Sunday, November 22, 2020

ഞാനൊരു ശബ്ദം കേട്ടു - അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ഞാനൊരു ശബ്ദം കേട്ടു
അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ആശ്വസിപ്പിക്കുന്ന ശബ്ദമൊന്നെന്നുള്ളിൽ
കേട്ടു ഞാ, നെന്നെ വിളിപ്പൂ, "വരൂ വരൂ
ഇങ്ങു വരൂ, റഷ്യ വിട്ടു പോകൂ, നിൻ്റെ
സ്വന്ത രാജ്യം പാപപങ്കിലം, ദൈവവും
കൈവിട്ട നാടു വെടിയുകെന്നേക്കുമായ്
നിൻ കൈയ്യിലെച്ചോര ഞാൻ കഴുകിത്തരാം
ശുദ്ധമാക്കാം ഞാ, നപമാനിതമായ
നിൻ ഹൃദയം, വേറൊരു പേർ വിളിച്ചിടാം
തോൽവിയും നിന്ദയും തന്ന നോവിന്നു ഞാൻ"

ശ്രദ്ധ കൊടുത്തില്ല ഞാനതിൽ, ശാന്തമായ്
പൊത്തീ ചെവികളെൻ കൈകളാൽ, ദുഃഖിത -
മെൻ്റെയാത്മാവിത്തരം വികാരങ്ങളിൽ
പെട്ടു മലിനപ്പെടാതിരുന്നീടുവാൻ

1917

No comments:

Post a Comment