Saturday, June 26, 2021

സന്തോഷം - കി. രാജനാരായണൻ (തമിഴ് ചെറുകഥ)

കി. രാജനാരായണൻ
(1923-2021)

തമിഴ് എഴുത്തുകാരൻ കി. രാജനാരായണൻ ഇക്കഴിഞ്ഞ മെയ് 17-ന് പോണ്ടിച്ചേരിയിൽ വെച്ച് അന്തരിച്ചു. തമിഴ് കഥാസാഹിത്യത്തിലെ ഒരു തലമുറയിലെ മഹാപ്രതിഭകളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെയാളെയാണ് കി. രാജനാരായണന്റെ മരണത്തോടെ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. കി.രാ എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം താൻ ജനിച്ചു വളർന്ന കോവിൽപ്പട്ടിയുടെയും പരിസരങ്ങളുടെയും കഥകളാണു പറഞ്ഞത്. പരുത്തിക്കൃഷിക്കു പറ്റിയ വരണ്ട കരിമണ്ണു നിലമാണ് കോവിൽപ്പട്ടിയും പരിസരങ്ങളും. അവിടത്തെ മനുഷ്യരുടെ കഥ പറയുകയാൽ കരിശൽ നിലത്തിന്റെ കഥാകാരനായി ഇദ്ദേഹം അറിയപ്പെട്ടു. നാട്ടുമൊഴിയിൽ കഥയെഴുതിയ മുൻനിര എഴുത്തുകാരിൽ പ്രധാനി. കി. രായുടെ കഥകളാണ് വട്ടാരത്തമിഴിനെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രബലപ്പെടുത്തിയത്. സാഹിത്യഭാഷയുടെ ആടയാഭരണങ്ങളില്ലാതെ കഥ പറയാൻ ഇദ്ദേഹം ഇഷ്ടപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ മാനകഭാഷയുടെ വ്യാകരണനിയമങ്ങളെ മറികടന്ന് എഴുതിയ ഇദ്ദേഹം തനതായൊരു ഭാഷ സൃഷ്ടിച്ചു.

1923-ൽ കോവിൽപ്പട്ടിക്കടുത്ത് ഇടൈശെവൽ ഗ്രാമത്തിൽ ജനിച്ചു. 1958 മുതൽ എഴുത്തിൽ സജീവമായി. കഥയെഴുത്തുകാരനാവാനല്ല, കഥ പറച്ചിലുകാരനാവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 'കതൈച്ചൊല്ലി' എന്നാണ് തമിഴ് സാഹിത്യലോകത്ത് കി.രാ. അറിയപ്പെടുന്നതു തന്നെ. എഴുതപ്പെട്ട കഥ ഒരു താൽക്കാലിക ഇടനില മാത്രമാണെന്നും ഓർമ്മയിലും ചുണ്ടിലുമാണ് കഥകൾ സ്ഥിരമായ് ജീവിക്കുക എന്നും അദ്ദേഹം വിശ്വസിച്ചു. ഗോപല്ലഗ്രാമം ഉൾപ്പെടെ മൂന്നു നോവലുകളും കുറുനോവലുകളും എഴുതിയിട്ടുണ്ടെങ്കിലും കഥാകൃത്ത് എന്ന നിലയ്ക്കാണ് കി.രാ. തമിഴ് സാഹിത്യത്തെ ഏറെ സ്വാധീനിച്ചത്. കി. രാ. 1972-ൽ എഴുതിയ ഒരു ചെറുകഥയാണ് ഇവിടെ മൊഴിമാറ്റിയിട്ടുള്ള 'സന്തോഷം'


സന്തോഷം
കി. രാജനാരായണൻ


മുന്നയ്യന് എട്ടൊമ്പതു വയസ്സു കാണും. അച്ഛന്റെ കുപ്പായമാണ് അവൻ ഇട്ടിരുന്നത്. അത് അവന് വേദക്കോയിൽ സ്വാമിയാരുടെ അങ്കി പോലിരുന്നു. എണ്ണ പുരളാത്ത ചെമ്പൻ മുടിയുള്ള ചപ്രത്തല. ആ തലക്കുമേൽ ഒരു കോഴിക്കുഞ്ഞിനെ വെച്ചുകൊണ്ട് ഗ്രാമത്തിലെ ഇടുങ്ങിയ ഒരു തെരുവിൽ അങ്ങേയറ്റത്തു നിന്ന് ഇങ്ങേയറ്റത്തേക്ക്
"ലക്കോ ലക്കോ
ലക്കോ ലക്കോ"
എന്നു പറഞ്ഞ് ഓടി വന്നുകൊണ്ടിരുന്നു അവൻ.

ലക്കോ എന്ന വാക്കിന് തമിഴിൽ എന്താണർത്ഥമെന്ന് അവനറിയില്ല; ആർക്കുമറിയില്ല! അത് സന്തോഷം താങ്ങാനാവാത്തതിനാൽ അവനറിയാതെ അവന്റെ വായിൽ നിന്നു വന്ന ഒരു വാക്ക്. അമ്മാതിരി വാക്കുകൾക്ക് "താങ്ങാനാവാത്ത സന്തോഷം" എന്നല്ലാതെ മറ്റൊരർത്ഥവുമില്ല.

അവൻ തലയിൽ വെച്ചിരുന്ന ആ കോഴിക്കുഞ്ഞ് നല്ല ചന്തമുള്ളതായിരുന്നു. അരക്കിന്റെ തെളിച്ചമുള്ള ബ്രൗൺ നിറത്തിൽ കറുപ്പു വരകളും വെള്ളപ്പുള്ളികളുമായി, കാണാൻ നല്ല ഭംഗി. കണ്ണുകളുടെ പിൻഭാഗത്ത് കുരുമുളകുമണിയുടെ അത്രയും പോന്ന വട്ടത്തിലുള്ള പാട് അതിന്റെ ചന്തം കൂട്ടിയിരുന്നു.

മുന്നയ്യന്റെ അച്ഛൻ അങ്ങനെയൊരു മുന്തിയ ഇനം കോഴിക്കുഞ്ഞിനായി തപസ്സിരുന്നു. തനിക്കറിയാവുന്നവരോടെല്ലാം പറഞ്ഞു വെച്ചു. അത്തരം രണ്ടു കോഴിമുട്ടകൾക്കായി നടന്നു നടന്ന് എത്രയോ നാളുകൾ കാത്തിരുന്നു കൊണ്ടുവന്ന് തന്റെ അടക്കോഴിയെക്കൊണ്ട് അടവെച്ചു വിരിയിച്ചെടുത്ത കോഴിക്കുഞ്ഞായിരുന്നു അത്.

വീട്ടിൽ ആരുമില്ല. എല്ലാവരും പരുത്തിക്കാട്ടിലേക്കു പരുത്തി എടുക്കാൻ പോയിരുന്നു. തെരുവിൽ ആളനക്കമേ ഇല്ല. തൊട്ടിലിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞിനെ നോക്കാൻ അവൻ മാത്രമേയുള്ളൂ. കോഴിക്കുഞ്ഞിനെ വെച്ചു കളിച്ചുകൊണ്ടിരുന്നു അവൻ.

മുന്നയ്യന് സന്തോഷമാകുന്നില്ല. കോഴിക്കുഞ്ഞിനു പേടി. അത് അവന്റെ തലമുടിയിൽ കാൽവിരലുകൾ കൊണ്ട് അള്ളിപ്പിടിച്ചു. അവനും അതിന്റെ കാൽവിരലുകളെ തലയിൽ ചേർത്തുപിടിച്ച് ലക്കോ ലക്കോ എന്നു പറഞ്ഞു ചാടിച്ചാടി ഓടി വന്നു.

അന്നേരത്ത് അവിടെ വന്ന മൂക്കൻ ഈ കാഴ്ച്ച കണ്ടു. അവന്റെ മനസ്സിനേയും അതു തൊട്ടു. ചിരിച്ചുകൊണ്ടവൻ നോക്കി നിന്നു.

മൂക്കന്റെ സ്വന്തം പേര് ആർക്കുമറിയില്ല. ദൈവം അയാളെ അമ്മയുടെ വയറ്റിനുള്ളിലേക്കയച്ചപ്പോൾ തന്നെ മുഴുവനായും പടച്ചുകഴിഞ്ഞിരുന്നു. ഇനിയും ശരിക്കുണങ്ങിയിട്ടില്ല. പച്ച മണ്ണുപോലിരുന്നു അവൻ. അപ്പോൾ അവൻ ദൈവത്തെ നോക്കി മര്യാദയില്ലാതെ ചിരിച്ചത്രെ. അങ്ങേർക്കു കോപം വന്നു. മൂക്കിന്റെ പാലത്തിനിട്ട് ചെറുതായൊരിടിയങ്ങു കൊടുത്തു. മൂക്കിന്റെ നടുഭാഗം കുഴിഞ്ഞുപോയി. അക്കോലത്തിലാണ് മൂക്കൻ ജനിച്ചത്. ജനിച്ചയുടൻ തന്നെ മൂക്കന് ആ പേരും കിട്ടി. ഇപ്പോഴും അവൻ ആരെയെങ്കിലും നോക്കിച്ചിരിച്ചാൽ മൂക്കിന്റെ പാലത്തിൽ ഒരു കുത്തു കിട്ടിയ പോലെ തെളിഞ്ഞു കാണും. ചെവിക്കുള്ളിൽ നിറയെ രോമം. കൃതാവു വരെയെത്തുന്ന മീശ.

മൂക്കൻ മീശക്കുള്ളിൽ ചിരിച്ചുകൊണ്ട് മുന്നയ്യനെ തനിക്കരികിൽ പിടിച്ചു നിർത്തി ഇഷ്ടത്തോടെയും അതിശയത്തോടെയും "ഏതാ ഈ കോഴിക്കുഞ്ഞ്? കൊള്ളാമല്ലോ" എന്നു ചോദിച്ചു.

"ഇപ്പക്കൂടി ഈ കോഴിക്കുഞ്ഞിനെ ഒരു വല്യ പരുന്ത് തൂക്കിക്കൊണ്ടോയി. ഞാൻ അതിനെ ഓടിച്ചു വിട്ടു. അത് താഴെ വെച്ചിട്ടു പോയി", മുന്നയ്യൻ സന്തോഷാധിക്യത്തോടെ പറഞ്ഞു.

"അയ്യോ, ഇത് എന്റെ കോഴിക്കുഞ്ഞു മാതിരി ഉണ്ടല്ലോ. ഇതിനെ തെരഞ്ഞല്ലേ ഞാൻ നടക്കുന്നത്. പരുന്ത് തൂക്കിയെടുത്തു പോയല്ലേ, നീ ശരിക്കു കണ്ടോ?" ആ കോഴിക്കുഞ്ഞിനെ കണ്ട സന്തോഷത്തിൽ മൂക്കനൊരു കാച്ചുകാച്ചി.

"ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാ. ശബ്ദമില്ലാതെയാ തൂക്കീട്ടു പോയത്. എന്തോരം ഉയരത്തിലാ ആ പരുന്തു പറന്നതെന്നാ വിചാരം? കല്ലുകൊണ്ടും കമ്പുകൊണ്ടും ഞാനെറിഞ്ഞു. ഒരു കല്ല് അതിന്റെ തലയിൽ ഒരസിപ്പോയി. "ശരി, ഇവനിനി വിടൂല്ല" എന്നു കരുതി കോഴിക്കുഞ്ഞിനെ അതു താഴേക്കിട്ടു. അപ്പൊ ഞാൻ ഒറ്റപ്പിടുത്തം" മുന്നയ്യൻ പറഞ്ഞു.

മൂക്കൻ കോഴിക്കുഞ്ഞിനെ വാങ്ങി നോക്കി. അത് പേടിച്ചു വിറച്ചു കൊണ്ടിരുന്നു. ഇടതു കയ്യിൽ അതിനെ വെച്ച്, വലതു കയ്യാൽ പ്രിയത്തോടെ അതിനെ തലോടി, ആരെങ്കിലും വരുന്നുണ്ടോ എന്നൊരു നോട്ടം നോക്കി.

മുന്നയ്യനുമതെ, ആരെങ്കിലും വരുന്നതിനു മുമ്പേ അതിനെ അയാൾക്കു കൊടുക്കണം എന്നു കരുതി "നിങ്ങടെ കുഞ്ഞാ?, ശരി, കൊണ്ടു പോ" എന്നു പറഞ്ഞ് മൂക്കന്റെ കൈകൾ വലിച്ച് കോഴിക്കുഞ്ഞിന്മേൽ ചേർത്തു വെച്ചു. വേഗം കൊണ്ടുപൊയ്ക്കോളൂ എന്നു പറയുമ്പോലെ.

മൂക്കൻ കോഴിക്കുഞ്ഞിനെ ശ്രദ്ധയോടെ മടിയിൽ കെട്ടിവെച്ചു പുറപ്പെട്ടു.

മുന്നയ്യന് തന്റെ സന്തോഷം ഇപ്പൊഴാണ് നിറഞ്ഞു തികഞ്ഞതായിത്തീർന്നത്.

മൂക്കന്റെ തൊഴിലേ കോഴിപിടുത്തമാണ്. ഇതറിഞ്ഞല്ല മുന്നയ്യൻ അയാൾക്കതു കൊടുത്തത്. അന്നേരം ആരു വന്നു ചോദിച്ചാലും അവൻ കൊടുത്തിരിക്കും.

മൂക്കൻ പണിക്കേ പോകുന്നില്ല. പേരിന് ഒന്നുരണ്ടു കോഴികളെ വിലയ്ക്കു വാങ്ങുമ്പോലെ വാങ്ങി കോഴിക്കൂടയിലിട്ടു മൂടി കോവിൽപ്പട്ടിക്കു കൊണ്ടുപോയി വിൽക്കും. എന്നാൽ അതു മറയാക്കി, മോഷ്ടിച്ച കോഴികളെപ്പിടിച്ചു വിറ്റു കള്ളത്തരത്തിൽ സമ്പാദിക്കുന്നത് തൊഴിലാക്കിയിരുന്നു അയാൾ.

ഗ്രാമത്തിലെ ആളുകൾ പണിക്കു പോയ ശേഷമേ മൂക്കൻ എണീറ്റിരുന്ന് തന്റെ കുടിലിനുള്ളിൽ നിന്നു പുറത്തുവരൂ. ആളനക്കമില്ലാത്ത ഇടങ്ങളും കോഴികൾ കുപ്പ ചിനക്കി തനിച്ചു മേയുന്ന ഇടങ്ങളും നോക്കിക്കണ്ട് വേട്ട തുടങ്ങും. 

ഒരു ഉള്ളിയെടുത്ത് അതിന്മേൽ ഒരു മുള്ളു കുത്തി നിർത്തും. മുള്ളു കുത്താത്ത ഒന്നുരണ്ട് ഉള്ളിയും കരുതും. മുള്ളു കുത്തിയ ഉള്ളി എറിയുന്നതിനും വേണം ഒരു സാമർത്ഥ്യം. കോഴി ഓടിവന്ന് ആർത്തിയോടെ കൊത്തുമ്പോൾ അതിന്റെ അണ്ണാക്കിൽ കുത്താൻ പാകത്തിന് വയ്ക്കണം മുള്ള്. മൂക്കന് ഇതെല്ലാം സാധാരണം.

വായിൽ നിറഞ്ഞ ഉള്ളിയും കുത്തിയ മുള്ളുമായി ഇരിക്കുന്ന കോഴി ഞെട്ടും. അല്ലെങ്കിൽ അപായക്കൂവൽ കൂവാൻ കഴിയാതെ പോകും. അനക്കമറ്റിരിക്കും. ഒരു ശ്രമവുമില്ലാതെ എടുത്തു കക്ഷത്തിടുക്കിക്കൊണ്ടു മറയുകയേ വേണ്ടൂ.

ഇതു പകൽ വേട്ട.

മൂക്കൻ രാത്രിവേട്ടക്കും പോകും. രാത്രിവേട്ടക്ക് മുള്ളും ഉള്ളിയും ആവശ്യമില്ല. ഒരു ഈറൻ തുണി മതി. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം കോഴികൾ ഒന്നോടൊന്ന് ഒട്ടാതെ തനിച്ചു നിൽക്കണം. പെട്ടെന്നതിനുമേൽ ഈറൻതുണിയിട്ടു മൂടുമ്പോൾ അതു ശബ്ദമുണ്ടാക്കില്ല. ചുരുട്ടിയെടുത്തു കൊണ്ടുവന്നാൽ മാത്രം മതി.

മൂക്കൻ ആ കോഴിക്കുഞ്ഞിനെ തന്റെ കുടിലിലേക്കു കൊണ്ടുവന്ന് വെള്ളവും തീറ്റയും വെച്ചു കൊടുത്തു. തള്ളയെക്കാണാതെ കുഞ്ഞ് കീയാ കീയാ എന്നു കരഞ്ഞു കൊണ്ടിരുന്നു.

മൂക്കന്റെ ഭാര്യ മാടത്തി പരുത്തിക്കാട്ടിലെ പണി മാറ്റി വന്നു. കുടിലിനു മുന്നിലുള്ള തൊട്ടിയ്ക്കടുത്തു പോയി മാറാപ്പു മാത്രം മാറ്റി ഒരരക്കുളി കുളിച്ചു വന്നു. അന്ന് അവൾ ഏഴു ചാക്ക് പരുത്തി ശരിയാക്കിയിരുന്നു. അതും വെള്ളത്തിന്റെ കുളിർമയും ചേർന്ന് ഉന്മേഷം തുടിക്കുന്ന മനസ്സോടെ അവൾ കുടിലിനുള്ളിലേക്കു കയറി.

സന്തോഷത്താൽ മതിമറന്നിരുന്ന ഭർത്താവിനെയും അയാൾ തീറ്റ കൊടുത്തു കൊണ്ടിരുന്ന കോഴിക്കുഞ്ഞിനേയും അവൾ നോക്കി. ആശ്ചര്യവും ആനന്ദവും കുതിച്ചുയരവേ, അയാളെ ഇടിച്ചു തള്ളി മാറ്റി ആ അഴകുള്ള കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു, അവൾ. മനുഷ്യച്ചൂടനുഭവിച്ച കുഞ്ഞ് തന്റെ നിസ്സഹായാവസ്ഥ മാറി തെളിഞ്ഞ ശബ്ദമുയർത്തി അവളോടൊട്ടിയിരുന്നു.

മൂക്കു ചുളിച്ച് ഭർത്താവിനു നേർക്കു തിരിഞ്ഞ് ഏതാണീ കോഴിക്കുഞ്ഞെന്ന് അവൾ തലയിളക്കത്തിലൂടെ ചോദിച്ചു.

"മേലൂര് ചിന്നക്കറുപ്പൻ *പാഞ്ചാലക്കുറിച്ചിയിൽനിന്നു മണ്ണെടുത്തുകൊണ്ടുവന്ന് അടവിരിയിച്ച കുഞ്ഞാ ഇത്. നീ ഇതു കൊണ്ടുപോ എന്നു നിർബന്ധിച്ചു തന്നതാ" മൂക്കൻ പറഞ്ഞു.

അവൾ, താൻ അയാളോടു പറയാൻ പോകുന്ന വാക്കുകൾക്കു വേണ്ടി, അയാൾ പറഞ്ഞ ആ വാക്കുകൾ അംഗീകരിച്ചു. "എന്റെ ഉടപ്പിറന്നോന്റെ അടുത്തൊരു പൂവങ്കോഴിയുണ്ട്. നല്ല പച്ച നിറം. അതുപോലെ വേറൊന്ന് ഈ ജില്ലയിൽ തന്നെയില്ല. പാഞ്ചാലങ്കുറിച്ചിക്കോട്ടയിലെ മണ്ണ് എടുത്തുകൊണ്ടുവന്ന് നല്ല തീ പാറിണ നട്ടുച്ചക്ക് അട വെച്ചു വിരിയിച്ചെടുത്ത കുഞ്ഞാ അത്. അതോടൊപ്പം വെച്ച എല്ലാ മുട്ടയും മുട്ടയായിപ്പോയി, അതൊന്നു മാത്രമേ കുഞ്ഞായുള്ളൂ. ജഡ്ജിയദ്ദേഹത്തിന്റെ പെമ്പ്രന്നോത്തി വന്ന് ആയിരം രൂപയ്ക്ക് ആ കോഴിയെ ആശപ്പെട്ടു ചോദിച്ചു. തലപ്പൊക്കം സ്വർണ്ണപ്പവൻ കുമിച്ചാലും തരാൻ പറ്റൂല്ലാ എന്നാ അവൻ പറഞ്ഞേ" അഭിമാനത്തോടെ അവൾ പറഞ്ഞു.

അവൾ പറയുന്നതു നുണയാണെന്ന് മൂക്കനുമറിയാം. അവൾക്കുമറിയാം. എന്നാൽ സത്യം മാതിരി വിചാരിച്ച് ഇരുവരും അതുൾക്കൊണ്ടു!

രണ്ടു മനുഷ്യരുടെ ഇളംചൂടിൽ മുഴുകിയപ്പോൾ നിസ്സഹായതയോടെ കൊക്കരയ്ക്കുന്നത് മെല്ലെ മെല്ലെ നിറുത്തി,സുഖകരമായ ആ ചൂടിൽ കണ്ണുകളടച്ചു വിശ്രമിക്കാനാരംഭിച്ചു, ചന്തമേറിയ ആ ചെറിയ കോഴിക്കുഞ്ഞ്.

 



*ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മന്റെ കോട്ട. കോവിൽപ്പട്ടിക്കടുത്താണിത്. കഥയിൽ ധീരതയുടെ അടയാളമാണ് അവിടുന്നു കൊണ്ടുവന്ന മണ്ണ് - പരിഭാഷകൻ.

Thursday, June 24, 2021

ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ - ലേഖനം.

ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ


ആറ്റൂർക്കവിതയുടെ മൂർത്തതയും കാർക്കശ്യവും എനിക്കിഷ്ടമാണ്. വിനയചന്ദ്രൻ കവിതയുടെ കുതിക്കുന്ന ഒഴുക്ക് എനിക്കിഷ്ടമാണ്.  സച്ചിദാനന്ദകവിതയിലെ സമഗ്രതാബോധം എനിക്കിഷ്ടമാണ്.മേതിലിന്റെ പ്രപഞ്ചദർശനബോധം എനിക്കിഷ്ടമാണ്. ആർ.രാമചന്ദ്രന്റെ ധ്യാനാത്മകത എനിക്കിഷ്ടമാണ്. അനേകത്തെ ഒറ്റ മുനയിലേക്ക് ആവാഹിക്കുന്ന കെ.ജി. എസ് രീതി എനിക്കിഷ്ടമാണ്. പുതുകാലത്തേക്കും പകർന്നെടുക്കുന്ന സുഗതകുമാരിയുടെ ഭാവഗീതാത്മകത എനിക്കിഷ്ടമാണ്. തന്നെ പലതാക്കിപ്പിരിക്കുന്ന അയ്യപ്പപ്പണിക്കരത്തം എനിക്കിഷ്ടമാണ്. ടി.ആർ. ശ്രീനിവാസിന്റെ ഉന്മാദം തിളങ്ങുന്ന ചുഴിഞ്ഞു നോട്ടം എനിക്കിഷ്ടമാണ്. കടമ്മനിട്ടയിലെ അപാരമായ ഊർജ്ജം എനിക്കിഷ്ടമാണ്. മങ്ങൂഴം പോലുള്ള കക്കാടിന്റെ ക്ഷീണഭാവം എനിക്കിഷ്ടമാണ്. കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ സംസ്കാരധാരകളുടെ സംഗമ സ്ഥലമായി കവിതയെ മാറ്റുന്ന വിഷ്ണു നാരായണ രീതി എനിക്കിഷ്ടമാണ്. ജി.കുമാരപ്പിള്ളയുടെ സ്വരവൈവിധ്യവും നാടത്തം നിറഞ്ഞ ചിരിയും എനിക്കിഷ്ടമാണ്. സൂക്ഷ്മതയിലേക്കുള്ള പുലാക്കാട്ടു രവീന്ദ്രന്റെ മിഴിയൂന്നൽ എനിക്കിഷ്ടമാണ്. വി.കെ.നാരായണന്റെ കൂസലില്ലായ്മ എനിക്കിഷ്ടമാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നാടകീയത എനിക്കിഷ്ടമാണ്. ജയപ്രകാശ് അങ്കമാലിക്കവിതയുടെ പൗരാണിക ഭാവം എനിക്കിഷ്ടമാണ്. ഏറ്റുമാനൂർ സോമദാസന്റെ കവിതയിലെ സുതാര്യത എനിക്കിഷ്ടമാണ്. കുറച്ചു വരി കൊണ്ട് ഭാവത്തിന്റെ അഗാധതയിൽ നമ്മെയാഴ്ത്തുന്ന ഒ.വി.ഉഷയുടെ രീതി എനിക്കിഷ്ടമാണ്. ലോകത്തെ മുഴുവൻ തന്നോടു ചേർത്തു നിർത്തുന്ന ഒ എൻ വി മട്ട് എനിക്കിഷ്ടമാണ്. കാവാലത്തിന്റെ താളക്കെട്ട് എനിക്കിഷ്ടമാണ്. പി ഭാസ്കരന്റെ മനുഷ്യപ്പറ്റ് എനിക്കിഷ്ടമാണ്. വയലാർക്കവിതയിലെ അഭിമാനബോധം എനിക്കിഷ്ടമാണ്. കെ.വി. തമ്പിയുടെ മുറിയിലെ ഇരുട്ട് എനിക്കിഷ്ടമാണ്. മാധവൻ അയ്യപ്പത്തിന്റെ പരീക്ഷണാത്മകത എനിക്കിഷ്ടമാണ്.  ചിലെടത്ത് നേർപ്പിച്ചും ചിലെടത്ത് കൂർപ്പിച്ചും കുറുക്കിയുമെടുക്കുന്ന ഏ അയ്യപ്പന്റെ ജലച്ചായഭാഷ   എനിക്കിഷ്ടമാണ്. കുഞ്ഞുണ്ണിക്കവിതയുടെ അസംബന്ധദർശനവും വാമൊഴിത്തവും എനിക്കിഷ്ടമാണ്. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലുള്ള നാട്ടിൻപുറത്തെ കാരണവരുടെ ഭാവം എനിക്കിഷ്ടമാണ്.എം.എൻ.പാലൂർ ക്കവിതയിലെ അബദ്ധം പിണഞ്ഞവന്റെ നിഷ്കളങ്കമട്ട് എനിക്കിഷ്ടമാണ്. അകവിതയായിപ്പരക്കാനുള്ള ചെറിയാൻ കെ.ചെറിയാന്റെ വെമ്പൽ എനിക്കിഷ്ടമാണ്. ഉള്ളിലൊരു മുള്ളു സൂക്ഷിക്കുന്ന ജോർജ് തോമസിന്റെ കവിതാരീതി എനിക്കിഷ്ടമാണ്. ചരാചരങ്ങളുമായി തനിക്കുണ്ടായിരുന്ന സിരാബന്ധം മുറിഞ്ഞു പോയതു വിളക്കിച്ചേർക്കലായ് കവിതയെക്കാണുന്ന കെ. എ.ജയശീലന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്. അക്കിത്തം കവിതയിലെ കുട്ടിത്തവും പൊടുന്നനെയുണ്ടാകുന്ന ബോധോദയമിന്നലുകളും എനിക്കിഷ്ടമാണ്. കവിതയുടെ ഭാഷ പഴഞ്ചൊല്ലുപോലെ കുറുക്കിയെടുക്കുന്ന എം.ഗോവിന്ദത്തം എനിക്കിഷ്ടമാണ്. സംസാര ഭാഷയിലെ വാക്കുകൾ കൊണ്ട് ഒളപ്പമണ്ണ സൃഷ്ടിക്കുന്ന നേർമ്മ എനിക്കിഷ്ടമാണ്.പുനലൂർ ബാലന്റെ കവിതയിൽ നിന്നൊഴുകുന്ന വിമർശനത്തിന്റെ ലാവ എനിക്കിഷ്ടമാണ്. തിരുനല്ലൂർ കരുണാകരൻകവിതയിൽകൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയത എനിക്കിഷ്ടമാണ്. തന്റെ ജീവിതപരിസരത്തെക്കുറിച്ചെഴുതുന്ന പുറമണ്ണൂർ ടി.മുഹമ്മദിന്റെ യാഥാർത്ഥ്യബോധം എനിക്കിഷ്ടമാണ്. സുധാകരൻ തേലക്കാടിന്റെ കവിതയിൽ വിഷാദം നിറപ്പകിട്ടോടെ സാന്ദ്രമാക്കുന്ന രീതി എനിക്കിഷ്ടമാണ്.ഫ്യൂഡൽ കാലത്തുനിന്ന് ജനാധിപത്യകാലത്തേക്കുള്ള സംക്രമണത്തിന്റെ ഉത്കണ്ഠകൾ കെ.സി. ഫ്രാൻസിസ് അവതരിപ്പിച്ചത് എനിക്കിഷ്ടമാണ്. അക്രമാസക്തമായി വരുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ ഇരമ്പം ആദ്യമേ കേട്ട എസ്.വി. ഉസ്മാൻകവിതയുടെ ജാഗ്രത എനിക്കിഷ്ടമാണ്. സി.എ.ജോസഫിന്റെ കവിതകളിലെ അപൂർവതയും അപ്രതീക്ഷിതത്വവും ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളിൽ അതേകുന്ന ആശ്വാസവും എനിക്കിഷ്ടമാണ്. വി.വി.കെ.വാലത്തിന്റെ ലോകബോധം എനിക്കിഷ്ടമാണ്. കമ്മ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ധർമ്മസങ്കടങ്ങളും തിളക്കമുള്ള നിമിഷങ്ങളും ചെറുകാട് കവിതകളിലെഴുതിയത് എനിക്കിഷ്ടമാണ്. എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലെ കർഷകന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്. കണ്ണൂകളിലൂറി താഴേക്കു വീഴാതെ തുളുമ്പി നിൽക്കുന്ന കണ്ണീർത്തുള്ളിയുടെ നില്പ് കൂത്താട്ടുകുളം മേരി ജോൺ എഴുതിയത് എനിക്കിഷ്ടമാണ്. വി.കെ.ഗോവിന്ദൻ നായർക്കവിതയിലെ പദച്ചേർപ്പുകൾ എനിക്കിഷ്ടമാണ്.സ്വന്തം നാട്ടു മിത്തുകളിലേക്കുള്ള കുട്ടമത്തിന്റെ അന്വേഷണം എനിക്കിഷ്ടമാണ്. വൈലോപ്പിള്ളിക്കവിതയിലെ പരസ്പരവിരുദ്ധമായ സങ്കീർണ്ണഭാവങ്ങളുടെ പ്രകാശനം എനിക്കിഷ്ടമാണ്. ഇടശ്ശേരിക്കവിതയിലെ ശരിതെറ്റുകൾക്കിടയിലെ നില്പും ആത്മ വിചാരണയും സംസ്കാരത്തിന്റെ അടരുകളിലേക്കുള്ള ഇറക്കവും എനിക്കിഷ്ടമാണ്. ജി.കവിതയിലെ, അനന്തപ്രപഞ്ചം ഉള്ളിൽ നിറയുന്ന അനുഭവം എനിക്കിഷ്ടമാണ്. ഒരേ സമയം പരമ സ്വാതന്ത്ര്യവും പരമബന്ധനവും ആവിഷ്കരിക്കുന്ന പീക്കവിതയുടെ സങ്കീർണ്ണ നില എനിക്കിഷ്ടമാണ്. പൗരാണികതയേയും പുതുകാല ജീവിതത്തേയും യാഥാർത്ഥ്യ ബോധത്തോടെ ചേർത്തുവയ്ക്കുന്ന എൻ.വി. രീതി എനിക്കിഷ്ടമാണ്. കെ.കെ.രാജാക്കവിതയിലെ വിസ്മയ ഭാവം എനിക്കിഷ്ടമാണ്. ചങ്ങമ്പുഴക്കവിതയുടെ ഒടുങ്ങാത്ത ചാഞ്ചല്യവും അനന്തതയെ ഓർമ്മിപ്പിക്കുന്ന അനർഗ്ഗളതയും എനിക്കിഷ്ടമാണ്. ഇടപ്പള്ളിക്കവിതയിലെ, ഒഴുക്കിനെ സ്വപ്നം കാണുന്ന ഉൾവലിവ് എനിക്കിഷ്ടമാണ്. ബാലാമണിയമ്മക്കവിതയിലെ, വെളിച്ചം തേടിയുള്ള യാത്രയും അതിലൂടെ എത്തിച്ചേരുന്ന പാകതയും എനിക്കിഷ്ടമാണ്. ജീവിതത്തിലേറ്റ ആഘാതങ്ങളാൽ പുഞ്ചിരി പൊട്ടിച്ചിരിയായി മാറുന്ന സഞ്ജയകവിത എനിക്കിഷ്ടമാണ്. ടി.കെ.നാരായണക്കുറുപ്പിന്റെ കവിതകളിൽ ഉൺമയുടെ ബോധം കുറുകിയ ഗദ്യത്തിലേക്ക് കവിതയായ് സാന്ദ്രമാകുന്ന അനുഭവം എനിക്കിഷ്ടമാണ്. കുറ്റിപ്പുറത്തിന്റെ കവിതയിലെ, മുറ്റത്തൊരറ്റത്തൊരു പൂവെരഞ്ഞി മുറ്റിത്തഴച്ചങ്ങനെ നിന്നിരുന്നു എന്ന മട്ടിലുള്ള ഋജുത്വം എനിക്കിഷ്ടമാണ്. കയ്യെത്തുന്ന ദൂരത്തെ പരിസരപ്രകൃതിയിൽ മുഴുകുന്ന വള്ളത്തോളിന്റെ ജീവിതരതി എനിക്കിഷ്ടമാണ്. ഉള്ളൂർക്കവിതയിലെ നീതിബോധം എനിക്കിഷ്ടമാണ്. ഭൗതികലോകത്തുനിന്നും ആത്മീയലോകത്തേക്കുള്ള മാറ്റം സിസ്റ്റർ മേരി ബെനീഞ്ജ എഴുതുന്നത് എനിക്കിഷ്ടമാണ്. മന പ്രകൃതങ്ങളുടെ വേരു തേടിപ്പോകുന്ന ആശാൻ കവിതയുടെ അനുകരിക്കാനാവാത്ത ഏകാന്തനില എനിക്കിഷ്ടമാണ്. വി.സി ബാലകൃഷ്ണപ്പണിക്കർക്കവിതയിൽ ഇരുട്ടും വെളിച്ചവും മാറി മാറി വീഴുന്നതിന്റെ അഗാധതീവ്രത എനിക്കിഷ്ടമാണ്.......

ഇവരിലൊക്കെയുമുണ്ടാവാം എനിക്കിഷ്ടമില്ലാത്തവയും...

2
എത്ര പുതുതായിരിക്കുമ്പോഴും ആറ്റൂർക്കവിതയിൽ പ്രവർത്തിക്കുന്ന 'ഇന്നലെ' യും പിൽക്കാല കവിതകളിലെ അസ്വാഭാവികത തോന്നിക്കുന്ന പദച്ചേർപ്പുകളും എനിക്കിഷ്ടമല്ല. വിനയചന്ദ്രകവിതയിലെ റഫ്രിജറേറ്റർ, ചൊറി, ബാങ്ക് പാസ്ബുക്ക്, ബുദ്ധമൗനം, ബീജഗണിതം എന്നിങ്ങനെയുള്ള പട്ടികപ്പെടുത്തലും അസ്ഥാനത്തെ വാചാലതയും എനിക്കിഷ്ടമില്ല. സച്ചിദാനന്ദ കവിതയിലെ പ്രതികരണ സ്വഭാവത്തിന്റെ യാന്ത്രികത എനിക്കിഷ്ടമല്ല. മേതിൽക്കവിതയുടെ പടിഞ്ഞാറൻ ചുവ എനിക്കിഷ്ടമല്ല. ആർ.രാമചന്ദ്രകവിത ടാഗോറിലേക്കോ മിസ്റ്റിസിസത്തിലേക്കോ ചായുമ്പോഴത്തെ യാന്ത്രികത എനിക്കിഷ്ടമല്ല. കെ.ജി. എസ്സിന്റെ ആദ്യകാലകവിതയിലെ അമിത പ്രഭാഷണപരതയും പിൽക്കാല കവിതയിലെ വൈകാരിക വരൾച്ച തോന്നിക്കുന്ന ഭാഷാരീതിയും എനിക്കിഷ്ടമല്ല. സുഗതകുമാരിക്കവിതയുടെ ഭാഷാപരവും പ്രമേയപരവും ഭാവപരവുമായ പ്രതീക്ഷിതത്വം എനിക്കിഷ്ടമല്ല. അയ്യപ്പപ്പണിക്കർക്കവിതയിലെ അതിവാചാലതയും ഭാവത്തെ ബോധപൂർവം മുറിച്ചിടുന്ന രീതിയും എനിക്കിഷ്ടമല്ല. ടി.ആർ. ശ്രീനിവാസ് കവിതയിലെ ഭാഷാപരവും ഭാവപരവുമായ ശൈഥില്യം എനിക്കിഷ്ടമല്ല. കടമ്മനിട്ടക്കവിതയിലെ നാട്ടുപ്രമാണിയുടെ ധിക്കാരനോട്ടം എനിക്കിഷ്ടമല്ല. കക്കാടിന്റെ കവിതയിലെ സംസ്കൃതപദച്ചേർപ്പുകളും മഹാഭാരത കഥകളിലേക്കുള്ള തുടർച്ചയായ പിൻവാങ്ങലും എനിക്കിഷ്ടമല്ല. പൂണൂലും ജാതി- വംശ അഭിമാനവും വെളിപ്പെടുന്ന വിഷ്ണുനാരായണ കവിതാസന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. ജി. കുമാരപ്പിള്ളക്കവിതയിൽ കേവല വസ്തുസ്ഥിതിവിവരണത്തോടുള്ള കമ്പം എനിക്കിഷ്ടമല്ല. പുലാക്കാട്ടു രവീന്ദ്രന്റെ കവിതയിലെ പരമ്പരാഗത കാവ്യബിംബങ്ങളെ പുൽകാനുള്ള ത്വര എനിക്കിഷ്ടമല്ല. വി.കെ.നാരായണന്റെ കവിതയിലെ ലക്ഷ്യവേധിയല്ലാത്ത ചിതറൽഎനിക്കിഷ്ടമല്ല.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ ബലിമൃഗനാട്യവും വാക്കുകളെ ഊതിപ്പെരുപ്പിച്ച് മുഴക്കമുള്ളതാക്കുന്ന രീതിയും എനിക്കിഷ്ടമില്ല. ജയപ്രകാശ് അങ്കമാലിക്കവിതയിലെ ചുള്ളിക്കാട് സ്വാധീനം എനിക്കിഷ്ടമല്ല. ആനുകാലികമാവാനുള്ള ഏറ്റുമാനൂർ സോമദാസകവിതയുടെ വെമ്പൽ എനിക്കിഷ്ടമല്ല. ഒ വി.ഉഷയുടെ കവിതയിൽ ഭാവപരവും ഭാഷാപരവുമായി തുടങ്ങിയേടത്തു നിന്ന് മുന്നോട്ടു നീങ്ങാത്ത നില്പ് എനിക്കിഷ്ടമല്ല. ഒ.എൻ.വി.ക്കവിതയിൽ പ്രമേയത്തെ വൈകാരികമാക്കാൻ ശ്രമിക്കുമ്പോൾ പൊടിയുന്ന വിയർപ്പും മുഷിപ്പും എനിക്കിഷ്ടമില്ല. കാവാലം കവിത ഭാഷാപരമായി മ്യൂസിയംപീസ് ആയി പരിമിതപ്പെടുന്ന സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. യഥാർത്ഥ സംഭവങ്ങളെ പലപ്പോഴും വെറുതേ പദ്യപ്പെടുത്തുക മാത്രം ചെയ്യുന്ന പി.ഭാസ്കരരീതി എനിക്കിഷ്ടമല്ല. വയലാർക്കവിതയിൽ പുരോഗമനാശയങ്ങളും സവർണ്ണ യാഥാസ്ഥിതിക കാവ്യഭാഷയും പരസ്പരം പുറന്തിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമല്ല. പ്രമേയം, കാവ്യബിംബങ്ങൾ എന്നിവയുടെ കാര്യത്തിൽ കെ.വി. തമ്പിക്കവിതയിൽ കാണുന്ന ചുരുങ്ങൽ അഥവാ റേഞ്ചില്ലായ്മ എനിക്കിഷ്ടമല്ല. പ്രമേയംകൊണ്ടും രൂപംകൊണ്ടും പുതുതായിരിക്കുമ്പോഴും മാധവൻ അയ്യപ്പത്തിന്റെ കവിതകളിലുളള ഭാഷാപരമായ പഴക്കച്ചുവ എനിക്കിഷ്ടമല്ല. തിളങ്ങുന്ന രണ്ടു വരികൾക്കു മുകളിലും താഴെയും എ.അയ്യപ്പൻ നിരത്തുന്ന കാല്പനിക ക്ലീഷേ വരികൾ എനിക്കിഷ്ടമല്ല.
കുട്ടിത്തത്തിലേക്ക് സ്വയം പരിമിതപ്പെടുത്താനുള്ള കുഞ്ഞുണ്ണിക്കവിതയുടെ നിരന്തരശ്രമം എനിക്കിഷ്ടമല്ല. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലെ വാചാലമായ കടപടാരവം എനിക്കിഷ്ടമല്ല. പാലൂർക്കവിതയിലെ കഥ പറച്ചിലിന്റെ ചെടിപ്പ് എനിക്കിഷ്ടമല്ല. കവിത എന്ന മാധ്യമത്തോടുള്ള ആത്മവിശ്വാസക്കുറവിൽ നിന്നുണ്ടായതെന്നു തോന്നിക്കുന്ന ചെറിയാൻ കെ. ചെറിയാന്റെ കവിവ്യക്തിത്വമില്ലായ്മ എനിക്കിഷ്ടമല്ല. ജോർജ് തോമസിന്റെ കവിതയിൽ വിമർശനം അതി പ്രകടവും അതി പരുഷവുമാകുമ്പോൾ കാവ്യാത്മകത ചോരുന്നതായിത്തോന്നുന്ന അനുഭവം എനിക്കിഷ്ടമല്ല. തത്വചിന്താപരതയുടെ ആധിക്യം കൊണ്ട് കെ.എ, ജയശീലൻ കവിതയിൽ വരുന്ന ഭാഷാപരമായ ക്ലിഷ്ടത എനിക്കിഷ്ടമല്ല. അക്കിത്തം കവിതയിലെ പദ്യ പ്രബന്ധരചനാതല്പരതയും ഫ്യൂഡൽ മൂല്യങ്ങളുടെ തകർച്ചയിൽ നിന്നുണ്ടാകുന്ന വിഷാദവും എനിക്കിഷ്ടമല്ല. എം.ഗോവിന്ദ ഭാഷയിൽ ബോധപൂർവത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. ഫ്യൂഡൽ മൂല്യം വിട്ട് മുതലാളിത്ത മൂല്യത്തിലേക്കുള്ള മാറ്റത്തിനു പിന്നിലെ സമർത്ഥന്റെ നോട്ടം ഒളപ്പമണ്ണക്കവിതയിൽ നിന്നുയരുന്നത് എനിക്കിഷ്ടമല്ല. പുനലൂർ ബാലന്റെ കവിതയിൽ അത്യാവേശം കൊണ്ടുണ്ടാകുന്ന വാചാലത എനിക്കിഷ്ടമല്ല. പരമ്പരാഗത ക്ലീഷേ കാവ്യകല്പനകൾ കൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയാനുഭവത്തെ ദുർബലപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. സ്വന്തം കരുത്ത് തിരിച്ചറിയാതെ മുഖ്യധാരാ പ്രമേയങ്ങളിലേക്ക് പുറമണ്ണൂർ ടി.മുഹമ്മദിന്റെ കവിത പോകുന്നത് എനിക്കിഷ്ടമല്ല. സുധാകരൻ തേലക്കാടിന്റെ കവിതയിലെ കാല്പനികകാവ്യപാരമ്പര്യത്തോടുള്ള അമിത വിധേയത്വം എനിക്കിഷ്ടമല്ല. കെ.സി. ഫ്രാൻസിസിന്റെ അവസാനകാല കവിതയിലെ അതിരുകവിഞ്ഞ സിനിസിസവും വിഷാദവും എനിക്കിഷ്ടമല്ല. എസ്.വി. ഉസ്മാൻ കവിതയിൽ സ്വന്തം കവിവ്യക്തിതാത്തെ സ്വയം മാനിക്കായ്കയാലുണ്ടായ എഴുത്തിന്റെ വൈരള്യം എനിക്കിഷ്ടമല്ല. സി.എ.ജോസഫിന്റെ കവിതയുടെ കാവ്യശരീരത്തിൽ കാണുന്ന വൈലോപ്പിള്ളി സ്വാധീനം എനിക്കിഷ്ടമല്ല. വി വി കെ വാലത്തിന്റെ കവിതയിൽ പ്രഭാഷണപരത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. അപ്പപ്പോഴത്തെ പ്രായോഗിക ആവശ്യങ്ങൾക്കു വേണ്ടിയെഴുതിയവയാണ് ഈ കവിതകൾ എന്ന, ചെറുകാടിന്റെ കവിതയിലെ ഭാവം എനിക്കിഷ്ടമല്ല. കൃഷി, ദേശീയ പ്രസ്ഥാനം, കൃഷ്ണഭക്തി ഈ മൂന്നു വിഷയങ്ങളല്ലാതെ മറ്റെന്തിനെക്കുറിച്ചെഴുതുമ്പോഴും എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലുണ്ടാവുന്ന അയവ് എനിക്കിഷ്ടമല്ല. കൂത്താട്ടുകുളം മേരി ജോൺ കവിതയിൽ ക്രാഫ്റ്റിന്റെ കാര്യത്തിലുള്ള ഉദാസീനത എനിക്കിഷ്ടമല്ല. വി.കെ.ഗോവിന്ദൻ നായർക്കവിതയിൽ ഫ്യൂഡൽ സംസ്കാരത്തിന്റെ അഭിരുചിയോടുളള ഭക്തി കൂടി തലനീട്ടിക്കാണുന്നത് എനിക്കിഷ്ടമല്ല. കുട്ടമത്തിന്റെ കവിത വള്ളത്തോൾക്കളരിയുടെ ഭാവുകത്വ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നത് എനിക്കിഷ്ടമില്ല. കമ്പിനു കമ്പിന്, വരിക്കു വരി അലങ്കരിച്ചേ പറ്റൂ എന്ന വൈലോപ്പിള്ളിക്കവിതയുടെ പിടിവാശി എനിക്കിഷ്ടമല്ല. നാടൻ വാക്കുകളും കഠിന സംസ്കൃതവും തമ്മിൽ വിലക്ഷണമായി ചേരുമ്പോൾ ഇടശ്ശേരിക്കവിതയിലുണ്ടാകുന്ന പ്രയോഗക്ലിഷ്ടതകൾ എനിക്കിഷ്ടമല്ല. കാണുന്ന എന്തിനേയും പ്രതീകവത്കരിക്കുന്ന ജി. കവിതയിലെ യാന്ത്രികത എനിക്കിഷ്ടമല്ല. പി.കുഞ്ഞിരാമൻ നായർ തന്റെ ഏതു കവിതയിലും പ്രയോഗിക്കാൻ പാകത്തിന് ഒരുക്കിവെച്ചിരിക്കുന്ന ഒരുക്കു ശീലുകൾ പോലുള്ള വരികളും ബിംബങ്ങളും എനിക്കിഷ്ടമല്ല. വൈകാരികതലം പോലും ചിന്തിച്ചുണ്ടാക്കുന്നതാണ് എന്നു തോന്നിപ്പിക്കുന്ന അമിതമായ വിചാരപരത എൻ.വി.ക്കവിതയിൽ എനിക്കിഷ്ടമില്ല. കെ.കെ . രാജാക്കവിതയിൽ അനുഭവ പരതയേക്കാൾ ആശയപരതക്കു പ്രാമുഖ്യമുള്ള സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. കയ്പെങ്കിൽ അതി കയ്പ് ,ക്രോധമെങ്കിൽ അതിക്രോധം, വിഷാദമെങ്കിൽ അതി വിഷാദം - എപ്പോഴുമുള്ള ഈ അതി ചങ്ങമ്പുഴക്കവിതയിൽ ഉണ്ടാക്കുന്ന ചെടിപ്പ് എനിക്കിഷ്ടമില്ല. ഇടപ്പള്ളിക്കവിതയിൽ നിറയെയുള്ള ജീവിതതന്ത്രി, കാലമാകുന്ന കടൽ, വാസരനാഥൻ , കളവാണീമണി, കല്യാണകല്ലോലം എന്ന മട്ടിലുള്ള ചെടിപ്പിക്കുന്ന പദപ്രയോഗങ്ങളുടെ ആധിക്യം എനിക്കിഷ്ടമല്ല. ആഖ്യാനത്തിലെ കയറ്റിറക്കങ്ങളില്ലാത്ത ഒരേ സ്ഥായി ബാലാമണിയമ്മക്കവിതയിലുണ്ടാക്കുന്ന വൈരസ്യം എനിക്കിഷ്ടമല്ല. ആനുകാലിക സംഭവങ്ങളിൽ കുരുങ്ങിയേ പറ്റൂ എന്ന സഞ്ജയച്ചിരിയുടെ ശാഠ്യം എനിക്കിഷ്ടമല്ല. ടാഗോർക്കവിതയോടുള്ള വിധേയത്വത്തിൽ നിന്ന് പുറത്തുകടക്കുന്നത്‌ ശരിയല്ല എന്ന ടി.കെ.നാരായണക്കുറുപ്പിന്റെ കവിതയുടെ ഉറച്ച തീരുമാനം എനിക്കിഷ്ടമില്ല. പ്രസ്താവനകളോടും പൊതുതത്വങ്ങളോടുമുള്ള കുറ്റിപ്പുറത്തിന്റെ ഭ്രമം എനിക്കിഷ്ടമല്ല. കവിതയുടെ ഭാവാന്തരീക്ഷം തകർക്കും വിധത്തിൽ അസ്ഥാനത്ത് സാമൂഹ്യസ്ഥിതിവിവരണം നടത്തുന്ന വള്ളത്തോൾ രീതി എനിക്കിഷ്ടമല്ല. കന്യാകുമാരിയിലെ സൂര്യോദയം വർണ്ണിക്കുന്നിടത്ത് "പൊൻമയമായൊരു സാധനം പൊങ്ങുന്നു" എന്നെഴുതിയ തരത്തിൽ ഉള്ളൂർക്കവിതയിലുടനീളം കാണുന്ന പദൗചിത്യമില്ലായ്മ എനിക്കിഷ്ടമല്ല. വൈയക്തിക അനുഭവങ്ങളിൽ നിന്നു രക്ഷപ്പെട്ട് തത്വവിചാരങ്ങളിലേക്കു പോകാനുള്ള സിസ്റ്റർ മേരി ബനീഞ്ജക്കവിതയുടെ തിടുക്കം എനിക്കിഷ്ടമില്ല. സാക്ഷാൽക്കാരത്തിലേക്ക്, പൂർണ്ണിമയിലേക്ക് എത്തുന്നിടത്തു വെച്ച് ആശാൻ കവിതയെ പിന്നാക്കം വലിക്കുന്ന ആ പിൻവിളി എനിക്കിഷ്ടമല്ല. വി.സി. ബാലകൃഷ്ണപ്പണിക്കർക്കവിതയിലെ, "പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ" എന്ന മട്ടിലുള്ള പ്രയോഗങ്ങൾക്കു പിന്നിലെ നിയോക്ലാസിക് കാവ്യഭാഷയുടെ സ്വാധീനം എനിക്കിഷ്ടമല്ല.

എങ്കിലും ഇവരിലൊക്കെയുമുണ്ടല്ലോ എനിക്കിഷ്ടമുള്ളവയും...

എന്റെയീ അനിഷ്ടങ്ങൾ തന്നെയാകാം പലരുടെയും ഇഷ്ടങ്ങൾ. ഇവരുടെ കവിതകളിൽ എനിക്കു തോന്നിയ ഇഷ്ടങ്ങൾ തന്നെ മറ്റു പല വായനക്കാർക്കും അനിഷ്ടമാകാനും മതി.

ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പറയാൻ പറ്റാത്ത ഒരു മൂന്നാം വിഭാഗം വേറെയുമുണ്ടെന്നതാണ് കൗതുകം തോന്നുന്ന ഒരു കാര്യം. ഉദാഹരണത്തിന്, പാലാ നാരായണൻ നായർ, എം.പി.അപ്പൻ, നാലാങ്കൽ എന്നിവരുടെ കവിതകൾ കുറേ വായിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടത്തിന്റെ കാര്യത്തിലായാലും അനിഷ്ടത്തിന്റെ കാര്യത്തിലായാലും ഒരു തിരിപാട് ഇതുവരെ കിട്ടിയിട്ടില്ല. ഈ വിഭാഗത്തിൽ കുറെയേറെ കവികളുണ്ട്. വെണ്ണിക്കുളം പോലും എന്നെ സംബന്ധിച്ചിടത്തോളം ഈ വിഭാഗത്തിലാണു പെടുക. ഇതിനെല്ലാം പുറമേ, ശരിക്കു ഞാൻ വായിച്ചെത്തിയിട്ടില്ലാത്ത കുറച്ചു കവികൾ ഇനിയുമുണ്ട്,കെ.കെ.രാജായെപ്പോലെ.

Monday, June 21, 2021

ഒരു തലോടൽ മുറിഞ്ഞു മുറിഞ്ഞു വീഴുന്നു




1
നിന്റെ മാനത്തല്ലേ
നിറഞ്ഞത്?
പറയൂ,
എന്റെ കൈത്തലത്തിൽ പിറന്ന
മഴവില്ലായിരുന്നോ അത്?


2

തുടയ്ക്കാൻ കഴിയാതെ പോയ
കണ്ണീർത്തുള്ളി
എന്നെ വറ്റിച്ചു.

ഒരു കൈ
അതു തുടച്ചു കൊടുത്തു.
ആ കാരുണ്യത്തിൽ
ഞാൻ കഷ്ടിച്ചു
പുനർജനിച്ചു.


3
തലോടലിന്റെ ആദർശ രാഷ്ട്രം
തകർന്നു.

ഇതാ,
വെറും കൈത്തലം.

ഒന്നു തൊടട്ടെ?


4
ഒരാശ്വാസവാക്ക്
അകന്നകന്നു മായുന്നു

മാസങ്ങളിലൂടെ
വർഷങ്ങളിലൂടെ.

ഇപ്പോൾ
അറ്റം കാണാത്ത
ഒഴിഞ്ഞ ഹാൾ

നിശ്ശബ്ദത
ഒരാശ്വാസവാക്കല്ല.


5
വായുവിൽ തലോടലാണ്
കൈ വീശൽ


6
കൈത്തിരി,
തലോടൽനാളം,
ആശ്വാസവെളിച്ചം,

ഹാ!


7
നിന്നെ സമാധാനിപ്പിക്കാൻ
കഴിയാതെ പോയ തലോടലാണോ
എന്റെ കയ്യിലീ പേനയായ്
ചുരുണ്ടിരിക്കുന്നത്?
നിന്നെ സമാധാനിപ്പിക്കാൻ
കഴിയാതെ പോയ വാക്കാണോ
അതിന്റെ തൊണ്ടയിൽ
കുരുങ്ങിയിരിക്കുന്നത്?


8

കുഴഞ്ഞു പോയ ഒരു കൈ

തലോടുന്നത് സ്വപ്നം കാണുന്നു.

സ്ലോ മോഷനിൽ
അതു ചലിച്ചുകൊണ്ടിരിക്കുന്നു
ഭാവിക്കുമേൽ.


9
ആശ്വാസവാക്കുകൾ
ഞാനില്ലാത്ത ലോകത്തെ പൂക്കൾ

എത്ര പൊക്കത്തിൽ നിന്നാണീ മഴത്തുള്ളി വരുന്നത്! - ലേഖനം

"എത്ര പൊക്കത്തിൽ നിന്നാണീ
മഴത്തുള്ളി വരുന്നത്!"

- പി.രാമൻ.

വിഷ്ണുനാരായണൻ നമ്പൂതിരിയുമായി ഒന്നുരണ്ടു തവണ മാത്രമേ സംസാരിക്കാൻ എനിക്കവസരം കിട്ടിയിട്ടുള്ളൂ. അപ്പോഴൊക്കെയും ഞാൻ പട്ടാമ്പിക്കാരനാണെന്നു പറയുമ്പോൾ പട്ടാമ്പി സംസ്കൃത കലാലയത്തിൽ പഠിപ്പിച്ച കാലത്തെ ഓർമ്മകളിലേക്ക് അദ്ദേഹം പോകുമായിരുന്നു. പഴയ ശിഷ്യർ, സഹപ്രവർത്തകർ,കവികൾ, വഴിയിലെന്നും കണ്ടുമുട്ടിയ മനുഷ്യരെപ്പോലും അദ്ദേഹം ഓർത്തെടുത്തു.

സംസ്കാരത്തിന്റെ അടരുകൾക്കിടയിലെ ഓർമ്മകളിലേക്ക് എപ്പോഴും തിരിച്ചു പോയ്ക്കൊണ്ടിരിക്കുന്ന കവിതയുമാണ് അദ്ദേഹത്തിന്റേത്. വലിയ ഓർമ്മശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന് എന്ന് അദ്ദേഹത്തിന്റെ ചില സുഹ്യത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. നീണ്ട കവിതകളൊക്കെ ഓർമ്മയിൽ നിന്നെടുത്ത് അദ്ദേഹം ചൊല്ലുമായിരുന്നു. വ്യക്തിപരവും സാംസ്കാരികവുമായ ഓർമ്മകളുടെ സമൃദ്ധി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിലുണ്ട്. എത്രയേറെ മനുഷ്യരെക്കുറിച്ചും പ്രദേശങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും സാഹിത്യകൃതികളെക്കുറിച്ചുമുള്ള ഓർമ്മകളാണ് അദ്ദേഹത്തിന്റെ കവിതകളിൽ!

കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ കാവ്യപാരമ്പര്യങ്ങൾ ഈ കവിയിൽ സംഗമിക്കുന്നു. കാവ്യപാരമ്പര്യം എന്നതിലുപരി സംസ്കാര പാരമ്പര്യം എന്ന നിലയിലാണത്. "കൈരളീ ഖിന്നത്വം കളവാൻ ഉഴക്കവിൽ നിവേദിച്ച് ശാശ്വതയശസ്സും കണ്ണിൽ മോദാശ്രുവും നേടിയ രാമപുരത്തു വാര്യരും "അറുക്കുന്നതു കണ്ടു കണ്ടിങ്ങറച്ചു ഞാൻ കനിവു കറക്കുന്നൊരിടയനെത്തേടി തൊണ്ണൂറാണ്ടും" എന്നു പറയുന്ന പൂന്താനവും തൊട്ടിങ്ങോട്ട് ആശാൻ, വള്ളത്തോൾ,ജി, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങി സി.ജി.രാജഗോപാൽ, സി.കെ.കുഞ്ഞിരാമൻ തുടങ്ങിയ കവികളെയും വരെ ഓർത്തു കൊണ്ടുള്ള നിരവധി കവിതകൾ സമ്പന്നമായ മലയാള കാവ്യപാരമ്പര്യത്തെ മുൻനിർത്തി ഇദ്ദേഹമെഴുതിയിട്ടുണ്ട്. ബഷീറിനെപ്പോലുള്ള നോവലിസ്റ്റുകളെയും അദ്ദേഹം തൻ്റെ കവിതയിലോർക്കുന്നു. മുഖമെവിടെ എന്ന സമാഹാരത്തിലെ രണ്ടു ഭാഗങ്ങൾ ഊരുകളും പേരുകളുമാണ്.കാസർഗോഡ് തൊട്ട് പാറശ്ശാല വരെയുള്ള എത്രയോ സ്ഥലങ്ങളെക്കുറിച്ച് അദ്ദേഹത്തിനു കവിതകളുണ്ട്.മറ്റു മനുഷ്യരുമായും സ്ഥലങ്ങളും സംസ്കാരങ്ങളുമായും തനിക്കുള്ള ബന്ധത്തിൻ്റെ ആഴമാണ് ഈ കവി എന്നും പാടിക്കൊണ്ടിരുന്നത്.

ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോൾ കാളിദാസ കവിതയിലേക്കാണ് ആദ്യമെത്തുക. ഹേ കാളിദാസ, ഉജ്ജയിനിയിലെ രാപ്പകലുകൾ തുടങ്ങി കാളിദാസീയഭാവനയെ മുകരുന്ന പല കവിതകളുണ്ട്. ടാഗോർ, അരവിന്ദ മഹർഷി, വിഭൂതിഭൂഷണൻ, സച്ചിദാനന്ദ വാത്സ്യായൻ തുടങ്ങിയ ഭാരതീയ സാഹിത്യകാരന്മാരും ഗാന്ധിജി, നെഹ്രു, ജയപ്രകാശ് നാരായണൻ, വിനോബ ഭാവെ തുടങ്ങിയ നേതാക്കളുമെല്ലാം ഈ കവിതകളിൽ കടന്നു വരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന വികാരം ജനങ്ങളിലുണ്ടാക്കാൻ കവിതക്കു കഴിയണമെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയൊരു ഇന്ത്യയേയും ഇന്ത്യൻ സംസ്കാരത്തേയും അദ്ദേഹം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ബ്രാഹ്മണ്യ കേന്ദ്രിതമായ ഏകമുഖ ഇന്ത്യയെക്കുറിച്ചല്ല അദ്ദേഹം പറഞ്ഞത്. ബഹുമുഖ സംസ്കാരത്തിൽ ഊന്നുന്നതാണ് ഈ കവി കവിതയിൽ മുന്നോട്ടുവെച്ച ഭാരതീയത.അത് ജീവിത പാരമ്പര്യങ്ങളുടെയും സംസ്കാര - സാഹിത്യ പാരമ്പര്യങ്ങളുടെയും വൈവിധ്യത്തിൽ ഊന്നുന്നതാണ്. അതുകൊണ്ടുതന്നെ സംഘപരിവാർ രാഷ്ട്രീയത്തോടു ചേർന്നു നിൽക്കുന്നതുമല്ല, അദ്ദേഹത്തിൻ്റെ കവിതകളിലെ ഭാരതീയത.

സാംസ്കാരിക സൂക്ഷ്മതകളിലേക്ക് കവിയുടെ കണ്ണ് പെട്ടെന്നു പായുന്നതു കാണാം. പല തരം വസ്ത്രങ്ങൾ ഉടുക്കുന്നതിൻ്റെ കല വർണ്ണിക്കുന്ന ഒരു കവിത പെട്ടെന്ന് ഓർമ്മയിൽ വരുന്നു.('പുതിയ കോടി') തറ്റും കോടിമുണ്ടും പാൻറും ഉടക്കുന്നതിൻ്റെയും കുരുവി നീലം മുക്കി ഖദർ അലക്കുന്നതിൻ്റെയും ചിത്രങ്ങൾ ഈ കവിതയിലുണ്ട്. ആ കവിത അവസാനിക്കുന്നത്, "ആട മാറിയുടുക്കുമീ കളിയാടലെത്ര സുഖം" എന്ന ആനന്ദനൃത്തത്തിലാണ്. അനുഭവങ്ങളിലൂടെ നിർമമതയോടെ കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നതെന്ന് പെട്ടെന്നു നമുക്കു തോന്നും.

Cast a cold eye
on life, on death
Horseman, pass by

എന്ന ഡബ്ല്യു.ബി.യേറ്റ്സിൻ്റെ വരികൾ തൻ്റെ സമാഹാരത്തിൻ്റെ മുഖക്കുറിപ്പായി അദ്ദേഹം ചേർത്തുവെയ്ക്കും.എന്നാൽ നിർമ്മമമായ ആ തണുത്ത നോട്ടം നോക്കാൻ ഒരിക്കലും ഈ കവിക്കു സാധിക്കുകയില്ല എന്നതാണ് സത്യം. മമതയോടെ മുഴുകലാണ് മോക്ഷം.വിഷ്ണുനാരായണൻ നമ്പൂതിരി കവിതയിൽ, മനുഷ്യരിൽ, സംസ്കാരങ്ങളിൽ, ഈ മണ്ണിൻ്റെ ഇമ്പങ്ങളിൽ മമതയോടെ മുഴുകി. "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്ന ശാകുന്തള വാക്യം ഭൂമിഗീതങ്ങളുടെ തുടക്കത്തിലുണ്ട്. മണ്ണിനോടുള്ള കൂറാണ് വിഷ്ണുനാരായണൻ്റെ കവിതകളിലെ വെളിച്ചം. ഒരു മഴത്തുള്ളിയുടെ വരവു പോലും വിനയാന്വിതനാക്കുന്നു കവിയെ."എത്ര പൊക്കത്തിൽ നിന്നാണീ മഴത്തുള്ളി വരുന്നത്!" എന്ന വിസ്മയം വിനയത്തിന് വഴിമാറുന്നു.അഹന്തയെ അലിയിച്ചലിയിച്ചു കളയുന്ന പ്രവൃത്തിയാണ് ഇദ്ദേഹത്തിനു കവിത. കൂരച്ചാൽ എന്ന കവിതയിൽ പമ്പാനദിയിലൂടെ തുഴഞ്ഞു പോയി വിശാലമായ ജലപ്പരപ്പിൽ അകപ്പെടുന്ന ഒരു കൊച്ചു പയ്യൻ്റെ അഹന്ത നുറുങ്ങി ഉള്ളുവിടരുന്ന ആത്മീയ അനുഭവം കവി അതി മനോഹരമായി എഴുതിയിട്ടുണ്ട്.

കേരളീയവും ഭാരതീയവുമായ പാരമ്പര്യങ്ങളോടൊപ്പം പാശ്ചാത്യ പാരമ്പര്യത്തേയും ആദരവോടെ ഉൾക്കൊള്ളാൻ കവിക്കു കഴിഞ്ഞു.
"ധന്യേ! നിൻ തുകിലിൻ്റെ തുമ്പിലലസം
തൂങ്ങും കളിക്കുട്ടി ഞാൻ,
എന്നാലേതു വിയത് പഥങ്ങളിലിവൻ
ചുറ്റീല നിന്നിച്ഛയാൽ"
എന്ന് കവി പറയുന്നത് ഇംഗ്ലീഷ് കവിതയെക്കുറിച്ചു തന്നെയാണ്.(ഹൗണീസ്തവം) പാശ്ചാത്യതയുടെ അടിപ്പടവായി യവനസംസ്കാരത്തെ കരുതി ആദരിക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പ്രഖ്യാത രചനയാണല്ലോ സോഫോക്ലിസ്. അരിസ്റ്റോട്ടിലിനെയും ഹെരാക്ലിറ്റസ്സിനേയും പോലുള്ള യവന ദാർശനികരെക്കുറിച്ചും കവിതയുണ്ട്. അരിസ്റ്റോട്ടിലും ഹെരാക്ലിത്തോസും എന്ന കവിതയിൽ നമ്മുടെ നാറാണത്തു പ്രാന്തൻ്റെ ഓർമ്മയുമുണരുന്നു. പാശ്ചാത്യ സംസ്ക്കാരം അത്രമേൽ ഉൾച്ചേർന്നതുകൊണ്ടാവണം പാരമ്പര്യങ്ങളെ മനസ്സിലാക്കുമ്പോൾ തന്നെയും യാഥാസ്ഥിതികനാവാൻ കവിതയിലും ജീവിതത്തിലും അദ്ദേഹത്തിനു കഴിയാതെ പോയത്.

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത എന്നെപ്പോലുള്ള ഒരു തുടക്കക്കാരന് കരകൗരശലപ്പണികളുടെ ഒരു വലിയ പണിശാല തന്നെയാണ്. പദസ്ഥൈര്യമുള്ള കവി എന്ന് എൻ.വി.കൃഷ്ണവാരിയർ പണ്ടേ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കൃത്യമായ വാക്ക് എന്നത് ഇദ്ദേഹത്തിൻ്റെ ആദർശം തന്നെയായിരുന്നു. ആ വാക്കാണ്,പൂത്തു വാസനിക്കുന്ന ചാരുലതയാവുക.

കണ്ടേൻ - അതിൻ വേർപടലം ഇളാതലം
ചെണ്ടുകൾ മൂടുമിളംചില്ല വിണ്ടലം!

ഇങ്ങനെ ഭൂമിയിലും മാനത്തും പടർന്ന വാക്കിൻ്റെ രഹസ്യത്തെക്കുറിച്ച് എന്നെപ്പോലുള്ള തുടക്കക്കാരോട് ആ കവിത വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു.

വിഷ്ണുനാരായണൻ നമ്പൂതിരി പ്രയോഗിച്ചിട്ടുള്ള വൃത്ത- താള - വൈവിധ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദ്രാവിഡ വൃത്തങ്ങളും സംസ്കൃത വൃത്തങ്ങളും മാറി മാറി അദ്ദേഹം പ്രയോഗിക്കുന്നു.

കായൽക്കാറ്റിൻ തരളത, മയക്കുന്ന നട്ടുച്ച വിണ്ണിൽ
ചായും കാറിന്നലസത, തുലാരാത്രി തന്നാർദ്രഭാവം
തൂ നീർച്ചാലിൻ വിനയമധുരസ്വച്ഛവാണീവിലാസം
പൂവിൻ നൈർമ്മല്യവുമൊരു മിഴിത്തെല്ലിലിന്നല്ലി കണ്ടു!

കാമുകിയുടെ കണ്ണുകളെക്കുറിച്ചു പറയുന്നിടത്ത് മന്ദാക്രാന്ത എന്ന സംസ്കൃതവൃത്തം എത്ര സ്വാഭാവികതയോടെ, മലയാളിത്തത്തോടെ മുന്നിലേക്കു വരുന്നു എന്നു നോക്കുക.ഗംഗാ നാരായണനും ശോണമിത്രനും പോലുള്ള ആഖ്യാനങ്ങൾക്ക് അനുഷ്ടുപ്പ് ഉപയോഗിക്കുന്നതും ശ്രദ്ധേയം. മുകളിൽ ഉദ്ധരിച്ച ഹൗണീ സ്തവത്തിൽ ആംഗലേയ സാഹിത്യത്തെ പ്രകീർത്തിക്കാൻ ശാർദ്ദൂലവിക്രീഡിതമാണ് ഉപയോഗിക്കുന്നത്. സുഭദ്രാർജുനം എന്ന ആദ്യകാല കവിതയിൽ എത്ര ഒഴുക്കോടെ, ദ്രാവിഡീയമായ മട്ടിലാണ് വക്ത്രം എന്ന സംസ്കൃതവൃത്തം പ്രയോഗിച്ചിട്ടുള്ളത് എന്നു നോക്കൂ.ദ്രാവിഡ വൃത്തങ്ങളിലേക്കു കടന്നാലോ, പലതരംതാളക്കെട്ടുകൾ കടന്നു വരുന്ന അപൂർവ വൃത്ത മാതൃകകൾ തന്നെ കാണാൻ കഴിയും.കനിമുത്ത്, നമ്പി പാലം പുഴ തുടങ്ങിയ കവിതകൾ ഉദാഹരണം.

ചിദംബരത്തു ചെല്ലുമ്പോൾ, ശില്പത്തികവുള്ള ക്ഷേത്ര ഗോപുരം പെട്ടെന്നു മുന്നിലുയരുമ്പോൾ കവി എഴുതുന്നു: "അണയുന്നു ഞാനും ചിദംബരം, ഭൂമിവിട്ടുയരുന്നൊരേഴുനില ഗോപുരമാകുന്നു, പഴുതടച്ചോരോ കരിങ്കൽത്തരിയിലും പടരുന്ന മൃഗപക്ഷി ദേവതകളാകുന്നു" എന്ന്. ഗോപുരത്തിന്റെ പെരുമയും ശില്പങ്ങളുടെ സൂക്ഷ്മതയുമെല്ലാം ഒരു മിന്നൽ പോലെ ഭാഷപ്പെടുത്താൻ കവിക്ക് ആ കവിതയിൽ കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ സൂക്ഷ്മത്തേയും സ്ഥൂലത്തേയും ഭാഷയിൽ ശില്പപ്പെടുത്താൻ അത്ഭുതകരമാം വിധം കഴിഞ്ഞ കവിതയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്. ദർശനത്തിൻ്റെ ഔന്നത്യം കയ്യടക്കത്തിൻ്റെ ചാരുതയോടിണങ്ങുന്ന ആ കവിത എന്നും ആപാദചൂഡം മുഴുകാവുന്ന കാവ്യാനുഭവമായിരിക്കുന്നു.

Monday, June 7, 2021

കവിത - ലെസ്ബിയ ഹാർഫോഡ് (ഓസ്ട്രേലിയ. 1891 - 1927)

വേനലിലെ മിന്നൽപ്പിണർ
ലെസ്ബിയ ഹാർഫോഡ് (ഓസ്ട്രേലിയ, 1891-1927)

മിന്നൽച്ചിറകുള്ള കാലടികളാൽ
ധൃതിയിൽക്കടന്നുപോയ് ദൈവദൂത പ്രധാനികൾ
തിരക്കുള്ള രാത്രിയിൽ,
ചൂടുള്ള പകൽ നമ്മുടെ കണ്ണിൽ നിന്നും
മങ്ങി മാഞ്ഞ ശേഷം,
ഇതാ ഇപ്പോൾ.

പൊന്നു മാലാഖമാരേ,
കണ്ണുപൊട്ടിക്കുന്ന സത്യങ്ങൾ കൊണ്ടു തരല്ലേ
സ്വർഗ്ഗീയക്കൊട്ടാര മാളികകളിൽ നിന്നൊരു
സന്ദേശവും തരല്ലേ,
ഞങ്ങൾക്കായ് വിട്ടേച്ചു പോകണേ
ഞങ്ങളുടെ ഇരുണ്ട മരങ്ങളും
നക്ഷത്ര വെളിച്ചമുള്ള ഭൂമിയും..

എന്നിലെ ഉപ്പായിരിക്കുക ലോകമേ! - ലേഖനം

എന്നിലെ ഉപ്പായിരിക്കുക, ലോകമേ!

പി.രാമൻ

ഒ.എൻ.വി.യുടെ 'വീടുകൾ' എന്ന കവിതയിലൊരിടത്ത് ഒരു കുന്നിൻമുകളിലെ പച്ചപ്പിലൊതുങ്ങിയിരിക്കുന്ന വീടിനു ചുറ്റും ഈ ലോകം അതിന്റെ മുഴുവൻ സ്വസ്ഥതയും അസ്വസ്ഥതയും സ്നേഹവും ക്രൗര്യവുമെല്ലാം ഉള്ളടക്കിക്കൊണ്ട് ഒതുങ്ങി നിൽക്കുന്ന ഒരു ദൃശ്യമുണ്ട്. സമസ്തലോകത്തേയും തന്നോടു ചേർത്തുനിർത്തുക എന്നത് ഒ എൻ വിക്കവിതയുടെ ഒരു പ്രധാന സവിശേഷതയായി ഞാൻ വായിക്കുന്നു. ഏതകലത്തേയും ബന്‌ധത്തിന്റെ ഒരു കണ്ണി കൊണ്ടു ചേർത്തു കൊരുത്ത് അടുപ്പമാക്കുന്നതിന്റെ കലയാണ് ഒ എൻ വി യുടെ കാവ്യകല എന്ന് ഞാൻ പറയും.

കാലത്തെയും ദേശത്തെയും അങ്ങനെ കോർത്തിണക്കാനാവും. അമ്പതു വർഷം മുമ്പത്തെ കൊല്ലം റയിൽവേ സ്റ്റേഷനെപ്പറ്റി പറഞ്ഞു തുടങ്ങുന്ന ഒരു കവിത പെട്ടെന്ന് ഒരു വിരൽക്കൊളുത്തിലൂടെ കാലത്തിന്റെ അകലത്തെ വെട്ടിച്ചുരുക്കും. നോക്കൂ: "കൊല്ലത്തു തീവണ്ടിയാപ്പീസിലമ്പതു കൊല്ലത്തിനപ്പുറം അച്ഛന്റെ കൈവിരൽത്തുമ്പത്തു തൂങ്ങി നടക്കവേ", ആ ദൂരം ഇല്ലാതാവുന്നു. ആകാശത്തിന്റെയും മനസ്സിന്റേയും നിശ്ശൂന്യതയുടെ നീലിമ എങ്ങനെ വാക്കിൽ കോരി നിറയ്ക്കാമെന്നു വെമ്പൽ കൊള്ളുന്ന കവിയെ നമുക്ക് ആദ്യകാല കവിതകളിൽ തന്നെ കാണാൻ കഴിയും.

ഭൂമി, സൂര്യൻ, അമ്മ, അച്ഛൻ, മുത്തശ്ശി, മുത്തച്ഛൻ, കൂട്ടുകാരി, സുഹൃത്തുക്കൾ,തനിക്കു നേരിട്ടു ബന്ധമേതുമില്ലാത്ത എത്രയോ എത്രയോ സാധാരണ മനുഷ്യർ, മഹാത്മാക്കൾ, സാമൂഹ്യ - രാഷ്ട്രീയപ്രവർത്തകർ, എഴുത്തുകാർ, നർത്തകരും സംഗീതജ്ഞരും ചിത്രകാരന്മാരും ശില്പികളുമുൾപ്പെടുന്ന കലാകാരന്മാർ - എല്ലാവരേയും തന്നിലേക്കു ചേർത്തണയ്ക്കുന്ന കർമ്മമാണ് ഒ എൻ വിക്കു കവിത. ആ അടുപ്പം ഓരോന്നിനെക്കുറിച്ചാകുമ്പോൾ നാം ഓരോ വിശേഷണം ഒ എൻ വിക്കവിതക്കു നൽകുന്നു എന്നേയുള്ളൂ.ഭൂമിയോടും പ്രകൃതിയോടുമുള്ള ബന്ധത്തെക്കുറിച്ചാകുമ്പോൾ പരിസ്ഥിതി ബോധത്തിന്റെ കവിത എന്നു വിളിക്കുന്ന പോലെ.ആ കാവ്യലോകത്തിൽ മുഴുകുമ്പോൾ വായനക്കാരായ നമ്മളും അതൃപ്തികളും അകലങ്ങളും നിർവികാരതകളും വെടിഞ്ഞ് കവിയോടൊപ്പം ലോകത്തെ ചേർത്തു പുൽകുന്നു. കപോതപുഷ്പത്തെക്കുറിച്ച് ഒ എൻ വിക്കൊരു കവിതയുണ്ട്. സൂര്യനെ ധ്യാനിച്ച് ഗർഭിണിയാവുകയാണ് ആ കന്യാപുഷ്പം. പറക്കാൻ വെമ്പി നിൽക്കുന്ന പ്രാവിന്റെ രൂപമെടുത്തു നിൽക്കുകയാണാ കുഞ്ഞ് പൂവിന്റെ ദലപുടങ്ങൾക്കുള്ളിൽ. അതുപോലെ അകലങ്ങളെ ധ്യാനിച്ച് തന്റെയുള്ളിലാവാഹിക്കുകയാണ് കവി.

അടുപ്പിച്ചു നിർത്തുക, ഉള്ളിലെ ശൂന്യത നിറക്കുക എന്നിവ ഒ എൻ വിക്കവിതയെ സംബന്ധിച്ചു പരമപ്രധാനമായ രണ്ടു കാര്യങ്ങളാണ്. ജീവിതവീക്ഷണത്തെ മാത്രമല്ല കവിതയുടെ  രൂപഘടനയെപ്പോലും അവ നിർണ്ണയിക്കുന്നുണ്ട്. കവിതയുടെ കേന്ദ്രത്തിലേക്ക് എത്രത്തോളം ലോകത്തെ അടുപ്പിച്ചു നിർത്തുന്നുവോ അത്രത്തോളമാണ് ഒ എൻ വിക്കവിത സാന്ദ്രവും പാകവുമാകുന്നത്. മുറുകിയ ആഖ്യാനഘടനയുള്ള അത്തരം കവിതകളാണ് എനിക്കേറ്റവുമിഷ്ടം. ഉള്ളിൽ നിന്നു കവിഞ്ഞൊഴുകുന്നതാണ് കവിത എന്ന് കാല്പനിക കവിതയെപ്പറ്റി വിശേഷിച്ചും പറയാറുണ്ട്. എന്നാൽ ഉള്ളിലേക്കു വന്നു നിറയുന്ന ഒരു പ്രവാഹത്തിന്റെ അനുഭവമാണ് ഒ എൻ വിക്കവിത. പ്രപഞ്ചം അതിന്റെ മുഴുവൻ നാദ രസ രൂപ ഗന്ധ സ്പർശങ്ങളോടെയും കവിയിലും നമ്മളിലും ഒരേപോലെ വന്നു നിറയുന്നു. കവിയോടൊപ്പം നമ്മളും ജീവിക്കുന്നു. കവിയുടെ ഭൗതിക ജീവിതം അവസാനിച്ചാലും നമ്മളോടൊപ്പം കവിയും. ലോകത്തെ ഇത്രമേൽ എന്നിലേക്കു ചേർത്തണച്ചതിന് ഒ എൻ വിക്കവിതയോടു ഞാൻ കടപ്പെട്ടിരിക്കുന്നു. ലോകമേ, എന്നിലെ ഉപ്പായിരിക്കുകയെപ്പൊഴും!

ജോ-ആൻ ലിയോൺ കവിതകൾ - പരിഭാഷ, ഫ്രാൻസ്


രണ്ടു കവിതകൾ
ജോ- ആൻ ലിയോൺ

(എല്ലെസ് - മോഡേൺ ഫ്രഞ്ച് പോയട്രി ബൈ വിമൻ എന്ന സമാഹാരത്തിൽ നിന്നുള്ള കവിത. 1980- 90 കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു ഫ്രഞ്ച് എഴുത്തുകാരി, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

1. പൂവ്

നിൻ്റെ ജനാലക്കൽ നിന്ന്
എന്നെ നോക്കിച്ചിരിച്ചൂ നീ
തൊട്ടാൽ പൊടിയും മൃദുവാം
വിളറിനേർത്ത കുഞ്ഞു പൂവേ,
പട്ടിനേക്കാൾ മൃദുലമായ
മൃദുലമായയിതളുകൾ,
വായുവിൻ വഴുതി വീഴു -
മരുവിയിലൊരു തൂവലിൻ്റെ
നൃത്തം പോലെ നേർത്തുനേർത്ത
സ്പർശമെന്നു വിചാരിച്ച്
വിരൽത്തുമ്പു വിറച്ചു നമ്മ -
ളൊന്നു തൊടാൻ കൊതിക്കുന്ന
കുഞ്ഞുങ്ങൾ തൻ മുടി പോലെ
മൃദുലമായയിതളുകൾ

നിൻ്റെ ജനാലക്കൽ നിൽക്കും
നിന്നെ നോക്കിച്ചിരിപ്പൂ ഞാൻ
ആരുമെൻ്റെ നേർക്കു നീട്ടാ-
ത്തോരു നേർത്ത കുഞ്ഞു പൂവേ.


2.പ്രതിരോധം

തുടകൾക്കിടയിലെന്നെ
തകർത്തീടും നിൻ
കിടപ്പറക്കണ്ണുകൊണ്ടെൻ
നേർക്കു നോക്കേണ്ട

നിൻ സ്വരത്തിൻ ഇരുണ്ടാഴ -
മുള്ള താരാട്ടാൽ
നശിച്ചവൾ ഞാൻ, എന്നോടു
സംസാരിക്കേണ്ട.

വിലക്കപ്പെട്ടിടങ്ങളിൽ
വിരലെത്തും നിൻ
പരുക്കൻ കൈകൾകൊണ്ടെന്നെ
തൊടുക വേണ്ട

പുറത്തേക്കു പൊടുന്നനെ
പിടിച്ചിറക്കി
പനിച്ച വായകൊണ്ടെന്നെ-
യുമ്മ വയ്ക്കേണ്ട

ഓർമ്മതൻ വന്യമാം തീവ്ര-
വിലാപഗീത -
മാണു നീ, യാകയാലെന്നെ
വിളിച്ചിടേണ്ട

ശുദ്ധമാം വെറും പൊടി നിൻ
വാക്കുകൾ, തീരാ -
ശ്ശല്യമേകുമാസക്തിക്ക -
തുറ്റൊരൗഷധം

മറുജീവിതം - ക്ലോദ് ദ് ബുറൈൻ (പരിഭാഷ - ഫ്രാൻസ്)

മറു ജീവിതം
ക്ലോദ് ദ് ബുറൈൻ (ഫ്രാൻസ്, ജനനം : 1931)

മെല്ലെ നീയെന്നെ നയിക്കും. സൗമ്യമായ കാലാവസ്ഥയിൽ മരങ്ങൾ പച്ച വാതിലുകൾ തുറക്കുന്നു. തേനടകളുടെ ഗന്ധം വായുവിൽ വായുവിൽ തങ്ങി നിൽക്കുന്നുണ്ട്. പിന്നെ പൂമ്പാറ്റകൾ. നിന്നെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ തൊലിയ്ക്കാകെ താഴ് വരയിലെ ലില്ലിപ്പൂക്കളുടെ ഗന്ധം.

കുട്ടിക്കാലത്തിന്റെ മണൽപ്പരപ്പിലൂടെ ഞാൻ നടക്കുന്നു. ചിരിയുടെയൊലികൾ ചുമരുകൾക്കു മേൽ ചെറിയ കണ്ണാടികൾ പോലെ പതിച്ചു.

സൂര്യൻ പുലർച്ചെ കുളിക്കാൻ പോയി. നേർത്ത വിരലുകൾ കൊണ്ട് നിന്റെ കവിളുകൾ തലോടി.
ഇത് ചിപ്പി മുത്തിനെ പുറന്തള്ളുന്ന സമയം.
വെളിച്ചം പിങ്കും വെള്ളയും നിറമുള്ള, പഞ്ചസാര പുരട്ടിയ ബദാം കുരു.
എന്റെ വിരലിന്മേൽ മരതക പ്രഭയുള്ള പകൽ വെളിച്ചം, മുത്തിന്റെ മാതാവ്.

Sunday, June 6, 2021

നാം ചേർത്തുപിടിക്കേണ്ട ഞാൻ

നാം ചേർത്തുപിടിക്കേണ്ട ഞാൻ
പി.രാമൻ

സാമൂഹികതയുടെയും വൈയക്തികതയുടെയും പ്രതിഫലനം കവിതയിലുണ്ടാകും. രണ്ടും രണ്ടായല്ല പരസ്പരം കലർന്നാണ് മിക്കപ്പോഴും കാണപ്പെടുക. എന്നാലും പലപ്പോഴും നാം പറയും, ആ കവിത 'പെഴ്സണൽ' ആണ് എന്ന്. അല്ലെങ്കിൽ ചില പ്രത്യേക ചരിത്ര ഘട്ടങ്ങളിലെ കവിതകളെ മുൻനിർത്തിപ്പറയും, ഓരോ കവിയുടെയും സവിശേഷ വ്യക്തിമുദ്ര അവയിലില്ലെന്ന്. പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള മണിപ്രവാള കവിതകളെപ്പറ്റി അങ്ങനെ നിരീക്ഷിക്കാറുണ്ട്. ചില കവിതകളിൽ വ്യക്തിയുടെയോ ചിലതിൽ സംഘത്തിന്റെയോ കാഴ്ച്ചപ്പാടുകൾക്കായിരിക്കും മുൻതൂക്കം. മണിപ്രവാള കവിതയിൽ സമൂഹത്തിന്റെ മേൽത്തട്ടിലുള്ള ഒരു വിഭാഗത്തിന്റെ സംഘശബ്ദം നാം കേൾക്കുന്നു. പാട്ടു പ്രസ്ഥാനത്തിൽപെട്ട കവിതകളിലും കവികളുടെ വൈയക്തികതയ്ക്കല്ല പ്രാധാന്യം. "ഊഴിയിൽ ചെറിയവർക്കറിയുവാൻ" എന്ന് പാട്ടു പ്രസ്ഥാനത്തിലെ ആദ്യ കൃതിയായ രാമചരിതത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, സമൂഹത്തിലെ ഏതു വിഭാഗത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്ന്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള മലയാള കവിതയിൽ ഇത്തരം സംഘപ്രതിനിധാനങ്ങൾ വളരെ കൂടുതലും വൈയക്തിക ഊന്നലുകൾ കുറവുമാണ്. കവിയുടെ വൈയക്തികതക്കു മുൻതൂക്കമുള്ള ജ്ഞാനപ്പാനയും കഥാപാത്രത്തിന്റെ വൈയക്തികതക്കു മുൻതൂക്കമുള്ള നളചരിതം ആട്ടക്കഥയുമാണ് രണ്ടപവാദങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള മലയാള സാഹിത്യത്തിൽ വ്യക്തിയെ മുന്നോട്ടുവയ്ക്കുന്ന രണ്ടു കൃതികൾ എന്ന നിലയിൽ അവ പ്രധാനമാണ്.

എഴുത്തിൽ വൈയക്തികതക്കു വിപുലമായി പ്രാധാന്യം കിട്ടിത്തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടൊടുവിലും ഇരുപതാം നൂറ്റാണ്ടാരംഭത്തിലുമാണ്. സാമൂഹ്യ ജീവിതത്തിലുമതെ വ്യക്തിക്ക് അംഗീകാരം കിട്ടിത്തുടങ്ങിയത് അക്കാലത്തു തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പല തലങ്ങളിലൂടെ നമ്മുടെ കവിതയെ ആവേശിച്ച കാല്പനികതയിലൂടെ ആ ഞാൻ പെട്ടെന്നു പ്രബലനായി മാറി. ലോകത്തെവിടെയുമുള്ള വ്യക്തിയുടെ ദുരിതത്തോടും സഹനത്തോടും ഐക്യപ്പെടാൻ മലയാളിയെ സജ്ജമാക്കുന്നതിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നമ്മളെ സ്വാധീനിച്ച ഹ്യൂമനിസ്റ്റ് ആശയങ്ങൾക്കു സാധിച്ചു. എങ്കിലും ഇങ്ങനെ സമീപകാലത്തു മാത്രം ഉയർന്നുവന്ന ആ ഞാനിനെ പൂർണ്ണമായും മനസ്സിലാക്കാൻ മലയാളിക്കു സാധിച്ചിട്ടുണ്ടോ?

കവിതയിൽ ഞാൻ എന്നു കണ്ടാൽ, അല്ലെങ്കിൽ ഉത്തമ പുരുഷ സ്ഥാനത്തു നിന്ന് കവി നേരിട്ട് ആഖ്യാനം നടത്തിക്കണ്ടാൽ ഉടനെ കവിയുടെ ജീവചരിത്രവുമായി കവിതയെ ബന്ധിപ്പിച്ചു കൊണ്ടുള്ള തരം വായനാരീതിക്ക് നമ്മുടെ നാട്ടിൽ വലിയ പ്രചാരമുണ്ട്. വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം എന്ന കവിത ഈ രീതിയിൽ വായിക്കുമ്പോൾ കവിയുടെ വൈയക്തികാനുഭവങ്ങളുടെ ആവിഷ്കാരമായി മാത്രം ചുരുങ്ങിയേക്കും. പി.കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ വായിക്കുമ്പോൾ കവി സ്വകാര്യ ജീവിതത്തിലനുഭവിച്ച ഭ്രഷ്ടുകളിലേക്കു മാത്രം നാം പരതിപ്പോയേക്കും. ചങ്ങമ്പുഴക്കവിതകളിലേക്കു വന്നാൽ പറയാനുമില്ല. കവിതയിലെ ഞാൻ അതെഴുതിയ കവിയാണ് എന്നു ചുരുക്കിക്കണ്ടാൽ വായന കവി വ്യക്തിത്വത്തിലേക്കുളള കുരുട്ടു നോട്ടം മാത്രമായി മാറും.

ഇതു പറയുമ്പോൾ ജീവചരിത്രപരമായ വിവരങ്ങൾ വായനയിൽ പ്രയോജനപ്പെടുത്തേണ്ടതില്ല എന്നല്ല. മറിച്ച്, ഞാൻ എന്ന ഉത്തമ പുരുഷ വീക്ഷണകോൺ കാണുമ്പോഴേ കവിയുടെ ജീവചരിത്രത്തിലേക്ക് ചുഴിഞ്ഞു നോക്കേണ്ടതില്ല എന്നു മാത്രം. കവിത വായിച്ചു വരുമ്പോൾ കവിതയിലെ ഞാൻ വായനക്കാരനായ ഞാനായി മാറുന്നുവെങ്കിൽ വായനക്കാരൻ സ്വന്തം ജീവചരിത്രത്തിലേക്കു ചുഴിഞ്ഞു നോക്കിയാൽ തന്നെ മതിയാകും. കവിതയുടെ ആസ്വാദനത്തിൽ എന്തെങ്കിലും അധികമാനങ്ങൾ സൃഷ്ടിക്കാൻ ഉതകുമെങ്കിൽ മാത്രമേ ജീവചരിത്രപരമായ കാര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. ഉദാഹരണത്തിന്, വീണപൂവോ നളിനിയോ ആസ്വദിക്കാൻ ആശാന്റെ വ്യക്തിജീവിതത്തിലേക്ക് ചികഞ്ഞു പോകണമെന്നില്ല.മറിച്ച് ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ വായനയിൽ ജീവചരിത്രപരമായ അറിവുകൾ പ്രയോജനപ്പെട്ടേക്കും.

അതെ, കവിതയിലെ ഞാൻ അതെഴുതിയ വ്യക്തി മാത്രമല്ല, വായിക്കുന്ന ഈ ഞാനും കൂടിയാണ്. ആകയാൽ കവിതയിലെ ഞാൻ ഒരുൾവലിയലോ ഒതുങ്ങലോ ചുരുങ്ങലോ അല്ല.മറിച്ച് ഈ ലോകത്തിലെ, വായിക്കുന്ന ഞാൻ കൂടിയുൾപ്പെട്ട മാനുഷ്യകത്തിന്റെ ഒരു ചെറുകണമാണയാൾ. സ്ഥലം, കാലം, ഭാഷ, വർഗ്ഗം, ലിംഗം തുടങ്ങി പലതിനുമുള്ളിൽ നിന്നുകൊണ്ട് അയാൾക്കു സാദ്ധ്യമായേടത്തോളം മനുഷ്യാനുഭവങ്ങൾ അയാളിലൂടെ പ്രകാശിപ്പിക്കുകയാണ് കവി. ഒരേ സമയം അയാൾ നിൽക്കുന്നിടത്തേക്കു വായനക്കാരനും വായനക്കാരൻ നിൽക്കുന്നിടത്തേക്കയാളും എത്തുന്നുണ്ട്. ഈ പാരസ്പര്യത്തിലൂടെ മനസ്സിലാക്കപ്പെടേണ്ടയാളാണ് കവിതയിലെ ഞാൻ.

നോബൽ സമ്മാനം നേടിയ പോളിഷ് കവി ചെസ്ലാ മിലോഷി(1911-2004)ന്റെ ഒരു കുഞ്ഞു കവിത ഓർമ്മയിൽ വരുന്നു. കവിതയുടെ പേരു തന്നെ എന്റേത് എന്നാണ്.

"എന്റെയച്ഛൻ, എന്റെയമ്മ,
എന്റെ ഭർത്താവെന്റെ ചേച്ചി
എന്റെ ചേട്ടൻ" ഇങ്ങനെ ഞാ-
നിരുന്നു കേട്ടു.

ഹോട്ടലിൽ പ്രാതലിൻ നേര-
ത്തപ്പുറത്തെ മേശയിൽനി-
ന്നാർത്തു പൊങ്ങും സ്ത്രീകളുടെ
മന്ത്രണമേളം

പാളി നോക്കീടുന്നു ഞാനാ -
ച്ചലിക്കും ചുണ്ടുകൾ, ഇങ്ങീ
ഭൂമിയിൽ ഞാനുണ്ടെന്നതിൽ
ആനന്ദിക്കുന്നു

നമ്മുടെയീക്കുഞ്ഞു കു-
ഞ്ഞെന്റേതുകളെയാഘോഷിക്കാൻ
മണ്ണിലിവർക്കൊപ്പമൊരു
നിമിഷം കൂടി.

ഹോട്ടലിൽ തൊട്ടടുത്ത മേശയ്ക്കലിരുന്നു ഭക്ഷണം കഴിക്കുന്ന തനിക്കപരിചിതരായ മനുഷ്യരുടെ കുഞ്ഞു കുഞ്ഞ് എന്റേതുകളെ ആർദ്രതയോടെ നോക്കുകയാണ് മറ്റൊരു ഞാൻ ആയ കവി ഇവിടെ. അവരുടെ സംസാരം കേട്ടിരിക്കുമ്പോൾ ഈ ഭൂമിയിൽ ഞാനും ഉണ്ട് എന്ന ആനന്ദമാണ് കവിക്ക്. ആ ഞാൻ ചെസ്ലാ മിലോഷ് എന്ന മനുഷ്യനല്ല, മറിച്ച് ഈ ഭൂമിയിലെ ഓരോ പ്രാണിയുമാണ്.

വ്യത്യസ്തമായ പല നിലകളിൽ ഞാൻ എന്ന വീക്ഷണസ്ഥാനം പാശ്ചാത്യ കവിതയിൽ പൊതുവേ വളരെ പ്രബലമാണ്. "ഞാനും പാടുന്നു : അമേരിക്കാ"എന്ന് അമേരിക്കൻ കവി ലാങ്സ്റ്റൻ ഹ്യൂസ് (1902-1967)  എഴുതുമ്പോൾ ആ ഞാനിൽ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ മുഴുവൻ അനുഭവിച്ച വിവേചനങ്ങളുടെ ആകെത്തുകയുണ്ട്. 1926-ൽ എഴുതിയ ഈ കവിതയുടെ പേരു തന്നെ ഞാനും എന്നാണ്.

ഞാനും പാടുന്നു: അമേരിക്കാ

ഞാൻ ഇരുണ്ട സോദരൻ
കൂട്ടുകൂടി രസിക്കാൻ ആൾക്കാർ വന്നപ്പോൾ
' അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നവരെന്നെ പറഞ്ഞയച്ചു.
പക്ഷേ, ഞാൻ ചിരിക്കുന്നു
നന്നായി തിന്നുന്നു
കരുത്തോടെ വളരുന്നു.

നാളെ
കൂട്ടം കൂടി രസിക്കാൻ ആൾക്കാർ വരുമ്പോൾ
മേശക്കരികെ ഞാനുണ്ടാവും.
'അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നെന്നോടു പറയാൻ
ആരും ധൈര്യപ്പെടില്ല, പിന്നെ.
അതിനൊക്കെപ്പുറമേ,
ഞാനെത്ര സുന്ദരനെന്നു കണ്ട്
അവർ ലജ്ജിക്കും

ഞാനും അമേരിക്കയാണ്.

ഇവിടെ ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ഞാൻ. ഒരു വ്യക്തിയുടെയല്ല, ഒരു ജനവിഭാഗത്തിന്റെ തന്നെ ജീവിതാവസ്ഥകളുടെ മുദ്രകൾ ഈ കവിതയിലുള്ളതിനാലാണ് ഇതിലെ ഞാൻ ഒരു ജനതയുടെ പ്രതിനിധിയാകുന്നത്.മറിച്ച് നേരത്തേ ഉദ്ധരിച്ച മിലോഷിന്റെ കവിതയിലെ ഞാൻ അങ്ങനെയല്ല. ഇങ്ങനെ പ്രതിനിധാനമായും അല്ലാതെയും ഞാൻ കവിതയിൽ കടന്നുവരുന്നു. ഇതു രണ്ടും രണ്ടായിത്തന്നെ കാണാൻ നാം ശീലിക്കേണ്ടതുണ്ട്.

ഞാൻ പോകുമ്പോൾ
എന്റെ കുഴിമാടം
നന്നായി നോക്കണേ പുൽച്ചാടീ

എന്ന് ജപ്പാനിലെ സെൻ കവിയായ കൊബായാഷി ഇസ്സ (1762 - 1826) എഴുതുമ്പോൾ അത് ഇരുനൂറു വർഷം മുമ്പു ജീവിച്ച ഒരു വ്യക്തിയുടെ ശബ്ദമായിരിക്കേത്തന്നെ മാനുഷ്യകത്തിന്റെ മുഴുവൻ ശബ്ദമായി നാം കേൾക്കുന്നു. സന്തോഷവും വേദനയും നിസ്സഹായതയും പ്രപഞ്ചത്തോടു മുഴുവനുമുള്ള സ്നേഹവും തികഞ്ഞ മനുഷ്യന്റെ ശബ്ദം - എന്റെ ശബ്ദം.

അയർലന്റുകാരനായ ഷീമസ് ഹീനി (1939 - 2013) യുടെ കവിതകൾ ഇപ്പോൾ ഞാൻ വായിക്കുന്നു. ബ്ലാക്ബെറിപ്പഴം പറിക്കൽ, പ്രകൃതി നിരീക്ഷകന്റെ മരണം, കിള തുടങ്ങിയ ആദ്യകാല കവിതകൾ തൊട്ട് രണ്ടു ലോറികൾ പോലുള്ള പിൽക്കാലരചനകൾ വരെയുൾപ്പെട്ട വിരിവുള്ള     ആ കവിതാലോകത്ത് വ്യക്തി, കുടുംബം, സമൂഹം, പ്രകൃതി എന്നീ അടരുകളെല്ലാം കൂടിക്കലർന്നു കിടക്കുന്നു. ഞാൻ എന്ന വാക്ക് അവിടെ വളരെ പ്രധാനമാണ്. 'ഡിഗിങ്' എന്ന ആദ്യകാലകവിത തുടങ്ങുന്നത് ഇങ്ങനെയാണ് :

എന്റെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ
തടിയൻ പേന വിശ്രമിക്കുന്നു, ഒരു തോക്കുപോലൊതുങ്ങി.

എന്റെ ജനാലക്കു കീഴേ
മണ്ണുകൊത്തുന്ന വ്യക്തമായ ശബ്ദം.
ഞാൻ താഴേക്കു നോക്കുമ്പോൾ
അച്ഛൻ കിളക്കുകയാണ്.

കവി ഉപയോഗിച്ച ഞാൻ, എന്റെ എന്നീ വാക്കുകൾ അതേപടി നിലനിർത്തിയാണ് മേൽ കൊടുത്ത വരികൾ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിൽ അത് വളരെ സ്വാഭാവികമായി വായിച്ചു പോകാം. എന്നാൽ മലയാളത്തിൽ രണ്ടാം ഖണ്ഡത്തിലെ എന്റെ, ഞാൻ എന്നിവ അനാവശ്യമായി തോന്നിയേക്കാം. കാവ്യശരീരത്തിൽ തന്നെ 'ഞാ' നിനുള്ള പ്രാധാന്യം ഇവിടെ വ്യക്തമാണല്ലോ. കവിതയിലെ ഉത്തമപുരുഷ ആഖ്യാതാവിന്റെ (ഞാൻ) അച്ഛൻ മണ്ണിൽ നിന്ന് ഉരുളക്കിഴങ്ങ് കിളച്ചെടുക്കുകയാണ്. അച്ഛന്റെ കൂടെ 'ഞാ'നും കൃഷിപ്പണി ചെയ്യാറുണ്ട്. ഉരുളക്കിഴങ്ങിന്റെ തണുത്ത കടുപ്പം കൈകളിൽ 'ഞാ'നും അറിഞ്ഞിട്ടുണ്ട്. അച്ഛന്റെയച്ഛനും ഉരുളക്കിഴങ്ങു കർഷകനായിരുന്നു. ഒരിക്കൽ പണിക്കിടയിൽ മുത്തച്ഛനു കുടിക്കാൻ കുപ്പിയിൽ പാലുമായി പോയത് 'ഞാ' നാണ്. അദ്ദേഹം നിവർന്നു നിന്നു പാലുകുടിച്ച ശേഷം കൂടുതൽ ആഴത്തിൽ കിളക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എന്റെ കൈയ്യിൽ കൈക്കോട്ടല്ല, പേനയാണിരിക്കുന്നത്. ഇതുകൊണ്ടു 'ഞാൻ' കിളക്കും എന്ന ദൃഢമായ പ്രഖ്യാപനത്തിലാണ് കവിത അവസാനിക്കുന്നത്. തന്റെ പൂർവികർ കൈക്കോട്ടുകൊണ്ടു കിളച്ചതുപോലെ താൻ പേനകൊണ്ടു കിളക്കും എന്ന പുതിയൊരെഴുത്തുകാരന്റെ ഉറച്ച സ്വരം നാമീക്കവിതയിൽ കേൾക്കുന്നു. തന്റെ എഴുത്തിന്റെ വേരുകൾ കാർഷിക പൈതൃകത്തിലാണെന്ന കവിയുടെ തിരിച്ചറിവിന്റെ കവിതയാണ് ഇത്. ഈ തിരിച്ചറിവ് വായനക്കാരന്റെ കൂടി തിരിച്ചറിവായി മാറുന്നു. കവിതയുടെ പശ്ചാത്തലമായ അയർലന്റിലെ സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്തമായി, തന്റെ പാരമ്പര്യം തന്നിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നന്വേഷിക്കാൻ വായനക്കാർ പ്രേരിതരാവുന്നു. മറിച്ച്, ഓ ഇതാണല്ലേ ഇയാളുടെ കുടുംബകഥ, കൊള്ളം എന്നോ ഇങ്ങേരുടെ കുടുംബപുരാണമറിഞ്ഞിട്ട് നമുക്കെന്തു കിട്ടാൻ എന്നോ വായനക്കാരനിലെ ഞാൻ ചിന്തിച്ചാൽ തീർന്നു അതോടെ വായന.

കവിതയിലെ ആഖ്യാതാവായ' ഞാ'നിന് അയാളെ സൃഷ്ടിച്ച കവിയുമായി താദാത്മ്യമുണ്ടാകണമെന്നുപോലുമില്ല. തന്നിൽ നിന്നു പുറത്തുള്ള ഒരു കഥാപാത്രമായിട്ടാവാം കവി ആ ഞാനിനെ സൃഷ്ടിച്ചിട്ടുള്ളതു തന്നെ. ഒരേ കവിയുടെ പല കവിതകളിൽ കേവല വ്യക്തിയായ ഞാനും സംഘ പ്രതിനിധാനമായ ഞാനും അതു രണ്ടുമല്ലാത്ത കഥാപാത്രമായ, കവിയുമായി താദാത്മ്യപ്പെടാത്ത ഞാനും പ്രത്യക്ഷപ്പെടുന്നതും പതിവാണ്. ഈ മൂന്നു 'ഞാ'നിനേയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്.

അതെന്തുമാകട്ടെ, ഈ ഞാനും ഞാനാണ് എന്ന്, കവിതയിലെ ഞാനുമായി വായനക്കാരന് ഐക്യപ്പെടാനാവുക എന്നതാണു പ്രധാനം. ഈ ഐക്യപ്പെടലിനെക്കുറിച്ച് രസകരമായ ഒരു കാവ്യസിദ്ധാന്തം ഭട്ടനായകൻ എന്ന ഭാരതീയ കാവ്യശാസ്ത്രകാരൻ നൂറ്റാണ്ടുകൾക്കു മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. കവിതയിൽ പറഞ്ഞിട്ടുള്ള സവിശേഷമായ അനുഭവം ഭാവനാ ശക്തികൊണ്ട്, വായിക്കുന്ന നമ്മുടേതു കൂടിയാവുന്നു. ഈ മാറ്റത്തെ സാധാരണീകരണം എന്നാണ് ഭട്ടനായകൻ         വിളിക്കുന്നത്. ആ അനുഭവം നമ്മുടേതുകൂടിയാവുമ്പോഴാണ് നമുക്കതു രസിച്ച് ആസ്വദിക്കാനാവുക.

കെ.എ. ജയശീലൻ എന്ന കവി 'ഞാ'നിനെക്കുറിച്ച് തന്റെ കവിതകളിലൂടെ അവതരിപ്പിക്കുന്ന ആശയങ്ങൾ കൗതുകകരമാണ്. മുമ്പേതോ കാലത്ത് ഈ പ്രപഞ്ചത്തോട് ഒട്ടിയാണ് ഞാൻ ഉണ്ടായിരുന്നത്. എന്റെ ഞരമ്പുപടലം എന്നിൽ അവസാനിച്ചിരുന്നില്ല. ധ്രുവപ്രദേശത്തെ ഒരു സീലിനു മുറിവേൽക്കുമ്പോൾ ഇവിടെയിരിക്കുന്ന എനിക്കും വേദനിക്കുമായിരുന്നു. എന്നാൽ എന്നെ മറ്റു ജീവിലോകങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ആ ഞെരമ്പുപടലം എപ്പൊഴോ എങ്ങനെയോ മുറിഞ്ഞു പോയി. ഇന്നിപ്പോൾ എന്റെ അനുഭവങ്ങളും വികാരങ്ങളുമെല്ലാം എന്നിൽ ഒതുങ്ങുന്നു എന്നതാണ് സങ്കടം. നഷ്ടപ്പെട്ടു പോയ ആ സിരാബന്ധം കവിതയിലൂടെ വീണ്ടെടുക്കുകയാണ് ഈ കവിക്ക് എഴുത്തിന്റെ ലക്ഷ്യം. ഞാനിൽ നിന്നുള്ള മോചനത്തെ തത്വചിന്താപരമായി ആവിഷ്കരിക്കുന്നു ഇവിടെ കവി.

'പെഴ്സണൽ ഈസ് പൊളിറ്റിക്കൽ' എന്ന പ്രയോഗം ഇന്നു നാം ധാരാളം ഉദ്ധരിക്കാറുണ്ട്. 1960 കളിൽ പടിഞ്ഞാറൻ നാടുകളിൽ രൂപം കൊണ്ട സ്ത്രീവാദചിന്തകളിൽ നിന്നാണ് ആ പ്രയോഗം പ്രചരിച്ചത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾക്കുണ്ടാകുന്ന അനുഭവങ്ങളെ വ്യക്തിപരം എന്നു പറഞ്ഞ് മാറ്റി നിർത്താനാവില്ല, ആ വ്യക്തിപരതയിൽ രാഷ്ട്രീയമുണ്ട് എന്നത് ഇന്ന് ഒട്ടൊക്കെ നമുക്ക് ഉൾക്കൊള്ളാനായിട്ടുണ്ട്. പെഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്നത് സ്ത്രീവാദ സന്ദർഭങ്ങളിൽ മാത്രമല്ലാതെ പൊതുവായിത്തന്നെ നാം ധാരാളം പ്രയോഗിക്കാറുണ്ട്. എന്നിരുന്നാലും വൈയക്തികമാവുക എന്നത് സാമൂഹികതക്കെതിരായ, സ്വർത്ഥതയിലേക്കുള്ള ചുരുങ്ങലാണ് എന്ന വീക്ഷണം മലയാള സാഹിത്യാന്തരീക്ഷത്തിൽ ഇപ്പോഴും ശക്തമാണ്.  കവിതയെക്കുറിച്ചുള്ള പൊതുധാരണകൾ പൊളിയുകയും ഓരോ കവിയും തന്റേതായ കാവ്യശാസ്ത്രം മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമകാലത്ത് കവിതയിലെ 'ഞാ'നിനെ നാം കൂടുതൽ ചേർത്തുപിടിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കവിതയിലെ ഉത്തമപുരുഷ ആഖ്യാതാവായ 'ഞാ' നിനെ കവിയുടെ വ്യക്തിസത്തയുമായി ചേർത്തു വായിക്കുന്ന മലയാളി രീതി ഇന്ന് അപകടകരമായ ഒരു പതനത്തിലെത്തിയിട്ടുണ്ട്. ഞാൻ എന്നു കണ്ടാലുടനെ കവിയുടെ ജീവചരിത്രത്തിലേക്കും അയാൾ ജനിച്ച ജാതിയിലേക്കും എത്തുകയായി. സവർണ്ണ, ദളിത് ജീവിതാവസ്ഥകളുടെ മുദ്രകളൊന്നുമില്ലാത്ത കവിത പോലും, ആഖ്യാതാവായ ഞാൻ കവി തന്നെയാണ് എന്നങ്ങു തീരുമാനിച്ച്, സവർണ്ണകവിതയായോ ദളിത് കവിതയായോ മുദ്രകുത്തുന്ന അനാരോഗ്യകരമായ പ്രവണത മലയാള സാഹിത്യ അന്തരീക്ഷത്തിൽ ഇന്നു വർദ്ധിച്ചു വന്നിട്ടുണ്ട്. കവിതയിൽ അതതു ജീവിതാവസ്ഥകളുടെ മുദ്രകളുണ്ടെങ്കിൽ അങ്ങനെ വായിക്കുന്നത് തെറ്റല്ല താനും. കവിതയിലെ 'ഞാ'നിനെ മനസ്സിലാക്കാൻ മലയാളിക്ക് ഇനിയും കഴിയുന്നില്ല എന്നാണ് വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾ കാണിക്കുന്നത്.

വ്യക്തിയേക്കാൾ കുടുംബം, സമുദായം, ജാതി, മതം എന്നിവക്ക് പ്രാബല്യമുള്ള ഒരു സാമൂഹ്യാവസ്ഥയിൽ വ്യക്തിയെ മനസ്സിലാക്കൽ എളുപ്പമല്ല. ഇന്ത്യൻ സാഹചര്യം തന്നെ അതാണ്. കേരള സാഹചര്യവും വ്യത്യസ്തമല്ല. കേരളത്തെ സ്വാധീനിച്ച കമ്യൂണിസ്റ്റ് ചിന്താഗതികളിലും സംഘത്തിനാണ്, വ്യക്തിക്കല്ല പ്രാധാന്യം. ആദ്യകാല മലയാള കവിതയിൽ കണ്ടതു പോലുള്ള ഗോത്ര - സംഘബോധങ്ങൾ സമകാല കവിതയിലും ശക്തമാണ്. ഏതൊരു കവിയേയും ഏതെങ്കിലുമൊരു സംഘത്തോട് ചേർത്തു നിർത്തി മാത്രമേ വായിക്കാനാവൂ എന്ന നില ഇപ്പോൾ കൂടിക്കൂടി വരികയുമാണ്. സംഘപ്രതിനിധാനമായല്ലാതെ വ്യക്തി ഉണ്ടാവുകയേയില്ല, ഉണ്ടാവുകയുമരുത് എന്ന ചിന്ത യാഥാസ്ഥിതികതയല്ലെങ്കിൽ മറ്റെന്താണ്? വ്യക്തിപരത എന്നാൽ അരാഷ്ട്രീയതയാണ് എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.വ്യക്തിയിലേക്കെത്താത്ത, ഗോത്രബോധത്തിലും സംഘബോധത്തിലും അടിയുറച്ച ഒരു സമൂഹമാണ് ഇപ്പോഴും നമ്മുടേത് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. കവിതയെക്കുറിച്ചുള്ള പരമ്പരാഗത യാഥാസ്ഥിതിക ധാരണകൾ തകരണം എന്നു വാദിക്കുന്നവർ തന്നെയാണ് പലപ്പോഴും സംഘ പ്രചാരകരായി രംഗത്തു വരുന്നത് എന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. താനൊഴികെ മറ്റെല്ലാവരും ഏതെങ്കിലും സംഘത്തിന്റെ പ്രതിനിധികളാണ് എന്ന് ആരോപിക്കലാണ് ഇത്തരക്കാരുടെ രീതി.ഇതുവഴി യാഥാസ്ഥിതികമായ സംഘ- ഗോത്ര ബോധങ്ങളിലേക്കു തന്നെ തങ്ങൾ വീണ്ടുമെത്തുകയാണെന്ന് ഇവർ തിരിച്ചറിയാത്തതെന്ത്?

ഇന്ന് സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് നാം കൂടിക്കലരാതെ ജീവിക്കേണ്ടി വന്നിരിക്കുന്നു. ഞാൻ എന്റെ ഇടത്ത് ഒറ്റക്കിരിക്കുന്നു. ഒറ്റക്കിരിക്കുന്ന ഞാൻമാരാകാൻ എല്ലാവരും വിധിക്കപ്പെടുന്നു. ഇപ്പോൾ എനിക്ക് ഏതൊരു ഞാനിനേയും മുമ്പത്തെക്കാൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ (1888-1935) യുടെ ഒരു കവിതയിൽ രാത്രി അസമയത്തുണർന്നു ജനൽ തുറന്നു നോക്കിയപ്പോൾ തെരുവിനപ്പുറത്തെ കെട്ടിടത്തിൽ മുഖാമുഖം നിൽക്കുന്ന ജനാലക്കൽ മറ്റൊരു ഞാനിനെ കണ്ടുമുട്ടുന്നതിന്റെ വിവരണമുണ്ട്. തന്നെപ്പോലെ ഉണർന്നിരിക്കുന്ന മറ്റൊരാൾ അവിടെയുണ്ടെന്ന് ആ ജാലക വെളിച്ചം കാണിച്ചു തരുന്നു.

രാത്രിയിലെ രഹസ്യ സാഹോദര്യം.
നിനക്കാതെ ലഭിച്ചത്!
ഞങ്ങൾ രണ്ടാളുമുണർന്നിരിക്കുന്നു,
മനുഷ്യരാശിയറിയാതെ.
അതുറങ്ങുന്നു.
ഞങ്ങൾക്കുമാത്രം വെളിച്ചം.

താനാര്? ഒരു രോഗി? ഒരപരൻ?
അല്ലെങ്കിലെന്നെപ്പോലൊരു നിദ്രാരഹിതൻ?
അതെന്തോ ആകട്ടെ,
അനശ്വരം അരൂപം അനന്തമീ രാത്രിക്ക്
ഇവിടെയുള്ളത്
ഞങ്ങളുടെ രണ്ടു ജനലുകളുടെ
മാനവികത മാത്രം.
ഞങ്ങളുടെ രണ്ടു വെളിച്ചങ്ങളുടെ
പ്രശാന്തഹൃദയം മാത്രം.

തന്റെയുള്ളിൽ തന്നെയുള്ള പല 'ഞാൻ' മാരെ പ്രകാശിപ്പിക്കുന്ന തരത്തിൽ പല അപരവ്യക്തിത്വങ്ങൾ സ്വീകരിച്ചു കവിതയെഴുതിയ കവിയാണ് പെസോവ. അങ്ങനെ പെസോവ സ്വീകരിച്ച അപരവ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽവാരോ ഡി കാംപോസ്. ആ പേരിൽ 1931-ൽ അദ്ദേഹമെഴുതിയ പേരില്ലാത്ത ഒരു കവിതയിലെ വരികളാണ് മുകളിൽ കൊടുത്തത്. ഈ കവിതയിൽ പറഞ്ഞിരിക്കുന്ന, ഞാനും ഞാനും തമ്മിലുള്ള സാഹോദര്യം, മുമ്പില്ലാത്ത വിധം ലോകം മുഴുവൻ അടച്ചിടപ്പെട്ട ഒരു കാലത്തിന്റെ സവിശേഷ സന്ദർഭത്തിലല്ലെങ്കിൽ പിന്നെപ്പോഴാണ് നമുക്കിത്രമാത്രം തെളിഞ്ഞു കിട്ടുക?

ലോക് ഡൗൺ മുതുകിലെ അണ്ണാൻ വരകൾ - ലേഖനം

ലോക് ഡൗൺ മുതുകിലെ അണ്ണാൻ വരകൾ
പി.രാമൻ

വീടിനോടു ചേർന്ന് തൊട്ടുമുമ്പിൽ ഒരു പുളിമരമുണ്ട്. കൊല്ലത്തിലെത്ര തവണയെന്നെണ്ണിയിട്ടില്ല, അതിൽ പഴയ ഇല കൊഴിയുകയും പുതിയ ഇല വരികയും ചെയ്തുകൊണ്ടേയിരിക്കും. ടെറസ്സിനും ജനൽ മേൽക്കൂരകൾക്കും മുകളിൽ മിക്കപ്പോഴും ഉണങ്ങിയ പുളിയിലകൾ അടിഞ്ഞുകിടക്കും. അതടിച്ചുവാരിക്കളയുക നല്ലൊരു പണി തന്നെ. ഈ പുളിയങ്ങു വെട്ടിക്കളഞ്ഞ് അതിൻ്റെ സ്ഥാനത്ത് മറ്റൊരു മരം നട്ടാലെന്തെന്നു വിചാരിച്ചു നിൽക്കുമ്പൊഴായിരിക്കും വീടു കറങ്ങി നടക്കുന്ന ആ 'വീടോടിക്കരിമ്പൂച്ച' പുളിഞ്ചോട്ടിലെത്തുക.പെട്ടെന്ന് പുളിങ്കൊമ്പിൽ നിന്ന് ചിൽ ചിൽ എന്ന ചിലപ്പ് ഉയരുകയായി. പൂച്ചയെക്കണ്ട് ഒരണ്ണാൻ ചിലച്ചു തുടങ്ങിയതും മറ്റണ്ണാന്മാർ ഒന്നിച്ചു ചിലക്കുകയായി. ഇനി പൂച്ച പോയാലല്ലാതെ ഇതു നിലയ്ക്കില്ല. അതെ, അണ്ണാന്മാരുടെ ലോകം തന്നെ ആ പുളിമരം. താഴെ കൊണ്ടുവയ്ക്കുന്ന ഇഡ്ഡലിക്കഷണങ്ങൾ തിന്നാൻ രാവിലെ തന്നെ റഡിയായി അവ താഴേക്കു നോക്കി ഇരിപ്പുണ്ട്. അണ്ണാന്മാരുടെ തീറ്റയും വാലു തുള്ളിച്ചുള്ള ചിലപ്പും കൊമ്പത്തു ചാഞ്ഞു കിടന്നുള്ള വിശ്രമവും തലയുയർത്തി നാലുപുറവും നോക്കുന്ന കരുതലും ശ്രദ്ധിച്ചാണ് ഈ ലോക് ഡൗൺ കാലത്തെ ഓരോ ദിവസവും കടന്നു പോകുന്നത്.

സ്വാഭാവികമായും അണ്ണാറക്കണ്ണന്മാരെക്കുറിച്ചുള്ള കവിതകളും ചിത്രങ്ങളുമെല്ലാം അപ്പോൾ ഓർമ്മയിലേക്കു വരും. എ.രാമചന്ദ്രൻ്റെ പല ചിത്രങ്ങളിലും കണ്ടിട്ടുള്ള, വാലു തൂക്കിയിട്ടു കൊമ്പുകളിലിരിക്കുന്ന അണ്ണാന്മാർ വിശേഷിച്ചും. "അണ്ണാറക്കണ്ണാ തൊണ്ണൂറു വാലാ" എന്ന, കുട്ടിക്കാലത്തു നിന്നുള്ള ആ പഴയ വിളിയിലെ വൈചിത്രൃം ഇനിയും മുഴുവനായും തുറന്നു കിട്ടിയിട്ടില്ലല്ലോ എന്നുമോർക്കും. ഉദ്ദേശ്യമെന്തായാലും ശരി, ആ വിളിയിൽ അണ്ണാനേക്കാളും വലിയ അതിൻ്റെ വാല് വളഞ്ഞുയരുന്നതാണ് ഞാൻ കാണുക. നൂറിനുള്ളിൽപ്പെടുമെങ്കിലും നൂറിനേക്കാൾ വലിയ നൂറാണല്ലോ തൊണ്ണൂറ്! പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക എന്ന വിളി വൈലോപ്പിള്ളിക്കവിതയുടെ മാഞ്ചോട്ടിൽ നിന്നുയരുന്നു.  ജി.കുമാരപിള്ളയുടെ മകരം എന്ന കവിതയിൽ മകരമാസം വരുന്നത് ചിലു ചിലെന്ന് അണ്ണാറക്കണ്ണനായാണ്. "ചിലു ചിലെന്നണ്ണാറക്കണ്ണനായ് വന്നു". മകരം മാത്രമല്ല എല്ലാ മാസങ്ങളും അങ്ങനെ തന്നെയാണല്ലോ വരുന്നത് എന്ന് ഉടനെ മനസ്സുകൊണ്ടു തിരുത്തി വായിക്കാറുമുണ്ട്. അണ്ണാൻ എന്ന പേര് മരക്കൊമ്പിൽ പതിഞ്ഞിരിക്കുന്നതായും അണ്ണാറക്കണ്ണൻ എന്ന പേര് വാലുവിരിച്ച് കണ്ണു മിഴിച്ച് നോക്കുന്നതായും അണ്ണാറക്കൊട്ടൻ എന്ന പേര് (ഈ പേര് നമ്മുടെ എഴുത്തുകാർ അധികം പ്രയോഗിച്ചു കണ്ടിട്ടില്ല) തുള്ളിത്തെറിച്ചു പായുന്നതായും തോന്നും.

അണ്ണാനെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് കെ.എ.ജയശീലൻ്റെ 'അണ്ണാനോട്'

എല്ലാ ചിലപ്പിനും
വാലു തുള്ളിക്കണോ
ദേഹം മുഴുവൻ കുടയണോ
ഇങ്ങനെ
ഓരോ ചിലപ്പിനും?

എന്നാണ് കവി അണ്ണാനോടു ചോദിക്കുന്നത്.ആ ചോദ്യത്തോടെ അണ്ണാൻ സംവേദനത്വത്തിൻ്റെയും ആവിഷ്കാരത്തിൻ്റെയും മുഴുത്തികവിനെ കുറിക്കുന്നതായി മാറുന്നു.ശരീരമപ്പാടെ, അണ്ണാൻ്റെ ആവിഷ്കാരത്തിൻ്റെ ഭാഗമാവുകയാണ്. ഭാഗികമായ ആവിഷ്കാരമല്ല, സമ്പൂർണ്ണ ആവിഷ്കാരമാണ് ഈ കേൾക്കുന്ന ചിൽ ചിൽ ചിലപ്പ്. അയ്യോ, എൻ്റെ കവിത, എൻ്റെ ശബ്ദം, തീർത്തും ഭാഗികമായ ആവിഷ്കാരമാണല്ലോ! എൻ്റെ നിലവിളിയോ?

ദൽഹിയിൽ കുത്തബ്മിനാറിൻ്റെ മുന്നിൽ വെച്ചു കണ്ട,തൊഴുകൈയോടെ നിൽക്കുന്ന അണ്ണാൻ
ഭയവും നിസ്സഹായതയും കട്ട പിടിച്ച തൊഴുകൈയുമായ് നിലവിളിക്കുന്ന ഒരു മുഖമാണ് കവി പി.പി.രാമചന്ദ്രനെ ഓർമ്മിപ്പിച്ചത്(തൊഴുകൈ എന്ന കവിത). 2002-ലെ ഗുജറാത്ത് വംശീയ കലാപകാലത്ത് മാധ്യമങ്ങളിലൂടെ നമ്മുടെ മനസ്സിൽ പതിഞ്ഞ കുത്തബുദ്ധീൻ അൻസാരിയുടെ മുഖമാണത്. മാറിയ ഇന്ത്യയുടെ മുഖം.രാമൻ വാത്സല്യത്തോടെ തലോടിയ മുതുകല്ല ഇവിടെ അണ്ണാൻ. പുതുകാല രാമരാജ്യത്തിൻ്റെ മുഖം തന്നെയാണ്. അണ്ണാനെ രാഷ്ട്രീയ ധ്വനികളോടെ എങ്ങനെ കവിതയിൽ കൊണ്ടുവരാം എന്നതിൻ്റെ മാതൃകയാണ് ഈ 'തൊഴുകൈ'.

സംഘകാലത്ത് നമ്മുടെ ഈ തമിഴകത്തു ജീവിച്ചിരുന്ന ഒരു കവിയുടെ പേരു കേൾക്കണോ? അണിലാടു മുൻറിലാർ - എന്നു വെച്ചാൽ അണ്ണാനാടുന്ന മുറ്റത്താൻ. കവിയുടെ യഥാർത്ഥ പേര് നമുക്കറിഞ്ഞുകൂടാ.സംഘകാലകൃതിയായ കുറുന്തൊകൈയിലെ നാല്പത്തിയൊന്നാം പാട്ടിൽ പ്രയോഗിച്ച "അണ്ണാനാടുന്ന മുറ്റം പോലെ" എന്ന ഉപമയുടെ പേരിൽ കവി തന്നെ പിൽക്കാലത്ത് അറിയപ്പെട്ടു! പി.പി.രാമചന്ദ്രൻ എന്ന പുതുകാല കവിക്കെന്ന പോലെ ഈ സംഘകാല പുരാതന കവിക്കും അണ്ണാൻ്റെ കാഴ്ച്ച സങ്കടപ്പെടുത്തുന്ന ദൃശ്യമായിത്തീരുകയാണ്:

കാതലർ ഉഴൈയർ ആകപ്പെരിതു ഉവന്തു,
ചാറുകൊൾ ഊരിൻ പുകൽവേൻ മൻറ,
അത്തം നണ്ണിയ അണിൽ ആടു മുൻറിറ്
പുലപ്പിൽ പോല പ്പുല്ലെൻറു
അലപ്പെൻ - തോഴി! - അവർ അകൻറ ഞാൻറേ

(പരിഭാഷ:
കാമുകൻ കൂടേയെങ്കിലാനന്ദം പെരിയത്,
പൂരമാഘോഷിച്ചീടുമൂരിന്റെയത്യാനന്ദം.
പാഴ്മരുക്കാടു മൂടും വീടുള്ള ചെറുനാട്ടി-
ലാളുകൾ പൊയ്പോയ് അണ്ണാനാടുന്ന മുറ്റം പോലെ -
യൊറ്റയ്ക്കു തേങ്ങും തോഴീ ഞാൻ - അവനകന്ന നാൾ)

വിരഹം വിഷയമായ, പാലത്തിണയിൽ പെടുന്ന ഒരു പ്രണയകവിതയാണിത്.സംഘകാല കാവ്യസങ്കേതമനുസരിച്ച് അകം കവിത. കാമുകൻ കൂടെയുള്ളപ്പോൾ കാമുകിക്ക് ആനന്ദം. വിട്ടു പോയാലോ ദു:ഖവും. ആ ദുഃഖത്തെക്കുറിച്ചു പറയുമ്പോഴാണ്, ആളുകൾ ഉപേക്ഷിച്ചു പോയ, അണ്ണാൻ മാത്രം കളിക്കുന്ന മുറ്റം പോലെ തൻ്റെ മനസ്സു തേങ്ങുന്നു എന്ന് കവിതയിലെ നായിക പറയുന്നത്. ഏതു സാഹചര്യത്തിലായാലും, അണ്ണാൻ ആടുന്ന മുറ്റം അങ്ങനെ തേങ്ങുമോ എന്ന് ഈ കവിത വായിക്കുമ്പോഴൊക്കെ എനിക്കു സംശയം തോന്നാറുണ്ട്.

ഇങ്ങനെ ഭയവും വിഷാദവും ദു:ഖവും വിരഹവുമെല്ലാം കവികൾ അണ്ണാൻ വരികളിലൂടെ കുറിക്കുന്നുണ്ടെങ്കിലും പൊതുവേ ചടുലമായ പ്രസന്നത തന്നെ, ഈ നിഷ്കളങ്ക ജീവി. അമേരിക്കൻ കവി എമിലി ഡിക്കിൻസിൻ്റെ ആ കുഞ്ഞിക്കവിതയിലെപ്പോലെ മരത്തിനു മുകളിലേക്കും താഴേക്കും ഓടി നടക്കുന്ന ജീവി. ഏതു നാട്ടിലും അതങ്ങനെയാണ്. അമേരിക്കയിൽ പോയ മലയാളി കവികൾ അവിടെയും അതേ അണ്ണാനെക്കണ്ടു കൗതുകം കൊണ്ടിട്ടുണ്ട്. ടി.പി.രാജീവൻ സുതാര്യം എന്ന കവിതയിൽ എഴുതുന്നു:

വാഷിങ്ടൺ സ്ക്വയറിൽ
ഇന്നലെ ഞാനൊരു അണ്ണാനെ കണ്ടു.
അത് നമ്മുടെ വേദങ്ങളെപ്പറ്റിയോ
ഇതിഹാസങ്ങളെപ്പറ്റിയോ കേട്ടിട്ടില്ല.
കാമസൂത്രവും അർത്ഥശാസ്ത്രവും
നാട്യശാസ്ത്രവും വായിച്ചിട്ടില്ല.
വിവേകാനന്ദനെയോ ഗാന്ധിയെയോ
നെഹ്റുവിനെയോ അറിയില്ല
അതിനു പക്ഷേ, നിന്നെ അറിയാം
നമ്മുടെ ഭാഷ മനസ്സിലാകും.

അണ്ണാനറിയാം, എന്നാൽ മനുഷ്യനു മാത്രമാണ് നമ്മുടെ ഭാഷ അറിയാത്തത് എന്ന വേദനയിലേക്കാണ് ആ കവിത നീളുന്നത്.

സ്വാർത്ഥത്തിനായി അണ്ണാൻ്റെ ഭാഷയെപ്പോലും ഉപയോഗിക്കാനുള്ള സാമർത്ഥ്യം മനുഷ്യനു മാത്രമുള്ളതാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കവിതയുണ്ട്, തമിഴിൽ. തമിഴിലെ പ്രസിദ്ധ ആധുനിക കവി ജ്ഞാനക്കൂത്തൻ (1938 - 2016) എഴുതിയത്. ചണനാരു കൊണ്ടുണ്ടാക്കിയതു പോലുള്ള ചെറിയ ദേഹം ചുമന്ന് പച്ചമരക്കൊമ്പുകളിലെങ്ങും ചുറുചുറുക്കോടെ ചുറ്റുകയാണ് അണ്ണാൻകുഞ്ഞ്.പെട്ടെന്ന് അതിനെ പിടിക്കാനായി മനുഷ്യൻ വരുന്നു. കൊല്ലും കൂർമുനയുള്ള കോല് പച്ചിലകൾക്കിടയിൽ മറച്ച് അണ്ണാൻ ഭാഷയിൽ വിളിക്കുകയാണയാൾ. വിളി കേട്ടു കുതിച്ച് ഉത്സാഹത്തോടെ കൊമ്പിറങ്ങി വന്ന അണ്ണാൻ തന്നെ മധുരമായ് വിളിക്കുന്ന ശബ്ദമെവിടെ എന്നു നോക്കുന്ന നേരത്ത് ഒറ്റക്കുത്താണ്. അണ്ണാൻകുഞ്ഞ് ഉടനെ ഓടിവരാൻ എന്തു ചൊല്ലിയാണ് അയാൾ വിളിച്ചത്? കൊമ്പിൽ കോർത്ത അണ്ണാൻകുഞ്ഞിനെ ചോരയോടെ സഞ്ചിയിലിട്ടടച്ച് അയാൾ കൊണ്ടു പോകുന്നു.

അണ്ണാൻകുഞ്ഞേ അണ്ണാൻകുഞ്ഞേ
നിന്റെ ഭാഷ മോഷ്ടിച്ചവനെ
അറിയാതെ പോയല്ലോ അണ്ണാൻകുഞ്ഞേ.

എന്ന് അവസാനിക്കുമ്പോൾ, സ്വന്തം ഭാഷ മോഷ്ടിക്കപ്പെട്ടത് അറിയാത്തതുകൊണ്ടുള്ള ദുരന്തത്തിലേക്കാണ് കവിത ചൂണ്ടുന്നത്. അണ്ണാൻ്റെ, പ്രകൃതിയുടെ, മറ്റുള്ളവരുടെ ഭാഷ സമർത്ഥമായി മോഷ്ടിച്ച് അതുപയോഗിച്ച് അവരെത്തന്നെ ഇരയാക്കി മാറ്റുന്ന മനുഷ്യ സാമർത്ഥ്യത്തെ ഈ കവിത നമ്മുടെ മുന്നിൽ നിർത്തുന്നു.

ഒരണ്ണാറക്കണ്ണനെ കണ്ടാൽ മതി കണ്ണിനുത്സവമാകാൻ. ആ ഉത്സവത്തെ വിപരീത ധ്വനികളോടെ ആവിഷ്കരിക്കുന്ന ഒരു കവിത അടുത്ത കാലത്ത് മലയാളത്തിൽ വായിച്ചു - എം.എസ്.ബനേഷിൻ്റെ അണ്ണാറക്കണ്ണോത്സവം. ജ്ഞാനക്കൂത്തൻ്റെ കവിതയിൽ അണ്ണാനെ ചാക്കിലാക്കി നീങ്ങുന്ന ആ മനുഷ്യൻ എങ്ങോട്ടു പോയി എന്നതിൻ്റെ ഉത്തരം പോലെ വായിക്കാം ഈ കവിത. നികത്താനൊരുങ്ങുന്ന നെൽപ്പാടത്തിൻ്റെ തെക്കേ മൂലയിലിരുന്ന് മദ്യപിക്കുന്ന നാൽവർ സംഘത്തിലേക്കാണ് അയാൾ എത്തുന്നത്:

ഭയത്താൽ പിടഞ്ഞുകൊ-
ണ്ടുൾവശം കുതറുന്ന
ചാക്കുമായ് വന്നൂ രഘു
'കൂട്ടുടൻ അടുപ്പെ' ന്നായ്

തുറന്ന ചാക്കിൽ നിന്നു
പിടിച്ചിട്ടൊന്നൊന്നായി
മുപ്പതോ മുപ്പത്തഞ്ചോ
അണ്ണാറക്കണ്ണന്മാരെ.

മുതുകിൽ പിക്കാസ്സോയോ
രാമനോ വരച്ചപോൽ
മൂവര മിനുങ്ങുന്ന
കിളുന്തു ഹൃദയങ്ങൾ

പേടിയിൽ, കഴുത്തിലെ
കുടുക്കിൽ ഞെരിപ്പിലും
ഭയന്നങ്ങുയർത്തുന്ന
വാലിൽ ഹാ, വെഞ്ചാമരം

മുപ്പതോ മുപ്പത്തഞ്ചോ
ആനകളെഴുന്നള്ളി
സരസം വെഞ്ചാമരം
വിടർത്തി നിൽക്കും പോലെ,

ചാരായ രാഗത്തിൻ്റെ
നെൽത്തറ മേളത്തിന്ന്
ചാകുന്ന നേരത്തും ഹാ,
നിങ്ങൾ തൻ തൃശൂർപ്പൂരം

അങ്ങനെ മനുഷ്യൻ്റെ ഉത്സവങ്ങളുടെ ഇരയാവുകയാണീ ജീവി. എളുപ്പം പിടികൂടാവുന്ന സാധുക്കളെയെല്ലാം പിടിച്ച് ഇരയാക്കാനുള്ള സാമർത്ഥ്യം കൂടിച്ചേർന്നതാണ് മനുഷ്യൻ്റെ ഉൽസവങ്ങളെന്ന് കവി ഓർമ്മിപ്പിക്കുന്നു. പൂരപ്പറമ്പിൽ നിരന്നു നിൽക്കുന്ന ആനകളുടെ സഹനവും അവയോടു മനുഷ്യൻ കാണിക്കുന്ന ക്രൂരതയും കൂടിയുണ്ട്, അണ്ണാന്മാരെ തീയിലെരിക്കുന്ന ഈ കാഴ്ച്ചക്കുപിന്നിൽ.

അണ്ണാനെക്കുറിച്ചുള്ള കവിതകളെക്കുറിച്ചു പറഞ്ഞു പറഞ്ഞ് വേദനയുടെയും ക്രൂരതയുടെയും അടിപ്പടവിലേക്കു തന്നെയാണ് നമ്മളെത്തിയത്. "കുഴിച്ചുകുഴിച്ചു നാം അനിഷ്ട സ്മൃതികൾ തൻ അഴുക്കു പരതിച്ചെന്നെത്തുന്നൂ നരകത്തിൽ" എന്നു വൈലോപ്പിള്ളി എഴുതിയ പോലെ. അടുത്തിടെ വായിച്ച ഒരു സ്വീഡിഷ് കവിതയിൽ മരത്തിലിരുന്ന് മുറിവേറ്റു കരയുന്ന ഒരണ്ണാൻ്റെ നിലവിളി ഞാൻ കേട്ടു. അണ്ണാൻ്റെ ദേഹത്താണോ കവിയുടെയുള്ളിലാണോ വായനക്കാരിലാണോ എന്നറിയാത്ത, കറുത്ത ചോര ചീറ്റിക്കൊണ്ടിരിക്കുന്ന ആ മുറിവിൽ തന്നെയാണ് നാമിപ്പോൾ ചെന്നു തൊട്ടിരിക്കുന്നത്.അണ്ണാനെക്കുറിച്ചെഴുതുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സങ്കീർണ്ണമായ ഭാഷയിലാണ് സ്വീഡിഷ് കവി ആസെ ബർഗ് എഴുതുന്നത്. തരുണാസ്ഥി ദിവസം എന്ന ഈ കവിത, 1997-ൽ സ്വീഡിഷിൽ പ്രസിദ്ധീകരിച്ച് 2005-ൽ ഇംഗ്ലീഷ് പരിഭാഷയിലൂടെ പുറംലോകത്തെത്തിയ 'മാനിനോടൊപ്പം' എന്ന സമാഹാരത്തിൽ നിന്നുള്ളതാണ്. സ്വീഡിഷ് ഭാഷയിലെ സമകാല കവികളിൽ ഏറെ ശ്രദ്ധേയയാണ് ആസെ ബർഗ്. കവിത വായിക്കൂ:

"കറുത്ത ചോര വരുന്നു. ആ തുളയിലൂടെ. കട്ടിച്ചോര വരുന്നു. എണ്ണ പോലുണ്ടത്. അണ്ണാൻ മരത്തിൽ നിലവിളിക്കുന്നു.

കറുത്ത ചോര വരുന്നു.ഏറെയില്ല, എങ്കിലും വെൺമയുടെ നടുക്കുള്ള ആ തുളയിലൂടെ അതു വരുന്നില്ലെന്നു പറയാൻ വയ്യ. അതിന് ഇവിടെ പേപ്പട്ടി വിഷത്തിൻ്റെ മണം. അണ്ണാൻ പൊളളിക്കരിഞ്ഞ് അന്ധനായിക്കിടക്കുന്നു കന്യാ തഴപ്പുകൾക്കടിയിൽ.

ക്യാൻസറാണ് ഇന്നു നമുക്ക്. എനിക്കൊരു ശരീരമുണ്ട്; മരത്തിലതു നിലവിളിക്കുന്നു.വെൺമയ്ക്കു നടുവിലെ ആ തുളയിലൂടെ. തുളയുടെ അരികു ഭിത്തികൾ പുറത്തേക്കു വീർത്തുന്തിക്കിടക്കുന്നു. തളളിപ്പുറത്തേക്കു താണു വരാൻ അതിനു ധൈര്യമില്ല.അതാണ് ചോര നിലവിളിക്കുന്നത്.

തുറന്ന് തന്നിൽ നിന്നു തന്നെ തളളിപ്പുറത്തു വരാൻ തുളയ്ക്കു ധൈര്യമില്ല. കറുത്ത ചോര വരുന്നു. തുളയിൽ നിന്ന്. യന്ത്രക്കറക്കങ്ങൾ നിലച്ചു. ഇറച്ചി പ്രതിരോധം നിർത്തി കൊളുത്തിൽ വിളറിത്തൂങ്ങുന്നു. തുളയിലൊരു മുഴ തറഞ്ഞു കേറിയ പോലെ അണ്ണാൻ ഒറ്റക്കു നിലവിളിക്കുന്നു. മരത്തിൽ ചോര നിലവിളിക്കുന്നു, വെൺമയിൽ കറുപ്പായ് ചോര നിലവിളിക്കുന്നു.

നമ്മൾ അഴുക്കുചാലിൽ നിന്നു പിറവിയെടുത്തവർ. നന്മതിന്മകൾക്കപ്പുറത്തെ ഭയജനകമായ കുഴമ്പിൽ നിന്നും. അത് പ്രേതങ്ങളെപ്പോലെ നാറുന്നു.ഇറച്ചിത്തുണ്ടിൻ്റെ, മറുപിള്ളയുടെ, മണം.കറുത്ത ചോര വരുന്നു. ചതുപ്പു വാതകവും അതിസാര വെള്ളവും കുമിള പൊട്ടുന്നു. തുളയിൽ നിന്നും അതു നിലവിളിയ്ക്കുന്നു, മുട്ടത്തോടോ ജയിലോ പോലെ ഭ്രൂണത്തെ പൊതിഞ്ഞ തരുണാസ്ഥികൾ പോലെയുണ്ടാ നിലവിളികൾ. എൻ്റെ കുഞ്ഞു കയ്യിൽ കിടക്കുന്ന കുഞ്ഞണ്ണാൻ്റെ അസ്ഥികൂടത്തിലെ ചെറിയ എല്ലുകളെല്ലാം പൊട്ടി നുറുങ്ങിയിരിക്കുന്നു. നിശ്ചലം കിടക്കുന്ന അതിൻ്റെ കണ്ണാണ് തുള.തുറന്നു മലരുന്ന തളർന്ന തുള.ഇറച്ചിക്കടിയിലെ കറുത്ത കുടലിൽ നിന്നു തന്നെയാവാം, ചോര ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു.

കറുത്ത ചോര വരുന്നു. ആ കറുത്ത പഴയ തുളയിൽ നിന്നും. ചതുപ്പു ചോര, ചെളിച്ചോര, പാടപിടിച്ച കട്ടിക്കുഴമ്പു ചോര.എണ്ണ പോലുണ്ടത്. അണ്ണാൻ മരത്തിൽ അവസാനമായൊന്നു നിലവിളിച്ചപ്പോൾ തുളയിൽ നിന്ന് ഒരു ഞെരക്കം മെല്ലെയുയരുന്നു."

വരി മുറിക്കാതെ ഗദ്യത്തിലെഴുതിയ കവിതയാണിത്. ആ വേദനയുടെ നീറ്റൽ അനുഭവിക്കാമെന്നല്ലാതെ വരിക്കു വരി അർത്ഥം വിശദീകരിക്കാൻ ഇവിടെ കഴിയുകയില്ല. മുമ്പുദ്ധരിച്ച മലയാള - തമിഴ് കവിതകളിൽ നിന്നു കേട്ട വേദനയുടെ ആഴം വ്യത്യസ്തമായ ഒരാവിഷ്കാര രീതിയിൽ ഇവിടെയും തെളിയുന്നു.ഒരേ പ്രമേയം മുൻനിർത്തിയെഴുതിയ പല കവിതകളുടെ വായനാനുഭവങ്ങൾ പലതരത്തിലാകുന്നത് ആവിഷ്കാര രീതിയിലെ ഈ വൈവിധ്യം കൊണ്ടു തന്നെയാണ്.

പി.പി.രാമചന്ദ്രൻ കുത്തബ് മീനാറിനു മുന്നിൽ അണ്ണാനെ കണ്ടപോലെ, സിറിയൻ കുർദ്ദിഷ് കവി ഹുസൈൻ ഹബ്ബാഷ് പാരീസിലെ പ്രസിദ്ധമായ പെർ ലാഷെയസ് സെമിത്തേരിയിൽ വെച്ച് ഒരു കുഞ്ഞണ്ണാനെ കണ്ടുമുട്ടുന്നുണ്ട്.(കവിത- പെർ ലാഷെയസ് സെമിത്തേരി) മരിച്ചവരെയാരെയും കവി ശ്മശാനത്തിൽ കാണുന്നില്ല. ആകാശത്തേക്കു ശിരസ്സുയർത്തി നിൽക്കുന്ന കുടീരങ്ങളല്ലാതെ. പക്ഷേ പെട്ടെന്നു കണ്ടു, ബൽസാക്കിൻ്റെ (അവിടെ അടക്കം ചെയ്ത പ്രസിദ്ധ ഫ്രഞ്ചു നോവലിസ്റ്റ്) തോളത്ത് പരിഭ്രമത്തോടെ ചെവി കൂർപ്പിച്ചിരുന്ന്, അപ്പുറത്തെ കല്ലറയിൽ നിന്നുയരുന്ന വേദന നിറഞ്ഞ ഗാനം കേൾക്കുന്ന ഒരു കുഞ്ഞണ്ണാനെ. അപ്പുറത്തെ ആ കുടീരത്തിൽ അടക്കിയിട്ടുള്ളത് പ്രസിദ്ധ ഫ്രഞ്ച് ഗായിക ഏഡിത് പിയാഫിനെ (1915 - 1963) യാണ്. മരിച്ച ഗായികയുടെ വിഷാദഗാനം അണ്ണാൻ്റെ കാതിലൂടെ കേൾക്കുന്നു കവി.1970-ൽ ജനിച്ച ഹുസൈൻ ഹബ്ബാഷ് കുർദ്ദിഷിലും അറബിക്കിലുമെഴുതുന്ന, യൂറോപ്പിൽ പ്രവാസിയായിക്കഴിയുന്ന കവിയാണ്.

കവിതയിലെ അണ്ണാൻ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരുപന്യാസമായിട്ടല്ല ഇത്രയുമെഴുതിയത്. ഈ ലോക് ഡൗൺ കാലത്ത് ഞാനും കുടുംബവും ഏറ്റവുമധികം സഹജീവിച്ചത് അണ്ണാന്മാരോടൊപ്പമാണ്. എൻ്റെ ഭാര്യ ഇഡ്ഡലിപ്പൊട്ടുകൾ പുളിമരച്ചോട്ടിൽ വെക്കാൻ വരുമ്പോൾ അവ മരത്തിനു പിന്നിലൊളിക്കുന്നു. വിശ്വാസത്തിൻ്റെ ആധിക്യം വന്ന ഒരു നിമിഷം ഒരണ്ണാൻ അവളുടെ കയ്യിൽ നിന്നും ഇഡ്ഡലിപ്പൊട്ട് തിന്നുകയുമുണ്ടായി. ഒറ്റത്തവണ മാത്രം. ഈ കാഴ്ച്ചകൾ നോക്കി നിൽക്കുമ്പോൾ കവിതമേൽ പതിഞ്ഞ അണ്ണാൻ വരികൾ മെല്ലെ മനസ്സിലേക്കു വരും. ആ വരികൾ മറ്റു പലേടത്തേക്കും നയിക്കും, ഇപ്പോൾ സംഭവിച്ച പോലെത്തന്നെ. ഉറപ്പായും ഒരണ്ണാൻകവിതയെങ്കിലും കാണാതിരിക്കില്ല എന്നു ബോധ്യമുള്ള പല കവിതാ പുസ്തകങ്ങളും ഞാനിതിനു വേണ്ടി മറിച്ചുനോക്കിയതേയില്ല - ടെഡ് ഹ്യൂസിൻ്റെയും മേരി ഒലിവറുടെയും മറ്റും. ആ അണ്ണാന്മാർ തൽക്കാലം മറഞ്ഞുതന്നെയിരിക്കട്ടെ.

അണ്ണാനെക്കുറിച്ചു തുടങ്ങിയ ഈ കുറിപ്പ് നിലവിളികളോടെ, വിഷാദഗാനങ്ങളോടെ അവസാനിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ട്, പ്രസന്നമായ ഒരണ്ണാൻ കവിത കൂടി ഉദ്ധരിച്ചു വേണം അവസാനിപ്പിക്കാൻ. ഇത് ഒരു ഒറ്റശ്ലോകമാണ് - മുക്തകം. പരമ്പരാഗതമായ ആ കാവ്യരൂപത്തിൽ നമ്മുടെ കാലത്തെ ഒരു കവി (എം.കെ.സി.മേയ്ക്കാട്) ഒരണ്ണാൻ്റെ ചടുലചലനം ഇങ്ങനെ പകർത്തുന്നു:

അണ്ണാൻകുഞ്ഞുടനോടി വന്നു ചടുലം
വാലാട്ടിയബ്ബാൽക്കണി-
ക്കണ്ണാടിക്കതകിൽപ്പിടിച്ചു പതിയെ-
പ്പേടിച്ചു സാകൂതമായ്
കർണ്ണം പാർത്തൊരു വേള നിന്നു ശരവേഗത്തിൽച്ചെരിഞ്ഞുള്ളിലും
കണ്ണോടിച്ചു കടന്നു പോയ് ചതിയനെൻ
ചായക്കെഴും ചൂടുമായ്.

ചായയുടെ ചൂട് ആറിക്കൊള്ളട്ടെ, അണ്ണാനെ നോക്കി നോക്കി ഇങ്ങനെ നമുക്കിരിക്കാം. മുമ്പൊരിക്കലും ഇരുന്നിട്ടില്ലാത്ത വിധത്തിൽ.
മുമ്പു കാണാത്ത വിധത്തിൽ കവിതകളിലൂടെയും അണ്ണാറക്കണ്ണനെ നോക്കിക്കാണാം.

Saturday, June 5, 2021

വാതിലുകൾ ഇല്ലാത്ത വെള്ളം -ലേഖനം

വാതിലുകൾ ഇല്ലാത്ത വെള്ളം.

പി. രാമൻ

മഹാപണ്ഡിതൻ കൂടിയായ കവി ഉള്ളൂർ താനെഴുതിയ സാഹിത്യ ചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യ ചരിത്രം എന്നാണു പേരിട്ടത്.മലയാള സാഹിത്യത്തിനു മാത്രമല്ല, തമിഴ്, സംസ്കൃത ഭാഷാസാഹിത്യങ്ങൾക്കും കേരളീയർ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന അടിസ്ഥാന വീക്ഷണം പുലർത്തിയതുകൊണ്ടാണ് അദ്ദേഹം തൻ്റെ കൃതിക്ക് കേരള സാഹിത്യ ചരിത്രം എന്നു പേരിട്ടത്. മലയാളം മാത്രമല്ല കേരളം എന്ന വിവേകപൂർണ്ണമായ കാഴ്ച്ചപ്പാടിൻ്റെ സൂചന ആ ശീർഷകത്തിലുണ്ട്..തമിഴിലും സംസ്കൃതത്തിലും കന്നടത്തിലും തുളുവിലും ഇംഗ്ലീഷിലും മാത്രമല്ല, മുതുവാൻ, ഇരുള, മാവിലാൻ, റാവുള, മുഡുഗ, പണിയ, മലവേട്ടുവ, മുള്ളക്കുറുമ, ബെട്ടക്കുറുമ, കാടർ തുടങ്ങി ഒട്ടേറെ ആദിവാസി ഗോത്രഭാഷകളിൽ കൂടിയും ഇന്ന് കേരളീയരായ എഴുത്തുകാർ സാഹിത്യരചന നടത്തുന്നുണ്ട്. അവ കൂടി ഉൾപ്പെടാതെ നമ്മുടെ സാഹിത്യ മണ്ഡലത്തിൻ്റെ പരിധി പൂർണ്ണമാകുന്നില്ല.

എന്നാൽ കേരളത്തിൽ ജീവിച്ചു കൊണ്ട് മറ്റു ഭാഷകളിലെഴുതുന്ന എഴുത്തുകാരെ കേരളത്തിലെ പൊതു സമൂഹം വേണ്ട രീതിയിൽ തിരിച്ചറിയാറും അംഗീകരിക്കാറുമില്ല എന്നതാണു വാസ്തവം. അടുത്തിടെ അന്തരിച്ച തമിഴ് സാഹിത്യകാരൻ അ.മാധവൻ തിരുവനന്തപുരത്തെ ചാല കമ്പോളത്തെ പശ്ചാത്തലമാക്കിയാണ് തൻ്റെ കഥാലോകം പണിതുയർത്തിയത്. ഇത്രയേറെക്കാലം ഈയൊരൊറ്റത്തെരുവിലെ ജീവിതാനുഭവങ്ങളെ മുൻനിർത്തി എഴുതിയ അദ്ദേഹത്തിൻ്റെ രചനാലോകത്തെ തമിഴ് വായനക്കാർ ആദരവോടെ കാണുന്നു. എന്നാൽ തിരുവനന്തപുരത്തിൻ്റെ ആ കഥകൾ കേരളത്തിൽ ചർച്ചയാകുന്നില്ല.

സമകാല തമിഴ് കാവ്യലോകത്തെ തലമുതിർന്ന എഴുത്തുകാരനാണ് സുകുമാരൻ.ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബവേരുകൾ ഷൊറണൂരിനടുത്താണ്.ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാകയാൽ സ്വാഭാവികമായും അദ്ദേഹം തമിഴിൽ എഴുതി.1974 മുതൽ സുകുമാരൻ എഴുതിത്തുടങ്ങി. എഴുപതുകൾക്കൊടുവിൽ പുറത്തു വന്ന യൗവനതീഷ്ണമായ മലയാള കവിതകളുടെ ഭാവുകത്വത്തോട് പല നിലക്കും ചേർന്നു നിൽക്കുന്നവയാണ് സുകുമാരൻ്റെ ആദ്യകാല കവിതകൾ. വൈകാരികതയുടെ അടക്കിപ്പിടിച്ച തീനാളങ്ങളുടെ ചൂടും നിറവും കരുവാളിപ്പുമുള്ളവയാണ് ആദ്യസമാഹാരമായ കോടൈക്കാലക്കുറിപ്പുകളിലെ കവിതകളെല്ലാം. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകൾക്ക് പല പല മാറ്റങ്ങളും പടർച്ചകളുമുണ്ടായി.കോടൈക്കാലക്കുറിപ്പുകൾ (1985), പയണിയിൻ സംഗീതങ്ങൾ (1991), ശിലൈകളിൻ കാലം (2000), വാഴ്നിലം (2002), ഭൂമിയൈ വാശിക്കും ശിറുമി (2007), നീരുക്കു കതവുകൾ ഇല്ലൈ (2011), ചെവ്വായ്ക്കു മറുനാൾ ആനാൽ ബുധൻ കിഴമൈയല്ല (2019), സുകുമാരൻ കവിതകൾ (2020) എന്നിവയാണ് അദ്ദേഹത്തിൻ്റെ കവിതാ സമാഹാരങ്ങൾ.സുകുമാരൻ്റെ കവിതാലോകത്തിൻ്റെ മുഴുവൻ സവിശേഷതകളും എടുത്തുകാട്ടുകയല്ല ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം.മറിച്ച്, മലയാളിയായ, ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന, ഒരു തമിഴ് കവിയുടെ കവിതാലോകം മലയാള കവിതാഭാവുകത്വത്തോടും പ്രമേയപരിസരത്തോടും എങ്ങനെ ചേർന്നു നിൽക്കുകയും അകന്നു മാറുകയും ചെയ്യുന്നു എന്നു കൗതുകപൂർവം നോക്കിക്കാണുകയാണിവിടെ.

വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളുടെ തീയും ചൂടും ശക്തമായി അനുഭവിപ്പിക്കുന്ന 'വേനൽക്കാലക്കുറിപ്പുകൾ' അതേ കാലത്ത് സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ മലയാള കവികൾ പങ്കിട്ട സാമൂഹ്യ രഷ്ട്രീയ ഉൽക്കണ്ഠകളോടും വൈകാരിക അസ്വാസ്ഥ്യങ്ങളോടും സാഹോദര്യപ്പെടുന്നു. കുടുംബത്തേയും സമൂഹത്തേയും രാഷ്ട്രത്തേയും ഊഷരമാക്കുന്ന അധീശത്വങ്ങൾക്കെതിരെ യൗവന സഹജമായ തീവ്രതയിൽ പ്രതികരിക്കുമ്പോഴും അതിവൈകാരികതയോ അതിധൈഷണികതയോ അതി വാചാലതയോ തീണ്ടാത്ത ബിംബാത്മക ഭാഷയാണ് ഈ കവി ഉപയോഗിക്കുന്നത്.വീടിനോടു കലഹിച്ചു പുറത്തലയുന്ന യൗവനം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ആദ്യകാല കവിതകളിലേപ്പോലെ സുകുമാരൻ്റെ അക്കാല കവിതകളിലുമുണ്ട്.അച്ഛനോ ആരാച്ചാരോ എന്ന ചോദ്യം ബാലചന്ദ്രൻ ഉയർത്തുന്നുവെങ്കിൽ "എൻ ചിറകുകളറുക്കാൻ വാളോങ്ങിയവൻ നീ" എന്നും "എൻ സംഗീതത്തിൻ ഉറവയടച്ചവൻ നീ" എന്നും സുകുമാരൻ ഉറച്ചു പറയുന്നു അച്ഛനെപ്പറ്റി. കുടുംബത്തിലെ അധികാരത്തിനെതിരെ യുവത്വത്തിൻ്റെ കലഹം തമിഴെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ ആ തലമുറയുടെ പൊതുഭാവുകത്വത്തിൻ്റെ ഭാഗമായിരുന്നു എന്നു കാണാം. നാം ജീവിക്കുന്ന കാലം തകർന്ന അവശിഷ്ടങ്ങളുടെ മൈതാനമാണെന്നും എല്ലാ വഴികളും ക്രോധമുനയുള്ള കല്ലുകൾ പാകിയവയാണെന്നും ചെന്നു ചേരുന്ന ഗ്രാമത്തിൽ നദി വരണ്ടുപോയെന്നും സുകുമാരൻ എഴുതുമ്പോൾ എഴുപതുകൾക്കൊടുവിൽ മലയാളത്തിലെ യുവകവിതയിൽ നിന്നു കേട്ട രോഷവും നിരാശയും ഉൽക്കണ്ഠയും കലർന്ന ശബ്ദങ്ങൾ നാം സമാന്തരമായി ഓർക്കുക സ്വാഭാവികം. വ്യക്തിസത്തക്കുള്ളിലൂടെയാണ് ആ ഭാവങ്ങൾ പ്രകാശിതമാവുന്നതെങ്കിലും ഇന്ത്യൻ യുവത്വത്തിൻ്റെ രാഷ്ട്രീയ ഉൽക്കണ്ഠകളാണ് ആ കവിതകളുടെ ആഴത്തിൽ കനലായിത്തിളങ്ങുന്നതെന്ന് നമുക്കു ബോധ്യമാകും.വേനൽക്കാലക്കുറിപ്പുകളുടെ അവസാന ഖണ്ഡത്തിൽ ആത്മഹത്യ ചെയ്ത മലയാളകവി സനൽദാസിനെക്കുറിച്ച് നേരിട്ടുള്ള പരാമർശം തന്നെ കാണാം. "മരണത്തിൻ്റെ പീഠഭൂമിയിലേക്കു പോകാനായി അമ്മയോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞവൻ്റെ കവിത" എന്ന വരിയുടെ അടിക്കുറിപ്പിൽ സനൽദാസിൻ്റെ പേരെടുത്തു പറയുന്നുണ്ട്.

സൗഹൃദമെന്നോ സ്നേഹമെന്നോ വിളിക്കാവുന്നവയും ഒരു പേരും വിളിക്കാൻ കഴിയാത്തവയുമായ ബന്ധങ്ങളുടെ ഒരു തുടരൊഴുക്ക് ആദ്യ സമാഹാരം തൊട്ടേ സുകുമാരൻ്റെ കവിതകളിലുണ്ട്. ഉദകമണ്ഡലം എന്ന കവിതയിലെ ഊട്ടി സഞ്ചാരികളുടെ പറുദീസയായ നഗരമല്ല. മലയാളിക്കു പരിചിതമായ ഊട്ടിയല്ലിത്. കവിയുടെ കൗമാര യൗവനങ്ങൾ നടന്നു തേഞ്ഞ വഴികളുടെ നഗരമാണ്.

അഭയവനത്തിലേക്കു വരുന്ന പറവ പോലെ
ഈ മാമലനഗരത്തിലേക്കു ഞാൻ
വീണ്ടും വീണ്ടും വരുന്നു.

മുഖക്കുരു പൊങ്ങിയ മനുഷ്യമുഖമായ്
മാറിയിരിക്കുന്നു ഈ നഗരം.
എങ്കിലും
തൈലവാസനയുള്ള കാറ്റുകളിൽ
കലർന്നിരിക്കുന്നു എൻ്റെ യൗവനസ്മരണകൾ.

ആയിരത്താണ്ടുകളുടെ ക്ലാവു പിടിച്ച
എൻ്റെ സ്വന്തം ഭാഷക്ക്
കരുത്തില്ല
നിൻ്റെ പ്രിയം പറയാൻ.

ചെന്നീല വേനൽപ്പൂക്കൾ ചിതറിയ വഴികളിൽ
കഥകൾ ചൊല്ലി നടന്ന നീ,
നീരൂറും പാറകൾക്കിടയിലൂടെ നീളുന്ന റയിൽപ്പാതകളിൽ
മനുഷ്യരെപ്പറ്റിപ്പറഞ്ഞു നടന്ന നീ,
ഇവിടില്ല.

പറക്കും കഴുകൻ്റെ കാലുകളിൽ കോർത്ത
തുടിക്കും ഹൃദയം ഞാൻ.

മുലകൾ തൂങ്ങിയ നീ -
പുഴുക്കാട്ടത്തിൽ കുതിർന്നു നശിച്ച സർക്കാർ കടലാസുകളോടെ
വക്കു ഞെണുങ്ങിയ കരിപ്പാത്രങ്ങളോടെ
അല്ലെങ്കിൽ
നിൻ്റെ കുഞ്ഞിൻ്റെ മൂത്രത്തുണികളോടെ.

നിൻ്റെ സ്നേഹത്തിനെന്തൊരെളിമ,
നടുപ്പുഴയിൽ ചൊരിഞ്ഞ വെള്ളം പോലെ.

തനിക്ക് ആത്മബന്ധമുള്ള ആ മാമലനഗരം പിന്നീടെങ്ങനെ മാറി എന്ന് പഴയ ഓർമ്മകളിലാണ്ടു കൊണ്ട് ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ. താൻ കൗമാര യൗവനങ്ങൾ പിന്നിട്ട ഊട്ടി നഗരവുമായുള്ള സങ്കീർണ്ണബന്ധം ഈ കവിതയിൽ മിതത്വത്തോടെ കവി അവതരിപ്പിക്കുന്നു.പ്രഭാഷണ പരമല്ലാതിരിക്കുക, അതി വാചാലമാവാതിരിക്കുക, സങ്കീർണ്ണഭാവങ്ങളെ ബിംബങ്ങളിലൂടെ ധ്വനിപ്പിക്കുക എന്നിവ സുകുമാരൻ്റെ കവിതാ രീതിയുടെ ചില പ്രത്യേകതകളാണ്.ഈ ആവിഷ്കാര രീതിയുടെ സവിശേഷതകളെല്ലാം തെളിഞ്ഞു കാണുന്ന ഒരാദ്യകാല കവിതയാണ് 'പിൻമനം'

ചില സമയം
കൊടുങ്കാറ്റിനേയും ഭയപ്പെടാതെ
ഒരു ഇലയുതിരുംകാല മരം പോലെ.
(ചില്ലകളിൽ വാക്കുകളായ്
തളിർത്തു വിരണ്ടു നിൽക്കും ഞാൻ പിന്നീട്)

ചില സമയം
വന്നു പോകും കാലുകൾ ചവിട്ടിമെതിക്കുന്ന,
ചായക്കടക്കാരൻ ഉണങ്ങാൻ വിരിച്ചിട്ട
ഈറൻ ചാക്കു പോലെ.
(പരിഗണനയേൽക്കാതെ വരണ്ടുണങ്ങും
ഞാൻ പിന്നീട്)

ചില സമയം
പ്രിയപ്പെട്ട ലക്ഷ്യങ്ങൾ തുറന്ന
ഇലവിൻ ചിറകു പോലെ.
(മുക്കിലെച്ചിലന്തിവലയുടെ ഏകാന്തതയിൽ
ചുട്ടുനീറും ഞാൻ പിന്നീട്)

ചില സമയം
സകല ദു:ഖങ്ങളേയും പുറന്തള്ളുന്ന സംഗീതം പോലെ.
(ആത്മഹത്യക്കൊരുങ്ങി തോറ്റവൻ്റെ
മൗനമാകും ഞാൻ പിന്നീട്)

ചില സമയം
കണ്ണാടിയിൽ കാത്തിരിക്കും എൻ്റെ പുഞ്ചിരി
(കാലുകൾ വിഴുങ്ങിയ മൃഗത്തിൻ്റെ
വായിൽ നിന്നു കുതറിപ്പോന്ന്
അലറിക്കരയുന്ന കുഞ്ഞിൻ മുഖം
പിന്നീടെനിക്ക്.)

പ്രമേയപരവും ഭാവുകത്വപരവുമായി മലയാള കവിതയോടു ചേർന്നു നിൽക്കുമ്പോഴും ആവിഷ്കാര രീതിയിൽ തമിഴ് കവിതാ പാരമ്പര്യത്തോടാണ് സുകുമാരൻ്റെ കവിതകൾക്കു കൂടുതൽ അടുപ്പമെന്ന് ഈ കവിത കാണിക്കുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടുമാറ് പാടുന്ന മലയാള രീതി ഇവിടെയില്ല. എന്നിട്ടും അസ്വാസ്ഥ്യത്തിൻ്റെ ഉച്ചസ്ഥായിയിൽ വായനക്കാരെയെത്തിക്കാൻ കഴിയുന്നു. വായനക്കാർക്ക് കൂടുതൽ പങ്കുള്ള കവിതയാണിത്. പൂർണ്ണമായും സ്വയം വെളിപ്പെടുത്തുക എന്നത് പൊതുവേ മലയാളഭാവുകത്വത്തിൻ്റെ പ്രകാശനരീതിയാണ്. തൻ്റെ സമ്പൂർണ്ണ സമാഹാരത്തിലുള്ളതിൻ്റെ രണ്ടിരട്ടിയോളം താൻ എഴുതിക്കൂട്ടിയിട്ടുണ്ടെന്നും, അവ സമര ജാഥകളിൽ മുഴങ്ങുകയും ചുമരെഴുത്തുകളിൽ തെളിയുകയും സദസ്സുകളിൽ ആലപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അവ കവിതയല്ല, പരമ്പരാഗത രീതിയിലെഴുതിയ 'ചെയ്യുൾ' മാത്രമാണെന്നും, സുകുമാരൻ എഴുതിയിട്ടുണ്ട്. പരമ്പരാഗത പദ്യ നിയമങ്ങൾ പാലിച്ചെഴുതുന്നതിനെ, അതെത്ര ജനകീയമായാലും ശരി,കവിത എന്നു വിളിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കവിതയെ ഒരു മലിന വസ്തുവായി കരുതാനാവില്ലെന്നും അനുഭവത്തിലേക്കു തയ്ച്ചു ചേർക്കാതെ ഒരു വരി പോലും എഴുതാനാവില്ലെന്നും സത്യമല്ലാത്തത് പറയില്ലെന്നും കവിക്കു നിർബന്ധമുണ്ട് (തൻമൊഴി - സുകുമാരൻ കവിതൈകൾ) ഈ അരുതുകളിലൂടെ അരിച്ചെടുത്തതിൻ്റെ ശേഷിപ്പാണ് ഈ കവിക്കു കവിത. ഇങ്ങനെ എഴുപതുകളിലെ രാഷട്രീയ സാംസ്കാരികാവസ്ഥകൾ പങ്കു വയ്ക്കുമ്പോൾ തന്നെയും ആവിഷ്കാരത്തിൽ മലയാളത്തിലെ പൊതു രീതികളോട് ഇടയുന്നുണ്ട് സുകുമാരൻ്റെ കവിത.

താൻ മലയാളിയോ തമിഴനോ എന്ന പ്രശ്നം അദ്ദേഹത്തെ അലട്ടുന്നു. സ്വന്തം നാട് ഏതെന്നു തീർച്ചയില്ലാത്തവൻ്റെ സംഘർഷം നാടു വിടൽ എന്ന കവിതയിൽ കാണാം. ഏതും നാട് ഏവരും ബന്ധുക്കൾ എന്നെഴുതിയ സംഘകാല കവി കണിയൻ പൂങ്കുൻറനാരെ ഓർത്തുകൊണ്ടാണ് ആ കവിത അവസാനിക്കുന്നത്. സുകുമാരൻ്റെ ഇതുപോലുള്ള പല കവിതകളും വർദ്ധിച്ച രാഷ്ട്രീയ മാനത്തോടെ പിൽക്കാലാനുഭവങ്ങളെ കൃത്യമായി പ്രവചിക്കുന്നുണ്ട്. എൻ്റെ നാട് എന്ന് ഏതിനെ വിളിക്കും എന്ന ചോദ്യം രാഷ്ട്രീയ വിവക്ഷകളോടെയാണ് ഇന്നു വായനയിൽ മുഴങ്ങുക. ഉള്ളങ്കാലിൽ ഏതു മണ്ണാണോ ഒട്ടുന്നത് ആ മണ്ണിനെ എൻ്റെ നാട് എന്നു വിളിക്കാം എന്നാണെങ്കിൽ, നാടോടിയുടെ ഉള്ളങ്കാലിൽ ഏതു മണ്ണാണു പറ്റുക എന്ന മറുചോദ്യവുമുണ്ട്. പൗരത്വ പ്രശ്നങ്ങളുടെ സമകാലസന്ദർഭത്തിൽ വീണ്ടും വായിക്കേണ്ട കവിതയാണ്  'നാടു വിടൽ'

2007-ൽ പ്രസിദ്ധീകരിച്ച 'ഭൂമിയെ വായിക്കുന്ന പെൺകുട്ടി' എന്ന സമാഹാരത്തിലെ ഒരു കവിതയാണ്  'മിച്ചം'.

എപ്പോൾ കടൽ
അപഹരിച്ചെടുത്തെന്നറിയില്ല.

കൊണ്ടുവന്നു കരയ്ക്കടിയിച്ച
കുഞ്ഞു ജഡത്തിൻ്റെ കൈകൾ
മുറുക്കനെയടഞ്ഞിരുന്നു.

വിടർത്തിത്തുറന്നു നോക്കിയപ്പോൾ
കണ്ടു

സ്വല്പം മണ്ണും
അതിൽ മുളച്ച
ഏതോ ചെറു ചെടിയും.

2007-നു മുമ്പെഴുതിയ ഈ കവിത ഇന്നു വായിക്കുമ്പോൾ 2015 സെപ്തംബർ രണ്ടിന് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച് തീരത്തടിഞ്ഞ അലൻ കുർദി എന്ന അഭയാർത്ഥി ബാലൻ്റെ ചിത്രം ഓർമ്മയിലുണർത്താതിരിക്കില്ല. യൂറോപ്പിലേക്കു കടൽ കടന്നു രക്ഷപ്പെടാൻ യുദ്ധകലുഷിതമായ സിറിയയിൽ നിന്നോടിപ്പോന്ന കുടുംബത്തിലെ മൂന്നര വയസ്സു മാത്രമുള്ള കുഞ്ഞായിരുന്നു കുർദ് വംശജനായ അലൻ കുർദി. കുടിയേറിയ നാട്ടിലെ സ്വല്പം മണ്ണിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന അഭയാർത്ഥി സമൂഹത്തിൻ്റെ ആത്യന്തിക ദുരന്തം ആഴത്തിൽ മുഴങ്ങുന്ന കവിതയാണ് മിച്ചം. ഒരു ജനത അനുഭവിച്ച സഹനങ്ങളും നൽകിയ ബലികളും അതിജീവനത്തിൻ്റെ ഇത്തിരിപ്പച്ചയും അനുഭവിപ്പിക്കുന്നു ഈ കവിത. നാടു വിടൽ, മിച്ചം തുടങ്ങിയ കവിതകളിലെ പ്രവാചകത്വം സുകുമാരൻ്റെ കവിതക്ക് തമിഴും മലയാളവും കടന്ന് ആഗോളമായ മാനം നൽകുന്നു. മനുഷ്യാവസ്ഥകളെച്ചൊല്ലിയുള്ള ലോകത്തിൻ്റെ ഏതു കോണിൽ നിന്നുമുള്ള ഉൽക്കണ്ഠകളോടും സുകുമാരകവിത സഹഭാവം കൊള്ളുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടിക്കാതെയും അതിവൈകാരികവും അതിധൈഷണികവും അതികാല്പനികവുമാകാതെയും തന്നെ നൈതികമായ ജാഗ്രതയോടെ ലോകം മുഴുവൻ നോക്കിക്കാണാൻ ഈ കവിതക്കു കഴിയുന്നു.

കോവിഡ് 19- മായി ബന്ധപ്പെട്ട് രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ദൽഹിയിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച പതിനായിരക്കണക്കിനു മനുഷ്യരുടെ സഹനമാണ് 'ദില്ലി - അജ്മീർ: 390 കി.മീ.' എന്ന കവിതയിൽ.അതോടൊപ്പം പൗരത്വ നിയമ ഭേദഗതികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉൽക്കണ്ഠകളും ഇന്ത്യൻ മുസ്ലീം സമൂഹം ഇന്നനുഭവിക്കുന്ന അരക്ഷിതത്വവും ആശങ്കകളും കൂടിയുൾക്കൊണ്ടല്ലാതെ ഈ കവിത വായിക്കാനാവില്ല. രാഷ്ടീയമായ ഈ ബോധ്യം മലയാള കവിതയും സുകുമാരൻ്റെ കവിതയും ഒരു പോലെ പങ്കിടുന്നുണ്ട്. എന്നാൽ കേവല പ്രസ്താവനകളോ റിപ്പോർട്ടിങ്ങോ പ്രസംഗമോ ആകാതെ ഒറ്റപ്പെട്ട മനുഷ്യൻ്റെ ഉൺമയുടെ വേദനിപ്പിക്കുന്ന ശബ്ദമാകുന്നു സുകുമാരകവിത. 'എവിടെ അനീതി കണ്ടാലും പ്രതികരിച്ചേ അടങ്ങൂ എന്നു ശാഠ്യം പിടിക്കുന്ന എന്നെ നിങ്ങൾ കണ്ടില്ലേ' എന്നു നെഞ്ചു വിരിച്ചു നിൽക്കുന്നില്ല ഈ കവിത. എല്ലാം തികഞ്ഞവനായ കവി എന്ന ഇമേജ് ഉണ്ടാക്കിയെടുക്കലുമല്ല ഇവിടെ കവിതയുടെ ലക്ഷ്യം.

കേരളത്തിൽ ജീവിക്കുന്നയാൾ എന്ന നിലയിൽ ഇവിടുത്തെ സ്ഥലങ്ങൾ, മനുഷ്യർ, ചരിത്രം, സംസ്കാരം, മിത്തുകൾ എന്നിവ സുകുമാരൻ്റെ കവിതയിൽ സ്വാഭാവികമായി വന്നുചേരുന്നു. 'ദേവി മാഹാത്മ്യം' എന്ന കവിത ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഭഗവതിയുമായി ബന്ധപ്പെട്ട ഒരു മിത്തിൻ്റെ ആവിഷ്കാരമാണ്.

ദൈവമാണെങ്കിലും പെണ്ണാകയാൽ
ചെങ്ങന്നൂർ ഭഗവതി
എല്ലാ മാസവും തീണ്ടാരിയാകുന്നു

എന്നു തുടങ്ങുന്ന കവിത, പ്രാദേശികമായ ഒരു മിത്തിനെ ഉപജീവിച്ചുകൊണ്ട്, ഭൂമിയെ കാത്തു പോരുന്ന പെൺമയുടെ കരുത്തിലേക്കാണ് പടർന്നേറുന്നത്. കണ്ണൂരിലെ പയ്യാമ്പലം ബീച്ചിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് 'പയ്യാമ്പലം'. പയ്യാമ്പലത്തെ കടലിനും അതു വന്നലയ്ക്കുന്ന കരയ്ക്കുമിടയിലുയരുന്ന "നീ എന്നെ എത്ര സ്നേഹിക്കുന്നു" എന്ന ചോദ്യത്തിൻ്റെ അനാദിയും അനന്തവുമായ മുഴക്കം കാറ്റിനും വെയിലിനും ഇരുളിനുമൊപ്പം അനുഭവിപ്പിക്കുന്നതാണ് പയ്യാമ്പലം എന്ന കവിത. മലയാള കവികളായ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും മാത്രമല്ല, തമിഴ് ആധുനിക കവി സുന്ദരരാമസ്വാമിയുടെയും ഓർമ്മകൾ നിറഞ്ഞ കവിതയാണ് 'ധനുവെച്ചപുരം രണ്ടാം (പരിഷ്കരിച്ച) പതിപ്പ് '. കേരള തമിഴ്നാട് അതിർത്തിയിലെ റയിൽവേ സ്റ്റേഷനാണ് ധനുവെച്ചപുരം. തമിഴ് - മലയാളങ്ങളുടെ അതിർത്തിയിൽ വെച്ച് തീവണ്ടിക്കു ചാടി മരിച്ച ചന്ദ്രികയെപ്പറ്റി കേട്ടപ്പോൾ പെട്ടെന്ന് ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും മലയാളിയായ ഈ തമിഴ് കവിയുടെ മനസ്സിലെത്തുന്നു. "ചന്ദ്രികയെ കൊലക്കു കൊടുത്തത് രമണനോ?" എന്ന തിരിച്ചിട്ട ചോദ്യമാണ് അപ്പോൾ അവിടെ മുഴങ്ങിക്കേൾക്കുന്നത്.മലയാളത്തിൻ്റെ കാല്പനിക ഭാവുകത്വത്തെ തമിഴിൻ്റെ അകാല്പനിക ഭാവുകത്വത്തിൽ നിന്നുകൊണ്ടാണെങ്കിൽതന്നെയും മനസ്സറിഞ്ഞ് നോക്കിക്കാണുന്ന കവിതയായും ഇതു വായിക്കാം. തമിഴിൻ്റെ അകാല്പനിക ഭാവുത്വത്തിൻ്റെ കൂടി അടയാളമായാണ് പശുവയ്യായുടെ (സുന്ദരരാമസ്വാമി) ധനുവെച്ചപുരം എന്ന കവിതയുടെ പരാമർശം ഇവിടെ വരുന്നത്.

ഭാരതപ്പുഴയുടെ തീരത്തെ ഷൊറണൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്നും കോയമ്പത്തൂരിലേക്കു കുടിയേറിപ്പാർത്ത കുടുംബത്തിലാണ് സുകുമാരൻ ജനിച്ചത്. ഭാരതപ്പുഴയെക്കുറിച്ച് നേരിട്ടൊരു കവിത അദ്ദേഹമെഴുതിയിട്ടില്ലെങ്കിലും നദികൾ എന്നും ആ കവിതയിലൊഴുകുന്നുണ്ട്.മലയാള കവികൾക്ക് എന്നും നദികളോടുള്ള പ്രിയത്തെ ഓർമ്മിപ്പിക്കും സുകുമാരൻ കവിതകളിലെ നദീസാന്നിദ്ധ്യം.

അവൾ വീട്ടിലേക്കു മടങ്ങിയപ്പോൾ
ഓടാതിരുന്നു നദി.
അവൾ മാത്രം ഓടിക്കൊണ്ടിരിക്കുന്നു
നദിയോടു പേശിക്കൊണ്ട്.

എന്നിങ്ങനെ നദിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്ന പെണ്ണുങ്ങളും
കരയോടൊതുക്കി കെട്ടപ്പെട്ട ആടുന്ന തോണിക്കുള്ളിൽ ബാക്കിയായ മഴവെള്ളത്തിൽ, ഭൂമിയ്ക്കു വെളിച്ചം പകർന്ന കരുണയിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നിലാവുമെല്ലാം ചേർന്ന പുഴയൊഴുക്കുകൾ മലയാളിക്കു പ്രിയങ്കരമാവാതിരിക്കില്ല. ആകാശപ്പരപ്പിൽ പറക്കുന്ന പക്ഷികളാണ് തമിഴ് കവിതയിൽ പൊതുവേ ആവർത്തിച്ചു വരുന്ന ഒരു പ്രധാന ബിംബമെങ്കിൽ സുകുമാരൻ്റെ കവിതയിൽ നദിയും വെള്ളവുമാണ് പ്രാധാന്യത്തോടെ ഇടം പിടിച്ചത് എന്നത് യാദൃച്ഛികമല്ല. സുകുമാരൻ്റെ ഒരു സമാഹാരത്തിൻ്റെ തലക്കെട്ടു തന്നെ 'വെള്ളത്തിന് കതകുകൾ ഇല്ല' എന്നാണ്. മീനിനും ജലസസ്യങ്ങൾക്കും ഇഷ്ടം പോലെ വരാനും പോകാനും സ്വാതന്ത്ര്യമുള്ള വെള്ളത്തെ പെൺമയുമായി ചേർത്തുവച്ചെഴുതിയ 'വെള്ളം കൊണ്ടുണ്ടാക്കിയത് ' എന്ന കവിതയിലെ അവസാന വരിയാണ് ഈ തലക്കെട്ടിനവലംബം. ഭാഷയുടേതുൾപ്പെടെ തടസ്സങ്ങളേതുമില്ലാത്ത പാരസ്പര്യത്തെക്കുറിച്ചുള്ള ബോധം ഈ കവിതകളിലെ അടിയൊഴുക്കാകുന്നു.

കാല്‌പനികത തൊട്ട് ഉത്തരാധുനികത വരെ നീണ്ടെത്തുന്ന നമ്മുടെ ഭാവുകത്വ പ്രവണതകളോട് നിരന്തരം സംവദിച്ചു പോന്ന സഹോദരഭാഷാകവിയാണ് മലയാളിയായ സുകുമാരൻ.മലയാളത്തിൻ്റെ പ്രധാന കവികളിൽ പലരുടെയും കവിതകൾ ഇദ്ദേഹം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.സുഗതകുമാരിയെ അനുസ്മരിച്ചുകൊണ്ട് അടുത്തിടെ സുകുമാരൻ എഴുതിയ ഒരു കുറിപ്പിൽ ഏതാനും സുഗതകുമാരിക്കവിതകളുടെ തമിഴ് പരിഭാഷകൾ കവിയെ നേരിൽ വായിച്ചു കേൾപ്പിച്ച അനുഭവം എഴുതുന്നുണ്ട്. മലയാള കവി ആറ്റൂർ രവിവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്ന ആദ്യത്തെ പുസ്തകം മലയാളത്തിലല്ല വന്നത്, തമിഴിലാണ് എന്നും അത് എഡിറ്റു ചെയ്തത് സുകുമാരൻ ആണ് എന്നും നാം നന്ദിപൂർവം ഓർക്കേണ്ടതുണ്ട്. ആറ്റൂർ രവിവർമ്മ - കവിമൊഴി, മനമൊഴി, മറുമൊഴി എന്നാണ് ആ തമിഴ് പുസ്തകത്തിൻ്റെ പേര്.അടുത്തിടെ ഈഴത്തമിഴ് (ശ്രീലങ്ക) കവി ചേരൻ്റെ കവിതകളുടെ ഒരു സമാഹാരം 'കാറ്റിൽ എഴുതൽ' എന്ന പേരിൽ മലയാളത്തിൽ ഇറക്കിയപ്പോൾ അത് എഡിറ്റു ചെയ്തതും അതിലേക്ക് അനിത തമ്പി, അൻവർ അലി, പി.പി.രാമചന്ദ്രൻ, വി.എം.ഗിരിജ തുടങ്ങിയ മലയാള കവികളെക്കൊണ്ട് തമിഴിൽ നിന്നു നേരിട്ടു പരിഭാഷപ്പെടുത്താൻ കൂടെ നിന്നതും സുകുമാരനാണ്. ഇങ്ങനെ സമകാല തമിഴ്-മലയാള ഭാഷാസാഹിത്യങ്ങളെ തൻ്റെ കവിതകൊണ്ടും സാഹിത്യ പ്രവർത്തനം കൊണ്ടും തമ്മിലിണക്കുന്ന വലിയ പണി ചെയ്തുകൊണ്ടിരിക്കുകയാണ് തിരുവനന്തപുരത്തു താമസിച്ചു കൊണ്ട് തമിഴിലെ ഈ മുതിർന്ന എഴുത്തുകാരൻ.

********************


മതാർ കവിതകൾ - തമിഴ് പരിഭാഷ

 *മുഹമ്മദ് മതാറിന്റെ കവിതകൾ (തമിഴ്)

1
ആരോ തന്നെ
വരയുന്നതിനാൽ,

ചലനമറ്റു
കൂപ്പുകുത്തിക്കിടന്ന തീവണ്ടി
ഓടാൻ തുടങ്ങുന്നു.

ഓരോ സ്റ്റേഷനിലേക്കും
ചിത്രകാരൻ വരുന്നു,
ബ്രഷും പിടിച്ച്.

2
ഉമ്മറം തളിക്കുന്നവൾ
വെള്ളത്തെ
മഴയാക്കി.
ബക്കറ്റുക്ലാസ്മുറിയിൽ
അമർന്നിരുന്നവ
ഇപ്പോൾ ഓരോരുത്തരായി
കളിക്കാൻ പോകുന്നു.


3
ഗുഹ
***

കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള കഥ
അവളെ തോളിൽ കിടത്തിക്കൊണ്ടു പറഞ്ഞു.
എന്റെ വായ
തുറക്കുമ്പോഴെല്ലാം
ഗുഹയായി
സിംഹം വന്നു
പുലി എത്തിനോക്കി
തോളിൽ കിടക്കുന്നവൾ
ഉറക്കം വന്നു തൂങ്ങി
കോട്ടുവാ വിട്ടു.
ഒരു നിമിഷം നടുങ്ങിപ്പോയ് ഞാൻ
അവളുടെ തുറന്ന വായ്ക്കുള്ളിൽ
സിംഹം
പല്ലുകൾക്കിടയിൽ പുലി
അവൾ ഗുഹയടച്ചപ്പോഴെല്ലാമതു
വായായി മാറി.


4
ബലൂൺ
***

മാജിക് സ്ലേറ്റ്
വിസിൽപന്ത്
വെള്ളം ചീറ്റുന്ന തോക്ക്
പത്തടി ദൂരം കാട്ടുന്ന ബൈനോക്കുലർ
ഇവയോടൊപ്പം ബലൂൺ വിൽക്കുമ്പൊഴും
ബലൂൺ മുത്തച്ഛൻ എന്നു തന്നെ അറിയപ്പെടുന്നു
ആ ബലൂൺ മുത്തച്ഛൻ.

ഞാനും
ബലൂൺ കുഞ്ഞായിത്തന്നെയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ചു ദുഃഖമില്ലാതെ
സ്വതന്ത്രമായിപ്പറക്കുന്നതിനാൽ
ബലൂൺകുഞ്ഞായ് തന്നെയിരിക്കുന്നു.

ബലൂൺ മുത്തച്ഛൻ
കുഞ്ഞായ ബലൂൺ
ഞാൻ എന്ന ബലൂൺകുഞ്ഞ്
മൂവരും സന്ധിക്കുന്ന
നിറയെ ഞായറാഴ്ച്ചകൾ


5
മദ്യശാലയിൽ
ഒരു മദ്യചഷകം
ഇരുപുറത്തും ചിറകു മുളച്ച്
എല്ലാ മേശയിലും
പറന്നു പറന്നു വന്നു.
മേശ തുടയ്ക്കുന്ന പയ്യനോടു
ചോദിച്ചപ്പോൾ
കുറേ നാളായി കഴുകാതെ കിടന്ന
പാത്രക്കൂമ്പാരത്തിൽ
ഒന്നാണത് എന്നു പറഞ്ഞു.


6
കാരണമൊന്നുമില്ലാതെ
ഒരു തീപ്പെട്ടിക്കൊള്ളി കൊളുത്തൂ
അതിന്റെ പേരാണ്
വെളിച്ചം.


7
ഒരു പൂക്കടയെ
ഉമ്മറമാക്കി
ഈ നാട്
തുറന്നു കിടക്കുന്നു.

പൂക്കടക്കാരി
എപ്പോഴത്തെയും പോലെ
വരുന്നു
പൂവു കെട്ടുന്നു
കട തുറക്കുന്നതായും
കട അടയ്ക്കുന്നതായും
പറഞ്ഞുകൊണ്ട്
നാടിനെത്തന്നെ തുറക്കുന്നു
നാടിനെത്തന്നെ അടയ്ക്കുന്നു.


8
ഗർഭിണിപ്പെണ്ണിനുള്ള പിറന്നാൾ സമ്മാനം
****

ദൈവംതമ്പുരാൻ
തന്റെ സമ്മാനം
ഗോളാകൃതിയിൽ കെട്ടി
നിന്റെ വയറ്റിൽ വെച്ചിരിക്കുന്നു.
പിറന്നാൾ സമ്മാനം അഴിച്ചെടുക്കാൻ
സമ്മാനത്തിന്റെ പിറന്നാൾ വരെ
നീ കാത്തിരിക്കണം.


9
വെയിൽ കഴുകൽ

അറ്റ വേനൽക്കാലം.
മുഖം കഴുകൽ എന്നത്
മുഖം കഴുകലല്ല.
മുഖത്തു വെള്ളം പാറ്റി
വെയിൽ കഴുകി ഞാൻ.
വീണ്ടും പാറ്റി
വെയിൽ കഴുകി ഞാൻ.
മുഖം കഴുകാൻ ഇത്ര നേരമോ
എന്ന പുറംശബ്ദം.
അതിനറിയില്ല
ഞാൻ വെയിൽ കഴുകി
മുഖമന്വേഷിക്കുന്ന സംഭ്രമം.


10
ചാറ്റൽ മഴയ്ക്ക് ഒതുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ
മഴയെ പുകയെ സിഗററ്റിനെ
ബസ് സ്റ്റാന്റിലെക്കടകളെ
തെരുവിനെ
തറയെ
സിനിമാ പോസ്റ്ററുകളെ
വിളിച്ചു കൂവുന്ന ഓട്ടോക്കാരെ
പൊറോട്ട മണത്തെ
പിച്ചി കനകാംബരങ്ങളെ
നദിയിലേക്കോടുന്ന ഭ്രാന്തനെ
സ്വന്തം നാട്ടിലേക്കു മടങ്ങുന്നവൻ നോക്കുന്നു.
ഭ്രാന്തു മാറുന്നവന്റെ
തലയിൽ നടക്കുന്ന
മാറ്റങ്ങൾക്കു സമമാണത്.


11
ഇസബെല്ലയുടെ രാത്രികൾ
****

ഇസബെല്ലയുടെ രാത്രികൾ
വിചിത്രമായവ.

മുളകളെത്തേടും
മുളങ്കാടുകൾ പോൽ
അവ.


12
മുത്തച്ഛന്റെ കണ്ണട
വലിക്കുന്ന പേരക്കുട്ടി
കാഴ്ച്ച മങ്ങിക്കുന്നു.
മരണസമയത്തെ മങ്ങൽ.
പേരക്കുട്ടിയിൽ നിന്നു
കണ്ണട പിടിച്ചു വാങ്ങുന്ന മുത്തച്ഛൻ
ഓരോ തവണയും
ജീവിതത്തിലേക്കു മടങ്ങുന്നു.
പേരക്കുട്ടി പിന്നെയും വലിക്കുന്നു.
മുത്തച്ഛൻ പിന്നെയും പിടിച്ചു വാങ്ങുന്നു.
മുത്തച്ഛൻ ചിരിക്കുന്നു.
ഓരോ തവണയും തന്റെ മുഖത്തു നിന്നു
കണ്ണട വലിക്കാൻ
മുത്തച്ഛൻ നിന്നുകൊടുക്കുന്നു.
അവന്റെ മുഖത്തു കണ്ണട വയ്ക്കാൻ
പക്ഷേ,വിടുന്നില്ല.



* മതാർ എന്ന പേരിൽ എഴുതുന്നു. തിരുനെൽവേലി സ്വദേശി. ഏറ്റവും പുതിയ തലമുറയിൽ പെട്ട കവി. 2021-ൽ പ്രസിദ്ധീകരിച്ച വെയിൽ പറന്തത് ആദ്യ സമാഹാരം...

Thursday, June 3, 2021

ചന്ദ്രാ തങ്കരാജ് കവിതകൾ (തമിഴ് പരിഭാഷ)

കവിതകൾ
ചന്ദ്രാ തങ്കരാജ് (തമിഴ്)

1. ആടുകളെ കഴുതകളാക്കി അല്ലെങ്കിൽ ദൈവമാക്കി മാറ്റൽ

ഞാൻ മരത്തിനടിയിൽ ചാഞ്ഞിരുന്നപ്പോൾ
ജീവിതം അത്രമാത്രം അത്ഭുതകരമായിരുന്നില്ല.
എന്നെ നോക്കി അവൻ വന്നപ്പോഴാണ്
അത്ഭുതങ്ങൾ തുടങ്ങിയത്.
"ഞാൻ നിന്നെത്തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ
വിട്ടുപോയ നക്ഷത്രങ്ങൾ തിരിച്ചു താ",
അവൻ പറഞ്ഞു.

എപ്പോൾ?
ഞാൻ കണ്ണു മിഴിച്ചു.

"ഇരുപതു കൊല്ലം മുമ്പ്
ഇതേ പൂവരശു മരത്തിനടിയിൽ വെച്ച് "

അന്നേരം ഞാൻ
മരത്തെച്ചുറ്റി കളിക്കുകയായിരുന്നു.
ആ ചെരിഞ്ഞ നിലത്തിനു താഴെ നീർച്ചാല്.
ഇവിടെ
ഭാഗ്യക്കുറി ടിക്കറ്റുകൾ തൂങ്ങുന്ന
മഞ്ഞനിറമുള്ള പെട്ടിക്കട.
സഹിക്കാൻ വയ്യാത്ത കാലു വേദനയോടെ
ഒരു വൃദ്ധ മക്കാച്ചോളം വിൽക്കുന്നു.
ആൽമരക്കൊമ്പിലൂഞ്ഞാലാടിക്കൊണ്ട്
നാമതു കടിച്ചു തിന്നു.
എല്ലാം ഓർമ്മയുണ്ടെങ്കിലും
ഏയ് ഭ്രാന്താ, ഇതെല്ലാം
നിൻ്റെ ദൈവത്തോടു പോയിച്ചോദിക്കൂ
എന്നു പറഞ്ഞു ഞാൻ.

"ചോദിച്ചില്ലെന്നോ?
ദൈവം ഒന്നും ഓർമ്മയില്ലാത്ത കഴുത.
അതിൻ്റെ ഓർമ്മയിൽ ഒന്നുമില്ല.
താനൊരു കഴുതയായതുപോലും
അതു മറന്നിരിക്കുന്നു."
അവൻ പറഞ്ഞു.
ഇക്കാലത്താരും കഴുതയെ വളർത്താറില്ല മണ്ടാ,
ഭാരം ചുമക്കുന്നത് അവ നിറുത്തിയപ്പോൾ
മനുഷ്യരവയെ വളർത്തുന്നതും നിറുത്തി.
ഏറ്റവുമൊടുവിൽ ഇതിലേ ചുറ്റിത്തിരിഞ്ഞ
കിഴട്ടു കഴുതയും
വെള്ളമില്ലാത്ത കിണറ്റിൽ വീണു ചത്തുപോയി.
അതേ സമയം
ഭാരം ചുമക്കാൻ വേണ്ടത്ര മനുഷ്യരും ഇവിടില്ല.
ആടുകളെ വളർത്തിക്കൊണ്ടിരിക്കുന്ന
ആ വയസ്സന്മാരല്ലാതെ.

"അവരിവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"

ആടുകളെ കഴുതകളാക്കി മാറ്റാനുള്ള
പരിശ്രമത്തിലാണ്.

"നീ ഇവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"

കഴുതയാവാൻ കാത്തിരിപ്പാണു ഞാൻ.
വാ, എൻ്റെയരികിലിരിക്ക്.
നമുക്കൊന്നിച്ചു കഴുതകളാവാം.



2..കാടുമേയൽ

മലയടിവാരത്തിൽ
വിറകെടുത്തുകൊണ്ടിരുന്നവൾ
വഴിതെറ്റി
ചക്രവാളത്തിലേക്കു കയറിപ്പോയ്.
അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ
മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ
പതിഞ്ഞു കിടക്കുന്നു.
പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.



3.കുരുമുളക്

അഞ്ചു മൈൽ ദൂരം നടക്കണം.
ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.
വിരലുകൾകൊണ്ടു മെല്ലെ
മലയെ തൊട്ടു നീക്കി അവൾ
അതൊരു കുരുമുളകു മണി പോലെ
ഉരുണ്ടു മാറുന്നു.
ഇങ്ങനെയാണ്
എന്നും ഒറ്റക്കുതിയ്ക്ക്
മല കടക്കുന്നത്
മായാറാണി.



4. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ
അതായിത്തന്നെയിരിക്കുന്നു എപ്പോഴും.

വലിയമ്മ പറഞ്ഞു:
"നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു"
അപ്പോൾ തൊട്ട്
പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.
അപ്പൻ ഒരു നായയെ വളർത്താൻ തന്നു.
പൂച്ചകൾ എന്നെക്കണ്ട് ഓടി.
മുയൽക്കുഞ്ഞിൻ്റെ ചോര
അവരെൻ്റെ തലയിൽ തേച്ചു.
മലന്തേനും മുള്ളൻപന്നിമാംസവും
വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.
പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.
വലിയമ്മ പറഞ്ഞു:
"നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു"



5. മായ ഇഴ

പാവാടയിൽ പറ്റിയ രക്തക്കറ
മലഞ്ചോലയിൽ കഴുകുന്നു പെൺകുട്ടി.
അവൾ തേയ്ക്കെത്തേയ്ക്കേ
പാവാടയുടെ വെള്ളരിപ്പൂക്കൾ
പറന്നു പോകുന്നു.
പൂക്കളെ ഓടിയോടിപ്പിടിക്കാൻ
കയ്യിലടങ്ങാതെ പറക്കുന്നു പൂക്കളറ്റ പാവാട.
അതുനോക്കിക്കരഞ്ഞുകൊണ്ടവൾ
വീട്ടിലേക്കോടുന്നു.
വഴിയെങ്ങും പലനിറപ്പൂക്കൾ
നാലുപാടും പറക്കുന്നു.
ഗ്രാമത്തിലെ മുഴുവൻ പെണ്ണുങ്ങളും
പൂക്കൾക്കു പിറകെയോടുന്നു.
അമ്മയും തൻ്റെ സാരിപ്പൂക്കൾ
പിടിക്കാനോടുന്നതു നോക്കി നിൽക്കുന്നു
പെൺകുട്ടി.



6. പച്ചത്തിണപ്പക്ഷി

എവിടെയായിരുന്നെന്നു ചോദിക്കാതെ.
ഇവിടെത്തന്നെ ഞാൻ രണ്ടായിരം കൊല്ലമായ്
കാടിന്റെ പാട്ടുകൾ പാടിയിരിക്കുന്നു.
ആണ്ടാണ്ടുകാലപ്പഴക്കമുള്ള സൂര്യൻ
ദിവസവുമെനിക്കു പിറവി നൽകുന്നു.
കുളിർത്ത മലയിലെന്നരികിലിരിക്കുവിൻ
കാട്ടുവെൺനെല്ലരിച്ചോറിനൊപ്പം
കള്ളുകുടിച്ചീ രാവു കടക്കും നാം



7. തേൻകടന്നൽ

തേൻ കുടിച്ച ലഹരിയിൽ
ജനലിൽ തട്ടിത്തട്ടി
നൃത്തമാടിക്കൊണ്ടിരുന്നു
മലന്തേനീച്ച...
ജനൽ തുറന്നു ഞാൻ നാക്കു നീട്ടി
തീവ്രമായ് വിഷവും തേനും ഉള്ളിലേക്കിറങ്ങി.
തേൻ ചുരക്കുന്ന കുഞ്ഞുങ്ങളെ
പെറ്റു വളർത്തി ഞാൻ
പിന്നീട് പൂക്കളെൻ കുഞ്ഞുങ്ങളെത്തേടി
പറന്നു വന്നു.



8. മലയെ ചെരിപ്പായ് അണിയൽ

എപ്പൊഴും മലകൾക്കു മേലേ
നടന്നുകൊണ്ടിരിക്കുന്നു ഞാൻ
മലയും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു.
പാറപ്പുറത്തെന്റെയാടുകൾ കിടന്നുറങ്ങുന്നു.
മഞ്ഞുമൂടിക്കിടക്കുന്നു വീട്
ഞാനോ ദൂരത്തു തന്നെ നിൽക്കുന്നു.
ഏകാന്തതയുടെ നീളൻ കാല്പടത്തിന്മേൽ
എന്റെ സ്വപ്നങ്ങൾ പിറുപിറുത്തലയുന്നു.
എല്ലാത്തിനും കാരണം നിന്റെ തലവിധി,
അവർ പറയുന്നു.
അതു മാറ്റാനായി
എന്റെ വലതു കൈരേഖകൾ ഇടതു കൈ കൊണ്ടും
ഇടതു കൈരേഖകൾ വലതു കൈ കൊണ്ടും
അഴിച്ചുകൊണ്ടേയിരിക്കുന്നു.


9.മുറി ഒഴിവില്ല

ലോഡ്ജുകാർ
അവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.
അവന്റെ കാൽക്കീഴിൽ നിന്നു പെരുകിയ കടലും
അവളുടെ കാൽക്കീഴിൽ നിന്നുയർന്ന മലയും
കണ്ടു വിരണ്ട്
നിങ്ങൾ ശരിയല്ലാത്ത ജോടി,
മുറി ഒഴിവില്ല എന്നു പറഞ്ഞു.
അവർ അവിടുന്നിറങ്ങേ,
കടലും മലയും നായ്ക്കുട്ടി പോലെ
അവരോടൊപ്പംന്നു നടുറോട്ടിലിരുന്നു.
വരം പിൻവലിച്ച അവയെ അവിടെയുപേക്ഷിച്ച്
അവർ മേച്ചിൽപ്പുറം നോക്കിപ്പുറപ്പെട്ടു.

കുട്ടി കുഴിച്ചിട്ട വാക്കിൽ നിന്നും തഴച്ചു പൊന്തുന്നൂ അപ്പമരം (ലേഖനം).

കുട്ടി കുഴിച്ചിട്ട വാക്കിൽ നിന്നും
തഴച്ചു പൊന്തുന്നൂ അപ്പമരം
പി. രാമൻ

കേരളത്തിലെ എല്ലാ അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒരു ചെറിയ രചന താഴെ കൊടുക്കുന്നു.

കള്ളം പറയണം
കള്ളം പറയാൻ നമ്മൾ പഠിക്കണം.
കൊതിയോടെ കഴിക്കാൻ വെച്ച മധുരം
കൂടപ്പിറപ്പ് ചോദിച്ചാൽ
എനിക്കു വേണ്ടാ എന്നു കള്ളം പറയണം.
സ്നേഹമുള്ളവർ
വേദനിപ്പിക്കും വിധം സംസാരിച്ച്
പിന്നീട് വിഷമമായോ എന്നു ചോദിക്കുമ്പോൾ
ഇല്ല എന്നു കള്ളം പറയണം
ഒരുപാടു തിരക്കുള്ള സമയത്ത്
ഇഷ്ടമുള്ളവർ വിളിച്ചാൽ
തിരക്കാണോ എന്നതിന്
അല്ല എന്നു കള്ളം പറയണം.
മനസ്സിൽ തിരയടിക്കുമ്പൊഴും
എതിരേ വന്ന ആൾ
സുഖമാണോ എന്നു ചോദിച്ചാൽ
അതെ എന്നു കള്ളം പറയണം.
എല്ലാം കഴിഞ്ഞ്
ആ ദിവസത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ
ഒരു സത്യം പറയാൻ മറക്കരുത്
എൻ്റെ വേദനകളെ ഞാൻ
അതിജീവിച്ചു എന്ന്.

വായിച്ച് എന്തു തോന്നി? സത്യം പറയാൻ പഠിക്കണം എന്ന് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട അദ്ധ്യാപകരായ നമ്മൾ കള്ളം പറയാൻ പഠിക്കണം എന്ന ആശയം എങ്ങനെയാണ് ഉൾക്കൊള്ളുക? കവിത വായിച്ചു വരുമ്പോൾ, കള്ളം പറയുക എന്നതിനടിയിലുള്ള മഹാവേദനയിലേക്ക് നാം പൊടുന്നനെ എത്തിപ്പെടുന്നില്ലേ? അതെ, വേദനയിൽ നിന്നു വിരിഞ്ഞതാണ് കളങ്കമില്ലാത്ത ആ കള്ളം. അതിൻ്റെ വേരുകൾ ഇറങ്ങിച്ചെല്ലുന്നതോ എൻ്റെ വേദനകളെ ഞാൻ അതിജീവിച്ചു എന്ന സത്യബോധത്തിലേക്കുമാണ്. വേദനയെ മറികടക്കാനുള്ള മനുഷ്യൻ്റെ കഠിന പരിശ്രമത്തിന് ഭാഷ നൽകിയിരിക്കുകയാണീ കുഞ്ഞ്. ആഴമേറിയ ഒരു ജീവിത സത്യം പ്രകാശിക്കുന്നു ഈ കവിതയിൽ, അല്ലേ? ഈ ജീവിത സത്യത്തിലേക്ക് വേദനയോടെ എത്തിച്ചേരാൻ ഒരാൾക്ക് എത്ര വർഷമെടുക്കേണ്ടി വരും?

എന്നാൽ പറയാം. മുകളിൽ വായിച്ച ഈ കവിത എഴുതിയത് പ്രായം കൊണ്ടു മുതിർന്ന ഒരാളല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.പാലക്കാട് ജില്ലയിലെ തൃത്താല കെ.ബി. മേനോൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിയാണ് ഇതെഴുതിയത്. ഷിഫാന ഷെറി ഇപ്പോൾ നമുക്കിടയിലില്ല.2020 ഓഗസ്റ്റ് 10 ന് അവൾ ഈ ലോകം വിട്ടു പോയി.കാൻസർ ബാധിച്ച് വേദനിച്ചു പിടയുന്ന സമയത്ത് അവളെഴുതിയാണ് ഈ കവിത അഥവാ കുറിപ്പ്. ധാരാളം കവിതകളും കുറിപ്പുകളും ഡയറിയിലവൾ എഴുതിവെച്ചിരുന്നതിൽ ഒന്ന്. ഇതിനെ അവൾ കവിതയായല്ല ഒരു കുറിപ്പായാണ് കണ്ടത്.എന്നാൽ ഇപ്പോൾ വായിക്കുമ്പോൾ നമുക്കിത് ഉള്ളിൽ കൊളുത്തി
വലിക്കുന്ന കവിതയാകുന്നു. പതിമൂന്നു വയസ്സുമാത്രമുള്ള ഈ പെൺകുട്ടി ആവിഷ്കരിച്ചതിനേക്കാൾ ആഴമുള്ള സത്യം ഒരായുഷ്ക്കാലം മുഴുവനും താണ്ടിയാൽ പോലും ആവിഷ്ക്കരിക്കാനാവണമെന്നില്ല. വേദനയിൽ നിന്നൂറിയ അറിവാണ് ഷിഫാനയുടെ എഴുത്തിലുടനീളം. മറ്റുള്ളവരെ താൻ വേദനിപ്പിച്ചുവോ എന്നാണ് പല കവിതകളിലും അവൾ ആവർത്തിച്ചു ചോദിക്കുന്നത്. തനിക്കു പ്രിയപ്പെട്ട എല്ലാവരേക്കുറിച്ചുമുള്ള എഴുത്തുകൾ ഷിഫാനയുടെ ഡയറിയിലുണ്ട്. ഉപ്പ, ഉമ്മ, വല്യുപ്പ, വല്യുമ്മ, അനിയൻ, കൂടെപ്പഠിച്ച കൂട്ടുകാർ, പഠിപ്പിച്ച അദ്ധ്യാപകർ, ചികിത്സിച്ച ഡോക്ടർമാർ എല്ലാവരെക്കുറിച്ചും അവൾ സ്നേഹത്തോടെ എഴുതുന്നു. രണ്ടിലോ മൂന്നിലോ പഠിക്കുന്ന തൻ്റെ കുഞ്ഞനിയനെക്കുറിച്ച് അവളെഴുതിയ ഈ വാക്കുകൾ വായിക്കൂ: "അവനെന്നെ കാണാൻ ആദ്യമായി തിരുവനന്തപുരത്ത് വന്ന ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കീമോയുടെ ഫലമായി മുടിയെല്ലാം പോയി മൊട്ടത്തലയുളള എന്നെ അവൻ നോക്കിയ നോട്ടം... അവൻ്റെ മുഖത്തു പ്രതിഫലിച്ചത് എന്നോടുള്ള സ്നേഹമായിരുന്നു. അവനെൻ്റെ രൂപം എന്തുകൊണ്ടോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു പക്ഷേ, ഒരു കുഞ്ഞു മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കാം ആ കാഴ്ച്ച.തൻ്റെ കൂടപ്പിറപ്പ് ദയനീയാവസ്ഥയിൽ കഴിയുന്നത് ഒരു കൂടപ്പിറപ്പിനു സഹിക്കുകയില്ല. അവനെന്നെ അന്ന് കരഞ്ഞുകൊണ്ടു നോക്കിയപ്പോൾ എൻ്റെ ഹൃദയം തകർന്നു.ഞാൻ ഛർദ്ദിക്കുമ്പോൾ ഓടി വന്ന് എനിക്കായ് ബക്കറ്റു നീട്ടി. എൻ്റെ പുറം തടവിത്തന്നു".

ഷിഫാന ഷെറി ഡയറികളിൽ എഴുതിവെച്ച കവിതകളും കുറിപ്പുകളും ചേർത്ത് നിറമുള്ള അക്ഷരങ്ങൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത് കൂറ്റനാട്ടെ പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിയാണ്. അവശേഷിച്ച ലോകത്തെ കൂടുതൽ നന്മയുള്ളതാക്കാൻ പോന്ന ഈ കുഞ്ഞിൻ്റെ രചനകൾ, അവസാനദിനങ്ങളിൽ കൂടെ നിന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.

ഷിഫാനയെപ്പോലുള്ള കുട്ടികളുടെ എഴുത്ത് ബാലസാഹിത്യത്തിൻ്റെ പരിധിയിൽ വരുന്നതല്ല. കുട്ടികൾക്കു വേണ്ടി മുതിർന്നവർ എഴുതുന്നതിനെയാണ് നമ്മൾ പൊതുവേ ബാലസാഹിത്യം എന്നു വിളിക്കാറ്. കുട്ടികളുടെ എഴുത്ത് നാം വേറിട്ടു തന്നെ പരിഗണിക്കേണ്ട മൗലികമായ ഒരിന (ഴാനർ) മാണ്. കുട്ടികളുടെ എഴുത്ത് പലപ്പോഴും കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ കള്ളി തിരിക്കാൻ കഴിയാത്ത രൂപഭാവ സവിശേഷതകളുള്ളതുമാണ്. അതു കൊണ്ട് ചെറുകഥ, കവിത തുടങ്ങിയ പൊതു ഇനങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്താൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ എഴുത്ത് മൗലികമായ ഒരിനം ആയി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞത്.

കുട്ടികളുടെ എഴുത്തിൽ എനിക്കേറ്റവും കൗതുകം തോന്നിയിട്ടുള്ള ഒരു കാര്യം കുട്ടിക്കാലത്ത് തീർത്തും സ്വതന്ത്രമായി എഴുതുന്ന ഈ കുട്ടികളിൽ മിക്കവരും മുതിരുന്നതോടെ എഴുത്തു നിർത്തുകയോ കൃത്രിമമായ സാഹിത്യ ഭാഷയിലേക്ക് മാറുകയോ ചെയ്യുന്നു എന്നതാണ്. കുട്ടിക്കാലത്ത് അതിമനോഹരമായി എഴുതിയിരുന്ന മിക്ക കുട്ടികളും എഴുത്തിൻ്റെ ലോകത്തു നിന്ന് പിന്നീട് അപ്രത്യക്ഷമാവുന്നതാണ് അനുഭവം.  മറ്റെല്ലാവരും എഴുതിക്കൊണ്ടിരിക്കുന്ന പൊതു സാഹിത്യ ഭാഷയിൽ തന്നെയെഴുതി വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു എഴുത്തു തുടരുന്ന പലരും. കവിത, അല്ലെങ്കിൽ കഥ ഇന്നയിന്ന തരത്തിലൊക്കെ ഇരിക്കണം എന്ന ബോധം ഉറയ്ക്കുന്നതോടെ ആ സ്വാഭാവിക പ്രവാഹം വറ്റിപ്പോകുന്നു. അതിൽ അദ്ധ്യാപകർക്കുമുണ്ട് വലിയൊരു പങ്ക്. ഇന്നയിന്ന തരത്തിൽ എഴുതണം എന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുകയല്ല, അവരുടെ തീർത്തും സ്വാഭാവികമായ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് കൂടുതൽ നന്നാകാൻ എഴുതിയത് വീണ്ടും വീണ്ടും വായിച്ച് സ്വയം തിരുത്തേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതും നല്ലതാണ്. അത്രയേ വേണ്ടൂ.

കുട്ടികളുടെ എഴുത്ത് ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവർക്കു മാത്രം എഴുതാൻ കഴിയുന്നതാണ് അവരെഴുതുന്നത്. കുട്ടിത്തം നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും എഴുതാൻ കഴിയാത്തതാണത്. കുട്ടികളുടെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അതു തകർക്കുന്നു.  "എന്തു നല്ല പൂവ് രണ്ടു നല്ല പൂവ്" എന്ന മട്ടിലേ കുട്ടികൾ എഴുതൂ, എഴുതാവൂ എന്നത് മുതിർന്നവരുടെ മുൻധാരണ മാത്രമാണ്. തുടക്കത്തിൽ കൊടുത്ത ഷിഫാനയുടെ കവിത തന്നെ നോക്കൂ.ആ പ്രായത്തിലെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അമ്പേ തകർക്കുന്നു ആ കവിത. കുട്ടികളുടെ എഴുത്തിൽ മുതിർന്നവരുടേതിൽ നിന്നു വ്യത്യസ്തമായ നോട്ടനില ഉണ്ടാകും.മുതിരുന്നതോടെ അത്, മുതിർന്നവരുടെ പൊതു നോട്ടത്തിനു വഴിമാറുകയും ചെയ്യാം. ഇക്കാരണങ്ങളാൽ കുട്ടികളുടെ എഴുത്ത് ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വലിയ ആവശ്യമാണ്.

മനുഷ്യൻ്റെ ബാല്യമാണല്ലോ ശിലായുഗ കാലം. അന്ന് മനുഷ്യൻ ഗുഹകളിലും മറ്റും കോറിയിട്ട ചിത്രങ്ങൾ എത്ര പ്രാധാന്യത്തോടെയാണോ നാം സംരക്ഷിക്കുന്നത് അതിനേക്കാൾ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടവയാണ് കുട്ടികളുടെ രചനകൾ.കാരണം അവ ബാല്യത്തിനു മാത്രം കൈമുതലായുള്ള നോട്ടനിലകളിൽ നിന്ന് എഴുതപ്പെട്ടവയാണ്, ജീവത്തായ ഒരു തുടർച്ചയുമാണ്.ഇന്നലെ കുട്ടികൾ എഴുതി വളർന്ന് മുതിർന്നവരായി. ഇന്നും കുട്ടികൾ എഴുതുന്നു. നാളെയും അവർ എഴുതും.അവർ പിൽക്കാലത്ത് വലിയ എഴുത്തുകാരായി മാറുന്നുണ്ടോ ഇല്ലയോ എന്നത് തീർത്തും അപ്രധാനമാണ്.കവിതയുടെ കരുത്തറിയുന്ന നല്ല വായനക്കാരായി മാറുമായിരിക്കാം പലരും. നിത്യജീവിതത്തിൽ സാധാരണ ഭാഷാവ്യവഹാരങ്ങൾ ചെയ്തു പോരുന്നവർ മാത്രമായാൽപ്പോലും കാവ്യാത്മകമായ കരുത്തും തിളക്കവും തങ്ങളുടെ പതിവു ദിനസരി മൊഴികളിലൊതുക്കാൻ, അങ്ങനെ കവിതത്തിളക്കത്തോടെ ജീവിക്കാൻ, പിൽക്കാലത്ത് പലർക്കും കഴിഞ്ഞേക്കും. അപൂർവം ചിലർ എഴുത്തിൻ്റെ തനതു വഴി വെട്ടി മുന്നേറാനും മതി.

ആറേഴു കൊല്ലം മുമ്പ് ഒരു കവിതാ ശില്പശാലയിൽ വെച്ച് കബനി സി. എന്ന അന്നത്തെ ഒരു നാലാം ക്ലാസുകാരി ഇങ്ങനെ എഴുതി:

കുട്ടി പൂ പറിച്ച് മുടിയിൽ ചൂടി.
കുട്ടിയുടെ മുടിയിലിരുന്ന് പൂവിന് ഇക്കിളിയായി.
പൂവിന് ചിരിച്ചു ചിരിച്ച് വയ്യാണ്ടായി.

വെറും മൂന്നു വരി. എന്നാൽ, മുതിർന്നൊരാളുടെ ഭാവനാശക്തിക്കപ്പുറത്താണ് ഇക്കവിതയിലെ ഭാവന. ഒരു കുഞ്ഞിനേ ഇതെഴുതാൻ കഴിയൂ.ആദ്യത്തെ വരി ഒരു സാമാന്യ പ്രസ്താവനയാണ്. രണ്ടാമത്തെ വരിയിൽ വിസ്മയിപ്പിക്കുന്ന ഒരു കുതിച്ചു കയറ്റമുണ്ട്. മുടിയിഴയിലുരസി പൂവിന് ഇക്കളിയാവും എന്ന് ചിന്തിക്കാൻ ഒരു പക്ഷേ, കുഞ്ഞിനേ കഴിയൂ. അവസാന വരിയിലെ ആ 'വയ്യാണ്ടായി' യിലേക്കാണ് നമ്മുടെ ശ്രദ്ധ പെട്ടെന്നു പതിയുക. കോളേജ് വിദ്യാർത്ഥികളുടെ സാഹിത്യ ക്യാമ്പിൽ ഞാനീ കവിത അവസാന വാക്ക് വിട്ടു കളഞ്ഞ് പൂരിപ്പിക്കാൻ വേണ്ടി നൽകിയത് ഓർക്കുന്നു. കൗമാരക്കാരായ കോളേജ് വിദ്യാർത്ഥികൾ പൂവിന് ചിരിച്ചു ചിരിച്ച് ബോറഡിച്ചു എന്നാണ് അതു പൂരിപ്പിച്ചത്.കുട്ടിയുടെ മുടിയിലിരുന്ന് ഇക്കിളിയായി ചിരിച്ചു ചിരിച്ച് വയ്യാണ്ടാവുന്ന ഒരു പൂവിനെക്കാണാൻ കുഞ്ഞിൻ്റെ കണ്ണു തന്നെ വേണം.

സൽഗുണ സമ്പന്നമായ എഴുത്താണ്, ആവണം കുട്ടികളുടേത് എന്ന മുൻധാരണയേയും അവർ പൊളിച്ചു കയ്യിൽ തരും. 2011 ൽ  ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന രമോദ്.വി.(എ.യു.പി.സ്കൂൾ പുഞ്ചപ്പാടം) എഴുതിയ ചോക്ക് എന്ന ഈ രചന നോക്കൂ:

ഒരു ദിവസം ശോഭട്ടീച്ചർ ക്ലാസെടുക്കുകയായിരുന്നു. ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമായിരുന്നില്ല.ക്ലാസെടുക്കുന്നതിനിടയിൽ ടീച്ചർ തല ചുറ്റി വീണു. കുട്ടികളാരും അതു കണ്ടുവെന്നുപോലും നടിച്ചില്ല.

മേശപ്പുറത്തുണ്ടായിരുന്ന ചോക്ക് വേഗം ചാടി ബോർഡിലെഴുതി:
'എല്ലാവരും ഓടിപ്പൊയ്ക്കോളൂ'
('പുതുമഴ', സർവശിക്ഷാ അഭിയാൻ, പാലക്കാട്)

ഇഷ്ടമല്ലാത്ത ടീച്ചറെ കുട്ടികൾ എങ്ങനെയാണ് ഉപേക്ഷിച്ചു പോകുന്നത് എന്നതിൻ്റെ ക്രൂരമെങ്കിലും സത്യസന്ധമായ ആവിഷ്കാരമാണീ രചന. എന്തുകൊണ്ടാണ് ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമാകാതിരുന്നത് എന്ന ചോദ്യം ഈ രചനയ്ക്കുള്ളിലുണ്ട്. കുട്ടികളെ ഉൾക്കൊളളാത്ത ഒരു ടീച്ചറെ കുട്ടികൾക്കും ഉൾക്കൊള്ളാനാവില്ല എന്നു ബോധ്യപ്പെടുത്തുന്നു ഈ രചന.

കുറേക്കൂടി പഴയ ഒരു കവിത നമുക്കിപ്പോൾ വായിക്കാം. കവിതയുടെ പേര്  'കൊതി തോന്നുന്നു'. എഴുതിയത് 1968-ൽ ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന ടി.കെ.വിജയകുമാരി, ചൂലൂർ ആണ്. അരനൂറ്റാണ്ടു മുമ്പ് ഒരു വിദ്യാർത്ഥിനി എഴുതിയ കവിത.(അന്നിത് പ്രസിദ്ധീകരിച്ച മാതൃഭൂമി ബാലപംക്തിയിൽ പഠിക്കുന്ന ക്ലാസ് രേഖപ്പെടുത്തിയിട്ടില്ല)

പടിഞ്ഞാറ്റയിലമ്മ കീർത്തനം പാടീടുന്നൂ
പടിമേലിരുന്നേട്ടൻ "നീങ്കൾ കേട്ടവൈ" കേൾപ്പൂ
ചേച്ചിയോ ബദ്ധപ്പാടിലത്താഴമൊരുക്കുന്നൂ
കൊച്ചുകുട്ടനവ്യക്തം റാ രാ ത്താ വായിക്കുന്നു.
ഏകയായ് ഞാനീ മുറ്റത്തെത്ര നേരമായേതോ
ഭാവുകസ്വപ്നങ്ങളും നെയ്തു നെയ്തിരിക്കുന്നു.
ഒട്ടകലത്താ മുല്ലപ്പൂക്കളെത്താലോലിച്ചും
ഒട്ടുമാവിലകളെയാമോദമാശ്ലേഷിച്ചും
പൂമുഖത്തണയുവാൻ നാണിച്ചും മുറ്റത്തുള്ള
പൂഴിമൺ തരികളിൽ ചന്ദ്രിക പരുങ്ങുന്നൂ
കൊതി തോന്നുന്നേ,നിപ്പൂഞ്ചന്ദ്രികക്കൊരു മുത്ത-
മരുളാ, നെനിക്കുമ്മ തന്നിടുന്നതു പോലെ.

ഇതെഴുതിയ കവി അന്ന് ഒരു പക്ഷേ ഒരു മുതിർന്ന വിദ്യാർത്ഥിനിയായിരിക്കാം എന്ന് ഭാവുകസ്വപ്നം പോലുള്ള വാക്കുകൾ കാണിക്കുന്നു. അന്നത്തെ ആ വിദ്യാർത്ഥിനി ഇന്ന് വാർദ്ധക്യത്തിലെത്തിയിട്ടുണ്ടാവും. കവിതയിലാവിഷ്കരിച്ച ഭാവത്തിന് പക്ഷേ, ഇന്നും കുട്ടിത്തം. ശാന്തമായ ഒരു ഗൃഹാന്തരീക്ഷം. അമ്മ സന്ധ്യാകീർത്തനം ചൊല്ലുന്നു. ഏട്ടൻ റേഡിയോ കേൾക്കുന്നു. ചേച്ചി അടുക്കളപ്പണിയിലാണ്. അനിയൻ റ ര ത എന്ന് അക്ഷരം കൂട്ടി വായിച്ചു പഠിക്കുന്നു. താനോ മുറ്റത്തൂടെ നിലാവത്തു സ്വപ്നം കണ്ടു നടക്കുന്നു. ഒരു കൗമാരക്കാരി, ഒരു പക്ഷേ ഒരു പത്താംക്ലാസുകാരി. നിലാവിനെ ഉമ്മ വയ്ക്കാൻ കൊതിച്ചുകൊണ്ട്. നിലാവ് തന്നെ ഉമ്മ വെയ്ക്കും പോലെ തിരിച്ച് നിലാവിനെയും ഉമ്മ വെക്കാൻ കൊതിക്കുന്ന ആ കുട്ടിത്തത്തിന് കാലം ചെന്നാലും മാറ്റമേതുമില്ല. അതിന് വാർദ്ധക്യമില്ല. കവിതയെഴുതിയ ആ കുട്ടി ജീവിതത്തിൻ്റെ തിരക്കുകളിൽ പിന്നീട് ഒതുങ്ങിപ്പോയിരിക്കണം. എങ്കിലും കവിതയിലെ കുട്ടിക്കും കുട്ടിത്തത്തിനും മരണമില്ല.ആറ്റുർ രവിവർമ്മ 'ചെറുപ്പം' എന്ന കവിതയിലെഴുതിയ പോലെ "കോവിൽത്തൂണിൽ എ.ഡി.ഒമ്പതാം നൂറ്റാണ്ടിലെ സുന്ദരിയുടെ ചിരി ഇന്നും മായാതെ". ചെറുപ്പത്തിൽ മാഞ്ഞു പോയ ചിലരെ ഓർമ്മിക്കുന്ന കവിത കൂടിയാണ് ആറ്റൂരിൻ്റെ 'ചെറുപ്പം'.

അതെ, ഒന്നും മായുന്നില്ല. പാവേൽ ഫ്രൈഡ്മാൻ എന്ന ജൂതവംശജനായ ഇംഗ്ലീഷുകാരൻ പയ്യൻ വെടിയേറ്റു മരിക്കും മുമ്പ്, 1942 ജൂൺ 4 ന്, ഹിറ്റ്ലറുടെ മരണശാലകളിലൊന്നായ തെരേസിൻ സ്റ്റോട്ട് ഫാക്റ്ററിയുടെ ചുവരിൽ എഴുതിയിട്ട ഒരു കവിതയുണ്ട്. താൻ ജീവിതത്തിൽ അവസാനമായിക്കണ്ട പൂമ്പാറ്റയെക്കുറിച്ചാണ് അവൻ എഴുതുന്നത്.

അവസാനത്തെ പൂമ്പാറ്റയായിരുന്നു അത്.
ശരിക്കും അവസാനത്തെ.
കണ്ണു മഞ്ഞളിപ്പിക്കുന്ന കടുംമഞ്ഞ.
കല്ലിന്മേൽ തൂവിയ
സൂര്യന്റെ കണ്ണീരു പോലെ.
എത്രയെളുപ്പമാണവൻ കയറിപ്പോയത്,
അങ്ങുയരത്തിലേക്ക്.
എന്റെ ലോകത്തിന്റെ അറ്റത്തെ
ചുംബിക്കാനാഗ്രഹിച്ചു കൊണ്ട്.

ഏഴാഴ്ചയായി ഞാനിവിടെയുണ്ട്.
ഈ ജൂത കോളനിക്കെണിയിൽ, 'ഘെറ്റോ'യിൽ.
എന്നെ സ്നേഹിച്ചവർ എന്നെ കണ്ടെത്തി.
ഡെയ്സിപ്പൂക്കൾ എന്നെ വിളിക്കുന്നു.
മുറ്റത്തെ വെള്ള ചെസ്റ്റ് നട്ട് മരത്തിന്റെ
ചില്ലകളും വിളിക്കുന്നു.
പക്ഷേ ഒരു പൂമ്പാറ്റയെ
ഞാനിവിടെങ്ങും കണ്ടിട്ടില്ല
അവസാനമായിക്കണ്ട പൂമ്പാറ്റ
അവസാനത്തേതായിരുന്നു.

ജീവിതത്തെക്കുറിച്ചുള്ള ആ ബാലൻ്റെ അവസാനത്തെ സ്വപ്നമാണീ മഞ്ഞനിറമുള്ള പൂമ്പാറ്റ. മരണമില്ലാത്ത ആ സ്വപ്നത്തിന് ഭാഷ നൽകിയ പാവേൽ ഫ്രൈഡ്മാൻ എന്ന കുട്ടി  ഈ ഒറ്റക്കവിതകൊണ്ട് മരണമില്ലാത്തവനായിരിക്കുന്നു.
സ്നേഹമുള്ളവർ വേദനിപ്പിക്കും വിധം സംസാരിച്ച് പിന്നീട്, വിഷമമായോ എന്നു ചോദിക്കുമ്പോൾ ഇല്ല എന്നു കള്ളം പറയണമെന്ന് ഓർമ്മിപ്പിക്കുന്ന ഷിഫാന ഷെറി, ആ ഒറ്റക്കവിതയിലൂടെ അനശ്വരയായിരിക്കുന്നു. എഴുതിയയാൾ കുട്ടിത്തം വെടിഞ്ഞ് മരണത്തിലേക്കോ ജീവിതത്തിലേക്കോ പകർന്നു കയറിയാലും എഴുതിയത് മങ്ങിപ്പോകാതെ അതേ പോലിരിക്കുന്ന ഈ രചനകൾ, കുട്ടികളുടെ എഴുത്തുകൾ, സമാഹരിച്ചു സൂക്ഷിക്കേണ്ടത് മനുഷ്യ സമൂഹത്തിൻ്റെ വലിയൊരാവശ്യവും ഉത്തരവാദിത്തവുമാണെന്ന് ഈ കുഞ്ഞു വലിയ രചനകളെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുട്ടി കുഴിച്ചിട്ട വാക്കിൻ്റെ വിത്തിൽ നിന്നും തഴച്ചുപൊന്തിയ അപ്പമരമാകുന്നു, ഈ ലോകം.

ലോകം ചുറ്റിക്കണ്ട മഹാസഞ്ചാരിയായ മാർക്കോ പോളോയുടെ അന്ത്യദിനങ്ങളെക്കുറിച്ചൊരു കഥയുണ്ട്.മാർക്കോ പോളോ ചീനയിലും മറ്റും ദീർഘകാലം ചെലവഴിച്ച് അവസാനം ജന്മനാടായ വെനീസിലേക്കു തിരിച്ചെത്തി. യാത്രാക്കുറിപ്പുകൾ എഴുതിയത് കയ്യെഴുത്തുപ്രതികളായി പ്രചരിച്ചു. പക്ഷേ താൻ കണ്ട കാഴ്ച്ചകളെക്കുറിച്ച് അദ്ദേഹമെഴുതിയതു വായിച്ചവർക്ക് അതൊന്നും വിശ്വസിക്കാനായില്ല. ഇയാൾ ബഡായി പറയുകയാണെന്നേ ലോകം കരുതിയുള്ളൂ. വൃദ്ധനായ മാർക്കോ പോളോയുടെ മരണശയ്യക്കരികിൽ വന്ന് പലരും ചോദിച്ചുവത്രെ, നിങ്ങളീ എഴുതിയതൊക്കെ സത്യമാണോ എന്ന്. കണ്ടതിൻ്റെ പകുതി പോലും താനെഴുതിയിട്ടില്ല എന്ന് ആ മഹായാത്രികൻ മറുപടി പറഞ്ഞത്രേ. മരണ ശേഷവും ഏറെക്കാലം അദ്ദേഹത്തിന് ബഡായിക്കാരൻ എന്ന ചീത്തപ്പേര് നിലനിന്നുവെന്നാണു കഥ. നൂറ്റാണ്ടുകൾ കഴിയേണ്ടി വന്നു ആ വാക്കുകൾ സത്യമെന്നു തെളിയാൻ.ജ്ഞാനവൃദ്ധരുടെ പോലു വാക്കുകൾക്ക് പലപ്പോഴും ലോകത്തിതാണു ഗതി. അങ്ങനെയുള്ള ലോകത്താണ് കുഞ്ഞുങ്ങളെഴുതി വെച്ചുപോയ വാക്കുകൾ സത്യവാക്കായി നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നത് എന്നതിൽ കവിഞ്ഞൊരത്ഭുതം മറ്റെന്തുണ്ട്!