Friday, August 15, 2025

ഡോറിസ് കരേവ (എസ്റ്റോണിയ, ജനനം: 1958)

സന്ദർശകൻ

ഡോറിസ് കരേവ (എസ്റ്റോണിയ, ജനനം: 1958)


വാതിൽ ഞരങ്ങുന്നു മെല്ലെ
കാറ്റു തുറക്കുകയാവാം
മേശപ്പുറത്തുണ്ടത്താഴം
മിണ്ടാതെ തിന്നുന്നെല്ലാരും

കണ്ണുകൾ ഞാനൊന്നുയർത്തേ
കണ്ടു വാതുക്കലായ് നിന്നെ
പൊള്ളച്ചിരിയോടെ നില്പൂ
അത്രയേ നിന്നെക്കൊണ്ടാവൂ

കപ്പു താഴെ വെച്ചെണീറ്റൂ
അത്രയേയെന്നെക്കൊണ്ടാവൂ
നീയെന്നെയങ്ങനെ നോക്കീ
എന്തൊരു സങ്കടനോട്ടം

എത്ര വിചിത്ര,മാശ്ചര്യം
നീയൊട്ടും മാറിയിട്ടില്ല
വായ്കൊണ്ടു നീ തുരക്കുന്നൂ
കയ്പൻ വഴിയൊന്നഗാധം

നിന്നെയിങ്ങോട്ടു ക്ഷണിക്കാൻ
ഞാനാഗ്രഹിച്ചതാണെന്നാൽ
പെട്ടെന്നീ ഭിത്തിയുലഞ്ഞു
വട്ടംചുഴറ്റുകയായി

കണ്ണടച്ചൂ ഞാൻ, തുറക്കേ,
വാതിലടഞ്ഞിരിക്കുന്നു
ഒക്കെയും മുന്നേപ്പോൽത്തന്നെ,
മിണ്ടാതെ തിന്നുന്നത്താഴം

No comments:

Post a Comment