Tuesday, August 12, 2025

ചെറുകാടും മലയാളകവിതയും

ചെറുകാടും മലയാളകവിതയും


പി.രാമൻ


1

സമ്പന്നമായ ഒരു പൊതു രാഷ്ട്രീയ ജീവിതമുള്ള നാടാണ് കേരളം. അതിൽ നിന്നൂറിക്കൂടിയ രാഷ്ട്രീയബോധം മലയാളിയുടെ ജീവിതവീക്ഷണത്തിലും കലാ-സാഹിത്യ വീക്ഷണത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. മലയാളിയുടെ ജീവിതമൂല്യങ്ങളെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ രാഷ്ട്രീയ ജീവിതത്തിനു വലിയ പങ്കുണ്ട്. എന്നുതന്നെയല്ല, 19-ാം നൂറ്റാണ്ടിൻ്റെ പകുതിക്കു ശേഷം ചലനാത്മകമായ സാമൂഹ്യ- രാഷ്ട്രീയ ജീവിതമാണ് സാഹിത്യത്തെ ഒരു പൊതുമണ്ഡലമെന്ന നിലയിൽ ബഹുജനങ്ങൾക്കു മുന്നിൽ വിരിച്ചിട്ടത്. അത്രയും കാലം ജാതിയാലും സമ്പത്താലും അധികാരത്താലും ഉയർന്ന നിലയിലുള്ള ഒരു ചെറുവിഭാഗത്തിൻ്റെ മനോഭാവങ്ങളെ മാത്രം ആവിഷ്ക്കരിച്ച സാഹിത്യത്തെ സകലജനങ്ങൾക്കുമായി സ്വതന്ത്രമാക്കിയത് നമ്മുടെ രാഷ്ട്രീയജീവിതവും അതിൽ നിന്നു വികസിച്ച ജീവിതാവബോധവുമാണ്. ഏറെക്കുറെ മതപരമെന്നോ ഹൈന്ദവമെന്നോ വിളിക്കാവുന്ന നമ്മുടെ സാഹിത്യപാരമ്പര്യത്തെ വഴി തിരിച്ചു വിട്ടതും ജീവിതത്തിൻ്റെ സമസ്തമേഖലകളിലേക്കും ആവേശിപ്പിച്ചതും കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതമാണ്.

ഇത്ര സമ്പന്നമായിരുന്നിട്ടും മലയാളിയുടെ രാഷ്ട്രീയ ജീവിതത്തെ പിന്തുടർന്ന് ആവിഷ്ക്കരിച്ചു പോന്ന സാഹിത്യകൃതികൾ കുറവാണ്. രാഷ്ട്രീയ സംഭവങ്ങളുണ്ടാക്കിയ ആഘാതങ്ങൾക്കോ സ്വാധീനങ്ങൾക്കോ മുഴക്കങ്ങൾക്കോ ആനുപാതികമായി അവയെ അധികരിച്ച് മികച്ച സാഹിത്യരചനകൾ ഉണ്ടായില്ല എന്നാണ് ഉദ്ദേശിച്ചത്. ഉദാഹരണത്തിന്, കേരളത്തിലെ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരാവേശവും നമ്മുടെ പല നോവലുകളിലും മിന്നിമാഞ്ഞുപോകുന്നുണ്ടെങ്കിലും മിഴിവോടെ ആ സംഭവങ്ങൾ ഫിക്ഷൻ്റെ നെടുന്തൂണിൽ ചിത്രണം ചെയ്തിട്ടുള്ള തരം മാസ്റ്റർപീസ് കൃതികൾ വളരെ കുറച്ചേ നമുക്കുള്ളൂ.പ്രധാന രാഷ്ട്രീയ സംഭവങ്ങളെ മുൻനിർത്തി കൃതികൾ തീരെ ഉണ്ടായിട്ടില്ലെന്നല്ല. എന്നാൽ മലയാളത്തിൽ പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ ആധിക്യവുമായി താരതമ്യം ചെയ്യുമ്പോൾ ആ എണ്ണം വളരെ കുറവു തന്നെ.

മലയാളത്തിൻ്റെ കാവ്യചരിത്രമെടുത്തു പരിശോധിച്ചാലാണ് ഈ വിടവ് ഏറ്റവും വെളിപ്പെടുക. സമൂഹത്തിൻ്റെ ഓർമ്മയിൽ ആളി നിൽക്കുന്ന രാഷ്ട്രീയസംഭവങ്ങളും സന്ദർഭങ്ങളും നമ്മുടെ കവിതയിൽ എത്രകണ്ട് ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു പരിശോധിച്ചാൽ നിരാശയാവും ഫലം. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരമോ ഉപ്പു സത്യാഗ്രഹമോ എടുത്തു നോക്കൂ. എൻ.വിയുടെ ആഗസ്റ്റ് കാറ്റിൽ ഒരില പോലെയോ എ.വി ശ്രീകണ്ഠപ്പൊതുവാളുടെ ചൂളയിൽ പോലെയോ ചില കവിതകൾ മാത്രമേ കാണാനാവൂ.കാലം കടന്നും ഓർമ്മയിൽ തങ്ങിനിൽക്കത്തക്ക വിധം രാഷ്ട്രീയ സന്ദർഭങ്ങൾ മിക്കതും കവിതയിൽ ആവിഷ്ക്കപ്പെടാതെ പോവുകയാണുണ്ടായത്. രാഷ്ട്രീയ സംഭവങ്ങൾ നിൽക്കട്ടെ, ജനജീവിതത്തെ ബാധിച്ച സംഭവങ്ങളും സന്ദർഭങ്ങളും പോലും തീരെക്കുറച്ചേ നമ്മുടെ സാഹിത്യ കൃതികളിൽ വരുന്നുള്ളൂ. അനുഭവപരതയേക്കാൾ ആശയപരതക്കു മുൻതൂക്കം നൽകുന്ന നമ്മുടെ സാഹിത്യ പാരമ്പര്യം തന്നെയാവാം ഇതിനു കാരണം. സംഘകാലാനന്തരം ആര്യവൽക്കരണത്തോടെ മലയാള കവിത കൂടുതൽ മതാത്മകവും പ്രബോധനാത്മകവുമാവുകയും അനുഭവ പരതയേക്കാൾ ആശയപരതക്കു മുൻതൂക്കം കിട്ടുകയും ചെയ്തു. 15, 16 നൂറ്റാണ്ടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ എത്രമാത്രം നിർണ്ണായകമാണെന്നു നമുക്കറിയാം. ഫ്യൂഡലിസം ശക്തിപ്പെട്ടതും കൊളോണിയൽ ശക്തികൾ പല നിലയിൽ ആധിപത്യത്തിനായി ശ്രമിച്ചതും ആ കാലത്താണ്. ചെറുശ്ശേരിയുടെയും എഴുത്തച്ഛൻ്റെയും കൃതികളിലെ ഭാഷാപരവും സാഹിത്യപരവ്യമായ മികവ് അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ആ കാലത്തിൻ്റെ ദൈനംദിന മനുഷ്യജീവിതം അവയിൽ തീരെക്കുറവു തന്നെ. ആ കാലത്തിൻ്റെ ദൈനംദിന ജീവിതരേഖകൾക്കായി മുഖ്യധാരക്കു പുറത്തു നിൽക്കുന്ന വടക്കൻപാട്ടുകളുൾപ്പെടെയുള്ള നാടൻപാട്ടുകളെയോ അപ്രശ്സ്തവും സാഹിത്യഭംഗി കുറഞ്ഞതുമായ ചില കൃതികളേയോ ആശ്രയിക്കേണ്ടിവരും. ഉദാഹരണത്തിന് 17-ാം നൂറ്റാണ്ടിൽ നമ്മുടെ നാടുവാഴികൾ തമ്മിൽ തമ്മിലും കൊളോണിയൽ ശക്തികളുമായും നടത്തിയ മത്സരങ്ങളുടെ ഒരു ചടുലരേഖ ഹര്യക്ഷമാസസമരോത്സവം എന്ന പടപ്പാട്ടിലാണ് കാണുക. അത്തരം കൃതികളാകട്ടെ ശ്രദ്ധിക്കപ്പെട്ടതോ വായിക്കപ്പെട്ടതോ ഇല്ലതാനും. ഈ സാഹചര്യത്തിലാണ് അനുഭവപരതയേക്കാൾ ആശയപരതക്ക് മലയാള കവിതയിൽ കൂടുതൽ പ്രാധാന്യം കിട്ടി എന്നു പറഞ്ഞത്. ആശയപരതക്കു മുൻതൂക്കമുള്ള ഈ പാരമ്പര്യം പിൽക്കാലത്തെ നമ്മുടെ രാഷ്ട്രീയ രചനകളെത്തന്നെയും സ്വാധീനിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലേക്കാണ് ചെറുകാടിൻ്റെ കവിതകൾ ഉണർവ്വോടെ കടന്നുവരുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതമല്ലാതെ മറ്റൊന്നും ഈ കവി കവിതയിൽ ആവിഷ്കരിച്ചിട്ടില്ല. അതും ആശയപരതയേക്കാൾ അനുഭവപരതയോടെ. എഴുതപ്പെട്ട കാലത്ത് വായനക്കാരിൽ ചലനമുണ്ടാക്കിയവയാണവ. എന്നിട്ടും പിൽക്കാല മലയാളം ആ കവിതകളെ വേണ്ടത്ര ഗൗനിക്കുകയുണ്ടായില്ല. കവിത രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഉപകരണമാവുക എന്നത് ഒരു പ്രധാന കാര്യമാണ്. കാവ്യകലയുടെ ആ ധർമ്മത്തെപ്പറ്റി അതാതു കാലത്തെ കവിതാന്തരീക്ഷത്തിൽ വലിയ ചർച്ചകൾ നടക്കാറുണ്ടെങ്കിലും പിന്നിട്ട കാലത്തിൻ്റെ കവിത ആ നിലയിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ആ കവിതകൾ ഭാവുകത്വത്തെ ഏതെല്ലാം നിലയിൽ സ്വാധീനിച്ചു എന്നുമെല്ലാമുള്ള അന്വേഷണങ്ങൾ മലയാള കവിതയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ.

മറിച്ച്, അങ്ങനെ ആവിഷ്ക്കരിക്കപ്പെട്ട കവിതകളുണ്ടെങ്കിൽ അവയുടെ സാഹിത്യമൂല്യത്തെപ്പറ്റി ചർച്ചചെയ്യാതെ മാറ്റി വക്കുന്നതാണ് നമ്മുടെ പതിവ്. സൗന്ദര്യവിചാരം പോകട്ടെ, സമകാല കൃതികളെ രാഷ്ട്രീയമായി വായിക്കുക എന്നതിനപ്പുറം രാഷ്ട്രീയവായന പോലും പഴയ കൃതികളിലേക്കു വേണ്ടത്ര നീളുന്നില്ല. നമ്മുടെ രാഷ്ട്രീയവായന സമകാലികതയിൽ തടഞ്ഞുനിൽക്കുന്നു. മലയാളിയുടെ ഈ അവഗണനക്ക് ഇരയായ കവിയാണ് ചെറുകാട്. നോവലിസ്റ്റ്, നാടകകൃത്ത്, ആത്മകഥാകാരൻ എന്നീ നിലകളിൽ ചെറുകാട് കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ കവിയും ചെറുകഥാകൃത്തുമായ ചെറുകാടിനെ ആ നിലയിൽ അടയാളപ്പെടുത്താൻ പിൽക്കാല മലയാളം ശ്രമിച്ചിട്ടില്ല. അതിനർത്ഥം ചെറുകാട് എന്ന സാഹിത്യകാരനെ സമഗ്രതയിൽ അറിയാൻ നാം ശ്രമിച്ചിട്ടില്ല എന്നാണ്. കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ ചെറുകാട് തൻ്റെ കവിതകളിൽ എങ്ങനെയെല്ലാമാണ് ആവിഷ്ക്കരിച്ചത് എന്നും നമ്മുടെ കവിതാ പാരമ്പര്യത്തെ അദ്ദേഹം എങ്ങനെയാണ് പുതുക്കിയതെന്നും പിൽക്കാല കവിതയെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നുമാണ് ഈ ആമുഖലേഖനത്തിൽ വിശദമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

2

ചെറുകാട് മലയാളകവിതയിൽ സജീവമായിരുന്ന കാലം 1940 തൊട്ട് 1975 വരെയാണ്. രാഷ്ട്രീയവും സാമൂഹികവും സാഹിത്യപരവുമായി ഇളകി മറിഞ്ഞ കാലം. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപം കൊള്ളുകയും ചെയ്ത ചരിത്രഘട്ടം. കൊളോണിയൽ - ഫ്യൂഡൽ ഭരണം ജനാധിപത്യത്തിനു വഴിമാറിയ കാലം. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ജനാധിപത്യമൂല്യങ്ങൾ സാമൂഹ്യ ജീവിതത്തിൽ ഇല്ലാതിരിക്കുകയും പിന്നീട് ഭരണഘടനാസാധുതയോടെ ഇടപെടാൻ തുടങ്ങുകയും ചെയ്ത കാലം. തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഒരു പൊതുസമൂഹം പതുക്കെ രൂപം കൊണ്ട് പ്രബലമായിത്തീർന്ന ഈ കാലത്ത് തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു ചെറുകാടിന് കവിത. ആ കാലവും അതിൻ്റെ സാമൂഹ്യ രാഷ്ട്രീയ ഇച്ഛകളും അതിനു വേണ്ടി ഇടപെട്ട കവിതയും കേരളം താണ്ടിപ്പോന്നിട്ട് ഇന്നേക്ക് എഴുപതിൽപരം വർഷങ്ങളായി. സാമൂഹ്യപരിവർത്തനത്തിനു വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായിരുന്നു ചെറുകാടിന് കവിത എങ്കിൽ ഇന്നത്തെ വായനയിൽ അവ നമ്മെ ഒരു ചരിത്രവസ്തു എന്ന നിലയില്ലാതെ ആകർഷിക്കുകയില്ല. എന്നാൽ ഒരേ സമയം രാഷ്ട്രീയമായ ദിശാബോധത്തോടെയും പക്ഷപാതത്തോടെയും ആവിഷ്കരിക്കുമ്പോൾ തന്നെ, വാക്കിൽ കാലത്തെ ആവാഹിച്ച് അമ്മാനമാടി രസിക്കാനും കാമുകത്വത്തോടെ ജീവിതത്തെ ചേർത്തുപിടിക്കാനും കവിതയിൽ ചെറുകാടിന് കഴിഞ്ഞു. 1940- 60 കാലത്തെ ജനജീവിതത്തിൻ്റെ അലയടികൾ തൻ്റേതായ രീതിയിൽ പിടിച്ചെടുക്കാൻ ഈ കവിക്കു കഴിഞ്ഞു. മലയാള കവിതയുടെ ബഹുമുഖപാരമ്പര്യങ്ങളെ പുതുക്കി പുതുകാലത്തിലേക്ക് ആനയിക്കാനും ഒരു കവി എന്ന നിലയിൽ ഇദ്ദേഹത്തിനു സാധിച്ചു. പ്രണയവും ഹാസ്യവും സാമൂഹ്യ വിമർശനവും രാഷ്ട്രീയ സ്ഥൈര്യവും ധർമ്മസങ്കടങ്ങളുമെല്ലാം ചേർന്ന, ചോരയും വിയർപ്പുമുള്ള അടിസ്ഥാന മനുഷ്യൻ്റെ ശബ്ദം മലയാള കവിതയുടെ സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലത്തിൽ ഉറക്കെക്കേൾപ്പിച്ചു ചെറുകാടിൻ്റെ കവിത. മലയാളത്തിലെ രാഷ്ട്രീയ കവിതക്കു ദിശാബോധം നൽകി അവ. ഇതു പറയുമ്പോൾ കവിതകളിൽ അദ്ദേഹം പ്രകടിപ്പിച്ച രാഷ്ട്രീയ അഭിപ്രായങ്ങളെല്ലാം ഒരേപോലെ പ്രസക്തമാണെന്നോ ശരിവെക്കേണ്ടതാണെന്നോ വിവക്ഷയില്ല. വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ള ഒരു കവി ഇതേ രാഷ്ട്രീയ സന്ദർഭങ്ങളെ മറ്റൊരു നിലയിലാവും നോക്കിക്കാണുക. എന്നാൽ കേവല കക്ഷിരാഷ്ട്രീയത്തിനപ്പുറം സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ ഒരു ജനത എങ്ങനെയാണ് സഹിച്ചതും അതിജീവിച്ചതും എന്ന് ഇന്നും അനുഭവിച്ചറിയാൻ ഈ കവിതകളിലൂടെ കഴിയുന്നു എന്നതാണ് പ്രധാനം.

പൊന്തുന്നു സാമ്രാജ്യങ്ങൾ
ജനത സഹിക്കുന്നൂ,
വീഴുന്നു സാമ്രാജ്യങ്ങൾ
ജനത സഹിക്കുന്നു
(തുങ് ചുരത്തിൽ ഭൂതകാലത്തെയോർത്ത്)

എന്ന് 13-ാം നൂറ്റാണ്ടിലെ ചീനക്കവി ചാങ് യാങ് ഹാവോ എഴുതിയതുപോലെ ഭരണക്രമങ്ങൾ മാറി മാറി വരും. ജനതയുടെ സഹനം എന്നുമുണ്ടാകും. അതിജീവനത്തിനായുള്ള പോരാട്ടവും എന്നുമുണ്ടാവും എന്ന് ഇന്ന് ചൂണ്ടിക്കാണിച്ചു തരുന്നു ചെറുകാടിൻ്റെ കവിത. എഴുതപ്പെട്ട കാലം ഈ നിലയിലായിരിക്കില്ല ആ കവിതകൾ വായിച്ചിട്ടുണ്ടാകുക. ചെറുകാട് ഈ കവിതകളിലുയർത്തുന്ന കക്ഷിരാഷ്ട്രീയ വിമർശനങ്ങളെ ഒരു കാർട്ടൂൺ പോലെ കണ്ടു ചിരിക്കാനും അതിനപ്പുറം ജനതയുടെ സഹനത്തിൻ്റെയും അതിജീവനത്തിൻ്റെയും രാഷ്ട്രീയബോധ്യങ്ങളിൽ ഊന്നി വായിക്കാനും ഇന്നത്തെ വായനാസന്ദർഭം നമുക്കു സ്വാതന്ത്യം നൽകുന്നുണ്ട്.


3

ഹാസ്യകവിതകൾ, ഓട്ടൻതുള്ളലുകൾ, കവിതകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ശക്തി പബ്ലിക്കേഷൻസ് ചെറുകാടിൻ്റെ കവിതകൾ മുമ്പു പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്നു പുസ്തകങ്ങളായാണ് ഞാനത് മുമ്പു വായിച്ചിട്ടുള്ളതും. ഏറെക്കാലമായി വിപണിയിലില്ലാത്ത ചെറുകാടിൻ്റെ കവിതകൾ ഒറ്റപ്പുസ്തകമായി കേരള സാഹിത്യ അക്കാദമി ഇപ്പോൾ പുന:പ്രസിദ്ധീകരിക്കുകയാണ്. മൂന്നു ഭാഗങ്ങളായിത്തന്നെയാണ് ഈ വോള്യവും ഒരുക്കിയിട്ടുള്ളത്. പ്രമേയപരമല്ല ഈ വിഭജനം. രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളെ മുൻനിർത്തിയുള്ള കവിതകൾ മൂന്നു ഭാഗങ്ങളിലുമുണ്ട്. അധികാരത്തോടും ഫ്യൂഡൽ വ്യവസ്ഥയോടുമുള്ള കലഹം ഈ കൃതിയിൽ മുഴുവനായിത്തന്നെയുണ്ട്. എന്നാൽ ഉള്ളടക്കം രാഷ്ട്രീയപരമായിരിക്കേത്തന്നെ ഭാവഗീതസ്വഭാവം(lyrical) കൂടിയുള്ള രചനകൾ കവിതകൾ എന്ന വിഭാഗത്തിലാണുള്ളത്. ഹാസ്യകവിതകളിലും തുള്ളലുകളിലും താൻ ജീവിച്ച കാലത്തെ പ്രസക്തസംഭവങ്ങളേയും സന്ദർഭങ്ങളേയും മുൻനിർത്തിയുള്ള രചനകളാണ്. ഇവയിൽ ഓട്ടൻതുള്ളലുകൾ എന്ന ഭാഗം രൂപപരമായിത്തന്നെയാണ് വേർതിരിക്കപ്പെട്ടിട്ടുള്ളത്. തുള്ളലുകൾ പാർട്ടി നിർദ്ദേശമനുസരിച്ചാണ് താൻ രചിച്ചത് എന്നൊരു സൂചന ചെറുകാട് നൽകിയിട്ടുള്ളത് അവതാരികാകാരനായ ഇ.വി.ജി.ഏലങ്കുളം സൂചിപ്പിക്കുന്നുമുണ്ട്. ഈ മൂന്നു വിഭാഗത്തിൽ പെട്ട കവിതകളേയും പ്രത്യേകമായി എടുത്തു പരിശോധിച്ചു കൊണ്ടു തന്നെ നമുക്ക് ചെറുകാടിൻ്റെ കവിതയുടെ മുൻപറഞ്ഞ സവിശേഷതകളിലേക്കു കടക്കാം.

മേനോൻ്റെ മേനി, സൊസൈറ്റി പ്രസിഡണ്ട്, എം.എസ്.പിയുടെ പേക്കൂത്ത്, പണി കഴിച്ചു, അച്ചാരം മടക്കി, വെള്ളച്ചന്ത എന്നീ തുള്ളലുകളും തെരഞ്ഞടുപ്പു പാഠകം എന്ന പാഠകരൂപവുമാണ് ഓട്ടൻതുള്ളൽ വിഭാഗത്തിലുള്ള കൃതികൾ. സാഹിത്യവും സംഗീതവും നാടകവും ചേർന്ന പ്രാചീനതമിഴകത്തിൻ്റെ മുത്തമിഴ് പാരമ്പര്യത്തിലേക്കു വേരൂന്നിയ കലാരൂപമാണല്ലോ തുള്ളൽ. തമിഴിൽ നിന്നു മലയാളം വേർപിരിയുന്ന കാലത്തെ കൃതിയായ രാമചരിതത്തിൽ ഒരു പടലം മുഴുവൻ (പടലം 51) വൃത്തപരമായും ശൈലീപരമായും തുള്ളലിൻ്റെ സവിശേഷതകളുള്ളവയാണ്. പ്രാചീന തമിഴകത്തിൻ്റെ മുത്തമിഴ് പാരമ്പര്യം പല രാഷ്ട്രീയ- സാംസ്ക്കാരിക കാരണങ്ങളാൽ തമിഴ്നാട്ടിലേതിനേക്കാൾ നിലനിന്നതും വർത്തമാനകാലത്തേക്കു തുടർന്നുപോന്നതും കേരളത്തിലാണെന്ന് ഡോ.മനോജ് കുറൂരിൻ്റെ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. തുള്ളലിന് ഇക്കൂട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. തുള്ളലിനെ ജനകീയമാക്കുകയും ചിട്ടപ്പെടുത്തിയ ഒരു കലാപ്രസ്ഥാനമാക്കുകയും ചെയ്തു കുഞ്ചൻനമ്പ്യാർ. അധികാരവ്യവസ്ഥകളെ ചോദ്യം ചെയ്യാൻ പോന്ന തരത്തിൽ രൂപപരമായ അയവും സംവാദാത്മകതയും സ്വാതന്ത്ര്യവുമുള്ള ഈ കലാരൂപത്തെ ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ എടുത്തുപയോഗിക്കുകയാണ് ചെറുകാട് ചെയ്തത്. ജനകീയ പ്രശ്നങ്ങൾ തുള്ളലുകളാക്കി അവതരിപ്പിക്കുക എന്ന ഒരു വഴക്കം 1920 കളിൽ തന്നെ ഇവിടെയുണ്ടായിരുന്നതിനെ പരിഷ്കരിച്ചു പ്രയോഗിച്ചു ചെറുകാട്. മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഹിന്ദു ജന്മിമാരുടെ പക്ഷം പിടിച്ചു കൊണ്ടുള്ള ചില ആഖ്യാനങ്ങൾ തുള്ളൽ രൂപത്തിൽ അന്നു പ്രചരിച്ചത് ഓർക്കുക. വർഗ്ഗീയ ശക്തികളല്ല ജനകീയശക്തിയാണ് തുള്ളൽ രാഷ്ട്രീയമായി എടുത്തുപയോഗിക്കേണ്ടത് എന്ന ബോധ്യം ചെറുകാടിൻ്റെ തുള്ളലുകളിലുണ്ട്. തുള്ളൽ ഉൾപ്പെടെയുള്ള പരമ്പരാഗത സാഹിത്യരൂപങ്ങളിലുള്ള അവഗാഹം, സഹജമായ ഹാസ്യബോധം, നാടക പ്രവർത്തനത്തിലെ അനുഭവപരിചയം എന്നിവയാകാം ജനങ്ങളോടു സംവദിക്കാനായി തുള്ളൽ തെരഞ്ഞെടുക്കാൻ ചെറുകാടിനെ പ്രചോദിപ്പിച്ചത്. എഴുത്തച്ഛനെക്കുറിച്ചും കാവ്യപാരമ്പര്യത്തെക്കുറിച്ചും ചെറുകാട് എഴുതിയ ഒരു കവിതയിൽ (കൈരളീഗുരുനാഥൻ) നമ്പ്യാരെ വിശേഷിപ്പിച്ചിട്ടുള്ളത് ധൂർത്തദുഷ്പ്രഭുത്വത്തിൻ നേരെ അഞ്ചിതപരിഹാസബാണങ്ങൾ തൊടുത്ത കുഞ്ചൻ എന്നാണ്. അതേ കവിതയിൽ മുത്തമിഴിനെക്കുറിച്ചും പരാമർശമുണ്ട്. തുള്ളൽ രൂപത്തിലേക്കു കടക്കുംമുമ്പേ തന്നെ 1943 ൽ പുറത്തുവന്ന ജപ്പാൻ വേണ്ട എന്ന കവിതയിൽ ജനകീയ കാവ്യവഴി അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. ഗ്രാമീണ വിനോദലീലയായ 'പെണ്ണിനെ തര്വോ' കളിയുടെ രൂപത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജാപ്പ് വിരോധ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ആവിഷ്ക്കരിച്ചതായിരുന്നു ജാപ്പു വേണ്ട എന്ന കവിത. നാട്ടിൻ പുറത്തെ കുട്ടികളുടെ കളിയും ആഗോള രാഷ്ട്രീയവും ചേർത്തു വക്കുന്നതിൻ്റെ ഉശിര് ഉള്ള രചനയാണ് ജാപ്പു വേണ്ട. 1940 കളുടെ പകുതിക്കു ശേഷമാണ് തുള്ളലുകൾ ചെറുകാട് എഴുതുന്നത്.

രാഷ്ട്രീയ സംഭവവികാസങ്ങൾക്കപ്പുറം ആളിക്കത്തിയ ജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങളിലേക്ക് ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലും കവി എന്ന നിലയിലും ഇടപെടുകയായിരുന്നു ചെറുകാട് ഈ തുള്ളലുകളിലൂടെ. 1940 കൾ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിത്യജീവിതം പൊറുതിമുട്ടിയ കാലമായിരുന്നു.രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് ചരക്കു ഗതാഗതം നിലച്ചതോടെ മലബാറിൽ രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായി. ജപ്പാൻ ബർമ്മ കീഴടക്കിയതോടെ അവിടെ നിന്നുള്ള അരിയുടെ വരവ് നിലച്ചു. കാലാവസ്ഥാ പ്രശ്നങ്ങളെത്തുടർന്ന് മലബാറിലെ നെല്ലുൽപ്പാദനം ഇടിയുകയും ചെയ്തു. വില കൂടി. അരി കിട്ടാതെ ജനം വലഞ്ഞു. കോളറ പോലുള്ള രോഗങ്ങൾ പടർന്നുപിടിച്ചു. 1943 ൽ ചെറുകാട് എഴുതിയ പൊൻപൂ എന്ന കവിത കോളറാ ബാധിതരെ ശുശ്രൂഷിച്ച് ഒടുവിൽ രോഗത്തിനു കീഴടങ്ങിയ ഇമ്പിച്ചായിശ്ശാബി എന്ന വീരവനിതയെക്കുറിച്ചുള്ളതാണ്. ചെറുകാടിൻ്റെ ഭാഷയിൽ കോളറപ്പൂതം തൻ്റെ ദംഷ്ട്രയിൽ കേരള മക്കളെ കോർത്ത കാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരങ്ങളെ തുടർന്ന് പിന്നീട് (1948)മലബാറിൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങും നിർബന്ധിത ധാന്യശേഖരണവും ഏർപ്പെടുത്തി. ഈ കാലത്തിൻ്റെ ജനജീവിതദുരിതങ്ങളുടെ സജീവചിത്രങ്ങൾ മലയാള കവിതയിൽ എന്നല്ല ഫിക്ഷനിൽ പോലും ശുഷ്കമാണെന്നിരിക്കേയാണ് ചെറുകാടിൻ്റെ മേനോൻ്റെ മേനിയും വെള്ളച്ചന്തയും അച്ചാരം മടക്കിയുമെല്ലാം തുള്ളിയാടുന്നത്.

തൻ്റെ പ്രതിഷേധം ആവിഷ്ക്കരിക്കാനായി 18 -ാം നൂറ്റാണ്ടിൽ മഹാനായൊരു കവി എടുത്തുപയോഗിച്ച അതേ കാവ്യരൂപം ജനതയുടെ പ്രതിഷേധത്തെ തുള്ളിക്കാനായി ചെറുകാട് എടുത്തു പ്രയോഗിച്ചു. മലബാറിലെ സാധാരണ കർഷകജനതയുടെ പ്രതിഷേധത്തിൻ്റെ തുള്ളലായി, ഒരു സംഘത്തുള്ളലായി ചെറുകാട് ഈ കലയെ മാറ്റി. കാലം ആവശ്യപ്പെട്ട മാറ്റമായിരുന്നു അത്. ചെറുകാടിൻ്റെ തുള്ളലുകൾ ഇന്നു വായിക്കുമ്പോൾ ഒരു തുള്ളൽക്കാരനിൽ അഥവാ കവിയിൽ ഒരു നാടു മുഴുവൻ തുള്ളുന്നത് അനുഭവിക്കാനാകും. ഹാസ്യകവിതയുടെയും നാടകത്തിൻ്റെയും നോവലിൻ്റെ തന്നെയും സാധ്യതകൾ ചെറുകാട് ഈ തുള്ളലുകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
കഥയുടെ പ്രധാന ചരട് വിടാതെ മറ്റു ധാരാളം ആഖ്യാനങ്ങൾക്കുള്ള ഇടം തുള്ളലിന് മാധ്യമപരമായിത്തന്നെ ഉണ്ട്. തുള്ളൽ എന്ന മാധ്യമത്തിൻ്റെ ആ ശേഷിയിലേക്ക് തൻ്റെ കാലത്തിൻ്റെ ജീവിതങ്ങൾ ചൂടോടെ പകരാൻ ചെറുകാടിനു കഴിഞ്ഞു. ഉദാഹരണത്തിന് വെള്ളച്ചന്ത എന്ന തുള്ളൽ നോക്കൂ. 1952 - 54 കാലം. സജീവരാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങി, "മൈലാപ്പൂരൊരു മേടയിൽ മൂക്കിൻ പാലത്തിന്മേൽ നീലക്കണ്ണട ചേലിൽ ചാർത്തിച്ചാരുകസാരയിൽ നലമൊടു ചാഞ്ഞു മലർന്നു കിടന്ന്" ഗീതാപാരായണത്തിൽ മുഴുകിയ എഴുപത്തെട്ടു കഴിഞ്ഞ സി.രാജഗോപാലാചാരിയെ അവതരിപ്പിച്ചാണ് വെള്ളച്ചന്ത തുടങ്ങുന്നത്. മട്ടുമാറി മട്ടുമാറി അതുചെന്നവസാനിക്കുന്നത്, "കൊട്ടയൊന്നിടം കയ്യിൽ മറ്റേതിൽ റേഷൻ കാർഡും കുട്ടിയൊന്നൊക്കത്തുമായ്" നെല്ലു വാങ്ങാൻ പോകുന്ന പാത്തുമ്മയും നെല്ലു വാങ്ങി വരുന്ന കദീജയും തമ്മിലുള്ള സംഭാഷണത്തിലുമാണ്. പൊന്നാരത്താത്താ, കരിഞ്ചന്ത വിലയാണ് നെല്ലിന് എന്നു പറയുന്ന കദീജയോട് പാത്തുമ്മ പറയുന്ന മറുപടിയിലാണ് തുള്ളൽ തീരുന്നത്:

"പുത്തിരിക്കയ്യു തന്നെയിങ്ങനെയായിപ്പോയാൽ
പത്തുനാൾ കൊണ്ടു വില മാനത്തു മുട്ടുകില്ലേ?
പണ്ടത്തെക്കോളറയെ കൊണ്ടുവരുവാനുള്ള
വീണ്ടിയാണിവയെല്ലാം നാട്ടാർ വലഞ്ഞുപോയി"
എന്നോതും കദീജയോടൊന്നിച്ചു പിന്തിരിഞ്ഞി -
ട്ടൊന്നു വീർപ്പിട്ടുകൊണ്ടു പാത്തുമ്മ കൺതുടച്ചു.
"പണ്ടത്തെക്കോളറയിലാണെൻ്റെ വാപ്പുവിനെ
കൊണ്ടുപോയ് പള്ളിക്കാട്ടിലിട്ടതു മമ്മുക്കാക്ക"

ഏറ്റവും മുകൾത്തട്ടിൽ, പുറമേ ഗീത വായിച്ചിരിക്കുന്നവനും അകമേ അധികാരമോഹിയുമായ വൃദ്ധഭരണാധികാരിയും ഏറ്റവും അടിത്തട്ടിൽ അരിക്കുവേണ്ടി അലയുന്ന ജനസാമാന്യത്തിൻ്റെ പ്രതിനിധികളായ പാത്തുമ്മ കദീജമാരും അടങ്ങുന്ന വ്യവസ്ഥക്കു നേരെയാണ് ചെറുകാട് തുള്ളൽ അഴിച്ചു വിട്ടത്. ജനതയുടെ ഈ സൂക്ഷ്മാഖ്യാനങ്ങൾക്കായി ഭാഷണത്തോട് ഏറ്റവുമടുത്തു നിൽക്കുന്ന കാവ്യഭാഷ ഉപയോഗിച്ചു എന്നതാണ് ഈ തുള്ളലുകൾ ഇന്നും നമ്മെ ആകർഷിക്കുന്നതിൻ്റെ ഒരു കാരണം എന്നുകൂടി ഇവിടെ ഉദാഹരിച്ച ഈ ഭാഗം സാക്ഷ്യപ്പെടുത്തുന്നു. പുത്തിരിക്കയ്യും വീണ്ടിയും പള്ളിക്കാടുമെല്ലാം ചേർന്ന ഈ കാവ്യഭാഷ പിന്നീട്, പൊന്നാനിക്കാരൻ്റെ മനോരാജ്യമെഴുതിയ ഗോവിന്ദനിലൂടെ, ആറ്റൂരിലൂടെ തുടരുന്ന ഒരു തെളിമൊഴിവഴിക്ക് തുടക്കമിട്ടതും ഇവിടെ സൂചിപ്പിച്ചേ മതിയാകൂ.

1952-54 കാലത്തെ രാജാജി ഗവൺമെൻ്റിൻ്റെ ഭരണപരിഷ്ക്കാരങ്ങൾ ജനങ്ങൾക്കുണ്ടാക്കിയ ദുരിതങ്ങൾ കേന്ദ്രമായിരിക്കെത്തന്നെ പല സൂക്ഷ്മജീവിതാഖ്യാനങ്ങൾ കൂടി തുള്ളലിൽ ആവിഷ്ക്കരിക്കുന്ന രീതിയെക്കുറിച്ചാണ് വെള്ളച്ചന്തയെ അടിസ്ഥാനമാക്കി പറഞ്ഞുവന്നത്.
ഈ രീതി മറ്റു തുള്ളലുകളിലും കാണാം. മട്ടു മാറുക എന്ന സങ്കേതം കവി ഇതിനായി സ്വീകരിക്കുന്നു. കവിതയുടെ താളക്കെട്ടു മാറുന്നു എന്നു മാത്രമല്ല പുതിയൊരു ജീവിത രംഗം കടന്നുവരുന്നു എന്നതും കൂടിയാണ് ഈ മട്ടുമാറൽ. ഓരോ മട്ടുമാറലും ഈ ആഖ്യാനങ്ങളിലെ ഓരോ അദ്ധ്യായമോ രംഗമോ ആകാം. ചിലപ്പോൾ ഒരു കഥാപാത്രത്തിലേക്കു ഫോക്കസ് ചെയ്യലുമാകാം. കഥ പറച്ചിലിൻ്റെ തുടർച്ചയെ നിർണ്ണയിക്കുന്നത് ഈ മട്ടുമാറലാണ്. വെള്ളച്ചന്തയിൽ മദ്രാസ് ഭരണത്തെച്ചൊല്ലി കോൺഗ്രസുകാർക്കിടയിലുണ്ടായ പ്രതിസന്ധി അവതരിപ്പിച്ചു കഴിഞ്ഞു മട്ടുമാറുമ്പോൾ കാണുന്നത്,

ജനകീയപ്പുലി സടയും ജടയും
കനലൊളി വിതറും കണ്ണും കാട്ടി
മൂരിനിവർന്നാ വാലു ചുഴറ്റി-
മുന്നോട്ടാഞ്ഞു കുതിക്കുന്ന വിസ്മയകരമായ രംഗമാണ്. മട്ടു മാറാത്ത സ്തംഭനാവസ്ഥയാണല്ലോ ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥയുടെ മുഖമുദ്ര. നൂറുകണക്കിനു കൊല്ലങ്ങളായി മാറാതെ നിൽക്കുന്ന മട്ട് സാധാരണ മനുഷ്യർ ഇടപെട്ടു മാറ്റുക തന്നെയാണിവിടെ. സാമൂഹ്യവ്യവസ്ഥയുടെ മട്ടു മാറുന്നതിനെത്തന്നെയാണ് ചെറുകാടിവിടെ കൃത്യമായി കുറിക്കുന്നത്.

ജനകീയപ്പുലിയുടെ ഈ ആഞ്ഞുകുതിക്കലിൽ ചെറുകാടിൻ്റെ തുള്ളൽക്കൃതികളുടെ സത്തയുണ്ട്. വാസ്തവത്തിൽ രാഷ്ട്രീയ സംഭവവികാസങ്ങളോ ആശയചർച്ചകളോ ഭരണമാറ്റങ്ങളോ അല്ല ചെറുകാടിൻ്റെ കവിതയുടെ പ്രമേയകേന്ദ്രം. സമൂഹത്തിൻ്റെയുള്ളിൽ മാറാതെ നിൽക്കുന്ന മനോഭാവങ്ങളോടുള്ള അടങ്ങാത്ത കലഹമാണ് അദ്ദേഹത്തെക്കൊണ്ട് തുള്ളലുകളെല്ലാം എഴുതിച്ചത്. അതിലേറ്റവും പ്രധാനം അധികാരാസക്തിയാണ്. വ്യവസ്ഥ അധികാരത്തെ എങ്ങനെയാണ് ഊട്ടിയുറപ്പിക്കുന്നത് എന്നും അധികാരം എങ്ങനെയാണ് സമൂഹത്തെ ജീർണ്ണിപ്പിക്കുകയും ജനജീവിതത്തെ ദുരിതപൂർണ്ണമാക്കുകയും ചെയ്യുന്നത് എന്നും വിശകലനം ചെയ്യുന്നു ഈ തുള്ളലുകൾ.

നിർബന്ധിത ധാന്യശേഖരണം നിർത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് വെള്ളച്ചന്തക്കു വിഷയമെങ്കിൽ അതിനും മുമ്പെഴുതിയ മേനോൻ്റെ മേനിയിൽ അതേർപ്പെടുത്തിയപ്പോൾ ഉണ്ടായ പുകാറുകളാണു വിഷയം. രാജ്യം സ്വാതന്ത്ര്യം നേടുകയും ഭരണക്രമം ജനാധിപത്യത്തിനു വഴിമാറുകയും ചെയ്ത കാലത്ത് അധികാരം കയ്യാളാൻ പുതിയൊരു ഉദ്യോഗസ്ഥ സമൂഹം രംഗത്തുവരുന്നത് ഈ തുള്ളലിൽ കാണാം. അത്രയും കാലം സാധാരണക്കാരനും പ്രാരബ്ധക്കാരനുമായി ജീവിച്ച പങ്ങശ്ശന് 'മേനോൻ' എന്ന റവന്യൂ അധികാര പദവി ലഭിക്കുന്നതോടെ ഉണ്ടായ മാറ്റമാണ് പ്രതിപാദ്യം. അധികാരവിമർശനവും  അധികാരമാളുന്നവരുടെ മനോഘടനയുടെ വിശകലവും എന്ന നിലയിൽ ഇന്നും പ്രസക്തമാണ് മേനോൻ്റെ മേനി.
ബ്രിട്ടീഷുകാർ പോയാലും അധികാരമാളുന്നവൻ്റെ ഭാവം താൻ വൈസ്രോയിയാണെന്നാണ്.

അംശത്തിനൊക്കെയധികാരിയായി ഞാൻ;
അംശത്തിനൊക്കെയും - വൈസ്രോയിയായി ഞാൻ

ഈ വൈസ്രോയിഭാവം എഴുപത്തഞ്ചു കൊല്ലം പിന്നിട്ടിട്ടും ഇന്നും സമൂഹത്തിൽ ഇല്ലാതായിട്ടില്ല. കൊളോണിയൽ - ഫ്യൂഡൽ ഹാങ്ങോവർ മാറാത്തിടത്തോളം കാലം പ്രസക്തമാണ് ചെറുകാടിൻ്റെ തുള്ളലുകൾ. ഭരണക്രമങ്ങൾ മാറിയാലും ഈ ഹാങ്ങോവർ മാറണമെന്നില്ല. പുതുതായി അധികാരം കിട്ടിയ മേനോൻ്റെ മേനി കവി ഇങ്ങനെ തുറന്നുകാട്ടുന്നു:

ഞാനാണ് നാളെയീ അംശത്തിലെ വിള മേനിനോക്കീടുവാൻ, കൊയ്യിച്ചുവെക്കുവാൻ.
നെല്ലെടുത്തീടുവാൻ, സൂക്ഷിച്ചുവെക്കുവാൻ
പുല്ലാണധികാരിയെൻ കണ്ണിലിന്നിമേൽ;
പുല്ലാണു തമ്പുരാൻ; പുല്ലാണു ജന്മികൾ;
പുല്ലാണു പുല്ലാണു പങ്ങശ്ശനൊക്കെയും.
കുമ്പിട്ടുകൂപ്പണമെൻപദം മേൽക്കുമേൽ
തമ്പുരാനുംകൂടി നെല്ലു തൊട്ടീടുവാൻ.
എന്നോളമില്ലധികാരവലിപ്പമാ -
ക്കുന്നലക്കോനാതിരിക്കുമിന്നൂഴിയിൽ

അധികാരം കൈയ്യാളുന്നവൻ്റെ ധാർഷ്ട്യം പോലെ തന്നെ നിന്ദ്യമാണ് അധികാരത്തിൻ്റെ മുമ്പിൽ മുട്ടിലിഴയുന്നവരുടെ ദാസ്യഭാവം:

പട്ടിക്കു പട്ടം കൊടുത്തിരിക്കുന്നതായ്
കേട്ടാലുടൻതന്നെ കെട്ടും ചുമടുമായ്
കെട്ടിപ്പുറപ്പെട്ടു ചെന്നു നിരക്കവെ
കെട്ടിക്കിടന്നൊരു തഞ്ചം കിടയ്ക്കുകിൽ
പൊത്തിപ്പിടിച്ചതിൻ കാലുഴിഞ്ഞാദരാൽ
പത്തുവട്ടം വരും ഭാവങ്ങളീക്ഷിച്ചു
മുട്ടുകുത്തീട്ടൊന്നു കുമ്പിട്ടു ഭക്തിയാൽ
ഒട്ടുകുനിഞ്ഞു തലചൊറിഞ്ഞങ്ങിനെ,
‘പട്ട്യേ, ഭവതിയാണാശ്രയ’മെന്നൊരു
പത്തുപതിനഞ്ചുവട്ടം സ്തുതിക്കുവാൻ
ഉണ്ടീയിരുപതാം നൂറ്റാണ്ടിലും മര-
മണ്ടൂസരാം ചിലരെമ്മാതൃഭൂമിയിൽ

ജനാധിപത്യവൽക്കരണത്തോടെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും ഇല്ലാതാവേണ്ടിയിരുന്ന അധീശ - ദാസ്യ ഭാവങ്ങൾ ബ്യൂറോക്രസിയിലൂടെ പിന്നെയും നിലനിൽക്കുന്നതിൻ്റെ ചരിത്രം കൂടിയാണ് മേനോൻ്റെ മേനി ഉൾപ്പെടെ ചെറുകാടിൻ്റെ തുള്ളലുകളത്രയും. കൈക്കൂലി എന്ന തണ്ടുതുരപ്പൻ പുഴു സമൂഹത്തെയാകെ ഗ്രസിച്ചു തുടങ്ങുന്നതിൻ്റെ നാൾവഴികളുമുണ്ട് ഈ കൃതികളിൽ. ഉദ്യോഗസ്ഥതലത്തിലെ - പ്രത്യേകിച്ചും റവന്യൂ പോലുള്ള മേഖലകളിൽ - കൈക്കൂലിയെ പൂർണ്ണമായും ഇല്ലാതാക്കാൻ ഇപ്പോഴും നമുക്കു കഴിഞ്ഞിട്ടില്ല എങ്കിൽ ജനാധിപത്യത്തിൻ്റെ ആന്തരസത്തയുമായി നാം ഇനിയും പൊരുത്തപ്പെട്ടിട്ടില്ല എന്നുതന്നെയാണ് അർത്ഥം. കൈക്കൂലിയെ, ഉദ്യോഗസ്ഥരുടെ അധികാരപ്രമത്തതയെ പ്രായോഗികമായി നേരിടുന്ന തരത്തിൽ ജനകീയ പ്രശ്നങ്ങളുടെ സമരമുഖത്തു നിന്നുകൊണ്ടാണ് ചെറുകാടിൻ്റെ കവിത നമ്മോട് രാഷ്ട്രീയം സംസാരിക്കുന്നത്. അല്ലാതെ സാധാരണക്കാരൻ്റെ ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്ത രാഷ്ട്രീയമല്ല ഈ കവിതകളിലുള്ളത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പല തരം നിരോധനങ്ങളിലൂടെ കടന്നുപോയ കാലം കൂടിയാണത്. ആശയധാരകളായി മുകളിൽ നിന്നു താഴേക്കിറങ്ങുന്നതായിരുന്നില്ല തിരിച്ച് പ്രായോഗികതയുടെ അടിത്തട്ടിൽ നിന്ന് മേലേക്കു പന്തലിക്കുന്നതായിരുന്നു പ്രസ്ഥാനത്തിൻ്റെ പ്രവർത്തനരീതി എന്നും ഈ തുള്ളൽകൃതികൾ പറയുന്നു.

1946 ലെ കരിവെള്ളൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിലെഴുതിയ എം എസ് പി യുടെ പേക്കൂത്ത് എന്ന തുള്ളൽ, സാധാരണ കർഷകരുടെ നേതൃത്വത്തിൽ നടന്ന ജനകീയസമരങ്ങൾ എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചാലകശക്തിയായി മാറിയത് എന്നു കാണിച്ചുതരും.വാരം നെല്ലായി പിരിക്കാൻ ജന്മി ചെമ്പോട്ടരചൻ തീരുമാനിക്കുന്നു. കർഷകർ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്, കോൺഗ്രസിൻ്റെ നേതൃത്വത്തിൽ.
എന്നാൽ പണമായല്ല നെല്ലായി വാരമളക്കാനാണ് ജന്മിയുടെ ശ്രമം.ഭാര്യയുടെ താലി വിറ്റ് സൊസൈറ്റിയിൽ ഷെയർ എടുക്കാൻ ശ്രമിക്കുന്ന ചെമ്മരൻ എന്ന കർഷകൻ്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ തുള്ളൽ വികസിക്കുന്നത്.

ഗാന്ധിജിതന്നെ തടുത്താലും ശരി,
മോന്തയടിച്ചു പൊളിച്ചു തകർക്കാൻ
തെല്ലും മടിയില്ലാതെ നടക്കും
പൊല്ലീസ്സിലില്ലേ നമ്മുടെ നാട്ടിൽ?
കോൺഗ്രസ്സെന്തു പറഞ്ഞാലെന്താ
കോലോത്തയ്ക്കതു ബാധകമല്ല

എന്നായിരുന്നു ജന്മിയുടെ നിലപാട്. കരിവെള്ളൂരിലെ കർഷക വീടുകളിൽ ജന്മിയുടെ ഗുണ്ടകൾ പേക്കൂത്തു നടത്തി. കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ചതായിരുന്നു സൊസൈറ്റി എങ്കിലും ജന്മിയുടെ അക്രമണത്തെ ചെറുക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞില്ല. ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങി.

കോൺഗ്രസ്സു നാടു ഭരിക്കുന്ന കാലത്തു,
കോമട്ടികളായ ജന്മിതൻ ഗുണ്ടകൾ
കയ്യേറിടുന്നെന്നു പൊല്ലീസ്സുകാരോടു
കയ്യും മലർത്തിപ്പറഞ്ഞുവെന്നാകിലും,
രക്ഷകിട്ടാതെ-കൃഷിക്കാരൊരു കയ്യു
നോക്കുവാൻതന്നെയുറച്ചിറങ്ങീടിനാർ.

കർഷകർ പ്രതിരോധിച്ചപ്പോൾ ചെമ്പോട്ടരചൻ വാരമളക്കാൻ ബ്രിട്ടീഷ് സഹായം തേടി. എം.എസ്.പി ക്കാർ വന്ന് കർഷകരെ നായാടി. "നെല്ലുള്ളതൊക്കെ സൊസൈറ്റിയ്ക്കു വിറ്റു ഞാൻ;ഇല്ലിങ്ങൊരുമണി; പൈസ വാങ്ങിച്ചു പോ" എന്ന കർഷകൻ്റെ വാക്കുകൾ അവർ കേട്ടതേയില്ല. ജന്മിയുടെ ആവശ്യപ്രകാരം വന്ന അവർക്കു പണം വേണ്ട. നെല്ലു മതി. നെല്ലു കൊടുക്കാനാകട്ടെ കർഷകർ തയ്യാറായില്ല.കർഷക വീടുകളിൽ എം.എസ്.പി ഭീകരത അഴിച്ചു വിട്ടു. കരിവെള്ളൂർ സംഭവത്തിൻ്റെ വിവരണം എന്നതിനപ്പുറം, അന്നോളം കോൺഗ്രസിൽ വിശ്വാസമർപ്പിച്ച കർഷകർ കമ്യൂണിസ്റ്റുകളായി മാറുന്ന ചരിത്രഘട്ടത്തെ ഈ കൃതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. അടിത്തട്ടിൽ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നു പൊങ്ങിയതിൻ്റെ ജീവത്തായ സാക്ഷ്യമാകുന്നു ഈ തുള്ളലുകൾ.
കോൺഗ്രസ്സിൽ വിശ്വാസമർപ്പിച്ചിരുന്ന കർഷകർ കമ്മ്യൂണിസ്റ്റുകാരായി മാറിയതുപോലെ ആ കാലത്തെ മറ്റൊരടിയൊഴുക്കായിരുന്നു ബ്രിട്ടീഷുകാരുടെ ഏറാൻമൂളികളായിരുന്ന ജന്മിമാർ കോൺഗ്രസ്സ് അധികാരത്തിലെത്തിയേക്കുമെന്നു കണ്ടതോടെ കോൺഗ്രസ്സിലേക്കൊഴുകിയത്. 1946 ലെ മദ്രാസ് പ്രസിഡൻസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലേറിയപ്പോൾ ജന്മിമാർ പലരും കോൺഗ്രസ് കുപ്പായമണിഞ്ഞു. ഈ മാറ്റം രസകരമായി പിടിച്ചെടുത്ത തുള്ളലാണ് സൊസൈറ്റി പ്രസിഡണ്ട്. ജന്മി കക്കാട്ടു വാരിയർ കോൺഗ്രസ്സായി മാറുന്ന നാടകീയമായ ഈ രംഗം ആ അടിയൊഴുക്കിനെ കൃത്യമായി പിടിച്ചെടുക്കുന്നുണ്ട്:

സംശയമെന്യേ കോൺഗ്രസ്സായി-
സ്സംശോഭിച്ചിതു മൂപ്പീന്നപ്പോൾ വൻചതിയന്മാർക്കറിയാമല്ലോ
തഞ്ചം നോക്കിച്ചുവടുകൾ മാറാൻ
മലമലുമുണ്ടൊരു പെട്ടിയിൽ വെച്ചു
മടിയെന്യേ ഖദറാക്കിയുടുക്കാൻ
രണ്ടേമുക്കാൽ വാരത്തുണിയാൽ
നീണ്ടൊരു ‘ജുബ്ബ’യുമുണ്ടാക്കിച്ചു
കരുവാൻ ചങ്കരനോടു പറഞ്ഞി-
ട്ടൊരു ചെറുതക്ലി തിരിപ്പാൻ വാങ്ങി
തെക്കെത്താഴ്വാരത്തിലിടാനായ്
ചർക്കയുമൊന്നവിടുന്നു വരുത്തി
പത്തര റാത്തൽ പരുത്തിപ്പഞ്ഞിയു-
മദ്ദിശി പിച്ചിപ്പിച്ചിയെറിഞ്ഞൂ
മൂന്നു നിറത്തിൽ കൊടി തുന്നിയ്‌ക്കേ
മൂപ്പീന്നിന്നൊരബദ്ധം പറ്റി
മഞ്ഞപ്പെട്ടിയിലോട്ടു കൊടുക്കാൻ
കുഞ്ഞൻവാരിയർ പറയുകമൂലം
മഞ്ഞത്തുണിയാക്കൊടിയുടെ നടുവിൽ
തുന്നിക്കൂട്ടാൻ കല്പനയായി.
അക്കൊടി പത്തായപ്പുരമുകളിൽ
പൊക്കത്തിൽ ചെറുകാറ്റത്താടി.
സായ്പൻമാർക്കു കൊടുക്കാൻ വെച്ചൊരു
കപ്പും സോസറുമുടനെത്തന്നെ
കെ.പി.സി.സി. യൊടല്പം ബന്ധം
വായ്‌പോർക്കൊക്കെ മലർത്തിക്കാട്ടി.

രാഷ്ട്രീയബോധമല്ല അധികാരദാഹമാണ് ഈ ചുവടുമാറ്റത്തിനു കാരണം. സ്വരാജ്യസ്വാതന്ത്ര്യം അരികത്തെത്തിയ ഉടനെയാണെന്നോർക്കണം. എപ്പോഴും അധികാരത്തിൻ്റെ കൂടെ നിൽക്കുക എന്ന ഉപരിവർഗ്ഗതാല്പര്യത്തെയാണ് ചെറുകാട് ഇവിടെ പരിഹസിച്ചു തുറന്നുകാട്ടുന്നത്. അക്കുറി ഇലക്ഷനിൽ മഞ്ഞപ്പെട്ടിയിലാണ് കോൺഗ്രസ്സിന് വോട്ടു ചെയ്തത് എന്നതിനാൽ കോൺഗ്രസ്സിൻ്റെ കൊടിയിൽ മഞ്ഞ നിറവുമുണ്ട് എന്നു ധരിച്ച് അതുകൂടിച്ചേർത്തു കൊടി തുന്നിച്ച് പത്തായപ്പുരമുകളിൽ കെട്ടിവച്ചവനാണീ കക്കാട്ടുവാരിയർ. അന്നുവരെ സായ്പൻമാർക്കു ചായ കൊടുക്കാൻ കരുതിവച്ച കപ്പും സോസറുമെടുത്ത് കോൺഗ്രസ്സുകാർക്കു മുന്നിൽ മലർത്തിക്കാട്ടാൻ അയാൾക്കു മടിയില്ല. കപ്പും സോസറുമല്ല, ജനാധിപത്യ വ്യവസ്ഥയിലേക്ക്  അധികാരാസക്തി തന്നെ നാണമില്ലാതെ മലർത്തിക്കാണിക്കുകയാണിവിടെ, കൈമാറ്റം ചെയ്യപ്പെടുകയാണിവിടെ.

നെല്ലും അരിയും അതു വിളയിക്കുന്ന കർഷകൻ്റെ ദുരിതജീവിതവും, വിലക്കയറ്റവും ക്ഷാമവും കാരണം അരി കിട്ടാതെ വലയുന്ന സാധാരണ മനുഷ്യരുടെ വിശപ്പിൻ്റെ ആഴവുമാണ് ചെറുകാടിൻ്റെ തുള്ളലുകളിൽ ഉറഞ്ഞാടുന്നത്. തൊഴിലാളിവർഗ്ഗം എന്നത് ചെറുകാടിൻ്റെ കവിതകളിൽ കർഷകവർഗ്ഗം തന്നെയാണ്. രാഷ്ട്രീയ പരിണാമങ്ങളിൽ മലബാറിലെ കർഷകസമൂഹം വഹിച്ച പങ്ക് ഈ കവിതകൾ ഉയർത്തിക്കാട്ടുന്നു.ഈ കാർഷികസമൂഹമാണ് കാലഗതിയിൽ അപ്രത്യക്ഷമായത്. അവരെങ്ങനെയാണ് അപ്രത്യക്ഷമായത് എന്ന ചോദ്യത്തിൻ്റെ ഉത്തരം കൂടി ഈ കവിതകളിലുണ്ട്.അധികാരമാണ് എന്നും കർഷകരുടെ നട്ടെല്ലൊടിച്ചത്. ബ്രിട്ടീഷ് - ഫ്യൂഡൽ അധികാരം പോയി ജനാധിപത്യകാലം വന്നപ്പോൾ ബ്യൂറോക്രസി ആ പണി ചെയ്തു. വലതുപക്ഷ രാഷ്ട്രീയം അതിന് ഒത്താശയും ചെയ്തു. അധികാരവും കൈക്കൂലിയും കരിഞ്ചന്തയും ഒറ്റ മുന്നണിയായി നിന്ന് കാർഷിക കേരളത്തെ ഞെരിച്ചുകളഞ്ഞു. ചെറുകാടിൻ്റെ കവിത അന്ന് നമ്മെ അനുഭവിപ്പിച്ച ആ ഞെരിഞ്ഞമരലിൽ നിന്ന് കാർഷിക കേരളം പിന്നീട് കരകയറിയതേയില്ല. പണികഴിച്ചു, അച്ചാരം മടക്കി എന്നീ തുള്ളലുകളിലും കാർഷിക കേരളത്തിൻ്റെ ഈ ഞെരിഞ്ഞമരൽ കാണാനാവും. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വന്ന ഉദ്യോഗസ്ഥൻ പോലും കൈക്കൂലി വാങ്ങിയാണ് തൻ്റെ പണി ചെയ്യുന്നത്.

4

തുള്ളലുകളിൽ ഉറഞ്ഞുതുള്ളിയ ഹാസ്യം ഒതുക്കത്തോടെയും ചിന്തോദ്ദീപകമായും പ്രയോഗിച്ചിട്ടുള്ള ലഘുകവിതകളാണ് ഹാസ്യകവിതകൾ. ബ്രിട്ടീഷുകാർ പോയിട്ടും പോകാത്ത ജന്മിത്തത്തെ ഈ കൂട്ടം കവിതകൾ ധീരതയോടെ ആക്രമിക്കുന്നു. "സ്വതന്ത്രഭാരതജന്മാധാരം സ്വന്തം പെട്ടിയിൽ വക്കുന്നവരേ" എന്നാണ് കവി ജന്മിമാരെ പരിഹാസത്തോടെ വിളിക്കുന്നത്.കുലത്തൊഴിൽ എന്ന കവിതയിൽ പൂമോത്തിരിപ്പും മുറുക്കിത്തുപ്പുമല്ലാതെ പണിയൊന്നുമില്ലാത്ത, സമൂഹത്തിലെ ഇത്തിക്കണ്ണിയായി ജീവിക്കുന്ന ജന്മിയുടെ പരിഹാസ്യചിത്രമുണ്ട്. ആധുനിക വിദ്യാഭ്യാസം വന്നതോടെ തൊഴിലെടുത്തു ജീവിക്കുക എന്ന ആശയത്തിന് സമൂഹത്തിൽ പ്രാബല്യം കിട്ടിത്തുടങ്ങി. അച്ഛൻ്റെ ജോലി എന്താണെന്നു ചോദിക്കുന്ന കുഞ്ഞിനോട് ജന്മിയുടെ ജോലിയാണ് എന്നു ജാള്യത്തോടെ പറയേണ്ടി വരുന്നു ഈ കവിതയിലെ ജന്മിനമ്പൂതിരിക്ക്. ജന്മിയുടെ അധികാരപ്രമത്തത ജനാധിപത്യകാലത്തും തുടരുകയാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അധികാരാസക്തിയുടെ ആൾരൂപമായി രാജാജിയെ ചിത്രീകരിക്കുന്ന പല കവിതകൾ ഈ വിഭാഗത്തിലുണ്ട്. രാജാജിയുടെ ഭരണപരിഷ്ക്കാരങ്ങളിലെ ജനവിരുദ്ധത ചോദ്യം ചെയ്യുന്നു അവ.കമ്മ്യൂണിസ്റ്റ് പക്ഷം പുലർത്തിക്കൊണ്ടു തന്നെയുള്ള കാർട്ടൂണുകളുടെ സ്വഭാവമാണവക്ക്. നാട്ടിൽ നടക്കുന്ന നെറികേടിനൊക്കെ സാക്ഷാൽ ദൈവമാണുത്തരവാദി എന്ന മട്ടിലുള്ള ഭരണാധികാരിയുടെ ഒഴിഞ്ഞുമാറലിനെ പരിഹസിക്കുന്ന കാർട്ടൂൺ കവിതകളാണ് പ്രാർത്ഥന, ദൈവം നിഷേധിക്കുന്നു, ഗുരുവായൂരപ്പനെ പറ്റിച്ചു എന്നീ കവിതകൾ. ഒടുവിൽ സഹികെട്ട് ദൈവം പറയുകയാണ്:

സത്യം ഞാനോതുന്നു നാട്ടുകാർ കേൾക്കണം
ലാത്തിയും ഞാനുമായ് ബന്ധമില്ല
രാജാജി ചെയ്വതിൻ പുണ്യവും പാപവും
രാജാജിക്കല്ലാതെനിക്കു വേണ്ട
എന്തെല്ലാം രാജാജിയെൻ തലക്കിട്ടാലും
എല്ലാം നിഷേധിപ്പൂ ദൈവമാം ഞാൻ
(ദൈവം നിഷേധിക്കുന്നു)

മദ്രാസ് സംസ്ഥാന ഭരണം ഭഗവാൻ്റെയാണ് എന്നു പറയുന്ന രാജാജി ഗുരുവായൂരപ്പനെ മദ്രാസിലേക്കു കടത്തി എന്നാണ് കവി പരിഹസിക്കുന്നത്. മദ്രാസ് നഗരത്തിലെ തെരുവിൽ നിന്ന് കരയുന്ന ഭഗവാനെ കണ്ടുമുട്ടുകയാണെങ്കിൽ തിരിച്ചിങ്ങോട്ടയക്കാൻ മറുനാടൻ മലയാളികളെ ഏല്പിക്കുകയാണ് കവി.

മറുനാട്ടിൽ പോയ മലബാറുകാരേ
മദിരാശിക്കാരേ സഹജരേ
ഗുരുവായൂരപ്പനവിടെയെങ്ങാനും
തെരുവിൽ നിന്നു കരയുമ്പോൾ
പിരിവെടുത്തൊരു ടിക്കറ്റു വാങ്ങി
തിരികെയിങ്ങോട്ടയക്കണേ
അരുതല്ലോ കഷ്ടം മറുനാട്ടിൽ പോയാൽ
പരദൈവത്തിനും പുലരുവാൻ

ക്ഷേത്രം വിട്ട് തെരുവിലെത്തിയ ദൈവം എന്ന കല്പനയെ ഭരണാധികാരിയുടെ ആസ്തിക്യബുദ്ധിയോടു ചേർത്തുവെച്ച് രാഷ്ട്രീയവൽക്കരിക്കുകയാണ് ഈ വരികളിൽ ചെറുകാട്. അധികം വൈകാതെ ഇതേ ബിംബം എം.ഗോവിന്ദൻ ദൈവത്തിൻ്റെ രക്തം എന്ന കവിതയിൽ ഉപയോഗിക്കുന്നുണ്ട്. തിരക്കു സഹിക്കവയ്യാതെ ഗുരുവായൂരമ്പലത്തിൽ നിന്നു പുറത്തിറങ്ങിയ കൃഷ്ണനെ തെരുവിൽ വെച്ച് ആളുകൾ കൈകാര്യം ചെയ്യുന്നതാണ് ഗോവിന്ദൻ്റെ കവിതയിൽ. പുതുകാലത്തെരുവിൽ ദൈവത്തിൻ്റെ നിസ്സഹായതയിലും നിസ്സാരതയിലുമാണ് ഗോവിന്ദൻ്റെ ഊന്നൽ. നാലു ദശാബ്ദങ്ങൾ കഴിഞ്ഞ് ഇതേ ബിംബം നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരനിൽ ആറ്റൂർ മറ്റൊരു വിധത്തിൽ എടുത്തുപയോഗിക്കുന്നുണ്ട്. നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ അമേരിക്കക്കു പോകുന്ന ശിവനാണ് അതിലെ കഥാപാത്രം. വിദേശിയുടെ കാഴ്ച്ചച്ചരക്കായി മാറുകയാണവിടെ ഇന്ത്യൻ ദൈവം. ഇങ്ങനെ മലയാള കവിതയിൽ വ്യത്യസ്ത പാഠസന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെട്ട ഒരു ബിംബം ആദ്യമായി ചെറുകാടിൻ്റെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു.

രാജാജിയിൽ നിന്നു തുടങ്ങി അരി വാങ്ങാൻ പോകുന്ന പാത്തുമ്മയിൽ അവസാനിക്കുന്ന വെള്ളച്ചന്തയെക്കുറിച്ചു പറഞ്ഞല്ലോ. ഇതിന്നു തലകീഴായി എഴുതപ്പെട്ട കവിതയാണ് പതിനായിരത്തിലൊന്ന്. വിദ്യാഭ്യാസമുള്ള ഒരു ശരാശരി മലയാളിയുടെ ജീവിതഗതി വിവരിക്കുകയാണതിൽ. ബി. എ കഷ്ടിച്ചു കടന്നു കൂടിയ ഒരു യുവാവാണ് രാമൻകുട്ടി.
രണ്ടാം ലോക യുദ്ധകാലത്ത് നിർബന്ധധാന്യശേഖരണം ഏർപ്പെടുത്തിയപ്പോൾ അയാൾക്ക് ഗ്രെയിൻ പർച്ചേസിങ് ഓഫീസറായി ജോലി കിട്ടി("യുദ്ധം ഹാ ഹാ വിജയിക്കട്ടെ" എന്നു രാമൻകുട്ടി) അതോടെ അയാൾ പ്രമാണിയായി, അയാൾക്കു ബന്ധുത്വമായി, കല്യാണമായി, കുടുംബമായി. പെട്ടെന്നു കൂടുതൽ പണക്കാരനാവാൻ അയാൾ പല പല ചിട്ടികളിൽ ചേർന്നു. അത്യാഗ്രഹം കാരണം ഒടുവിലയാൾക്കു ചെലവിനു പോലും തികയാതായി. കടം വരാൻ തുടങ്ങി. ആർഭാടം നിയന്ത്രിച്ചു ചെലവു കുറക്കാൻ ശ്രമിച്ചതോടെ കുടുംബത്തിൽ അയാൾ ഒറ്റപ്പെട്ടു. ഭാര്യക്കും അമ്മായിയമ്മക്കും മുന്നിൽ പരിഹാസ്യനായ രാമൻകുട്ടിയുടെ അവസ്ഥ ഇതാ:

പത്തിനെട്ടായ് ചിലതേഴായ് ചിലതാറായ് രാമൻകുട്ടി
ചെത്തിച്ചെത്തിച്ചെലവല്പം കുറച്ചുനോക്കി
ഭദ്രമായിരുന്നിരുന്നോരമ്മായി പോയ് പെട്ടെന്നൊരു
ഭദ്രകാളിയായി മാറി വെളിച്ചപ്പെട്ടു
പങ്കജാക്ഷിയുടെ ചുണ്ടത്തുണ്ടായിരുന്നൊരാ ചോപ്പു
പത്തിരട്ടിയായിക്കണ്ണിൽ കടന്നുകാളി

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുംപോലെ ആ സമയത്ത് ഭക്ഷ്യധാന്യ നിയന്ത്രണം രാജാജി സർക്കാർ എടുത്തു കളഞ്ഞു. അതോടെ രാമൻകുട്ടിയുടെ പണി പോയി. ബി. എ ക്കാരൻ രാമൻകുട്ടിയുടെ ജീവിതഗതിയിലുണ്ടായ ഈ മാറ്റങ്ങൾക്കെല്ലാം കാരണം രാജാജിയുടെ ഭരണപരിഷ്കാരമാണ് എന്ന് അടിവരയിട്ടുകൊണ്ട് കവിത അവസാനിക്കുന്നു.

ഹാ ഹലാക്കിങ്ങാരു കണ്ടു, രാജാജിതൻ തലച്ചോറിൽ
ആളിടുന്ന നട്ടപ്രാന്തിൻ നഗ്നനൃത്തങ്ങൾ!

സാധാരണക്കാരനായിരുന്ന രാമൻകുട്ടിയിൽ നിന്ന് രാജാജിയിലേക്കാണ് കവിത നീങ്ങുന്നത്. ഈ രാമൻകുട്ടി സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തോടൊട്ടി നിന്ന് അത്യാഗ്രഹത്തോടെ വളർന്നു വന്ന പുതിയൊരു വിഭാഗത്തിൻ്റെ പ്രതിനിധിയാണ്. അത്യാഗ്രഹികളുടെ ഒരു തലമുറയാണ് സ്വാതന്ത്ര്യത്തെ തുടർന്ന് വളർന്നു വന്നതെന്നു ധ്വനിപ്പിക്കുന്നുണ്ട് ഈ കവിത. പതിനായിരത്തിലൊരാൾ മാത്രമാണ് ഈ രാമൻകുട്ടി. ഇങ്ങനെയൊരു തലമുറയെ വളർത്തിയെടുക്കുകയായിരുന്നു ഭരണകൂടം. സ്വാതന്ത്ര്യാനന്തര കേരളത്തിൽ വളർന്നുവന്ന അത്യാഗ്രഹികളായ രാമൻകുട്ടിമാരുടെ തലമുറയെ പിന്നീടൊരിക്കൽ എം.ഗംഗാധരൻ നഷ്ടപ്പെട്ട തലമുറ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് (നഷ്ടപ്പെട്ട തലമുറ - അന്വേഷണം ആസ്വാദനം)

പതിനായിരത്തിലൊന്ന് എന്ന കവിത ഇന്നു വായിക്കുമ്പോൾ കൗതുകകരമായ മറ്റൊരു കാര്യം കൂടി നമ്മുടെ ശ്രദ്ധയിൽ പെടും. അതിലുപയോഗിച്ച ലളിതവും വസ്തുസ്ഥിതിവിവരണമാത്രവുമായ ഭാഷയ്ക്കും ബിംബകല്പനാരീതിക്കും മലയാള കവിതയിലുണ്ടായ തുടർച്ചയുടെ ഒരു സൂചനയാണത്. ചെറുകാട് കാവ്യഭാഷയിൽ തുടങ്ങിവെച്ചത് എം.ഗോവിന്ദനിലൂടെയും ആറ്റൂരിലൂടെയും തുടരുന്നതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചു കഴിഞ്ഞു. പതിനായിരത്തിലൊന്നിലെ രാമൻകുട്ടിയിൽ നിന്ന് ആറ്റൂരിൻ്റെ ഓട്ടോവിൻ പാട്ടിലെ കുഞ്ഞുക്കുട്ടനിലേക്കു വരുമ്പോൾ (1984) കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യ അന്തരീക്ഷം മാറിക്കഴിഞ്ഞു. ചെറുകാടിൻ്റെ കാവ്യാന്തരീക്ഷത്തിൽ ഉയർന്നു നിന്നിരുന്ന ഫ്യൂഡൽ സ്തംഭങ്ങൾ നിലംപൊത്തിക്കഴിഞ്ഞു.  നവഹിന്ദുത്വം ഫ്യൂഡൽ ചിഹ്നങ്ങളെ പുനരുദ്ധരിക്കുന്നതിനു തൊട്ടുമുമ്പുള്ള കവിതയാണ് ഓട്ടോവിൻ പാട്ട് എന്നോർക്കണം.മാറിയ സാഹചര്യത്തിൽ മനക്കലെ പുതുതലമുറയിലെ കുഞ്ഞിക്കുട്ടനും കളംമാറ്റിച്ചവിട്ടി.

പഴയൊരില്ലം പൊളിച്ചു വിറ്റ്
പുതിയൊരോട്ടോ റിക്ഷ വാങ്ങി
പുതുമനക്കൽ കുഞ്ഞിക്കുട്ടൻ

എന്നാൽ മര്യാദക്കാരനായി ഓട്ടോ ഓടിച്ചു ജീവിച്ചാൽ കടക്കാരനാവുകയേയുള്ളൂ എന്നു തിരിച്ചറിഞ്ഞ കുഞ്ഞിക്കുട്ടൻ പിന്നെയും ചുവടുമാറി ക്രിമിനൽ - അധോലോകത്തെത്തി.കുറ്റകൃത്യങ്ങളുടെ പുതിയൊരു അധോലോകം കേരളത്തിൽ പടരാൻ തുടങ്ങിയ കാലത്തെ മനുഷ്യനായി അയാൾ മാറുന്ന കഥയാണ് ആറ്റൂർ പാടുന്നത്. മാറുന്ന മലയാളിയുടെ രണ്ടു ഘട്ടങ്ങളെ രാമൻകുട്ടിയും കുഞ്ഞിക്കുട്ടനും പ്രതിനിധീകരിക്കുന്നു. ചെറുകാടിനു പക്ഷേ കൃത്യമായ രാഷ്ട്രീയ താല്പര്യമുണ്ടായിരുന്നതുകൊണ്ട് രാജാജിക്കു മുന്നിൽ രാമൻകുട്ടിയെ ബലികൊടുക്കേണ്ടിവന്നു എന്നു മാത്രം. ആവിഷ്ക്കാരപരവും പ്രമേയപരവുമായി ഒരേ ജനുസിൽ പെട്ട രണ്ടു കവിതകളാണിവ. സ്നേഹവതിയായിരുന്ന അമ്മായിയമ്മ രാമൻകുട്ടിക്കു പണമില്ലാതായതോടെ ഭദ്രകാളിയായി മാറുന്നു. ഗണപതിയിൽ നിന്നും ഭദ്രകാളിയിലേക്കുള്ള മാറ്റം ഓട്ടോവിൻപാട്ടിലുമുണ്ട്. പണമില്ലാതായതോടെ രാമൻകുട്ടിയുടെ ഭാര്യയുടെ ചുണ്ടത്തെ ചോപ്പ് പത്തിരട്ടിയായി കണ്ണിൽ കടന്നു കാളുകയാണ്. അതുവരെ ഗുരുവായൂരപ്പൻ നിറഞ്ഞാടിയിരുന്ന കുഞ്ഞിക്കുട്ടൻ്റെ നെഞ്ചിലോ പൂതനയാണ് പിന്നീടു ചൊല്ലിയാടിയത്.

ഫ്യൂഡൽ ബിംബങ്ങളെ വിപരീതാർത്ഥത്തിൽ മറിച്ചിടുന്നതിൽ ആറ്റൂർക്കവിതക്കുള്ള വൈഭവം നിരൂപകർ മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ വൈഭവത്തിൻ്റെ പൂർണ്ണതക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഉദാത്തം(1974) എന്ന കവിത. ഫ്യൂഡൽ ഭാവുകത്വത്തിൻ്റെ പെരുംവാർപ്പ് പൊക്കിയെറിഞ്ഞ് നൂറായി നുറുക്കുകയാണ് ആറ്റൂർ. ഈ കാര്യത്തിലും ആറ്റൂരിൻ്റെ മുൻഗാമി തന്നെ ചെറുകാട്. അതിനുവേണ്ടി ഫ്യൂഡൽ ബിംബങ്ങൾ ഉപയോഗിക്കുന്ന രീതി ഉദാത്തം,ഓട്ടോവിൻ പാട്ട്,ഇരിപ്പ് തുടങ്ങി ആറ്റൂരിൻ്റെ പല കവിതകളിൽ കാണാം. ചെറുകാടും ഫ്യൂഡൽ ബിംബങ്ങളെ ഈ നിലയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചന്ത ഓട്ടൻതുള്ളലിൽ, ജനങ്ങളെ കയ്യിലെടുക്കാനായി അരിയുടെ നിയന്ത്രണം നീക്കാൻ രാജാജി സർക്കാർ തീരുമാനിച്ചപ്പോൾ അതുവരെ അദൃശ്യമായി നിലനിന്നിരുന്ന കരിഞ്ചന്ത പരസ്യമായി അഴിഞ്ഞാടാൻ തുടങ്ങിയതു ചെറുകാട് വിവരിക്കുന്നത് പൂതനാമോക്ഷം കഥകളിയായാണ്.

തിരശ്ശീലയെടുത്തപ്പോൾ കരിഞ്ചത്ത പുറത്തെത്തി
വെളുത്ത ചന്തയായ് നിന്നൂ ലളിത പൂതനപോലെ.
തിരനോട്ടം നടത്തുന്നിതരങ്ങാകെ കുലുങ്ങുന്നൂ
പരുക്കൻ ജൂബ്ബയിട്ടോരോ തലയാട്ടി രസിക്കുന്നൂ.
തിരിനീട്ടിക്കൊടുക്കുന്നു നെഹറു ഡൽഹിയിൽനിന്നും
ഉറക്കെത്താളമേളങ്ങൾ മുഴക്കീടുന്നു ജന്മിത്തം
പെരുത്ത ചേങ്ങല വീക്കിയുറക്കെയാർത്തു പാടുന്നൂ
തലയ്ക്കു കൈകൊടുത്തൂക്കൻ മുതലാളിത്തവാഗ്ധാടി.

ആറ്റൂർ രവിവർമ്മ ചെറുകാടിനെ അനുകരിച്ചു എന്നു പറയാനല്ല ഈ താരതമ്യം ശ്രമിക്കുന്നത്. താരതമ്യങ്ങൾക്കപ്പുറത്ത് തനതായ കവിത സൃഷ്ടിക്കാൻ കഴിഞ്ഞ കവിയാണ് ആറ്റൂർ.മറിച്ച് ഇവിടെ ശ്രമിക്കുന്നത്,ആറ്റൂരിനെപ്പോലൊരു വലിയ കവിയുടെ കവിവ്യക്തിത്വ രൂപീകരണത്തിൽ കവിയായ ചെറുകാടിൻ്റെ ജീവിതവീക്ഷണരീതിയും ബിംബരചനാരീതിയും ഭാഷാരീതിയും സ്വാധീനം ചെലുത്തി എന്നു വ്യക്തമാക്കാനാണ്. ചെറുപ്പത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ആറ്റൂരിൻ്റെ ആദ്യകാല രചനകളിൽ ചിലത് ചെറുകാടിൻ്റെ തുള്ളലുകളുടെ മാതൃകയിലുള്ള തുള്ളലുകളായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പറഞ്ഞു വന്നത്, അധികാരബിംബമായി ഈ കവിതകളിൽ രാജാജി നിറഞ്ഞുനിൽക്കുന്നു എന്നാണ്.എ വി കുട്ടിമാളു അമ്മ (ഐക്യകേരളം വേണ്ട), ആനി മസ്ക്രീൻ (ആനിയുടെ അമളി,ആനന്ദമത്യാനന്ദം), പനമ്പള്ളി ഗോവിന്ദമേനോൻ (ജി.ബി.റെഡി!), ജവഹർലാൽ നെഹറു, ടി.പ്രകാശം, കെ. മാധവമേനോൻ, അമ്മു സ്വാമിനാഥൻ, ലീലാ ദാമോദര മേനോൻ തുടങ്ങി ഒട്ടേറെ കോൺഗ്രസുകാർ കവിതകളിൽ കടന്നുവരുന്നുണ്ടെങ്കിലും കഥാപാത്രമെന്ന നിലയിൽ തികഞ്ഞ മിഴിവ് ലഭിക്കുന്നത് രാജാജിക്കു തന്നെയാണ്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ആസ്തിക്യം, ശരീരഭാഷയുടെ സവിശേഷതകൾ, വാർദ്ധക്യചിഹ്നങ്ങൾ, ഗാന്ധിഭക്തി എന്നിവക്കെല്ലാം പിറകിൽ അധികാരാസക്തിയും കൗടില്യവും കമ്യൂണിസ്റ്റ് പക്ഷത്തു നിന്നുകൊണ്ട് കവി കാണുന്നു. രാജാജിയുടെ നിലപാടുകളായിരുന്നോ ശരി, ചെറുകാടിൻ്റെ വിമർശനമായിരുന്നോ ശരി എന്ന ചർച്ചക്ക് ഇന്നീ കവിതയുടെ വായനയിൽ എന്നെപ്പോലൊരു വായനക്കാരന് സവിശേഷ കൗതുകമില്ല. രാജാജിയുടെ ഭരണപരിഷ്കാരങ്ങളേയും പെരുമാറ്റങ്ങളേയും സമർത്ഥമായി കൂട്ടിയിണക്കി ഒരു പ്രതി - വിഗ്രഹം കവിതയിൽ സൃഷ്ടിച്ചതിലെ ആവിഷ്ക്കാരവൈശിഷ്ട്യമാണ് ഇന്നു തെളിഞ്ഞു കാണാകുന്നത്. അധികാരസ്വരൂപിയായ ഒരു രസികൻ കഥാപാത്രമായി രാജാജി ഈ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. പുറമേക്ക് ആത്മീയതയും അകമേ അധികാരാസക്തിയും എന്ന ഈ ചേർപ്പിന് ഇന്ത്യൻ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യം കൈവന്നിട്ടുള്ളതുകൊണ്ടാവാം രാജാജിയെ കഥാപാത്രവൽക്കരിക്കാൻ ചെറുകാട് വെമ്പിയത്.
മലയാള സാഹിത്യത്തിലെ ഗാന്ധിപ്രഭാവം ഒരു വലിയ സമയസീമക്കുള്ളിൽ പലരെഴുതിയ കൃതികളിലായി ചിതറിക്കിടക്കുകയാണല്ലോ. അടിയന്തരാവസ്ഥക്കാലത്തെ തുടർന്ന് പല എഴുത്തുകാരുടെ പല കൃതികളിലായി ഇന്ദിരാഗാന്ധിപ്രഭാവവും(പലപ്പോഴും പേരെടുത്തു പറയാതെ) കാണാം. എന്നാൽ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിനെ മലയാളത്തിലെ ഒരു കവി പിന്തുടർന്ന് ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അത് രാജാജിയും ആ കവി ചെറുകാടുമാകുന്നു. ഭരണപരിഷ്ക്കാരത്തിൻ്റെ ഫലമായി ബസ്ചാർജ് കൂടിയപ്പോൾ, നഗരത്തിൽ നിന്ന് നാട്ടിലേക്കു പോകുന്ന തൊഴിലാളിയായ അച്ഛന് തൻ്റെ കുഞ്ഞിന് മിഠായി വാങ്ങിക്കാൻ പാങ്ങില്ലാതെ പോകുന്നതിൻ്റെ സങ്കടവിരൽ കൊണ്ടുപോലും കവി രാജാജിക്കു നേരെ ചൂണ്ടുന്നു.

വാക്കുകൾ കൊണ്ടുള്ള കാരിക്കേച്ചറുകൾ എന്നോ കാർട്ടൂണുകൾ എന്നോ ചെറുകാടിൻ്റെ ഹാസ്യ കവിതകളെ വിശേഷിപ്പിക്കാം. കാർട്ടൂൺ കവിത എന്ന പേര് പിന്നീട് പ്രബലമാക്കിയത് അയ്യപ്പപ്പണിക്കരാണല്ലോ. എന്നാൽ പണിക്കർക്കും മുമ്പ് ഏറെക്കുറെ അതേ നിലയിൽ ആ രീതി അവതരിപ്പിച്ചത് ചെറുകാടാണെന്ന് ഈ കവിതകൾ ഇന്നു വായിക്കുമ്പോൾ തോന്നുന്നു. ഇതു പറയുമ്പോൾ ചെറുകാടിനും മുമ്പ് സഞ്ജയൻ നമ്മുടെ മനസ്സിൽ വരാഞ്ഞിട്ടല്ല. ആശയങ്ങളെ ഹാസ്യാത്മകമാക്കി വിമർശനത്തിൻ്റെ അമ്പെയ്യലാണ് സഞ്ജയൻ്റെ പൊതു രീതി. കമ്യൂണിസ്റ്റ് വിമർശനം അടങ്ങുന്ന അനന്വയം പോലുള്ള കവിതകളിൽ ഈ രീതിയാണു കാണുന്നത്. എന്നാൽ ചലനാത്മകമായ വാഗ് രേഖകൾ കോറിയിടുന്നതാണ് ചെറുകാടിൻ്റെ മട്ട്. ഉദാഹരണത്തിന് കോൺഗ്രസ് നേതാവ് ആനി മസ്ക്രീൻ കഥാപാത്രമായി വരുന്ന ആനന്ദമത്യാനന്ദം എന്ന കവിത നോക്കാം. ആ കവിതയുടെ രചനക്കു പിന്നിലെ രാഷ്ട്രീയ - സാഹിത്യ സന്ദർഭം എന്താണെന്ന് ഞാൻ അന്വേഷിച്ചു പോയിട്ടില്ല. എങ്കിലും, ആനി മസ്ക്രീൻ്റെ പൂന്തോട്ടത്തിൽ കിടക്കുന്ന സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ ആറേഴുനായ്ക്കുട്ടികളിൽ ഒന്ന് പേപിടിച്ച് മഹാകവി ശങ്കരക്കുറുപ്പിനെ റോട്ടിലൂടെ ഓടിക്കുന്നതു കണ്ട് ചിരിക്കുന്ന ആനി മസ്ക്രീൻ്റെ ചിത്രം അതിൻ്റെ പാത്രചിത്രണരീതിയാലും ചലനാത്മകതയാലും വായിച്ചു തീർന്നാൽ മനസ്സിൽ നിറയുന്ന ഊറിച്ചിരിയാലും ഒരു കാർട്ടൂണിനെ ഓർമ്മിപ്പിക്കുന്നു.

പേപിടിച്ചോടീടുമ-
പ്പട്ടിതൻ കുരകേട്ടു
പേടിച്ചു മഹാകവി
പരുങ്ങീടുന്നു!
ഓടുന്ന കവിയുടെ-
യോലക്കം കണ്ടുകണ്ടി-
ട്ടോമലാളാനി നിന്നു
ചിരിച്ചീടുന്നൂ!
.....
ആനിതൻ പൂന്തോട്ടത്തി -
ലായിരം കുടങ്ങളി-
ലാനന്ദം,അത്യാനന്ദം
തുളുമ്പിടുന്നു

ശങ്കർ എന്ന മലയാളി കാർട്ടൂണിസ്റ്റ് ഉയർന്നുവന്ന കാലമാണതെന്നും ഓർക്കണം. മഹാകവിയുടെ ഓട്ടത്തിനും അതുകണ്ടുള്ള ആനിയുടെ ചിരിക്കുമാണിവിടെ ഊന്നൽ. ആരായിരുന്നു ആ പേപിടിച്ച നായ്ക്കുട്ടി എന്നു കൂടി അറിഞ്ഞാൽ ഒരു പക്ഷേ ചിരി ഇരട്ടിയായേനെ(എഴുതിയ കാലത്ത് അത് വ്യക്തമായിരുന്നു) കാലത്തോടുള്ള ഒട്ടിനില്പ് കാർട്ടൂണുകളെപ്പോലെത്തന്നെ ചെറുകാടിൻ്റെ കവിതകൾക്കുമുണ്ട്. നേരത്തേ ചെറുകാട്, എം.ഗോവിന്ദൻ, ആറ്റൂർ എന്നൊരു ധാരയെക്കുറിച്ചു പറഞ്ഞതുപോലെ യഥാക്രമം സഞ്ജയൻ, ചെറുകാട്, അയ്യപ്പപ്പണിക്കർ എന്ന ധാരയും മലയാള കവിതയെ ആധുനികമാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. ഈ രണ്ടു ധാരകളിലും ചെറുകാടിൻ്റെ കവിത നിർണ്ണായകമായിരുന്നു. ഈ പശ്ചാത്തലത്തിൽ മലയാള ആധുനികതക്കു മുന്നോടിയായ കവികളിലൊരാളായി ചെറുകാടിനെ തീർച്ചയായും അടയാളപ്പെടുത്താനാവും. കമ്യൂണിസ്റ്റുകാരനായ ഹാസ്യകവി മലങ്കാടനെ കമ്യൂണിസ്റ്റ് വിരോധിയായ സഞ്ജയനും പ്രിയമായിരുന്നല്ലോ.

ഫ്യൂഡൽ കാലത്തെന്നപോലെ പാർലമെൻ്ററി ജനാധിപത്യ കാലത്തും പ്രതാപം ചെലുത്തുന്ന അധികാരാസക്തിയാണ് ചെറുകാടിൻ്റെ കവിതകളിലെ ഒരു പ്രധാന പ്രമേയം എന്നു കണ്ടുവല്ലോ. പ്രത്യേകിച്ചും ഹാസ്യ കവിതകളിൽ.ബ്രിട്ടീഷുകാർ പോയിട്ടും നാട്ടുഭരണം അവരുണ്ടാക്കിയ പാരമ്പര്യത്തിൽ തുടരുന്നതിൻ്റെ ദയനീയ ചിത്രങ്ങൾ പല ഹാസ്യകവിതകളിലുമുണ്ട്. താശ്ശൻ മേനോൻ എന്ന കവിത ഒരു നല്ല ഉദാഹരണമാണ്.

ബ്രിട്ടൻ്റെ സാമ്രാജ്യത്വ വാഴ്ച്ചതൻ പാരമ്പര്യം
നാട്ടിലിന്നുമേ നാട്ടിനിൽക്കുന്നു താശ്ശൻ മേനോൻ
.....
മിച്ചവാരവും വെറുംപാട്ടവും പിരിക്കാനും
ഇച്ഛപോലന്നാട്ടാരെത്തല്ലാനും തലോടാനും
മണ്ണിൽനിന്നോടിക്കാനും മണ്ണേകിയിരുത്താനും
'മാന്യ'നാമദ്ദേഹത്തിന്നിച്ഛ താൻ സർവ്വാധാരം.
.....
നാട്ടുമുഖ്യസ്ഥന്മാരിലൊന്നാമൻ മേനോനെന്നു
തീട്ടൂരം കൊടുത്തിട്ടുണ്ടംശത്തിന്നധികാരി.
പണ്ടുപണ്ടിർവ്വിൻപ്രഭു വൈസ്രോയിപട്ടം കെട്ടി- ക്കൊണ്ടിന്ത്യ വാണീടുമ്പോൾ കിട്ടിയതാണാ സ്ഥാനം.
ഇന്നുമന്നാട്ടിന്നൊന്നു മുന്നോട്ടു നീങ്ങാനാദ്യ -
മൊന്നാമൻ മേനോൻ തന്റെ കാലിളക്കിയേ തീരൂ.
.......

ജന്മിയാമച്ഛൻതമ്പ്രാൻ, കാര്യസ്ഥൻ താശ്ശന്മേനോൻ,
അമ്മന്നിന്നധികാരി, നിർമ്മലനംശംമേനോൻ,
ഔട്ടുപോസ്റ്റിലെ ഹേഡ്, ഹുണ്ടികക്കാരൻ പട്ടർ,
നാട്ടിന്റെ നെടുമ്പുരത്തൂണുകളാറാണിന്നും.
ആറിലുമൊന്നാമനായ് ജന്മിതൻ കാര്യസ്ഥനാ -
യാനപോൽ തടിച്ചിതാ നില്ക്കുന്നു താശ്ശന്മേനോൻ!

കൊളോണിയൽ ബാധ വിട്ടുപോകാത്ത സമൂഹത്തെ കണക്കിനു കളിയാക്കുകയല്ലാതെ കവിക്കു മറ്റെന്തു വഴി! ചെറുകാട് ഇതെഴുതി എഴുപത്തഞ്ചു കൊല്ലം കഴിഞ്ഞ് ഇന്നീ ജനാധിപത്യകാലത്തും അധികാരം കയ്യാളുന്ന പലരുടെയും മനോഭാവവും ഭാഷയും ശരീരഭാഷയും പഴയ ജന്മിത്തത്തിൻ്റേതായി മാറുന്നത് നാം കാണുന്നുണ്ടല്ലോ. ചെറുകാടിൻ്റെ താശ്ശൻ മേനോൻ ഇന്നും ജീവിക്കുന്നു. പാർലമെൻ്ററി ജനാധിപത്യത്തിൽ വന്നുകൂടുന്ന ദുഷിപ്പുകളോടുള്ള രൂക്ഷ വിമർശനത്തിലേക്കും ചെറുകാടിൻ്റെ ഹാസ്യമുന നീളുന്നുണ്ട്. ആനിയുടെ അമളി, കുറച്ചു മലയാളം പഠിക്ക് എന്നീ രചനകൾ ഇന്ത്യൻ പാർലമെൻ്റിനെ കവിതയിലേക്കു തുറന്നുവക്കുന്നു. പല ഭാഷകളും സംസ്ക്കാരങ്ങളുമുള്ള ഒരു രാജ്യത്തിൻ്റെ പാർലമെൻ്റിൽ പ്രാദേശിക ഭാഷകളിൽ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരങ്ങൾ തേടാനും ജനപ്രതിനിധികൾക്ക് അവസരം ലഭിക്കേണ്ടതുണ്ട് എന്ന് ഉറക്കെപ്പറയുന്ന കുറച്ചു മലയാളം പഠിക്ക് എന്ന കവിതയിൽ പ്രാദേശികഭാഷയുടെ രാഷ്ട്രീയം തന്നെയാണ് കവി ഉയർത്തിപ്പിടിക്കുന്നത്. എം.പിയായി രുന്ന ഇമ്പിച്ചിബാവ മലയാളത്തിൽ പ്രസംഗിച്ചതിനെ കളിയാക്കി വാർത്ത നൽകിയ മലയാളപത്രങ്ങളെ ഭാഷയുടെ രാഷ്ട്രീയം കൊണ്ടു നേരിടുകയാണ് കവി. ഇമ്പിച്ചിബാവ ഹിന്ദിയോ ഇംഗ്ലീഷോ പഠിക്കുകയല്ല വേണ്ടത്, മറിച്ച് ഇന്ത്യൻ പാർലമെൻ്റ് മലയാളം പഠിക്കുകയാണ് വേണ്ടത് എന്ന് ഉറച്ചു പറയാൻ അന്നേ ചെറുകാടിനു കഴിഞ്ഞു.

ഒന്നുണ്ടു കേൾക്കണം പാർലമെൻ്റേ
തെല്ലു മലയാളം നീ പഠിക്കൂ

തൽസമയ പരിഭാഷക്കുള്ള സാങ്കേതികത വികസിച്ച സമീപകാലത്തു മാത്രമേ പാർലമെൻ്റിൻ്റെ ഭാഷാപഠനം പുരോഗമിക്കുകയുണ്ടായുള്ളൂ. എന്നാൽ ചെറുകാട് ഉന്നയിച്ച മൗലിക പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. അധികാരഭാഷകൾക്കു കീഴിൽ മറ്റു ഭാഷകളിലെ ആവിഷ്ക്കാരങ്ങൾ തമസ്ക്കരിക്കപ്പെടുന്നു എന്നതാണത്. ആദ്യം സംസ്കൃതവും പിന്നീട് ഇംഗ്ലീഷും അധികാരഭാഷകളായിരുന്നു. ആ നിലയിൽ അവക്കു ലഭിച്ച പ്രാമാണികത മറ്റൊരു നിലയിൽ ഇന്നും തുടരുന്നുണ്ട്. പാർലമെൻ്ററി ജനാധിപത്യം നിലവിൽ വന്നശേഷം രാഷ്ട്രഭാഷയായ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ചെറുകാട് എഴുതിയ എൻ്റെ ഭാഷ എന്ന കവിതയും ഇതോടു ചേർത്തു വായിക്കണം.

പണ്ടൊക്കെ സംസ്കൃതഭാഷയെ പൂജിച്ചു -
കൊണ്ടാടിനിന്നിതെൻ മാതൃഭാഷ
പിന്നെ വന്നെത്തിയൊരാംഗ്ലേയവാണിതൻ
മുന്നിൽ മുട്ടുംകുത്തിനിന്നു മാഴ്കി.
ഹിന്ദിക്കു താളി പിഴിയുകെന്നിന്നിതാ
ഇന്ത്യാഗവർമ്മേണ്ടും ശാസിക്കുന്നൂ!

ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ്ങളിൽ ഒന്നൊതുങ്ങി എന്നു കരുതിയ ഭാഷാധികാരബോധം സമകാല ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ വീണ്ടും തലനീട്ടിപ്പുറത്തുവരുന്ന സന്ദർഭത്തിൽ ഭാഷയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഈ കവിതകൾക്ക് വലിയ പ്രാധാന്യമുണ്ട്. പാർലമെൻ്ററി ജനാധിപത്യം ആരോഗ്യകരമാവണമെങ്കിൽ അധികാരഭാഷ അടിച്ചേൽപ്പിക്കാതെ പ്രാദേശിക ഭാഷകളെ വളർത്തുകയാണ് വേണ്ടത് എന്നതാണ് ഈ കവിതകൾ മുന്നോട്ടുവക്കുന്ന ഭാഷാനയം. ജനങ്ങളുടെ ഭാഷ കേൾക്കുന്ന ചെവിയുണ്ടാവണം പാർലമെൻ്റിന്. കണ്ണും കാതും മൂക്കുമെല്ലാമുള്ള മനുഷ്യനാക്കണം, അഥവാ പാർലമെൻ്റിനെ മാനുഷികമാക്കണം എന്നും ചെറുകാട് പറയുന്നു. പാർലമെൻ്റിൻ്റെ മൂക്കിനെ പരീക്ഷിക്കുന്ന ഒരു കവിത ഇക്കൂട്ടത്തിലുണ്ട്.ആനി മസ്ക്രീൻ തന്നെ കഥാപാത്രമായി വരുന്ന ആനിയുടെ അമളിയാണത്.എ ജെ ജോൺ മുഖ്യമന്ത്രിയായ തിരുക്കൊച്ചിയിൽ (1952 -54) വിതരണം ചെയ്ത നാറി പുഴുവരിക്കുന്ന റേഷനരി പാർലമെൻ്റിൻ്റെ മേശപ്പുറത്ത് കൊണ്ടുവക്കുകയാണ് ആനി മസ്ക്രീൻ. പുഴു പുറത്തേക്കരിക്കാൻ തുടങ്ങിയപ്പോൾ "പുഴുവിൻ്റെ മാർച്ചിങ് പവർ അളന്നിട്ടില്ല എഛ്. പി കൊണ്ടീ ഞാൻ" എന്നായി ആനി മസ്ക്രീൻ.ദുർഗന്ധം സഹിക്കാതെ മൂക്കു തട്ടിക്കുടയുന്ന തിരുക്കൊച്ചി എം പി
ചാക്കോയെ കാണിച്ചുകൊണ്ടാണ് കവിത തീരുന്നത്.കേരളീയ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും മിഴിവോടെ ചെറുകാട് ചിത്രീകരിച്ചിട്ടുള്ളത് കോൺഗ്രസ് നേതാവായിരുന്ന ആനി മസ്ക്രീനെയാണ്.

പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഇത്തരം അകക്കാഴ്ച്ചകൾ ചെറുകാടിനു ശേഷം ആരെങ്കിലും എഴുതിയതായി കണ്ടിട്ടില്ല.രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ടുപോലും, ആറ്റൂർ എഴുതിയ ആന പിണങ്ങി പോലെ അപൂർവ്വം ചില കവിതകളേ മലയാളത്തിലുള്ളൂ. ഇവിടെയും ചെറുകാടിനു ശേഷം ആറ്റൂരിൻ്റെ പേരു കടന്നു വരുന്നത് യാദൃച്ഛികമല്ല.

അധികാരം, പാർലമെൻ്ററി ജനാധിപത്യം, ഭാഷാരാഷ്ട്രീയം എന്നിവ പോലെ ഹാസ്യകവിതകളിൽ ആവർത്തിച്ചു വരുന്ന മറ്റു രണ്ടു വിഷയങ്ങളാണ് മാധ്യമവിചാരണയും വർഗ്ഗീയതാ വിമർശനവും.സാമ്രാജ്യത്വം മാധ്യമങ്ങളിലൂടെ നുഴഞ്ഞു കയറുന്ന കാഴ്ച്ച അമേരിക്കൻ റിപ്പോർട്ടർ മാതൃഭൂമിയുടെ കൂടെ എന്ന കവിതയിൽ കാണാം. മാതൃഭൂമിക്കൊപ്പം അമേരിക്കൻ റിപ്പോർട്ടർ കൂടി വായനക്കാർക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സമയത്താണ് ഈ വിമർശനം കവി തൊടുക്കുന്നത്:

റോബിൻസൺ നിരത്തിലെ മാതൃഭൂമിയും മൗണ്ടു
റോഡിലെയമേരിക്കക്കാരനാം റിപ്പോർട്ടറും
തങ്ങളിലനുരാഗബദ്ധരാണത്രേയിപ്പോൾ
ഇങ്ങവരൊന്നിച്ചാണു പട്ടണപ്രചരണം

കേരള - അമേരിക്കൻ പത്രങ്ങൾ ചേർന്നുള്ള ഈ പട്ടണപ്രചരണം മാധ്യമരംഗത്തെ ആഗോളവൽക്കരണത്തിൻ്റെ സമകാല സന്ദർഭത്തിൽ വെച്ചു നോക്കിയാൽ പ്രവചനാത്മകമാണെന്നും പറയാം. മുൻപരാമർശിച്ച കുറച്ചു മലയാളം പഠിക്ക് എന്ന കവിതയിൽ കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും വിമർശിക്കുന്നുണ്ട്. അവയുടെ നിലനില്പു തന്നെ മാതൃഭാഷാബദ്ധമാണെന്നിരിക്കെ, ആ മലയാളത്തിൽ പാർലമെൻ്റിൽ പ്രസംഗിച്ച മെമ്പറെ വില കുറച്ചു കാണിക്കാനാണ് മലയാള പത്രങ്ങൾ ശ്രമിച്ചത്. മലയാളത്തിൻ്റെ നാവായിരിക്കേണ്ട നമ്മുടെ പത്രങ്ങൾ മാതൃഭാഷാവിരുദ്ധ നയങ്ങളെ പിന്തുണക്കുന്നത് നാം ഇന്നും കാണുന്നതാണ്. വെളിച്ചപ്പാട് എന്ന കവിതയിൽ സ്വന്തം രാഷ്ട്രീയ പക്ഷപാതങ്ങൾക്കായി പത്രങ്ങൾ പ്രയോഗിക്കുന്ന പ്രകോപനസമ്മർദ്ദതന്ത്രങ്ങളാണ് പരിഹസിക്കപ്പെടുന്നത്. രണ്ടു കയ്യിൽ വാളും പിടിച്ചലറുന്ന വെളിച്ചപ്പാടായാണ് ഇവിടെ പത്രത്തെ അവതരിപ്പിക്കുന്നത്.കേന്ദ്രത്തിനെതിരെയുള്ള പത്രത്തിൻ്റെ എഴുത്ത് കമ്യൂണിസ്റ്റ് എം പിമാരെ പ്രകോപിപ്പിച്ചു രാജിവെപ്പിക്കാനുള്ള തന്ത്രമാണെന്നാണ് ചെറുകാടിൻ്റെ വിമർശനം.

ചെറുകാട് കവിതയുടെ പ്രവചനാത്മകത കൃത്യമായി വെളിവാകുന്ന മറ്റൊരു കൂട്ടം രചനകളാണ് വർഗ്ഗീയതക്കെതിരെയുള്ളത്. ഗോവധത്തിൻ്റെ പേരിലുണ്ടായ ഒരു വർഗ്ഗീയ ലഹളയെ മുൻനിർത്തി എഴുതിയതാണ് പയ്യോളിക്കാള. ഇവിടെയും കമ്യൂണിസ്റ്റു പാർട്ടിയുടെ വീക്ഷണം എന്ന നിലയിലല്ല ഒരു സാധാരണ മനുഷ്യൻ്റെ നിലയിലാണ് കവി സംസാരിക്കുന്നത്. മലങ്കാടൻ എന്ന പേരിൽ പയ്യോളിക്കാള എഴുതിയ ചെറുകാടിനെ കമ്യൂണിസ്റ്റു സുഹൃത്തുക്കൾ പോലും വിമർശിക്കുകയുണ്ടായി എന്ന് പിന്നീടെഴുതിയ ഒരു കവിതയിൽ കാണുന്നു(ഒന്നു മുറുക്കണോ?)

തങ്ങളും തമ്പ്രാനും ഗോവധക്കാര്യത്തിൽ
തങ്ങളിലല്പം പിണക്കമെങ്കിൽ
നിത്യവും വന്നാ മുതലക്കുളത്തൊരു
ഗുസ്തി നടത്തട്ടെ കാര്യം തീർക്കാൻ
ജോലിയില്ലാത്തവരാ ഗുസ്തിയും കണ്ടു
നാലു മിനുട്ടു രസിച്ചിടട്ടേ

എന്നാൽ വർഗ്ഗീയ ശക്തികൾ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്. ഐക്യകേരളരൂപീകരണത്തിനു ശേഷം സംഘം ചേരുന്ന വർഗ്ഗീയതയുടെ ഭീകരത നാമിവിടെ അറിയുന്നു:

എന്നാലതല്ല കുഴപ്പം,ഹലാക്കിൻ്റെ
ചിന്നം വിളിയും കൊടിയുമായി
തങ്ങൾക്കു ചേർന്നോരും തമ്പ്രാനു ചേർന്നോരും
തങ്ങളിൽ കത്തിക്കുത്തായിപ്പോയാൽ
കണ്ടോനെ - കണ്ടോളെ- കട്ടാരക്കത്തിയാൽ
രണ്ടു നാലഞ്ചാറു സമ്മാനിച്ചാൽ
റബ്ബേ പടച്ചോനേ,യപ്പാ ഗുരുവായൂ -
രപ്പാ ദുനിയാവിലെന്തു ചെയ്യും!
കാക്കാശിനുപ്പിന്നു സന്ധ്യക്കു ഞാൻ മമ്മു-
ക്കാക്കാനെത്തേടിപ്പുറപ്പെടുമ്പോൾ
കത്തിക്കുത്തെൻ്റെ കരളിൻ്റെ നേർക്കായാൽ
ചത്തില്ലേ പോലീസു പിന്നെയല്ലേ?
പയ്യോളിക്കാളേ, നീയെൻ കരൾത്തട്ടിലെ
തീയായിപ്പൊങ്ങിനിന്നാളിടുന്നു

അന്നാളിയ തീ പെരുകി വന്നതല്ലാതെ ഇന്ത്യൻ സമൂഹത്തിൽ കെടുകയുണ്ടായില്ല. ഇതേ വിഷയം ഇന്ന് കൂടുതൽ തീവ്രതയോടെ നിന്നുകത്തുന്നത് നാം കാണുന്നു.
ഒരു കാരണവുമില്ലാതെ ആറടിപ്പൊടിമണ്ണിലിടാൻ എന്തിനാണ് മനുഷ്യനെ അറുക്കുന്നത് എന്ന ചോദ്യത്തിൻ്റെ മുഴക്കം ഇന്നും നമ്മെ അസ്വസ്ഥരാക്കും. മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായപ്പോൾ പൗരോഹിത്യശക്തിക്കുണ്ടായ അങ്കലാപ്പാണ് അച്ചൻ്റെ തല എന്ന കവിതയിൽ.

കേരളസമൂഹത്തിൻ്റെ പരിവർത്തന ഘട്ടത്തിലെ രസകരമായ സന്ദർഭങ്ങൾ പലതും ഈ കവിതകളിൽ ഹാസ്യത്തിനു വിഷയമാകുന്നുണ്ട്. കമ്യൂണിസ്റ്റായി വളരുന്ന മകൻ അപ്പുവിനെ നന്നാക്കാൻ സബ്ജഡ്ജി ശുപ്പുമേനവൻ പെണ്ണുകെട്ടിച്ചപ്പോൾ അതാ, കല്യാണപ്പെണ്ണും കമ്മ്യൂണിസ്റ്റ്! ഇതാണ് ഒന്നിനു രണ്ട് എന്ന കവിതയിൽ ചിരിയുണർത്തുന്നത്. യാഥാസ്ഥിതിക കുടുംബങ്ങളിലെ പുതുതലമുറ കമ്യൂണിസത്തോട് ആകൃഷ്ടരാകുന്നതിൻ്റെ പല രംഗങ്ങൾ ഹാസ്യകവിതകളിൽ ഇതുപോലെ മിനിമായുന്നുണ്ട്. കുടുംബ ജീവിതമേ വേണ്ടെന്നു വക്കുന്ന കമ്യൂണിസ്റ്റുകാരുമുണ്ട്. ബുദ്ധിജീവി എന്ന കവിതയിൽ കമ്യൂണിസ്റ്റായ മേനോന് കല്യാണമാലോചിക്കുകയാണ് ദല്ലാളായ കുറുപ്പ്. മാവോ പറഞ്ഞാലും സ്റ്റാലിൻ പറഞ്ഞാലും അതിനുമാത്രം താൻ തയ്യാറല്ല എന്നൊഴിയുന്നു ആ കമ്മ്യൂണിസ്റ്റുകാരൻ. കമ്യൂണിസ്റ്റുകാരനെയും കമ്മു എന്നു വിശേഷിപ്പിച്ചു ചിരിക്കാൻ ഈ കമ്യൂണിസ്റ്റ് കവിക്ക് കഴിയുന്നുണ്ട്.

ഹാസ്യകവിതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം മലയാളത്തിലുണ്ട്. നമുക്കു പേരറിയാവുന്ന ആദ്യ മലയാള കവിയായ തോലൻ ഹാസ്യകവി എന്നു കീർത്തി കേട്ടവനാണ്. എന്നാൽ ഈ ധാരയിൽ പിന്നീട് അപൂർവ്വം ചില കവികളേ ഉണ്ടായുള്ളൂ എന്നതിൻ്റെ കാരണം പഠിക്കേണ്ടതാണ്. ഇന്നും ഹാസ്യം നമ്മുടെ മുഖ്യധാരാകവിതയിൽ പ്രബലമല്ല.ബലം പിടിച്ചു നിൽക്കുന്ന ഈ മലയാളി മനോഭാവത്തെ പിടിച്ചു കുലുക്കാനും ഭാഷയാൽ അയയാനും വളയാനുമെല്ലാം പ്രാപ്തരാക്കാൻ ചെറുകാടിൻ്റെ ഹാസ്യകവിതകൾക്ക് അന്നു കഴിഞ്ഞു. എന്നിട്ടും മലയാളിയുടെ മസിലുപിടിത്തം മാറിയിട്ടില്ല. അതിനുള്ള ഉഴിച്ചിൽ കൂടിയാണ് ഈ കവിതകളുടെ ഇന്നത്തെ വായന.

5

തൻ്റെ രാഷ്ട്രീയ ബോധ്യങ്ങളും സംഘർഷങ്ങളും സന്തോഷങ്ങളും ചെറുകാട് വായനക്കാര്യമായി പങ്കു വക്കുന്ന കവിതകളാണ് ഇനിയുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് ജീവിത നിമിഷങ്ങളുടെ അപൂർവ്വാഖ്യാനങ്ങളാണ് അവയിൽ പലതും. ഹാസ്യാത്മകമായി പല കവിതകളിൽ പലപ്പോഴായി ആവിഷ്ക്കരിച്ച പ്രമേയങ്ങൾ തന്നെ തികഞ്ഞ ഗൗരവത്തോടെ ആവർത്തിക്കുന്ന കവിതകളുണ്ട്. ജന്മിത്ത - ഉദ്യോഗസ്ഥ ദുഷ്പ്രഭൃത്വങ്ങളെ പരിഹാസപൂർവ്വം നേരിടുന്ന ജനതയെ ചെറുകാടിൻ്റെ കവിതയിൽ നാം കണ്ടുകഴിഞ്ഞു. എന്നാൽ പറയാനുള്ളത് മുഖത്തു ചൂണ്ടി ഗൗരവത്തോടെ പറയുന്ന മറ്റൊരു ചെറുകാടുണ്ട്. അത്തരമൊരു കവിതയിൽ(ഞങ്ങൾ നിങ്ങളെ വിസ്തരിക്കും) പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ദുഷിപ്പുകൾക്കുനേരെ കവി ഉറച്ചു പറയുന്നു:

നിയമത്തെ മാനിച്ചിജ്ജനതതി മുട്ടുന്നു
നിയമസഭയുടെ വാതിലിന്മേൽ.
നിയമസഭയടച്ചതിനുള്ളിൽ മേലിലും
നിലനില്ക്കാനാകുന്നു ഭാവമെങ്കിൽ
ഇതു നോക്കു ജനത ചുരുട്ടിയ മുഷ്ടിയാൽ
കതകു തകർക്കാതിരിക്കയില്ല

ജനാധിപത്യം അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ ആധിപത്യമാവണമെന്ന് താക്കീതു ചെയ്യുകയാണ് കവി. പരിഹസിച്ച് ആത്മവീര്യം കെടുത്തിയ ശേഷം ആഞ്ഞടിക്കുന്ന രീതിയാണ് ഈ കവിതകളിലെ വിമർശനത്തിൻ്റേത്. ചിരിക്കും പരിഹാസത്തുള്ളലിനും ശേഷമുള്ള ഇടിമുഴക്കങ്ങളാണവ.ആ നിലയിൽ തുള്ളലുകളുടെയും ഹാസ്യകവിതകളുടെയും സ്വാഭാവികമായ തുടർച്ച. ദൃഢപ്രഖ്യാപനത്തിൻ്റെയോ ദൃഢപ്രസ്താവനയുടെയോ മൂർച്ച ഈ കവിതകൾക്കു കിട്ടുന്നത് അതുകൊണ്ടാണ്. കുടിയൊഴിപ്പിക്കാൻ വരുന്ന ജന്മിയോടുള്ള കുടിയാൻ്റെ ഈ വാക്കുകൾ അത്തരമൊരു ദൃഢപ്രഖ്യാപനമാണ്:

തലമുറകളായ് ഞങ്ങളീ മണ്ണിന്റെ
തരികളോടൊട്ടിനിന്നു ജീവിച്ചവർ
ഇവിടെനിന്നുമിറങ്ങിക്കൊടുക്കുകി-
ല്ലെവിടെനിന്നേതു ജന്മി വന്നീടിലും
അവനുയിരെടുത്തീടുമെന്നാലെന്ത്
ശവമിവിടെയീ മണ്ണിന്റെ ഭാഗമാം
(ഇതെൻ്റെ മണ്ണാണ്)

കിടപ്പാടത്തിനുവേണ്ടി ഇതിലേറെ ധീരവും വികാരതീക്ഷ്ണവുമായ പ്രഖ്യാപനം വേറൊന്നുണ്ടാവുകയില്ല എന്നു തോന്നിക്കുമാറ് ശക്തമായ വരികൾ.കുടിയൊഴിക്കലിനെപ്പറ്റി പല കാഴ്ച്ചകോണുകളിൽ നിന്നുകൊണ്ടുള്ള ഒന്നിലേറെ ഉറച്ച തീർപ്പുകൾ ചെറുകാടിൻ്റെ കവിതകളിലുണ്ട്. ഇക്കൂട്ടത്തിൽ നമ്മുടെ ശ്രദ്ധ ഇന്നു പ്രത്യേകം പതിയാവുന്ന ഒരു കവിതയാണ് കള്ളൻ കുഞ്ഞാമൻ. കുടിയാൻ്റെ കാഴ്ച്ചപ്പാടിലൂടെയല്ല, മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിത കർഷകൻ്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ കവിത വികസിക്കുന്നത്. ജാതി തുറന്നു പറഞ്ഞുകൊണ്ടാണ് ഭൂരഹിതകർഷകൻ കുഞ്ഞാമനെ കവി അവതരിപ്പിക്കുന്നത്.ചെറുമൻ കുഞ്ഞാമനെ ഇരിക്കുന്ന പറമ്പിൽ നിന്നൊഴിപ്പിക്കാൻ കള്ളക്കേസിൽ പെടുത്തുകയാണ് ജന്മി. ജന്മിയോട് അതിയായ കൂറുപുലർത്തുന്ന ജന്മച്ചെറുമനാണ് താൻ എന്ന് അഭിമാനിക്കുന്ന പണിക്കാരനാണയാൾ :

‘അടിമപ്പണിയിതു മുത്തപ്പായി
തുടങ്ങിയതാണത്രെ
അതിനിന്നോളം വീഴ്ച്ചവരുത്തീ-
ട്ടില്ലാ പുലമാടം’

കുഞ്ഞാമൻ വിശ്വസ്തനാണെന്ന് ജന്മിക്കെന്നല്ല നാട്ടുകാർക്കു മുഴുവനറിയാം.

വീണു കമിഴ്ന്നു കിടക്കും പ്ലാവില
ചെറുമൻ കുഞ്ഞാമൻ
താണുപെറുക്കിമലർത്തീട്ടില്ലാ
സമ്മതമില്ലാതെ

ആ കുഞ്ഞാമനെയാണ് ജന്മിയുടെ വീട്ടിലെ ഉരുളി കട്ടു എന്ന കള്ളക്കേസുണ്ടാക്കി പോലീസിനെക്കൊണ്ടു തല്ലിച്ചതച്ച് കോടതി കയറ്റാൻ കൊണ്ടുപോകുന്നത്. അന്നേരം കടന്നു വരുന്ന ജന്മിയെക്കണ്ടതും "മുളപൊളിയുംപോൽ പൊട്ടിച്ചിതറീ
ചെറുമൻ കുഞ്ഞാമൻ". മണ്ണിലാണ്ടു ജീവിക്കുന്ന മനുഷ്യൻ്റെ സത്യസന്ധതയപ്പാടെ പുറത്തുവരുന്നു ഈ ഒറ്റ ബിംബത്തിലൂടെ.(ചെറുകാടിൻ്റെ സാഹിത്യത്തിൽ മുളയെ എങ്ങനെയെല്ലാമാണ് ബിംബവൽക്കരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ഒരു പഠനവിഷയമാണ്)

‘ആര്യേങ്കാവിലെ ദെയ്വത്താണേ
കണ്ടത്താറാണേ
അടിയനകായിലെ ഉരുളിയെടുത്തി-
ട്ടില്ലാ മൂത്താറേ
നാളെച്ചാളപൊളിച്ചു പറമ്പു
മടക്കിത്തന്നോളാം
മടക്കിത്തന്നോളാം
തൊപ്പിക്കാറോടടിയനെ വിടുവാൻ
പറയൂ മൂത്താറേ’

ഉരുളി കട്ടതിനല്ല, പാർക്കുന്ന ചാള പൊളിച്ച് പറമ്പിൽ നിന്ന് ഒഴിപ്പിക്കാൻ വേണ്ടിയാണ് ജന്മി തന്നെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നതെന്ന് കുഞ്ഞാമൻ ഞെട്ടലോടെ ആ നിമിഷം തിരിച്ചറിയുകയാണ്. കേൾക്കേണ്ടതു കേട്ടപ്പോൾ ജന്മി മൂത്താര് കുഞ്ഞാമനു മാപ്പുകൊടുത്തു. കുഞ്ഞാമൻ ജയിൽശിക്ഷയിൽ നിന്നു രക്ഷപ്പെട്ടു. പക്ഷേ അയാൾക്ക് കിടപ്പാടം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

രക്ഷപ്പെട്ടൂ കയ്യാമങ്ങളിൽ
നിന്നും പാവം കുഞ്ഞാമൻ
പക്ഷെ ഇരിക്കും ചാളപൊളിച്ചു നടപ്പൂ
നാട്ടിൽ കുഞ്ഞാമൻ

ജന്മിയുടെ ഭൂമി പിടിച്ചെടുത്ത് കുടിയാനും ഭൂരഹിത കർഷകനും കിടപ്പാടവും കൃഷിഭൂമിയും നൽകുക എന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആവശ്യം തന്നെയാണ് ചെറുകാട് ഈ കവിതയിൽ ഉയർത്തുന്നത്. എന്നാൽ ഈ കവിതയുടെ അവസാന വരി ഒരു ദുരന്ത ഫലശ്രുതി പോലെ ഇന്നും കേരള സമൂഹത്തെ വേട്ടയാടുന്നുണ്ട്. 1957 ലെ ആദ്യ കേരളമന്ത്രിസഭ അധികാരമേറ്റ് മാസങ്ങൾക്കകം ഭൂനിയമം നടപ്പാക്കുന്നതിൻ്റെ ആദ്യ ചുവടെന്ന നിലയിൽ കുടിയിറക്ക് നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവന്നു. അതോടെ കുടിയാന്മാരെയും ഭൂരഹിതകർഷകരേയും തന്നിഷ്ടത്തിന് ഇറക്കിവിടാൻ ജന്മിമാർക്കു കഴിയാതായി. എന്നാൽ സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം അവതരിപ്പിച്ചു നടപ്പാക്കാൻ കഴിയുന്നതിനുമുമ്പ് വിമോചന സമരം വരികയും സർക്കാർ പിരിച്ചുവിടപ്പെടുകയും ചെയ്തു. പിന്നീട് പല സർക്കാരുകൾ പല കാലത്തു കൊണ്ടുവന്ന പല തരം ഭേദഗതികളോടെ ഭൂപരിഷ്കരണനിയമം പൂർണ്ണമായും പ്രാബല്യത്തിലാവാൻ ഏതാണ്ടു പതിനാറു കൊല്ലം പിന്നെയും പിടിച്ചു. ഭേദഗതികളിൽ പലതും അടിസ്ഥാന നിയമത്തെ അയക്കുകയോ ദുർബലമാക്കുകയോ ആണ് ചെയ്തത്. കുടിയാന്മാർക്ക് കൃഷിഭൂമി കിട്ടിയെങ്കിൽ കുഞ്ഞാമനുൾപ്പെടുന്ന ഭൂരഹിത കർഷകർക്ക് പത്തു സെൻ്റ് കിടപ്പാടം (മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും അതിലും കുറവ്) മാത്രമാണ് കിട്ടിയത്. 1973 ൽ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ കിടപ്പാടം പോലുമില്ലാത്ത ഭൂരഹിത കർഷകർ ഒട്ടേറെയുണ്ടായിരുന്നു. മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകർക്കു നൽകും എന്നായിരുന്നു വാഗ്ദാനം. എന്നാൽ മിച്ചഭൂമിയുടെ അളവ് 1957 ൽ നിന്ന് 1973 ആയപ്പോഴേക്കും വളരെയധികം കുറഞ്ഞുപോയി. ഇങ്ങനെ കിടപ്പാടം പോലും കിട്ടാതെ പോയ ഭൂരഹിത കർഷകരെ പുനരധിവസിപ്പിക്കാനാണല്ലോ അച്ച്യുതമേനോൻ ഗവൺമെൻ്റ് ലക്ഷംവീടു പദ്ധതി കൊണ്ടുവന്നത്. ഈ ഭേദഗതികൾക്കിടയിൽ ഭൂരഹിത കർഷകർ എന്ന സംജ്ഞക്കു പകരം കർഷകത്തൊഴിലാളി എന്ന സംജ്ഞ പ്രചാരത്തിലായി. ഇങ്ങനെ പല തരത്തിൽ വെള്ളം ചേരുന്നതിനു മുമ്പുള്ള, ഭൂരഹിത കർഷകർക്കു കിടപ്പാടവും കൃഷിഭൂമിയും നൽകണമെന്ന ഉറച്ച നിലപാടാണ് ചെറുകാടിൻ്റേത്. എന്നാൽ കവി ഭയന്നതുപോലെ ഇരിക്കും ചാള പൊളിച്ച് നാട്ടിലലഞ്ഞ കുഞ്ഞാമന് ഒടുവിൽ സർക്കാർ അനുവദിച്ച കോളനിയിൽ കുടിയിരിക്കേണ്ടി വന്നു. ചെറുകാട് പരിഹാസപൂർവ്വം കാണിച്ചു തന്ന അധികാരാസക്തരുടെ ഘോഷയാത്ര കുഞ്ഞാമനെപ്പോലുള്ള ഭൂരഹിത കർഷകരെ അദൃശ്യകോടിയിൽ തള്ളി. ന്യായമായ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കുക എന്ന ഭരണകൂട തന്ത്രം ഈ ജനാധിപത്യകാലത്തും അവസാനിച്ചിട്ടില്ല എന്നതുകൂടിയാണ് ഈ കവിതയുടെ സമകാലപ്പൊരുൾ.

1956 ഏപ്രിൽ 5 ന് ഇ എം എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ സാധാരണക്കാർക്കുണ്ടായ അഭിമാനവും പ്രതീക്ഷയും ആവിഷ്ക്കരിക്കുന്നു നന്ദി വേണം എന്ന കവിത. ജനാധിപത്യ സർക്കാർ വന്നശേഷം കുടിയാൻ അയ്യപ്പൻ തന്നെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന ജന്മിയുടെ പരാതിക്ക് അയ്യപ്പൻ പറയുന്ന മറുപടിയാണത്.

എന്റെ മുത്തച്ഛനുമച്ഛനും മുന്നാഴി
മണ്ണുതന്നില്ല നിൻ വീട്ടുകാർക്കെങ്കിലോ,
നിൻ തറവാടില്ല, നീയില്ല, നിന്റെയി-
ത്താന്തോന്നിവാഴ്ച്ചയുമില്ലാ ധരിക്കണം.
ആ നന്ദിവേണം നിനക്ക് -

എന്ന ജന്മിയുടെ വാക്കുകളിൽ കുടിയാൻ്റെ ജീവിതം തൻ്റെ ഔദാര്യമാണ് എന്ന നിന്ദ്യമായ ഭാവം തന്നെയാണുള്ളത്. ജാതീയമായ ഈ മനോഭാവം ഇന്നും തീർത്തും ഇല്ലാതായോ? അതുകേട്ട് അയ്യപ്പൻ മൗനം പാലിക്കുകയല്ല മറിച്ച് പക്വതയാർന്ന ഭാഷയിൽ മറുപടി പറയുകയാണ്:

അയ്യപ്പ ‘നീയിത്ര കേമനായ്ത്തതീർന്നതെ-
ന്നാണെടാ?’ തമ്പുരാൻ ചോദിച്ചു പിന്നെയും.
‘ഏറെനാളായില്ല’-ചൊല്ലിനാനയ്യപ്പ-
‘നേപ്രിലഞ്ചെന്നൊരു നാളറിയില്ലയോ
അന്നുതൊട്ടയ്യപ്പനിങ്ങനെയായ്‌പ്പോയി,
മന്നിൽ സ്വതന്ത്രനായ് മാറിക്കഴിഞ്ഞുപോയ്.
രുഷ്ടനായ് തമ്പുരാൻ ചില്ലിവളയ്ക്കുകിൽ
നട്ടെല്ലിനി വളയ്ക്കില്ലാ കൃഷീവലർ.
വേണ്ടാത്തതിന്നൊരുങ്ങേണ്ടാ, നിയമങ്ങ -
ളുണ്ടവക്കൊത്തു നമുക്കു ജീവിക്കണം
ഞങ്ങൾ ചളിയിലിറങ്ങിയിരുന്നില്ല -
യെങ്കിലിന്നില്ലിത്തിരുമേനിയോർക്കണം
നന്ദിയന്യോന്യം നമുക്കു പകുക്കുക
മന്നിൽ മനുഷ്യരായ് തന്നെ ജീവിക്കുവാൻ’

1956 ഏപ്രിൽ 5 മുതൽ ജന്മിയോട് തുല്യനിലയിലല്ലാതെ പെരുമാറുകയില്ല എന്നു തീരുമാനിച്ചുറച്ച ഒരു പുതിയ മനുഷ്യനാണ് അയ്യപ്പൻ. ആ തുല്യതാബോധം അയാളുടെ പെരുമാറ്റത്തിലും ഭാഷയിലുമെല്ലാമുണ്ട്. സാമൂഹ്യജീവിതത്തിൽ മാത്രമല്ല കുടുംബത്തിലും പുതിയ മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പുതിയ മനുഷ്യനെ ചെറുകാട് അവതരിപ്പിക്കുന്നു. പിതാവ് അനുഗ്രഹിക്കുന്നു എന്ന കവിതയിൽ മകന് നൽകാനുള്ള കവിയുടെ ആശിസ്സും ഈ പുതുജീവിതമൂല്യം തന്നെയാണ്.

ഒരു കുടുംബത്തിൻ മുതലാവാതെ നീ
പരന്ന പാരിന്റെ നിധിയായ്ത്തീരാവൂ!
തനി സ്വാർത്ഥത്തിനാലൊരു കുടുംബത്തിൽ
തളച്ചുനിർത്തില്ലാ മകനേ, നിന്നെ ഞാൻ.

കുടുംബ സ്വത്തല്ല നാടിൻ്റെ നിധിയാണ് മക്കൾ. കണ്ണും കരളും കരവിരുതും കഴിവും കൊണ്ടാണ് അവർ ഭാവിയിൽ ജയിക്കേണ്ടത്. അല്ലാതെ ജാതികൊണ്ടും മതം കൊണ്ടും പ്രമാണിത്തം കൊണ്ടും അധികാരം കൊണ്ടും സമ്പത്തുകൊണ്ടുമല്ല. ലിംഗപരമായ തുല്യത ഒരു പുതിയ മൂല്യമായി സമൂഹത്തിലും കുടുംബത്തിലും വേരൂന്നേണ്ടതുണ്ട്.വിവാഹശേഷം തൻ്റെ പേര് ഭർത്താവിൻ്റെ പേരോട് ചേർക്കേണ്ടതില്ല എന്ന് കൂട്ടുകാരിയോടു പറയുന്ന സുലോചന (എന്നെ വാലാക്കരുത്) തുല്യതാബോധമുള്ള, അഭിമാനമുള്ള പുതിയ മനുഷ്യൻ്റെ, പുതിയ സ്ത്രീയുടെ, പ്രതിനിധിയാണ്.

‘അല്ല-’ സുലോചന ചൊല്ലിനാൾ:- ‘ഞാനെന്തി -
നില്ലാതെയാകുന്നിതിന്നു തൊട്ടിന്നിമേൽ,
അന്യോന്യസംബദ്ധരാഗരാണെങ്കിലും
ഒന്നല്ല രണ്ടാണു ഞാനുമെൻ കാന്തനും.
ഇന്നുതൊട്ടദ്ദേഹമുച്ഛഛ്വസിക്കെത്തന്നെ-
യെൻനാഡികൂടി മിടിക്കുമോ സോദരീ?’
എൻസിരാചക്രം ചലിക്കേണമെങ്കിൽ ഞാൻ
തന്നെയുൾക്കൊള്ളണം പ്രാണസമീരനെ.

തരളമായ കാല്പനികപ്രേമമല്ല ഇത്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള അഭിമാനത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ളതാണ് മാറിയ കാലത്തെ സ്ത്രീയുടെ പ്രണയം. ഞങ്ങൾ രണ്ടാളും ഒന്നല്ല രണ്ടു തന്നെയാണ് എന്ന സുലോചനയുടെ വാക്കുകൾ ചെറുകാട് വിഭാവനം ചെയ്യുന്ന ജനാധിപത്യകാലത്തെ കുടുംബ സംവിധാനത്തിൻ്റെ അച്ചുതണ്ടാണ്. വാസ്തവത്തിൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യപൂർവ്വസ്ഥാപനങ്ങളിൽ ഒന്നാണ് കുടുംബം. അടിമത്തം മാറണമെങ്കിൽ ജീവിതപ്പോരാട്ടത്തിൽ സ്ത്രീയും വാളെടുത്തു വീശി ശീലിക്കുക തന്നെ വേണം(കൊച്ചുമാറാപ്പ്). കുടുംബത്തെ ജനാധിപത്യവൽക്കരിച്ചുകൊണ്ടല്ലാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ല എന്നുകൂടി ധ്വനിപ്പിക്കുന്നുണ്ട് ചെറുകാടിൻ്റെ പ്രേമകവിതകൾ. തൻ്റെകൂടെത്തന്നെ എപ്പോഴുമിരിക്കണേ എന്നു പരസ്പരം സമ്മർദ്ദത്തിലാഴ്ത്തുന്ന പ്രണയമല്ലിത്. മറിച്ച് മുന്നോട്ടു കുതിപ്പിക്കുന്ന, ലോകത്തിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന പ്രേമമാണ്.

എന്നിൽ മുഴുകിമുഴുകി മറന്നാലോ
എൻനാഥൻ മറ്റുള്ള കർത്തവ്യങ്ങൾ!

എന്ന് ഓർമ്മിപ്പിക്കുന്ന പ്രേമം (നിറഞ്ഞ കണ്ണ്).ഒപ്പം വരൂ എന്ന കവിതയിൽ ചന്ദ്രനെപ്പോലെ തൻ്റെ പ്രണയി  ഉദിച്ചുയരണമെന്നാഗ്രഹിക്കുന്നയാൾക്കുള്ള മറുപടി ഇങ്ങനെയാണ്:

ആ വിധത്തിലുയർന്നു പറന്നു ഞാൻ
ദ്യോവിൽ മിന്നിത്തിളങ്ങുന്ന വേളയിൽ,
മന്നിൽ മേല്‌പോട്ടു നോക്കിനില്ക്കുന്ന നീ
യെൻനിടിലത്തിലെങ്ങനെ ചുംബിക്കും?

അതുകൊണ്ട് ഉയരണ്ട, ഒപ്പമായാൽ മതി. എപ്പൊഴും രാഗാലസരായ് സ്വയം മറന്ന് നശിക്കലല്ല, ഒപ്പം നിന്നു പോരാടാൻ ജീവരക്തത്തിന്നു ചൂടു പകരലാണ് പ്രണയം എന്ന് ഈ കവിതകൾ അടിവരയിടുന്നു. വ്യക്തിയുടെ സ്വതന്ത്രനില പ്രണയത്തിൽപോലും പ്രധാനമാണ് എന്ന് ഈ കമ്യൂണിസ്റ്റ് കവി കരുതുന്നു. മലയാളകവിതയിൽ ദാമ്പത്യപ്രേമം ഒരു മുഖ്യപ്രമേയമായി ആവിഷ്കരിച്ചത് വള്ളത്തോളാണ്. തൻ്റെ പ്രണയകവിതകളിൽ ദാമ്പത്യപ്രേമം തന്നെയാണ് ചെറുകാടും ആവിഷ്ക്കരിച്ചതെങ്കിലും സ്ത്രീയുടെ പദവിയെക്കുറിച്ചും തുല്യതയെക്കുറിച്ചും പുതിയ കാലത്ത് പ്രണയത്തിൻ്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അദ്ദേഹം പുലർത്തിയത്. ഫ്യൂഡൽ കുടുംബങ്ങളിൽ നിന്നു വ്യത്യസ്തമായി, തന്നിച്ഛക്കനുസരിച്ച് പ്രവർത്തിക്കാൻ ഇരുവർക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള, ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിക്കുന്ന, കുട്ടികൾക്ക് സ്വന്തം കഴിവനുസരിച്ച് ഏതു രംഗത്തേക്കും തിരിയാവുന്ന ജനാധിപത്യകാലത്തെ പുതിയ കുടുംബസങ്കല്പത്തിൻ്റെ സങ്കീർത്തനങ്ങളാണ് ചെറുകാടിൻ്റെ പ്രണയകവിതകൾ. ഈ പ്രേമഗാഥകളുടെ ഭാവുകത്വപരവും സൗന്ദര്യ പരവുമായ തുടർച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പ്രണയഗീതങ്ങളിൽ നമുക്കനുഭവിക്കാം.

ധർമ്മസങ്കടങ്ങളിലൂടെ കടന്നുപോന്നുണ്ടാകുന്ന സ്ഥൈര്യം ചെറുകാടിൻ്റെ കവിതകളുടെ ഒരു സവിശേഷതയാണ്. ആ സ്ഥൈര്യത്തിലേക്ക് ഒരു കവി എത്തിച്ചേരുക എന്നത് എളുപ്പമല്ല. വ്യക്തിപരവും സാമൂഹികവുമായ മഥിക്കുന്ന അനുഭവങ്ങളാണ് അതു സാധ്യമാക്കുന്നത്.  ഒരു കമ്യൂണിസ്റ്റുകാരൻ്റെ വ്യക്തിജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനുമിടയിലെ സംഘർഷങ്ങളുടെയും ധർമ്മസങ്കടങ്ങളുടെയും രേഖകൾ കൂടിയാണീ കവിതകൾ. അമ്മയുടെ ചാത്തം എന്ന കവിത അതിൻ്റെ ദീപ്തമായ ഒരു മാതൃകയാണ്.അമ്മയുടെ ശ്രാദ്ധം സഹോദരങ്ങൾക്കൊപ്പം ഊട്ടാൻ കമ്യൂണിസ്റ്റുകാരനായ കവി തയ്യാറല്ല. കുടുംബത്തിലെ മറ്റുള്ളവരുടെ വൈകാരികതയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കൂടിയാണത്. ആ വൈകാരികതക്കു മുമ്പിൽ പല കമ്യൂണിസ്റ്റുകാരുടെയും മനമിടറിയിട്ടുണ്ട്. ചെറുകാടു തന്നെ ഓപ്പോളോടു പറയുന്നു:

'കേ.പി.യും കമ്മ്യൂണിസ്റ്റായ് ചാത്തമൂട്ടുമാറില്ലേ?’
ഓപ്പോളു ചോദിക്കുന്നു; വാസ്തവം പറയാം ഞാൻ.
കേ.പി.ക്കില്ലിക്കാര്യത്തിലില്ലെന്നോളം കമ്മ്യൂണിസം, മൂപ്പർക്കാപ്രേതത്തിനെപ്പേടിയുണ്ടാവാമിന്നും.

ഒടുവിൽ തെരുവിലലയുന്ന ഒരമ്മക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് കമ്യൂണിസ്റ്റുചാത്തമൂട്ടുകയാണ് കവി.ആചാരാനുഷ്ഠാനങ്ങളിലൂന്നിയ വ്യവസ്ഥാപിത ജീവിതചര്യയെ അട്ടിമറിക്കാൻ പോന്നതാണ് 'കമ്മ്യൂണിസ്റ്റ് ചാത്തം' എന്ന പ്രയോഗം.

കേരളത്തിലെ കമ്യൂണിസ്റ്റ് ജീവിതത്തിലെ വികാരതീവ്രമായ ഇത്തരം അപൂർവ്വനിമിഷങ്ങൾ ഒട്ടേറെ ഈ കവിതകൾ പിടിച്ചെടുത്തിട്ടുണ്ട്. ചിലത് വ്യക്തിപരമെങ്കിലും പലതും സാമൂഹികമാണ്. ഒളിവിൽ കഴിയുന്ന കാലത്ത് ഏ.കെ.ജി, വള്ളുവനാട്ടിലെ പാർട്ടി റാലിയിൽ പ്രത്യക്ഷപ്പെടുന്ന നാടകീയ നിമിഷം, കോരിത്തരിപ്പിക്കുന്ന രംഗം, പിടിച്ചെടുത്ത കവിതയാണ് പിടികൊടുത്തപ്പോൾ.

'വേട്ടയാടിയാലെന്നെക്കിട്ടില്ലി,ന്നാട്ടാരുടെ
കോട്ടയിൽക്കടക്കുവാനശക്തം സാമ്രാജ്യത്വം. ഇത്തിരഞ്ഞെടുപ്പിൽ ഞാൻ നില്ക്കണം, നാട്ടാരുടെ-
യിച്ഛയാ,ണതിന്നായി വന്നിരിക്കയാണിപ്പോൾ.
വെയ്ക്കട്ടേ വിലങ്ങെന്റെ കൈകളിൽ മറുനാടൻ
സർക്കാരിൻ നിയമങ്ങൾ,കൂസലില്ലെനിക്കൊട്ടും
എന്റെ നാട്ടുകാരെന്നെയൊന്നിച്ചു മോചിപ്പിക്കു-
മെന്നെനിക്കുറപ്പുണ്ട്; വിപ്ലവം വെൽവൂതാക!’

ഒരു രാഷ്ട്രീയ നേതാവിൻ്റെ പ്രസംഗം ഇത്രമാത്രം ജീവസ്സോടെയും ആവേശത്തോടെയും മലയാളകവിതയിൽ മറ്റെങ്ങും പതിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. മാനുഷികമായ ഏതനുഭവത്തിനും കാവ്യാത്മകമാകാനാവും എന്ന് ഇതുപോലുള്ള കവിതകൾ തെളിയിക്കുന്നു. ചെറുകാടിൻ്റെ കവിതയിലെ രാഷ്ട്രീയം ആശയചർച്ചയോ ബൗദ്ധികവ്യാപാരമോ അല്ല.നിത്യജീവിതാനുഭവബോധ്യങ്ങളെ വൈകാരികമാക്കി, ആ വൈകാരികതയാൽ മനുഷ്യജീവിതത്തെ അടിമുടി അന്തസ്സുള്ളതാക്കാൻ പോന്ന കലയുടെ പേരാകുന്നു രാഷ്ട്രീയം. അതിൻ്റെ പര്യായമാകുന്നു,കവിത.

6

പഴയ മൂല്യങ്ങൾ തകർന്നടിഞ്ഞ് പുതിയ ജനാധിപത്യമൂല്യങ്ങൾ രൂപം കൊള്ളുന്ന കാലത്തിൻ്റെ ചലനാത്മകതയാൽ ഇളകിമറിയുന്ന കവിതയായിട്ടും ചെറുകാടിൻ്റെ കവിതയെ പിൽക്കാല വായനക്കാർ വേണ്ടത്ര ഗൗരവത്തോടെ ഉൾക്കൊള്ളുകയുണ്ടായില്ല. ആശയപരതയാണ് അനുഭവപരതയല്ല നമ്മുടെ കവിതയെ എന്നും നയിച്ചത് എന്നതുകൊണ്ടാവാമത് എന്നു ഞാൻ കരുതുന്നു. ആത്മീയത പോലും ചെറുകാട് എഴുതുമ്പോൾ മനുഷ്യൻ്റെ പ്രാഥമികാനുഭവങ്ങളോടു ചേർന്നേ നിൽക്കൂ. അച്ഛനെവിടെ എന്ന ഒരു കവിതയുണ്ട്. ചെറുകാടിൻ്റെ കവിതയിൽ ദുർലഭമായി മാത്രം കാണാനാവുന്ന ആത്മീയാന്വേഷണത്തിൻ്റെ തിളക്കമുള്ള ഒരു ചെറുകവിതയാണത്. ആ കവിതയിൽ പോലും ആത്മീയതക്കപ്പുറം തെളിയുന്നത് ഫ്യൂഡൽ കാലത്തിൻ്റെ പിതൃ- പുത്ര ബന്ധമാണ്. മറഞ്ഞിരിക്കുന്ന അച്ഛനെ കാണാൻ വെമ്പുന്ന കുഞ്ഞ് ആത്മീയോന്നതിയിലേക്കു ചൂണ്ടുമ്പോൾ ചൂണ്ടുന്നത് ഫ്യൂഡൽ ജീവിതമുണ്ടാക്കിയ അനാഥത്വങ്ങളിലേക്കു കൂടിയാണ്.

ഐക്യകേരളം രൂപം കൊണ്ട കാലത്തെ രാഷ്ട്രീയ സാമൂഹ്യ സന്ദർഭങ്ങൾ മിഴിവോടെ പകർത്തിയ കവിതയാണു ചെറുകാടിൻ്റേത്. കാർഷികകേരളം ഇവിടെ ഇരമ്പിത്തുടിക്കുന്നത് ഇന്നും കേൾക്കാം. ഇന്ത്യ- പാക് വിഭജനം വടക്കേ ഇന്ത്യയിൽ വലിയ കലാപങ്ങൾ അഴിച്ചു വിട്ട കാലത്ത് കൃഷിക്കും കർഷകനുമാണ് മുറിവുണക്കാൻ കഴിയുക എന്ന പ്രത്യാശ ചെറുകാടിൻ്റെ കവിത നമുക്കു തന്നു.

നാഴിയരിയുരിയുപ്പുഴയ്‌ക്കെണ്ണ, തീ,
യാഴക്കുപാൽ, തെല്ലു പഞ്ചാരയിങ്ങിനെ
നാൾതോറുമുള്ളതന്യോന്യം സഹായിച്ചു
നാൾ കഴിച്ചീടുന്നു കണ്ടുവും കാതരും.
കുന്നിൻപുറത്തെത്തരിശു മുഴുവനും
ഒന്നിച്ചുനിന്നു വിളനിലമാക്കുവോർ

മനുഷ്യനു ജീവിക്കാൻ വേണ്ട മണ്ണിനു വേണ്ടി ശബ്ദമുയർത്തുന്ന കവിത. പുതുതായി പിറന്ന ജനാധിപത്യകാലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ അതു മുന്നോട്ടുവെച്ചു. തുടരുന്ന അധികാരാസക്തിയെക്കുറിച്ചും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെക്കുറിച്ചും കൈക്കൂലിയും അഴിമതിയും ജനജീവിതത്തെ അടിമുടി ബാധിക്കുന്നതിനെക്കുറിച്ചും വർഗ്ഗീയത പടരുന്നതിനെക്കുറിച്ചും മുന്നറിയിപ്പുകൾ നൽകി. ആ നിലക്ക് ഫ്യൂഡൽ- കൊളോണിയൽ കാലത്തിൻ്റെ തിന്മകൾക്കെതിരെ പൊരുതിയ കവിതയായിരിക്കുമ്പോൾ തന്നെ ഭാവികേരളത്തിൻ്റെ ദുഷിപ്പുകൾ പ്രവചിച്ച കവിത കൂടിയാണിത് എന്നു സമ്മതിക്കേണ്ടിവരും. പണി കഴിച്ചു എന്ന തുള്ളലിൽ മുസ്ലീംലീഗുകാരൻ കമ്മു മൊല്ലാക്ക നടത്തുന്ന ഒരു പ്രവചനമുണ്ട്:

പള്ളികൾ പൊളിക്കുംപോൽ
കോൺഗ്രസ്സു ഭരിക്കുമ്പോൾ

1940 കളിലാണ് ഈ പ്രവചനം എന്നോർക്കണം.ഭാവിയെക്കുറിച്ചുള്ള ഈ ഭീതി ദശാബ്ദങ്ങൾക്കു ശേഷം ഇന്ത്യയിൽ യാഥാർത്ഥ്യമായി. ഗോവധാനന്തരലഹളകളെക്കുറിച്ച് അന്ന് കവി പങ്കിട്ട ഉൽക്കണ്ഠ അതേ തീവ്രതയിൽ ഭീതിയായി നമുക്കുള്ളിലിന്നുണ്ട്. 

ഇത്രയും സമഗ്രമായി കാലചൈതന്യത്തെ ആവിഷ്ക്കരിക്കാൻ ഏകമുഖമായ ഒരു കാവ്യഭാഷ മതിയാവുകയില്ല. പല പല കാവ്യരൂപങ്ങൾ ചെറുകാട് പ്രയോജനപ്പെടുത്തി. പുന്നപ്ര- വയലാർ സമരത്തെ അനുസ്മരിക്കുന്ന കവിത ഒരു താരാട്ടിൻ്റെ രൂപത്തിലാണ് ചെറുകാട് എഴുതിയത്. ജപ്പാൻ്റെ അധിനിവേശ പശ്ചാത്തലത്തിലെഴുതിയ കവിത കുട്ടികൾ കളിക്കുന്ന കളിപ്പാട്ടിൻ്റെ മട്ടിലും. തുള്ളൽ പുതിയ കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് മുകളിൽ വിശദീകരിച്ചു. അതുപോലെ ഫ്യൂഡൽ കാലത്തിൻ്റെ കലയായ പാഠകത്തിൻ്റെ രൂപം പോലും ചെറുകാട് ജനാധിപത്യകാലത്തിലേക്കു മാറ്റി പരീക്ഷിക്കുന്നു. കാവ്യരൂപം ഏതായാലും സംസ്കൃതക്കൊഴുപ്പുള്ള മലയാളമല്ല, നിത്യജീവിതത്തിൽ 20-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ ഒരു സാധാരണ മലയാളി പ്രയോഗിച്ചു പോന്ന മലയാളമൊഴിയിലാണ് അദ്ദേഹം എഴുതിയത്. ധൂർത്തടിക്കുക എന്നതിനു പകരം ചെറുകാട് എഴുതുക പൂവിളിക്കുക എന്നാവും. നടാടെ എന്ന അർത്ഥത്തിൽ ചെറുകാട് പ്രയോഗിക്കുക പുത്തിരിക്കയ്യ് എന്നുമാവും. ചെറുകാട് ഉയർത്തിക്കാണിച്ച കാർഷികകേരളത്തിൻ്റെ നാട്ടുമൊഴിയിലാണ് അദ്ദേഹം തൻ്റെ കവിതകൾ എഴുതിയത്. ബിംബകല്പനകൾ അവിടവിടെ പ്രയോഗിക്കുമ്പോൾപോലും ചെറുകാടിൻ്റെ കാവ്യഭാഷയെ ബിംബാത്മകം എന്നു തികച്ചും വിശേഷിപ്പിക്കാനാവില്ല. മറിച്ച് ഗദ്യത്തോടടുത്ത വാമൊഴിപ്പദ്യത്തിലെഴുതിയ പ്ലെയിൻ പോയട്രിയാണ് ഇവ. ആലങ്കാരികമല്ലാത്ത ഈ പ്ലെയിൻ പോയട്രിയുടെ ശൈലി പിന്നീട് ആറ്റൂരിനെപ്പോലെയും അയ്യപ്പപ്പണിക്കരെയും പോലുള്ള ആധുനിക കവികളിൽ തുടരുന്നുണ്ട്.

ചെറുകാടിൻ്റെ കവിത വീക്ഷണപരമായും ഭാഷാപരമായും പിൽക്കാല മലയാള കവിതയെ എങ്ങനെ സ്വാധീനിച്ചു എന്നതിൻ്റെ ചില സൂചനകൾ ഈ ലേഖനത്തിൻ്റെ പല ഭാഗങ്ങളിലായി വിന്യസിക്കുകയുണ്ടായി. ആ സൂചനകൾ സമഗ്രമായെടുത്താൽ ഇങ്ങനെ ചില കാവ്യവഴികൾ തെളിഞ്ഞു കിട്ടും:

1 തുള്ളൽ: മുത്തമിഴ് -> കുഞ്ചൻ നമ്പ്യാർ -> ചെറുകാട് -> 1950-60 കാലത്ത് ആറ്റൂർ ഉൾപ്പെടെ പല കവികൾ

2 ഹാസ്യകവിത: തോലൻ -> കുഞ്ചൻ നമ്പ്യാർ -> സഞ്ജയൻ -> ചെറുകാട് -> അയ്യപ്പപ്പണിക്കർ

3 മൊഴി, വീക്ഷണം: ചെറുകാട് -> എം.ഗോവിന്ദൻ -> ആറ്റൂർ രവിവർമ്മ

4 പ്രണയ സങ്കല്പം : വള്ളത്തോൾ -> ചെറുകാട് -> വിഷ്ണുനാരായണൻ നമ്പൂതിരി

ഈ ധാരകളിലെല്ലാം ചെറുകാടിൻ്റെ കവിതയുണ്ട് എന്നതാണ് പ്രധാനം. ഇങ്ങനെ കവി എന്ന നിലയിൽ മലയാളസാഹിത്യത്തെ ആഴത്തിൽ സ്വാധീനിച്ച നോവലിസ്റ്റും നാടകകൃത്തുമായ മറ്റൊരെഴുത്തുകാരൻ മലയാളത്തിലില്ല എന്നതും ചെറുകാടിൻ്റെ അപൂർവ്വത തന്നെ. മണ്ണിൻ്റെയും മനുഷ്യൻ്റെയും അന്തസ്സ് ഒരുപടികൂടി ഉയർത്താൻ ചെറുകാടിൻ്റെ സാഹിത്യത്തിലൂടെ മലയാള ഭാഷക്ക് കഴിഞ്ഞിരിക്കുന്നു. ആ സാഹിത്യം സമഗ്രമാകുന്നത് ഈ കവിതകൾ കൂടി ചേരുമ്പോഴാണ്.

No comments:

Post a Comment