പിൽ പ്രവാസിയായിക്കഴിയുന്ന കവിയാണ്.
കവിതയിലെ അണ്ണാൻ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരുപന്യാസമായിട്ടല്ല ഇത്രയുമെഴുതിയത്. ഈ ലോക് ഡൗൺ കാലത്ത് ഞാനും കുടുംബവും ഏറ്റവുമധികം സഹജീവിച്ചത് അണ്ണാന്മാരോടൊപ്പമാണ്. എൻ്റെ ഭാര്യ ഇഡ്ഡലിപ്പൊട്ടുകൾ പുളിമരച്ചോട്ടിൽ വെക്കാൻ വരുമ്പോൾ അവ മരത്തിനു പിന്നിലൊളിക്കുന്നു. വിശ്വാസത്തിൻ്റെ ആധിക്യം വന്ന ഒരു നിമിഷം ഒരണ്ണാൻ അവളുടെ കയ്യിൽ നിന്നും ഇഡ്ഡലിപ്പൊട്ട് തിന്നുകയുമുണ്ടായി. ഒറ്റത്തവണ മാത്രം. ഈ കാഴ്ച്ചകൾ നോക്കി നിൽക്കുമ്പോൾ കവിതമേൽ പതിഞ്ഞ അണ്ണാൻ വരികൾ മെല്ലെ മനസ്സിലേക്കു വരും. ആ വരികൾ മറ്റു പലേടത്തേക്കും നയിക്കും, ഇപ്പോൾ സംഭവിച്ച പോലെത്തന്നെ. ഉറപ്പായും ഒരണ്ണാൻകവിതയെങ്കിലും കാണാതിരിക്കില്ല എന്നു ബോധ്യമുള്ള പല കവിതാ പുസ്തകങ്ങളും ഞാനിതിനു വേണ്ടി മറിച്ചുനോക്കിയതേയില്ല - ടെഡ് ഹ്യൂസിൻ്റെയും മേരി ഒലിവറുടെയും മറ്റും. ആ അണ്ണാന്മാർ തൽക്കാലം മറഞ്ഞുതന്നെയിരിക്കട്ടെ.
അണ്ണാനെക്കുറിച്ചു തുടങ്ങിയ ഈ കുറിപ്പ് നിലവിളികളോടെ, വിഷാദഗാനങ്ങളോടെ അവസാനിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ട്, പ്രസന്നമായ ഒരണ്ണാൻ കവിത കൂടി ഉദ്ധരിച്ചു വേണം അവസാനിപ്പിക്കാൻ. ഇത് ഒരു ഒറ്റശ്ലോകമാണ് - മുക്തകം. പരമ്പരാഗതമായ ആ കാവ്യരൂപത്തിൽ നമ്മുടെ കാലത്തെ ഒരു കവി (എം.കെ.സി.മേയ്ക്കാട്) ഒരണ്ണാൻ്റെ ചടുലചലനം ഇങ്ങനെ പകർത്തുന്നു:
അണ്ണാൻകുഞ്ഞുടനോടി വന്നു ചടുലം
വാലാട്ടിയബ്ബാൽക്കണി-
ക്കണ്ണാടിക്കതകിൽപ്പിടിച്ചു പതിയെ-
പ്പേടിച്ചു സാകൂതമായ്
കർണ്ണം പാർത്തൊരു വേള നിന്നു ശരവേഗത്തിൽച്ചെരിഞ്ഞുള്ളിലും
കണ്ണോടിച്ചു കടന്നു പോയ് ചതിയനെൻ
ചായക്കെഴും ചൂടുമായ്.
ചായയുടെ ചൂട് ആറിക്കൊള്ളട്ടെ, അണ്ണാനെ നോക്കി നോക്കി ഇങ്ങനെ നമുക്കിരിക്കാം. മുമ്പൊരിക്കലും ഇരുന്നിട്ടില്ലാത്ത വിധത്തിൽ.
മുമ്പു കാണാത്ത വിധത്തിൽ കവിതകളിലൂടെയും അണ്ണാറക്കണ്ണനെ നോക്കിക്കാണാം.
No comments:
Post a Comment