കോൺസ്റ്റാൻ്റ്ലി ഇൽഡഫോൻ കാൽസിൻസ്കി (പോളിഷ്, 1905- 1953)
1
ലിറ്റിൽ തീയറ്റർ ഓഫ് ഗ്രീൻ ഗൂസ്
അവതരിപ്പിക്കുന്നു
മഞ്ഞുകാലത്തിനു കീഴടങ്ങിയ പ്രളയം
കഥാപാത്രങ്ങൾ:
നോഹ
നോഹയുടെ ഭാര്യമാർ
മക്കൾ
വളർത്തുമൃഗങ്ങൾ
നോഹ: ബഹുമാന്യ അതിഥികളേ, സുഹൃത്തുക്കളേ, ബന്ധുക്കളേ.....
മൃഗങ്ങൾ: ദയവായി ചുരുക്കിപ്പറയൂ
നോഹ: ഞാൻ ഉപസംഹരിക്കുകയാണ്. ഞാൻ വിശദീകരിച്ച പോലെ ഇപ്പോൾ നമ്മുടെ ബൈബിൾ സാഹചര്യം നമ്മെ പുറത്തുപോകാൻ അനുവദിക്കുന്നില്ല. നിങ്ങൾ കാണുന്നതുപോലെത്തന്നെ, ജലം മുഴുവൻ തണുത്തുറഞ്ഞ് പേടകത്തെ ഒരസംബന്ധമാക്കി മാറ്റിയിരിക്കുന്നു. ഈ പേടകം ഒരു തെന്നുവണ്ടിയാക്കുക എന്ന ആശയത്തോട് നിങ്ങളേവരും യോജിക്കുന്നുണ്ടോ?
ഭാര്യമാരും കുട്ടികളും : (തണുത്തു മരവിച്ച് കാലുകൾ ആഞ്ഞുചവിട്ടിക്കൊണ്ട്) ബ് .....ർർർർർ...... ഞങ്ങൾക്ക് സമ്മതമാണ്
നോഹ പേടകം ഒരു തെന്നുവണ്ടിയാക്കി മാറ്റി അതിൽ മണികൾ പിടിപ്പിക്കുന്നു. സംഘമൊന്നാകെ ആ തെന്നുവണ്ടിയിൽ കയറി അറാറത്ത് പർവ്വതത്തിനു മുകളിലേക്ക് യാത്രയാകുന്നു.
2
ലിറ്റിൽ തീയേറ്റർ ഓഫ് ഗ്രീൻ ഗൂസ്
അവതരിപ്പിക്കുന്നു
യുദ്ധക്കുറ്റവാളിയുടെ ശവമടക്കം
കഥാപാത്രങ്ങൾ:
ശവസംസ്ക്കാര സംവിധായകൻ
കുഴിവെട്ടുകാർ
പൊതുജനം
ശവസംസ്ക്കാര സംവിധായകൻ: പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, എട്ടാം നമ്പർ യുദ്ധക്കുറ്റവാളി നിമിഷങ്ങൾക്കകം അടക്കം ചെയ്യപ്പെടും. നിങ്ങൾ ശാന്തരായിരിക്കൂ
പൊതുജനം : സബാഷ്!
കുഴിവെട്ടുകാർ ശവം കുഴിയിലേക്കു താഴ്ത്തുന്നു.
പൊതുജനം :പൊക്കൂ, വൺസ് മോർ!
കുഴിവെട്ടുകാർ ശവം ഉയർത്തി വീണ്ടും താഴ്ത്തുന്നു.
പൊതുജനം: ഇനിയും, വൺസ് മോർ!
കുഴിവെട്ടുകാർ ആവർത്തിക്കുന്നു
പൊതുജനം : ഇനിയും പൊക്കൂ, വൺസ് മോർ!
കുഴിവെട്ടുകാർ ശവം നിർത്താതെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു.
പൊതുജനം യുദ്ധക്കുഴപ്പങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിൽ സന്തോഷിച്ച് വൺസ് മോർ വിളിച്ചുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment