Wednesday, August 13, 2025

കേരള ഗോത്രഭാഷാകവിത - ഒരാമുഖം


കേരള ഗോത്രഭാഷാകവിത - ഒരാമുഖം

പി.രാമൻ

1

വൈദികമതം കേരളത്തിൽ സ്വാധീനം ചെലുത്തിയ ശേഷം ഇവിടത്തെ സാഹിത്യം ഏറെക്കുറെ മതാനുഷ്ഠാനപരവും പ്രബോധനാത്മകവുമായാണ് വികസിച്ചത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യൻ ആശയധാരകളുടെ സ്വാധീനത്താലും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരത്താലുമാണ് ഈ നിലയിൽ മാറ്റമുണ്ടാകുന്നത്. സാഹിത്യം സൂക്ഷ്മ സംവേദനശേഷിയുള്ള ഒരു പൊതുമണ്ഡലമെന്ന നിലയിൽ ദൃശ്യത കൈവരിച്ചു. അതിൽ തന്നെ കവിതയിൽ മതാനുഷ്ഠാനപരതയുടെയും പ്രബോധനാത്മകതയുടെയും പരമ്പരാഗത ഭാരം പിന്നെയും തുടർന്നുപോന്നു. എങ്കിലും ചരിത്രത്തിലന്നോളം നിശ്ശബ്ദരായിരുന്ന ജനസമൂഹങ്ങൾക്കിടയിൽ നിന്ന് പുതിയ കവികളുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ആനുപാതികമായാണ് അതു സംഭവിച്ചത്. സമൂഹം, സ്വാതന്ത്ര്യം, സ്നേഹം, ദേശീയത, കുടുംബം എന്നിവയെക്കുറിച്ചെല്ലാമുള്ള പുതിയ കാഴ്ച്ചപ്പാടുകൾകൊണ്ട് കവിത വിസ്തൃതമായി. അവർണ്ണവും അഹൈന്ദവവുമായ ആശയധാരകളും ജീവിതാന്തരീക്ഷവും കവിതയെ ചലനാത്മകമാക്കി. നിത്യജീവിതാനുഭവങ്ങളിലും ആത്മീയാന്വേഷണങ്ങളിലും ഊന്നിക്കൊണ്ടുള്ള പെൺകവിതാധാരയും പത്തൊമ്പതാം നൂറ്റാണ്ടു തൊട്ട് ഒഴുകി വരുന്നുണ്ട്. ഇങ്ങനെ വിപുലപ്പെട്ടു വരുന്ന കേരളത്തിലെ കാവ്യരംഗത്ത് സമീപകാലത്തുണ്ടായ പുതു വിസ്തൃതിയാണ് ഗോത്രകവിതയുടേത്.

കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ജീവിതാവസ്ഥയെ മുൻനിർത്തിയുള്ള ഒരു പുറംനോട്ടമായ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകം കെ. പാനൂർ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഗോത്രജന ജീവിതത്തെക്കുറിച്ചുള്ള പുറംലോകത്തിന്റെ അജ്ഞതയെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ആ തലക്കെട്ട്. അമ്പതു കൊല്ലത്തിനു ശേഷം അജ്ഞതയുടെയും അദൃശ്യതയുടെയും ഇരുട്ടിനെ വെട്ടിപ്പിളർത്തി കേരളത്തിലെ ആദിവാസി ജനത ദൃശ്യത കൈവരിക്കുകയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഗോത്രകവിതയിലൂടെ. അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടേയും മുഖചിത്രങ്ങളുമായി മലയാളത്തിലെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. ഒന്നും രണ്ടും കവികളല്ല, ഏതാണ്ടമ്പതോളം പേരാണ് ഇന്ന് സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള എഴുത്തുകാരൻ നാരായന്റെ കൊച്ചരേത്തി എന്ന നോവൽ 1998 ൽ പുറത്തു വരികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തെങ്കിലും ആദിവാസി മേഖലയിൽ നിന്നുള്ള പുതിയ എഴുത്തുകാരുടെ കൂട്ടത്തോടെയുള്ള വരവിന് നിമിത്തമാകാൻ ആ നോവലിന് പല കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല. എന്നാൽ അശോകൻ മറയൂരിന്റെ മുതുവാൻ ഭാഷാകവിതകൾ ആദ്യമായി അച്ചടിക്കപ്പെടുകയും (തിളനില 2016) പച്ച വീട് എന്ന ഗോത്രഭാഷാ കവിതാസമാഹാരം (2017) പുറത്തിറങ്ങുകയും ചെയ്ത ശേഷം മറ്റു ഗോത്രഭാഷാസമൂഹങ്ങളിൽ നിന്ന് ഒട്ടേറെ കവികൾ ഗോത്രഭാഷകളിൽ എഴുതിത്തുടങ്ങി.മലയാളത്തിലും, മുതുവാൻ, റാവുള, ഇരുള, മുഡുഗ, മുള്ളക്കുറുമ, പണിയ, മാവിലാൻ തുളു, മലവേട്ടുവ, കാട്ടുനായ്ക്ക, മലവേടർ, മുഡുക എന്നീ ഭാഷകളിൽ ധാരാളമായും കാടർ, കുറുമ്പ, ഊരാളി, കാണിക്കാർ തുടങ്ങിയ ഭാഷകളിൽ പരിമിതമായും ഇന്ന് എഴുത്തു നടക്കുന്നുണ്ട്. പുറംസമൂഹങ്ങളോട് കൂടുതൽ അകന്നു കഴിയുന്ന ചോലനായ്ക്ക പോലുള്ള ഭാഷകളിലെ എഴുത്തിന്റെ പ്രതിനിധാനം കൂടി 2021 ൽ പുറത്തിറങ്ങിയ ഗോത്രകവിത എന്ന സമാഹാരത്തിലുണ്ട്. കേരളത്തിൽ നിലവിലുള്ള മുപ്പത്തഞ്ചിൽ പരം ആദിവാസി ഗോത്രങ്ങളിൽ 16 ഭാഷകളുടെ പ്രതിനിധാനം ആ സമാഹാരത്തിലുണ്ട്. ഈ കവികൾ കൂടി ചേർന്നതാണ് ഇന്ന് കേരള കവിതാപരിസരം. അതുകൊണ്ടു തന്നെയാണ് ഗോത്രഭാഷകളിലുള്ള രചനകളെക്കൂടി ഉൾക്കൊള്ളും വിധം കേരള കവിത എന്ന പ്രയോഗത്തിന് ഇന്ന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്നത്. ഈ മാറ്റം അടയാളപ്പെടുന്ന ഒരു പ്രധാന പുസ്തകമാണ് അടുത്തിടെ പുറത്തുവന്ന 'ഗോത്രകവിത' എന്ന ബൃഹദ് സമാഹാരം (2021). ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യത്തേതായിരിക്കണം 42 ഗോത്രഭാഷാ കവികളുടെ കവിതകളടങ്ങുന്ന ഈ കൃതി. ഗോത്രഭാഷകളിൽ നിന്നു തന്നെ വരുന്ന സുകുമാരൻ ചാലിഗദ്ധ , സുരേഷ് എം. മാവിലൻ എന്നീ കവികൾ ചേർന്നാണ് ആ പുസ്തകം എഡിറ്റു ചെയ്തിട്ടുള്ളത്.

ഗോത്രഭാഷാ പശ്ചാത്തലത്തിൽ നിന്നു വന്ന് മലയാളത്തിലെഴുതുന്ന കവികൾ ചിലരെങ്കിലും അശോകൻ മറയൂരിനു മുമ്പു തന്നെ കേരളത്തിൽ ഉണ്ട്. മലയരയ ഗോത്രത്തിന്റെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും കവിതയിൽ ആവിഷ്കരിക്കാൻ ശ്രമിച്ച എം.കെ.നാരായണൻ (1935-2013) എന്ന കവിയുടെ പേരാണ് ഇവിടെ എടുത്തു പറയേണ്ടത്. എന്നാൽ മലയാള സാഹിത്യ രംഗത്ത് ദൃശ്യത കൈവരിക്കാൻ അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാർക്കു കഴിഞ്ഞില്ല. മലയാളത്തോടൊപ്പം തന്നെ തന്റെ മാതൃഭാഷയായ മുതുവാനിലും എഴുതുക എന്ന രാഷ്ട്രീയമായും സാഹിതീയമായും സുപ്രധാനമായ തീരുമാനം എടുത്തു എന്നതാണ് അശോകൻ മറയൂരിന്റെ ചരിത്രപരമായ പ്രസക്തി. ആ തീരുമാനത്തോടെയാണ് കേരളത്തിൽ നിന്നുള്ള ആദിവാസി കവികൾ പൊതുസമൂഹത്തിലും സാഹിത്യത്തിലും ദൃശ്യത കൈവരിക്കുന്നത്. ഇന്ന് ഗോത്രഭാഷാ കവിതകൾ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായിത്തീർന്നിരിക്കുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തെപ്പോലും പല നിലകളിൽ സ്വാധീനിക്കാൻ പോരുന്ന കരുത്ത് ഇന്നവക്കുണ്ട്.

സ്വന്തമായ ലിപി ഇല്ലാത്തവയാണ് കേരളത്തിലെ ഗോത്രഭാഷകൾ. അവയെ മലയാളത്തിന്റെ ഉപഭാഷകളായല്ല, സ്വതന്ത്ര ഭാഷകൾ തന്നെയായി കാണണം. കാരണം, ആദിവാസി ഗോത്രങ്ങളിൽ പെട്ടവർ ആശയവിനിമയത്തിനുപയോഗിക്കുന്ന ആ ഭാഷകളിലെ ആവിഷ്ക്കാരങ്ങൾ ഒരു സാധാരണ മലയാളിക്ക് പരിഭാഷയിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ. മലയാളത്തിന്റെ ഉപഭാഷകളാണെങ്കിൽ ഒരിക്കലും വിനിമയത്തിന് പരിഭാഷയുടെ സഹായം വേണ്ടിവരുമായിരുന്നില്ല. ആകയാൽ ആ ഗോത്ര ഭാഷകൾക്ക് സ്വതന്ത്ര ഭാഷാപദവി കൊടുത്തേ പറ്റൂ. കൂട്ടത്തോടെ ഗോത്രഭാഷകളിൽ എഴുതുന്ന പ്രതിഭാസം ആഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് കേരളത്തിലും ഗോത്രഭാഷകളിലെ എഴുത്ത് വ്യാപകമാവുന്നത്. ഭാരതീയവും ആഗോളീയവുമായ പശ്ചാത്തലം ഇവിടെ പ്രസക്തമാണ്.ഓരോ പ്രദേശത്തെയും ആദിമഗോത്ര ജനവിഭാഗങ്ങൾ സംസാരിച്ചു വന്ന, ഇന്നും വിനിമയം ചെയ്യപ്പെടുന്ന ഭാഷകൾ ലോകമെമ്പാടുമുണ്ട്.  സംസാരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വൻകുറവു മൂലം അവയിൽ മിക്കതും ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. സ്വന്തമായി ലിപി ഇല്ലാത്തതും ഈ വിഭാഗത്തിൽ പെടുന്ന പല ഭാഷകളുടെയും അപ്രത്യക്ഷമാകലിന് ഒരു കാരണമാണ്. തനതു ഭാഷകൾ സംസാരിച്ചു വന്നവരുടെ പുതിയ തലമുറ പലപ്പോഴും പരമ്പരാഗത ഭാഷ വിട്ട് പ്രബല ഭാഷകളിലേക്ക് മാറുന്നതും ഇത്തരം ഭാഷകൾ ഇല്ലാതാവുന്നതിനു കാരണമാണ്. വലിയ പ്രചാരവും അധികാരബന്ധങ്ങളുമുള്ള ഭാഷകൾ പ്രചാരം കുറഞ്ഞ ഭാഷകളെ വിഴുങ്ങി ഇല്ലാതാക്കുന്നുമുണ്ട്. ഈ ആഗോള പശ്ചാത്തലത്തിൽ വേണം ഗോത്രഭാഷകളിലെ എഴുത്തിനെ കാണാൻ.

2

ഗോത്രസമൂഹങ്ങളിൽ നിന്നുള്ള എഴുത്ത് ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമെല്ലാം കവിതയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത് അടുത്ത കാലത്താണ്.പുതിയ നൂറ്റാണ്ടിന്റെ തുടക്ക വർഷങ്ങളിലെപ്പൊഴോ ആണ് ഞാൻ ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ നിന്നുള്ള കവി ഹുംബർട്ടോ അകാബലിന്റെ കവിത ആദ്യമായി വായിക്കുന്നത്. ഹുംബർട്ടോ അക്കാബൽ ഗ്വാട്ടിമാലയിലെ ഗോത്രവർഗ്ഗ ഭാഷയായ മയാ കീ ഷേയിലാണ് എഴുതിയിരുന്നത്. അവ സ്പാനിഷിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെട്ടതാണ് നാം വായിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അതേ രൂപത്തിൽ സ്വാഭാവികമായി കവിതയിൽ കടന്നുവരുന്നത് പരിഭാഷാകർമ്മത്തിലൂടെ രണ്ടു വട്ടം കടന്നുപോന്നിട്ടും നമുക്കനുഭവിക്കാൻ കഴിയുന്നുണ്ട്. പ്രകൃതിയുടെ സഹജതയിൽ നിന്നുയരുന്ന ശബ്ദങ്ങൾ കൊണ്ടു കവിതയെഴുതണമെങ്കിൽ മയാ കീ ഷേ പോലെ ഒരു ആദിവാസി ഗോത്ര ഭാഷ തന്നെ വേണ്ടി വന്നേക്കും എന്ന് അന്നു തോന്നി. ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് പ്രകൃതിയോടുള്ള അടുത്ത ബന്ധം കേരളത്തിലെ ഗോത്രഭാഷാകവിതകളിലും കാണാനാവുന്നു. ഉദാഹരണത്തിന്, റാവുള ഭാഷയിലെഴുതുന്ന സുകുമാരൻ ചാലിഗദ്ധയുടെ കവിതകളിൽ ജീവജാലങ്ങളുടെയും മനുഷ്യരുടെയും ശബ്ദഭേദങ്ങൾ ധാരാളമായി കേൾക്കാം. കൂവൽ ശബ്ദം സുകുമാരന്റെ പല കവിതകളിലും കേൾക്കാം. ഒരു കവിതയുടെ പേരുതന്നെ കൂവി എന്നാണ് (റാവുളഭാഷയിൽ പൂവെല്ലു). കാട്ടിൽ കൂവുന്ന പോലെ നഗരത്തിലും പന്ത്രണ്ടു നിലക്കെട്ടിടത്തിന്റെ താഴെ നിന്ന് കൂവുന്നതിനെക്കുറിച്ച് സുകുമാരൻ എഴുതുന്നു. ബെളുത്ത എന്ന കവിതയിൽ പുഴയുടെ ഇരുകരയിലും നിന്നുള്ള കൂവൽ ശബ്ദം കേൾക്കാം. ഒപ്പം കൂമന്റെ ചിറകടിയും കാട്ടുകോഴിയുടെ ക്ലോക്ലോ തിറയാട്ടച്ചൂടും. ഗ്വാട്ടിമാലൻ കവിയും വയനാട്ടിൽ നിന്നുള്ള കവിയും ഗോത്രഭാഷകളിലെഴുതുമ്പോൾ ഒരേപോലെ വന്നുചേരുന്ന ചില സവിശേഷതകളിലേക്കാണ് ഇവിടുത്തെ ഊന്നൽ.

ഗ്വാട്ടിമാലയിലെ മയാ കീ ഷേ പോലെ മറ്റു പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആദിവാസി ഭാഷകളിൽ ഇന്ന് എഴുത്ത് സജീവമാണ്. ചിലിയിലെ മാപുഷെ ജനതയുടെ ഭാഷയായ മാപുഡംഗനിൽ (ഈ വാക്കിന് ഭൂമിയുടെ ഭാഷ എന്നർത്ഥം) എഴുതിയ കവിതകളുടെ ഒരു സമാഹാരം അടുത്തിടെ വായിക്കുകയുണ്ടായി. (ഭൂമിയുടെ കവിത - മാപുഷെ ത്രിഭാഷാ സമാഹാരം). ബർണാഡോ കോളിപാൻ, മാരിബെൽ മോറാ കൂറിയാവോ, പൗലോ ഹ്യൂറിമില്ല, റൊക്സാന മിരാന്റ റുപെയ്ലാഫ്, ജെയിം ലൂയിസ് ഹ്യൂനും വില്ല, മരിയ ഇസബെൽ ലാറ മില്ലാപാൻ, ഒമർ ഹ്യൂനിക്ക്യൂ ഹ്വെയ്ക്വിനാവോ എന്നീ ഏഴു കവികളുടെ കവിതകളടങ്ങുന്നതാണ് ഈ സമാഹാരം. 1980 കൾക്കൊടുവിലാണ് മാപുഷെ ഭാഷയിൽ എഴുത്തു സജീവമായത്. മാപു ഷെ കവിതകൾ വേരൂന്നിയിട്ടുള്ളത് ഗോത്രപ്പാട്ടുകളിൽ മാത്രമല്ല ചിലിയിലെയും ലാറ്റിൻ അമേരിക്കയിലെയും സമകാല കാവ്യ ബോധങ്ങളിൽ കൂടിയാണ് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. സെർജിയോ ഹൊലാസ് വെലിസ് പറഞ്ഞിട്ടുണ്ട്. ചിലിയിലെ മാപുഷെ ഗോത്രജനതയുടെ ജീവിതദർശനങ്ങളും വംശഗാഥകളും മിത്തുകളും അനുഭവിച്ച സഹനങ്ങളും ഗോത്രഭാവനയുടെ ധാരാളിത്തവുമുള്ളവയാണ് ഈ കവിതകൾ. അതേസമയം പുതുകവിതാ ഭാവുകത്വത്തോടിണങ്ങിയവയുമാണ്. അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ധയും ധന്യ വേങ്ങച്ചേരിയും അജയൻ മടൂരും ശാന്തി പനക്കനും പി.ശിവലിംഗനും ആർ.കെ. അട്ടപ്പാടിയും ഉൾപ്പെട്ട കേരളീയ ഗോത്ര കവികളുടെ രചനകളിലും ഇതേ സവിശേഷതകൾ കാണാനാവും. എന്തുകൊണ്ടാണ് ഇവർ തനതായ പാട്ടുവഴികൾ ഒഴിവാക്കി മിക്കവാറും ഗദ്യത്തിൽ എഴുതുന്നത് എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്.  ഗോത്രഭാവനയേയും ജീവിതാനുഭവങ്ങളേയും പാരമ്പര്യത്തേയും സമകാലവും സമലോകവുമായി സംവദിക്കാൻ പറ്റിയ ഭാഷയിൽ ഉൾക്കൊണ്ടാണ് ലോകമെങ്ങുമുള്ള ഗോത്രഭാഷാകവികൾ എഴുതുന്നത് എന്നതാണ് അതിനു മറുപടി.

പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും സ്വാഭാവികമായി ഊറിയൊഴുകുന്ന വർണ്ണശബളമായ വിചിത്രഭാവനകൾ ചിലിയിലെയും വയനാട്ടിലെയും ഗോത്ര ഭാഷാ കവിതകളിൽ ഏതാണ്ടൊരു പോലെ കാണുന്നു എന്നതാണ് ഏറ്റവും കൗതുകകരം. ലാറ്റിനമേരിക്കൻ മാന്ത്രിക ഭാവനയുടെ വേരുകൾ ഇറങ്ങിയിരിക്കുന്നത് ആദിമഗോത്ര സംസ്കൃതിയിലേക്കാണ് എന്ന് ഗോത്രഭാഷകളിലെഴുതപ്പെടുന്ന കവിതകൾ നമ്മെ ബോധിപ്പിക്കുന്നു. അതേസമയം സമകാല ലാറ്റിനമേരിക്കൻ കവിതയുടെ പശ്ചാത്തലത്തിൽ നിന്നടർത്തിമാറ്റി ഈ കവിതകൾ വായിക്കാനും കഴിയില്ല. ചരിത്രവും സ്വപ്നവും, യാഥാർത്ഥ്യവും മായികതയും, ലാളിത്യവും സങ്കീർണ്ണതയും കുഴമറിയുന്നു ഇവിടെ. വിചിത്രഭാവനകളുടെ ഈ ധാരാളിത്തം അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടെയും ശാന്തി പനക്കന്റേയുമൊക്കെ കവിതകളിലും നമുക്കു കാണാനാവും.

പൂവിനുള്ളിലെ തേനിൽ
സൂര്യൻ കിടന്നു
തിളയ്ക്കുകയാണ്.
ചുമരിൽ തൂങ്ങിക്കിടക്കുന്നു
കൊക്കുകൾ
വെന്തും കറുത്തും പോയ
ദിനങ്ങൾ

എന്ന് അശോകൻ മറയൂർ എഴുതുന്നിടത്ത് പ്രകൃത്യനുഭവത്തിന്റെ മായികതയിൽ നിന്നുയരുന്ന ഭാവനയോടൊപ്പം സമകാലീനതയും ഉണ്ട്. ഗോത്രഭാവനയും നവീനഭാവുകത്വവും ഇഴുകിച്ചേർന്നവയാണ് മാപുഷെ കവിതകളെപ്പോലെ കേരളീയ ഗോത്രകവിതകളും. വിചിത്ര ഭാവനയിലൂടെ പ്രകൃതിയേയും ജീവിതത്തേയും കാണുന്ന ഈ രീതി ആദിമ ജനതകളുടെ ഗോത്രപ്പാട്ടുകളിൽ തന്നെയുള്ളതാണ്.

ഇന്ത്യയിലും ഇന്ന് ആദിവാസി ഭാഷകളിൽ സാഹിത്യരചന വ്യാപകമായി നടക്കുന്നുണ്ട്. വടക്കു കിഴക്കൻ, മധ്യേന്ത്യൻ ഗോത്രങ്ങളിൽ നിന്നുള്ള ഒട്ടേറെ എഴുത്തുകാർ ഇന്ന് ധാരാളമായി വായിക്കപ്പെടുന്നു.  മുമ്പ് ചിത്രത്തിലില്ലാത്ത ഭാഷകളിലെ എഴുത്താണ് സമകാല യൂറോപ്യൻ കവിതയുടെ മുഖ്യമായ ഒരാകർഷണം തന്നെ. സാപ്മി, റൊമഗ്നൊലോ, കറ്റാലൻ, ബാസ്ക്ക് തുടങ്ങിയ അവയിൽ ചിലത്.

3

മാതൃഭാഷയിൽ എഴുതുന്നതിന്റെ കരുത്ത് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള കവികൾ തിരിച്ചറിഞ്ഞിരിക്കുന്നു. മാതൃഭാഷയിൽ എഴുതുന്നത്, സ്വന്തം ഭാഷയും സംസ്കാരവും ജീവനോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഈ പുതിയ എഴുത്തുകാർ കരുതുന്നു. ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള എഴുത്തുകാർ കൈവരിച്ച രാഷ്ട്രീയമായ ഈ ഉണർവ് ആ ജനതയെ കാലാകാലമായി ചൂഷണം ചെയ്യുന്നവർക്കുള്ള താക്കീതാണ്. സ്വന്തം ശബ്ദം തെളിമയോടെയും മൗലികതയോടെയും കേൾപ്പിക്കുന്ന ഒരു ജനതയെ ഇനിയും ചവിട്ടിത്താഴ്ത്താൻ കഴിയില്ല. അട്ടിപ്പാടിയിൽ അരി മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന സമകാല സമൂഹത്തെ ഈ ശബ്ദങ്ങൾ അസ്വസ്ഥപ്പെടുത്താതിരിക്കില്ല. ശബ്ദം അമർത്തി ഞെരിക്കപ്പെട്ടവർ ശബ്ദം കേൾപ്പിക്കുകയാണ്. ആദിവാസികൾ കാടൊഴിഞ്ഞു പോകണമെന്ന പുതിയ തിട്ടൂരങ്ങളുടെ പശ്ചാത്തലത്തിൽ, സൗന്ദര്യ പക്ഷത്തുനിന്നുകൊണ്ടുള്ള ഈ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്.

ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന മണ്ണിനെ പിടിച്ചു നിർത്തലാണ് ഈ എഴുത്ത്.മലയാളം, തമിഴ്, കന്നടം പോലുള്ള അധീശ ഭാഷകളുടെ പിടിയിൽ പെട്ട് ഇല്ലാതായ്ക്കൊണ്ടിരിക്കുകയാണ് നമ്മുടെ പല ഗോത്രഭാഷകളും.സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തമായി ലിപി ഇല്ലാത്തതിനാൽ എഴുതപ്പെടാതെ പോകുന്നു. മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി ഗോത്ര ജനതക്ക് നിഷേധിച്ചിരിക്കുകയാണ്. ഇംഗ്ലീഷു പോലുള്ള ഭാഷകളുടെ പിടിയിൽ മലയാളം പോലുള്ള ഭാഷകൾ ഞെരിഞ്ഞമരുന്നതിനെപ്പറ്റി നാം വിലപിക്കും.എന്നാൽ മലയാളത്തിന്റെ അധീശത്വത്തിൽ ഇല്ലാതാവുന്ന ഗോത്രഭാഷകളെ നാം കണ്ടില്ലെന്നു നടിക്കും.

എഴുത്തിന്റെ തുടക്കകാലത്ത്, സ്വന്തം ഭാഷയിൽ എഴുതുന്നതിനെപ്പറ്റി അശോകൻ മറയൂർ പ്രകടിപ്പിച്ച ആശങ്ക ഞാനിപ്പോഴും ഓർക്കുന്നു. രണ്ടു പ്രശ്നങ്ങളായിരുന്നു അശോകനെ അലട്ടിയത്.ഒന്ന്, ലിപിയില്ലാത്ത ഭാഷ ലിപിയിൽ കൊണ്ടുവരുന്നതിന്റെ പ്രയാസം. രണ്ട്, സ്വന്തം ഭാഷയിലെഴുതിയാൽ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക.ഇതിൽ ആദ്യത്തെ പ്രശ്നം അശോകൻ ഇന്ന് ഏറെക്കുറെ മറികടന്നിട്ടുണ്ട്.മലയാളമോ തമിഴോ ലിപി സ്വീകരിക്കാമെന്നിരിക്കേ, ഈ കവി മലയാള ലിപി തെരഞ്ഞെടുത്തു. ആ തെരഞ്ഞെടുപ്പിനും തീർച്ചയായും ഒരു രാഷ്ട്രീയ മാനമുണ്ട്, മലയാളം തമിഴിനും പിന്നിൽ മൂന്നാം ഭാഷയായിരിക്കേ.എന്നാൽതന്നെയും, മുതുവാൻ ഭാഷയിലെ മുഴുവൻ സ്വനിമങ്ങളേയും മലയാള ലിപിയിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നുമില്ല. 2016-ൽ ' തിളനില 'കവിതാ ജേണലിൽ ആദ്യമായി പ്രസിദ്ധീകരിച്ച അശോകന്റെ കവിതകൾ എങ്ങനെ ടൈപ്പ് സെറ്റ് ചെയ്യുമെന്നത് പ്രസാധകൻ എന്ന നിലക്ക് എന്നെ കുഴക്കുകയുണ്ടായി. പലേടത്തും രണ്ടു ചന്ദ്രക്കലകൾ ആവർത്തിച്ച് അച്ചടിച്ചാണ് ചില ധ്വനികൾ എഴുത്തിൽ പുറപ്പെടുവിച്ചത്. 2017- ൽ ഡിസി ബുക്സ് പുറത്തിറക്കിയ അശോകന്റെ  ആദ്യസമാഹാരത്തിന്റെ ശീർഷകത്തിലുമുണ്ട് രണ്ട് മീത്തൽ ചിഹ്നങ്ങൾ.

സ്വന്തം ഭാഷകളിലെ ആദ്യ കവികളാകുന്നതിന്റെ ഏകാന്തത ഒരു പക്ഷേ ഇവരെല്ലാം അനുഭവിക്കുന്നുണ്ടാവണം. മാവിലാൻ ഭാഷ വീട്ടിൽ സംസാരിക്കാൻ പോലും മുതിർന്നവർ മടിച്ചിരുന്നു എന്ന് ധന്യ വേങ്ങച്ചേരി പറയുന്നു.പുതിയ തലമുറക്ക് ആ ഭാഷ തീർത്തും അജ്ഞാതമാവുകയാണ്. എന്നാൽ, തങ്ങൾക്ക് ആ ഭാഷയിലേക്ക് മടങ്ങിച്ചെന്നു മാത്രമേ ആവിഷ്കരിക്കാൻ കഴിയൂ എന്നത് ഒരു ബോധ്യമാണ്. മിക്ക ഗോത്രഭാഷകൾക്കും പാട്ടുകളുടെ വലിയൊരു കലവറ സ്വന്തമായുണ്ട്. എന്നാൽ കവി എന്ന ഒരു വ്യക്തി ഇല്ല. ഈ പുതിയ തലമുറയിലൂടെ ഈ ഗോത്രഭാഷകളിൽ കവി അല്ലെങ്കിൽ എഴുത്തുകാരൻ / രി എന്ന എന്ന ധാരണ ആദ്യമായി രൂപം കൊള്ളുകയാണ്. തീർച്ചയായും അതിന്റെ പ്രതിസന്ധികൾ ഇവർ പങ്കിടുന്നുണ്ടാവണം.തന്റെ ഗോത്ര ഭാഷാ കവിതകൾ ആരു വായിക്കും എന്ന അശോകന്റെ ഉൽക്കണ്ഠയുടെ ഇടം ഇവിടെയാണ്. വരുന്ന തലമുറയിലെ കുട്ടികൾക്കു വേണ്ടിയാണ് താൻ ഇരുള ഭാഷയിലെഴുതുന്നതെന്ന് മണികണ്ഠൻ അട്ടപ്പാടി പറയുന്നു. സമകാലത്തെ അഭിമുഖീകരിക്കാനാവും വിധം പുതുക്കിക്കൊണ്ട് ഭാഷയെ സംരക്ഷിച്ച് അടുത്ത തലമുറക്കു കൈമാറുക എന്ന വലിയ സാംസ്കാരിക ദൗത്യം കൂടിയാണ് ഇവർക്ക് എഴുത്ത്.

മ്യൂസിയം പീസായി ഗോത്രഭാഷകളെ കാണുന്ന പൊതുബോധത്തോടും ഇവർക്ക് കലഹിക്കേണ്ടി വരുന്നുണ്ട്.അശോകന്റെ കവിതകളിൽ ശുദ്ധമായ മുതുവാൻ ഭാഷയല്ല എന്ന ഒരു വിമർശനം ഒരിക്കൽ  വന്നപ്പോൾ അശോകൻ പ്രതികരിച്ചത് ഇങ്ങനെയാണ്: ശുദ്ധമോ അശുദ്ധമോ എന്നത് എന്റെ പരിഗണനാ വിഷയമേയല്ല, ഞങ്ങൾ നാട്ടിലും വീട്ടിലും സംസാരിക്കുന്ന ഭാഷയിലാണ് ഞാനെഴുതുന്നത്. ഇതാണ് ഞങ്ങളുടെ മുതുവാൻ ഭാഷ.

ഈ ഗോത്രകവികളിൽ പലരും ദ്വിഭാഷാ കവികളോ ത്രിഭാഷാ കവികളോ ആണ്.ഇവരിൽ മണികണ്ഠൻ അട്ടപ്പാടി ഇരുള, മലയാളം, തമിഴ് ഭാഷകളിൽ എഴുതി വരുന്നു.അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ധയും ധന്യ വേങ്ങച്ചേരിയും മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നു. ഗോത്രഭാഷയിൽ തന്നെ എഴുതുന്നു പി.ശിവലിംഗൻ.മലയാളത്തിൽ മാത്രം എഴുതുന്നവരും ഉണ്ട്.മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നതിന്റെ അനുഭവ വ്യത്യാസം ഇവർ രേഖപ്പെടുത്തുന്നുണ്ട്. ഗോത്രഭാഷയിലെഴുതുമ്പോഴാണ് ഇവരുടെ കവിത്വ ശക്തി നിറവിലെത്തുന്നത് എന്നത് നമ്മുടെ വായനാനുഭവം. ഗോത്രഭാഷയിലെ വായനക്കാർക്കു പുറമേ മലയാള വായനക്കാരിലും കവിത എത്തേണമെന്ന് ആഗ്രഹിക്കുന്നതിനാൽ  സ്വന്തം ഗോത്ര ഭാഷാ കവിതകളുടെ പരിഭാഷകളും ഇവർ ഒപ്പം വയ്ക്കുന്നുണ്ട്. തീർച്ചയായും, ഗോത്രഭാഷകളും മലയാളവും തമ്മിൽ സാഹിത്യ ഭാഷകൾ എന്ന നിലയിലുള്ള  പരസ്പര വിനിമയത്തിന് ഇന്ന് വലിയ സാധ്യതകളുണ്ട്. അതേ സമയം,റാവുളഭാഷയിലെ പല വാക്കുകൾക്കും തത്തുല്യ പദം മലയാളത്തിലില്ലെന്നും പരിഭാഷ ഒരു പരിധി വരെ അസാധ്യമാണെന്നുമുള്ള സുകുമാരൻ ചാലിഗദ്ധയുടെ കാഴ്ചപ്പാടും പ്രസക്തമാണ്.

ഗോത്ര ഭാഷാ കവിതകളുടെ ശക്തമായ ഈ കടന്നുവരവോടെ ഒരു കാര്യം തീർച്ചയായിരിക്കുന്നു.മലയാള കവിത എന്നോ മലയാള സാഹിത്യമെന്നോ ഉള്ള പരികല്പനകളേക്കാൾ ഇന്ന് സാംഗത്യമുള്ളത് കേരള കവിത, കേരള സാഹിത്യം എന്നീ പരികല്പനകൾക്കാണ്. മലയാളം മാത്രമല്ല കേരളം എന്ന് ഈ കവിതകൾ നമ്മോടു പറയുന്നു. ഈ ബോധ്യത്തിലേക്ക് മലയാള സാഹിത്യവും എഴുത്തുകാരും
കൂടി എത്തേണ്ടിയിരിക്കുന്നു. നമ്മുടെ സാഹിത്യ മാസികകൾ, പാഠപുസ്തകങ്ങൾ എന്നിവയിലെല്ലാം ഗോത്ര ഭാഷാ രചനകൾ തോളോടുതോൾ ചേർന്നു നിൽക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു.

സ്വന്തം ഭാഷ ഉയർത്തിപ്പിടിക്കുന്ന ഈ കവിതകൾ ആദിവാസി സമൂഹത്തിന്റെ നിലവിലെ അവസ്ഥകളെ ശക്തമായി എഴുതുന്നു.പുറമേ നിന്നുള്ള കുടിയേറ്റക്കാർ നശിപ്പിക്കുന്ന തങ്ങളുടെ ജീവിതവും സംസ്കാരവും കാക്കാനുള്ള ജാഗ്രതയാണ് ഇവർക്ക് കവിത.പുറമേ നിന്നുള്ള കുടിയേറ്റക്കാരെ കുറിക്കാൻ റാവുള ഭാഷയിലുള്ള പദം ദണ്ടെ എന്നാണെന്ന് സുകുമാരൻ ചാലിഗദ്ധ പറയുന്നു. ഈ വാക്കിന് അർത്ഥം കള്ളൻ എന്നാണ്. തന്റെ ജനത്തെ അടിയർ എന്നും ഭാഷയെ അടിയഭാഷ എന്നും ദണ്ടെകൾ വിളിച്ചത് ഈ കവിക്ക് സ്വീകാര്യമല്ല. തങ്ങൾ റാവുളരും ഭാഷ റാവുളയുമാണെന്ന് സുകുമാരൻ തിരുത്തുന്നു.കണ്ണും കാതും വിരലുമറ്റ് എന്നും പുറത്തു നിൽക്കേണ്ടി വരുന്ന ആദിവാസിയവസ്ഥ പി.ശിവലിംഗൻ ആവിഷ്കരിക്കുന്നു. കാടു കക്കാൻ വരുന്നവന്റെ കാല് കൊത്തും എന്ന് തുറന്നു പ്രഖ്യാപിക്കുന്നു  ധന്യ വേങ്ങച്ചേരിയിലൂടെ, നമ്മുടെ ഗോത്രകവിത.

തുറന്ന പ്രഖ്യാപനങ്ങൾ വേണ്ടിടത്ത് അതു തന്നെ വേണം. എന്നാൽ, അതിനപ്പുറത്ത്, സമകാല ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അനുഭവങ്ങളിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്നുണ്ട് ഇവരുടെ കവിതകൾ. മണ്ണിനേയും പെണ്ണിനേയും മാനിക്കാത്ത, വികസനത്തിന്റെ പെരും വാർപ്പു മാതൃകകൾ ഉയർത്തിപ്പിടിക്കുന്ന, ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും കലവികളിലഭിരമിക്കുന്ന, ഹിംസാത്മകമായ കേരള നാഗരികതയ്ക്കു പകരം ബദൽ ജീവിത സാധ്യതകൾ ഗോത്ര കവിത മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇവരിലാരുടെ കവിത വേണമെങ്കിലും ഇതിനുദാഹരിക്കാവുന്നതാണ്. എങ്കിലും അശോകന്റെയും സുകുമാരന്റെയും കവിതകളിൽ ഈ ബദൽ ജീവിത ദർശനം തെളിമയോടെ വായിക്കാനാവും. ഗോത്ര ജീവിത പാരമ്പര്യത്തെ അഭിമാനത്തോടെ തോറ്റിയുണർത്തുന്ന കവിതകളാണിവ.

ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തു നിന്നുള്ളവർക്ക് ചില മുൻ ധാരണകളുണ്ട്. ആദിവാസി ജീവിത പശ്ചാത്തലത്തിൽ പുറത്തു നിന്നുള്ള എഴുത്തുകാർ എഴുതിയ നോവലുകളും കവിതകളും വായിച്ചാൽ ഈ മുൻധാരണ വെളിപ്പെടും. എന്നാൽ, ഈ മുൻ ധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്രഭാഷാ കവിതകൾ . സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുമ്പോൾ തന്നെ, പുറം ലോകം പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രതിഷേധമുദ്രാവാക്യമാകാതിരിക്കാനുള്ള സൗന്ദര്യാത്മകവും രാഷ്ട്രീയവുമായ ജാഗ്രത ഗോത്രഭാഷാ കവിതകൾക്കുണ്ട്.  അടിമുടി സൗന്ദര്യാത്മകവും ആനന്ദാത്മകവും കൂടിയാണ് അവ. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. ഗോത്രജീവിതത്തിന്റെ സാംസ്ക്കാരിക സ്വത്വത്തെ ഭാഷപ്പെടുത്തുന്നവയാണ് അശോകന്റെയും സുകുമാരന്റെയും കവിതകൾ. രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രതിരോധത്തിൽ ഊന്നുന്നു പി.ശിവലിംഗന്റേയും ധന്യ വേങ്ങച്ചേരിയുടെയും ലിജിന കടുമേനിയുടെയും രാഗേഷ് നീലേശ്വരത്തിന്റെയും കവിതകൾ. പൊതു സമൂഹത്തോടുള്ള ചോദ്യങ്ങളുടെ ഭാഷ സ്വീകരിക്കുന്നു മണികണ്ഠൻ അട്ടപ്പാടി. ഗോത്രജീവിതത്തിലെ ആത്മീയാനുഭവത്തെ അജയൻ മടൂരും ആനന്ദാനുഭവത്തെ സുകുമാരൻ ചാലിഗദ്ധയും ആഘോഷിക്കുന്നു.

ഗോത്ര കവിതകൾ എന്നു കേൾക്കുമ്പോൾ ഒരു പക്ഷേ നാം ധരിക്കുക, ആദിവാസി പാട്ടുകളുടെ സ്വഭാവമുള്ള കവിതകളാണിവ എന്നാകും.എന്നാൽ ഈ കവികൾ എഴുതുന്നത് അധികവും ഗദ്യത്തിലാണ്. ഗോത്രപ്പാട്ടുകളുടെ ഈണവും താളവും മുഴക്കവും ഉൾച്ചേർത്തുകൊണ്ട്, പുതുകാലത്തോട് സംവദിക്കുന്ന ഗദ്യം ഇവർ കൂടുതലായി സ്വീകരിക്കുന്നു. എങ്കിലും സുകുമാരൻ ചാലിഗദ്ധയെപ്പോലുള്ള ചില കവികൾ പുതിയ കാലത്തിന്റെ പാട്ടുകൾ എഴുതുന്നുണ്ട്.

ഗോത്രഭാഷാകവികളുടെ ഈ നീണ്ട നിരയിൽ ധാരാളം പെൺവഴികളും കാണാനാവുന്നു എന്നത് പ്രധാനമാണ്. അശോകൻ മറയൂരിനും സുകുമാരൻ ചാലിഗദ്ധക്കുമൊപ്പം ഈ പുതിയ മുന്നേറ്റത്തിനു തുടക്കമിട്ടവരിൽ ഒരാൾ ധന്യ വേങ്ങച്ചേരിയാണ്. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഗോത്രഭാഷാ കവിതകളുടെ രംഗാവതരണത്തിന് നേതൃത്വം നൽകുക കൂടി ചെയ്യുന്നുണ്ട് ഇപ്പോൾ ധന്യ. രാഷ്ട്രീയമായ ഉണർവുള്ളവയാണ് ഗോത്രഭാഷാ പെൺകവിതകൾ മിക്കതും. ഈ പെൺസാന്നിദ്ധ്യം ഇന്ത്യയൊട്ടുക്കുമുള്ള ആദിവാസി കവിതയുടെ തന്നെ സവിശേഷതയായി കാണാമെന്ന് ഇന്ത്യൻ ഗോത്രഭാഷാ കവിതകളുടെ സമാഹർത്താവും ഗുജറാത്തി എഴുത്തുകാരനുമായ കാഞ്ചി പട്ടേൽ അടുത്തിടെ ഒരഭിമുഖത്തിൽ പറയുകയുണ്ടായി :
"ആദിവാസി സ്ത്രീ കവികളുടെ കവിതകൾ ഹരിതാഭമാണ്. പ്രാദേശിക സമൂഹവും ആഗോള സമൂഹവും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളോട് ആഴത്തിൽ സംവദിക്കുന്നതാണ്.  ലോകം ഇന്ന് ഹരിത രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിലതുണ്ട്, കലകളിലും, കരകൗശലങ്ങളിലും, കവിതകളിലുമതുണ്ട്. അരുണാചലിൽ നിന്നുള്ള ജമുനാ ബിനി, ത്സാർഖണ്ഡിൽ നിന്നുള്ള ജസീന്താ കെർക്കോട്ടാ, മഹാരാഷ്ട്രയിലെ മതുര ഗോത്രത്തിൽ നിന്നുള്ള ഉഷ കിരൺ, ആസ്സാമിലെ ടീ-ട്രൈബ് വിഭാഗത്തിൽ നിന്നുള്ള കബിത കർമാക്കർ തുടങ്ങി നിരവധി ശ്രദ്ധേയ കവികൾ ഗോത്രകവിതയുടെ സ്ത്രീ ശബ്ദം കേൾപ്പിക്കുന്നുണ്ട്" (ഗോത്രകവിതയിലുണ്ട് പ്രകൃതിയുടെ താക്കോൽ - അഭിമുഖം, കാഞ്ചി പട്ടേൽ/ ആദിൽ മഠത്തിൽ - കേരളീയം ഡിസംബർ 2022)

സംസ്കൃത അധിനിവേശത്തിനു മുമ്പുള്ള ദ്രാവിഡ സംസ്കൃതിയുടെ നേർവേരുകളിൽ നിന്നുള്ള പൊട്ടിച്ചിനപ്പുകളായി ഈ കവിതകളെ കാണാനാവും. കുറിഞ്ഞിത്തിണയിൽ പെട്ട സംഘം കവിതകളിലെ ജീവിതവും പ്രകൃതിയും സംസ്കാരവും ഓർമ്മയിലുണർത്താൻ പോരുന്നവയാണ് ഈ കവിതകളിൽ പലതും. അശോകൻ മറയൂരിന്റെ നിലാനിറപ്പെണ്ണും കാട്ടുകഥയും എന്ന കവിതയിൽ സമകാല ഗോത്രജീവിതത്തിലെ പെൺവാഴ്‌വാണ് കവി ആവിഷ്ക്കരിക്കുന്നതെന്നാൽ പോലും സംഘകാല കുറിഞ്ഞിത്തിണക്കവിതകളുടെ വിദൂര പശ്ചാത്തലം ആ കവിത വായിക്കുമ്പോൾ നാമോർക്കും. അട്ടപ്പാടി തൊട്ട് തെക്കോട്ടുള്ള ഗോത്രഭാഷകൾക്ക് തമിഴിനോടും വയനാട് തൊട്ട് വടക്കോട്ടുള്ള ഗോത്രഭാഷകൾക്ക് കന്നടത്തോടും സാംസ്ക്കാരികവും ഭാഷാശാസ്ത്രപരവുമായ ചാർച്ചകൾ ഉണ്ട്. പാരമ്പര്യത്തിലെ ഈ വ്യത്യാസവും വൈവിദ്ധ്യവും വിവിധ ഗോത്രഭാഷകളിലെഴുതപ്പെടുന്ന കവിതകളെ സവിശേഷമാക്കുന്നു. ഇങ്ങനെ കേരള കവിതയിലെ മുറിഞ്ഞുപോയ പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പായി ഈ കവിതകൾ പുതിയ വായനക്കാർക്കു മുന്നിൽ ഉണർവോടെ എത്തുന്നു.

4

കാലത്തിന്റെയും ദേശത്തിന്റെയും അകലങ്ങളെ ചേർത്തിണക്കി തുന്നുന്ന ഗോത്ര കവിതകൾ കേരളത്തിനു പുറത്തുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് വളരെ സ്വാഗതാർഹമാണ്. പ്രാദേശികമായ മാനത്തിനു പുറമേ, ദേശീയവും ആഗോളീയവുമായ മാനങ്ങളുണ്ട് കേരള ഗോത്രഭാഷാ കവിതക്ക്. സാമൂഹ്യവും രാഷ്ട്രീയവുമായി എന്നപോലെത്തന്നെ സൗന്ദര്യാത്മകമായ പ്രാധാന്യവും അവക്കുണ്ട് എന്നും സൂചിപ്പിക്കുകയുണ്ടായി. ഈ നിലകളിൽ ഇന്ത്യൻ ഗോത്രഭാഷാ കവിതകളോട് ഇവ ചേർത്തു വെച്ചു വായിക്കുക എന്നത് പ്രധാനമാണ്. ആ വഴിക്കുള്ള മാതൃകാപരമായ ഒരു വലിയ പരിശ്രമമാണ് കേരള ഗോത്രഭാഷാകവിതകളുടെ തമിഴ് പരിഭാഷയിലൂടെ എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സുഹൃത്ത് ശ്രീ നിർമ്മാല്യാ മണി നിർവഹിച്ചിരിക്കുന്നത്. ഇവിടെ പ്രതിനിധാനം ചെയ്തിരിക്കുന്ന ഗോത്രഭാഷാസമൂഹങ്ങളിൽ പലതും തമിഴ് നാട്ടിലുമുള്ളവയാണ്. ആ നിലക്ക് തമിഴ് - ദ്രാവിഡ സംസ്കൃതിയിലും സാഹിത്യത്തിലും താല്പര്യമുള്ളവരെയെല്ലാം ഈ പുസ്തകം ആകർഷിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യർ ഉറച്ചു നിന്നു സംസാരിക്കുമ്പോൾ അതിനോടു സാഹോദര്യം കൊള്ളുക മനുഷ്യപ്പറ്റുള്ള ഏവരുടെയും ഉത്തരവാദിത്തം കൂടിയാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയിരിക്കുന്നു നിർമ്മാല്യ മണിയുടെ ഈ പരിഭാഷാ പുസ്തകം. മലയാളത്തിനും തമിഴിനും കന്നടത്തിനുമിടയിലുള്ള ഈ ഗോത്രഭാഷാ സാഹിത്യം മലയാളത്തോടൊപ്പം തമിഴിനേയും, പരിഭാഷപ്പെടുത്തുന്ന പക്ഷം കന്നടത്തേയും കൂടി പുതിയ വിസ്തൃതികളിലേക്ക് നയിച്ചേക്കാം.

(നിർമ്മാല്യ മണി പരിഭാഷപ്പെടുത്തി തമിഴിൽ പ്രസിദ്ധീകരിച്ച കേരള പഴങ്കുടി കവിതൈകൾ എന്ന സമാഹാരത്തിനെഴുതിയ അവതാരിക)

No comments:

Post a Comment