ലില്ലിപ്പൂവിൻ്റെ വിശപ്പ്.
പി.രാമൻ
ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം പരിചയപ്പെടുത്തുന്ന ഏതാനും പരിഭാഷകളും ഒരു ചെറു കുറിപ്പും അടങ്ങുന്നതാണ് ഈ പംക്തിയുടെ ഈ ലക്കം. സ്വന്തം രാജ്യത്തിനു പുറത്ത് അധികം അറിയപ്പെടാത്ത കവിയാണ് ഇവർ. സ്വാഭാവികമായും കേരളത്തിലെ കവിത വായനക്കാർക്കിടയിലും ഈ കവി അപരിചിതയായിരുന്നു. ഇതുവരെ അറിയപ്പെടാത്ത ഒരു കവിതാലോകം പെട്ടെന്നു കൺമുന്നിലെത്തിയതിൻ്റെ പ്രസരിപ്പുണ്ടായി, ഇവരുടെ കവിതകൾ വായിച്ചു വന്നപ്പോൾ. പതിവു വായനയുടെ വൈരസ്യമകറ്റുന്നതാണ് ആകസ്മികത തരുന്ന ഈ വിസ്മയം.
വൈകാരികമൂല്യമുള്ള, സാന്ദ്രമായ കവിതകളാണിവരുടേത്.വളരെ സാധാരണവും ജീവചരിത്രപരവുമായ സന്ദർഭങ്ങളുടെ വൈകാരികമൂല്യം അവ ഉയർത്തിപ്പിടിക്കുന്നു. ഇവിടെ കൊടുത്തിട്ടുള്ള കുളം, വെള്ളി ലില്ലി, ഒരു വിഭ്രമ ദൃശ്യം എന്നീ കവിതകൾ ശ്രദ്ധിക്കൂ. കുഞ്ഞുന്നാളിൽ മരിച്ചു പോയ ഒരു സഹോദരിയെക്കുറിച്ചുള്ള ഓർമ്മയിൽ കലങ്ങിയ കവിതയാണ് കുളം. മരിച്ചു പോയ ഈ സഹോദരിയുടെ ഓർമ്മ പല കവിതകളിലുമുണ്ട്. രാത്രി കുളത്തിൽ നീന്തുന്നതായി സഹോദരിയെ കണ്ടുമുട്ടുന്ന വിഭ്രമ നിമിഷമാണിവിടെ.അവളുടെ തുറന്ന കണ്ണിൽ തനിക്കു തിരിച്ചറിയാവുന്ന ഒരോർമ്മ കാണുകയാണ് കവി. കുട്ടിക്കാലത്ത് കുന്നിൻ പുറങ്ങളിൽ മേഞ്ഞുനടന്ന കുട്ടിക്കുതിരകളുടെ ഓർമ്മ. കാലമിത്രയും കഴിഞ്ഞ് ഇപ്പോഴും അവ അവിടെ മേഞ്ഞു കൊണ്ടേയിരിക്കുകയാണ്.പണ്ടേ മരിച്ചു പോയ സഹോദരിയെ തൊടാൻ കുളത്തിലെ വെള്ളത്തിലേക്കാഞ്ഞ് പിൻമാറുന്നിടത്താണ് കവിത അവസാനിക്കുന്നത്. മരണത്തിൻ്റെ, സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, കുറ്റബോധത്തിൻ്റെ, ഓർമ്മ നൽകുന്ന വേദനയുടെ ഭാരം വൈകാരികതയുടെ വിളുമ്പിൽ എത്തിച്ചിരിക്കുകയാണ് കവിതയെ. കവിത അതിവൈകാരികമോ വാചാലമോ ആകാതെ ആ വക്കത്തു വെച്ച് അവസാനിപ്പിച്ചതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താൻ അതിജീവിച്ചു എന്ന കുറ്റബോധം ഈ കവിതയിലും മറ്റു പല കവിതകളിലും ഒരടിയൊഴുക്കായി തേങ്ങുന്നു.
ഓർമ്മയുടെ ഇന്ധനത്തിൽ നിന്നു പടർന്നു പിടിക്കുന്ന തീയ് മനസ്സിൻ്റെ മരവിപ്പിലേക്കു പടർന്നു കയറുന്ന അനുഭവം ഒട്ടേറെക്കവിതകളിലുണ്ട്. നഷ്ടസ്നേഹം എന്ന കവിതയിൽ, മരിച്ചടക്കിയ മകളുടെ (തൻ്റെ സഹോദരിയുടെ) ശരീരം ഒരു കാന്തം പോലെ അമ്മയുടെ ഹൃദയത്തെ മണ്ണിലേക്ക് പിടിച്ചു വലിക്കുകയാണ്. 'ഒരു വിഭ്രമദൃശ്യ'ത്തിലെ, മരണവീട്ടിൽ പുതുതായിപ്പിറന്ന വിധവ ശവമടക്കു ചടങ്ങുകളിലെല്ലാം പങ്കുകൊണ്ട്, തന്നെ വന്നുകണ്ട് കൈ പിടിച്ചനുശോചിച്ചവരോടെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതം ഉൾക്കൊള്ളാൻ തയ്യാറാവുമ്പോൾ തന്നെ എല്ലാവരിൽ നിന്നുമകന്ന് ഒറ്റയാവാനും സെമിത്തേരിയിലേക്കും ഭർത്താവ് കിടന്നു മരിക്കുന്ന ആശുപത്രിമുറിയിലേക്കും മടങ്ങിച്ചെല്ലാനും ആഗ്രഹിക്കുകയാണ്. വിവാഹത്തിനും മുമ്പ്, ആദ്യ ചുംബനത്തിൻ്റെ ഓർമ്മയിലാണ് കവിത ചെന്നെത്തുന്നത്.നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഒരു പതിവു രംഗത്തെ ഓർമ്മകൊണ്ടു മാത്രമല്ല ആവിഷ്കാരത്തിലെ കൃത്യത കൊണ്ടും ഇവിടെ കവി അസാധാരണമാക്കുന്നു. മറ്റൊരു കവിതയിൽ,
"നമ്മളൊരിക്കൽ ലോകത്തെ നോക്കി, കുട്ടിക്കാലത്ത്.
മറ്റെല്ലാം ഓർമ്മ" (നൊസ്‌റ്റോസ്)
എന്നെഴുതുന്നുണ്ട്.മഞ്ഞ് എന്ന കൊച്ചു കവിതയിൽ, ഒരു ഡിസംബർ മാസത്തിൽ അച്ഛൻ്റെ കൂടെ സർക്കസ്സിനു പോയ മകളുടെ ഓർമ്മയാണ്. ചുറ്റും കറങ്ങുന്ന മഞ്ഞുപാളികൾക്കിടയിലൂടെ റെയിൽപ്പാതയിലൂടെ നടക്കുകയാണ് അച്ഛനും മോളും. അച്ഛൻ തന്നെ ചേർത്തു പിടിച്ച് മുന്നിലെ വെൺമഞ്ഞിലേക്കു തന്നെ നോക്കി നടക്കുന്നു.അച്ഛൻ നോക്കുന്നിടത്തേക്കു തന്നെ മോളും നോക്കുന്നു:
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
അത്രമാത്രം. മുതിർന്നവരുടെ ലോകത്തിൻ്റെ ശൂന്യത മുഴുവൻ ആ ഒരു നിമിഷം കുട്ടിയിലേക്ക് ഇരച്ചു വരികയാണ്. അച്ഛൻ, അമ്മ, കുടുംബ ബന്ധങ്ങൾ, മരിച്ചു പോയ സഹോദരി, തകർന്ന ബന്ധങ്ങൾ, ലൈംഗികത, പ്രസവം, വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണങ്ങൾ എന്നിങ്ങനെ സാധാരണമെങ്കിലും സങ്കീർണ്ണമായ അനുഭവലോകങ്ങൾ ഓർമ്മകളിലൂടെ നിവർന്നു വരുന്നു, ഈ കവിതകളിൽ. കാലത്തിൻ്റെ ക്രമികതയെ പൊളിക്കുന്ന ആത്മകഥകളാണ് കവിതകൾ എന്ന് ഒരിടത്ത് (ദ ബെസ്റ്റ് അമേരിക്കൻ പോയട്രി 1993 - ആമുഖം) അവർ നിർവചിക്കുന്നതുപോലുമുണ്ട്.
സാധാരണമായത് സങ്കീർണ്ണവും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു ഈ കവി വായനക്കാരെ എപ്പൊഴും. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വരുന്ന കവിതകൾ നോക്കൂ.
"പെമ്പിള്ളാരേ", അമ്മ പറഞ്ഞു, "നിങ്ങടെ
അച്ഛനെപ്പോലൊരാളെ കെട്ട്."
അതൊരഭിപ്രായം. മറ്റൊന്ന്,
"നിങ്ങടച്ഛനെപ്പോലെ വേറൊരാളില്ല"
(പ്രിസം)
അമ്മയുടെ ആനുഷംഗികമായ ഈ രണ്ടു സംഭാഷണ ശകലങ്ങൾ ഇടകലരുന്നിടത്ത്, അമ്മക്കും അച്ഛനും പെൺമക്കൾക്കുമിടയിലുള്ള അസാധാരണവും സങ്കീർണ്ണവുമായുള്ള ബന്ധത്തിൻ്റെ ചിത്രം തെളിഞ്ഞു തുടങ്ങുന്നു.താരാട്ട് എന്ന കവിതയിൽ കുഞ്ഞിനെ താരാട്ടുപാടിയുറക്കുന്ന അമ്മയുടെയും അച്ഛനെ മരണത്തിലേക്കൊരുക്കുന്ന അമ്മയുടെയും ചിത്രങ്ങൾ ഒരുമിപ്പിക്കുന്നുണ്ട്. മരണത്തിനായുള്ള ഒരുക്കം അമ്മയുടെ താരാട്ടിൽ കവി കേൾക്കുന്നു. കുഞ്ഞിനെ താരാട്ടിയുറക്കുന്ന അമ്മയുടെ ചിത്രം അങ്ങനെ പങ്കിലമായിത്തീരുന്നു.
ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.
അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം കേൾക്കുന്നു എന്നതാണ് ഈ കവിതകളിലെ സാധാരണ ജീവിതസന്ദർഭങ്ങളെ അസാധാരണമാക്കുന്ന മറ്റൊരു ഘടകം. സ്നേഹത്തിന്, കാമനകൾക്ക്, ആശയ വിനിമയത്തിന്, സംഭാഷണത്തിന്, പരമമായ വിമോചനത്തിന് എല്ലാമുള്ള അടങ്ങാത്ത വിശപ്പ്, ഒരു പക്ഷേ ആത്മീയമായ വിശപ്പ്, 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരം തൊട്ടേ ഇവരുടെ കവിതകളിലുണ്ട്. രാത്രി നിലാവിൽ വിരിഞ്ഞു നിൽക്കുന്ന വെള്ളി ലില്ലിയെക്കുറിച്ചുള്ള കവിത ഭൗതികവും ആത്മീയവുമായ വിശപ്പിൻ്റെ തീക്ഷ്ണതയാൽ പൊള്ളിക്കും - മഞ്ഞും തണുപ്പുമാണതിൻ്റെ പശ്ചാത്തലമെങ്കിലും. ദൈവത്തെ നേരിട്ടു സംബോധന ചെയ്യുകയാണ് സ്വർണ്ണ ലില്ലി എന്ന കവിത. മണ്ണിലൊടുങ്ങും മുമ്പുള്ള അവസാനത്തെ ഭയന്ന നിലവിളി കേൾക്കാത്ത ആ ദൈവം യഥാർത്ഥത്തിൽ തൻ്റെ പിതാവു തന്നെയോ എന്ന ചോദ്യം സ്വർണ്ണ ലില്ലി ഉയർത്തുന്നു. വിശപ്പ് ആത്മീയമായി മാറുന്നത് ഈ കവിതയിൽ അനുഭവിക്കാം. (ഈ കവിതകളടങ്ങുന്ന 'ദ വൈൽഡ് ഐറിസി' ലെ മിക്കവാറും കവിതകൾ പൂക്കളെക്കുറിച്ചാണ്.)
വാചാലമല്ലാത്ത, അടക്കിപ്പിടിച്ച ഭാഷയാണ് ഈ കവിയുടേത്. കുട്ടിക്കാലത്ത് വീട്ടിൽ ഒരിക്കലും പൂർണ്ണമാകാത്ത, ശുഷ്കമായ സംഭാഷണങ്ങൾ ശീലിച്ചു വളർന്നയാളാണ് കവി. സംഭാഷണത്തിനു വേണ്ടിയുള്ള ദാഹത്തിന് ഈ ശീലം വഴിവെച്ചതായി കവിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊരിക്കലും സാക്ഷാൽക്കരിക്കപ്പെടാതെ പാതിയിൽ മുറിഞ്ഞു വീഴുന്നതായും.(പ്രൂഫ്സ് ആൻറ് തിയറീസ്) അതിനാൽ മൗനം, ഒഴിഞ്ഞിടങ്ങൾ എല്ലാം അനിവാര്യമാകുന്നു. കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'പ്രൂഫ്സ് ആൻറ് തിയറീസി'ൽ കവി തുറന്നു പറയുന്നു, "I love white space" എന്ന്.
ഗ്രീക്ക് പുരാണങ്ങളിലേയും ബൈബിളിലേയും കഥാ സന്ദർഭങ്ങളിലേക്ക് പുതിയ നോട്ടങ്ങളയക്കുന്ന ഗ്ലീക്ക് കവിതകളെപ്പറ്റി സ്വീഡീഷ് അക്കാദമി എടുത്തു പറഞ്ഞിട്ടുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം. നീതിമാനായ സോളമൻ രാജാവ് രണ്ടമ്മമാരുടെ കേസ് തീർപ്പാക്കിയ പ്രസിദ്ധമായ കഥ പരാമർശിച്ച ശേഷം 'കെട്ടുകഥ' എന്ന കവിതയിൽ കവി രണ്ടു പെൺമക്കൾക്കിടയിൽ അതുപോലെ അകപ്പെട്ട ഒരമ്മയെ കാണിച്ചുതരുന്നു. ഇത്തരത്തിൽ ആഖ്യാനാത്മകമായിരിക്കേത്തന്നെ ഭാവഗീതാത്മകത ഉടനീളം പുലർത്തുകയും ചെയ്യുന്നു ഇവരുടെ കവിതകൾ.
ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം കേരളമുൾപ്പെടെ പുറം ലോകങ്ങൾക്കു പരിചിതമല്ലെങ്കിലും സ്വന്തം നാടായ അമേരിക്കയിൽ വളരെ പ്രശസ്തമാണ്.2003-04 കാലത്ത് അമേരിക്കയുടെ പോയറ്റ് ലൊറേറ്റ് പദവി അലങ്കരിച്ചത് ഇവരാണ്. പുലിറ്റ്സർ സമ്മാനമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫസ്റ്റ്ബോൺ(1968), ദ ഹൗസ് ഓഫ് മാർഷ്ലാൻ്റ് (1975), ഡിസെൻ്റിങ് ഫിഗർ (1980), ദ ട്രയംഫ് ഓഫ് അക്കിലസ് (1985), ആറാറത്ത് (1990), ദ വൈൽഡ് ഐറിസ് (1992), മെഡോലാൻ്റ്സ് (1996), വിറ്റ നോവ (1999), ദ സെവൻ ഏജസ് (2001), അവേർണോ (2006), എ വില്ലേജ് ലൈഫ് (2009) എന്നിവയാണ് കവിതാ സമാഹാരങ്ങൾ.
ലൂയിസ് ഗ്ലിക്കിൻ്റെ കവിതകൾ
പരിഭാഷ: പി.രാമൻ
1.കുളം
ചിറകുകളാൽ രാവ് കുളത്തെപ്പൊതിയുന്നു.
പ്രഭാവലയമണിഞ്ഞ ചന്ദ്രനു താഴെ
കുഞ്ഞുമീനുകൾക്കും
പ്രതിദ്ധ്വനിക്കും ചെറുതാരകങ്ങൾക്കുമിടയിലൂടെ,
നീന്തുന്ന നിൻ മുഖം ഞാൻ തിരിച്ചറിയുന്നു.
രാത്രിയിലെ വായുവിൽ
കുളത്തിൻ മുകൾത്തടം
ലോഹമാകുന്നു.
അതിനുള്ളിൽ
തുറന്ന്,
നിൻ കണ്ണുകൾ.
ഞാൻ തിരിച്ചറിയുമൊരോർമ്മയുണ്ടവയിൽ.
നാം കുഞ്ഞുങ്ങളായിരുന്നപ്പൊഴത്തേത്.
കുന്നത്തു മേഞ്ഞിരുന്നൂ
നമ്മുടെ കുട്ടിക്കുതിരകൾ
വെള്ളപ്പാണ്ടുള്ള നരയൻ കുതിരകൾ.
അവയിപ്പൊഴും മേയുന്നു,
ഗ്രാനൈറ്റു മാർച്ചട്ടകൾക്കടിയിൽ
കുഞ്ഞുങ്ങളെപ്പോലെ കാത്തിരിക്കുന്ന
മരിച്ചവർക്കൊപ്പം,
സ്വച്ഛം
നിസ്സഹായം.
കുന്നുകളെത്രയോ ദൂരെ.
അവയുയരുന്നു,
കുട്ടിക്കാലത്തേക്കാൾ കറുത്തിരുണ്ട്.
വെള്ളത്തിനരികേ ശാന്തം കിടന്നു നീ
യെന്തു ചിന്തിക്കുന്നു?
നീ അങ്ങനെ നോക്കവേ,
മറ്റൊരു ജന്മത്തിൽ
നമ്മളൊരേ ചോരയായിരുന്നെന്നപോൽ
നിന്നെ ഞാൻ കാണവേ,
ഒന്നു തൊടാൻ കൊതി.
എങ്കിലും, ഇല്ല, തൊടേണ്ട, പാടില്ലത്.
2.സ്വർണ്ണ ലില്ലി.
മരിക്കയാണിപ്പോ, ളറിയുന്നേൻ,ഇനി -
യൊരിക്കലും മിണ്ടി,ല്ലതുമറിയുന്നേൻ.
വിളിച്ചിരിക്കുന്നൂ തിരിച്ച്, ഭൂമിയി-
ലൊരിക്കലും വാഴില്ലിനി,യറിയുന്നേൻ.
ഒരു പൂവല്ലിപ്പോൾ വെറും തണ്ട്, ചെളി
പുരണ്ടവയെൻ്റെയിതൾഞെരമ്പുകൾ
പ്രഭോ,പിതാവേ, ഞാൻ വിളിപ്പു കൂട്ടുകാ-
രെനിക്കു ചുറ്റിലും കൊഴിയുമ്പോൾ നിന്നെ.
കരുതുന്നൂ കാൺമീലവരെ നീയെന്ന്.
കരുതലോടെ വന്നടിയരെ രക്ഷി-
ച്ചിടാതെയെങ്ങനെയറിയും നിൻ നോട്ടം?
അരികിൽ നീ വന്നോ? ഭയന്ന കുഞ്ഞിൻ്റെ
കരച്ചിൽ കേൾക്കുമാറരികിൽ, വേനലിൻ
തുടുത്ത മൂവന്തിയിളംവെളിച്ചത്തിൽ?
അതോ, വളർത്തി നീയുയർത്തിയെങ്കിലു-
മെനിക്കു നീ സ്വന്തം പിതാവല്ലെന്നാമോ?
3.വെള്ളി ലില്ലി
തണുത്തു പിന്നെയും വളർന്നു രാത്രികൾ
വസന്താരംഭത്തിന്നിരവുകൾ പോലെ
പ്രശാന്തമായവയടങ്ങുന്നൂ പിന്നെ.
നിനക്കു സംസാരമൊരു സ്വൈരക്കേടോ?
തനിച്ചിപ്പോൾ നമ്മൾ; ഒരൊറ്റക്കാരണം
നമുക്കില്ലീ നേരം നിശബ്ദരാകുവാൻ.
നിനക്കു കാണാമോ - ഉദിക്കയാകുന്നൂ
മുഴുച്ചന്ദ്രൻ പൂന്തോപ്പിനു മേൽ, കാണുകി -
ല്ലടുത്ത പൗർണ്ണമിയിനിയൊരിക്കൽ ഞാൻ.
വസന്തത്തിൽ ചന്ദ്രനുദിച്ചപ്പോൾ കാല-
മനന്തമെന്നതു കുറിച്ചപോലെ.
തുറന്നടഞ്ഞു മഞ്ഞുതുള്ളികൾ,
മേപ്പിളിൻ കുലഞ്ഞ വിത്തുകൾ
വിളർത്ത കൂനയിൽ പതിച്ചു.
വെളുപ്പിന്മേൽ വെളുപ്പായ്
ബിർച്ച് മരത്തിനു മേലേ ചന്ദ്രനുദിച്ചു
അടിമരം രണ്ടായ് പിരിയുന്നേടത്തു
പൊടിച്ചൊരാദ്യത്തെ ഡഫോഡിൽ നാമ്പിന്മേ-
ലിലകൾ പച്ചപ്പു പുരണ്ട വെള്ളിയായ്.
ഒടുക്കത്തിൻ നേർക്കു കുറേ ദൂരം പോന്നൂ
ഒടുക്കത്തെപ്പറ്റിബ്ഭയക്കാൻ നാമൊപ്പം.
ഈ രാത്രികളിൽ
എനിക്കറിയാമെന്നുറപ്പില്ലാ
ഒടുക്കമെന്നതിൻ വിവക്ഷകൾ
പിന്നെ
ഒരു പുരുഷനുണ്ടരികിൽ നിൻ കൂടെ.
ആനന്ദം
ഭയം പോലെത്തന്നെ
ആദ്യത്തെക്കരച്ചിലുകൾക്കു പിറകെ
ശബ്ദങ്ങളുയർത്തുകില്ല, അല്ലേ?
4.ഒരു വിഭ്രമദൃശ്യം
ചിലതു നിന്നോടു ഞാൻ പറയാം: മരിക്കുന്നു
ദിവസവുമാൾക്കാർ, തുടങ്ങിയതേയുള്ളു,
എന്നും പുതിയ വിധവകൾ പിറക്കുന്നു
പുത്തനനാഥരും മരണവീട്ടിൽ, പുതിയ
ജീവിതമുൾക്കൊള്ളുവാൻ തുനിഞ്ഞുംകൊണ്ടു
കൈകൾ മടക്കിയിരിക്കുകയാണവർ
പിന്നെയവർ സെമിത്തേരിയിലെത്തുന്നു
ആദ്യം വരികയാണങ്ങവരിൽച്ചിലർ
പൊട്ടിക്കരയാൻ, കരയാതിരിക്കാനു-
മൊപ്പം ഭയന്നു നിൽക്കുന്നോരവരോടു
ചേർന്നു നിന്നാരോ പറയുന്നു ചെയ്യേണ്ട
കാര്യങ്ങൾ - ചില വാക്കു മിണ്ടാൻ, ഒരു പിടി
മണ്ണു ശവക്കുഴിക്കുള്ളിലെറിയുവാൻ.
പിന്നെയെല്ലാരും മടങ്ങുന്നു വീട്ടിലേ-
ക്കങ്ങു പെട്ടെന്നു നിറച്ചു സന്ദർശകർ
ചെന്നു കാണുന്നൂ വരിയായ്, കിടക്കയിൽ
പ്രൗഢമിരിക്കുമിവളെയെല്ലാവരും.
കൈ പിടിക്കുന്നൂ ചിലർ ചേർത്തു പുണരുന്നു
എല്ലാവരോടും മറുപടിയായവൾ
വല്ലതും ചൊല്ലുന്നു, വന്നതിൽ നന്ദിയും.
എല്ലാവരും വിട്ടു പോകാൻ കൊതിക്കയാ -
ണുള്ളിലവൾ, സെമിത്തേരിയിൽ ചെല്ലുവാൻ
ആസ്പത്രിമുറിയിൽ മടങ്ങിയെത്താൻ, ഇല്ല -
യില്ലാവുകി,ല്ലറിയാമവൾക്കെങ്കിലും
പിന്നിലേക്കങ്ങനെ പോകാൻ കൊതിക്കുക -
യൊന്നേ പ്രതീക്ഷ, വിവാഹത്തിനും മുമ്പു
പിന്നിലായ്, ആദ്യത്തെയുമ്മയിലെത്തുവാൻ.
5.താരാട്ട്
സ്നേഹിക്കുന്നവരെ മറുലോകത്തേക്കയക്കാൻ
എൻ്റെയമ്മ ഒരു വിദഗ്ദ്ധ.
ശാന്തമായ് പാടിയുറക്കുന്നു കൊച്ചു കുഞ്ഞുങ്ങളെ.
അച്ഛനെ അമ്മ എന്തു ചെയ്തെന്ന്
എനിക്കു പറയാൻ വയ്യ.
അതെന്തായിരുന്നാലും
ശരിയായിരുന്നു എന്നെനിക്കുറപ്പ്.
ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.
കറങ്ങുന്ന ഗതിവേഗമാപിനികളെപ്പോലെ
അതിവേഗം ഞെളിപിരികൊണ്ടു നിശ്ചലമാകുന്നു
മരിക്കുന്നവർ.
പിന്നവ പറന്നകലുന്നു.
എൻ്റമ്മയുടെ കൈകളിൽ അനിയത്തി
കണികകളുടെ ഒരു മേഘമായിരുന്നു -
വേറിട്ട തരികളുടെ.
ഉറങ്ങുമൊരു കുഞ്ഞോ, മുഴുത്തികവിപ്പൊഴും.
അതാണു വ്യത്യാസം.
മരണം കാണുന്ന എൻ്റെയമ്മ
ആത്മാവിൻ്റെ തികവിനെപ്പറ്റി
ഒന്നും പറയുന്നില്ല.
അമ്മ ചേർത്തു പിടിച്ചു
ഒരു കുഞ്ഞിനെ, ഒരു വൃദ്ധനെ.
ഇരുട്ട് അവർക്കു ചുറ്റും കട്ടിയിൽ തഴച്ച്
ഒടുവിൽ മണ്ണായി മാറുന്നു.
ആത്മാവ്
മറ്റെല്ലാ പദാർത്ഥവും പോലെത്തന്നെ.
അതിനു സ്വതന്ത്രമാകാൻ കഴിയുമെന്നിരിക്കെ
പിന്നെന്തിനാണ്
ഉടവു പറ്റാതെ
ഒരൊറ്റ രൂപത്തോടു മാത്രം വിശ്വസ്തത പുലർത്തി
അതിരിക്കുന്നത്?
6.മഞ്ഞ്
ഡിസംബർ ഒടുവ്, അച്ഛനും ഞാനും
ന്യൂയോർക്കിൽ പോകുന്നു, സർക്കസ്സിന്.
കടുത്ത കാറ്റിൽ അച്ഛനെൻ്റെ
ചുമലുകൾ ചേർത്തു പിടിച്ചു.
റയിൽപ്പാതയിലെ സ്ലീപ്പറുകൾക്കുമേൽ
വെളുത്ത കടലാസു തുണ്ടുകൾ വീശിയടിച്ചു.
എന്നെ ചേർത്തു പിടിച്ച്
ഇതുപോലെ നിൽക്കാൻ
അച്ഛൻ ഇഷ്ടപ്പെട്ടു.
എന്നെക്കാണാനേ കഴിഞ്ഞില്ല, അച്ഛനപ്പോൾ.
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
കനത്ത മഞ്ഞ്
വീഴുകയായിരുന്നില്ല,
ഞങ്ങൾക്കു ചുറ്റും കറങ്ങുകയായിരുന്നു.
7.ചുവന്ന പോപ്പി
മഹത്തായ കാര്യം
ഒരു മനസ്സില്ലാത്തത്.
വികാരങ്ങൾ,
ഓ, അവയെനിക്കുണ്ട്. അവ
ഭരിച്ചിടുന്നെന്നെ.
എനിക്കു സ്വർഗ്ഗത്തി-
ലൊരു ദേവനുണ്ട്,
അവൻ്റെ പേർ സൂര്യൻ.
അവന്നു വേണ്ടി ഞാൻ
വിടർന്ന്, കാണിക്കും
എനിക്കു സ്വന്തമാം
ഹൃദയത്തിൻ തീയ്.
അവൻ്റെ സാന്നിദ്ധ്യം
കണക്കുള്ളാത്തീയ്.
ഒരു ഹൃദയമില്ലെങ്കിൽ
പൊലിമകൊണ്ടെന്ത്?
എൻ്റെ സഹോദരങ്ങളേ,
വളരെ നാൾ മുമ്പ്,
മനുഷ്യരായ് നിങ്ങൾ
വരും മുമ്പ്, എന്നെപ്പോ-
ലിരുന്നില്ലേ നിങ്ങൾ?
ഒരിക്കൽ തന്നത്താൻ
വിടരുവാൻ നിങ്ങൾ
അനുവദിച്ചില്ലേ,
ഒരിക്കലും പിന്നെ
വിരിഞ്ഞിടാത്തവർ?
ഇതു സത്യം,
നിങ്ങൾ പറഞ്ഞപോൽത്തന്നെ
പറയുന്നിന്നു ഞാൻ.
പറയുന്നൂ,
ചിന്നിച്ചിതറിപ്പോകയാൽ.
8.അസ്തമയം
സൂര്യനസ്തമിക്കുന്ന അതേ സമയം
തോട്ടപ്പണിക്കാരൻ ഉണക്കിലകൾ കത്തിച്ചു.
ഈ തീയ്, ഇതൊന്നുമല്ല.
ചെറുത്, നിയന്ത്രിക്കാവുന്നത്.
ഒരേകാധിപതി നയിക്കുന്ന ഒരു കുടുംബം പോലെ.
ഇപ്പോൾ ഇതാളുമ്പോൾ
തോട്ടപ്പണിക്കാരൻ അപ്രത്യക്ഷനാകുന്നു.
റോട്ടിൽ നിന്ന്, അയാൾ അദൃശ്യൻ.
സൂര്യനോട് ഒത്തു നോക്കിയാൽ
ഇവിടുത്തെ തീയെല്ലാം അല്പായുസ്സ്, അവിദഗ്ദ്ധം
ഇലകൾ തീരുമ്പോൾ അവ കെടുന്നു.
തോട്ടപ്പണിക്കാരനപ്പോൾ
വീണ്ടും പ്രത്യക്ഷപ്പെടുന്നു
ചാരം തൂത്തുവാരിക്കൊണ്ട്
എന്നാൽ മരണം യാഥാർത്ഥ്യമാണ്.
വന്ന കാര്യം ചെയ്തു തീർത്ത,
വയൽ തഴപ്പിച്ചു വളർത്തിയ,
ഭൂമിയെ കത്താൻ പ്രചോദിപ്പിച്ച സൂര്യൻ്റേതായാലും.
അതുകൊണ്ടതിനിപ്പോളസ്തമിക്കാം.
9.സമൃദ്ധി
വേനലന്തികളിൽ ഒരു തണുത്ത കാറ്റു വീശുന്നു
ഗോതമ്പുചെടികളെ ഇളക്കിയുലച്ച്.
ഗോതമ്പു കുനിയുന്നു
വന്നണയുന്ന രാത്രിയിലേക്ക്
പീച്ചിലകൾ കിരുകിരുക്കുന്നു.
ഇരുട്ടിൽ ഒരു പയ്യൻ പാടം താണ്ടുന്നു.
ആദ്യമായ് അവനിന്നൊരു പെൺകുട്ടിയെ തൊട്ടു.
അതുകൊണ്ടവനൊരു പുരുഷനായ്
വീട്ടിലേക്കു നടക്കുന്നു.
ഒരു പുരുഷൻ്റെ വിശപ്പോടെ.
പഴം മെല്ലെ മൂത്തു വരുന്നു -
ഒറ്റമരത്തിൽ നിന്നു കിട്ടും
കൊട്ടക്കണക്കിന്.
എല്ലാ വർഷവും കുറേ ചീഞ്ഞുപോകും.
കുറച്ചാഴ്ച്ചത്തേക്ക്, ഇഷ്ടം പോലെ.
മുമ്പും പിമ്പും ഒന്നും കാണില്ല.
ഗോതമ്പു നിരകൾക്കിടയിൽ
നിങ്ങൾക്കെലികളെ കാണാം.
മിന്നിച്ചു പായുന്നു മണ്ണിലൂടെ
മീതെ ഗോതമ്പു പൊങ്ങി നിൽക്കുന്നെങ്കിലും
വേനൽക്കാറ്റടിക്കുംപോലെയിളക്കിക്കടയുന്നു.
പൂർണ്ണചന്ദ്രൻ.പാടത്തു നിന്നൊരു
വിചിത്രശബ്ദം, ഒരുപക്ഷേ കാറ്റാവാം.
എലിക്കു പക്ഷേ ഇത്
ഏതൊരു വേനൽ രാത്രി പോലെയുമൊരു രാത്രി.
പഴവും ധാന്യവും - സമൃദ്ധിയുടെ കാലം.
ആരും മരിക്കുന്നില്ല,
ആരും പോകുന്നില്ല വിശന്ന്.
ഗോതമ്പിന്നിരമ്പമല്ലാതെ
മറ്റൊരു ശബ്ദവുമില്ല.