പശുക്കൾക്കൊപ്പം
ഹ്യൂഗോ ഡി മെൻ്റോസ (മെക്സിക്കോ,ജനനം: 1976)
പശുക്കളുടെ ശാന്തഭാവം ഞാനിഷ്ടപ്പെടുന്നു
പുല്ലു ചവയ്ക്കുമ്പോഴത്തെ ഏകാഗ്രത
തത്വചിന്താപരമായ പുള്ളികൾ
ഞാനിഷ്ടപ്പെടുന്നു
മതാത്മക മിഴികൾ
ബുദ്ധദർശനത്തിൻ്റെ ഓർമ്മയിൽ മുഴുകിയുള്ള
തളരാത്ത മേച്ചിൽ
ഒരു ചതുരംഗക്കളത്തിനു മുന്നിൽ
ധ്യാനത്തിലാണ്ട പശുക്കളെ
ഞാനിഷ്ടപ്പെടുന്നു
എന്നാൽ അതിലേറെ,
എൻ്റെ അസ്തിത്വത്തിൻ്റെ വിതാനത്തിനു നേർക്കു
നടന്നടുത്തുകൊണ്ട്
അവ ഇങ്ങനെ പറയുന്നത്:
"പാലെത്തിക്കഴിഞ്ഞു,
എണീക്കൂ"
No comments:
Post a Comment