Friday, August 15, 2025

മലയാളം മുതൽ മലയാളം വരെ

മലയാളം മുതൽ മലയാളം വരെ



പ്രാചീന മലയാള കാവ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് രാമചരിതം. കണ്ടുകിട്ടിയ പ്രാചീന കൃതികളിൽ വെച്ച് ഏറ്റവും പഴക്കം ചെന്നതെന്നു ഗവേഷകർ പലരും നിരീക്ഷിച്ചതിനാൽ മലയാളത്തിലെ ആദികാവ്യമെന്ന അംഗീകാരം രാമചരിതത്തിനു ലഭിച്ചിട്ടുണ്ട്. ഈ കൃതിയുടെ കാലം, ഭാഷ, തമിഴും പിൽക്കാല മലയാളവുമായി രാമചരിത ഭാഷക്കുള്ള ബന്ധം, ഇതുൾപ്പെടുന്ന പാട്ടുപ്രസ്ഥാനം, കർത്താവ്, രചനോദ്ദേശ്യം, എഴുതപ്പെട്ട പ്രദേശം, ചരിത്രസൂചനകൾ, കമ്പരാമായണം,വാല്മീകി രാമായണം തുടങ്ങിയ മുൻ കൃതികളുമായുള്ള ബന്ധം, വൃത്തവ്യവസ്ഥ, പ്രാസങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ധാരാളം പഠനങ്ങൾ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. മലയാളം എം.എ, ബി.എ ക്ലാസുകളിൽ നിരവധികാലമായി ഇതൊരു പാഠ്യവസ്തുവാണ്. ബി.എ ക്കും എം.എ ക്കും ഞാനും ഇതിലെ ഒന്നോ രണ്ടോ പടലങ്ങൾ പഠിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഭാഷാ - സാഹിത്യ പണ്ഡിതർക്കുള്ള അക്ഷയഖനിയാണ് രാമചരിതം. അത് ആ നിലയിൽ വളരെ പ്രസക്തവുമാണ്.

എന്നാൽ കവിത വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഇതുവരെയുണ്ടായ രാമചരിതപഠനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഒരു കാവ്യം എന്ന നിലയിൽ ഇതിൻ്റെ ആസ്വാദ്യത പിൽക്കാല തലമുറകളിലേക്കെത്തിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മലയാളത്തിൻ്റെ ഈ ആദികാവ്യം, അമ്പതാം വയസ്സു കഴിഞ്ഞ ശേഷമാണ് ഞാൻ വായിക്കാൻ തുനിഞ്ഞിറങ്ങിയത്. അക്കാദമികം മാത്രമല്ല ഈ കൃതിയുടെ പ്രാധാന്യം എന്ന് അപ്പോൾ മനസ്സിലായി. രാമചരിതം പഠിക്കാൻ വേണ്ടി മാത്രമുള്ളതല്ല, വായിച്ചാസ്വദിക്കാൻ വേണ്ടിയുള്ളതു കൂടിയാണ്. സമ്പന്നമായ ഒരു ജനഗാഥയാണത്. രംഗാവതരണത്തിനു പിന്നണിയായി പാടുന്ന പാട്ടല്ലേ ഇത് എന്നു പോലും വായിച്ചു വരവേ തോന്നി. ഈണങ്ങളുടെയും താളങ്ങളുടെയും സമൃദ്ധിയാണ് ഏറ്റവും ആകർഷിച്ചത്.മലയാള വൃത്തങ്ങൾ ഇന്നുള്ള രീതിയിലേക്കു പുരോഗമിക്കുന്ന സംക്രമഘട്ടത്തിലെ കൃതിയായി ഇതനുഭവപ്പെട്ടു. ആ ഈണങ്ങളും താളങ്ങളും കിളിപ്പാട്ട്, തുള്ളൽ, മാപ്പിളപ്പാട്ട് ഈണങ്ങളും താളങ്ങളുമായി പടരുന്നതിനു മുന്നോടിയായ ഒരു ജങ്ഷൻ എന്നു പറയാം. പടയണിപ്പാട്ടുകളിലും ഭഗവതിപ്പാട്ടുകളിലുമെല്ലാം ഈ താളങ്ങൾ ഒലികൊള്ളുന്നതായി തോന്നി. തമിഴത്തവും സംസ്കൃതത്തവുമില്ലാത്ത, മലയാളിത്തമുള്ള ഒട്ടനേകം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ശേഖരമാണാ കൃതി. ധ്വനിപ്രധാനമല്ല അത്. മറിച്ച് വിരണാത്മകതക്കും രൂപഘടനക്കും ശബ്ദതലത്തിനുമാണ് പ്രാധാന്യം.

രാമചരിതത്തിലേക്ക് എൻ്റെ താല്പര്യം പതിഞ്ഞത് യാദൃച്ഛികമായാണ്. കോപ്പി ലെഫ്റ്റ് ആയ കൃതികൾ പൊതുസമൂഹത്തിന് പ്രയോജനകരമാം വിധത്തിൽ ഡിജിറ്റൽ പ്രകാശനം നടത്തിക്കൊണ്ടിരിക്കുന്ന സായാഹ്ന ഫൗണ്ടേഷൻ രാമചരിതം ചെറു വ്യാഖ്യാനത്തോടു കൂടി പ്രകാശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിലൊരു പടലത്തിന് ഗദ്യവ്യാഖ്യാനമെഴുതാമോ എന്ന് എന്നോടു ചോദിച്ചു. മലയാളം ലിപിവിന്യാസവിദഗ്ദ്ധനും എൻ്റെ ജ്യേഷ്ഠസുഹൃത്തുമായ പി.കെ.അശോക് കുമാറാണ് എന്നോടക്കാര്യം അന്വേഷിച്ചത്. ലഘുവ്യാഖ്യാനമെഴുതാനായി ഒരു പടലം എനിക്കു തന്നു. ചെയ്യാൻ തുടങ്ങിയപ്പോൾ ആ പണി എനിക്ക് യാന്ത്രികമായിത്തോന്നി. ആ പടലം ആവർത്തിച്ചു വായിച്ചപ്പോൾ തോന്നിയ ആശയമാണ് വൃത്താനുവൃത്ത പരിഭാഷ എന്നത്. ഒരു വിധം ചെയ്തൊപ്പിച്ചു എന്നേ പറയാൻ പറ്റൂ. ചില പാട്ടുകളിലെ ആശയം മുഴുമിക്കാൻ നാലിനു പകരം അഞ്ചു വരി വേണ്ടിവരികയും ചെയ്തു. അന്താദിപ്രാസം ഉൾപ്പെടെയുള്ള ശബ്ദാലങ്കാരങ്ങൾ കൈവിട്ടുകളയേണ്ടിവന്നു. സായാഹ്ന ഫൗണ്ടേഷൻ രാമചരിതം മുഴുവനും ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ ചെയ്ത ഒരു പടലം മാത്രം വ്യാഖ്യാനമല്ലാതെ പദ്യപരിഭാഷയായി നിലനിന്നു. എന്നാൽ ആ ശ്രമത്തിൻ്റെ ഫലമായി രാമചരിതം ആദ്യം മുതൽ വായിക്കാനാരംഭിച്ചു. അപ്പോഴാണ് ആ കൃതിയുടെ മലയാളിത്തം ഭാഷയിലും സ്വരൂപത്തിലും പരമാവധി നിലനിർത്തിക്കൊണ്ട് പിൽക്കാല മലയാളത്തിലേക്ക് പകർത്തേണ്ടതിൻ്റെ പ്രാധാന്യം ബോധ്യമായത്. പരിഭാഷ തുടർന്നത് അശോകേട്ടൻ നൽകിയ പ്രേരണയും പ്രോൽസാഹനവും ഒന്നുകൊണ്ടു മാത്രമാണ്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച, പി.വി. കൃഷ്ണൻ നായരുടെ വ്യാഖ്യാനത്തോടു കൂടിയ രാമചരിതം മുഴുവൻ പടലങ്ങളും അശോകേട്ടൻ സ്കാൻ ചെയ്ത് എനിക്കയച്ചു തന്നു.

164 പടലങ്ങളും പരിഭാഷപ്പെടുത്താനാണ് ആഗ്രഹിച്ചത്. അതിനായാണ് ശ്രമം തുടങ്ങിയതും. എന്നാൽ അത് സമയബന്ധിതമായി പൂർത്തിയാക്കുക പ്രയാസമാകും എന്ന് വൈകാതെ ബോധ്യപ്പെട്ടു. വാസ്തവത്തിൽ ഒരു പാടു സമയം നീക്കിവെക്കേണ്ട അത്ര പ്രാധാന്യമുള്ള ഒരു ശ്രമമാണിത്. സർവ്വകലാശാലകളുടേയും മറ്റും നേതൃത്വത്തിൽ സംഘടിതമായി നടക്കേണ്ട ശ്രമം.എന്നാൽ വ്യക്തിപരമായി തുനിഞ്ഞിറങ്ങിയ എനിക്ക് ചെലവഴിക്കാൻ കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ. ഹയർ സെക്കൻ്ററി വിദ്യാർത്ഥികളെ പരീക്ഷക്കൊരുക്കുക, സ്കൂളിലെ നിത്യനിദാനപ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ദിനകൃത്യങ്ങൾ കഴിഞ്ഞാൽ പിന്നെ കിട്ടുന്ന തീരെക്കുറച്ചു സമയം കൊണ്ട് രണ്ടു കൊല്ലമെടുത്താണ് ഇത്രയെങ്കിലും പൂർത്തിയാക്കാനായത്. ഈ പരിഭാഷ ചെയ്തു മുഴുമിക്കാനായി രണ്ടു മാസമെങ്കിലും ലീവ് അനുവദിക്കുമോ എന്ന് അപേക്ഷിക്കാൻ പറ്റിയ അക്കാദമിക സാഹചര്യം കേരളത്തിൽ ഇല്ലല്ലോ. അതുകൊണ്ട് അമ്പതു പടലത്തിൽ അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. അത് പ്രസിദ്ധീകരിച്ച ശേഷം പിന്നീട് സമയം ലഭിക്കുകയാണെങ്കിൽ ബാക്കി ചെയ്യാം എന്ന നിലയിൽ. അപ്പോഴാണ് 51 -ാം പടലം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്നിൽ നിൽക്കുന്നത്. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ മട്ട് വലിയ വ്യത്യാസമില്ലാതെ നമ്പ്യാർക്കും അഞ്ഞൂറു കൊല്ലം മുമ്പ് രാമചരിതത്തിൽ അവതരിപ്പിക്കപ്പെട്ടതു കണ്ട സന്തോഷത്തിലാണ് അങ്ങനെ ഇത് തൽക്കാലം 51 -ാം പടലത്തോടെ അവസാനിപ്പിച്ചത്. രാമചരിതത്തിൽ വായിച്ചറിഞ്ഞ തുള്ളൽമട്ട് ഒരു പ്രസ്ഥാനമായി പന്തലിക്കാൻ പിന്നീട് അഞ്ഞൂറു കൊല്ലം വേണ്ടിവന്നു എന്നും പറയാം. കാവ്യചരിത്രഗതിയിൽ അഞ്ഞൂറു കൊല്ലമൊക്കെ എത്ര ചെറുത് എന്നു പഠിക്കാൻ ഈ വിവർത്തനപ്രക്രിയയിലൂടെ കഴിഞ്ഞു. സ്വന്തം എഴുത്തിനെയും സമകാലസാഹിത്യത്തെയും കുറിച്ചുള്ള ഉത്ക്കണ്ഠകൾ അനാവശ്യമെന്നു തള്ളാൻ ഇതെന്നെ സഹായിച്ചു.

ആശയം അറിയലോ അറിയിക്കലോ ഈ പരിഭാഷയുടെ പ്രധാന ലക്ഷ്യമല്ല. മറിച്ച് ഭാഷയും സ്വരൂപവും അറിയലും അറിയിക്കലുമാണ്. ഏതേതു നിലകളിലാണ് ഇന്നോളമുള്ള മലയാള കവിതയെ ഈ ആദികാവ്യഭാഷയും സ്വരൂപവും സ്വാധീനിച്ചത് എന്നു പരിശോധിക്കാൻ ഈ പരിഭാഷാകർമ്മം എനിക്കവസരം തന്നു. തമിഴ് പാട മാറ്റിയാൽ ഇന്നത്തെ മലയാള വായനക്കാരേയും ആകർഷിക്കാൻ പോന്ന ചില സവിശേഷതകൾ തീർച്ചയായും ഇതിനുണ്ട്.

ദ്രമിഡസംഘാതാക്ഷരനിബദ്ധം എതുക മോനവൃത്തവിശേഷയുക്തം പാട്ട് എന്നതാണല്ലോ പാട്ടുപ്രസ്ഥാനത്തിൻ്റെ പ്രസിദ്ധ നിർവചനം. പാട്ടിൻ്റെ നിയമാവലികൾ നിർബന്ധപൂർവ്വം പാലിക്കാൻ ഈ പരിഭാഷയിൽ ശ്രമിച്ചിട്ടില്ല. കാരണം പാട്ട് നമ്മുടെ സാഹിത്യ ചരിത്രത്തിലെ പിന്നിട്ടു പോയ ഒരു ഘട്ടത്തെ കുറിക്കുന്നു. അതതേപടി പുനരാവിഷ്കരിക്കുന്നത് ഇന്ന് കൃത്രിമമായിരിക്കും. എന്നാൽ രാമചരിതഭാഷയുടെ പ്രാചീനതയുടെ ചില മുദ്രകൾ നിലനിർത്തുകയും വേണം. വൃത്തവിശേഷം സ്വാഭാവികമായി സാധ്യമായേടത്തോളം പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. കാരണം ആ വൃത്തങ്ങൾ മിക്കതും ഇന്നും മലയാളത്തിൽ നിലനിൽക്കുന്നുണ്ട്. കമ്പരാമായണത്തിലേയും അതിനു മുമ്പുള്ള തമിഴ് കാവ്യങ്ങളിലേയും വൃത്ത വ്യവസ്ഥയുടെ തുടർച്ചയും പരിണാമവുമാണ് രാമചരിതവൃത്തങ്ങളെന്ന് ഡോ.മനോജ് കുറൂരിനെപ്പോലുള്ള പണ്ഡിതന്മാർ നിരീക്ഷിച്ചിട്ടുണ്ട്. ദ്രാവിഡാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചാൽ ഇന്നത് കൃത്രിമമാകും എന്നതിനാൽ ദ്രമിഡസംഘാതാക്ഷരനിബദ്ധം എന്നത് പാലിക്കാൻ ഈ പരിഭാഷയിൽ ശ്രമിച്ചിട്ടില്ല. എതുക മോന എന്നീ പ്രാസങ്ങൾ പാലിക്കാനും അവയുടെ സങ്കീർണ്ണത കാരണം ശ്രമിച്ചിട്ടില്ല. അന്താദിപ്രാസം മാത്രം സ്വാഭാവികമായി വന്നേടത്തു പ്രയോഗിച്ചു. കാരണം പിൽക്കാലത്ത് മാപ്പിളപ്പാട്ടുകളിൽ നമുക്കത് വളരെ പരിചിതമാണ്. ഒടുവിലൊടുവിലെത്തുന്തോറും അന്താദിപ്രാസം കൂടുതൽ ഒഴുക്കോടെ പരിഭാഷയിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ട്.

രാമചരിതത്തിൽ ഏറ്റവുമധികം പ്രയോഗിച്ചു കാണുന്ന താളം പിൽക്കാലത്ത് എ. ആർ രാജരാജവർമ്മ തുള്ളൽ വൃത്തങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അർദ്ധകേക എന്നു പേരിട്ടു വിളിച്ച താളമാണ്.

എന്തിനാണ് ഇത്ര ശ്രമപ്പെട്ട് ഇങ്ങനെയൊരു പണി ചെയ്യുന്നത് എന്ന ചോദ്യത്തിന് വായിക്കാനും ആസ്വദിക്കാനും നമ്മുടെ കാവ്യപാരമ്പര്യത്തിൻ്റെ വേരിൽ തൊടാനും എന്നാണ് മറുപടി. ഇത്തരം മൊഴിമാറ്റങ്ങൾ മറ്റു പല ഭാഷകളിലും നടന്നുവരുന്നുണ്ട്. ആംഗ്ലോ സാക്സൺ കൃതിയായ ബയവുൾഫ്  ഷീമസ് ഹിനിയുൾപ്പെടെ പലരും പിൽക്കാല ഇംഗ്ലീഷിലേക്കു മാറ്റിയത് നമ്മുടെ മുന്നിലുണ്ട്. പണ്ഡിതന്മാർക്കു മാത്രം വേണ്ടിയുള്ളതല്ലോ പഴയ കവിത.

രാമചരിതകാലത്തെ മലയാളത്തിൽ നിന്ന് നമ്മുടെ ഭാഷ ഏറെ മാറിയിരിക്കുന്നു. എന്നിരുന്നാലും ഈ പരിഭാഷ സമകാല മലയാളത്തിലേക്കാണ് എന്നവകാശപ്പെടാൻ എനിക്കു കഴിയുകയില്ല. പിൽക്കാല മലയാളത്തിലേക്കു മാറ്റാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. കാരണം ഭാഷാതലത്തിൽ പഴമയുടെ അംശങ്ങൾ തീർത്തും ഒഴിവാക്കിയാൽ പിന്നെ ആ കൃതിക്ക് നിലനില്പ് ഇല്ല എന്നു വരും. അതുകൊണ്ട് ഭാഷാതലത്തിൽ പഴമയുടെ സ്പർശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, ഇന്നത്തെ വായനക്കാർക്കും വലിയ യത്നം കൂടാതെ മനസ്സിലാവുന്ന പിൽക്കാല മലയാളത്തിലേക്കാണ് മൊഴിമാറ്റിയിട്ടുള്ളത്. ആ പിൽക്കാല മലയാളത്തെ ഈ കൃതിയുടെ സത്ത ചോർന്നുപോകാത്തിടത്തോളം ആവുന്നത്ര സമകാലികമാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുമാത്രം. ഈ കുറിപ്പിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ചപോലെ പി.വി. കൃഷ്ണൻ നായരുടെ രാമചരിതവ്യാഖ്യാനമാണ് ഈ പരിഭാഷക്കായി ഉപജീവിച്ചിട്ടുള്ളത്. ഇത് പാണ്ഡിത്യപരമായ വീക്ഷണത്തിൽ നിന്നുകൊണ്ടുള്ള പരിഭാഷാ കൃതിയല്ലാത്തതിനാൽ മറ്റു വ്യാഖ്യാനങ്ങളേയോ രാമചരിത പഠനങ്ങളെയോ റഫർ ചെയ്യാൻ ശ്രമിച്ചിട്ടില്ല.

മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന കവിത മുഴുവനായും വായിക്കാൻ വായനക്കാർക്ക് അവസരമൊരുക്കാനുള്ള തുടർശ്രമങ്ങൾക്ക് ഇതൊരു നിമിത്തമായെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.








No comments:

Post a Comment