രാജപാതകൾക്കപ്പുറം
കുട്ടിക്കാലം തൊട്ടേ ഞാൻ കേട്ടുപരിചയിച്ചിട്ടുള്ള കവിയാണ് കല്ലന്മാർതൊടി രാമുണ്ണിമേനോൻ. പട്ടാമ്പി കിഴായൂരിലുള്ള എൻ്റെ വീടിൻ്റെ ഇരുഭാഗത്തും കല്ലന്മാർ തൊടി തറവാട്ടുകാരുടെ വീടുകളാണ്. കവി ജനിച്ചു വളർന്ന വീടിനു മുന്നിലൂടെ വേണം കുട്ടിക്കാലത്ത് ഞങ്ങൾക്ക് റെയിലിൻമേലേക്കും റെയിൽപ്പാളത്തിലൂടെ പട്ടാമ്പിക്കും നടന്നുപോകാൻ. പുഴയിൽ കുളിക്കാൻ പോകുമ്പോഴും കൊയ്ത്തുകാലത്തു പാടത്തു പോകുമ്പോഴും പാടത്തിനഭിമുഖമായുള്ള ആ വീടിൻ്റെ മുന്നിലൂടെയാണ് നടന്നുപൊയ്ക്കൊണ്ടിരുന്നത്. ഇവിടെ പണ്ടൊരു കവിയുണ്ടായിരുന്നു എന്നല്ലാതെ എന്താണ് അദ്ദേഹം എഴുതിയിരുന്നത് എന്നതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേട്ടിട്ടുമില്ലായിരുന്നു.
പിന്നീട് കുറേക്കൂടി മുതിർന്നപ്പോഴാണ് ഞാൻ കല്ലന്മാർതൊടി രാമുണ്ണിമേനോനെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നത്. ഞങ്ങളുടെ നാട്ടിലെ പഴയ തലമുറയിലെ പ്രഗത്ഭ മലയാളം അദ്ധ്യാപകനായിരുന്ന ഓട്ടുപുര നാരായണൻ നമ്പൂതിരി എന്ന ഒ എം എൻ മാഷിൻ്റെ സംസാരത്തിൽ നിന്നുമാണ് കവിയെപ്പറ്റി കൂടുതൽ അറിഞ്ഞത്. ഞാൻ പഠിച്ച കിഴായൂർ ഗവ. യു പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ മുദ്ര എന്ന പേരിൽ ഒരു സോവനീർ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ കല്ലന്മാർതൊടിയെപ്പറ്റി മാഷിൻ്റെ ഒരു ലേഖനമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രശസ്തമായ കവിത മുക്കുറ്റിപ്പൂവിനെക്കുറിച്ച് ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതുവായിച്ച് ഞാൻ മാഷോടു ചോദിച്ചു, അതെന്താണ് ലേഖനത്തിൽ ഉദ്ധരിക്കാതിരുന്നത് എന്ന്. അത്രയും പ്രശസ്തമായ കവിതയല്ലേ അത്, എല്ലാവർക്കുമറിയാവുന്ന കവിത എന്തിനാണ് ഉദ്ധരിക്കുന്നത് എന്നായി മാഷ്. അതെ, മാഷിൻ്റെ തലമുറയിൽ പെട്ടവർക്ക് അത്രമേൽ പരിചിതമായിരുന്നു ആ കവിത. ഏറെക്കാലം അത് ഏതോ പഴയ പാഠപുസ്തകത്തിലുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ പാഠപുസ്തകവും ആ തലമുറയും പിൻവാങ്ങിയപ്പോൾ ആ കവിതയെക്കുറിച്ചുള്ള ഓർമ്മയും പിൻവാങ്ങിക്കഴിഞ്ഞിരുന്നു. കല്ലന്മാർതൊടിയുടെ തൊട്ടടുത്ത മറ്റൊരു വീട്ടിൽ ജനിച്ചു വളർന്നു കവിതയെഴുതിത്തുടങ്ങുന്ന എൻ്റെ ഭാവിയും ഇങ്ങനെത്തന്നെയാവുമല്ലോ എന്ന വിചാരവും അന്ന് മനസ്സു മങ്ങിക്കുകയുണ്ടായി. അതിനു ശേഷമാണ് ആ പഴയ കവിയുടെ കവിതകൾ ഞാൻ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങിയത്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കവിത കേരളത്തിലെ ഏറ്റവും സൂക്ഷ്മ സംവേദനക്ഷമതയുള്ള പൊതുവിടമായി മാറിയ കാലത്താണ് കല്ലന്മാർതൊടി രാമുണ്ണി മേനോൻ്റെ കവിതകൾ പുറത്തു വരുന്നത്. 1920 കളിലും മുപ്പതുകളിലുമാണ് അദ്ദേഹത്തിൻ്റെ കവിതകൾ ശ്രദ്ധിക്കപ്പെട്ടത്.ആ കാലത്തിൻ്റെ വിങ്ങലും വേദനയും പ്രതീക്ഷയുമെല്ലാം സമകാലീനരായ കവിസഹോദരങ്ങൾക്കൊപ്പം അദ്ദേഹം പങ്കിട്ടു.ദേശീയ പ്രസ്ഥാനത്തിൻ്റെയും ഗാന്ധിദർശനത്തിൻ്റെയും ഉദ്ഗാതാവ്, ജാതിപോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തിയ വിപ്ലവപ്പോരാളി, വള്ളത്തോൾ സ്കൂളിലെ പ്രമുഖാംഗം, പുന്നശ്ശേരിക്കളരിയിൽ വിരിഞ്ഞ കവി എന്നീ നിലകളിലൊക്കെ കല്ലന്മാർതൊടിയുടെ പ്രാധാന്യം നേരത്തേ പഠിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. ക്ഷേത്രപ്രവേശനത്തിൻ്റെ പശ്ചാത്തലത്തിൽ കല്ലന്മാർതൊടി എഴുതിയ കവിത അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. സാഹിത്യ ചരിത്രകാരന്മാർ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുള്ള അക്കാര്യങ്ങളിലേക്ക് ഈ ചെറുകുറിപ്പ് കടക്കുന്നില്ല. മറിച്ച് ഇന്നത്തെ വായനയിൽ ശ്രദ്ധയിലേക്കുവരുന്ന മറ്റു ചില സവിശേഷതകളിലേക്കാണ് നമ്മൾ പോകുന്നത്.
കേരളീയ നവോത്ഥാന ഫലമായ പൊതുബോധത്തിൻ്റെ സൃഷ്ടിയായിരിക്കേത്തന്നെ, പൊതുബോധത്തിൽ അന്നു പ്രകടമായിക്കഴിഞ്ഞിട്ടില്ലാത്ത വ്യത്യസ്തവും മൗലികവുമായ ചില കാഴ്ചപ്പാടുകൾ സൂക്ഷ്മരൂപത്തിൽ ആദ്യം അവതരിച്ച കവിതയാണ് കല്ലന്മാർതൊടിയുടേത്. ചെറുതിൻ്റെ പ്രസക്തി എന്ന ആശയമാണ് ഇതിൽ പ്രധാനം. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളോടു പ്രതിഷേധിക്കുന്ന മുക്കുറ്റിപ്പൂവ് എന്ന കവിതയിൽ ചെറുതിൻ്റെ ആഘോഷം കൂടിയുണ്ട്. വള്ളത്തോൾ സ്കൂളിൽ പെട്ട കവിയെന്നു കേൾവികേട്ടിട്ടുണ്ടെങ്കിലും കല്ലന്മാർതൊടിയുടെ ഈ കവിതയിൽ ആശാൻ്റെ ദുരവസ്ഥയുടെ അവസാന ഭാഗത്തിൻ്റെ സ്വാധീനമാണു കാണുന്നത്. പല ജാതിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഉദ്യാനമായ നമ്മുടെ സമൂഹത്തിൽ മുക്കുറ്റിപ്പൂവിനും ഇടമുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. മുക്കുറ്റിപ്പൂവാണ് പ്രശസ്തമെങ്കിലും ഈ ആശയം കൂടുതൽ മിഴിവോടെ പ്രകടമാവുന്ന കവിത നാളത്തെ സുപ്രഭാതമാണ്. തനതായ ദർശനവും മൗലികതയുമുള്ള ഒരു കവിയായി കല്ലന്മാർതൊടി വളർന്നുവരുന്ന കാലത്തെ രചനയാണ് ഇത്.നമുക്കു രാജപാതകൾ വേണ്ട ഊടുപാതകൾ മതി എന്നു തുറന്നു പ്രഖ്യാപിക്കുന്നു എന്നതാണ് ഈ കവിതയെ ശ്രദ്ധേയമാക്കുന്നത്. പൊടി മൂടിയ രാജപാതയേക്കാൾ, കല്ലും മുള്ളും വള്ളിപ്പടർപ്പുമുള്ളതാണെങ്കിൽ പോലും "പച്ചപ്പുൽ വിരിപ്പാണ്ട നിർമ്മലമാകും ഊടുപാതതാൻ അത്യുത്തമം" എന്ന് നാളത്തെ സുപ്രഭാതം എന്ന കവിതയിലദ്ദേഹം പ്രഖ്യാപിക്കുന്നു.പൊതുബോധം തന്നെയല്ലേ ഈ രാജപാത? സംസ്കാരത്തിൻ്റെ സൂക്ഷ്മ വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇന്ന് ഈ ഊടുപാതകളെ നമുക്കു വായിക്കാവുന്നതല്ലേ? പെരുംവാർപ്പുകൾ നമ്മുടെ പ്രകൃതിക്കിണങ്ങിയതല്ല എന്നും പച്ചപ്പുൽ വിരിപ്പാണ്ടത് ഊടുവഴികളാണെന്നും അവയിലൂടെ പോകുന്നതാണ് നല്ലതെന്നും കഴിഞ്ഞ നൂറ്റാണ്ടിൻ്റെ തുടക്കത്തിലേ ഈ കവി നമ്മെ ഓർമ്മപ്പെടുത്തി.ആധുനികാനന്തര ചിന്തകളുടെ ഒരു മുൻനിഴൽ കല്ലന്മാർതൊടിക്കവിതയിൽ വീണു കിടക്കുന്നത് ഇവിടെ കാണാം.
പ്രവാസം നേരിട്ടുള്ള ഒരു വിഷയമായി കല്ലന്മാർതൊടിക്കവിതയിൽ വരുന്നു എന്നതും ഇന്നു വായിക്കുമ്പോൾ ഏറെ പ്രസക്തമാകുന്നു. ഉപജീവനത്തിനായി കൂട്ടത്തോടെ നാടുവിടുന്ന സാമൂഹ്യപ്രതിഭാസം കേരളത്തിൽ ശക്തമാവുന്നതിനും വളരെ മുമ്പാണ് അദ്ദേഹം പ്രവാസി മലയാളിയുടെ വികാരലോകം തിരിച്ചെത്തി എന്ന കവിതയിലൂടെ ആവിഷ്ക്കരിക്കുന്നത്. നാടുവിട്ടുപോയവൻ നാട്ടിലേക്കു മടങ്ങിയെത്തുന്നതിൻ്റെ ആനന്ദമാണ് ഈ കവിത.പ്രവാസിയുടെ മനോവ്യഥ നേരിട്ടാവിഷ്കരിക്കുന്ന മലയാളത്തിലെ ആദ്യ കവിതകളിലൊന്നാണിത്. ഇവിടെയും കല്ലന്മാർതൊടിയുടെ മുൻഗാമിയായി വള്ളത്തോളിനെയല്ല ആശാനെത്തന്നെയാണ് നമുക്കു കാണാനാവുക.1895-98 കാലത്ത് കുമാരനാശാനെഴുതിയ പ്രവാസകാലത്തു നാട്ടിലെ ഓർമ്മകൾ എന്ന കവിത ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. വൈകാരികാംശം താരതമ്യേന ശുഷ്കമാണ് ആശാൻ്റെ ഈ കവിതയിൽ എന്നുമോർക്കണം.ഉപജീവനത്തിനായുള്ള പ്രവാസം മലയാളി സ്വീകരിച്ചുതുടങ്ങിയ കാലത്തിൻ്റെ വൈകാരിക മുദ്ര കല്ലന്മാർതൊടിയുടെ കവിതയിലുണ്ട്:
നാടു വിട്ടിട്ടു കാലം പാർക്കുകിലൊരുപാടാ-
യീടിലും മറന്നിട്ടില്ലെന്നെയിന്നിവരാരും
എന്ന തുടക്കവരികൾ, മലയാളത്തിൽ 2000-നു ശേഷം രചിക്കപ്പെട്ട ഒരു പ്രവാസ കവിതയുടെ തുടക്കവരിയുമായി ഒന്നു ചേർത്തുനിർത്തി വായിക്കുക കൗതുകകരമാകും:
വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലർ
(കർക്കടകം - കെ.എം.പ്രമോദ്)
ഫോണിലൂടെ പ്രവാസി കേൾക്കുന്നത് തവളകളുടെ ശബ്ദമെങ്കിൽ നാട്ടിൽ തിരിച്ചെത്തുന്ന കല്ലന്മാർതൊടിയുടെ പ്രവാസി ആദ്യം കേൾക്കുന്നത് 'കിലുകിലെ' കിളിയൊച്ചകളാണ്. അരുവികളേയും മലകളേയും മനം നിറഞ്ഞു കണ്ട് ഗ്രാമത്തിലെ പരന്ന പാറപ്പുറത്തിരുന്നു വിശ്രമിക്കുകയാണ്. നാട്ടിലെ പാറകളാണ് പ്രവാസിയുടെ വികാരലോകത്തോട് താദാത്മ്യപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാസിയുടെ മനസ്സ് മറ്റു മനുഷ്യർ മനസ്സിലാക്കുന്നില്ല എന്നുകൂടി കവി ധ്വനിപ്പിക്കുന്നുണ്ടിവിടെ :
മയങ്ങിയാനന്ദത്താൽ ചെവിയോർത്തനങ്ങാതെ
മലർന്നുകിടക്കുമീപ്പാറകൾ നമ്മോടൊപ്പം.
നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസിയുടെ കുതിച്ചാർക്കുന്ന ഈ ആനന്ദത്തിൻ്റെ പിൽക്കാലവിടർച്ച നാം വൈലോപ്പിള്ളിയുടെ ആസാംപണിക്കാരിൽ (1941) കാണുന്നു.
1900-ൽ ജനിച്ച് 1948-ൽ അന്തരിച്ച കല്ലന്മാർതൊടി തൻ്റെ കവിതകളെല്ലാം എഴുതിയത് ഇരുപത്തഞ്ചു വയസ്സിനു മുമ്പായിരുന്നെന്ന് കവിയുമായി അടുത്തിടപഴകിയിട്ടുള്ള കെ.എസ്.എഴുത്തച്ഛൻ രേഖപ്പെടുത്തിയിട്ടുണ്ട്.("സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തഞ്ചു വയസ്സിൽ അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു. പറയത്തക്ക വല്ല കവിതയും അതിനുശേഷം അദ്ദേഹമെഴുതിയിട്ടുണ്ടോ എന്നു സംശയമാണ്"- കല്ലന്മാർതൊടി രാമുണ്ണിമേനോൻ - കെ.എസ്.എഴുത്തച്ഛൻ) എങ്കിൽ 1925-നു മുമ്പെഴുതിയവയാണ് ഇവിടെ പരാമർശിച്ച കവിതകളെല്ലാം. മഹത്തായൊരു സംഘഗാനത്തിലെ കണ്ണിയായിരിക്കെത്തന്നെ, കേരളീയ ജീവിതത്തിൻ്റെ സൂക്ഷ്മ വൈവിധ്യത്തിലേക്കും രാജപാതകൾക്കപ്പുറത്തെ പുതുവിശാലതകളിലേക്കും ആദ്യം കണ്ണുനട്ട കവിയുമായിരുന്നു കല്ലന്മാർതൊടി രാമുണ്ണിമേനോൻ.
കല്ലന്മാർതൊടിയുടെ ഒരു ചെറുകവിത പല ജീവിതസന്ദർഭങ്ങളിലും എൻ്റെ ഓർമ്മയിലേക്കു കടന്നുവരാറുള്ളതു കൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. പല കവിതകളിലേയും ചില വരികൾ ചില സമയങ്ങളിൽ മനസ്സിലേക്കു തിക്കിവരും. വാർദ്ധക്യപരാധീനതകൾ കീഴ്പെടുത്തും മുമ്പ് അറുപത്തഞ്ചാം വയസ്സിൽ മരിച്ചു പോയ ഒരാളുടെ ശവസംസ്ക്കാര വേളയിൽ സഹൃദയനായ ഒരു പരിചയക്കാരൻ എന്നോടു പറഞ്ഞു, "ജരക്കു മുമ്പേ മരണം മനോഹരം" എന്നല്ലേ പറയുക എന്ന്. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നില്ല ആ വരി ഏതു കവിതയിലേതെന്ന്.ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ വരിയാണതെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. ഇങ്ങനെയുമാണ് കവിത നിത്യജീവിതത്തിൽ ഇടപെടുക. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കാലത്ത് പല സന്ദർഭങ്ങളിൽ കല്ലന്മാർതൊടിയുടെ ഈ ചെറുകവിത എൻ്റെ ഓർമ്മയിൽ വരാറുണ്ട്:
സത്യം ചന്ദനവൃക്ഷമേ, സുരഭിലം ത്വദ് ശീതളച്ഛായ വി-
ട്ടിത്ഥം പോവതിലുണ്ടു വേദന മനസ്സി,ന്നെന്തു ചെയ്യേണ്ടു ഹാ!
പൊത്തിൽ പാർത്തു വരുന്നതാ വിഷമെഴും പാമ്പാണു പേടിക്കണം
കൊത്തും മുമ്പൊഴിയുന്നതാണു വരമെന്നോർക്കുന്നു,മാപ്പേകണേ!
സംസ്കൃത നീതിസാരശ്ലോകങ്ങളുടെ ഛായയുള്ള ഒരു മുക്തകമാണിത്. എന്നാൽ പുതിയ കാലത്തും തൊഴിലിടത്തിലോ ജനങ്ങൾ കൂടുന്ന മറ്റേതു പൊതുവിടത്തിലോ കുടുംബഘടനക്കകത്തു തന്നെയോ ആയാലും ഈ വരികളിലെ വൈകാരികത നമുക്കിന്നും തൊട്ടറിയാനാവും. സുഗന്ധമുള്ള ചന്ദന വൃക്ഷത്തിൻ്റെ കുളിർ തണലിലിരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കൊത്തും മുമ്പൊഴിയുന്നതാണു നല്ലത് എന്നു തോന്നാറുള്ള ജീവിത സന്ദർഭങ്ങളിലെല്ലാം കല്ലന്മാർതൊടിയുടെ ഈ ശ്ലോകം ഓർമ്മയിൽ വരാറുണ്ട്. മലയാള കവിതയിൽ നിന്ന് അദ്ദേഹം ചെറുപ്രായത്തിൽ തന്നെ എഴുത്തവസാനിപ്പിച്ചു നിശ്ശബ്ദനായി വിട്ടുപോയതും കൊത്തേൽക്കുംമുമ്പ് ഒഴിയുന്നതാണു നല്ലതെന്ന തോന്നലാലായിരിക്കുമോ എന്ന സംശയകൗതുകവും അതോടൊപ്പം പൊന്തിവരുന്നു. എവിടുന്നാണ് കൊത്തേൽക്കുക എന്നു പറയാൻ കഴിയാത്ത ഒരു സാഹിത്യാന്തരീക്ഷത്തിലിരുന്നാണല്ലോ നമ്മളും കവിതകൾ എഴുതുന്നത്.
No comments:
Post a Comment