പി.രാമൻ
ഒ.എൻ.വി.യുടെ 'വീടുകൾ' എന്ന കവിതയിലൊരിടത്ത് ഒരു കുന്നിൻമുകളിലെ പച്ചപ്പിലൊതുങ്ങിയിരിക്കുന്ന വീടിനു ചുറ്റും ഈ ലോകം അതിന്റെ മുഴുവൻ സ്വസ്ഥതയും അസ്വസ്ഥതയും സ്നേഹവും ക്രൗര്യവുമെല്ലാം ഉള്ളടക്കിക്കൊണ്ട് ഒതുങ്ങി നിൽക്കുന്ന ഒരു ദൃശ്യമുണ്ട്. സമസ്തലോകത്തേയും തന്നോടു ചേർത്തുനിർത്തുക എന്നത് ഒ എൻ വിക്കവിതയുടെ ഒരു പ്രധാന സവിശേഷതയായി ഞാൻ വായിക്കുന്നു. ഏതകലത്തേയും ബന്‌ധത്തിന്റെ ഒരു കണ്ണി കൊണ്ടു ചേർത്തു കൊരുത്ത് അടുപ്പമാക്കുന്നതിന്റെ കലയാണ് ഒ എൻ വി യുടെ കാവ്യകല എന്ന് ഞാൻ പറയും.
കാലത്തെയും ദേശത്തെയും അങ്ങനെ കോർത്തിണക്കാനാവും. അമ്പതു വർഷം മുമ്പത്തെ കൊല്ലം റയിൽവേ സ്റ്റേഷനെപ്പറ്റി പറഞ്ഞു തുടങ്ങുന്ന ഒരു കവിത പെട്ടെന്ന് ഒരു വിരൽക്കൊളുത്തിലൂടെ കാലത്തിന്റെ അകലത്തെ വെട്ടിച്ചുരുക്കും. നോക്കൂ: "കൊല്ലത്തു തീവണ്ടിയാപ്പീസിലമ്പതു കൊല്ലത്തിനപ്പുറം അച്ഛന്റെ കൈവിരൽത്തുമ്പത്തു തൂങ്ങി നടക്കവേ", ആ ദൂരം ഇല്ലാതാവുന്നു. ആകാശത്തിന്റെയും മനസ്സിന്റേയും നിശ്ശൂന്യതയുടെ നീലിമ എങ്ങനെ വാക്കിൽ കോരി നിറയ്ക്കാമെന്നു വെമ്പൽ കൊള്ളുന്ന കവിയെ നമുക്ക് ആദ്യകാല കവിതകളിൽ തന്നെ കാണാൻ കഴിയും.
ഭൂമി, സൂര്യൻ, അമ്മ, അച്ഛൻ, മുത്തശ്ശി, മുത്തച്ഛൻ, കൂട്ടുകാരി, സുഹൃത്തുക്കൾ,തനിക്കു നേരിട്ടു ബന്ധമേതുമില്ലാത്ത എത്രയോ എത്രയോ സാധാരണ മനുഷ്യർ, മഹാത്മാക്കൾ, സാമൂഹ്യ - രാഷ്ട്രീയപ്രവർത്തകർ, എഴുത്തുകാർ, നർത്തകരും സംഗീതജ്ഞരും ചിത്രകാരന്മാരും ശില്പികളുമുൾപ്പെടുന്ന കലാകാരന്മാർ - എല്ലാവരേയും തന്നിലേക്കു ചേർത്തണയ്ക്കുന്ന കർമ്മമാണ് ഒ എൻ വിക്കു കവിത. ആ അടുപ്പം ഓരോന്നിനെക്കുറിച്ചാകുമ്പോൾ നാം ഓരോ വിശേഷണം ഒ എൻ വിക്കവിതക്കു നൽകുന്നു എന്നേയുള്ളൂ.ഭൂമിയോടും പ്രകൃതിയോടുമുള്ള ബന്ധത്തെക്കുറിച്ചാകുമ്പോൾ പരിസ്ഥിതി ബോധത്തിന്റെ കവിത എന്നു വിളിക്കുന്ന പോലെ.ആ കാവ്യലോകത്തിൽ മുഴുകുമ്പോൾ വായനക്കാരായ നമ്മളും അതൃപ്തികളും അകലങ്ങളും നിർവികാരതകളും വെടിഞ്ഞ് കവിയോടൊപ്പം ലോകത്തെ ചേർത്തു പുൽകുന്നു. കപോതപുഷ്പത്തെക്കുറിച്ച് ഒ എൻ വിക്കൊരു കവിതയുണ്ട്. സൂര്യനെ ധ്യാനിച്ച് ഗർഭിണിയാവുകയാണ് ആ കന്യാപുഷ്പം. പറക്കാൻ വെമ്പി നിൽക്കുന്ന പ്രാവിന്റെ രൂപമെടുത്തു നിൽക്കുകയാണാ കുഞ്ഞ് പൂവിന്റെ ദലപുടങ്ങൾക്കുള്ളിൽ. അതുപോലെ അകലങ്ങളെ ധ്യാനിച്ച് തന്റെയുള്ളിലാവാഹിക്കുകയാണ് കവി.
അടുപ്പിച്ചു നിർത്തുക, ഉള്ളിലെ ശൂന്യത നിറക്കുക എന്നിവ ഒ എൻ വിക്കവിതയെ സംബന്ധിച്ചു പരമപ്രധാനമായ രണ്ടു കാര്യങ്ങളാണ്. ജീവിതവീക്ഷണത്തെ മാത്രമല്ല കവിതയുടെ രൂപഘടനയെപ്പോലും അവ നിർണ്ണയിക്കുന്നുണ്ട്. കവിതയുടെ കേന്ദ്രത്തിലേക്ക് എത്രത്തോളം ലോകത്തെ അടുപ്പിച്ചു നിർത്തുന്നുവോ അത്രത്തോളമാണ് ഒ എൻ വിക്കവിത സാന്ദ്രവും പാകവുമാകുന്നത്. മുറുകിയ ആഖ്യാനഘടനയുള്ള അത്തരം കവിതകളാണ് എനിക്കേറ്റവുമിഷ്ടം. ഉള്ളിൽ നിന്നു കവിഞ്ഞൊഴുകുന്നതാണ് കവിത എന്ന് കാല്പനിക കവിതയെപ്പറ്റി വിശേഷിച്ചും പറയാറുണ്ട്. എന്നാൽ ഉള്ളിലേക്കു വന്നു നിറയുന്ന ഒരു പ്രവാഹത്തിന്റെ അനുഭവമാണ് ഒ എൻ വിക്കവിത. പ്രപഞ്ചം അതിന്റെ മുഴുവൻ നാദ രസ രൂപ ഗന്ധ സ്പർശങ്ങളോടെയും കവിയിലും നമ്മളിലും ഒരേപോലെ വന്നു നിറയുന്നു. കവിയോടൊപ്പം നമ്മളും ജീവിക്കുന്നു. കവിയുടെ ഭൗതിക ജീവിതം അവസാനിച്ചാലും നമ്മളോടൊപ്പം കവിയും. ലോകത്തെ ഇത്രമേൽ എന്നിലേക്കു ചേർത്തണച്ചതിന് ഒ എൻ വിക്കവിതയോടു ഞാൻ കടപ്പെട്ടിരിക്കുന്നു. ലോകമേ, എന്നിലെ ഉപ്പായിരിക്കുകയെപ്പൊഴും!
No comments:
Post a Comment