Tuesday, November 10, 2020

നോവലും സിനിമയും മറ്റും (കവിത)

നോവലും സിനിമയും മറ്റും

1
കുതിരമൗസ്

ഈ ലാപ്ടോപ്പിലടക്കിയ
നൂറു നൂറു പുസ്തകങ്ങൾക്കിടയിൽ
ഡ്രാക്കുളയുടെ നേർക്കു തന്നെ
ഈ കുതിരമൗസ്
എന്നെ വലിച്ചുകൊണ്ടു പോകുന്നതെന്ത്?
നീലജ്വാലകൾ കത്തിയാളുന്ന
രാത്രിയിലൂടെ?

2
നേരമ്പോക്ക്

മരണത്തിൻ്റെ കരുനീക്കങ്ങളുടെ
മിന്നൽവേഗത്തിനു നടുക്കിരുന്ന്
ഞങ്ങൾ പഴയ സിനിമകൾ
വീണ്ടും കണ്ടു നാൾ പോക്കുന്നു.
ബർഗുമാൻ്റെ ഏഴാംമുദ്ര മാത്രം
ഒരിക്കൽ കൂടി കാണാനുള്ള ധൈര്യമില്ലാതെ

3.
അവ്യക്തത ഞാനാകുന്നു

എന്നും പുലർച്ചെ രണ്ടിന്
വെള്ളച്ചാട്ടത്തിനു മുകളിലെ
പാറമേൽ നിന്ന്
താഴേക്കു കുതിച്ചു ചാടുന്നതായി
നിങ്ങളുടെ മോണിട്ടറിൽ തെളിയുന്നതായി
നിങ്ങൾ പറയുന്ന അവ്യക്ത രൂപം
ഞാനല്ലാതെ മറ്റാരുമാവാൻ
ഇടയില്ലല്ലോ
പ്രിയപ്പെട്ട സുഹൃത്തുക്കളേ.....

No comments:

Post a Comment