Monday, November 23, 2020

നിശ്ശബ്ദതാ നദി - ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

നിശ്ശബ്ദതാ നദി
ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

- നീയാഗ്രഹിക്കുന്നുവോ
നിശ്ശബ്ദതയുടെ നദിയിലേക്കു മടങ്ങാൻ?
- ഉവ്വ്
അതു തണുത്തുറയുന്ന ആദ്യത്തെ രാത്രിയിൽ.
- പക്ഷേ, ഒരൊറ്റ ബോട്ട്, ഒന്നെങ്കിലും
നിനക്കു കണ്ടെത്താനാവുമോ
എന്നിട്ടു മുറിച്ചുകടക്കാനാവുമോ
ഈ നിശ്ശബ്ദതയുടെ നദി?
നീ മുങ്ങിത്താഴില്ലല്ലോ മഞ്ഞുമൂടുമിരുളിൽ
നദി തണുത്തുറയുന്ന രാത്രിയിൽ?
- ഇല്ല ഞാൻ മുങ്ങിത്താഴില്ല.
എനിക്കു നഗരത്തിലൊരു വീടറിയാം.
ഞാൻ ജനാലയ്ക്കൽ മുട്ടിയാൽ അവർ തുറക്കും.
എനിക്കൊരു പെണ്ണിനെയറിയാം.
കൊള്ളരുതാത്തവൾ
ഞാനൊരിക്കലുമവളെ സ്നേഹിച്ചില്ല.
- കള്ളം പറയരുത്,
നീയവളെ സ്നേഹിച്ചു.
- ഇല്ല, ഞങ്ങൾ സുഹൃത്തുക്കളല്ല, ശത്രുക്കളും.
ഞാനവളെ മറന്നു.
ആകയാൽ, കടത്തു തകർന്നെങ്കിലും
ഞാനാഗ്രഹിക്കുന്നു,
നിശ്ശബ്ദതയുടെ നദിയി-
ലൊരിക്കൽ കൂടിയൊഴുകുവാൻ.
മഞ്ഞു മൂടുമിരുട്ടിൽ അതുറയുന്ന രാത്രിയിൽ.

- കാറ്റും ശീതവും പിടിച്ച രാത്രി.
വിറയ്ക്കുമീ രാത്രി, 
വിറകു പുകഞ്ഞു കത്തുന്നൂ അടുപ്പിൽ
പക്ഷേ, കത്തിയാളുമ്പോൾ
ആരെയാണീ വിറകുകൾ ചൂടുപിടിപ്പിക്കുക?
ഊഷ്മള രാത്രികളെക്കുറിച്ചു ചിന്തിക്കാനാണ്
ഞാൻ പറയുക.
- നമുക്കു പോയാലോ?
- പോകാം.

വിറകുപുരയിൽ നിന്ന് തോളിലേറ്റി
അവളുടെയാങ്ങളമാർ ബോട്ടു കൊണ്ടുവരും.
നിശ്ശബ്ദതക്കു മേലതിറക്കും.
മഞ്ഞുകാറ്റ് നദിയെ തടവുപുള്ളിയാക്കുന്നു.
ഞാനെൻ്റെ കൂട്ടാളിയെ നോക്കുകയേയില്ല
അവളോടു പറയുക മാത്രം ചെയ്യും:
"അവിടെയിരിക്കൂ, അമരത്ത്."
അവൾ പറയുക മാത്രം ചെയ്യും:
"ഞാനെൻ്റെ മേൽക്കുപ്പായം കൊണ്ടുവരാം
പെട്ടെന്നെടുത്തു വരാം."
മങ്ങലിലൂടെ നാമൊഴുകും
ചെന്നായ് വാൽ ഗ്രാമവും കടന്ന്.
മരപ്പാലത്തിനടിയിലൂടെ
തകരപ്പാലത്തിനടിയിലൂടെ
പേരില്ലാപ്പാലത്തിനടിയിലൂടെ.

ഇരുളിലേക്കു ഞാൻ തുഴയും
അമരത്തവളിരിക്കും.
അമരത്തെ പങ്കായം അവളുടെ കയ്യിൽ.
പക്ഷേ അവളല്ല ഗതി നിയന്ത്രിക്കുക
അതു ഞാൻ നിയന്ത്രിക്കും.
മഞ്ഞവളുടെ കവിളത്തുരുകും.
മുടിയിൽ തങ്ങും.

- എത്ര വിശാലമാണ് നിശ്ശബ്ദതാ നദി?
നിനക്കറിയുമോ എത്ര വിശാലം?
വലതുകര നമുക്കു കാണാനേ കഴിയുന്നില്ല -
വെളിച്ചങ്ങളുടെ ഒരു മങ്ങിയ ചങ്ങല....
ദ്വീപുകൾക്കു നേരെ നാം തിരിക്കും.
നിനക്കവയറിയുമോ? രണ്ടെണ്ണമുണ്ടീ നദിയിൽ.
എത്ര നീളം കാണും നിശ്ശബ്ദതാ നദിക്ക്?
നിനക്കറിയുമോ നീളം?
പാതിരാവിൻ്റെയാഴങ്ങൾ തൊട്ട്
നട്ടുച്ചയുടെയുയരങ്ങൾ വരെ
ഏഴായിരത്തെണ്ണൂറു കിലോമീറ്റർ - വഴി നീളെ
ഗഹന നിശ്ശബ്ദത!

മഞ്ഞുമൂടിയ അന്തിവെളിച്ചത്തിൽ
തുഴക്കൊളുത്തുകളുടെ നേർത്ത
കിരുകിരുപ്പ്.
വലകളിൽ പിടഞ്ഞു ചാവുന്ന മീനിൻ്റെ
നിശ്ശബ്ദമൂർച്ഛകൾ.
ബോട്ടുകാർ വള്ളം വിട്ടു പോകുന്നു
നാവികർ വീട്ടിലേക്കു തിരിക്കുന്നു.
നിശ്ശബ്ദതയുടെ തീരങ്ങൾ
അദൃശ്യം, വിമൂകം.
നരയൻ കടൽക്കാക്കകൾ മെല്ലെ മെല്ലെ
ചിറകുകളാൽ മഞ്ഞുകാറ്റിനെയടിച്ചുടയ്ക്കുന്നു.

- എങ്കിലും നിൽക്കൂ: പെണ്ണിനോടു നീയെന്തു പറയും?
- കടൽക്കാക്കകൾ മഞ്ഞുകാറ്റിനെ ചിറകുകൾകൊണ്ടടിച്ചുടയ്ക്കുന്നു.
- അല്ല, നിൽക്കൂ! പെണ്ണിനോടു നീയെന്തു പറയും?
- എനിക്കു മനസ്സിലാവുന്നില്ല: ഏതു പെണ്ണ്?
- അമരത്ത് പങ്കായത്തിന്മേലേക്കു കുനിഞ്ഞിരുന്നവൾ.
- ഓ, ഞാൻ പറയും: മിണ്ടാതിരിക്കൂ, കരയരുത്.
നിനക്കവകാശമില്ല.
കിഴക്കൻ കാറ്റ് 
മൂടൽമഞ്ഞിൻ്റെ നീണ്ട കാഹളം 
മുഴക്കുന്ന രാത്രി.
ശ്രദ്ധിക്കൂ.
ഇവിടെയുണ്ടെൻ്റെ മറുപടി.
നിശ്ശബ്ദതയുടെ നദി ഇവിടില്ല.
നിശ്ശബ്ദത തകർന്നു പോയി.

നിൻ്റെ തെറ്റാണത്.
അല്ല!
നിൻ്റെ സന്തോഷം, നിൻ്റെ ഭാഗ്യം.
നീ തന്നെയതു തകർത്തു,
നിന്നെ തടവുപുള്ളിയാക്കിയിരുന്ന
ആ അത്യഗാധ നിശ്ശബ്ദത.

- 1929



No comments:

Post a Comment