Monday, November 16, 2020

കവിതകൾ - സകുതാരോ ഹാഗിവാര (ജപ്പാൻ, 1886 - 1942)

കവിതകൾ
സകുതാരോ ഹാഗിവാര
(ജപ്പാൻ, 1886 - 1942)

1.കൈത്തലത്തിലെ വിത്തുകൾ

കൈവെള്ളയിൽ ഞാനൊരു മൺകൂന തീർത്തു
മണ്ണിൽ വിത്തുകൾ പാകി
വെളുത്ത വെള്ളപ്പാത്രത്തിൽ നിന്ന്
ആ മണ്ണിൽ ഞാനിപ്പോൾ വെള്ളം പാരുമ്പോൾ
വെള്ളം കളകളത്തോടെ വീഴുമ്പോൾ
മണ്ണിൻ തണുപ്പെൻ്റെ കൈയ്യിൻ്റെ ശൂന്യതയെ
നോവിക്കുന്നു.
ആഹ്! വിദൂരതയിലേക്കു തള്ളിത്തുറക്കുന്നു ഞാൻ
മെയ്മാസ ജാലകം.
കൈത്തലം വെയ്ലത്തു നീട്ടുന്നു
പ്രസന്നമൊരു ഭൂനിലക്കാഴ്ച്ചയിൽ
തൊലി ഊഷ്മളം, സുഖകരം.
കൈയ്യിലെ വിത്തുകൾ സ്നേഹപൂർവം ശ്വസിക്കാൻ തുടങ്ങുന്നു


2.നാട്ടിൻപുറപ്പേടി

ഞാൻ നാട്ടിൻപുറത്തെ പേടിക്കുന്നു.
നാട്ടിൻപുറത്തെ വിജനമായ വയലുകളിൽ വിറയ്ക്കുന്ന
മെലിഞ്ഞു നീണ്ടു വളരുന്ന നെൽച്ചെടികളുടെ നിരകളെ പേടിക്കുന്നു.
ഇരുണ്ട പാർപ്പിടങ്ങളിൽ കഴിയുന്ന 
പാവം മനുഷ്യക്കൂട്ടങ്ങളെ പേടിക്കുന്നു.
വയൽ വരമ്പിലിരിക്കുമ്പോൾ
തിര പോലെ കനത്ത മണ്ണെൻ്റെ ഹൃദയത്തെയിരുളിലാഴ്ത്തുന്നു.
മണ്ണിൻ്റെ ചീമണം എൻ്റെ തൊലിയെ കറുപ്പിക്കുന്നു.
ഹേമന്ദ - നഗ്നമായ ഏകാന്ത പ്രകൃതി
എൻ്റെ ജീവിതം ഞെരിച്ചമർത്തുന്നു.

നാട്ടിൻപുറത്തെ വായു മ്ലാനം, ഞെരിച്ചമർത്തുന്നത്, നാട്ടിൻപുറസ്പർശം പരുപരുത്തത്, രോഗം വരുത്തുന്നത്.
നാട്ടിൻപുറത്തെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ
മൃഗചർമ്മത്തിൻ്റെ പ്രാകൃത ഗന്ധത്താൽ
പീഡിതനാവുന്നു.
ഞാൻ പേടിക്കുന്നു നാട്ടിൻപുറത്തെ.
അതൊരു വിളറിയ പനിക്കിനാവ്.


3.സ്വർഗ്ഗത്തിലെ തൂങ്ങിമരണം

വിദൂരാകാശത്തു തിളങ്ങുന്ന
പൈൻമരസ്സൂചിത്തുമ്പുകളിലേക്ക്
പശ്ചാത്താപക്കണ്ണീരൊഴുകിയിറങ്ങി.
സ്വർഗ്ഗത്തൊരു പൈൻ മരക്കൊമ്പത്തയാൾ തൂങ്ങി.
രാത്രി മാനത്തിൻ്റെ വിദൂരതയിൽ
വെളുത്ത്.
സ്വർഗ്ഗത്തിലെ ഒരു പൈൻ എന്ന
തൻ്റെ ആഗ്രഹത്തിനു വെളിയിലേക്ക്
ഒരു പ്രാർത്ഥനപോലെ തൂങ്ങി നിന്നു അയാൾ.



No comments:

Post a Comment