Tuesday, August 12, 2025

മരയ്ക്കാരെ കുണ്ടൂർ വില്ലനാക്കിയതെന്തിന്?

മരയ്ക്കാരെ കുണ്ടൂർ വില്ലനാക്കിയതെന്തിന്?


പി. രാമൻ

1

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള സാഹിത്യ രംഗത്തു നിറഞ്ഞു നിന്ന കവിയും പരിഭാഷകനുമാണ് കുണ്ടൂർ നാരായണമേനോൻ. കവിത്വത്തോടൊപ്പം വിദ്യാഭ്യാസനിലയും ഉന്നത ഉദ്യോഗവും സാമൂഹ്യബന്ധങ്ങളുമെല്ലാം ചേർന്ന് അദ്ദേഹത്തിന്റെ സമ്മാന്യത വർദ്ധിപ്പിച്ചു. അക്കാലത്ത് ഉദിച്ചുയർന്ന സാഹിത്യ മാസികളിൽ തുടർ സാന്നിദ്ധ്യമായിരുന്നു കുണ്ടൂർ. കവിതക്കത്ത്, കൂട്ടുകവിത പോലുള്ള വിനോദങ്ങളിൽ ഒരു കണ്ണിയായിരുന്നു അദ്ദേഹം. എന്നാൽ ജീവിത കാലത്തു ലഭിച്ച അത്ര അനുവാചക ശ്രദ്ധ പിൽക്കാലത്ത് അദ്ദേഹത്തിന്റെ കവിതക്കു ലഭിക്കുകയുണ്ടായില്ല. ഇന്ന് പച്ചമലയാള പ്രസ്ഥാനത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനോടൊപ്പം ഓർമ്മിക്കപ്പെടുന്ന ഒരു പേരാണ് കുണ്ടൂർ നാരായണമേനോൻ. നൂറു കണക്കിനു പൂർവ്വകവികളിൽ ഒരാൾ. എന്നാൽ എണ്ണം പറഞ്ഞ കവികൾ മാത്രമല്ല തനതായതെന്തെങ്കിലും കവിതാമണ്ഡലത്തോടു കൂട്ടിച്ചേർത്ത കവികളെല്ലാവരും ചേർന്ന് എഴുതിയുണ്ടാക്കിയതാണ് മലയാളത്തിന്റെ കാവ്യഭാഷകളും ഭാവുകത്വങ്ങളും. ആ നിരയിൽ തീർച്ചയായും കുണ്ടൂരിന്റെ കവിതാവഴികളും പുനർവായനായോഗ്യമാണ്. എന്നുതന്നെയല്ല, കുണ്ടൂരിനെപ്പോലൊരു കവി കവിതയുടെ ഭാഷയിലും ഭാവുകത്വത്തിലും നടത്തിയ കൂട്ടിച്ചേർക്കലുകളും ഇടപെടലുകളും തീർച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. പരിഭാഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസക്തിയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിലുള്ള മുഖ്യതടസ്സം ഏതൊരു പഴയ കവിയുടെ കാര്യത്തിലുമെന്ന പോലെ കുണ്ടൂരിന്റെയും കൃതികളിൽ മിക്കതും ഇന്ന് കിട്ടാനില്ല എന്നതാണ്. 1912- ൽ ആദ്യമായി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച നാലു ഭാഷാകാവ്യങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

മലയാളം ഒരു ദ്രാവിഡഭാഷയാണെന്നു നമുക്കറിയാം. സ്വാഭാവികമായും ദ്രാവിഡീയമായ സ്വനതലമാണ് മലയാള കാവ്യഭാഷയുടെ അടിസ്ഥാനം. ഏറ്റവും പഴയ പാട്ടുകൃതിയായ രാമചരിതത്തിലും പഴക്കം ചെന്ന നാടൻപാട്ടുകളിലും ആ സ്വനതലം കാണാനാവും. ദ്രാവിഡത്തനിമയുള്ള ഈണങ്ങളും താളങ്ങളും കൂടി ആ ശബ്ദപ്രതലത്തിന്റെ ഭാഗമാണ്. എന്നാൽ പിന്നീട് ഭാഷ അടിമുടി സംസ്കൃതവൽക്കരിക്കപ്പെട്ടപ്പോൾ ദ്രാവിഡപ്രകൃതമുള്ള ശബ്ദസ്വരൂപത്തിനു മാറ്റം വന്നു. എഴുത്തച്ഛൻകൃതികളിൽ ആ മാറ്റം തെളിഞ്ഞു കാണാം. അങ്ങനെ സംസ്കൃതവൽക്കരിക്കപ്പെട്ട ശബ്ദസ്വരൂപവുമായാണ് മലയാള കവിത കാലം കടന്നത്. എന്നാൽ ദ്രാവിഡീയമായ ശബ്ദസ്വരൂപത്തെക്കുറിച്ചുള്ള ഒരബോധധാരണയിലേക്ക് വിവിധ ചരിത്ര ഘട്ടങ്ങളിൽ മലയാള കവികൾ വീണ്ടും വീണ്ടും ചെന്നു തൊടുന്നുണ്ട്. രാമചരിതത്തിൽ ധാരാളമായി പ്രയോഗിച്ചു കണ്ടിട്ടുള്ള ഈണങ്ങളും താളങ്ങളും പിന്നീട് നാലഞ്ചു നൂറ്റാണ്ടു കഴിഞ്ഞ് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലാണ് നാം കാണുന്നത്. ഇങ്ങനെ ദ്രാവിഡീയമായ ശബ്ദപ്രതലത്തിന്റെ ഓർമ്മയിലേക്ക് മലയാളി ഉണരുന്ന മറ്റൊരു ചരിത്രസന്ദർഭത്തെ അടയാളപ്പെടുത്തുന്നവയാണ് കുണ്ടൂരിന്റെ പ്രധാന കൃതികൾ പലതും.

പത്തൊമ്പതാം നൂറ്റാണ്ടിൽ പല കാരണങ്ങളാൽ മലയാള കവിതക്ക് കൂടുതൽ ജനകീയത കൈവരുന്നുണ്ട്. നമുക്കു പേരറിയാവുന്ന കവികളുടെ എണ്ണം കൂടി. സവർണ്ണേതര സമുദായങ്ങളിൽ നിന്നുള്ള കവികൾ അറിയപ്പെട്ടു തുടങ്ങി. സ്ത്രീകൾ കവിതാരംഗത്തു പ്രശസ്തരായിത്തുടങ്ങി. കവിത അതിന്റെ ഗൗരവത്തിനപ്പുറം സർവ്വസാധാരണമായ ഒരു വിനോദകല എന്ന നിലയിലും പ്രചാരം നേടി. കാവ്യകല സാമൂഹ്യമായ വിസ്തൃതി കൈവരിച്ച ഈ സന്ദർഭത്തിലാണ് സംസാരഭാഷയോടടുത്ത ശൈലിയിൽ എഴുതുന്ന കവിതാരീതിക്ക് വലിയ പ്രചാരം കിട്ടിയത്. കവിതക്കത്തുകൾ, സമസ്യാപൂരണങ്ങൾ, കൂട്ടുകവിതകൾ, ഛായാശ്ലോകങ്ങൾ എന്നിങ്ങനെ പല മാതൃകകളിലായി ഈ രീതി പടർന്നു കിടക്കുന്നു. സ്വനതലത്തിൽ ഇവ പൊതുവേ മലയാളിത്തം പുലർത്തിയെങ്കിലും കൗതുകകരമായ ഒരു കാര്യം വൃത്തപ്രയോഗത്തിൽ സംസ്കൃത വഴിയേയാണ് ഇവ അധികം ആശ്രയിച്ചത് എന്നതാണ്. സംസ്കൃതവൃത്തങ്ങൾ ദ്രാവിഡവൃത്തങ്ങളെപ്പോലെ അയത്നം പ്രയോഗിക്കാൻ നമ്മുടെ കവികൾ നിപുണരായി എന്നതാവാം അതിന് പ്രധാന കാരണം. മാത്രാവൃത്തസ്വഭാവം പല വർണ്ണവൃത്തങ്ങൾക്കും അപ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു. വർണ്ണവൃത്തങ്ങൾ മാത്രാവൃത്തസ്വഭാവമുള്ളതാവുന്നതിന് രാമചരിതം തൊട്ടു കുഞ്ചൻ നമ്പ്യാർ വരെ മുൻ ഉദാഹരണങ്ങളുണ്ട്. ഇങ്ങനെ മുഖ്യധാരാ മലയാള കവിത സാധാരണ വൽക്കരിക്കപ്പെട്ട കാലത്താണ് പച്ച മലയാള പ്രസ്ഥാനവും കുണ്ടൂരിന്റെ കൃതികളും ഉണ്ടാകുന്നത്.

ശാബ്ദികഭാവനയെ ഉണർത്തുന്നതിലൂടെ ഒരു പഴയ ലോകത്തേക്കു കൊണ്ടുപോവുകയും ആ ലോകം നമ്മുടെ ഭാഷാപരമായ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്ന് അനുഭവിപ്പിക്കുകയുമാണ് കുണ്ടൂർ നാലു ഭാഷാകാവ്യങ്ങളിൽ. ചുരുക്കത്തിൽ ഭാഷയിലൂടെ ദ്രാവിഡപ്പഴമയെ തൊടുന്ന ഒരു ലോകം പണിയുകയാണ് കവി.

തിണ്ണന്നു കോമനു മുറക്കൊരു നാടുവാഴി -
ക്കെണ്ണം കുറിക്കുമൊരു കട്ടിൽ കൊടുത്തിരുന്നു
പെണ്ണുങ്ങൾ മോടിയൊടു പണ്ടമണിഞ്ഞു വേണ്ടും
വണ്ണം തിരക്കൊടുമിടക്കിടെ വന്നിരുന്നു.

ആ വന്നുചേർന്ന മറിമാൻമിഴിമാർകൾ തോറ്റു -
പോവുന്ന, നല്ല ചില തോഴികളോടു കൂടെ
പൂവമ്പനുള്ള പുതുകൈത്തൊഴിലെന്നു തോന്നീ -
ടാവുമ്പടിക്കൊരുവളന്നവിടേക്കു ചെന്നു

അപ്പെണ്ണു കോമനുടെ കണ്മണി കട്ടുകൊണ്ടാ-
ണപ്പന്തൽ കേറിയതതാരുമറിഞ്ഞതില്ല
മൂപ്പർക്കു പിമ്പുറമടങ്ങിയൊതുങ്ങി നിൽക്കും
ചാപ്പൻ ചതിപ്പണികൾ കണ്ടുപിടിച്ചു താനും

ഇവിടെയെല്ലാം ഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അക്ഷരവിന്യാസവും പ്രാസവും വളരെയധികം ഉതകുന്നത് നമുക്കനുഭവിക്കാൻ കഴിയും. ണ,ണ്ണ,ഴ, റ, ണ്ട, പ,പ്പ,റ്റ തുടങ്ങിയ അക്ഷരങ്ങളുടെ ആവർത്തനം ഇവിടെ പ്രധാനമാണ്. രാമചരിതം തൊട്ട് നമ്പ്യാർക്കൃതികൾ വരെയുള്ള ജനകീയഗാഥകളുടെ ശാബ്ദികതലത്തെ ഇത് ഓർമ്മയിലെത്തിക്കുന്നു. സംസ്കൃതവൽക്കരിക്കാത്ത സ്വനതലം ആര്യവൽക്കരിക്കപ്പെടും മുമ്പുള്ള കേരളത്തിലേക്ക് നമ്മുടെ ഭാവനയെ കൊണ്ടുപോകുന്നു. അങ്ങനെ വടക്കൻപാട്ടുകൾ പിറവികൊണ്ട സാമൂഹ്യാന്തരീക്ഷത്തിൽ വായനക്കാർ എത്തിച്ചേരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ പുതിയൊരു കേരളത്തെക്കുറിച്ചുള്ള ആശയധാരണകൾ ഉറയ്ക്കുന്ന സന്ദർഭത്തിലാണ് ഭാഷയെക്കുറിച്ചും ഭൂതകാലഭാവനയെക്കുറിച്ചുമുള്ള ഈ കാഴ്ച്ച പ്രധാനമാകുന്നത്.സംസ്ക്കൃതവൽക്കരിക്കാത്ത ശബ്ദതലവും അതുണർത്തുന്ന തരം ഭൂതകാല ഭാവനയുമാണ് കുണ്ടൂർക്കൃതികളെ ഇന്ന് പ്രസക്തമാക്കുന്ന ഘടകങ്ങൾ എന്നു പറയാം. ഒന്നു കൂടി കുറുക്കിയാൽ, ശ്രവ്യഭാവനയുണർത്തുന്ന സ്വരൂപഘടന.

കവിതയിൽ നായകനെ അവതരിപ്പിക്കുന്ന ഒരു സന്ദർഭം  ഇവിടെ ഉദാഹരിക്കാം.

കാളയ്ക്കു കാണുമൊരു തോളു, കരിമ്പനക്കു
കാളും കുറുമ്പു കളയുന്നുടൽ, മാർ വിരിഞ്ഞ്
നീളത്തിലൂക്കുടയ കൈകളുമായ് പടയ്ക്കു
കേളിപ്പെടുംപടി വിളഞ്ഞു വിളങ്ങി കോമൻ

ശബ്ദതലത്തോടൊപ്പം കാള, കരിമ്പന എന്നീ ഉപമാനങ്ങളും ചേരുമ്പോൾ വായനക്കാരുടെ ഭാവനയിൽ രൂപപ്പെടുന്ന നായകൻ ദ്രാവിഡ നാടിൻ്റെ ഊറ്റമുള്ളവനായിരിക്കുന്നു.

കോമപ്പനിൽ കവി അവതരിപ്പിച്ച ഒരു പ്രമേയം പിന്നീട് പല രൂപങ്ങളിൽ മലയാളത്തിൽ ആവർത്തിക്കപ്പെട്ടതും എടുത്തുപറയേണ്ടതുണ്ട്. പരസ്പരം ശത്രുത പുലർത്തുന്ന രണ്ടു കുടുംബങ്ങളിലെ ആണും പെണ്ണും അനുരാഗത്തിലാവുന്ന കഥ അടുത്ത കാലം വരെയും നമ്മുടെ സിനിമക്കു പ്രിയങ്കരമായിരുന്നു. ഗോഡ് ഫാദർ എന്ന പടത്തിലെ അഞ്ഞൂറാനും മക്കളും ആ പേരുകൊണ്ടു തന്നെ ഒന്നൂറാം വീട്ടിലെ കുറുപ്പന്മാരെ ഓർമ്മിപ്പിക്കുന്നുണ്ട്. കുടിപ്പകകൊണ്ടുണ്ടായ അകലം അനുരാഗംകൊണ്ടു റദ്ദു ചെയ്യുന്ന കമിതാക്കളെ പഴങ്കാലത്തു നിന്നെടുത്ത് നവകേരളത്തിനു സമ്മാനിച്ചു കുണ്ടൂരെഴുതിയ ഈ പ്രണയവീരഗാഥ.സ്വന്തം ആങ്ങളമാരിൽ നിന്നു രക്ഷിക്കാൻ കാമുകനെ മുടിച്ചാർത്തിനുള്ളിലൊളിപ്പിച്ച പ്രണയനായികയാണല്ലോ വടക്കൻപാട്ടിലെ ഉണ്ണിയമ്മ.

2

എന്നാൽ കോമപ്പൻ എന്ന കാവ്യത്തിൻ്റെ ഏറ്റവും വലിയ പ്രസക്തി ഇതൊന്നുമല്ല. മലയാളിയുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഇസ്ലാമോഫോബിയ പ്രകടമായി പ്രകാശിതമായ ആദ്യകൃതികളിലൊന്ന് എന്നതാണ് കോമപ്പൻ്റെ പ്രാധാന്യം. ഈ കൃതി ഇന്നു പരിശോധിക്കപ്പെടേണ്ടത് ഇതു മുന്നോട്ടു വയ്ക്കുന്ന മുസ്ലീം അപരവൽക്കരണത്തിൻ്റെയും ഇസ്ലാമോഫോബിയയുടെയും പേരിലാണ്. കോമപ്പൻ ആവിഷ്ക്കരിച്ച ഇത്തരം ആശയങ്ങൾ പുതു കേരള സൃഷ്ടിയുടെ പശ്ചാത്തലത്തിൽ എത്രമാത്രം ധ്രുവീകരണസ്വഭാവമുള്ളതായിരുന്നു എന്ന് പരിശോധിക്കാതെ പോകാൻ ഇന്നു കഴിയില്ല. കവിതയിൽ എന്നല്ല മലയാള സാഹിത്യരംഗത്തു തന്നെ ഈ കൃതി ഒരു നൂറ്റാണ്ടു നീണ്ട ഓളങ്ങൾക്കു തുടക്കമിട്ടു. രണ്ടു നായർ തറവാടുകൾ തമ്മിലുള്ള കുടിപ്പക പ്രണയത്താൽ മായുന്നതു വിവരിക്കുന്ന കാവ്യം മുമ്പില്ലാത്ത പുതിയൊരു കുടിപ്പക അനാവശ്യമായി തുടങ്ങി വച്ചുകൊണ്ടാണ് കലാശിക്കുന്നത്.

ഒന്നൂറാം വീട്ടിലെ (തൊണ്ണൂറാം വീട് എന്നു ചേലനാടിൻ്റെ പാഠം) കുറുപ്പന്മാരുടെയും കല്പുള്ളി പാലാട്ടു വീട്ടുകാരുടെയും കുടിപ്പകയുടെ പശ്ചാത്തലത്തിൽ ഉണ്ണിയമ്മയും പാലാട്ടു കോമനും തമ്മിലുള്ള അനുരാഗകഥ പറയുന്ന വടക്കൻപാട്ടിനെ ഉപജീവിച്ചെഴുതിയ ഖണ്ഡകാവ്യമാണ് ഇത്. വടക്കൻപാട്ടിലെ കഥയിൽ പ്രധാനപ്പെട്ട ഒരു മാറ്റം കുണ്ടൂർ നാരായണമേനോൻ വരുത്തിയിട്ടുണ്ട്. വടക്കൻപാട്ടിലില്ലാത്ത കോട്ടക്കൽ കുഞ്ഞാലിമരക്കാർ എന്ന വില്ലൻ കഥാപാത്രത്തെ പുതുതായി സൃഷ്ടിച്ചതാണത്.

വടക്കൻപാട്ടുകഥയിൽ ഉണ്ണിയമ്മയുടെ മുറിയിൽ നിന്നു സഹോദരി ഉണ്ണിച്ചിരുതക്ക് പാലാട്ടു കോമൻ എന്ന് പിടിയിലെഴുതിയ കത്തി കിട്ടുന്നു. അസൂയക്കാരിയായ ഉണ്ണിച്ചിരുത ഉണ്ണിയമ്മക്കു പരപുരുഷബന്ധമുണ്ടെന്നതിൻ്റെ തെളിവായി സഹോദരന്മാരായ കുറുപ്പന്മാർക്കു മുന്നിൽ കത്തി ഹാജരാക്കുന്നു. സ്വജാതിക്കാരനായ കോമനുമായാണു ബന്ധമെന്നറിഞ്ഞാൽ ജാതിഭ്രഷ്ടു വരില്ലെന്നും ശിക്ഷ കുറയുമെന്നും അറിയാവുന്ന ഉണ്ണിയമ്മ ഒരു കൊല്ലനെക്കൊണ്ട് കത്തിയിലെ പേര് വള്ളോപ്പുലയൻ എന്നു മാറ്റിയെഴുതിച്ചാണ് കുറുപ്പന്മാർക്കു കൊടുത്തത്. ജാതിയിൽ താഴ്ന്നയാളുമായുള്ള ബന്ധത്തിൻ്റെ പേരിൽ സഹോദരന്മാർ ഉണ്ണിയമ്മയെ കൊല്ലാൻ തീരുമാനിക്കുന്നു. വിവരം രഹസ്യമായറിഞ്ഞു കോമപ്പൻ അമ്മാമനായ തച്ചോളി ഒതേനൻ്റെ സഹായത്തോടെ വന്ന് ഉണ്ണിയമ്മയെ മോചിപ്പിച്ചു സ്വന്തമാക്കുന്നു. ഇതാണ് വടക്കൻപാട്ടിൽ പാലാട്ടു കോമനെക്കുറിച്ചുള്ള പ്രസിദ്ധമായ കഥ. രണ്ടു നായർ കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പശ്ചാത്തലത്തിലുള്ള ഈ പ്രണയകഥയിൽ ഒന്നൂറാം വീട്ടിലെ കുറുപ്പന്മാരാണ് പ്രതിനായകർ. എന്നിരിക്കേ ഈ കഥയിലേക്ക്  കോട്ടക്കൽ കുഞ്ഞാലി മരക്കാർ എന്ന ചരിത്രപുരുഷനെ പ്രതിനായക കഥാപാത്രമാക്കി തിരുകിക്കയറ്റിയതെന്തിന് എന്ന ചോദ്യം കുണ്ടൂരിൻ്റെ കോമപ്പൻ എന്ന കഥാകാവ്യം ഇന്നു വായിക്കുമ്പോൾ ഉയരുക സ്വാഭാവികം.

വടക്കൻപാട്ടു കഥയിൽ വള്ളോപ്പുലയൻ ചെയ്യാത്ത കുറ്റം അയാൾക്കുമേൽ ആരോപിക്കപ്പെടുന്നു. വള്ളോപ്പുലയനു പകരം കുണ്ടൂർ കവിതയിലേക്കു വലിച്ചിഴച്ച മരയ്ക്കാരാകട്ടെ ഉണ്ണിയമ്മയെ തട്ടിക്കൊണ്ടു പോകാനും മാനഭംഗപ്പെടുത്താനും മാപ്പിളപ്പടയാളികളുമായി വരികയാണ്.

നില്ലെന്നു കൂടെ വരുവോരെ വളപ്പിൽ നിർത്തി
മെല്ലെന്നു വാതിലു തുറന്നുടനേ മരയ്ക്കാർ
കില്ലെന്നിയേ കണയുമായണയുന്നൊരാപ്പൂ-
വില്ലന്നു നല്ലടിമയായ് മുറിയിൽ കടന്നു

മാലാമലർക്കണകളാലുളവായതാറ്റാൻ
മേലാതെ മാപ്പിളയുമുണ്ണിയൊടൊട്ടടുത്തു
പാലാട്ടു കോമനുടെ പെണ്ണിവളെന്നു പുത്തൻ
പാലായിടഞ്ഞ മൊഴിയാളുമുരച്ചെണീറ്റു

അപ്പോഴേക്കും കോമപ്പൻ അവിടെ എത്തിച്ചേർന്നു. മരക്കാരോടു പോരിനൊരുങ്ങി കോമപ്പൻ ഇങ്ങനെ പറഞ്ഞു:

എന്നാലുമെന്നിലൊരു പേടി പെടാതെയിങ്ങു
വന്നാൻ പെരുത്തു വഷളത്തവുമോർത്തിവൻ താൻ
കൊന്നാലൊഴിഞ്ഞിനിയിതിൻ പക പോകയില്ല

തീരാപ്പകക്ക്, കുടിപ്പകക്ക് ഇവിടെ പുതിയൊരു സാമൂഹ്യമാനം കൈവരുന്നു. ഒരേ സമുദായത്തിൽ പെട്ട രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയോടെ തുടങ്ങുന്ന കവിത അവസാനിക്കുന്നത് വ്യത്യസ്ത മതങ്ങൾ തമ്മിൽ പുതുതായുണ്ടാകുന്ന കുടിപ്പകയിലാണ്. അതിന്നായി ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്ത് കെട്ടുകഥയാക്കി മാറ്റുന്ന തന്ത്രം ഇവിടെ ഉപയോഗപ്പെടുത്തുന്നു. ഹിന്ദു - മുസ്ലീം കുടിപ്പക എന്ന ആശയത്തെ ആളിക്കാൻ പോന്ന ഒന്നും കേരളചരിത്രത്തിൽ നിന്നു വസ്തുതാപരമായി കണ്ടെടുക്കാനില്ല എന്നിരിക്കെ ചരിത്രത്തെ കെട്ടുകഥയിലേക്കു വലിച്ചിഴച്ച് വളച്ചൊടിക്കുകയല്ലാതെ മറ്റു വഴിയില്ല.

അങ്ങനെ ഒടുവിൽ കോമപ്പൻ മരക്കാരോടേറ്റുമുട്ടി മരയ്ക്കാരെ വധിക്കുന്നു. അതോടെ പേടിച്ചു മാപ്പിളകൾ ഓടിപ്പോയി എന്ന് കാവ്യത്തിൽ എടുത്തു പറയുന്നുണ്ട്. വടക്കൻപാട്ടിലുള്ളത് കഥയാണ്, അതിനെ ഉപജീവിച്ചെഴുതിയ കാവ്യവും കഥ പറയുന്നതു തന്നെ. പക്ഷേ മൂലകഥയിലില്ലാത്ത ഒരു പുതിയ വില്ലൻ കഥാപാത്രത്തെ ഒരു പ്രത്യേക മതത്തിൻ്റെ പ്രതിനിധിയായി കഥയിലേക്കു കൊണ്ടുവരുന്നതിൻ്റെ സാമൂഹ്യ മാനങ്ങൾ നാമിന്ന് സൂക്ഷ്മമായി വായിക്കേണ്ടതുണ്ട്.

വടക്കൻപാട്ടു കഥയിൽ ഒരു സൂചന പോലുമില്ലാത്ത മുസ്ലീം പ്രതിനായകനെ പുതുതായി സൃഷ്ടിക്കുക മാത്രമല്ല കോട്ടക്കൽ കുഞ്ഞാലി മരക്കാർ എന്ന ചരിത്രപുരുഷനെ ചരിത്രത്തോടു യാതൊരു നീതിയും കാണിക്കാതെ അടർത്തിമാറ്റി ഒരു വ്യാജ കെട്ടുകഥാപാത്രമാക്കി മാറ്റുകയും ചെയ്തു കവി ഇവിടെ. സാമൂതിരിമാരുടെ നാവികസേനാധിപന്മാർ എന്ന നിലയിലും പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പട നയിച്ചവർ എന്ന നിലയിലും ചരിത്രത്തിൽ അടയാളപ്പെട്ട കുഞ്ഞാലി മരക്കാർമാരിൽ ഒരാളെ ഒരു രേഖയുടെയും പിൻബലമില്ലാതെ സ്ത്രീ പീഡകനാക്കി ചിത്രീകരിച്ചത് എന്തിന് എന്ന ചോദ്യം നമ്മെ അസ്വാസ്ഥ്യപ്പെടുത്തേണ്ടതാണ്. ആ വടക്കൻപാട്ട് രൂപം കൊണ്ട കാലത്തിനടുത്തെവിടെയോ അതുമായി യാതൊരു ബന്ധവുമില്ലാതെ സമുദ്രാന്തരവ്യാപാരം നടത്തിവരികയും പോർച്ചുഗീസുകാർക്കെതിരെ കടൽയുദ്ധത്തിലേർപ്പെട്ടുപോരികയും ചെയ്ത കോട്ടക്കൽ കുഞ്ഞാലി മരക്കാർമാരിലൊരാൾ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എഴുതപ്പെടുന്ന ഈ കാവ്യത്തിലെത്തുമ്പോൾ സ്ത്രീപീഡകനായ ഒരു മാപ്പിളത്തലവൻ മാത്രമായി മാറുന്നു. കോട്ടക്കൽ കുഞ്ഞാലി മരക്കാർക്കുള്ള ചരിത്രപരമായ സവിശേഷതകളെല്ലാം മാഞ്ഞുപോവുകയും സ്ത്രീലമ്പടത്തം പുതുതായി ചേർക്കപ്പെടുകയും ചെയ്യുന്നു.

കഥയിലോ ചരിത്രത്തിലോ ഇല്ലാത്ത ഒരു മുസ്ലീം വില്ലനെ കുണ്ടൂർ നാരായണമേനോൻ എന്ന കവി ബോധപൂർവം സൃഷ്ടിച്ചു എന്നു കരുതാൻ കാരണമൊന്നുമില്ല. അദ്ദേഹത്തിന് വ്യക്തിപരമായി എന്തെങ്കിലും മുസ്ലീം വിരോധം ഉള്ളതായും നമുക്ക് അറിവില്ല. മറിച്ച് താൻ ജീവിച്ച കാലത്തിൻ്റെ സാമൂഹ്യമായ അബോധ സമ്മർദ്ദം കുണ്ടൂരിനെക്കൊണ്ടു നടത്തിച്ചതാണ് മരയ്ക്കാരുടെ കഥാപാത്രസൃഷ്ടി എന്നു കരുതാനേ ന്യായമുള്ളൂ. കോമപ്പൻ രചിക്കപ്പെട്ട കാലം, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങൾ, മുസ്ലീം സമുദായത്തിൻ്റെ വളർച്ചയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പൊതു സമൂഹത്തിൻ്റെ ദൃഷ്ടിയിൽ ഒരു പ്രബല സമൂഹമെന്ന നിലയിൽ അത് മുമ്പില്ലാത്ത വിധം പ്രത്യക്ഷപ്പെട്ട സമയമാണത്.  *വാണിജ്യ സമൂഹമെന്ന നിലയിൽ അങ്ങാടികളിൽ നേടിയെടുത്ത ദൃശ്യത, സംസ്കൃത പാണ്ഡിത്യത്തിൻ്റെ സാംസ്ക്കാരിക മൂലധനത്തിനു സമാന്തരമായി അറബി പാണ്ഡിത്യത്താലും മതപഠനത്താലും കൈവന്ന സാംസ്ക്കാരിക ദൃശ്യത, ഒപ്പം ആധുനിക വിദ്യാഭ്യാസത്തിൻ്റെ ലഭ്യതയാൽ കൂടിയുണ്ടായ ലോകാവബോധം,മതസ്ഥാപനങ്ങളുടെ വളർച്ച, പൊതുസമൂഹത്തിലുള്ള ഇടപെടൽ ശേഷി, നഗരവൽക്കരണത്തിന് ആക്കം കൂട്ടുന്ന ചലനാത്മകത, ജന്മിത്തത്തേയും അതിനെ പിൻപറ്റിയ ബ്രിട്ടീഷ് അധികാരത്തേയും ഒരു പോലെ ചെറുക്കാൻ പോന്ന പ്രതിരോധ ശേഷി എന്നിവയെല്ലാം ചേർന്നുണ്ടായതാണ് ഇരുപതാം ശതകാരംഭത്തിലെ മുസ്ലീം സമുദായത്തിൻ്റെ ഈ ദൃശ്യത. അന്നേവരെ ഇരുട്ടിൽ കിടന്ന ഒരു വിഭാഗത്തിന് പെട്ടെന്നുണ്ടാകുന്ന ദൃശ്യത മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം. ഉരുണ്ടു കൂടിയ ഈ അസ്വസ്ഥതയുടെ ബാഹ്യപ്രകടനം ആദ്യം അരങ്ങേറുക സാഹിത്യ-സാംസ്കാരിക രംഗങ്ങളിലാണ്. അങ്ങനെയാണ് ചരിത്രത്തിലെ നായകൻ കവിതയിലെ താമസമൂർത്തിയായ വില്ലനായി പരിണമിക്കുന്നത്.

പൊതുവായ സാമൂഹ്യദൃശ്യതക്കു വേണ്ടിയുള്ള ഇടപെടലുകളുടെയും പോരാട്ടങ്ങളുടെയും, ഈ ദൃശ്യത ഉണ്ടാക്കുന്ന പ്രതികരണങ്ങളുടെയും ചരിത്രമാണ് കേരളത്തിൻ്റെ ആധുനികവൽക്കരണത്തിൻ്റെ ചരിത്രം. ആ നിലക്ക് മുസ്ലീം സമുദായം കൈവരിച്ച ദൃശ്യതയോടുള്ള പ്രതികരണമായി കോമപ്പനിലെ തിരിമറിച്ചിലിനെ കാണാവുന്നതാണ്. പിൽക്കാലത്ത് ഗൾഫ് പ്രവാസം ശക്തിപ്പെട്ടതോടെ മുസ്ലീം സമുദായത്തിൻ്റെ ദൃശ്യത മുമ്പില്ലാത്ത വിധം വർദ്ധിക്കുകയും ആ ദൃശ്യതയോടുള്ള പ്രതികരണമെന്ന നിലയിൽ ഇസ്ലാമോഫോബിയ ശക്തിപ്പെടുകയും ചെയ്തു.മാറി വന്ന ദേശീയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് ആക്കം കൂട്ടി. ഇന്ന് കേരളത്തിൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള മേഖലകളിൽ മുസ്ലീം സമുദായത്തിൽ പെട്ടവർക്കു ലഭിച്ചു കൊണ്ടിരിക്കുന്ന മുമ്പില്ലാത്ത ദൃശ്യതയുണ്ടാക്കുന്ന അസ്വസ്ഥത ഇസ്ലാമോഫോബിയയെ പരമാവധിയിലെത്തിച്ചിരിക്കുന്നു.

ദൃശ്യതയെക്കുറിച്ചുള്ള ചർച്ച മറ്റെല്ലാ തരം ചർച്ചകളെയും വിഴുങ്ങുന്ന അപകടകരമായ സാഹചര്യം ഇന്നു കേരളത്തിലുണ്ട്. സാഹിത്യരംഗത്തു പോലും എല്ലാ ചർച്ചകളും ദൃശ്യതയെക്കുറിച്ചുള്ള ചർച്ച മാത്രമായി മാറുന്നതു കാണാം. ഞാൻ/ഞങ്ങൾ കാണപ്പെട്ടില്ല, ആ ആൾ/അവർ എന്നേക്കാൾ/ഞങ്ങളേക്കാൾ കൂടുതലായി കാണപ്പെട്ടു എന്നിടത്തേക്കാണ് സൗന്ദര്യശാസ്ത്ര ചർച്ചകൾ പോലും ഒടുവിൽ എത്തിച്ചേരുന്നത്. കാണപ്പെടൽ അന്തിമ പ്രമാണമായതിൽ മാധ്യമലോകത്തിന് വലിയ പങ്കുണ്ട്.

ഇസ്ലാമോഫോബിയ കേരളത്തിൽ സമീപകാലത്ത് പൊട്ടിമുളച്ച ഒന്നല്ല എന്ന് പ്രഖ്യാപിക്കുന്നു കുണ്ടൂർ നാരായണമേനോൻ്റെ കോമപ്പൻ. ഇതു വന്ന് അധികം വൈകാതെയാണ് മലബാർ കലാപം നടക്കുന്നത്. ഇതു വന്ന് അധികം വൈകാതെയാണ് ആശാൻ ദുരവസ്ഥയിൽ ക്രൂരമുഹമ്മദർ എന്ന വിശേഷണം പ്രയോഗിക്കുന്നതും. കുണ്ടൂരിൻ്റെ കവിതയാൽ സ്വാധീനിക്കപ്പെട്ട വള്ളത്തോൾക്കവിതയിലും സമാനരീതിയിൽ മുസ്ലീം പ്രതിനായകരെ സൃഷ്ടിക്കുന്നതു കാണാം. കോമപ്പൻ ആ കാലത്ത് ധാരാളമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതിയാണ് എന്ന് ഓർക്കുക. സൗന്ദര്യ വീക്ഷണപരമായി കുമാരനാശാൻ്റെ എതിരറ്റത്തു നിൽക്കുന്ന കവിയാണ് കുണ്ടൂർ നാരായണമേനോൻ. ആശാൻ ധ്വനിവാദിയെങ്കിൽ കുണ്ടൂർ രൂപവാദിയാണ്. ആശാൻ പുതുകാലത്തിൻ്റെ കവിയായിരിക്കുമ്പോൾ കുണ്ടൂർ പഴമയെ തോറ്റിയുണർത്തുന്നു. കുണ്ടൂരിൻ്റെ അനുരാഗഗാഥകൾ പൗരുഷത്തെക്കുറിച്ചും വീരരസത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങളോടു ചേർന്നാണിരിക്കുന്നത്. ആശാൻ്റെ പ്രണയ സങ്കല്പമാകട്ടെ വീരപൗരുഷസങ്കല്പങ്ങളെ തകർക്കുന്നതും ഒരു പരിധി വരെ വിമോചനാത്മകവുമാണ്. ഇങ്ങനെ അമ്പേ വ്യത്യസ്തരായിട്ടു കൂടി കുണ്ടൂരും ആശാനും എന്നല്ല വള്ളത്തോളും യോജിപ്പിലെത്തിക്കാണുന്ന ഒരു മേഖല മുസ്ലീം അപരവൽക്കരണത്തിൻ്റേതാണ് എന്നത് ശ്രദ്ധേയമാണ്.

3

പാലാട്ടു കോമൻ്റെ കഥയിൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഒരു കഥാപാത്രമേയല്ല എന്നു കണ്ടല്ലോ. ആ ചരിത്രപുരുഷൻ കഥാപാത്രമായി വരുന്ന വടക്കൻപാട്ടു സന്ദർഭങ്ങൾ ഏതെല്ലാം എന്ന അന്വേഷണത്തിലാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാരും തച്ചോളി ഒതേനനും എന്ന പാട്ട് ശ്രദ്ധയിൽ പെട്ടത്. (വേറെയും ചില പാട്ടുകളുണ്ട്) ഡോ.ചേലനാട്ട് അച്ചുതമേനോൻ എഡിറ്റുചെയ്ത് മദ്രാസ് യൂണിവേഴ്സിറ്റി മലയാളം സീരീസിൽ ഉൾപ്പെടുത്തി 1935 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വടക്കൻ പാട്ടുകളിൽ ഉൾപ്പെടുന്നതാണ് ആ പാട്ട്. മാമല വീട്ടിലെ കുഞ്ഞ്യുമ്മമ്മ എന്ന ബാലിക എഴുത്തു പള്ളിക്കൂടത്തിൽ പോകുന്ന രംഗം വിവരിച്ചു കൊണ്ടാണ് ആ പാട്ടു തുടങ്ങുന്നത്:

കാലിലെ പൊന്തണ്ട കുലുക്കിക്കൊണ്ട്
കുഞ്ഞിക്കുട കൊണ്ടമ്മെയ് മറച്ച്
എഴുതാനെഴുത്ത്വെള്ളീ പോകുന്നല്ലോ
പതിനാലു വയസ്സുള്ള കുഞ്ഞ്യുമ്മമ്മ

തൻ്റെ കോട്ടനടയിലിരുന്ന് ആ കാഴ്ച്ച കണ്ട കോട്ടക്കൽ കുഞ്ഞാലി മരക്കാർ തൻ്റെ സേവകനെ വിളിച്ച് ഇങ്ങനെ പറഞ്ഞു:

മാമലവീട്ടിലെ കുഞ്ഞ്യുമ്മമ്മ
കുഞ്ഞനെഴുത്ത്വള്ളീപ്പൊകുന്നതു കണ്ടോ
ചെല്ലീനെ ചെല്ലീനെ ചെക്കൊങ്കുട്ടീ,
എളന്നീര് കുടിച്ചിട്ടും പോവാമ്പറ
കൊട്ടപ്പണി കണ്ടും പോവാമ്പറ

തനിക്കു നേരമില്ലെന്നു പറഞ്ഞ് പെൺകുട്ടി ആ ക്ഷണം നിരസിച്ചപ്പോൾ മരക്കാർ തന്നെ അവളുടെ മുന്നിലെത്തി വിളിച്ചു. തൻ്റെ തിരക്ക് അവൾ മരക്കാരെ ഇങ്ങനെ ബോധിപ്പിച്ചു:

കോട്ടക്കൽ കുഞ്ഞാലി മരക്കാരേ കേൾക്ക്
നേരവും പോയതറിഞ്ഞില്ലെലോ!
മതിലൂർ കുരിക്കളും ശിഷ്യന്മാരും
എഴുത്ത്വള്ളീലെത്തീട്ടിരിക്കും മുമ്പേ
എഴുത്ത്വള്ള്യടിച്ച്വാരി പൂ വെറേണം
വേഗം പോയ് വേഗം വരട്ടെ ഞാനേ
എഴുത്തും കഴിഞ്ഞ് മടക്കത്തിന്
ഇളനീർ കുടിക്കാൻ ഞാൻ വന്നോളാലോ

എഴുത്തും കഴിഞ്ഞ് മടക്കത്തിന് പഴുക്കടയ്ക്ക പോലത്തെ മീടും കൊണ്ട് ഇതിലേത്തന്നെ വരണേ എന്നു പറഞ്ഞ് മരക്കാർ അവളെ പറഞ്ഞയച്ചു. വൈകീട്ട് അയാൾ കുഞ്ഞിനേയും കാത്ത്, എന്തൊരു കുഞ്ഞാണക്കുഞ്ഞ്യുമ്മമ്മ എന്നു മനസ്സിൽ വിചാരിച്ച് നോക്കിയിരിപ്പായി. ഗുരുവിനേയും തുണ കൂട്ടിയാണ് പക്ഷേ, ബാലിക മടങ്ങിവന്നത്. ഗുരുവിനെ പേടിപ്പിച്ചോടിക്കാൻ നോക്കിയിട്ടും നടന്നില്ല. ഇളനീർ കൊടുത്ത് അവളെ സ്വീകരിക്കാൻ മരക്കാർക്കു കഴിഞ്ഞില്ല. കുരിക്കൾ പെൺകിടാവിൻ്റെ അമ്മായിയോട് താനിനി ഇവിടെ വന്നു പഠിപ്പിക്കാമെന്നും എഴുത്തുപള്ളിയിലേക്കു കുഞ്ഞിനെ അയക്കേണ്ടെന്നും പറഞ്ഞു. അച്ഛനമ്മമാർ മരിച്ചു പോയതിനാൽ അമ്മാമനും അമ്മായിയും വളർത്തുന്ന കുഞ്ഞാണ് കുഞ്ഞ്യുമ്മമ്മ.

മരക്കാർക്ക് കുഞ്ഞിനെ കാണാതെ പറ്റില്ലെന്നായി. കുഞ്ഞ്യുമ്മമ്മയുടെ മാമല വീട് അന്വേഷിച്ചു കണ്ടുപിടിച്ച് മരക്കാർ ഒരു പെട്ടി പൊന്നുമായി അവിടെച്ചെന്ന് അമ്മായിയെ സ്വാധീനിച്ചു. അമ്മായി അതിലെ അപകടം ബോധിപ്പിച്ചു. അമ്മാമനറിഞ്ഞാൽ,

കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ചെന്നെ
ഓട്ടത്തോണീല് വെച്ചൊഴുക്ക്യൂടല്ലോ

അതുകൊണ്ട് പൊന്ന് ഒരു പെട്ടി പോരാ.
ഇന്നുതന്നെ കുഞ്ഞിനെ പിടിച്ചു തന്നാൽ നാലു പെട്ടി പൊന്നു തരാമെന്ന് മരക്കാർ സമ്മതിച്ചു. അവർ തമ്മിൽ നടന്ന സംഭാഷണം കുഞ്ഞ് ഒളിഞ്ഞു നിന്നു കേൾക്കുന്നുണ്ടായിരുന്നു. തന്നെ മരക്കാർക്കു കൊടുക്കുമെന്നു ഭയന്ന കുട്ടി അന്നു തന്നെ അവിടുന്ന് ഒളിച്ചോടിപ്പോയി തച്ചോളി മാണിക്കത്തു വീട്ടിൽ അഭയം പ്രാപിക്കുന്നു. കുഞ്ഞിനെ കാണാതെ നാടു നീളെ അന്വേഷിച്ചു നടന്ന മരക്കാർക്ക് ഒടുവിൽ കുഞ്ഞ് ഒതേനൻ്റെ വീട്ടിലുണ്ടെന്നു മനസ്സിലായി. ഒതേനൻ മരക്കാരുടെ സുഹൃത്താണ്. മരക്കാർ മനസ്സിൽ കരുതി:

തച്ചോളി ഒതയനൻ കുഞ്ഞ്യൊതേനൻ
പണ്ടുപണ്ടുള്ള പെരിശം ഞാക്ക്
ഓനോടു തന്നെ പറഞ്ഞ്വൊണ്ടാല്
ഓനിന്നാക്കുഞ്ഞിനെത്തരുവെനിക്ക്

ഒരു പെട്ടി പൊന്നുമായി കാണാൻ ചെന്ന മരക്കാരോട് ഒതേനൻ സമ്മതിക്കയും ചെയ്തു:

പണ്ടുപണ്ടുള്ള പരിശോർത്തിട്ട്
ഇങ്ങക്കക്കുഞ്ഞിനെത്തരുവൻ ഞാനോ

പറഞ്ഞുറപ്പിച്ച ദിവസം കുഞ്ഞിനെ കൂട്ടാൻ പോയ മരക്കാർക്കു മുമ്പിൽ വേഷം മാറി ആഭരണമണിഞ്ഞെത്തിയത് ഒതേനൻ തന്നെയായിരുന്നു. ഒതേനൻ മരക്കാരെ കീഴ്പെടുത്തി, കുഞ്ഞനോ വേണ്ടൂ ഉയിരോ വേണ്ടൂ എന്നു ചോദിച്ചു.ഉയിരു മതി എന്നു പറഞ്ഞു പിൻമാറിയ മരക്കാരോട്,

ഉയിരിക്കൊതി നിനക്കുണ്ടെങ്കില്
നായരു മേജ്ജാതിപ്പെണ്ണുങ്ങളെ
മേലിത്തിരിഞ്ഞിഞ്ഞു നോക്ക്വല്ലാന്ന്
അള്ളാത്തിരുപ്പേരിലാണെടേണം

എന്ന് ഒതേനൻ പറഞ്ഞു. മരക്കാർ അപ്രകാരം ചെയ്തപ്പോൾ, തമ്മിൽ പഴയ പരിചയക്കാരാണ്, ഇതിൻ്റെ പേരിൽ മനസ്സിൽ പക സൂക്ഷിക്കില്ല എന്ന് രണ്ടു പേരും ധാരണയിലെത്തി പിരിയുകയും ചെയ്തു.

തമ്മിൽ പറഞ്ഞു ചിരിക്കുന്നോല്
കയ്യുമടിച്ചു പിരിഞ്ഞോണ്ടല്ലോ

എന്നാണ് പാട്ട് അവസാനിക്കുന്നത്. മരക്കാർക്ക് പെൺകുഞ്ഞിനോടു തോന്നുന്നത് കാമമോ പ്രേമം പോലുമോ ആണെന്നതിന് വ്യക്തമായ സൂചനകളൊന്നും ഈ ആഖ്യാനത്തിലില്ല. ഓമനത്തമെന്നോ കൗതുകമെന്നോ വിളിക്കാവുന്ന ഭാവമാണ് കവിതയിൽ പ്രകടമാകുന്നത്. തനിക്കാ കുഞ്ഞിനെ കൂട്ടിനു വേണം എന്നല്ലാതെ വിവാഹം ചെയ്ത് ഇണയാക്കണം എന്ന ചിന്ത മരക്കാർക്കുള്ളതായി പാട്ടിൽ പറയുന്നില്ല. കുഞ്ഞിനെ വേണമെങ്കിൽ പുടമുറി ചെയ്തു കൊണ്ടുപൊയ്ക്കോളൂ  എന്ന് ഉപാധി വയ്ക്കുന്നത് ഒതേനനാണ്. പെൺകുഞ്ഞിനാകട്ടെ മരക്കാരിൽ ആശങ്കയും ഭയവുമുണ്ട്. അതിനു കാരണം അയാൾ ജോനകനാണെന്നതാണ് എന്നു കൃത്യമായി പറയുന്നുമുണ്ട്. ജോനകനാണ് എന്ന അകലം ഉണ്ടാക്കുന്ന ഈ ഭയത്തിലും അയാൾക്ക് കവിതയിലുള്ള ഒറ്റപ്പെടലിലും ഇസ്ലാമോഫോബിയയുടെ വിത്ത് നമുക്കു കാണാനാവും. എന്നിരിക്കിലും മരക്കാരെ ഒരു സ്ത്രീലമ്പടനാക്കി ചിത്രീകരിക്കാൻ ഈ പാട്ടിന് കഴിഞ്ഞിട്ടില്ല.

കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ട് അതിനെ തനിക്കു വേണമെന്ന് കരുതി ആകർഷിക്കാൻ ശ്രമിച്ച് വിഡ്ഢിയായി മാറിയ ഈ മരക്കാർ മലയാളത്തിലെ സുപ്രസിദ്ധമായ ഒരു പിൽക്കാല കവിതയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ടോ? വാത്സല്യമോ കാമമോ എന്നറിയാത്ത ഒരു ഭാവം ആ കവിതയിലെ കഥാപാത്രത്തിലും നമുക്ക് വായിച്ചെടുക്കാൻ കഴിയും. അത്തരം നിരീക്ഷണങ്ങൾ പലതും എഴുതപ്പെട്ടിട്ടുമുണ്ട്. പള്ളിക്കൂടത്തിലേക്കു പോകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഉണ്ടായ വാത്സല്യം, കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ആഗ്രഹം, കുഞ്ഞിനെ കണ്ടെത്താനായുള്ള തിരച്ചിൽ എല്ലാം പാട്ടിലും കവിതയിലും ഉണ്ട്. ആ കഥാപാത്രത്തിൻ്റെ സാമൂഹ്യമായ ഒറ്റപ്പെടൽ പാട്ടിലും കവിതയിലും നമ്മുടെ ശ്രദ്ധ പിടിക്കുന്നുണ്ട്. കുണ്ടൂരിനും ശേഷം രചിക്കപ്പെട്ട സുപ്രസിദ്ധമായ ആ കവിതയിലെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന കഥാപാത്രത്തിൻ്റെ സൃഷ്ടിക്കു പിന്നിലും ഇസ്ലാമോ ഫോബിയ സൂക്ഷ്മരൂപത്തിൽ മറഞ്ഞിരിക്കുന്നുണ്ടാകുമോ എന്ന് ചിന്തിക്കാൻ വടക്കൻപാട്ടുമായുള്ള ഈ താരതമ്യം ഇട നൽകുന്നു. അഥവാ ഇരുപതാം നൂറ്റാണ്ടിലെ ആ വലിയ കവി മുസ്ലീം സമൂഹത്തോടിട കലർന്നു ജീവിച്ചു നേടിയ അനുഭവ പരിചയത്തിൻ്റെ ബലത്തിൽ ഇസ്ലാമോ ഫോബിയയെ മറികടന്നതിൻ്റെ കാവ്യസാക്ഷ്യമാകുമോ മലയാളിയുടെ മനം കവർന്ന ആ കവിത?

4

മുസ്ലീങ്ങൾ കാണപ്പെടാൻ തുടങ്ങിയ കാലത്തോളം, അഥവാ കേരള സമൂഹത്തിൽ അവർക്ക് ദൃശ്യത കൈവരുന്ന കാലം തൊട്ട് തുടങ്ങുന്നു മുസ്ലീം അപരവൽക്കരണത്തിൻ്റെ ചരിത്രം. അന്യമതത്തിൽ പെട്ടവരാണ്, ജോനകരാണ് എന്നതാണ് മുസ്ലീങ്ങളെ അപരവൽക്കരിക്കുന്നതിന് വടക്കൻപാട്ടിൽ പൊതുവേ പറഞ്ഞു കാണുന്ന കാരണം. അതുകൊണ്ടു തന്നെ അവർ നാട്ടാചാരങ്ങൾ പാലിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. എന്നല്ലാതെ, മുസ്ലീങ്ങളെ അപരവൽക്കരിക്കുന്ന പാട്ടുകൾ പോലും അവരെ ആഭാസന്മാരോ സ്ത്രീപീഡകരോ ആയി പൊതുവേ ചിത്രീകരിക്കുന്നില്ല. കുണ്ടൂരിൻ്റെ കവിതക്കടിസ്ഥാനമായ വടക്കൻപാട്ടിൽ മുസ്ലീം സമൂഹം പരാമർശ വിഷയമേയല്ല എന്നു കണ്ടല്ലോ. തച്ചോളി ഒതേനനും കുഞ്ഞാലിമരക്കാരും കൂട്ടിമുട്ടുന്ന, നേരത്തേ പരാമർശിച്ച പാട്ടിലാകട്ടെ ജോനകരെ ഏതെങ്കിലും തരത്തിൽ മോശക്കാരാണെന്നു വരുത്തുന്ന സൂചനകളില്ല. മരക്കാർ വിഷയലമ്പടനാണെന്നു വരുത്താൻ ആ പാട്ടിനു കഴിയുന്നില്ല. ഒതേനൻ എലത്തൂർ കോട്ട പിടിച്ച കഥ പറയുന്ന പാട്ടിൽ ഒതേനൻ്റെ സഹായിയായി കൂടെ നിൽക്കുന്നവരിലൊരാൾ കോട്ടക്കൽ കുഞ്ഞാലി മരക്കാരാണ്.

സുഹൃത്തുക്കളും സഹായികളും മധ്യസ്ഥരുമായി മുസ്ലീങ്ങൾ കടന്നു വരുന്ന പല പാട്ടുകളുണ്ട്. ഇക്കൂട്ടത്തിൽ കൗതുകകരമായ ഒന്നാണ് ചന്ദന മരച്ചോലയിൽ കുഞ്ഞനമ്മു കുളിക്കാൻ പോയ കഥ പറയുന്ന പാട്ട്. പുറം കുളത്തിൽ കുളിക്കാൻ പോകാൻ അമ്മു തൻ്റെ അമ്മയോട് അനുവാദം ചോദിച്ചപ്പോഴേ, നിന്നെ കാണുന്ന നായന്മാർ നിന്നെ അടിമ പിടിച്ചു കൊണ്ടുപോകും, പോകരുത് എന്ന് മാതുവമ്മ തടുക്കുന്നുണ്ട്. കുളിക്കാൻ പോയ കുഞ്ഞനമ്മുവിനെ കണ്ട് തച്ചോളി ചന്തുവിന് അനുരാഗം തോന്നുന്നു. പുടമുറിക്കൊരുങ്ങി രാത്രി അവളുടെ വീട്ടിലെത്തും എന്നു പറയുന്നു. എന്നാൽ അവൾ പേരും വീട്ടുപേരും മാറ്റിപ്പറഞ്ഞ് ചന്തുവിനെ കബളിപ്പിക്കുന്നു. അപമാനിതനായ ചന്തു വീട്ടിൽ വാതിലടച്ചു കിടപ്പായി. ഈ സന്ദർഭത്തിൽ ചന്തുവിനെ സഹായിക്കാൻ മധ്യസ്ഥരായി വരുന്നത് രണ്ടു മുസ്ലീം സ്ത്രീകളാണ്. വടകരപ്പീടികയിൽ ബീയാത്തുമ്മ, കായാമ്പൂ വീട്ടിൽ കദീശയുമ്മ എന്നീ ഉമ്മമാർ ചന്ദനമരച്ചോലയിൽ മാതുവമ്മയെ ചെന്നുകണ്ട് മധ്യസ്ഥം പറഞ്ഞ് മകളെ അനുനയിപ്പിച്ച് വിളിച്ചു കൊണ്ടുവരുന്നതാണ് ഈ പാട്ടിലെ കഥ. മുസ്ലീം സ്ത്രീകൾക്ക് സ്വാഭാവികമായി ഇടപെടാൻ കഴിയുന്നുണ്ട് ഈ പാട്ടിൽ.

ജോനകരുടെ അഹമ്മതി ശമിപ്പിക്കുന്നതു പ്രമേയമായ പാട്ടുകൾ പലതുമുണ്ട് എന്നതു ശരിയാണ്. എന്നാൽ ആ പാട്ടുകൾ പോലും ജോനകരെ ആത്മാഭിമാനമുള്ള ഒരു സമൂഹമായി എടുത്തുകാട്ടുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. ഉദാഹരണമായി ചിറക്കൽ മാപ്പിളമാരുമായുള്ള ഒതേനൻ്റെ പോരാട്ടം വർണ്ണിക്കുന്ന പാട്ടു നോക്കുക. ആ കാലമായപ്പോഴേക്കും മുസ്ലീം സമൂഹത്തിന് ഉത്തരകേരളത്തിലെ അങ്ങാടികളിൽ ലഭിച്ച ദൃശ്യതയല്ലാതെ മറ്റൊന്നുമല്ല ചിറക്കൽ തമ്പുരാനെ പ്രകോപിപ്പിക്കുന്നത്. ചിറക്കൽ തമ്പുരാൻ വാൾക്കാരും കുന്തക്കാരും അകമ്പടിക്കാരുമായി പോകുമ്പോൾ എല്ലാവരും ആദരപൂർവ്വം എഴുന്നേറ്റു നിൽക്കണമെന്നത് നാട്ടാചാരമായിരുന്നു. അന്നേരം ജോനകൻ്റെ പീടികക്കോലായിൽ കത്തു കളിച്ചിരിക്കുന്ന ജോനകർ ആ ആചാരം പാലിച്ചില്ല എന്നത് തമ്പുരാൻ്റെ ശ്രദ്ധയിൽപെട്ടു.

അങ്ങനെ ഓറങ്ങു പോകുന്നേരം
തമ്പുരാൻ കണ്ണാലെ കാണുന്നല്ലോ
രണ്ടോളം നല്ലൊരു ജോനകരും
പിന്നെയും ഓറൊരു കൂട്ടാളികൾ
ഓറങ്ങിരുന്നു കളിക്കുന്നല്ലോ
ജോനോൻ്റെ പീട്യേല് കോലായില്
ഓറങ്ങ് കത്ത് കളിക്കുന്നേരം
എതിരാലേ വന്നല്ലോ തമ്പുരാനും
ഓറൊരു വാൾക്കാറും കുന്തക്കാറും
പിന്നെ അകമ്പടിക്കാരാകുന്നു
ജോനൊറ് തമ്പുരാനെയും പിന്നെ
ഓറൊരകമ്പടിക്കാരെയാന്
കണ്ണാലെ കണ്ടോരു നേരത്തിങ്കൽ
നീട്ടിയ കാലു മടക്കുന്നില്ല
ഇരുന്നൊരു ദിക്കിന്നെണീക്കുന്നില്ല
ആചാരത്തും വയി നിക്കുന്നില്ല

ഇത് തമ്പുരാനെ ചൊടിപ്പിച്ചു. ആചാരം ചെയ്യാത്ത ജോനകരെ കെട്ടിവലിച്ചു കൊണ്ടുവരാൻ കാര്യക്കാരനോടു കല്പിച്ചു. ചിറക്കൽ ഒരു കോവിലകം ഉണ്ടെന്നും അവിടൊരു തമ്പുരാൻ ഉണ്ടെന്നും അവരറിയണം. അതിന് കാര്യസ്ഥൻ നൽകുന്ന മറുപടി മുസ്ലീങ്ങളുടെ വീക്ഷണത്തിൻ്റെ വ്യത്യാസം പ്രതിഫലിക്കുന്നതാണ് :

ഒന്നുണ്ടു കേക്കണം തമ്പുരാനെ
പണ്ടത്തെ ആചാരം ഒന്നും തന്നെ
ഇപ്പൊളുള്ളാളുകൾ ചെയ്യുന്നില്ല
ഓറോടു നമ്മള് ചോദിച്ചെങ്കിൽ
ഓറൊട്ടും നമ്മളെ വെക്കൂല്ലാലോ
ഓറോ പറയുന്ന വാക്കു കേട്ടാൽ
ഞമ്മളെ ഉത്തരം മുട്ടിപ്പോകും
എല്ലാറെയും പടച്ചത് തമ്പുരാനൊ
ഓറക്ക് വിത്യാസം ഇല്ലാലോളീ
ചാളക്കലും വെയിലറിക്കുന്നല്ലോ
കോലോത്തും വെയിലറിക്കുന്നല്ലോ
രണ്ടുമൊരുപോലറിക്കുന്നല്ലോ
പടച്ചോനോ വ്യത്യാസമൊന്നുമില്ല
കോലോത്തും ചാളേലുമൊരുപോല്യാണ്
മഴയുമേ തന്നെയത് പെയ്യുന്നില്ലേ
അങ്ങനെയുള്ള നിലക്കങ്ങാന്
എന്തിന് തമ്പുരാൻ പോകുന്നേരം
ഞാങ്ങള് തെറ്റീട്ട് നിൽക്കുന്നത്?

അതാണ് ചോദ്യം. ചിറക്കൽ തമ്പുരാൻ പോകുമ്പോൾ എഴുന്നേറ്റു നിൽക്കാത്തത് ഇസ്ലാം അത്തരം വ്യത്യാസങ്ങളെ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ് എന്ന് പാട്ടിൽ എടുത്തു പറയുന്നു. ഇസ്ലാമിൻ്റെ പ്രചാരത്തോടെ പുതിയൊരു ലോകബോധം നാട്ടാചാരങ്ങളെ കൂസാതെ ദൃശ്യമാവുകയാണിവിടെ. ഇവിടെ ഉദ്ധരിച്ച വരികൾ ജോനകർ നേരിട്ടു പറയുന്നതല്ല, അവരുടെ വീക്ഷണം ജോനകനല്ലാത്ത കാര്യസ്ഥൻ അവതരിപ്പിക്കുന്നതാണ് എന്നത് ശ്രദ്ധിക്കണം. അതായത് ജോനകരുടെ ഈ വീക്ഷണം ജോനകരല്ലാത്തവർക്കും വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഉൾനാടൻ അങ്ങാടികളിലെ ജോനകരുടെ ദൃശ്യത പുതിയൊരു ലോകബോധത്തിൻ്റെ കൂടി ദൃശ്യതയായാണ് പാട്ടിൽ അവതരിപ്പിക്കുന്നത്.

തമ്പുരാൻ കല്പിച്ചവണ്ണം കാര്യക്കാർ ജോനകരോടു ചെന്ന് മാപ്പു പറയാൻ ആവശ്യപ്പെട്ടു. അതിനവർ നൽകുന്ന മറുപടിയിൽ അഹങ്കാരമല്ല ആത്മാഭിമാനമാണ് മുന്തി നിൽക്കുന്നത്:

എന്താന് എന്താന് കാര്യക്കാരാ,
ഞങ്ങക്ക് ഞങ്ങളെ വീട്ടിലാന്
ഞങ്ങക്കിരുന്ന് കളിച്ചൂടാലോ!
കോലോത്തെ തമ്പാനോ പോകുന്നേരം
ഞങ്ങളൊരാചാരം ചെയ്യൂല്ലാലോ
ഞാക്കൊട്ടും കോലോത്തു പോണ്ടോലിപ്പം
ഞാളൊട്ടും തന്നെയത് പോകൂല്ലാലോ
ചിറക്കകോലാം വാണ തമ്പുരാന
തമ്പുരാന് ഞങ്ങളെയൊ കാണേണ്ടിക്കിൽ
തമ്പുരാനിങ്ങിവിടെ എഴുന്നള്ളണം
ഞാളൊട്ടും കോലോത്ത് പോകയില്ല.

ഞങ്ങളുടെ വീട്ടിലിരുന്ന് ഞങ്ങൾക്കു കത്തു കളിക്കാൻ പാടില്ലേ എന്ന സ്വാതന്ത്യ ബോധത്തോടെയുള്ള ചോദ്യമാണ് അവരുയർത്തിയത്. ഒടുവിൽ ജോനകരെ അമർച്ച ചെയ്യാൻ തമ്പുരാൻ ഒതേനനെ ഏല്പിക്കുന്നു. കൂലി പറഞ്ഞുറപ്പിച്ചുള്ള ഒരു ക്വട്ടേഷൻ ആയിരുന്നു അത്. നൂറ്റൊന്നു കണ്ടി പറമ്പും രണ്ടു കൈക്കും പൊൻവളയും പൊന്നും പണവുമാണ് തമ്പുരാൻ ഒതേനനു വാഗ്ദാനം ചെയ്ത പ്രതിഫലം. അത്രയും പോരാ ജോനകരോടേറ്റുമുട്ടി അഥവാ താൻ മരിച്ചുപോയാൽ കാവിലെ ചാത്തോത്തെ കുഞ്ഞിച്ചീരുവിനും തൻ്റെ ഏട്ടൻ കുറുപ്പിനും ചെലവിനു കൊടുക്കണം എന്നു കൂടി പറഞ്ഞുറപ്പിച്ചാണ് ഒതേനൻ ആ ക്വട്ടേഷൻ ഏറ്റെടുക്കുന്നത്. ഒടുവിൽ ഒതേനൻ ജോനകരെ തോൽപ്പിച്ച് തമ്പുരാനോടു മാപ്പു പറയിക്കുകയും ചെയ്യുന്നു.

ഇന്നു വായിക്കുമ്പോൾ ഈ പാട്ടിൽ അങ്ങാടികളിലെ ജോനകരുടെ ദൃശ്യത, അവർ മുന്നോട്ടു വക്കുന്ന ലോകബോധത്തിൻ്റെ വ്യത്യാസം, അതിൻ്റെ ഫലമായുണ്ടായ നാട്ടാചാര ലംഘനം, അതിൽ അധികാരസ്ഥാനത്തുള്ളവർക്കുള്ള അസ്വസ്ഥത എന്നിവക്ക് പാട്ടിൽ നൽകിയിട്ടുള്ള ഊന്നൽ ശ്രദ്ധിക്കാതിരിക്കാനാവില്ല. ജോനകരുടെ മറ്റെന്തെങ്കിലും പെരുമാറ്റദൂഷ്യം അവർക്കുമേൽ ഒതേനൻ്റെ വിജയം പാടുന്ന ഈ പാട്ടിൽ പോലും സൂചിപ്പിച്ചിട്ടില്ല.

മറ്റൊരു പാട്ട് പരിശോധിക്കാം.കോലത്തിരി രാജീലെ കുഞ്ഞിക്കണ്ണൻ എന്ന പാട്ട്. അതിൻ്റെ തുടക്കത്തിൽ, കോലഞ്ചെറക്കലെ തമ്പുരാൻ അള്ളടം നാടു പിടിക്കാൻ സഹായിക്കണമെന്ന സന്ദേശ ഓല തച്ചോളി ഒതേനന് ആരുടെ കയ്യിൽ കൊടുത്തയക്കണമെന്ന് ആലോചിക്കുന്ന സന്ദർഭമുണ്ട്. ഓല കൊടുത്തയക്കാൻ ചോനോന്(ജോനകന്) ഉള്ള അയോഗ്യത അയാളുടെ വിശ്വാസം മാത്രമാണ് എന്ന് അവിടെ പറയുന്നുണ്ട്. നായരുടെ കയ്യിൽ കൊടുത്തയച്ചാൽ അവൻ കള്ളുപൊര നോക്കി കയറും. പട്ടരുടെ കയ്യിൽ കൊടുത്തയച്ചാൽ ഊട്ടു മoത്തിൽ കയറി നേരം കളയും. ചോനോൻ്റെ കയ്യിൽ കൊടുത്തയച്ചാൽ അവൻ ഓരോ മുക്കിലേക്കും തിരിഞ്ഞ് നിസ്കാരം തുടങ്ങും.

നായിമ്മാറേലോല കൊടുത്തൂട്ടാല്
കള്ളുപൊര നോക്കി കയറിക്കൊള്ളും
പട്ടൻ്റേലോല കൊടുത്തൂട്ടാല്
ഊട്ടുമഠം നോക്കി കാരിക്കൊള്ളും
ചോനോൻ്റേലോല കൊടുത്തൂട്ടാല്
മുക്കണ്ണി നിക്കാരം ചോന്നോര്ക്ക്

വേണമെങ്കിൽ ദുഷിപ്പു പറയാൻ വകയുണ്ടായിരുന്ന (നായരെക്കുറിച്ചും പട്ടരെക്കുറിച്ചും ജാത്യാചാരത്തിനു പുറത്തുള്ള ദുഷിപ്പാണല്ലോ പറഞ്ഞിട്ടുള്ളത്) ഈ സന്ദർഭത്തിൽ പോലും വിശ്വാസം ഉണ്ടാക്കുന്ന വ്യത്യാസം മാത്രമേ  ജോനകനെ സംബന്ധിച്ചു സൂചിപ്പിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഒടുവിൽ തമ്പുരാൻ ഓല കൊടുത്തയക്കാൻ തെരഞ്ഞെടുത്ത് ആരെയാവും? അതു പട്ടരെത്തന്നെ. "എന്നാലും നല്ലതു പട്ടർ തന്നെ" എന്നല്ലാതെ മറ്റു കാരണമൊന്നുമില്ല.

അങ്ങാടികളിലെ മുസ്ലീം സമൂഹത്തിൻ്റെ ദൃശ്യത അമുസ്ലീങ്ങൾക്കിടയിലുണ്ടാക്കുന്ന അസ്വസ്ഥത നേരിട്ടു പ്രതിപാദിക്കുന്ന ഒരു പാട്ടിനെക്കുറിച്ചു കൂടി പരാമർശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. കോട്ടയം രാജാവും കൊയിലോം പണിയും എന്ന പാട്ടിൽ കുറ്റ്യാടി നാടാണ് പശ്ചാത്തലം. അവിടത്തെ രണ്ട് പ്രമുഖവ്യക്തികളായ കൂടക്കടവത്ത് നാളോനെമ്മനും പാറക്കടവത്ത് കുഞ്ഞല്ലോനും ചേർന്ന് കോട്ടയത്തുതമ്പുരാനു മുന്നിൽ ഒരപേക്ഷ വയ്ക്കുകയാണ്. പള്ളിയിലെ വാങ്ക് വിളി കേട്ടിട്ടും ഇറച്ചി പൊരിച്ച മണം കേട്ടിട്ടും തങ്ങൾക്ക് കുറ്റ്യാടി നാട്ടിൽ പാർക്കാനാവുന്നില്ല. കോട്ടയത്തുതമ്പുരാൻ കുറ്റ്യാടി നാട്ടിലേക്ക് എഴുന്നള്ളിയാൽ ജോനകനും അവൻ്റെ പൊന്നും ഒന്നമരും

പള്ളീലെ വാങ്ക് വിളി കേട്ടിട്ടും
ഇറച്ചി പൊരിച്ച മണം കേട്ടിറ്റും
കുറ്റ്യാടി നാട്ടിലും പാറത്തൂട
കോട്ടയകം വാണ തമ്പുരാനും
കുറ്റ്യാടി നാട്ടിലെഴുന്നള്ള്യേങ്കിൽ
ചോനോനും പൊന്നുമൊന്നമരുവേനും

അവർ തങ്ങളുടെ അധികാരം അംഗീകരിക്കുന്നില്ല എന്നു പോലുമല്ല പരാതി. മറിച്ച് വാങ്കു വിളിയും ഇറച്ചി പൊരിച്ച മണവും സഹിക്കുന്നില്ല എന്നതാണ്. ജോനകൻ്റെ കയ്യിലെ പൊന്നിൻ്റെ തിളക്കം ആ അസ്വസ്ഥത ഇരട്ടിപ്പിക്കുന്നു. ഏതായാലും അവരുടെ അപേക്ഷ കേട്ട് കോട്ടയത്തുതമ്പുരാൻ കുറ്റ്യാടി നാട്ടിലെത്തി. തളിയിൽ കൊയിലോത്താണ് താമസ സൗകര്യം. എഴുന്നള്ളത്ത് തളിയിക്കരയങ്ങാടിയിലെത്തിയപ്പോൾ അവിടത്തെ ജോനകർ ചോദ്യമുയർത്തി:

എവിടുന്നു വന്നതിക്കാട്ടുപട്ടൻ?
എന്തിന്നു വന്നതിക്കാട്ടുപട്ടൻ?
അവനെന്തിക്കുറ്റ്യാടീ ജന്മമുണ്ടോ?
അവനെന്തിക്കുറ്റ്യാടീ കാണമുണ്ടോ?
പാലേരി നായരെ ജമ്മേല്ലൂട
പാലേരി നായരെ കാണമല്ലും

കോട്ടയത്തു തമ്പുരാന് കുറ്റ്യാടി നാട്ടിലെന്തു കാര്യം എന്നാണു ചോദ്യം. തങ്ങളുടെ ജന്മവും കാണവും അടങ്ങിയിട്ടുള്ള പാലേരി നായരെ അവർ മാനിക്കുന്നുണ്ട് എന്ന് പാട്ടിൽ വ്യക്തം. ആരെയും കൂസാത്ത ധിക്കാരികളല്ല അവർ. തങ്ങൾക്കു നേരിട്ടു ഭൂവുടമാ ബന്ധമേതുമില്ലാത്ത കോട്ടയത്തു തമ്പുരാനെ മാനിക്കേണ്ട കാര്യം അവർക്കില്ലല്ലോ.

കോട്ടയം തമ്പുരാൻ കുറ്റ്യാടി നാട്ടിൽ കോവിലകം പണിയാൻ തന്നെ തീരുമാനിച്ചു. താമരശ്ശേരി പുതിയോട്ടിൽ പറമ്പാണ് അതിനു കണ്ടെത്തിയത്. കോവിലകം പണിക്കുള്ള മുഹൂർത്തത്തെങ്ങു മുറിക്കാൻ തീരുമാനിച്ചത് കുനിയിൽ തറുവയി ജോനകൻ്റെ പറമ്പിൽ നിന്നാണ്. അതിനായി വന്നവരെ ജോനകൻ്റെ ഉമ്മ സ്വീകരിച്ചിരുത്തുന്നുണ്ട്:

കുനിയിൽ തറുവയി ചേനോൻ്റ്യുമ്മ
നാക്കാലീം പീഠം കൊടുത്തിരുത്തി
വെറ്റില മുറുക്കാൻ കൊടുക്കുന്നല്ലോ

വെള്ളിയാഴ്ച്ചയാകയാൽ പള്ളിക്കു പോയതാണ് മകൻ. മകൻ വരുന്നതുവരെ കാക്കാതെ തെങ്ങുമുറിച്ച് മടങ്ങുകയാണ് തമ്പുരാൻ്റെ ആളുകൾ. പള്ളിയിൽ പോയ മകൻ വന്നപ്പോൾ ഉമ്മ കാര്യങ്ങൾ ധരിപ്പിച്ചു. കോവിലകം പണിതു താമസിക്കാൻ പോകുന്ന തമ്പുരാനെ കണ്ട് സൗഹൃദം സ്ഥാപിക്കാനാണ് അയാൾ അങ്ങാടിയിലെ സ്വമതക്കാരോടു പറയുന്നത്. അങ്ങാടിയിൽ വച്ച് നേരത്തേ തമ്പുരാനെ ചോദ്യം ചെയ്തതിനു പരിഹാരമായിട്ടാണിത്. അതിനായി ചെന്ന ജോനകരെ തമ്പുരാൻ കെട്ടിയിട്ടു മർദ്ദിച്ചു മാപ്പു പറയിക്കുകയാണ്. ജോനകരുടെ ദൃശ്യത ഹിന്ദു മേൽജാതിക്കാരിൽ ഉണ്ടാക്കിയ അസ്വസ്ഥത നേരിട്ടു പ്രതിപാദിക്കുന്ന ഈ പാട്ടിൽ പോലും അവരെ ദുരാരോപണങ്ങൾക്കു വിധേയരാക്കുന്നില്ല എന്നത് വളരെ പ്രധാനമാണ്.

മിക്കവാറും പാട്ടുകളിൽ ഇതാണ് കാണുന്നത് എന്നേ ഈ പറഞ്ഞതിനർത്ഥമുള്ളൂ. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നവരായി ജോനകരെ ചിത്രീകരിക്കുന്ന പാട്ടുകൾ തീരെ ഇല്ലെന്നല്ല ഇതിനർത്ഥം. ഉണ്ണിയാർച്ച കൂത്തു കാണാൻ പോയ കഥ പറയുന്ന പാട്ട് ഏറെ പ്രസിദ്ധമായ ഒരു അപവാദ ഉദാഹരണവുമാണ്. ഇത്ര സുന്ദരികളായ സ്ത്രീകൾ ഞങ്ങളുടെ മൂപ്പന് അവകാശപ്പെട്ടതാണ് എന്നു പറഞ്ഞ് അങ്ങാടിയിലെ ജോനകർ ഉണ്ണിയാർച്ചയെ കയ്യേറാൻ വരുന്നുണ്ട് ആ പാട്ടിൽ. എന്നാൽ അവളുടെ ആയോധന പാടവത്തിനും അവളുടെ സഹോദരനായ ആരോമൽച്ചേകവരെ ഓർത്തുള്ള പേടിക്കും മുന്നിൽ ജോനകർക്കു കീഴടങ്ങേണ്ടി വരുന്നു. ഇസ്ലാമോഫോബിയക്ക് കേവലദൃശ്യതക്കപ്പുറത്തേക്കുള്ള മാനം ലഭിക്കുന്ന അപൂർവം പാട്ടുകളിലൊന്നാണ് ഇത്.

കേരളത്തിലെ മുസ്ലീം അപരവൽക്കരണത്തിൻ്റെ വേരുകൾ കിടക്കുന്നത് 16,17,18 നൂറ്റാണ്ടുകളിൽ നമ്മുടെ ഉൾനാടൻ അങ്ങാടികളിൽ ജോനകർക്കുണ്ടായ ഭൗതികമായ ദൃശ്യതയിലും പുതിയൊരു ലോകബോധത്തിൻ്റെ ദൃശ്യതയിലും അതിൻ്റെ ഫലമായുണ്ടായ ചലനാത്മകതയിലുമാണെന്ന് ഇവിടെ ചർച്ച ചെയ്ത വടക്കൻപാട്ടുകളിൽ നിന്നു മനസ്സിലാക്കാം. ഈ ദൃശ്യതയും ചലനാത്മകതയും യാഥാസ്ഥിതിക കേരള സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതയുടെ പേരാണ് ഇസ്ലാമോഫോബിയ. എന്നാൽ വടക്കൻപാട്ടിലെ മുസ്ലീം അപരവൽക്കരണ ഉള്ളടക്കങ്ങളിൽ മിക്കവാറും തന്നെ അവരെ ഏതെങ്കിലും തരത്തിൽ തേജോവധം ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറിച്ച് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കുണ്ടൂർ കോമപ്പനെഴുതിയ സന്ദർഭത്തിലെത്തുമ്പോൾ അത് ധ്രുവീകരണത്തിൻ്റെ പുതിയൊരദ്ധ്യായത്തിലേക്ക് പ്രവേശിക്കുകയായി. വടക്കൻപാട്ടുകൾക്കും കുണ്ടൂരിൻ്റെ കോമപ്പനുമിടയിലുള്ള കാലത്ത് കേരള സമൂഹത്തിൽ എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ബ്രിട്ടീഷ് ഭരണവും ഭൂനിയമമുൾപ്പെടെയുള്ള നിയമങ്ങളും പിടി മുറുക്കിയതും ജന്മിമാരും കുടിയാന്മാരും തമ്മിലുള്ള ബന്ധങ്ങൾ സങ്കീർണ്ണമായതുമാണ് ഒരു പ്രധാന കാര്യം. മുസ്ലീങ്ങളോടുള്ള ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെ മനോഭാവം ഉയർന്ന ജാതിക്കാരും സാമൂഹ്യ പദവിയുള്ളവരുമായ നമ്മുടെ കവികളെ സ്വാധീനിച്ചിരിക്കാനും സാധ്യതയുണ്ട്. തഹസീൽദാർ പദവിയുൾപ്പെടെ ഉയർന്ന ഔദ്യോഗിക പദവികളിലിരുന്നയാളാണ് കുണ്ടൂർ നാരായണ മേനോൻ. വടക്കൻപാട്ടുകാലത്തിനും ഇരുപതാം നൂറ്റാണ്ടിനുമിടയിലെ കൊളോണിയൽ വിടവിൽ വെച്ച് ഇസ്ലാമോഫോബിയക്ക് പുതിയ കാരണങ്ങൾ ബോധപൂർവം നിർമ്മിക്കപ്പെട്ടു തുടങ്ങുകയായി. ഈ ചരിത്രസന്ധി തൊട്ടാണ് നമ്മുടെ കാവ്യങ്ങളിൽ ചരിത്രം വളച്ചൊടിക്കപ്പെട്ടു തുടങ്ങുന്നത്, കോമപ്പനിലെപ്പോലെ.








*സാമൂഹ്യദൃശ്യതയും ഇസ്ലാമോ ഫോബിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇവിടെ നൽകിയ ആശയങ്ങൾക്ക് സുഹൃത്ത് വി. മുസഫർ അഹമ്മദിനോട് കടപ്പാട്. മുസഫർ അഹമ്മദുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് തെളിയിച്ചെടുത്തതാണ് അവ. 

No comments:

Post a Comment