കുട്ടി കുഴിച്ചിട്ട വാക്കിൽ നിന്നും
തഴച്ചു പൊന്തുന്നൂ അപ്പമരം
പി. രാമൻ
കേരളത്തിലെ എല്ലാ അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒരു ചെറിയ രചന താഴെ കൊടുക്കുന്നു.
കള്ളം പറയണം
കള്ളം പറയാൻ നമ്മൾ പഠിക്കണം.
കൊതിയോടെ കഴിക്കാൻ വെച്ച മധുരം
കൂടപ്പിറപ്പ് ചോദിച്ചാൽ
എനിക്കു വേണ്ടാ എന്നു കള്ളം പറയണം.
സ്നേഹമുള്ളവർ
വേദനിപ്പിക്കും വിധം സംസാരിച്ച്
പിന്നീട് വിഷമമായോ എന്നു ചോദിക്കുമ്പോൾ
ഇല്ല എന്നു കള്ളം പറയണം
ഒരുപാടു തിരക്കുള്ള സമയത്ത്
ഇഷ്ടമുള്ളവർ വിളിച്ചാൽ
തിരക്കാണോ എന്നതിന്
അല്ല എന്നു കള്ളം പറയണം.
മനസ്സിൽ തിരയടിക്കുമ്പൊഴും
എതിരേ വന്ന ആൾ
സുഖമാണോ എന്നു ചോദിച്ചാൽ
അതെ എന്നു കള്ളം പറയണം.
എല്ലാം കഴിഞ്ഞ്
ആ ദിവസത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ
ഒരു സത്യം പറയാൻ മറക്കരുത്
എൻ്റെ വേദനകളെ ഞാൻ
അതിജീവിച്ചു എന്ന്.
വായിച്ച് എന്തു തോന്നി? സത്യം പറയാൻ പഠിക്കണം എന്ന് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട അദ്ധ്യാപകരായ നമ്മൾ കള്ളം പറയാൻ പഠിക്കണം എന്ന ആശയം എങ്ങനെയാണ് ഉൾക്കൊള്ളുക? കവിത വായിച്ചു വരുമ്പോൾ, കള്ളം പറയുക എന്നതിനടിയിലുള്ള മഹാവേദനയിലേക്ക് നാം പൊടുന്നനെ എത്തിപ്പെടുന്നില്ലേ? അതെ, വേദനയിൽ നിന്നു വിരിഞ്ഞതാണ് കളങ്കമില്ലാത്ത ആ കള്ളം. അതിൻ്റെ വേരുകൾ ഇറങ്ങിച്ചെല്ലുന്നതോ എൻ്റെ വേദനകളെ ഞാൻ അതിജീവിച്ചു എന്ന സത്യബോധത്തിലേക്കുമാണ്. വേദനയെ മറികടക്കാനുള്ള മനുഷ്യൻ്റെ കഠിന പരിശ്രമത്തിന് ഭാഷ നൽകിയിരിക്കുകയാണീ കുഞ്ഞ്. ആഴമേറിയ ഒരു ജീവിത സത്യം പ്രകാശിക്കുന്നു ഈ കവിതയിൽ, അല്ലേ? ഈ ജീവിത സത്യത്തിലേക്ക് വേദനയോടെ എത്തിച്ചേരാൻ ഒരാൾക്ക് എത്ര വർഷമെടുക്കേണ്ടി വരും?
എന്നാൽ പറയാം. മുകളിൽ വായിച്ച ഈ കവിത എഴുതിയത് പ്രായം കൊണ്ടു മുതിർന്ന ഒരാളല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.പാലക്കാട് ജില്ലയിലെ തൃത്താല കെ.ബി. മേനോൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിയാണ് ഇതെഴുതിയത്. ഷിഫാന ഷെറി ഇപ്പോൾ നമുക്കിടയിലില്ല.2020 ഓഗസ്റ്റ് 10 ന് അവൾ ഈ ലോകം വിട്ടു പോയി.കാൻസർ ബാധിച്ച് വേദനിച്ചു പിടയുന്ന സമയത്ത് അവളെഴുതിയാണ് ഈ കവിത അഥവാ കുറിപ്പ്. ധാരാളം കവിതകളും കുറിപ്പുകളും ഡയറിയിലവൾ എഴുതിവെച്ചിരുന്നതിൽ ഒന്ന്. ഇതിനെ അവൾ കവിതയായല്ല ഒരു കുറിപ്പായാണ് കണ്ടത്.എന്നാൽ ഇപ്പോൾ വായിക്കുമ്പോൾ നമുക്കിത് ഉള്ളിൽ കൊളുത്തി
വലിക്കുന്ന കവിതയാകുന്നു. പതിമൂന്നു വയസ്സുമാത്രമുള്ള ഈ പെൺകുട്ടി ആവിഷ്കരിച്ചതിനേക്കാൾ ആഴമുള്ള സത്യം ഒരായുഷ്ക്കാലം മുഴുവനും താണ്ടിയാൽ പോലും ആവിഷ്ക്കരിക്കാനാവണമെന്നില്ല. വേദനയിൽ നിന്നൂറിയ അറിവാണ് ഷിഫാനയുടെ എഴുത്തിലുടനീളം. മറ്റുള്ളവരെ താൻ വേദനിപ്പിച്ചുവോ എന്നാണ് പല കവിതകളിലും അവൾ ആവർത്തിച്ചു ചോദിക്കുന്നത്. തനിക്കു പ്രിയപ്പെട്ട എല്ലാവരേക്കുറിച്ചുമുള്ള എഴുത്തുകൾ ഷിഫാനയുടെ ഡയറിയിലുണ്ട്. ഉപ്പ, ഉമ്മ, വല്യുപ്പ, വല്യുമ്മ, അനിയൻ, കൂടെപ്പഠിച്ച കൂട്ടുകാർ, പഠിപ്പിച്ച അദ്ധ്യാപകർ, ചികിത്സിച്ച ഡോക്ടർമാർ എല്ലാവരെക്കുറിച്ചും അവൾ സ്നേഹത്തോടെ എഴുതുന്നു. രണ്ടിലോ മൂന്നിലോ പഠിക്കുന്ന തൻ്റെ കുഞ്ഞനിയനെക്കുറിച്ച് അവളെഴുതിയ ഈ വാക്കുകൾ വായിക്കൂ: "അവനെന്നെ കാണാൻ ആദ്യമായി തിരുവനന്തപുരത്ത് വന്ന ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കീമോയുടെ ഫലമായി മുടിയെല്ലാം പോയി മൊട്ടത്തലയുളള എന്നെ അവൻ നോക്കിയ നോട്ടം... അവൻ്റെ മുഖത്തു പ്രതിഫലിച്ചത് എന്നോടുള്ള സ്നേഹമായിരുന്നു. അവനെൻ്റെ രൂപം എന്തുകൊണ്ടോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു പക്ഷേ, ഒരു കുഞ്ഞു മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കാം ആ കാഴ്ച്ച.തൻ്റെ കൂടപ്പിറപ്പ് ദയനീയാവസ്ഥയിൽ കഴിയുന്നത് ഒരു കൂടപ്പിറപ്പിനു സഹിക്കുകയില്ല. അവനെന്നെ അന്ന് കരഞ്ഞുകൊണ്ടു നോക്കിയപ്പോൾ എൻ്റെ ഹൃദയം തകർന്നു.ഞാൻ ഛർദ്ദിക്കുമ്പോൾ ഓടി വന്ന് എനിക്കായ് ബക്കറ്റു നീട്ടി. എൻ്റെ പുറം തടവിത്തന്നു".
ഷിഫാന ഷെറി ഡയറികളിൽ എഴുതിവെച്ച കവിതകളും കുറിപ്പുകളും ചേർത്ത് നിറമുള്ള അക്ഷരങ്ങൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത് കൂറ്റനാട്ടെ പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിയാണ്. അവശേഷിച്ച ലോകത്തെ കൂടുതൽ നന്മയുള്ളതാക്കാൻ പോന്ന ഈ കുഞ്ഞിൻ്റെ രചനകൾ, അവസാനദിനങ്ങളിൽ കൂടെ നിന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.
ഷിഫാനയെപ്പോലുള്ള കുട്ടികളുടെ എഴുത്ത് ബാലസാഹിത്യത്തിൻ്റെ പരിധിയിൽ വരുന്നതല്ല. കുട്ടികൾക്കു വേണ്ടി മുതിർന്നവർ എഴുതുന്നതിനെയാണ് നമ്മൾ പൊതുവേ ബാലസാഹിത്യം എന്നു വിളിക്കാറ്. കുട്ടികളുടെ എഴുത്ത് നാം വേറിട്ടു തന്നെ പരിഗണിക്കേണ്ട മൗലികമായ ഒരിന (ഴാനർ) മാണ്. കുട്ടികളുടെ എഴുത്ത് പലപ്പോഴും കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ കള്ളി തിരിക്കാൻ കഴിയാത്ത രൂപഭാവ സവിശേഷതകളുള്ളതുമാണ്. അതു കൊണ്ട് ചെറുകഥ, കവിത തുടങ്ങിയ പൊതു ഇനങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്താൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ എഴുത്ത് മൗലികമായ ഒരിനം ആയി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞത്.
കുട്ടികളുടെ എഴുത്തിൽ എനിക്കേറ്റവും കൗതുകം തോന്നിയിട്ടുള്ള ഒരു കാര്യം കുട്ടിക്കാലത്ത് തീർത്തും സ്വതന്ത്രമായി എഴുതുന്ന ഈ കുട്ടികളിൽ മിക്കവരും മുതിരുന്നതോടെ എഴുത്തു നിർത്തുകയോ കൃത്രിമമായ സാഹിത്യ ഭാഷയിലേക്ക് മാറുകയോ ചെയ്യുന്നു എന്നതാണ്. കുട്ടിക്കാലത്ത് അതിമനോഹരമായി എഴുതിയിരുന്ന മിക്ക കുട്ടികളും എഴുത്തിൻ്റെ ലോകത്തു നിന്ന് പിന്നീട് അപ്രത്യക്ഷമാവുന്നതാണ് അനുഭവം. മറ്റെല്ലാവരും എഴുതിക്കൊണ്ടിരിക്കുന്ന പൊതു സാഹിത്യ ഭാഷയിൽ തന്നെയെഴുതി വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു എഴുത്തു തുടരുന്ന പലരും. കവിത, അല്ലെങ്കിൽ കഥ ഇന്നയിന്ന തരത്തിലൊക്കെ ഇരിക്കണം എന്ന ബോധം ഉറയ്ക്കുന്നതോടെ ആ സ്വാഭാവിക പ്രവാഹം വറ്റിപ്പോകുന്നു. അതിൽ അദ്ധ്യാപകർക്കുമുണ്ട് വലിയൊരു പങ്ക്. ഇന്നയിന്ന തരത്തിൽ എഴുതണം എന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുകയല്ല, അവരുടെ തീർത്തും സ്വാഭാവികമായ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് കൂടുതൽ നന്നാകാൻ എഴുതിയത് വീണ്ടും വീണ്ടും വായിച്ച് സ്വയം തിരുത്തേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതും നല്ലതാണ്. അത്രയേ വേണ്ടൂ.
കുട്ടികളുടെ എഴുത്ത് ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവർക്കു മാത്രം എഴുതാൻ കഴിയുന്നതാണ് അവരെഴുതുന്നത്. കുട്ടിത്തം നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും എഴുതാൻ കഴിയാത്തതാണത്. കുട്ടികളുടെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അതു തകർക്കുന്നു. "എന്തു നല്ല പൂവ് രണ്ടു നല്ല പൂവ്" എന്ന മട്ടിലേ കുട്ടികൾ എഴുതൂ, എഴുതാവൂ എന്നത് മുതിർന്നവരുടെ മുൻധാരണ മാത്രമാണ്. തുടക്കത്തിൽ കൊടുത്ത ഷിഫാനയുടെ കവിത തന്നെ നോക്കൂ.ആ പ്രായത്തിലെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അമ്പേ തകർക്കുന്നു ആ കവിത. കുട്ടികളുടെ എഴുത്തിൽ മുതിർന്നവരുടേതിൽ നിന്നു വ്യത്യസ്തമായ നോട്ടനില ഉണ്ടാകും.മുതിരുന്നതോടെ അത്, മുതിർന്നവരുടെ പൊതു നോട്ടത്തിനു വഴിമാറുകയും ചെയ്യാം. ഇക്കാരണങ്ങളാൽ കുട്ടികളുടെ എഴുത്ത് ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വലിയ ആവശ്യമാണ്.
മനുഷ്യൻ്റെ ബാല്യമാണല്ലോ ശിലായുഗ കാലം. അന്ന് മനുഷ്യൻ ഗുഹകളിലും മറ്റും കോറിയിട്ട ചിത്രങ്ങൾ എത്ര പ്രാധാന്യത്തോടെയാണോ നാം സംരക്ഷിക്കുന്നത് അതിനേക്കാൾ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടവയാണ് കുട്ടികളുടെ രചനകൾ.കാരണം അവ ബാല്യത്തിനു മാത്രം കൈമുതലായുള്ള നോട്ടനിലകളിൽ നിന്ന് എഴുതപ്പെട്ടവയാണ്, ജീവത്തായ ഒരു തുടർച്ചയുമാണ്.ഇന്നലെ കുട്ടികൾ എഴുതി വളർന്ന് മുതിർന്നവരായി. ഇന്നും കുട്ടികൾ എഴുതുന്നു. നാളെയും അവർ എഴുതും.അവർ പിൽക്കാലത്ത് വലിയ എഴുത്തുകാരായി മാറുന്നുണ്ടോ ഇല്ലയോ എന്നത് തീർത്തും അപ്രധാനമാണ്.കവിതയുടെ കരുത്തറിയുന്ന നല്ല വായനക്കാരായി മാറുമായിരിക്കാം പലരും. നിത്യജീവിതത്തിൽ സാധാരണ ഭാഷാവ്യവഹാരങ്ങൾ ചെയ്തു പോരുന്നവർ മാത്രമായാൽപ്പോലും കാവ്യാത്മകമായ കരുത്തും തിളക്കവും തങ്ങളുടെ പതിവു ദിനസരി മൊഴികളിലൊതുക്കാൻ, അങ്ങനെ കവിതത്തിളക്കത്തോടെ ജീവിക്കാൻ, പിൽക്കാലത്ത് പലർക്കും കഴിഞ്ഞേക്കും. അപൂർവം ചിലർ എഴുത്തിൻ്റെ തനതു വഴി വെട്ടി മുന്നേറാനും മതി.
ആറേഴു കൊല്ലം മുമ്പ് ഒരു കവിതാ ശില്പശാലയിൽ വെച്ച് കബനി സി. എന്ന അന്നത്തെ ഒരു നാലാം ക്ലാസുകാരി ഇങ്ങനെ എഴുതി:
കുട്ടി പൂ പറിച്ച് മുടിയിൽ ചൂടി.
കുട്ടിയുടെ മുടിയിലിരുന്ന് പൂവിന് ഇക്കിളിയായി.
പൂവിന് ചിരിച്ചു ചിരിച്ച് വയ്യാണ്ടായി.
വെറും മൂന്നു വരി. എന്നാൽ, മുതിർന്നൊരാളുടെ ഭാവനാശക്തിക്കപ്പുറത്താണ് ഇക്കവിതയിലെ ഭാവന. ഒരു കുഞ്ഞിനേ ഇതെഴുതാൻ കഴിയൂ.ആദ്യത്തെ വരി ഒരു സാമാന്യ പ്രസ്താവനയാണ്. രണ്ടാമത്തെ വരിയിൽ വിസ്മയിപ്പിക്കുന്ന ഒരു കുതിച്ചു കയറ്റമുണ്ട്. മുടിയിഴയിലുരസി പൂവിന് ഇക്കളിയാവും എന്ന് ചിന്തിക്കാൻ ഒരു പക്ഷേ, കുഞ്ഞിനേ കഴിയൂ. അവസാന വരിയിലെ ആ 'വയ്യാണ്ടായി' യിലേക്കാണ് നമ്മുടെ ശ്രദ്ധ പെട്ടെന്നു പതിയുക. കോളേജ് വിദ്യാർത്ഥികളുടെ സാഹിത്യ ക്യാമ്പിൽ ഞാനീ കവിത അവസാന വാക്ക് വിട്ടു കളഞ്ഞ് പൂരിപ്പിക്കാൻ വേണ്ടി നൽകിയത് ഓർക്കുന്നു. കൗമാരക്കാരായ കോളേജ് വിദ്യാർത്ഥികൾ പൂവിന് ചിരിച്ചു ചിരിച്ച് ബോറഡിച്ചു എന്നാണ് അതു പൂരിപ്പിച്ചത്.കുട്ടിയുടെ മുടിയിലിരുന്ന് ഇക്കിളിയായി ചിരിച്ചു ചിരിച്ച് വയ്യാണ്ടാവുന്ന ഒരു പൂവിനെക്കാണാൻ കുഞ്ഞിൻ്റെ കണ്ണു തന്നെ വേണം.
സൽഗുണ സമ്പന്നമായ എഴുത്താണ്, ആവണം കുട്ടികളുടേത് എന്ന മുൻധാരണയേയും അവർ പൊളിച്ചു കയ്യിൽ തരും. 2011 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന രമോദ്.വി.(എ.യു.പി.സ്കൂൾ പുഞ്ചപ്പാടം) എഴുതിയ ചോക്ക് എന്ന ഈ രചന നോക്കൂ:
ഒരു ദിവസം ശോഭട്ടീച്ചർ ക്ലാസെടുക്കുകയായിരുന്നു. ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമായിരുന്നില്ല.ക്ലാസെടുക്കുന്നതിനിടയിൽ ടീച്ചർ തല ചുറ്റി വീണു. കുട്ടികളാരും അതു കണ്ടുവെന്നുപോലും നടിച്ചില്ല.
മേശപ്പുറത്തുണ്ടായിരുന്ന ചോക്ക് വേഗം ചാടി ബോർഡിലെഴുതി:
'എല്ലാവരും ഓടിപ്പൊയ്ക്കോളൂ'
('പുതുമഴ', സർവശിക്ഷാ അഭിയാൻ, പാലക്കാട്)
ഇഷ്ടമല്ലാത്ത ടീച്ചറെ കുട്ടികൾ എങ്ങനെയാണ് ഉപേക്ഷിച്ചു പോകുന്നത് എന്നതിൻ്റെ ക്രൂരമെങ്കിലും സത്യസന്ധമായ ആവിഷ്കാരമാണീ രചന. എന്തുകൊണ്ടാണ് ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമാകാതിരുന്നത് എന്ന ചോദ്യം ഈ രചനയ്ക്കുള്ളിലുണ്ട്. കുട്ടികളെ ഉൾക്കൊളളാത്ത ഒരു ടീച്ചറെ കുട്ടികൾക്കും ഉൾക്കൊള്ളാനാവില്ല എന്നു ബോധ്യപ്പെടുത്തുന്നു ഈ രചന.
കുറേക്കൂടി പഴയ ഒരു കവിത നമുക്കിപ്പോൾ വായിക്കാം. കവിതയുടെ പേര് 'കൊതി തോന്നുന്നു'. എഴുതിയത് 1968-ൽ ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന ടി.കെ.വിജയകുമാരി, ചൂലൂർ ആണ്. അരനൂറ്റാണ്ടു മുമ്പ് ഒരു വിദ്യാർത്ഥിനി എഴുതിയ കവിത.(അന്നിത് പ്രസിദ്ധീകരിച്ച മാതൃഭൂമി ബാലപംക്തിയിൽ പഠിക്കുന്ന ക്ലാസ് രേഖപ്പെടുത്തിയിട്ടില്ല)
പടിഞ്ഞാറ്റയിലമ്മ കീർത്തനം പാടീടുന്നൂ
പടിമേലിരുന്നേട്ടൻ "നീങ്കൾ കേട്ടവൈ" കേൾപ്പൂ
ചേച്ചിയോ ബദ്ധപ്പാടിലത്താഴമൊരുക്കുന്നൂ
കൊച്ചുകുട്ടനവ്യക്തം റാ രാ ത്താ വായിക്കുന്നു.
ഏകയായ് ഞാനീ മുറ്റത്തെത്ര നേരമായേതോ
ഭാവുകസ്വപ്നങ്ങളും നെയ്തു നെയ്തിരിക്കുന്നു.
ഒട്ടകലത്താ മുല്ലപ്പൂക്കളെത്താലോലിച്ചും
ഒട്ടുമാവിലകളെയാമോദമാശ്ലേഷിച്ചും
പൂമുഖത്തണയുവാൻ നാണിച്ചും മുറ്റത്തുള്ള
പൂഴിമൺ തരികളിൽ ചന്ദ്രിക പരുങ്ങുന്നൂ
കൊതി തോന്നുന്നേ,നിപ്പൂഞ്ചന്ദ്രികക്കൊരു മുത്ത-
മരുളാ, നെനിക്കുമ്മ തന്നിടുന്നതു പോലെ.
ഇതെഴുതിയ കവി അന്ന് ഒരു പക്ഷേ ഒരു മുതിർന്ന വിദ്യാർത്ഥിനിയായിരിക്കാം എന്ന് ഭാവുകസ്വപ്നം പോലുള്ള വാക്കുകൾ കാണിക്കുന്നു. അന്നത്തെ ആ വിദ്യാർത്ഥിനി ഇന്ന് വാർദ്ധക്യത്തിലെത്തിയിട്ടുണ്ടാവും. കവിതയിലാവിഷ്കരിച്ച ഭാവത്തിന് പക്ഷേ, ഇന്നും കുട്ടിത്തം. ശാന്തമായ ഒരു ഗൃഹാന്തരീക്ഷം. അമ്മ സന്ധ്യാകീർത്തനം ചൊല്ലുന്നു. ഏട്ടൻ റേഡിയോ കേൾക്കുന്നു. ചേച്ചി അടുക്കളപ്പണിയിലാണ്. അനിയൻ റ ര ത എന്ന് അക്ഷരം കൂട്ടി വായിച്ചു പഠിക്കുന്നു. താനോ മുറ്റത്തൂടെ നിലാവത്തു സ്വപ്നം കണ്ടു നടക്കുന്നു. ഒരു കൗമാരക്കാരി, ഒരു പക്ഷേ ഒരു പത്താംക്ലാസുകാരി. നിലാവിനെ ഉമ്മ വയ്ക്കാൻ കൊതിച്ചുകൊണ്ട്. നിലാവ് തന്നെ ഉമ്മ വെയ്ക്കും പോലെ തിരിച്ച് നിലാവിനെയും ഉമ്മ വെക്കാൻ കൊതിക്കുന്ന ആ കുട്ടിത്തത്തിന് കാലം ചെന്നാലും മാറ്റമേതുമില്ല. അതിന് വാർദ്ധക്യമില്ല. കവിതയെഴുതിയ ആ കുട്ടി ജീവിതത്തിൻ്റെ തിരക്കുകളിൽ പിന്നീട് ഒതുങ്ങിപ്പോയിരിക്കണം. എങ്കിലും കവിതയിലെ കുട്ടിക്കും കുട്ടിത്തത്തിനും മരണമില്ല.ആറ്റുർ രവിവർമ്മ 'ചെറുപ്പം' എന്ന കവിതയിലെഴുതിയ പോലെ "കോവിൽത്തൂണിൽ എ.ഡി.ഒമ്പതാം നൂറ്റാണ്ടിലെ സുന്ദരിയുടെ ചിരി ഇന്നും മായാതെ". ചെറുപ്പത്തിൽ മാഞ്ഞു പോയ ചിലരെ ഓർമ്മിക്കുന്ന കവിത കൂടിയാണ് ആറ്റൂരിൻ്റെ 'ചെറുപ്പം'.
അതെ, ഒന്നും മായുന്നില്ല. പാവേൽ ഫ്രൈഡ്മാൻ എന്ന ജൂതവംശജനായ ഇംഗ്ലീഷുകാരൻ പയ്യൻ വെടിയേറ്റു മരിക്കും മുമ്പ്, 1942 ജൂൺ 4 ന്, ഹിറ്റ്ലറുടെ മരണശാലകളിലൊന്നായ തെരേസിൻ സ്റ്റോട്ട് ഫാക്റ്ററിയുടെ ചുവരിൽ എഴുതിയിട്ട ഒരു കവിതയുണ്ട്. താൻ ജീവിതത്തിൽ അവസാനമായിക്കണ്ട പൂമ്പാറ്റയെക്കുറിച്ചാണ് അവൻ എഴുതുന്നത്.
അവസാനത്തെ പൂമ്പാറ്റയായിരുന്നു അത്.
ശരിക്കും അവസാനത്തെ.
കണ്ണു മഞ്ഞളിപ്പിക്കുന്ന കടുംമഞ്ഞ.
കല്ലിന്മേൽ തൂവിയ
സൂര്യന്റെ കണ്ണീരു പോലെ.
എത്രയെളുപ്പമാണവൻ കയറിപ്പോയത്,
അങ്ങുയരത്തിലേക്ക്.
എന്റെ ലോകത്തിന്റെ അറ്റത്തെ
ചുംബിക്കാനാഗ്രഹിച്ചു കൊണ്ട്.
ഏഴാഴ്ചയായി ഞാനിവിടെയുണ്ട്.
ഈ ജൂത കോളനിക്കെണിയിൽ, 'ഘെറ്റോ'യിൽ.
എന്നെ സ്നേഹിച്ചവർ എന്നെ കണ്ടെത്തി.
ഡെയ്സിപ്പൂക്കൾ എന്നെ വിളിക്കുന്നു.
മുറ്റത്തെ വെള്ള ചെസ്റ്റ് നട്ട് മരത്തിന്റെ
ചില്ലകളും വിളിക്കുന്നു.
പക്ഷേ ഒരു പൂമ്പാറ്റയെ
ഞാനിവിടെങ്ങും കണ്ടിട്ടില്ല
അവസാനമായിക്കണ്ട പൂമ്പാറ്റ
അവസാനത്തേതായിരുന്നു.
ജീവിതത്തെക്കുറിച്ചുള്ള ആ ബാലൻ്റെ അവസാനത്തെ സ്വപ്നമാണീ മഞ്ഞനിറമുള്ള പൂമ്പാറ്റ. മരണമില്ലാത്ത ആ സ്വപ്നത്തിന് ഭാഷ നൽകിയ പാവേൽ ഫ്രൈഡ്മാൻ എന്ന കുട്ടി ഈ ഒറ്റക്കവിതകൊണ്ട് മരണമില്ലാത്തവനായിരിക്കുന്നു.
സ്നേഹമുള്ളവർ വേദനിപ്പിക്കും വിധം സംസാരിച്ച് പിന്നീട്, വിഷമമായോ എന്നു ചോദിക്കുമ്പോൾ ഇല്ല എന്നു കള്ളം പറയണമെന്ന് ഓർമ്മിപ്പിക്കുന്ന ഷിഫാന ഷെറി, ആ ഒറ്റക്കവിതയിലൂടെ അനശ്വരയായിരിക്കുന്നു. എഴുതിയയാൾ കുട്ടിത്തം വെടിഞ്ഞ് മരണത്തിലേക്കോ ജീവിതത്തിലേക്കോ പകർന്നു കയറിയാലും എഴുതിയത് മങ്ങിപ്പോകാതെ അതേ പോലിരിക്കുന്ന ഈ രചനകൾ, കുട്ടികളുടെ എഴുത്തുകൾ, സമാഹരിച്ചു സൂക്ഷിക്കേണ്ടത് മനുഷ്യ സമൂഹത്തിൻ്റെ വലിയൊരാവശ്യവും ഉത്തരവാദിത്തവുമാണെന്ന് ഈ കുഞ്ഞു വലിയ രചനകളെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുട്ടി കുഴിച്ചിട്ട വാക്കിൻ്റെ വിത്തിൽ നിന്നും തഴച്ചുപൊന്തിയ അപ്പമരമാകുന്നു, ഈ ലോകം.
ലോകം ചുറ്റിക്കണ്ട മഹാസഞ്ചാരിയായ മാർക്കോ പോളോയുടെ അന്ത്യദിനങ്ങളെക്കുറിച്ചൊരു കഥയുണ്ട്.മാർക്കോ പോളോ ചീനയിലും മറ്റും ദീർഘകാലം ചെലവഴിച്ച് അവസാനം ജന്മനാടായ വെനീസിലേക്കു തിരിച്ചെത്തി. യാത്രാക്കുറിപ്പുകൾ എഴുതിയത് കയ്യെഴുത്തുപ്രതികളായി പ്രചരിച്ചു. പക്ഷേ താൻ കണ്ട കാഴ്ച്ചകളെക്കുറിച്ച് അദ്ദേഹമെഴുതിയതു വായിച്ചവർക്ക് അതൊന്നും വിശ്വസിക്കാനായില്ല. ഇയാൾ ബഡായി പറയുകയാണെന്നേ ലോകം കരുതിയുള്ളൂ. വൃദ്ധനായ മാർക്കോ പോളോയുടെ മരണശയ്യക്കരികിൽ വന്ന് പലരും ചോദിച്ചുവത്രെ, നിങ്ങളീ എഴുതിയതൊക്കെ സത്യമാണോ എന്ന്. കണ്ടതിൻ്റെ പകുതി പോലും താനെഴുതിയിട്ടില്ല എന്ന് ആ മഹായാത്രികൻ മറുപടി പറഞ്ഞത്രേ. മരണ ശേഷവും ഏറെക്കാലം അദ്ദേഹത്തിന് ബഡായിക്കാരൻ എന്ന ചീത്തപ്പേര് നിലനിന്നുവെന്നാണു കഥ. നൂറ്റാണ്ടുകൾ കഴിയേണ്ടി വന്നു ആ വാക്കുകൾ സത്യമെന്നു തെളിയാൻ.ജ്ഞാനവൃദ്ധരുടെ പോലും വാക്കുകൾക്ക് പലപ്പോഴും ലോകത്തിതാണു ഗതി. അങ്ങനെയുള്ള ലോകത്താണ് കുഞ്ഞുങ്ങളെഴുതി വെച്ചുപോയ വാക്കുകൾ സത്യവാക്കായി നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നത് എന്നതിൽ കവിഞ്ഞൊരത്ഭുതം മറ്റെന്തുണ്ട്!
No comments:
Post a Comment