Thursday, June 3, 2021

കിളികൾ മറഞ്ഞിരിക്കുന്ന മലയാളച്ചില്ലകൾ (ലേഖനം)

.കിളികൾ മറഞ്ഞിരിക്കുന്ന മലയാളച്ചില്ലകൾ

പി.രാമൻ

തമിഴ് കവി എം.യുവൻ്റെ ഒരു കവിതയിൽ പക്ഷികൾ എങ്ങനെയാണ് പൊതുവേ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നത് എന്നു രസകരമായി പറയുന്നുണ്ട്. കിളി എന്നാൽ സ്വാതന്ത്ര്യത്തെക്കുറിക്കാം, ആകാശത്തെക്കുറിക്കാം, പെണ്ണിനെ കുറിക്കാം, ചുണ്ടിനെക്കുറിക്കാം, മറ്റു പലതിനെയും കുറിക്കാം. അപൂർവം ചിലപ്പോൾ അതു കിളിയെത്തന്നെയും കുറിക്കാം എന്ന് യുവൻ അതു വിശദമാക്കുമ്പോൾ, പ്രകൃതിയിലെ ഒരു ജീവി കവിതയുടെ പാരമ്പര്യത്തിൽ അടയാളപ്പെടുന്നതിൻ്റെ രീതിശാസ്ത്രമാണ് വെളിപ്പെടുന്നത്. അപൂർവമായേ അതതിൻ്റെ തനിമയിൽ നിൽക്കുന്നുള്ളൂ എന്നും മറ്റെല്ലായ്പോഴും രൂപകമാക്കപ്പെടുന്നു എന്നുമാണതിൻ്റെ സാരം. രൂപകമാക്കപ്പെടുക എന്നാൽ മനുഷ്യനു വേണ്ടി ബലി കൊടുക്കപ്പെടുക എന്നുകൂടിയാണ് അർത്ഥം. അതതിൻ്റെ തന്മയെ അഴിച്ചു കളഞ്ഞ് മനുഷ്യൻ്റെ ചോരയോടു ചേരുന്നു.തുറസ്സായ ഒരാകാശമുള്ളതുകൊണ്ടാവാം തമിഴ് കവിതയിൽ അത്രയേറെ കിളികളും പാറി നടക്കുന്നത്. തമിഴ് കവിതയിലുള്ളത്ര കിളികൾ മലയാള കവിതയിലില്ല.

മലയാളത്തിൻ്റെ കൂടി പാരമ്പര്യ സ്വത്തായ സംഘകാല കവിതയിൽ ധാരാളം പക്ഷികളുണ്ട്. ഓരോ തിണയ്ക്കുമുണ്ട് അതാതിൻ്റെ പക്ഷികൾ. പുൽമേടുകൾ നിറഞ്ഞ മുല്ലത്തിണയുടെ പശ്ചാത്തലത്തിലുള്ള ഒരു കവിതയിൽ മയിലുകളുടെ ഒരു മനോഹര ചിത്രം നോക്കൂ:

"വിസ്തൃതം പുനം, അതിൽ വിളഞ്ഞൂ വരക്, ഇനി -
യെത്രയും രുചിയെഴുമതിൻ്റെ കതിരുകൾ
ഉണ്ണുവാനിങ്ങെത്തീടും തലയിൽ കുടുമയും
വർണ്ണചിത്രമാം വാലുമിയലും മയിലുകൾ
പുറമേ കറുപ്പെഴും വരകിൻ കതിർ തിന്നി-
ട്ടവ പീലികൾ വിരിച്ചെത്രയും പുളപ്പോടെ
കൊല്ലയിലുഴുന്നവരുച്ചക്കു ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീടുന്ന
വലുതാമിലയെഴും കുരുന്തമരത്തിൻ്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസ്സാർന്നിരുന്നീടും
കിളിയാട്ടുവോർ പെൺകൾ വിളിച്ചുകൂവും പോലെ
കളകൂജനങ്ങളാലിണയെ പ്രീണിപ്പിക്കും"
(കവി : ഇടൈക്കാടനാർ, പരിഭാഷ: എൻ.വി.കൃഷ്ണവാരിയർ, അകം കവിതകൾ)

വലിയ ഇലയുള്ള കുരുന്തമരത്തിൻ്റെ വളഞ്ഞ കൊമ്പിൽ അന്തസ്സിലിരിക്കുന്ന മയിലുകളുടെ സൂക്ഷ്മസുന്ദരമായ വിവരണമാണിവിടെ.ഇത്തരം ധാരാളം ദൃശ്യങ്ങൾ സംഘകാല കവിതകളിൽ സുലഭമാണ്. എന്തും മറ്റൊന്നിലേക്കു കടക്കാനുള്ള വഴിയായിക്കാണുന്ന ധ്വനി പോലുള്ള സംസ്കൃത കാവ്യ സിദ്ധാന്തങ്ങളുടെ പ്രചാരത്തിനു മുമ്പാണ് സംഘം കവിതകളുടെ കാലം എന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

സംഘകാല കവിതകൾ കഴിഞ്ഞാൽ പിന്നീടിങ്ങോട്ട് ഇരുപതാം നൂറ്റാണ്ടു വരെയുള്ള കേരളകവിതകളിൽ പക്ഷികൾ അത്യപൂർവക്കാഴ്ച്ചകളാണ് എന്ന് സമ്മതിക്കാതെ തരമില്ല. സംസ്കൃത കാവ്യ ചിന്തകൾ നമ്മെ ഭരിച്ച കാലവുമാണത്. പുരാണപ്രസിദ്ധമായ ചില കിളികളും കിളിപ്പാട്ടുകളും കാവ്യസങ്കേതങ്ങളിൽ നിന്നു പറന്നെത്തിയ ചില ഭാവനാ വിഹംഗങ്ങളും മാറ്റി നിർത്തിയാൽ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിൽ നിന്നു വരുന്ന പക്ഷികളെയൊന്നും കാണുകയേയില്ല. "അതു കാണായ് അരയന്നം പേടയുമായ് മധുപാനം ചെയ്തുഴലിൻ്റത്" (കണ്ണശ്ശ രാമായണം) എന്ന മട്ടിൽ അരയന്നങ്ങളേയും ഹംസങ്ങളേയും ക്രൗഞ്ചപ്പക്ഷികളേയും കോകിലങ്ങളേയും മയൂരങ്ങളേയും ചകോരങ്ങളേയും കണ്ടെന്നിരിക്കും. അവ നമ്മുടെ ജീവിതത്തിൽ നിന്ന് എന്നതിനേക്കാൾ പുരാണ - കാവ്യപാരമ്പര്യങ്ങളിൽ നിന്നിറങ്ങി വന്നവയാണ്. നമ്മുടെ സന്ദേശകാവ്യങ്ങളിലെ പക്ഷികൾ ഉദാഹരണം. പഴയ മലയാള കവിതയിൽ, കുചേലൻ്റെ യാത്രക്കു ശകുനമൊരുക്കിയ ആ ചെമ്പോത്താണ് കൂട്ടത്തിൽ ഭേദം എന്നു പറയുമ്പോൾ ആ അഭാവം വ്യക്തമാകും.നമ്പ്യാർക്കവിതയിൽ നളൻ്റെ പ്രേമദൂതുമായി പറന്നു പോകുന്ന ഹംസം താഴെ ഭൂമിയിൽ വിശന്നുവലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്ക് അരിയിടാത്തതിനാൽ ഒരുത്തൻ പല പരാക്രമങ്ങളും ചെയ്ത് ഒടുക്കം വീടിനു ചുറ്റും മണ്ടി നടക്കുന്ന മലയാളിത്തമുള്ള ഗ്രാമീണരംഗം കാണാം. അവിടെയും ഹംസം പുരാണത്തിലെ ഹംസം തന്നെ. നളചരിതം ആട്ടക്കഥയിൽ നിന്നുയരുന്ന "ശിവ ശിവ എന്തു ചെയ് വൂ ഞാൻ" എന്ന ഹംസവിലാപം കേട്ടലിഞ്ഞു നിൽക്കുമ്പോഴും ആ ഹംസം ഒരിക്കലും നമ്മുടെ പാടത്തും കുളങ്ങളിലും കാണുന്ന നീർപ്പക്ഷിയല്ല എന്നു നമുക്കറിയാം. ആനുഷംഗികമായല്ലാതെ പക്ഷികളെ വിശദമായി വർണ്ണിക്കുന്ന നാടൻ പാട്ടുകൾ പോലും നമുക്കു കുറവാണ്. മഞ്ഞക്കാട്ടിൽ പോയാലോ മഞ്ഞക്കിളിയെ പിടിക്കാലോ എന്നു തുടങ്ങുന്ന പാട്ട് നോക്കൂ.മഞ്ഞക്കിളിയിലേക്കല്ല, അധികാരം എങ്ങനെ സാധാരണ മനുഷ്യരെ നിശ്ശബ്ദരാക്കുന്നു എന്ന പ്രമേയത്തിലേക്കാണതു വളരുന്നത്.കവിതയിലെ പക്ഷികളുടെ വൈപുല്യത്തിൻ്റേയും വൈശദ്യത്തിൻ്റേയും ഈ അഭാവം കാണിക്കുന്നത് കവിതയിലെ സാധാരണ ജീവിതത്തിൻ്റെ അഭാവം തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കയ്പവള്ളിയേയും ചാലിയാറിനേയും കുറിച്ച് ശ്ലോകങ്ങളെഴുതിയ ചേലപ്പറമ്പു നമ്പൂതിരി ഒരു പക്ഷിശ്ലോകമെങ്കിലും എഴുതാതെ പോയിട്ടുണ്ടാവില്ല എന്നും അദ്ദേഹത്തിൻ്റെ കണ്ടുകിട്ടാതെ പോയ കവിതകളുടെ കൂട്ടത്തിൽ അതും കാണുമെന്നും ഞാൻ വെറുതെ വിചാരിക്കുന്നു.

സാധാരണ മനുഷ്യൻ്റെ വേദനകളും ദുരന്തങ്ങളും ആനന്ദങ്ങളും നമ്മുടെ കവിതക്കു വിഷയമായിത്തുടങ്ങിയ ഇരുപതാം ശതകാരംഭത്തിലാണ് കവിതയിൽ കിളികൾ മടിച്ചു മടിച്ചെത്തുന്നത്.ഇരുട്ടിൽ നിന്നൊരു മുളലാണ് ആദ്യം കേൾക്കുനത്.കൂടെ ചിറകടിയും പേടിപ്പെടുത്തുന്ന കൂവലും.

ആമട്ടാളും കഠോരപ്രകൃതിനടനയിൽ
പാട്ടുകാരൻ കണക്കെ -
ക്കൂമൻ മൂളുന്നു, കൂകുന്നിതു ചിറകടിയോ -
ടൊത്തു കുത്തിച്ചുളാനും

നാട്ടാരെല്ലാം വിഷൂചീലഹളയിൽ ഉതിരുന്ന ആ കാലത്തൊരു പാതിരക്ക് തൻ്റെ പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനരികിലിരിക്കുന്ന ആ മനുഷ്യൻ ആ ശബ്ദങ്ങളൊന്നും കേട്ടതേയില്ല എന്ന് വി.സി.ബാലകൃഷ്ണപ്പണിക്കർ എഴുതുന്നു.കാരണം പ്രേമത്തിലും വിഭ്രാന്തിയിലും താപത്തിലും ഭയത്തിലും അലിഞ്ഞ് രക്തനാഡീസ്തോമം സ്തംഭിച്ച അവസ്ഥയിലായിരുന്നു, അയാൾ. മനുഷ്യജീവിതദുരന്തത്തിന് ഉചിതമായ പിന്നണിയൊരുക്കുകയേ ഇവിടെയും കിളികൾ ചെയ്യുന്നുള്ളൂ. ആശാനിലെത്തുമ്പോൾ കിളികൾ പ്രതീകങ്ങളാകുന്നു. ഗ്രാമവൃക്ഷത്തിലെ കുയിൽ പ്രസിദ്ധമായ ഉദാഹരണം. കൊച്ചുകിളി എന്ന കുട്ടിക്കവിത നോക്കൂ.സ്വേച്ഛാനുസാരമുള്ള സ്വതന്ത്ര ജീവിതത്തിൻ്റെ പ്രതീകമാവുന്നു കൊച്ചു കിളി - സ്വാതന്ത്ര്യക്കിളി. ചിന്താവിഷ്ടയായ സീതയിലെ ചിറകില്ലാത്ത ഖഗങ്ങളും ലീലയിലെ മനഃഖഗവും കപോതപുഷ്പത്തിലെ പരിശുദ്ധ കപോതികയുമെല്ലാം രൂപകാത്മങ്ങൾ തന്നെ.

രൂപകാത്മകതക്ക് മലയാളി ഭാവനയിലുള്ള പ്രാധാന്യത്തെക്കുറിച്ചൊരു ചിന്തക്കു കൂടി ഇവിടെ ഇടമുണ്ട്. മൂർത്തമായ സകലതിനേയും ആശയ ലോകങ്ങളിലേക്ക് - അവ മിക്കപ്പോഴും ആത്മീയ ലോകങ്ങളുമാണ് - കടക്കാനുള്ള ചവിട്ടുപടിയായിക്കാണുന്ന രീതി സംസ്കൃത കാവ്യങ്ങളോടും കാവ്യമീമാംസയോടുമുള്ള സമ്പർക്ക സ്വാധീനങ്ങളുടെ ഫലമായാവണം മലയാളകവിതയിൽ പ്രചരിച്ചത്.പ്രതീകം, രൂപകം തുടങ്ങിയ പാശ്ചാത്യ കാവ്യ ശാസ്ത്ര സങ്കേതങ്ങൾ പിൽക്കാലത്ത് കടന്നു വന്നപ്പോൾ ധ്വനി സിദ്ധാന്തത്തിനു മേൽക്കൈയുള്ള ഈ പരമ്പരാഗത സമീപനത്തോട് നന്നേ ഇണങ്ങുകയും ചെയ്തു.എന്തിനേയും ധ്വന്യാത്മകമോ പ്രതീകാത്മകമോ ആയിക്കാണുന്ന രീതിക്ക് എതിരായ കാവ്യസിദ്ധാന്തങ്ങൾ പിന്തള്ളപ്പെട്ടു. മലയാളത്തിൽ, കാഴ്ച്ചകളെ കാഴ്ച്ചകളായിത്തന്നെ മുന്നിൽ വെയ്ക്കുന്ന, ആത്മാവിലേക്കു കടക്കാൻ വെമ്പാത്ത സൗന്ദര്യദർശനത്തിലൂന്നിയ വെൺമണിയുടെ പൂരപ്രബന്ധം പോലുള്ള കവിതകൾ ആ നിലക്ക് ശ്രദ്ധിക്കപ്പെട്ടതേയില്ല. അങ്ങനെ നമ്മുടെ വസ്തുലോകം മുഴുവൻ അവയ്ക്കപ്പുറമുള്ള പലതിലേക്കുമെത്താനുള്ള ഉപകരണങ്ങളായിത്തീർന്നു. ഉദാഹരണത്തിന് കാർഷിക പാരമ്പര്യമുള്ള കേരളത്തിലെ കവിതകളിൽ കൃഷി ഏതു രീതിയിലാണ് ആവിഷ്കരിക്കപ്പെട്ടത് എന്നു നോക്കൂ. ജീവിതത്തെക്കുറിച്ചു പറയാനുള്ള ഒരു രൂപ കമായാണ് നമ്മുടെ കവികൾ കൃഷിയെ കണ്ടത്. വൈലോപ്പിള്ളിക്കവിത തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒന്നിനെ അതായിത്തന്നെ കാണാനുള്ള ശേഷി മലയാള കവിതയിൽ കുറഞ്ഞു കുറഞ്ഞു വന്നു.മലയാളത്തിൽ മാത്രമല്ല, ധ്വനി സിദ്ധാന്തത്തിന് മേൽക്കൈ ലഭിച്ച സംസ്കൃത കാവ്യമീമാംസയുടെ സ്വാധീനഫലമായി ഇന്ത്യൻ സാഹിത്യത്തിലുടനീളം നമുക്കീ സവിശേഷത കാണാൻ കഴിയും. തുടക്കത്തിൽ പരാമർശിച്ച എം.യുവൻ്റെ തമിഴ് കവിതയുടെ പശ്ചാത്തലം ഇതാണ്. സാഹിത്യത്തിൽ മാത്രമല്ല ശില്പ-ചിത്രകലയിലെല്ലാം ബാഹ്യശരീരത്തിൽ നിന്ന് ആത്മാവു തേടിപ്പോകാനുള്ള ത്വര കാണാം. അതിനാൽ തന്നെ ബാഹ്യരൂപങ്ങളുടെ മൗലികതയിലൂന്നിയ വിശദവർണ്ണനകൾക്ക് ഭാരതീയ കലയിൽ പ്രാധാന്യം കുറഞ്ഞു. പക്ഷികൾ അപ്പുറത്തേക്കു കടന്നാൽ മുണ്ഡകോപനിഷത്തിലെ ആ രണ്ടു പക്ഷികളാവും. ഒരേ വൃക്ഷത്തിലിരിക്കുന്ന രണ്ടു പക്ഷികളിലൊന്ന് പഴം തിന്നുകയും മറ്റേപ്പക്ഷി അതു നോക്കിയിരിക്കുകയും ചെയ്യുന്നതായി വർണ്ണിക്കുന്ന മുണ്ഡകോപനിഷത്തിലെ
ദ്വാ സുപർണ്ണാ സയുജാ സഖായാ എന്നു തുടങ്ങുന്ന മന്ത്രത്തിലേക്കും അതിൻ്റെ വ്യാഖ്യാനങ്ങളിലേക്കും നാമെത്തും.

ഇതു പറയുമ്പോൾ പാശ്ചാത്യ കലയിലും സാഹിത്യത്തിലും ധ്വന്യാത്മകതക്കോ രൂപകാത്മകതക്കോ തീരെ പ്രാധാന്യമില്ല എന്നല്ല വിവക്ഷ. ബാഹ്യപ്രകൃതിയെ അതിൻ്റെ വൈശദ്യത്തോടെ ആവിഷ്കരിക്കാനുള്ള പുറംകണ്ണിന് അവിടെ വലിയ പ്രാധാന്യമുണ്ട് എന്നു മാത്രം. ശാസ്ത്രീയ ചിന്തകൾക്കും യുക്തിബോധത്തിനും അവിടെ ലഭിച്ച പ്രാധാന്യം തന്നെയാവാം ഈ പുറംകണ്ണു മിഴിവിന് കാരണം.

നമ്മുടെ പൊതു നോട്ടപ്പാടിൽ നിന്നു വ്യത്യസ്തമായി ഈ പ്രകൃതിയിലെ ഒരു കേവലപ്രാണി എന്ന നിലയിൽ പക്ഷികളെ വൈശദ്യത്തോടെ ആദ്യം നോക്കിക്കണ്ട മലയാള കവി വള്ളത്തോളാണ്. മറ്റു പല തരത്തിലും ഭാരതീയ കാവ്യ ചിന്തകളോട് ചേർന്നു നിൽക്കുമ്പോഴും വള്ളത്തോളിൻ്റെ കാഴ്ച്ചപ്പാട് അടിസ്ഥാനപരമായി വ്യത്യസ്തവും ആധുനികവുമാണെന്ന് ഈ പക്ഷിക്കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. കോഴിയും കൃഷ്ണപ്പരുന്തും വെടിയേറ്റു വീണ കിളിയും അരിപ്പിറാവും ഉൾപ്പെടെ കവിതയിൽ വരുന്ന പക്ഷികളെയൊക്കെ ഒരു പക്ഷി നിരീക്ഷകനെപ്പോലെ വള്ളത്തോൾ നിരീക്ഷിക്കുന്നു. പല തരം ക്യാമറക്കണ്ണുകളും ദൂരദർശിനിച്ചില്ലുകളും കവിതയിൽ ക്രമീകരിക്കാൻ പോന്നതരത്തിൽ കൂടി സമകാലീനനായിരുന്നു വള്ളത്തോൾ.1914-ൽ എഴുതിയ കവിതയാണ് ഒരരിപ്പിറാവ്. മലയാളിയുടെ വീടിനോടു ചേർന്നുള്ള കയ്യെത്തുന്ന പ്രകൃതിയും അവിടെ തത്തി നടക്കുന്ന മഴവില്ലു പിഴിഞ്ഞെടുത്ത സത്താം അഴകായ അരിപ്പിറാവും കവി എത്ര കൃത്യതയോടെ ആവിഷ്കരിച്ചിരിക്കുന്നു എന്നു നോക്കുക. കേരളീയ പരിസരവും ആ പരിസരത്തിലെ പക്ഷികളും സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്ന ആദ്യ കവിതകളിലൊന്നാണീ അരിപ്പിറാവ്. 'വെടിയേറ്റു വീണ കിളി' യിൽ വെടിയേൽക്കും മുമ്പുള്ള കിളിയുടെ ചിത്രം ഇങ്ങനെ വരഞ്ഞിരിക്കുന്നു:

ഭൂമണ്ഡലം കാൺമതിനോ, വലംവെ -
ച്ചീപ്പക്ഷി ലാത്തുന്നു മുകൾപ്പരപ്പിൽ!
എങ്ങാസ്സുവിസ്തീർണ്ണ സുരപ്രദേശം?
ഈത്തുണ്ടുതുണ്ടാം നരലോകമെങ്ങോ?

അങ്ങനെ ഉലാത്തുമ്പോഴാണ് പെട്ടെന്ന് വെടിയുണ്ട തറയ്ക്കുന്നതും പക്ഷി കറങ്ങി താഴേക്കു വീഴുന്നതും.പരിസര പ്രകൃതിയിലെ പ്രാണിലോകത്തെ മനുഷ്യൻ്റെ ഇടപെടൽ എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ ആദ്യ ആവിഷ്കാരങ്ങളിലൊന്നാണ് ഈ കവിത.

പിൽക്കാലത്ത് വൈലോപ്പിള്ളിക്കവിതയിൽ വള്ളത്തോൾക്കവിതയുടെ പല പ്രകൃതങ്ങളോടുമൊപ്പം ഈ കിളിക്കമ്പവും തുടരുന്നുണ്ട്. എങ്കിലും അതുപോലും കാക്കയിലും കരിയിലാംപീച്ചിയിലും വിഷുപ്പക്ഷിയിലും ഒതുങ്ങുന്നു എന്നു പറയാതെ വയ്യ. 'താമരക്കോഴി' (പി. കുഞ്ഞിരാമൻ നായർ) യായും 'കടൽക്കാക്കയെ ആരറിയുന്നു' (എൻ.വി.കൃഷ്ണവാരിയർ) വായും 'നീർക്കിളി'യും 'പാതിരാക്കിളി' (സുഗതകുമാരി) യുമായും 'ഒടിച്ചു മടക്കിയ ആകാശ' (കെ.ജി.ശങ്കരപ്പിള്ള) മായും 'വാലാട്ടിക്കിളി' (സുജാതാദേവി) യായും 'ലളിത'(പി.പി.രാമചന്ദ്രൻ) മായും 'ഉപ്പൻ്റെ കൂവ' (എസ്.ജോസഫ്) ലായും കിളികൾ അവിടവിടെ പറക്കുന്നുണ്ടെങ്കിലും മലയാള കവിത മുഴുവനുമെടുത്താൽ പോലും പക്ഷി സാന്ദ്രത വളരെ കുറവാണ് എന്നു തന്നെ പറയേണ്ടിവരും. കേരളത്തിൻ്റെ പ്രകൃതി ഗായകനായ പി.കുഞ്ഞിരാമൻ നായരുടെ കവിതകളിൽ പോലും സവിശേഷമായി, പേരോടും വിശദാംശങ്ങളോടും കൂടെ, വരുന്ന പക്ഷികൾ വളരെ കുറവാണ്.(താമരക്കോഴിയെ മറക്കുന്നില്ല) ഭാവനയിലെ പ്രകൃതിയല്ല, യഥാർത്ഥ പ്രകൃതിയാണ് താൻ ആവിഷ്കരിച്ചത് എന്ന് ഒരഭിമുഖത്തിൽ പി.കുഞ്ഞിരാമൻ നായർ പറയുന്നുണ്ട്. താൻ ഒരു പക്ഷിയെക്കുറിച്ച് കവിതയിൽ എഴുതിയിട്ടുണ്ടെങ്കിൽ അതിനെ ഞാൻ കണ്ടിട്ടുമുണ്ട് എന്നിങ്ങനെ അദ്ദേഹം അതു വിശദീകരിക്കുന്നു. എന്നിട്ടും ആ കവിതയിൽ പക്ഷിയെ പക്ഷിയായി മാത്രം കണ്ട് വർണ്ണിക്കുന്ന സന്ദർഭങ്ങൾ വളരെക്കുറവാണ്. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന് പ്രചാരം കിട്ടിയ ശേഷവും കിളികൾ സാമാന്യ പ്രസ്താവനകളായല്ലാതെ, മനുഷ്യാഖ്യാനങ്ങൾക്കുള്ള ഉപകരണമായിട്ടല്ലാതെ,അവയുടെ വിശേഷപ്പെട്ട പേരോടെ,മുഴുമയോടെ നമ്മുടെ കവിതയിൽ ധാരാളമായി പറക്കുന്നില്ല.
"കറുത്തു തിളങ്ങുന്ന
പട്ടു കുപ്പായം, തുമ്പു
പുറത്തേക്കൽപ്പം നീട്ടി-
ക്കഴുത്തിൽ തിരുകിയ
മിനുത്ത തെളിനീല -
ത്തൂവാല, നീലത്തൊപ്പി,
പുളപ്പൂ മാരന്നൊത്ത
ലജ്ജയു,മാരാരിവൻ?" (കെസ്സുപാട്ടുകാരൻ -സുജാതാ ദേവി)
എന്നു സൂക്ഷ്മമാവുന്ന സന്ദർഭങ്ങൾ അത്യപൂർവമാണ്. ഈ കവിതയിൽ പോലും ആരാരിവൻ എന്നതിന് കെസ്സുപാട്ടുകാരൻ എന്നല്ലാതെ കിളിയുടെ പേര് കവി പറയുന്നില്ല.

ഉള്ളൂരും അക്കിത്തവും ജി.ശങ്കരക്കുറുപ്പും പി.മധുസൂദനനും വരെയുള്ളവരുടെ കുട്ടിക്കവിതകളിലാണ് പക്ഷികളുടെ എണ്ണം താരതമ്യേന കുടുതലുള്ളത് എന്നതും എടുത്തു പറയേണ്ടതുണ്ട്. കിളികളെ ബാലകവിതകൾക്കിണങ്ങിയ ഒരു പ്രമേയമായി പരിഗണിക്കാനാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നത് സവിശേഷ കൗതുകമുണർത്തുന്ന സംഗതിയാണ്.

മറിച്ച് നമ്മൾ ഇംഗ്ലീഷ് കവിതയിലേക്കൊന്ന് ഓടിച്ചു നോക്കൂ. ആംഗ്ലോ സാക്സൺ കാലം തൊട്ടിങ്ങോട്ട് പക്ഷിക്കവിതകളുടെ വമ്പൻ ശേഖരം തന്നെ ഇംഗ്ലീഷിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാനായ കവി ജോൺ ക്ലെയർ (1793 - 1864) കിളികളുടെ മഹാകവി എന്ന നിലക്കു തന്നെ പ്രസിദ്ധനാണ്. ദൂരദർശിനികൾക്കു മുമ്പുള്ള കാലത്തിൻ്റെ ആ കവിത എത്ര വിശദവും സൂക്ഷ്മവുമായാണ് കിളികളെ വർണ്ണിക്കുന്നത്! ജീവിച്ചിരുന്ന കാലത്ത് താരതമ്യേന അപ്രശസ്തനായിരുന്ന ജോൺ ക്ലെയറിനെ ഇന്ന് ലോക കവിതയിലെ ഏറ്റവും മികച്ച പ്രകൃതി ഗായകനും പക്ഷികളുടെ കവിയുമായാണ് പരിഗണിക്കുന്നത്. മനുഷ്യർ തുടർച്ചയായി ഇടപെട്ട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസര പ്രകൃതിയിലെ കിളികളുടെ ലോകമാണ് ജോൺ ക്ളെയറിൻ്റെ കവിതകളിലുള്ളത്. ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത്, 147 തരം സ്പീഷീസിൽ പെട്ട പക്ഷികളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിതയിൽ തൻ്റെ സമകാലീനരായ കവികൾ മിക്കവരും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കു തിരിഞ്ഞപ്പോൾ ടെഡ് ഹ്യൂസ് (1930-1998) കിളികളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമാണ് കൂടുതൽ എഴുതിയത്.വേഡ്സ് വർത്ത്, കീറ്റ്സ്, ഷെല്ലി, കോളറിഡ്ജ്, എമിലി ഡിക്കിൻസൺ, ജെറാൾഡ് മാൻലി ഹോപ്കിൻസ്, തോമസ് ഹാർഡി, ഡബ്ലിയു.ബി.യേറ്റ്സ്, ഡി.എഛ്.ലോറൻസ്, റോബർട് ഫ്രോസ്റ്റ്, വാലസ് സ്റ്റീവൻസ്, മാരിയാൻ മൂർ, നോർമൻ മക് കെയ്ജ്, ഷീമസ് ഹീനി, പീറ്റർ റീഡിങ് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര കവികളുടെ കിളിക്കവിതകൾ കൊണ്ടു മുഖരിതമാണ് ഇംഗ്ലീഷ് കവിത.പ്രശസ്ത ബ്രിട്ടീഷ് കവി സൈമൺ ആർമിറ്റാഷും റ്റിം ഡീയും ചേർന്ന് എഡിറ്റു ചെയ്ത 'ദ പോയട്രി ഓഫ് ബേർഡ്സ് ' എന്ന ഇംഗ്ലീഷ് പക്ഷിക്കവിതാസമാഹാരത്തിൽ (2009) നൂറ് ഇനങ്ങളിൽ പെട്ട കിളികളെക്കുറിച്ചുള്ള കവിതകളുണ്ട്. സ്പീഷീസായി ക്രമീകരിച്ചാണ് അതിൽ കവിതകൾ കൊടുത്തിട്ടുള്ളത്.

പക്ഷികൾ ധാരാളമുള്ള പ്രദേശമാണ് കേരളം. സ്ഥിരവാസികളും വിരുന്നുകാരുമായി നാനൂറോളം സ്പീഷീസുകൾ കേരളത്തിലുണ്ട്. (കേരള ബേഡ് അറ്റ്ലസ് സർവേയിൽ 382 ഇനം പക്ഷികളെ കേരളത്തിൽ കണ്ടതായി അടുത്തിടെ ഒരു പത്രവാർത്ത വായിച്ചതോർക്കുന്നു.) ലോകത്താകെയുള്ള പതിനായിരത്തിൽപ്പരം സ്പീഷീസിലാണിത്. ഒട്ടും കുറഞ്ഞ ഒരു സമ്പത്തല്ല ഇത്. എന്നിട്ടും നമുക്കു കിളിക്കവിതകൾ ഇന്നും ഇത്ര കുറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.കവികൾക്കും കവിതകൾക്കും എണ്ണത്തിൽ ഒരു കുറവും ഇവിടെയില്ല. കിളികൾക്കും കുറവില്ല. പക്ഷേ കിളിക്കവിതകൾ തീരെക്കുറവ്.കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ആദ്യ പുസ്തകം കേരളത്തിലെ പക്ഷികൾ ആയിരുന്നു എന്നതുകൂടി സാന്ദർഭികമായി ഇവിടെ ഓർക്കാവുന്നതാണ്.

രൂപകങ്ങളും പ്രതീകങ്ങളുമാക്കാതെ പക്ഷിയെ പക്ഷിയായിക്കാണാൻ മലയാളഭാവനക്ക് കഴിയാത്തതുകൊണ്ടായിരിക്കുമോ കിളിക്കവിതകൾ ഇത്ര കുറഞ്ഞിരിക്കുന്നത്? നമ്മുടെ ചുറ്റുമുള്ള കിളികളെ,ജീവജാലങ്ങളെ, പരിസരങ്ങളെക്കുറിച്ച് സൂക്ഷ്മതയോടെയും വൈശദ്യത്തോടെയും എഴുതുന്നതിന് രൂപകാത്മകതയോടുള്ള ആഭിമുഖ്യം തടസ്സം നിൽക്കുന്നുണ്ടോ? ഒന്നുകിൽ രൂപകാത്മക കവിതകൾക്കോ അല്ലെങ്കിൽ കുട്ടിക്കവിതകൾക്കോ മാത്രമുള്ള വിഷയമായാണോ മലയാളത്തിൻ്റെ പ്രമേയബോധം കിളിയെ കണ്ടിട്ടുള്ളത്? ഈ രണ്ട് അറ്റങ്ങൾക്കിടയിൽ മറ്റൊരു തരം ആഖ്യാനത്തിനുമുള്ള ഇടം മലയാളത്തിലില്ലേ? ആധുനികതക്കു മുമ്പും ആധുനികതയിലും ആധുനികാനന്തരവും മനുഷ്യനെ മാത്രം കേന്ദ്രമാക്കിയാണോ നമ്മുടെ ഭാവന പ്രവർത്തിക്കുന്നത്? ഈ മനുഷ്യ കേന്ദ്രിത ഭാവനയുടെ ഒരടയാളമല്ലേ കിളിസാന്ദ്രതയില്ലായ്മ? അങ്ങനെയെങ്കിൽ മനുഷ്യ കേന്ദ്രിതമായ ആധുനികത തകർന്നു എന്നു നാം പറയുന്നത് വീൺ വാക്കല്ലേ?

അടുത്തിടെ ഒരു കവിയുടെ കുറേ കിളിക്കവിതകൾ  മലയാളത്തിൽ വായിച്ചതിനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം.ബിജു കാഞ്ഞങ്ങാടാണ് കവി. ഒട്ടേറെ പക്ഷികളെ പേരെടുത്തു പറഞ്ഞ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന കുറെയേറെ കവിതകൾ ഈ കവി എഴുതിയിട്ടുണ്ട്.കണ്ടൽക്കാട്ടിലെ കുളക്കൊക്ക് ആകാശത്തെ താഴേക്കു വിളിച്ച് ചിറകിനടിയിൽ വിശ്രമിക്കാൻ പറയുന്നു. പുഴവക്കത്തെ ചില്ലയിലൊരു മീൻകൊത്തി ചുണ്ടിലൊരു മീനുമായി വന്നിരുന്ന് തൂവലിൽ പറ്റിയ അലകളെ ഇളം നീലയായി കുടഞ്ഞ് വീണ്ടും ഒരുങ്ങി നിൽക്കുന്നു. ഇലകൾക്കുമിതേ മന്ദം മന്ദം ഓരോ കാലും എടുത്തു വെച്ച് മാഞ്ഞു പോകുന്നു ഒരു നീർക്കിളി. കൈതപ്പൊന്തയിൽ നിന്ന് മഴക്കൊച്ചയുടെ ശബ്ദം പൊങ്ങുന്നതിനൊപ്പം അതിൻ്റെ കുറിയ വാലും പൊങ്ങുന്നു, താഴുന്നു. ചുണ്ടിലെ തുമ്പിയെ മുകളിലേക്കെറിഞ്ഞ് വായുവിൽ വെച്ചു തന്നെ അകത്താക്കുന്നു തുമ്പിപിടുത്തക്കാരൻ കിളി. ഒരനക്കം കൊണ്ട് മറ്റുള്ളവരെ അദൃശ്യരാക്കി മിന്നി മായുന്നു ചോലക്കുടുവൻ എന്ന കാട്ടുപക്ഷി. ചിറകു ചെരിച്ച് ഒറ്റക്കാലുയർത്തി തൂവലിൽ നിറഞ്ഞ്, തൊണ്ടക്കുള്ളിൽ നിന്ന് ഈർച്ചമരം കീറുന്ന ഒച്ച പുറത്തേക്കെറിഞ്ഞ് ചെറുചലനങ്ങളുടെ ഒരു സമാഹാരമായി ഇരിക്കുന്നു പത്തായപ്പക്ഷി.വെള്ളത്തിലൂടെ ഊളിയിട്ടു പോകുന്ന മുങ്ങാങ്കോഴി, നോക്കി നിൽക്കുന്ന എൻ്റെ കാഴ്ച്ചയുടെ ഭാരം താങ്ങാനാവാതെ മറ്റേതോ സ്ഥലത്തു വന്ന് പൊന്തി നിൽക്കുന്നു. ക്ഷമാപൂർവം കാത്തിരുന്നു പിടിച്ച ഇരയെ കൊമ്പിൽ ഇടത്തും വലത്തുമൊന്നുരച്ച് തിന്നാൻ പാകമാക്കുന്നു കാട്ടുഞാലി.കാലിമുണ്ടി, താൻ മേഞ്ഞുകൊണ്ടിരിക്കുന്ന പുഴയുടെ ചെവിക്കരികെ എന്തോ പറയാനുള്ള പോലെ വിടാതെ കൂടുന്നു. ചുണ്ടുകൾ പൂക്കൾക്കുള്ളിലൊളിപ്പിച്ച് ചിറകുകൾ തുരുതുരെ വിറപ്പിച്ച് തേൻകിളികൾ നേരിയ ഒച്ചയുണ്ടാക്കുന്നു. മഞ്ഞക്കിളിയും തുന്നാരനും തേൻകിളിയും വാഴക്കിളിയും ചില്ലകൾക്കും ഇലകൾക്കും പഴങ്ങൾക്കുമിടയിൽ കളിക്കുമ്പോൾ ഒരരിപ്പിറാവ് അതൊന്നും ശ്രദ്ധിക്കാതെ വളരെ പതുക്കെ ഗൗരവത്തോടെ ഓരോ കാലും എടുത്തെടുത്തു വെച്ച് നടക്കുന്നു. കായൽപ്പരപ്പിൽ വിശദാംശങ്ങളോടെ വെളിവായി അന്തസ്സിൽ മുങ്ങാങ്കുഴിയിടുന്നു ചേരക്കോഴി. കാട്ടുപാതയിലൂടെ ചിറകിൽ കാറ്റിനെപ്പേറി, ആകാശ വിടവിൽ കറുപ്പിൽ മഞ്ഞയും വെളുത്ത വരയും കാണിച്ച് കടന്നു പോകുന്നു മലയെരമ്പി. ദേഹം മുഴുവനും കൊണ്ടു പാടുന്നു കുയിൽ. പാറക്കുന്നിൻ ചെരുവിൽ പുൽവേരിലിരിക്കുന്നു, വാനമ്പാടി. അത്ര നേരം അനങ്ങാതിരുന്ന പനങ്കാക്ക ചിറകുവിടർത്തിയപ്പോൾ, കഴുത്തിൽ ചാരവും ഊതയും കലർത്തി, മാറിൽ നെടുനീളൻ വരകളും അടിവയറ്റിൽ ഇളംനീലയും ചേർത്ത് നിറങ്ങളുടെ ഘോഷയാത്രയായിത്തീരുന്നു. കാടരികിലെ കൃഷിസ്ഥലത്ത് മണ്ണിലേക്ക് കൊക്കു കൊത്തിയിറക്കുന്ന ഉപ്പൂപ്പൻ്റെയൊച്ച ഇപ്പൊഴും കേൾക്കുന്നു. രണ്ടു പേർ രണ്ടു ദിക്കിൽ നിന്നു പറയുമ്പോലെ ഒരേ സ്ഥലത്തിരുന്ന് ശബ്ദമായാവിയാവുന്നു ഒരു മൂങ്ങ. വെള്ളം തെളിഞ്ഞ് തൻ്റെ സൗന്ദര്യം കാണാനായി പൊട്ടക്കുളത്തിൻ്റെ വക്കത്തെ പുളിമരക്കൊമ്പിൽ മണിക്കൂറുകളിരിക്കുന്നു മീൻകൊത്തി നാർസിസസ്. വെള്ളവര പാവുമുണ്ട് അലക്കിയലക്കി പുഴക്കരയിലിരിക്കുന്നു ഒരു വണ്ണാത്തിപ്പുള്ള്, നാണത്തോടെ. റെയിൽവേ പാലത്തിനടുത്ത് നീർച്ചെടികൾക്കരികിൽ നിൽക്കുമ്പോൾ, നദീതീര രാത്രിയിലൂടെ നീർക്കിളികൾ ശബ്ദമില്ലാതെ ഒഴുകുന്നു......ഇത്രയേറെ പക്ഷികളെക്കുറിച്ച് പേരെടുത്തു പറഞ്ഞ് വർണ്ണിക്കുന്ന കവിതകൾ മലയാളത്തിൽ അപൂർവമായതിനാലാണ് ബിജു കാഞ്ഞങ്ങാടിൻ്റെ ഈ പുതിയ കവിതകളെക്കുറിച്ച് ഇവിടെ പരാമർശിച്ചത്.

No comments:

Post a Comment