Thursday, August 14, 2025

നാടുവാഴി നളനും നാടുവാണ ഭാവുകത്വവും

നാടുവാഴി നളനും നാടുവാണ ഭാവുകത്വവും


1

ഭാവഗായകൻ എന്നു വിശേഷിപ്പിക്കാറുള്ള ജയചന്ദ്രൻ പാടിയ പ്രശസ്തമായ രണ്ടു ചലച്ചിത്രഗാനങ്ങളാണ് ഹർഷബാഷ്പം തൂകി, ഏകാന്ത പഥികൻ ഞാൻ എന്നിവ. 1971 ൽ പുറത്തിറങ്ങിയ മുത്തശ്ശി, ഉമ്മാച്ചു എന്നീ സിനിമകളിലേതാണ് യഥാക്രമം ഈ പാട്ടുകൾ.ഏകാന്തത, വിഷാദം, ശൃംഗാരം, പ്രണയഭാവം, തത്വചിന്താപരത, വൈയക്തികത തുടങ്ങിയ ഭാവ- ബോധങ്ങളും സംഗീതാത്മകതയും ചേർന്ന ഒരു കൂട്ടാണ് ഈ ഗാനങ്ങളുടെ ഭാവുകത്വപരമായ സവിശേഷത. ഏകാന്തപഥികൻ ഞാൻ എന്ന പാട്ടിൽ "എവിടെ നിന്നെത്തിയെന്നറിഞ്ഞീലാ എവിടേക്കു പോകുന്നെന്നറിവീലാ" എന്ന നിതാന്തമായ മർത്യവേവലാതി തുടിച്ചു നിൽക്കുന്നുമുണ്ട്. 

ഇതേ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഒട്ടേറെ പാട്ടുകൾ യേശുദാസും മറ്റു പലരും പാടിയത് നമ്മുടെ ഓർമ്മയിലുണ്ടാകും. മലയാളിമനസ്സിൽ നിന്ന് ഒരിക്കലും മായാത്തവയാണ് ഈ പാട്ടുകളെല്ലാം. ഇതേ കൂട്ട് നമ്മുടെ ഗാനശാഖയിൽ സിനിമാഗാനങ്ങൾക്കു മുമ്പേ തന്നെ പ്രചരിച്ചിട്ടുള്ളതാണ്. സ്വാതിതിരുനാളിൻ്റെ പദങ്ങൾക്കു ലഭിച്ച പ്രചാരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സ്വാതിതിരുനാൾ കൃതികൾ ആദ്യമായി സമാഹരിച്ചു പ്രസിദ്ധീകരിച്ച കെ എം ചിദംബരവാധ്യാർ പദങ്ങളുടെ പ്രചാരത്തെപ്പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്: "ഈ മണിപ്രവാളപദങ്ങൾ തിരുവിതാംകോട്ടു സംസ്ഥാനത്തിൽ മാത്രമല്ല കൊച്ചിയിലും മലബാറിലും സംഗീതവാസനയുള്ളവർ പാടി വരുന്നു" കാമുകൻ്റെ വരവു കാത്തിരിക്കുന്ന കാമുകിയുടെ നിലയിൽ ശ്രീപത്മനാഭൻ്റെ വരവു പ്രതീക്ഷിച്ചിരിക്കുന്ന ഭക്തനായ തന്നെത്തന്നെ അവതരിപ്പിക്കുന്നവയാണ് ആ പദങ്ങൾ. കാമുകൻ വരുന്നില്ല എന്ന സങ്കടം തോഴിയോടു പറയുന്ന മട്ടിലെഴുതിയതാണവ. നേരത്തേ സൂചിപ്പിച്ച ചലച്ചിത്രഗാനങ്ങളിൽ നാം കണ്ട അതേ ഭാവുകത്വത്തിൻ്റെ സംഗീതം ഈ പദങ്ങളിലും കേൾക്കാം.

പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം
പൂണ്ടു വലഞ്ഞീടുന്നേൻ കാമിനി
കാന്തഗുണനാകുമെൻ കാന്തൻ ശ്രീപത്മനാഭൻ
സ്വാന്തേ മോദം കലർന്നു സപദി വരുന്നതെന്ന്?

അലർശര പരിതാപം, അളിവേണീ തുടങ്ങിയ പ്രശസ്തമായ പദങ്ങളിലെല്ലാം വിഷാദം - ശൃംഗാരം - ഏകാന്തത - സംഗീതം എന്ന കൂട്ട് അനുഭവിക്കാനാകും. ഇത് ഒരു മലയാളി ഭാവുകത്വം തന്നെയാക്കി പടർത്തിയതിൽ ഗാനങ്ങൾക്കെന്നപോലെ കവിതകൾക്കും വലിയ പങ്കുണ്ട്. ചങ്ങമ്പുഴക്കവിതയിൽ ആളിക്കത്തിയത് ഇതേ കൂട്ടല്ലാതെ മറ്റെന്ത്? ഈ ഭാവുകത്വമല്ലാതെ നമുക്ക് എന്താണ് കാല്പനികത? ഈ ഭാവുകത്വത്തിൻ്റെ വേര് പിന്നിൽ ചെന്നു തൊടുന്ന കൃതിയാണ് നളചരിതം ആട്ടക്കഥ. ചുരുക്കിപ്പറഞ്ഞാൽ, മലയാളിയുടെ ആസ്വാദനശീലത്തെ ഇന്നും നിയന്ത്രിക്കുന്ന ഒരു സവിശേഷ ഭാവുകത്വത്തിനു തുടക്കം കുറിച്ച കൃതിയാണ് നളചരിതം ആട്ടക്കഥ.

കഥകളിയരങ്ങാണ്, രംഗവേദിയാണ് ഇതിന് പശ്ചാത്തലമൊരുക്കിയത് എന്നത് എടുത്തു പറയേണ്ടതുണ്ട്. നൃത്ത നാട്യ വാദ്യ സംഗീത സാഹിത്യങ്ങളുടെ സംഗമം കളിയരങ്ങിലുണ്ട്. കലർപ്പ് എന്നത് രംഗകലകൾക്കു പൊതുവേയും കഥകളിക്കു വിശേഷമായും ഉള്ള പ്രത്യേകതയാണ്. കലർപ്പ് കേരളീയ സംസ്ക്കാരത്തിൻ്റെ തന്നെ മുഖമുദ്രയായി ചരിത്രത്തിലൂടെ ബലപ്പെട്ടു വരുന്നുണ്ട്. വെള്ളം കടക്കാത്ത തനിത്തനി അറകളായല്ല നമ്മുടെ കലകളും സാഹിത്യവും വികസിച്ചത്. പല ഭാവങ്ങളുടെയും സംഗീത സാഹിത്യങ്ങളുടെയും കൂട്ട് അഥവാ കലർപ്പ് ഒരു ഭാവുകത്വത്തെ നിശ്ചയിക്കുന്നു എന്നത് പ്രധാനമാണ്. അരങ്ങാണ് ഇതിനു പശ്ചാത്തലമൊരുക്കിയത് എന്നത് സ്വാഭാവികം. കലർപ്പ് പ്രധാനമാകുന്നതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ വ്യക്തിത്വവും കഥകളിയിൽ പ്രധാനമായി. പച്ച, കത്തി, താടി, മിനുക്ക് എന്നിങ്ങനെ ടൈപ്പ് കഥാപാത്രമായിരിക്കെത്തന്നെ അവരുടെ വ്യക്തിത്വത്തെ തുറന്നു കാണിക്കാൻ കഥകളിക്കു കഴിഞ്ഞു. നടന്മാരുടെ നടന വ്യക്തിത്വത്തെ കഥാപാത്ര വ്യക്തിത്വമായി ചേർത്തു വക്കാൻ പോലും കളിയരങ്ങ് ശ്രദ്ധവച്ചു. നളനുണ്ണി, ബാലി ഓതിക്കൻ, ഭീമൻ കേശവപ്പണിക്കർ എന്നിങ്ങനെ പല കളിക്കാരും പേരു നേടി. നാലാം ദിവസത്തിലെ ദമയന്തിയായി ആടുമ്പോൾ താൻ എങ്ങനെയാണ് ആ കഥാപാത്രത്തോട് താദാത്മ്യപ്പെടുന്നത് എന്ന് അടുത്ത കാലത്ത് കോട്ടക്കൽ ശിവരാമൻ വൈകാരികതയോടെ എഴുതിട്ടുണ്ടല്ലോ.

പ്രണയവും ഏകാന്തതയും പ്രതീക്ഷയും വിഷാദവും നിരാശയും തത്വചിന്താപരതയും വൈയക്തിക ബോധവും സംഗീതാത്മകതയും ഇങ്ങനെ ഒരൊറ്റ കൂട്ടായി ഒരുമിക്കുന്ന ഒരു കൃതി നളചരിതത്തിനുമുമ്പ് മലയാളത്തിൽ ഇല്ല. നളചരിതത്തിനു ശേഷം സ്വാതി തിരുനാളിൻ്റെ മലയാള പദങ്ങളിലൂടെയും പത്തൊമ്പതാം ശതകാന്ത്യം തൊട്ട് മറ്റൊട്ടേറെ കൃതികളിലൂടെയും ഈ കൂട്ട് മലയാള സാഹിത്യത്തിൻ്റെ മുഖ്യധാരയിൽ ഉറയ്ക്കുകയും ചെയ്തു. നളചരിതത്തിനു മുമ്പ് ഏകാന്തതയും വിഷാദവും വൈയക്തികതാബോധവും തത്വചിന്താപരതയും ഒത്തുചേർന്നതായി കാണുന്ന ഒരേയൊരു കൃതി മലയാളത്തിൽ ജ്ഞാനപ്പാന മാത്രമേയുള്ളു. അങ്ങനെ ജ്ഞാനപ്പാനയിൽ തുടക്കം കുറിക്കുന്ന പുതിയൊരു ഭാവുകത്വം പ്രബലമാവുകയാണ് നളചരിതം ആട്ടക്കഥയിൽ.

വ്യക്തിശബ്ദം മലയാള സാഹിത്യത്തിൽ ആദ്യമായി കേൾക്കുന്നത് പൂന്താനത്തിൻ്റെ പാനയിലൂടെയാണ്. അതിനു മുമ്പു കേട്ടതെല്ലാം സംഘശബ്ദങ്ങളുടെ പ്രതിനിധാനങ്ങളായിരുന്നു. മലയാളം രൂപപ്പെടും മുമ്പ് പഴന്തമിഴ് സാഹിത്യത്തിലെ അകം കവിതകളിൽ പ്രണയാതുരരായ കമിതാക്കളുടെ മനസ്സ് നാം വായിച്ചിട്ടുണ്ട്. എന്നാൽ മലയാളം പ്രത്യേക ഭാഷയായി രൂപം കൊണ്ടതു മുതൽ കേട്ടതെല്ലാം സംഘശബ്ദങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഭാവുകത്വ പരിണാമങ്ങൾക്കു പിന്നിൽ തീർച്ചയായും ചരിത്രപരമായ കാരണങ്ങൾ ഉണ്ടായിരിക്കും. രാമചരിതം തൊട്ടിങ്ങോട്ട് പ്രസ്ഥാനം പാട്ടായാലും മണിപ്രവാളമായാലും അത് സംഘശബ്ദം തന്നെ. പാട്ടു പ്രസ്ഥാനം ഊഴിയിൽ ചെറിയവരുടെ സംഘശബ്ദമായിരുന്നെങ്കിൽ മണിപ്രവാളം, ഇവിടെ കുടിയേറി അധികാരശക്തിയായി മാറിയ ബ്രാഹ്മണരുടെ സംഘശബ്ദമായിരുന്നു. മണിപ്രവാള കൃതികളിൽ സംഭോഗ വിപ്രലംഭശൃംഗാരങ്ങളുടെ ആവിഷ്ക്കാരമുണ്ടെന്നതു ശരി തന്നെ. പക്ഷേ ശരീരവർണ്ണനകളിൽ മാത്രം രമിക്കുന്ന ആ കൃതികളിൽ പ്രണയഭാവമോ അതിൻ്റെ വൈയക്തികതയോ കാണാനാവില്ല. എഴുത്തച്ഛൻ്റെ കൃതികളിൽ പോലും ഈ മാറ്റം ദൃശ്യമല്ല. അങ്ങനെ സംഘബോധത്തിൽ നിന്ന് അല്ലെങ്കിൽ ഗോത്രബോധത്തിൽ നിന്നു വിട്ടകന്ന് പുതിയൊരു വ്യക്തിബോധം മുളപൊട്ടുന്നത് കാണാനാവുന്നു എന്നതു കൂടിയാണ് ജ്ഞാനപ്പാനയുടെ സാഹിത്യചരിത്രപരമായ പ്രാധാന്യം. ഏതാണ്ടൊരു നൂറു കൊല്ലം കൂടി കഴിയേണ്ടിവന്നു ഈ നവഭാവുകത്വത്തിന് നളചരിതത്തിലൂടെ ഉറച്ച പ്രതിഷ്ഠാപനം ലഭിക്കാൻ.

2

ഈ നൂറു കൊല്ലം എന്നത് കൊളോണിയൽ ശക്തികൾ ഇവിടെ ചുവടുറപ്പിക്കുന്ന കാലമാണ്.കേരളചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ കാലം എന്നു പറയാം. തിരുവിതാംകൂറിലൊഴികെ മറ്റൊരിടത്തും പ്രാദേശിക ഭരണാധികാരികൾ പ്രബലരായിരുന്നില്ല. കോഴിക്കോട്ടെ സാമൂതിരിക്ക് 13,14,15നൂറ്റാണ്ടുകളിലുണ്ടായിരുന്ന പ്രബലത പിന്നീട് കുറഞ്ഞുവരികയാണ്. അധികാരത്തിനു വേണ്ടി പരസ്പരം പോരടിക്കുന്ന സ്വരൂപങ്ങളുടെ കാലമാണത്. പ്രബലത നേടിയ സ്വരൂപങ്ങളിൽ പോലും താവഴിത്തർക്കങ്ങളും മൂപ്പിളമത്തർക്കങ്ങളും വ്യാപകമായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള ഹിംസ വ്യാപകമായിരുന്നു എന്നതിനു തെളിവാണ് അക്കാലത്തുണ്ടായ പടപ്പാട്ടുകളെല്ലാം. ഈ സാഹചര്യത്തിലാണ് വിദേശക്തികൾ കച്ചവടത്തിനപ്പുറമുള്ള കൊളോണിയൽ താല്പര്യങ്ങളിലേക്കു കടക്കുന്നത്. കച്ചവടത്തിൻ്റെയും കടലിനു മേലുള്ള അധീശത്വത്തിൻ്റെയും കുത്തക പിടിച്ചെടുക്കാനായി മുസ്ലീം കച്ചവടക്കാരുമായി നിരന്തരം ഹിംസാത്മകമായ കലാപങ്ങളിൽ പോർച്ചുഗീസുകാർ ഏർപ്പെട്ടു. മുസ്ലീങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. മതപീഡനങ്ങളും അടിമവ്യാപാരവും വ്യാപകമായിരുന്നു. പരസ്പരം തല്ലുന്ന നാടുവാഴിസ്വരൂപങ്ങളിലെ അധികാരാസക്തർ കാര്യസാദ്ധ്യത്തിനായി വിദേശശക്തികളെ ആശ്രയിക്കാൻ തുടങ്ങി. 17-ാം നൂറ്റാണ്ടിലെഴുതപ്പെട്ടതെന്നു കരുതാവുന്ന ഹര്യക്ഷമാസസമരോത്സവം പടപ്പാട്ടിൽ അക്കാലത്തെ ഹിംസയുടെ ഒരു നേർച്ചിത്രം കാണാം. താവഴിത്തർക്കത്തിൽ അധികാരഭ്രഷ്ടനായ വീരകേരളവർമ്മ എന്ന മൂത്ത താവഴിയിൽ പെട്ട കൊച്ചിരാജാവ് തർക്കത്തിലിടപെടാനും പോർച്ചുഗീസുകാരിൽ നിന്ന് രക്ഷ നൽകാനുമായി ഡച്ചു സൈനികമേധാവികളെ ചെന്നു കണ്ട് സഹായമഭ്യർത്ഥിക്കുന്നതിൻ്റെ വിവരണമുണ്ട് അതിൽ.
കുംഭഞ്ഞിയെന്നോരു വമ്പൻ കൊലയാന
വമ്പോടു വാഴും പ്രകാരം മനോഹരം
എന്ന് ഹിംസാത്മകത തന്നെ സൗന്ദര്യമായി വാഴ്ത്തപ്പെടുന്നു. കമ്പനിയെ (കുംഭഞ്ഞി) ചെന്നുകണ്ട് തൻ്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുകയാണ് ആ അധികാരഭ്രഷ്ടൻ.
ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവും കൊണ്ടു നാടു വേർപെട്ടു ഞാൻ
ചത്തു രക്ഷിച്ച പറങ്കിയും കൈവിട്ടു
ശക്തിയുള്ളോർ ചിലർ നാടുമടക്കിനാർ

തുടർന്ന് ഈ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുകയാണ് ഡച്ചുകാർ. പിന്നീടുണ്ടായത് ചരിത്രത്തിലെ വലിയ ഹിംസകളിലൊന്ന്. ആ ഹിംസയുടെ ഒരു വിവരണം നോക്കൂ:

ഹരഹര! മരിച്ചവരുടെ ദേഹം
നിരനിരക്കെ വീണൊരുപോലെ തന്നെ
അടർക്കളത്തിലും പെരുംകുളത്തിലും
അടുക്കളയോടു നടുമുറ്റത്തിലും
കിണറ്റിലുമൊക്കെക്കുഴിയിലും പിന്നെ
ഇടക്കെട്ടിലും കോവണിക്കു താഴെയും
നടപ്പുരയിലും ഭഗവതിയുടെ
നടയിലും കോയിലകത്തുമുണ്ടല്ലോ
കളിമാളികമേലുടൻ പള്ളിയറ
കുളപ്പുരയിലും മറപ്പുരയിലും
അരിയ തേവാരപ്പുരയൂട്ടുപുര-
യരികത്തുള്ള വീടുകളിലുമൊക്കെ
നിറഞ്ഞിതേ ശവം,ഒലിക്കുന്നൂ ചോര

ഇത് മുമ്പ് എഴുത്തച്ഛനുൾപ്പെടെയുള്ളവരുടെ കൃതികളിൽ കണ്ട ഭാവനാത്മകമായ യുദ്ധവർണ്ണനയല്ല. ഹിംസയെ ചൂഴ്ന്ന ഐതിഹാസികമായ ആരവാരങ്ങളല്ല, നിശ്ശബ്ദതയുടെ ഉദ്വേഗജനകമായ ആഴമാണ് ഈ വരികളിൽ അനുഭവിക്കാനാവുന്നത്.ഇങ്ങനെ വളരെയേറെ ഹിംസാത്മകമായ ഒരു കാലം താണ്ടി വരുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ. പൂന്താനത്തിനും ഉണ്ണായിക്കും ഇടയിലുള്ള കാലത്തിലെ അധികാരമത്സരങ്ങളുടെയും അതിൻ്റെ ഹിംസാത്മതയിൽ നിന്നുണ്ടാകുന്ന വിഷാദ നിരാശകളുടെയും പശ്ചാത്തലത്തിൽ കൂടി വേണം നളചരിതം വായിക്കാൻ എന്നതുകൊണ്ടാണ് ഈ ഭാഗം ഇവിടെ ഇത്രയും വിസ്തരിച്ചത്.

ചരിത്രകാരനായ അഭിലാഷ് മലയിലിൻ്റെ ചില നിരീക്ഷണങ്ങൾ ഇതോടു ചേർത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. 16, 17, 18 നൂറ്റാണ്ടുകളിൽ ഒരു സാമ്പത്തിക സമൂഹം എന്ന നിലയിൽ കേരളം എങ്ങനെയാണ് കെട്ടിക്കിടക്കുന്ന ഒരു നിശ്ചലവ്യവസ്ഥയാവാതെ മുന്നോട്ടു ചലിച്ചത് എന്നു വിശദമാക്കുന്ന ചരിത്രഗ്രന്ഥമാണ് അദ്ദേഹത്തിൻ്റെ റയ്യത്തുവാരി എന്ന കൃതി. നികുതി ഉൾപ്പെടെയുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ വിശകലനം ചെയ്താണ് കേരള സമൂഹം മുന്നോട്ടു നീങ്ങിയതിൻ്റെ ചരിത്രം അദ്ദേഹം വിവരിക്കുന്നത്. സ്വരൂപങ്ങളിൽ അക്കാലത്തുണ്ടായ കിടമത്സരങ്ങളെയും അതുണ്ടാക്കിയ വിഷാദത്തെക്കുറിച്ചും അതിലദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അക്കാലത്തെ രാജസ്വരൂപങ്ങളുടെ ഭരണപരമായ വിഷമസന്ധികളെയും തുടർന്നുണ്ടായ രാജകീയ ആത്മഹത്യകളെയും മുൻ നിർത്തി അദ്ദേഹം ഇങ്ങനെ എഴുതുന്നു: "18 -ാം നൂറ്റാണ്ടോടു കൂടി മലബാർ തീരത്ത് അനുഭവപ്പെട്ടു കാണുന്ന രാജത്വത്തിൻ്റെ ഇമ്മാതിരി ഏകാന്തതാ സന്ദർഭങ്ങൾക്കും അധികാര വിഷാദത്തിനും കൂട്ടുപോവാൻ ഇവിടെ നിന്ന് ആളുകൾ അധികമുണ്ടായില്ല. പന്നിയൂർ കൂറ്റിൽ പെട്ട വെള്ളഗൃഹത്തിൽ നമ്പൂതിരിയുടെ ആത്മകഥനപരമായ ചരിത്രം ശരിയെങ്കിൽ, 1766 മേടഞ്ഞായറിലെ അഗ്നിപ്രവേശ സമയത്ത് കോഴിക്കോട്ടെ സാമൂതിരി രാജാവ് കേവലം ഏകനായാണ് മരണം വരിക്കുന്നത്" രാജകീയ ആത്മഹത്യകളുടെ റഫറൻസുകൾ ഈ കാലത്ത് വർദ്ധിച്ചു വരുന്നത് അദ്ദേഹം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു. പാലക്കാട്, കൊച്ചി, വടക്കൻ കോട്ടയം രാജകുടുംബങ്ങളിലെല്ലാം ഇത്തരത്തിലുള്ള രാജകീയ ആത്മഹത്യകൾ ഉണ്ടാകുന്നുണ്ട്.എടച്ചേരി തോട്ടത്തിൽ കുഞ്ഞിക്കേളപ്പൻ,തൃക്കൈക്കുന്നു വാണ തമ്പുരാനെപ്പറ്റിയുള്ള തച്ചോളിപ്പാട്ട്,പഴശ്ശിത്തമ്പുരാൻ വടക്കൻപാട്ട്,കോലത്തിരി രാജിലെ കുഞ്ഞിക്കണ്ണൻ തുടങ്ങിയ വടക്കൻ പാട്ടുകളിൽ പരാമർശിച്ചിട്ടുള്ള രാജമരണങ്ങളും തിരോധാനങ്ങളും ആ പഠനത്തിൽ എടുത്തു പറയുന്നുണ്ട്. രാജകീയ ആത്മഹത്യകളിലേക്കു നയിച്ച ഏകാന്തതയും എക്കണോമിക്സും തമ്മിലെ ബന്ധത്തിലേക്ക് റയ്യത്തുവാരി വെളിച്ചം വീശുന്നുണ്ട്.

ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവും കൊണ്ടു നാടു വേർപെട്ടു ഞാൻ

എന്ന് പടപ്പാട്ടിലെ അധികാരഭ്രഷ്ടനായ രാജാവ് ഡച്ചുകാരോടു പറയുന്ന ആവലാതിയിൽ ആ ഏകാന്തതയുടെ മുഴക്കം കേൾക്കാം. അധികാര നഷ്ടവും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചരിത്രപരമായ ഈ നിരീക്ഷണങ്ങൾ നളചരിത വായനയിൽ തീർച്ചയായും പ്രസക്തമാണെന്നു ഞാൻ വിചാരിക്കുന്നു.

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തുകാരൻ എന്ന നിലയിൽ ഉണ്ണായി വാരിയർ തീർച്ചയായും ഈ സ്ഥിതിഗതികളെക്കുറിച്ച് അജ്ഞനാവാനിടയില്ല. കഥാരൂപത്തിലുള്ള കേട്ടുകേൾവികളേ അദ്ദേഹത്തെക്കുറിച്ചുള്ളൂവെങ്കിലും അവയിലെല്ലാം കൊച്ചി, തിരുവിതാംകൂർ രാജകുടുംബങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആശ്രിതബന്ധം വെളിവാകുന്നുണ്ട്. "കൊച്ചി മഹാരാജാവിനെ ആശ്രയിച്ചു താമസിച്ച കാലത്ത് വാര്യർ നളചരിതം നാലു ദിവസത്തെ കഥകളും രചിച്ചുവെന്ന് മഹാകവി ഉള്ളൂർ അഭിപ്രായപ്പെട്ടിരിക്കുന്നു. അനന്തരം വാര്യർ തിരുവനന്തപുരത്തു ചെന്ന് മാർത്താണ്ഡവർമ്മയേയും അന്ന് ഇളയരാജാവായ കാർത്തികതിരുനാളിനേയും മുഖം കാണിക്കുകയും അവരെ ആശ്രയിച്ച് രാജസഭാംഗമായി അവിടെ വസിക്കുകയും ചെയ്തു. അക്കാലത്താണ് (കൊ.വ.927 -1752-ൽ) നളചരിതം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ അവതരിപ്പിക്കുവാൻ ഇടയായത്" എന്ന് ആട്ടക്കഥാസാഹിത്യം എന്ന ഗ്രന്ഥത്തിൽ അയ്മനം കൃഷ്ണക്കൈമൾ എഴുതിയതിൽ ആ ആശ്രിതബന്ധത്തെക്കുറിച്ചുള്ള പണ്ഡിതമതങ്ങളുടെ സംഗ്രഹമുണ്ട്. തൻെറ ജീവിതകാലത്ത് നേരിട്ടോ അല്ലാതെയോ പരിചയമുള്ള രാജകുടുംബാംഗങ്ങളുടെ അധികാര നഷ്ടത്തിൻ്റെയും തുടർന്നുണ്ടായ ഏകാന്തയുടെയും വിഷാദത്തിൻ്റെയും കഥകൾ ഈ കവിയെ നളകഥ ഈ മട്ടിൽ സ്വാംശീകരിക്കുന്നതിൽ സ്വാധീനിച്ചിരിക്കാൻ ഇടയുണ്ട്. കാടേ ഗതി എന്ന് ആട്ടക്കഥയിലെഴുതിയ കോട്ടയത്തു തമ്പുരാന് അറംപറ്റി അധികാരനഷ്ടത്തെത്തുടർന്ന് കാട്ടിൽ പോകേണ്ടി വന്ന കഥ ഉണ്ണായിവാരിയർക്കും മുമ്പുള്ളതാണല്ലോ. കാശിക്കു പോകുന്ന കൊച്ചി തമ്പുരാക്കന്മാരുടെ കഥകളിലും അധികാര നഷ്ടത്തിൻ്റെ തേങ്ങലുണ്ടാവാം. കൊച്ചി രാജകുടുംബത്തിലെ അഞ്ചു താവഴികളും തമ്മിൽ രൂക്ഷമായ അധികാരത്തർക്കം നിലനിന്നിരുന്നതിൻ്റെ സാക്ഷ്യമാണ് നേരത്തേ സൂചിപ്പിച്ച പടപ്പാട്ട്. തർക്കങ്ങൾക്കൊടുവിൽ അധികാരം കിട്ടുമ്പൊഴേക്കും വയസ്സൊരുപാടു ചെന്നിരിക്കും. അധികാരം ആസ്വദിക്കാവുന്ന പ്രായം കഴിയും.

3

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന നമ്പ്യാന്തമിഴ് കൃതിയായ നളോപാഖ്യാനമാണ് മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നളോപാഖ്യാനം. ക്ഷേത്രങ്ങളിൽ പുരാണ കഥാഖ്യാനത്തിന് പ്രയോഗിച്ചു വന്നവയാണല്ലോ നമ്പ്യാന്തമിഴ് കൃതികൾ.മഴമംഗലത്തിൻ്റെ (15-ാം ശതകം) ഭാഷാനൈഷധചമ്പുവിലൂടെയാണ് നളകഥ മലയാളത്തിൽ പ്രശസ്തമാവുന്നത്. ഭാഷാനൈഷധചമ്പുവിലെ നായകാവിഷ്ക്കാരത്തിന് വലിയ സവിശേഷതയൊന്നും പറയാനില്ലെന്ന് വ്യാഖ്യാതാവായ പാട്ടത്തിൽ പത്മനാഭമേനോനും അദ്ദേഹത്തെയുദ്ധരിച്ച് ഡോ. കെ.വി. ദിലീപ് കുമാറും (നളകഥയുടെ മണിപ്രവാള പ്രവേശം) പറയുന്നുണ്ട്. ആദ്യകാല മലയാള കാവ്യങ്ങളിൽ പൊതുവേ രാധാകൃഷ്ണപ്രേമവും ശിവപാർവ്വതിമാരുടെ ചേർന്നിരിപ്പുമാണ് നമ്മുടെ സാഹിത്യത്തെ ആകർഷിച്ചിരുന്ന പൗരാണിക പ്രണയഭാവനകൾ. 16-ാം നൂറ്റാണ്ടിൽ എഴുത്തച്ഛനിലെത്തുമ്പോൾ സീതാരാമപ്രേമം മുഖ്യമാവുന്നു. കചദേവയാനിമാരുടെയും ശകുന്തളാദുഷ്യന്തന്മാരുടെയും പ്രണയകഥകളും തന്മയത്വത്തോടെ പറയുന്നുണ്ട് എഴുത്തച്ഛൻ. മഹാഭാരതം കിളിപ്പാട്ടിൽ നളദമയന്തീ പ്രേമകഥ പറയുന്നുണ്ടെങ്കിലും കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ അതിന് ആഖ്യാനചാതുരിയും തന്മയത്വവും കുറവാണ്. 17-ാം നൂറ്റാണ്ടിനുശേഷം നളകഥക്ക് പല ആവിഷ്ക്കാരങ്ങൾ ഉണ്ടാകുന്നുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധം വാര്യരുടെ ആട്ടക്കഥ,കുഞ്ചൻനമ്പ്യാരുടെ നളചരിതം തുള്ളൽ എന്നിവയാണ്.നളചരിതം ആട്ടക്കഥക്കു ശേഷമാണ് നളകഥക്ക് കൂടുതൽ പ്രചാരമുണ്ടാവുന്നതും കൈകൊട്ടിക്കളിപ്പാട്ടും വഞ്ചിപ്പാട്ടും കുറത്തിപ്പാട്ടുമൊക്കെയായി ധാരാളം കൃതികളുണ്ടാവുന്നതും. നമ്പ്യാരുടെ തുള്ളലിൽ ദമയന്തീസ്വയംവരം വരെയുള്ള ഭാഗമേയുള്ളൂ. അതിലേറ്റവും പ്രസിദ്ധം ഹംസം കണ്ട, വീടിനു ചുറ്റും മണ്ടി നടക്കുന്ന നായർ യോദ്ധാവിൻ്റെ ചിത്രം തന്നെ. 17, 18 നൂറാണ്ടുകളോടെ നളകഥക്ക് മുമ്പില്ലാത്ത പ്രിയം വരാൻ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഒരു കാരണമായി തീർന്നിട്ടുമുണ്ടാകാം.

ഈ പശ്ചാത്തലത്തിൽ നളചരിതം ആട്ടക്കഥ കുറച്ചുകൂടി അടുത്തു നിന്നു നമുക്കു പരിശോധിക്കാം. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനത്തെ നാലു ദിവസം കൊണ്ട് ആടാവുന്ന ആട്ടക്കഥയാക്കി വിപുലപ്പെടുത്തിയപ്പോൾ നായകനുൾപ്പെടെയുള്ള കഥാപാത്രങ്ങളെ വളർത്തിയെടുക്കുന്നതിലാണ് കവി ഏറ്റവും ശ്രദ്ധ കൊടുത്തിട്ടുണ്ട്. നായകൻ്റെ കഥാപാത്രവളർച്ചയെ മുൻനിർത്തി നളചരിതം ഒന്നാം ദിവസത്തിനെ വ്യക്തിത്വസ്ഥാപന പർവ്വം എന്നും രണ്ടാം ദിവസത്തിനെ അധികാര നഷ്ടപർവ്വം എന്നും മൂന്നാം ദിവസത്തിനെ ഏകാന്തതാ പർവ്വമെന്നും നാലാം ദിവസത്തിനെ ഒത്തുതീർപ്പുപർവ്വം എന്നും വിളിക്കാവുന്നതാണ്.

ഒന്നാം ദിവസത്തിൽ അധികാരവും പ്രണയിനിയും അധീനമായതിനാൽ നളൻ്റെ വ്യക്തിത്വം സ്ഥാപിതമാവുന്നു. അധികാരം, പ്രണയം, ഉപരിലോകവുമായുള്ള ബന്ധം എന്നിവ ഈ വ്യക്തിത്വസ്ഥാപനത്തിൽ പ്രധാനമാകുന്നു. കഥ തുടങ്ങുമ്പോൾതന്നെ നളൻ അധികാരങ്ങളെല്ലാമുള്ള രാജാവാണ്. പ്രണയം ഹംസരൂപത്തിൽ ഉപരിലോകത്തുനിന്നും ഇറങ്ങി വരുന്നു. സ്വർണ്ണവർണ്ണമാം പ്രേമമാണത്. സ്വയംവരത്തെത്തുടർന്ന് ഉപരി ലോകത്തു നിന്ന് വരങ്ങൾ നളനു കിട്ടുന്നു(ഈ വരങ്ങളിൽ ഇണക്കം കലർന്നു രമ്യം ജനിക്കും നൽസാരസ്വതം മാത്രമേ ദമയന്തിക്കു കൂടി കിട്ടുന്നുള്ളൂ. മറ്റെല്ലാം നളനു മാത്രമാണ്. കാരണം അയാൾക്കാണല്ലോ അധികാരമുള്ളത്) ഉപരിലോകവുമായുള്ള അദ്ദേഹത്തിൻ്റെ സമ്പർക്കങ്ങളും അവിടെ നിന്നു കിട്ടുന്ന അനുഗ്രഹങ്ങളും ആ വ്യക്തിത്വത്തിനു മാറ്റു കൂട്ടുന്നു. കേരളീയ രാജസ്വരൂപങ്ങളിലെ തമ്പുരാക്കന്മാർക്ക് പോർച്ചുഗീസ് ഡച്ച് ബ്രിട്ടീഷ് ശക്തികളുമായുണ്ടായ സമ്പർക്കശോഭ മാറ്റു കൂട്ടിയതിൻ്റെ ചിത്രങ്ങൾ പടപ്പാട്ടുപോലുള്ള കൃതികളിലുള്ളതുമായി ഇതിനെ താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. ഉണ്ണായിവാരിയരുടെ ഭാവനയല്ലത്. മഹാഭാരതത്തിലുള്ളതാണ്. എങ്കിലും കൊളോണിയൽ ശക്തികളുടെ അനുഗ്രഹത്തിനു കാംക്ഷിച്ച ധാരാളം നാട്ടധികാരികൾ ജീവിച്ച കാലത്താണ് കവി നളകഥ തെരഞ്ഞെടുത്തത് എന്നത് പ്രസക്തം തന്നെ.

രണ്ടാം ദിവസം അധികാര നഷ്ടത്തിൻ്റെ കഥ പറയുന്നു. മഹാഭാരതത്തെത്തന്നെയാണ് ഇവിടെയും പൂർണ്ണമായും പിൻപറ്റുന്നതെങ്കിലും കേരളീയ സ്വരൂപങ്ങളിലെ മൂപ്പിളമത്തർക്കങ്ങളേയും കൂറുമത്സരങ്ങളേയും ഇവിടെ നാമോർക്കും. കലിദ്വാപരന്മാർ ചെന്നു കാണുന്ന സന്ദർഭത്തിൽ പുഷ്ക്കരൻ പറയുന്ന വാക്കുകൾ മഹാഭാരതത്തിലില്ലാത്തവയാണ്. കേരളത്തിലെ രാജസ്വരൂപങ്ങളിലെ അധികാരമില്ലാത്ത, എന്നാൽ അധികാരാസക്തിയുള്ള അക്കാലത്തെ ഇളമുറത്തമ്പുരാക്കന്മാരുടെ നിഴൽച്ചിത്രമായി പുഷ്ക്കരൻ മാറുന്നുണ്ട്.

അധികാര നഷ്ടത്തെത്തുടർന്ന് ഉണ്ടാകുന്ന ഒറ്റപ്പെടലും വിഷാദവും മൂന്നാം ദിവസത്തിനെ ഏകാന്തതാപർവ്വം ആക്കി മാറ്റിയിരിക്കുന്നു. ഒന്നാം ദിവസത്തിലെ ഉപരിലോകസമ്പർക്കത്തിൻ്റെ സ്ഥാനത്ത് അധികാരനഷ്‌ടത്തെത്തുടർന്ന് നളനിൽ ബാഹുകത്വമായി തെളിയുന്നത് അയാൾക്കുള്ളിലെ അധോലോകമാണ്. അതയാളുടെ ഏകാന്തതയുടെ ആഴം കൂട്ടുന്നു. അധികാരത്തിനു മാറ്റു കൂട്ടുന്ന ഉപരിലോകത്തിനും അധികാര നഷ്ടാനന്തരമുണ്ടാകുന്ന വ്യക്തിത്വ നഷ്ടത്തിൻ്റെ അധോലോകത്തിനുമിടയിൽ കുടുങ്ങി നിൽക്കുകയാണ്,18-ാം നൂറ്റാണ്ടിലെ കേരളീയ രാജാക്കന്മാരെപ്പോലെ ഉണ്ണായിവാരിയരുടെ നളൻ.

നാലാം ദിവസത്തിലാകട്ടെ നിർവ്വഹണസന്ധിക്ക് ഉചിതമായ വിധത്തിൽ കേസുകൾ ഓരോന്നായി ഒതുക്കിത്തീർക്കുമ്പോലെയുള്ള ഒത്തുതീർപ്പുകളാണു കാണുന്നത്. സ്വരൂപങ്ങളിലെ തർക്കങ്ങൾ ഒത്തുതീർക്കും പോലെ തന്നെ. മൂന്നാം ദിവസത്തിനൊടുവിൽ കലിയുമായുള്ള കേസ് കോംപ്രമൈസാക്കിക്കൊണ്ടാണ് തുടക്കം. നാലാം ദിവസത്തിൽ ദമയന്തിയുമായും തുടർന്ന് പുഷ്ക്കരനുമായുമുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ പരിഹരിക്കുന്നു. ഇവിടെയെല്ലാം മധ്യസ്ഥരുടെ സാന്നിധ്യം കാണാം. ദമയന്തിയുമായുള്ള പ്രശ്നം രമ്യമാക്കുന്നതിന് ഉപരിലോകത്തു നിന്നുള്ള സന്ദേശം മധ്യസ്ഥം വഹിക്കുന്നു. പുഷ്കരന "കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലത്?" എന്നു സംശയിച്ചു നിൽക്കുമ്പോൾ ഹംസം പറന്നു വന്ന് മധ്യസ്ഥം പറഞ്ഞ് പ്രശ്നം രമ്യപ്പെടുത്തുന്നു. അതു കഴിഞ്ഞ് നാരദൻ്റെ വരവുമുണ്ട്. തുടങ്ങി വെച്ചവർ തന്നെ വന്ന് ഫയലുകൾ ഒത്തുതീർപ്പാക്കുന്നു. ഇങ്ങനെ സമഗ്രമായെടുത്താൽ മഹാഭാരതകഥ പിന്തുടരുമ്പോൾ തന്നെ കേരളീയ രാജസ്വരൂപങ്ങളിലെ അധികാര വടംവലികളും അധികാര നഷ്ടമുണ്ടാക്കുന്ന ഏകാന്തതയുടെ ഇരുണ്ട അധോലോകങ്ങളും കൂടി പ്രതിഫലിക്കുമാറാണ് ഉണ്ണായിവാരിയർ ആട്ടക്കഥ രചിച്ചിട്ടുള്ളത് എന്നു കാണാം. ഇനി മനപ്പൂർവ്വമല്ലെന്നു തന്നെ വച്ചാലും ആ കാലത്തിൻ്റെ ചരിത്രസത്ത കൃതിയിലൂടെ ആവിഷ്കൃതമാവുന്നുണ്ട്.

4

നളചരിതത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഒരു വാക്ക് വിജനേ എന്നതാണ്. ആ നിലയിൽ താക്കോൽ വാക്ക് എന്നു പറയാം. ജനങ്ങളില്ലാത്ത അവസ്ഥയിൽ അതായത് ഏകാന്തതയിൽ എന്നർത്ഥം. ഒന്നാം ദിവസത്തിൽ പ്രേമാഗ്നിയിൽ വേവുന്ന നളൻ്റെ കുണ്ഡിനായകനന്ദിനിക്കൊത്തൊരു എന്നു തുടങ്ങുന്ന  ആദ്യ ആത്മഗതത്തിൽ തന്നെ ആ വാക്കുണ്ട്: "വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ" അധികാരവും പ്രണയവും നൽകുന്ന സുഖകരമായ ഏകാന്തതയാണ് ഒന്നാം ദിവസത്തിലുള്ളത്. പ്രണയപരവശനായ നളൻ,

സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം

എന്നിങ്ങനെ തനിച്ചാവുന്നത് ആ സൗഖ്യത്തിലാണ്. കഥ മുന്നോട്ടു പോകുമ്പോൾ വിജനതയുടെ ആ സുഖത്തിന് മങ്ങലുണ്ടാവുന്നുണ്ട്. ഏകാന്തത എന്ന വാക്കുണ്ടായിരിക്കേ വിജനത എന്ന വാക്കാണ് കവി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കണം. മൂന്നാം ദിവസത്തിലെത്തുമ്പോൾ സ്വജനങ്ങളാരുമില്ലാത്ത വിജനതയുടെ നടുവിൽ അകപ്പെടുവോളമെത്തുന്നു നളൻ. വിജനതയുടെ പരമാവധിയിലാണ് അയാൾക്കു ബാഹുകത്വം ലഭിക്കുന്നതും. ഒന്നാം ദിവസത്തിലെ സന്തോഷകരമായ വിജനതയിൽ നിന്ന് ബാഹുകത്വത്തോളമെത്തിക്കുന്ന വിജനതയിലേക്കുള്ള പടവുകൾ മനോഹരമായി തെളിയിച്ചെടുക്കുന്നുണ്ട് കവി.
ദേവന്മാർക്കു വേണ്ടി ദമയന്തിക്കടുത്തേക്കു മനമില്ലാ മനസ്സോടെ ദൂതു പോകുന്ന നളൻ്റെ അസ്വസ്ഥത വെളിപ്പെടുന്ന വാക്കായി വിജനേ ഒന്നാം ദിവസത്തിൽ തന്നെ മാറുന്നുണ്ട്:

നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ

ദേവന്മാർ കൊടുത്ത തിരസ്ക്കരണി അണിഞ്ഞതോടെ ആ അസ്വസ്ഥത വർദ്ധിക്കുകയാണ്. ഏകാന്തതയുടെ അസ്വസ്ഥത. അതാണ് നളൻ മറവകലുവാനായ് മനസി കൊതി പൂണ്ടത്. തിരസ്കരണി നൽകിയ ഏകാകിതയുടെ ആഴം തിരോഭൂതൻ എന്ന വാക്കിലുണ്ട്.

രണ്ടാം ദിവസത്തിലെ ചൂതുകളി രംഗത്തിൽ നളനു പ്രിയങ്കരമായ വിജനത പുഷ്ക്കരനാൽ പരിഹസിക്കപ്പെടുന്നു:

നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം

ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും അടരുകളുണ്ട് രണ്ടാം ദിവസത്തിലെ വിജനതക്ക്. "എന്തുപോൽ ഞാനിന്നു ചെയ്‌വേൻ
ബന്ധുവോ മേ വൈരികളായ്" എന്ന ആത്മഗതത്തിലുണ്ട് ആ നിസ്സഹായത. ആ നിസ്സഹായത നളനെ ദിഗ് വസനനാക്കുന്നു. ദേവന്മാർ നൽകിയ തിരസ്കരിണിയിൽ അയാൾ തിരോഭൂതനായിരുന്നെങ്കിൽ വസ്ത്രം പക്ഷികൾ കൊണ്ടുപോയപ്പോൾ അയാൾ ദിഗ് വസനനാകുന്നു. വിപരീതദ്ധ്വനികളുള്ള വാക്കുകളാണ് തിരോഭൂതൻ, ദിഗ് വസനൻ എന്നിവ. അങ്ങേയറ്റം മറഞ്ഞവനും അങ്ങേയറ്റം തെളിഞ്ഞവനും. രണ്ടിൻ്റേയും ഫലം വിജനത തന്നെ. ആ വിജനതക്കുള്ള പരിഹാരമായി കാർക്കോടകൻ സമ്മാനിക്കുന്നതും വസ്ത്രമാണ്. വേഷപ്രച്ഛന്നതക്ക് ആ കാലത്തെ രാജകീയചരിതങ്ങളിലുണ്ടായിരുന്ന പ്രാധാന്യം സി.വി.രാമൻപിള്ളയെപ്പോലുള്ള നോവലിസ്റ്റുകൾ പിൽക്കാലത്ത് എടുത്തുകാട്ടിയിട്ടുണ്ടല്ലോ. ഏകാന്തത നളനെ കൊണ്ടെത്തിച്ച വിഭ്രാന്താവസ്ഥ ഈ വരികളിൽ വ്യക്തമാവുന്നു:

അങ്ങോടിങ്ങോടുഴന്നും വനഭുവി തളർന്നും വിചാരം കലർന്നും
തുംഗാതങ്കം വളർന്നും തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങും ഖേദം മറന്നും ദിവസമനു നടന്നീടുകയാണ് മൂന്നാം ദിവസത്തിൽ നളൻ. ഏകാകിയുടെ വിഷാദഗാനങ്ങളാണ് മൂന്നാം ദിവസത്തിലെ പ്രസിദ്ധമായ ആ രണ്ടു പദങ്ങൾ - വിജനേ ബത,മറിമാൻകണ്ണി എന്നിവ. സാകേതത്തിൽ വെച്ച് ബാഹുകൻ്റെ വിജനേ ബത എന്ന ദുഃഖസാന്ദ്രമായ സ്വഗതം കേൾക്കുന്ന ജീവലനോട് ബാഹുകൻ പറയുന്നത് ഈ പാട്ടിലടങ്ങിയത് വിഷാദിയായ ഏതൊരാളുടെയും കഥയാവാം എന്നാണ്.

സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല,
ആരെന്നറിയേണ്ടാ, കേളൊരു മാനവൻ
ആരാനോടും പറഞ്ഞു തൻ വ്യസനം

ഒരു മനുഷ്യൻ്റെ വ്യസനം മറ്റൊരു മനുഷ്യനിലേക്കു പകരുന്ന പാട്ട് എന്ന ഈ സങ്കല്പനം മലയാള കവിതയേയും ഗാനശാഖയെയും സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കമായിരുന്നു. ഈ തുടക്കമാണ് പിന്നീട് സ്വാതിതിരുനാളിലൂടെ,ആശാൻ്റെ നളിനിയുടെ സ്വഗതഗാനത്തിലൂടെ, ചങ്ങമ്പുഴയിലൂടെ, പിന്നീടെത്രയോ ചലച്ചിത്രഗാനങ്ങളിലൂടെ പുതിയ കാലത്തേക്കു പടരുന്നത്. നാലാം ദിവസത്തിൽ ദമയന്തിയുടെ രണ്ടാം വിവാഹ വൃത്താന്തം കേൾക്കുന്നതോടെ നളൻ്റെ മനസ്സ് കൂടുതൽ ഊഷരമാകുന്നു.

നളൻ മാത്രമല്ല ഇതിലെ മറ്റു കഥാപാത്രങ്ങളും ഏകാകിതയുടെ ചൂടറിഞ്ഞവരാണ്.ദമയന്തിയുടെ ഏകാന്തത ഒന്നാം ദിവസത്തിൽ നിന്നു മെല്ലെ വളർന്ന് നാലാം ദിവസമാകുമ്പോൾ തീവ്രമാകുന്നു.വല്ലഭനുണ്ടുള്ളിൽ പുറത്തില്ലാ കാൺമാനും, വല്ലായ്മ ജീവിപ്പാൻ മമ എന്ന അവസ്ഥയിൽ മധുരമായ ഒരേകാന്തത ഒന്നാം ദിവസത്തിലെ ദമയന്തിയിലുണ്ട്. രണ്ടാം ദിവസത്തിൽ കാട്ടിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ആ മധുരം ഭയത്തിനു വഴിമാറുന്നു. "അളവില്ലാ മമ ഭയം, ആളിമാരുമില്ലാ" എന്ന സ്വഗതത്തിൽ ദമയന്തി അനുഭവിക്കുന്ന ഭയപ്പെടുത്തുന്ന ഏകാന്തതയുണ്ട്. കാട്ടുതീയിൽ പെട്ടുള്ള വിലാപത്തിൽ ആ ഏകാന്തതയുടെ മുഴക്കമുണ്ട്:

വാഹസം ഗ്രഹിക്കുന്നൂ ചരണവും കാന്താ
മോഹസംഹൃതമന്തക്കരണവും
സാഹസപ്രിയാ നീയെൻ മരണവും കേട്ടാൽ
സ്നേഹസദൃശം ചെയ്ക സ്മരണവും

ഒറ്റപ്പെടൽ അവളെ ദയനീയയാക്കി.നദി കടക്കുന്ന മാലോകർ അവളെ കണ്ടപ്പോൾ പേയാണെന്നും പെരുവഴി പോക്കത്തിയാണെന്നും നിനക്കുന്നു.സാർത്ഥവാഹകസംഘത്തലവൻ ദമയന്തിയെക്കണ്ട് അത്ഭുതപ്പെടുന്നതും 'താനേ' അവൾ വന്നതിലാണ്. ദുഃഖപ്പുകയാൽ മലിനയായവളാണ് (ആമയഭൂമമലിനാ) നാലാം ദിവസത്തിലെ ദമയന്തി. വിരഹമെന്നത് കഠോരമാണെന്നും വീതഗാധപാരമായ ഒരു കടലാണെന്നും താനതിൽ വീണുഴന്നു വേദനിക്കുകയാണെന്നും മരണമാണ് അതിലും നല്ലതെന്നും ദമയന്തി പറയുന്നു. അധികാരമില്ലാത്ത പുഷ്ക്കരനെ ഏകാകിയായാണ് കവി അവതരിപ്പിക്കുന്നത്. അധികാരം കിട്ടുന്നതോടെ അയാൾ ഏകാകിയല്ലാതാവുന്നു. ഹംസത്തിൻ്റെയും കാട്ടാളൻ്റെയും ഏകാന്തതയും തീർച്ചയായും നമ്മളെ സ്പർശിക്കും. ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തൻ എന്നാണ് ഹംസത്തിൻ്റെ നിലവിളി. തൻ്റെ മനോരാജ്യത്തിലെ ഏകാകിയാണ് കാട്ടാളൻ. ആട്ടക്കഥയിൽ മനോരാജ്യം കാണുന്നവൻ എന്നു കവി വിശേഷിപ്പിക്കുന്ന ഒറ്റക്കഥാപാത്രം സാധാരണക്കാരനായ കാട്ടാളനാണ്. രാജ്യം രാജാക്കന്മാർക്കെങ്കിൽ മനോരാജ്യം സാധാരണക്കാർക്കുമുള്ളതാണല്ലോ. ഏകാകിയുടെ ആനന്ദം കൂടിയുണ്ട് ആ മനോരാജ്യത്തിൽ. ഒരു മനുഷ്യൻ മാത്രമല്ല ഒരു മനോരാജ്യം മുഴുവനുമാണ് രണ്ടാം ദിവസത്തിൽ ചാമ്പലായിപ്പോകുന്നത്. ഇങ്ങനെ അധികാരശ്രേണിയുടെ മുകൾത്തട്ടു തൊട്ടു സാധാരണ ജനജീവിതം വരെ ഗ്രസിച്ചു നിൽക്കുന്ന ഏകാകിതയുടെ ആവിഷ്കാരങ്ങൾ നളചരിതത്തിൽ ഉടനീളമുണ്ട്. ആ നിലയിൽ മലയാളി ഏകാന്തതയുടെ ചരിത്രത്തിലേക്കു കൂടി നയിക്കാൻ നളചരിതം ആട്ടക്കഥക്കു കഴിയുന്നു. പരിമിതമായ അധികാരമാണ് അന്ന് കേരളത്തിലെ നാടുവാഴികൾക്ക് ഉണ്ടായിരുന്നത്. "നളനും നീയും ഭേദമെന്തിവിടെ" എന്ന് പുഷ്ക്കരനോട് കലി ചോദിക്കുന്നുണ്ടല്ലോ. ചേരിക്കൽ ഭൂമിയിൽ നിന്നും മാത്രം നികുതി പിരിക്കാനുള്ള അധികാരമേ നാടുവാഴിക്കുണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം വരുന്ന ദേവസ്വം, ബ്രഹ്മസ്വം ഭൂമികളിൽ സ്വരൂപങ്ങൾക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. പരിമിതമായ ഈ അധികാരവലയത്തിൽ നിന്നു പുറത്തായാൽ നളനും പുഷ്കരനും ഹംസവും കാട്ടാളനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

അധികാര നഷ്ടമുണ്ടാക്കുന്ന ഏകാന്തതയിലേക്കാണ് ഈ വായനയിൽ ഊന്നുന്നത്. അധികാരം നഷ്ടമാകുന്നതോടെ രാജ്യവും സ്ത്രീയും കുടുംബവും വ്യക്തിത്വം പോലും നഷ്ടമാവുന്നു. അധികാരലബ്ധിയോടെ ഇതെല്ലാം വന്നുചേരുകയും ചെയ്യുന്നു. മനുഷ്യൻ്റെ ഏകാന്തതയെയും വ്യക്തിത്വത്തെയും അധികാരവുമായി ബന്ധപ്പെടുത്തുകയാണ് ഇവിടെ. 18-ാം നൂറ്റാണ്ടിലെ അധികാരത്തർക്കങ്ങൾ കൊണ്ടു കലുഷമായ കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്നും കവിതയിലേക്ക് സ്വാഭാവികമായി പടർന്നു കയറിയതാവാം ഈ ഏകാന്തത. താരതമ്യേന ശക്തരായ ഭരണാധികാരികൾ പോലും ഏകാന്തതയിലേക്കാഴ്ത്താൻ പോന്ന മട്ടിൽ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട് എന്ന് 19-ാം നൂറ്റാണ്ടിൽ സ്വാതി തിരുനാളിൻ്റെ ജീവിതം നമ്മോടു പറയുന്നു. അധികാര നഷ്ടവും വിഷാദവും പ്രണയവും സംഗീതവും ചേർന്ന നളചരിതത്തിലെ കൂട്ട് സ്വാതിയിലേക്ക് പെട്ടെന്നു പകരുക തന്നെ ചെയ്യും. അധികാരവും അധികാര നഷ്ടവും ഏകാന്തതയുമെല്ലാം തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി ലോകസാഹിത്യത്തിൽ ധാരാളം കൃതികളുണ്ട്. മലയാളത്തിൽ ഇതേ പ്രമേയം കൈകാര്യം ചെയ്യുന്ന, 18 -ാ നൂറ്റാണ്ടിലെഴുതപ്പെട്ട നളചരിതം സാഹിത്യഭംഗികൊണ്ട് അവക്കൊപ്പം കിടനിൽക്കാവുന്നതാണ്. നളചരിതത്തിലെ ഏകാന്തതാ വിസ്താരത്തെയും ബാഹുകത്വം എന്ന വ്യക്തിത്വപ്പിളർപ്പിനേയും ഉണ്ണായിവാരിയരുടെ വ്യക്തിജീവിതകഥകളുടെയും മനശ്ശാസ്ത്ര തത്വങ്ങളുടെയും അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന പഠനങ്ങൾ പലതുണ്ട്. അവയെയൊന്നും നിഷേധിക്കുന്നില്ല ഈ കുറിപ്പ്. എന്നാൽ ഈ വിഷയം പരിശോധിക്കുമ്പോൾ അന്നത്തെ കേരളത്തിലെ നാടുവാഴി സ്വരൂപങ്ങളിലെ അധികാരത്തർക്കങ്ങളും വിദേശ ശക്തികളുടെ ഇടപെടലുകളുമെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട് എന്നു മാത്രം. ഉണ്ണായിവാരിയുടെ നളനിൽ ഇതിഹാസ കഥാപാത്രം മാത്രമല്ല ഉള്ളത്, തൻ്റെ കാലത്തെ അധികാര നഷ്ടം പറ്റിയ ഏതോ നാടുവാഴിത്തമ്പുരാൻ കൂടിയുണ്ട്. ആ കലർപ്പ് ആട്ടക്കഥയുടെ മഹത്വം കുറക്കുകയല്ല ചെയ്യുന്നത് മറിച്ച് അതിനെ കൂടുതൽ മാനുഷികമാക്കുകയാണ്.


No comments:

Post a Comment