മാന്തളിന്ന് ഒറ്റക്കണ്ണല്ലേയുള്ളൂ?
മലയാളകവിതയുടെ സമീപഭൂതകാലചരിത്രത്തിൽ ഏറ്റവും ചലനാത്മകമായ കാലമാണ് 1940 മുതൽ 1960 വരെയുള്ള വർഷങ്ങൾ. ഒട്ടേറെ വിഭിന്നശാഖകൾ ഒരുപോലെ സജീവമായിരുന്ന സവിശേഷസന്ദർഭമാണ് അത്. വള്ളത്തോളും ഉള്ളൂരും അവരുടെ സർഗ്ഗജീവിതത്തിന്റെ സായാഹ്നകാന്തിയിൽ. കവിതയുടെ അടങ്ങാത്ത തിരയിളക്കം സൃഷ്‌ടിച്ച് ചങ്ങമ്പുഴ ആളിപ്പടർന്ന കാലം. ജി.ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വൈലോപ്പിള്ളി, പി.കുഞ്ഞിരാമൻനായർ, ഇടശ്ശേരി, എൻ.വി.കൃഷ്‌ണവാരിയർ തുടങ്ങിയവർ സ്വന്തം വഴി വെട്ടിത്തുറന്ന കാലം. അക്കിത്തം, ഒളപ്പമണ്ണ, ജി.കു മാരപ്പിള്ള, സുഗതകുമാരി, ഒ.എൻ.വി., പി.ഭാസ്‌കരൻ തുടങ്ങിയ യുവകവികൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാടിത്തെളിഞ്ഞ ശീലുകൾ വിട്ട്, പുതിയ കാലത്തിൻ്റെ സങ്കീർണ്ണതകൾ എഴുതാൻ പുതു ഭാഷയുമായി മാധവൻ അയ്യപ്പത്ത്, അയ്യപ്പപ്പണിക്കർ, എൻ.എൻ. കക്കാട്, വിഷ്ണുനാരായണൻ നമ്പൂതിരി, ആർ.രാമചന്ദ്രൻ, ആറ്റൂർ രവിവർമ്മ തുടങ്ങി യുവകവികളുടെ ഒരു നിര എഴുതിത്തുടങ്ങിയിട്ടുമുണ്ട്. കാവ്യഭാഷയിൽ ഗദ്യത്തിൻ്റെ സാധ്യതകൾ വി.വി. കെ.വാലത്തിനെപ്പോലുള്ള കവികൾ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ തീർത്തും ചലനാത്മകമായ ഒരു കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവകവിയായി അംഗീകരിക്കപ്പെട്ട എഴു ത്തുകാരനാണ് കെ.സി.ഫ്രാൻസിസ്. എന്നാൽ എഴുത്തിൽ തിളങ്ങിവന്ന കാലത്ത് അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായിത്തീരുകയും ചെയ്തു. കവിതയുടെ പേരിൽ ഉയർന്ന വിവാദങ്ങളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. മതതീവ്രവാദത്തിന് ഇരയായ ആദ്യത്തെ മലയാളകവിയാണ് കെ.സി.ഫ്രാൻസിസ്. ഐക്യകേരളം രൂപംകൊണ്ട കാലത്തെ സന്ദിഗ്ദ്ധതകളും ഉൽകണ്ഠകളും ആവിഷ്കരിച്ച ഈ കവി അച്ചടിമാധ്യമങ്ങളിൽനിന്നും പിൻമാറിയതോടെ അവഗണനയുടെ ഇരുട്ടിൽ പൊലിഞ്ഞുപോവുകയും ചെയ്തു. കവിതകൊണ്ടു മുറിവേറ്റ മനുഷ്യനായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹത്തിൻ്റെ പഴയ കവിതകൾ തിരഞ്ഞുവായിച്ചുവന്ന ഒരു വായനക്കാരനാണ് ഞാൻ. ഇക്കാലത്തിനിടെ 'നിയമലംഘനം, 'മാഞ്ഞ ഗാനം' തുടങ്ങി 1950-കളിൽ എഴുതപ്പെട്ട ഫ്രാൻസിസ് കവിതകൾ പല വേദികളിൽ ചൊല്ലിയപ്പോൾ അവയ്ക്കു കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. എഴുതപ്പെട്ട് അരനൂറ്റാണ്ടുകഴിഞ്ഞിട്ടും അവ ജീവത്തായി നിൽക്കുന്നു. കരുത്തുറ്റ വ്യത്യസ്‌തമായ കവിതകളെഴുതിയിട്ടും ഈ കവിയെ മലയാളം മറന്നു. 1950-കളിൽ നമ്മുടെ സാഹിത്യപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഈ യുവകവി. പിന്നീട് അജ്ഞാതമായ കാരണങ്ങളാൽ മുഖ്യധാരാപ്രസിദ്ധീകരണങ്ങളിൽ ഫ്രാൻസിസിൻ്റെ കവിതകൾ വരാതായി. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാത്തവന് രക്ഷയില്ല എന്നത് ഇന്നിൻ്റെ മാത്രം പ്രത്യേകതയല്ല. മലയാളകവിതയുടെ ഇന്നലെകളിലും വിഗ്രഹങ്ങൾ സൃഷ്‌ടിക്കുന്നതിലും തച്ചുടക്കുന്നതിലും മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഇങ്ങനെ, ഐക്യ കേരളം രൂപംകൊണ്ട കാലത്ത് നമ്മുടെ സാഹിത്യമാധ്യമങ്ങളിലൂടെ പ്രസിദ്ധനാവുകയും അധികം വൈകാതെ അതേ മാധ്യമങ്ങളാൽ വലിച്ചെറിയപ്പെടുകയും ചെയ്‌ത കവിയാണ് കെ.സി. ഫ്രാൻസിസ്. കവി മാധ്യമങ്ങളിൽ തുടർന്നു നിൽക്കാതായാൽ റദ്ദായിപ്പോകുമോ എഴുതപ്പെട്ട കവിതകൾ?
അജ്ഞാതമായിരിക്കേണ്ടതോ തിരസ്ക്കരിക്കപ്പെടേണ്ടതോ അല്ല കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ. ഐക്യകേരളം രൂപം കൊണ്ട കാലത്തിൻ്റെ ഉൽകണ്‌ഠകളുടെ കവിയാണ് അദ്ദേഹം. 1957-ൽ പ്രസിദ്ധീകരിച്ച 'നിയമലംഘനം' എന്ന കവിത ഉദാഹരണമായെടുക്കാം. ശില്പഭദ്രത തികഞ്ഞ ആഖ്യാനകവിതയാണത്.നവോത്ഥാനപ്രവർത്തനങ്ങളെത്തുടർന്നു കേരളത്തിലുരുത്തിരിഞ്ഞ ജാത്യാതീതവും മതാതീതവുമായ വിദ്യാലയാന്തരീക്ഷമാണ് കവിതയുടെ പശ്ചാത്തലം. സവർണ്ണസമുദായാംഗമായ മാലതിട്ടീച്ചർ വിദ്യാർത്ഥിയായ മൂസക്കുട്ടിയെ ക്ലാസിൽനിന്നു പുറത്താക്കുന്നതാണു സന്ദർഭം. മൂസക്കുട്ടി അന്നും ക്ലാസിൽ വന്നതു കുളിക്കാതെയാണ്. ടീച്ചർക്ക് അതു സഹിക്കാൻ വയ്യ.
ഞാനനുവദിക്കുകില്ലേതു ജാതിയും നിത്യ-
സ്നാനമാം മലനാട്ടിൻ നിയമം ലംഘിക്കുവാൻ
ടീച്ചർ കലിതുള്ളിനിന്നപ്പോൾ മൂസക്കുട്ടിക്കു ചിരിവന്നു. ടീച്ചർ പഠിപ്പിച്ച ചരിത്രപാഠത്തിലെ അമ്മച്ചിപ്ലാവ് ക്ലാസിൽ വന്നു നിൽക്കുന്നതുപോലെയാണ് അവനു തോന്നിയത്. കോപം ഒന്നടങ്ങിയപ്പോൾ 'ഊർന്നു വീണൊരു കൈതപ്പൂവിതൾ വീണ്ടും തന്റെ വാർമുടിക്കെട്ടിൽ തിരുകിക്കൊണ്ട്' ടീച്ചർ ഉപദേശം തുടങ്ങി. ദിവസവും കുളിക്കണമെന്നത് മലനാട്ടിൽ ഏതു ജാതിക്കും ബാധകമായ നിയമമാണ്. ഈയൊറ്റപ്പതിവത്രേ നമ്മെയെല്ലാം കേരളീയരാക്കുന്നത്. കുളിച്ചിട്ടുവന്നാൽ മതി എന്നുപറഞ്ഞ് ടീച്ചർ മൂസക്കുട്ടിയെ ക്ലാസ്സിൽനിന്നു പുറത്താക്കി. പുസ്‌തകമെടുത്തു പുറത്തിറങ്ങി ഒറ്റയോട്ടം വച്ചുകൊടുത്ത മൂസക്കുട്ടി കാലുതെറ്റി മൂക്കുകുത്തി പാതവക്കത്തെ കാനയിൽ വീഴുകയാണ്. മേലാസകലം ചെളിപുരണ്ട് 'ഉലകിൻ പിതാവാദം നിന്നപോലെ' എണീ റ്റുനിന്ന് ആരും കണ്ടില്ലെന്നുറപ്പുവരുത്തി പുല്ലിൽ കൈതട്ടി പുസ്‌തകമെടുത്ത് മൂസക്കുട്ടി പതുങ്ങിപ്പതുങ്ങിച്ചെന്നത് നഗരമധ്യത്തിലെ വടക്കെച്ചിറയിൽ. അപ്പോൾ,
വടക്കേച്ചിറയുടെ വൻമതിൽക്കെട്ടിൽ തൂങ്ങി-ക്കിടപ്പുണ്ടൊരുജ്വലധീരമാം വിജ്ഞാപനം പഴകിപ്പൊളിഞ്ഞൊരാപ്പാവനനിയമം തൻ മിഴിയാലൊരാവൃത്തി മൗനമായ് വായിച്ചപ്പോൾ ചിരിക്കാതിരിക്കുവാനായില്ല മൂസക്കുട്ടി-
ക്കൊരു പമ്പരവിഡ്ഢിയാണവൻ പണ്ടേത്തന്നെ. 'കുളിക്കാനവകാശമില്ലിതിൽ പശുക്കൾക്കും പകർച്ചവ്യാധിക്കാർക്കും ഹിന്ദുക്കളല്ലാത്തോർക്കും...
ജനകീയ ഭരണാധിപത്യരാജ്യമായിട്ടും തുടരുന്ന സമൂഹത്തിലെ വരേണ്യതയ്ക്കുമേലാണ് മൂസക്കുട്ടിയുടെ ചിരി ചെന്നുകൊള്ളുന്നത്. മാതൃകാപരമെന്നു നാം വിശേഷിപ്പിച്ചുപോരാറുള്ള നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തെ വരേണ്യവൽക്കരണത്തെ ഇവ്വിധം തുറന്നുകാണിക്കുന്ന മറ്റൊരു കവിത മലയാളത്തിലില്ല. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് വന്ന സമയത്താണ് (1957 ജൂലൈ 13) വിദ്യാഭ്യാസരംഗത്തെ വരേണ്യത തുറന്നുകാട്ടുന്ന ഈ കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു ഭാഗത്ത് സൂക്ഷ്‌മതലത്തിൽ വരേണ്യവൽക്കരണം നടക്കു മ്പോൾത്തന്നെ മറുഭാഗത്ത് പ്രാകൃതമായ ജാതിചിന്ത വിലങ്ങടിച്ചുനിൽക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ കവിതയിൽ കാണാം. കുളിച്ചില്ലെന്നാരോപിച്ച് മൂസക്കുട്ടിയെ ക്ലാസിൽ നിന്നു പുറത്താക്കിയ മാലതിട്ടീച്ചറുടെ പ്രവൃത്തിയിലും ശരീരഭാഷയിലുമുള്ള വരേണ്യ ജാതിബോധം കവി തുറന്നുകാട്ടുന്നുണ്ട്:
അമ്മുറിക്കുള്ളിൽ പെണ്ണി -
ന്നാടയും ചുറ്റിക്കൊണ്ടൊ-
രമ്മച്ചിപ്ലാവങ്ങനെ
വന്നു നിൽപ്പതായ് തോന്നി
(വീറോടീ പ്ലാവിൽ ചാടി -
ക്കേറിയിട്ടല്ലോ പണ്ടു
വീരമാർത്താണ്ഡൻ സ്വന്തം
ജീവനെസ്സംരക്ഷിച്ചു!)
മാലതിട്ടീച്ചർ വീര-
പുളകം കൊണ്ടിക്കഥ -
യാലപിച്ചിടാറുള്ള -
തോർമ്മയിലുദിക്കവേ,
ചിരിക്കാതിരിക്കുവാ-
നായില്ല മൂസക്കുട്ടി -
ക്കൊരു പമ്പരവിഡ്ഢി -
യാണവൻ പണ്ടേത്തന്നെ!
കെ.സി. ഫ്രാൻസിസിൻ്റെ ഈ കവിതയും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും വന്ന് അരനൂറ്റാണ്ടിലേറെയായിട്ടും ഇന്നും ടീച്ചറുടെ വീരപുളകത്തിന് മാറ്റം വന്നിട്ടുണ്ടോ എന്നു സംശയമാണ്. വിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന വരേണ്യതയെ ആദ്യം ചൂണ്ടിക്കാട്ടിയ കവിതകളിലൊന്നാണ് നിയമലംഘനം.
ജാതിചിന്തയ്ക്കെതിരായ ഒട്ടേറെ സമരങ്ങൾക്കും വിപ്ലവകരമായ പരിഷ്കാരങ്ങൾക്കുംശേഷം നാട് സ്വാതന്ത്ര്യം കൈവരിച്ച ഘട്ടത്തിലാണ് ഈ കവിതയുടെ പിറവി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ സവർണ്ണഹൈന്ദവധാരകൾക്കു പ്രാമുഖ്യമുള്ള മലയാളകാവ്യപാരമ്പര്യത്തിൽനിന്നു ഭിന്നമായി 'ഹിന്ദുക്കളല്ലാത്ത'വരുടെ ശബ്ദം നാം കേൾക്കുകയാണിവിടെ. ഹിന്ദുക്കളല്ലാത്തവരെയും പകർച്ചവ്യാധിക്കാരേയും ഒന്നിച്ചുനിർത്തുന്ന സവർണ്ണവരേണ്യതയെ കവി തുറന്നുകാണിക്കുന്നു. പശുക്കളെയും ഹിന്ദുക്കളല്ലാത്തവരെയും ഒറ്റഗണമാക്കിയതും ഇന്ന് സവിശേഷശ്രദ്ധ ആകർഷിക്കുന്നുണ്ട്. പശു-ഹിന്ദു സമവാക്യം പുതുകാലഭീകരതയുടെ സൃഷ്‌ടിയാണെന്ന് ഈ കവിത സാക്ഷ്യം പറയുന്നു.
ഏറ്റവും സൂക്ഷ്‌മസംവേദനക്ഷമതയുള്ള പൊതു ഇടമായി കാവ്യകല മാറിയതിൻ്റെ ചരിത്രത്തിൽ തനതായ സ്ഥാനമുറപ്പി ക്കാൻ പോന്ന കവിയാണ് കെ.സി.ഫ്രാൻസിസ്. 19-ാംനൂറ്റാണ്ടോടുവുതൊട്ടേ ക്രൈസ്‌തവമായ പ്രമേയങ്ങൾ മലയാളകവിതയുടെ ഭാഗമായിട്ടുണ്ടെങ്കിലും കേരളീയ ക്രൈസ്‌തവജീവിതാന്തരീക്ഷം നാടകത്തിലും നോവലിലും കഥയിലുമൊക്കെ ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടതിനുശേഷമാണ് നമ്മുടെ കവിതയിൽ ഇടം പിടിക്കുന്നത്. സിസ്റ്റർ മേരി ബനീഞ്ജയുടെ 'ആത്മാരാമ'ത്തിൽ പോലും ആത്മീയവിചാരങ്ങൾക്കുള്ള പ്രാധാന്യം പരിസരചിത്രീ കരണത്തിനില്ല. കേരളീയ ക്രൈസ്‌തവജീവിതാന്തരീക്ഷത്തിൽനിന്നുള്ള നിത്യജീവിതാനുഭവ ആഖ്യാനം നാമാദ്യം തിരിച്ചറിയുന്ന കവിത കെ.സി.ഫ്രാൻസിസിൻ്റേതാണ്. 1956-ൽ പ്രസിദ്ധീകരിച്ച 'മാഞ്ഞ ഗാനം' അത്തരം കവിതകളുടെ പ്രാതിനിധ്യമുള്ള ഒന്നാണ്.
അച്ചൻ വന്നു, കുടയും കുരിശും
റിക്ഷാവണ്ടിയും മുറ്റത്തണഞ്ഞു
ഭ്രാന്തദുഃഖമിഴഞ്ഞിഴഞ്ഞെത്തും
ബാൻ്റു മേളം തുടങ്ങിക്കഴിഞ്ഞു
എന്ന മട്ടിലുള്ള ആഖ്യാനമാണാക്കവിതയിൽ. അനുഭവങ്ങളിലടങ്ങിയ സങ്കീർണ്ണതയ്ക്കുമേലാണ് ഈ കവിയുടെ നോട്ടമെത്തുക. വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തിനും അര നൂറ്റാണ്ടു കഴിഞ്ഞ് റഫീക്ക് അഹമ്മദിന്റെ 'തോരാമഴ'ക്കുമിടയിൽ പിറന്ന ഈ കവിത ആ രണ്ടു കവിതകളിൽനിന്നും വ്യത്യസ്‌തമായി ഒരു കൊച്ചുകുട്ടിയുടെ മരണമേല്പിച്ച വേദനയുടെ ആവിഷ്ക്കാരമായിരിക്കെത്തന്നെ വൈയക്തികതയും സാമൂഹികതയും തമ്മിലെ സംഘർഷത്തിന്റെകൂടി ആവിഷ്ക്കാരമാകുന്നുണ്ട്. ഐക്യകേരളപ്പിറവിയുടെ പൊൻപുലരിയിൽ പതിച്ച ഒരു തുള്ളി കണ്ണീരായാണ് ആ കുഞ്ഞിന്റെ വേർപാടിൻ്റെ ദുഃഖം കവി അടയാളപ്പെടുത്തുന്നത്. 'തൊട്ട വീട്ടിലെ തോട്ടത്തിൽനിന്നാ കൊച്ചുപൂങ്കുയിൽ പൊയ്ക്ക ഴിഞ്ഞപ്പോൾ' കവിയുടെ കണ്ണിൽനിന്നുതിർന്ന കണ്ണീർ വീണത്“ഏറെനേരം പണിപ്പെട്ടെഴുതിത്തീരാറായ വിപ്ലവഗാന'ത്തിലാണ്. ഇന്നു നാം നേടിയ ഐക്യകേരളത്തിൽ വളരാനും വികസിക്കാനും ആഹ്വാനംചെയ്യുന്ന ആ ഗാനം.
ഇറ്റുവീണൊരെൻ കണ്ണീരിൽ നീന്തും
അക്ഷരങ്ങളായ് തീർന്നിരിക്കുന്നു
മങ്ങിമാഞ്ഞൊരെൻ വിപ്ലവഗാനം
എങ്ങനെ ഞാൻ പകർത്തിയെടുക്കും?
എന്നറിയാതെ ഇടറിനിൽക്കുന്നേടത്താണ് കവിത അവസാനിക്കുന്നത്. ഏവരും പ്രതീക്ഷയോടെ പ്രകീർത്തിച്ച പുതിയ നാടിനെ, കാലത്തെ, പകപ്പോടെ സന്ധിക്കുന്ന കവിയെ ഇക്കവിതകളിലെല്ലാം കാണാം. മഹത്തായ ആശയങ്ങൾക്കിടയിലെ ചില ദുർബലതകളോർത്തുള്ള ആകുലതയാണ് ആ പകപ്പിന്റെ കാരണം. നവോത്ഥാനസുരഭിലമായ ഐക്യകേരളത്തിൽ ഹിന്ദുക്കളല്ലാത്തവർ, രോഗികൾ, വികലാംഗർ, കുഞ്ഞുങ്ങൾ, ഒറ്റപ്പെട്ട വ്യക്തികൾ തുടങ്ങിയവരുടെ ഇടം എന്താണ് എന്ന അസ്വാസ്ഥ്യജനകമായ ചോദ്യം വീണ്ടും വീണ്ടും ഉയർത്തുന്നുണ്ട്, ഈ കവിയുടെ രചനകൾ. അന്നോളം മലയാളകവിതയ്ക്കു പുറത്തുനിന്ന ജീവിത സന്ദർഭങ്ങൾ “മാഞ്ഞ ഗാനം'പോലുള്ള കവിതകളിൽ ധാരാളമുണ്ട്. മേരി എന്ന കൊച്ചുകുട്ടിയുടെ വായാടിത്തം നിറഞ്ഞ കുസൃതിച്ചിത്രത്തിൽ ഇത്തരമൊരു സന്ദർഭം ഇങ്ങനെ നിഴലിക്കുന്നു:
മാമൂനിന്നെന്തു കൂട്ടി നീ പെണ്ണേ?
മീമി ചുട്ടതാണമ്മച്ചി തന്നേ.
കള്ളി, നീയതിലെന്തൊക്കെ തിന്നു?
മുള്ളുമാത്രം ഞാൻ തുപ്പിക്കളഞ്ഞു.
കണ്ണു രണ്ടും വയറ്റിൽ മുളച്ച്
വന്മരങ്ങളായ് വന്നാലോ പെണ്ണേ? മാന്തളിന്നൊറ്റക്കണ്ണല്ലേയുള്ളൂ,
മാറിനിന്നവൾ കൊഞ്ഞനം കാട്ടും.
മലയാളിയുടെ മത്സ്യമാംസാഹാരശീലത്തിന്റെ സ്വാഭാവികതയിൽനിന്നു വരുന്ന ഇത്തരമൊരാവിഷ്‌കാരം നമ്മുടെ മുഖ്യധാരാകാവ്യപാരമ്പര്യത്തിൽ മുമ്പില്ലാത്തതാണ് എന്നോർക്കുക. നിത്യജീവിതാനുഭവങ്ങളുടെ സ്വാഭാവികതയിൽനിന്നാണ് കെ.സി.ഫ്രാൻസിസിന്റെ കവിതകൾ ഉറവെടുക്കുന്നത്. ക്രിസ്‌മസിനെക്കുറിച്ച് ഫ്രാൻസിസ് എഴുതുമ്പോൾ ക്രിസ്‌തുദേവൻ്റെ ത്യാഗമോ സഹനമോ ആത്മീയവിചാരങ്ങളോ ആവില്ല കേന്ദ്രസ്ഥാനത്തു വരിക. മറിച്ച് ജീവിതത്തിലാദ്യമായി കിട്ടിയ ഒരു ക്രിസ്‌മസ് കാർഡിനെക്കുറിച്ചുള്ള ഓർമ്മയായിരിക്കും. അനുഭവങ്ങളുടെ സ്വാച്ഛന്ദ്യത്തിൽനിന്ന് ഉറവെടുക്കുന്ന കാവ്യാഖ്യാനങ്ങളുടെ ഒഴുക്കിൽ ഒരു ഘട്ടത്തിൽ ആശയലോകം ഇടകലരുകയാണു ചെയ്യുന്നത്. അതിനാൽത്തന്നെ അനുഭവലോകവും ആശയലോകവും തമ്മിലുള്ള സംഘർഷം ആ കവിതയിലുണ്ട്. നവോത്ഥാനം, ഐക്യകേരളം തുടങ്ങിയ ആശയങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിത്യജീവിതാനുഭവങ്ങളും തമ്മിലെ സംഘർഷം 'നിയമലംഘനം' എന്ന കവിതയിൽ നാം കണ്ടതാണ്. മലയാളകവിതയിൽ അക്കാലത്ത് ഉയർന്നുകേട്ടുതു ടങ്ങിയ നഗരകേന്ദ്രിതമായ ആധുനികത എന്ന ആശയവുമായും കവി ഇടയുന്നുണ്ട്. 1960 കളുടെ തുടക്കത്തിൽ അന്നത്തെ കോഴിക്കോട് നഗരം കണ്ടാണ് കക്കാടിൻ്റെ കവിത ഭയന്നുപോയത്. നഗരവൽക്കരണത്തെക്കുറിച്ചുള്ള ഭീതി അക്കാലത്തെ പല കവികളും ആവിഷ്‌കരിക്കുകയും മലയാള ആധുനികതയുടെ ഒരു ചിഹ്നമാവുകയും ചെയ്ത കാലത്താണ് കെ.സി. ഫ്രാൻസിസ് 'മഹത്തായ വിപ്ലവം' എന്ന കവിത എഴുതുന്നത്. നമുക്ക് വല്ലാത്ത അടുപ്പം തോന്നിപ്പിക്കുന്ന ഒരു ചെറുനഗരമാണ് ഈ കവിതയിലുള്ളത്.
കഴുത, യമ്പലം, കരിമ്പനയെന്ന -
തൊഴികെ മറ്റെല്ലാമപൂർവ്വമാകയാൽ
മനുഷ്യനിപ്പൊഴും വിലയിടിയാത്തൊ-
രനർഘരത്നമാം ചെറുനഗരമേ
എന്ന് ഒരുൾനാടൻ പട്ടണത്തേയും അവിടത്തെ ആഴ്‌ചച്ചന്തയേയും അഭിസംബോധന ചെയ്‌തുകൊണ്ടാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. പ്രേമനൈരാശ്യത്താൽ തകർന്നുപോയ ആഖ്യാതാവ് പലേടത്തും അലഞ്ഞ് ആ ചെറുനഗരിയിൽ എത്തിയിരി ക്കുകയാണ്. ആ നഗരവും അവിടുത്തെ ആഴ്‌ചച്ചന്തയിലെ ജീവിതവ്യാപാരങ്ങളും അയാളെ പതുക്കെ നൈരാശ്യത്തിൽനിന്നു കര കയറ്റുന്നതാണ് “മഹത്തായ വിപ്ലവ'ത്തിലെ ഇതിവൃത്തം. ആഴ്‌ചച്ചന്തയിൽ കണ്ട, തനിക്കറിയാത്ത, സകലതിനും വില ചോദിച്ചു കൊണ്ട് ജീവിതത്തിൻ്റെ ആരവങ്ങളിലേക്കു മടങ്ങിവരികയാണ് അയാൾ. ആധുനികൻ്റെ നഗരഭീതിക്കു മറുപടിയായി ഈ കവിതയെ കാണാവുന്നതാണ്. മുഖ്യധാരയിലേക്ക് അതിനകം വന്നു കഴിഞ്ഞ മലയാള ആധുനിക കാവ്യഭാവുകത്വത്തോടുള്ള ഗ്രാമീണമായ ഒരു പ്രതിഷേധമായി മഹത്തായ വിപ്ലവം എന്ന കവിതയെ ഇന്നു വായിക്കാൻ കഴിയും.
മലയാളകവിതയിൽ മതഭീകരതയുടെ ഇരയായിത്തീർന്ന ആദ്യത്തെ കവികളിലൊരാളാണ് കെ.സി.ഫ്രാൻസിസ്. നഗരമധ്യത്തിലെ സങ്കേതത്തിൽ ആൾദൈവം നടത്തിവന്ന ആത്മീയ ഉദ്ഘോഷണങ്ങളെ കണക്കിനു കളിയാക്കുന്ന ഈ കവിത സ്വാതന്ത്ര്യാനന്തരം കേരളനവോത്ഥാനപ്രവണതകൾക്കുണ്ടായ തിരിച്ചടിയുടെ ആവിഷ്കാരമായി മാറുന്നു. ആൾദൈവത്തിൻ്റെ പ്രഘോഷണ ത്തിൽ ഒരുഭാഗം ഇങ്ങനെ:
നാമഹങ്കരിക്കുന്നു
നമ്മുടെ ശാസ്ത്രത്തിന്റെ
നാലഞ്ചു കുരുത്തോല-
ത്തോരണങ്ങളിൽ മാത്രം.
നാമവഗണിക്കുന്നു
ജളജല്പനങ്ങളാൽ
നാമവമതിക്കുന്നു
ശാശ്വതസത്യങ്ങളെ!
ന്യൂട്ടനെ, പ്പാവ്‌ലോവിനെ
ഡാർവിനെ, ഫ്ളെമിങ്ങിനെ
നൂറുനൂറൈൻസ്റ്റൈൻമാരെ-
ത്തച്ചുകൊന്നതിൻശേഷം
രാവണൻ പറപ്പിച്ച
പൊൻവിമാനവും, വിഷ്ണു-
മായയിൽ നടത്തിയോ-
രോപ്പറേഷനുമായി
ചെന്നുചേർന്നവർ കള്ള-
പ്പുള്ളിയേപ്പോലെ, ശാസ്ത്ര-
മെന്നൊരച്ചെകുത്താന്റെ
ചെവിക്കു പിടിച്ചപ്പോൾ
ഉച്ചഭാഷിണി സഹികെട്ട് സ്വയം നിലച്ചുപോവുകയാണ്. നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രവാചകത്വത്തോടെ നിരീക്ഷിക്കുന്ന ഈ കവിത ഉണ്ടാക്കിയ കോലാഹലത്തെ തുടർന്നാണത്രേ കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ മാധ്യമങ്ങളിൽനിന്ന് ബഹിഷ്കൃതമായത്.
ഫ്രാൻസിസ് കവിതകളുടെ മൗലികതയും വ്യത്യസ്‌തതയും വ്യക്തമാക്കാൻ വേണ്ടി ചില ഉദാഹരണങ്ങൾ എടുത്തുകാണിച്ചു എന്നേയുള്ളൂ. എതിരൊഴുക്കുകൾ, വീരഗാഥ, ഭടന്റെ സ്വപ്നം, കണ്ണില്ലാത്തവരുടെ ലോകം, മഹത്തായ വിപ്ലവം, ആദ്യം കിട്ടിയ ക്രിസ്മസ് കാർഡിനെപ്പറ്റി, കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രസിദ്ധീകൃതമായ കൃതികൾ. സമാഹരിക്കാത്ത ഒട്ടേറെ കവിതകൾ വേറെയുമുണ്ട്. അവയിൽ നിന്നെല്ലാം തെരഞ്ഞെടുത്ത കവിതകളാണ് സാഹിത്യ അക്കാദമി പുതിയ മനുഷ്യൻ - കെ.സി.ഫ്രാൻസിസിൻ്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന പേരിൽ ഇപ്പോൾ (2018) പ്രസിദ്ധീകരിക്കുന്നത്. ഫ്രാൻസിസ് മാസ്റ്ററുടെ ആദ്യസമാഹാരമായ പത്തു കക്കകളുടെ ഒരു കോപ്പിപോലും അന്വേഷിച്ചു കണ്ടെത്താനാവാത്തതിനാൽ ആദ്യകാലത്തെ മികച്ച
പല കവിതകളും ഇതിൽ ഉൾപ്പെടുത്താനും സാധിച്ചിട്ടില്ല.
കെ.സി.ഫ്രാൻസിസ് എന്ന മനുഷ്യനെ ഈ വായനക്കാരൻ നേരിൽ കണ്ടിട്ടില്ല. പരിചയപ്പെടണമെന്നും അദ്ദേഹത്തിന്റെ പഴയ കവിതകൾ ചൊല്ലിക്കേൾപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു. തൃശൂർ നഗരത്തിലൂടെ തേരാപ്പാരാ നടന്നിട്ടും ആ സന്ദർശന ത്തിന് അവസരമുണ്ടാക്കിയില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആ കവിതകളെക്കുറിച്ച് ഒരു കുറിപ്പെങ്കിലും എഴുതാനും സാധിച്ചില്ല. ഇങ്ങനെ ഞാനും ഞാനുൾപ്പെട്ട വായനാസമൂഹവും മറന്ന, ഒരിക്കലും മറക്കാൻ പാടില്ലാത്ത കവിതകളെഴുതിയ ആ സുപ്രധാനകവിക്ക് ഇതാ, മലയാളകവിതയുടെ ഇങ്ങേയറ്റത്തുനിന്ന് കുറ്റബോധത്തിൽ കുതിർന്ന ഒരന്ത്യാഭിവാദനം. അങ്ങുതന്ന കവിതയ്ക്ക് നിറമനസ്സോടെ നന്ദി.
കവിയുടെ അനുജൻ കെ.സി.ജോസ്, മകൻ സെബി ഫ്രാൻസിസ്, സുഹൃത്തും ബന്ധുവുമായ ബോബൻ കൊള്ളന്നൂർ എന്നിവരുടെ ശ്രമഫലമായാണ് പൊടിഞ്ഞുതീരാറായ കൈയെഴുത്തുപ്രതികളിൽനിന്നും പഴയ സമാഹാരങ്ങളിൽനിന്നും ഈ കവിതകൾ ശേഖരിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ അപ്പൻതമ്പുരാൻ സ്‌മാരകത്തിലെ മാസികാശേഖരവും സഹായിച്ചു. ഇങ്ങനെ സമകാലത്തേയ്ക്ക് എത്തിച്ചേരുന്ന ഈ കവിതകളിൽ വായനക്കാരുടെ സവിശേഷശ്രദ്ധ പതിയുമെന്നു പ്രത്യാശിക്കുന്നു.
(കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ മനുഷ്യൻ - കെ.സി.ഫ്രാൻസിസിൻ്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന പുസ്തകത്തിനെഴുതിയ അവതാരിക)
No comments:
Post a Comment