Wednesday, July 16, 2025

അരവിന്ദ് കൃഷ്ണ മെഹ്‌റോത്ര (ജനനം: 1947)

അരവിന്ദ് കൃഷ്ണ മെഹ്‌റോത്ര (ജനനം: 1947)


1

വീട്


ഒരു കാട്ടിൻ നടുവിൽ
ഒരു കല്ലുവീട്

ഉത്തരങ്ങളിൽ വവ്വാലുകൾ
നിലത്തു വവ്വാൽ കാഷ്ടം
ആണിയിൽ നിന്നും തൂങ്ങി

ഒരു പല്ലുഡോക്ടറുടെ കോട്ട്
ക്ലോറോഫോമിൻ
പ്രസന്നഗന്ധമതിന്

അയാളുടെ ചെരുപ്പിൽ ചെളി
കണ്ണുകളിൽ പുക,
ഒരു റയിൽവേപ്ലാറ്റ്ഫോമിൽ വെച്ചാണ്

അവസാനമായി ഞാനയാളെ  കണ്ടത്
എൻ്റെ മുന്നിലൂടയാൾ കടന്നുപോയി
ഉലയുന്ന കണ്ണാടിച്ചില്ലിലൂടെ


2

അടുത്ത ഒന്ന് എവിടുന്നാണു വരിക


അടുത്ത ഒന്ന് വായുവിലൂടെ വരും
പഴുപ്പധികമായ ഒരു മത്തങ്ങയാവും അത്
കാണാതായ ഷൂസാവും അത്

അടുത്ത ഒന്ന്
മരത്തിൽ നിന്നിറങ്ങിവരും
ഞാനുറങ്ങുമ്പോൾ

അടുത്ത ഒന്ന് ഞാൻ വിതക്കും
അടുത്ത ഒന്നിനായി ഞാൻ
മഴയിലൂടെ നടക്കും

അടുത്ത ഒന്ന് ഞാനെഴുതുകയില്ല
ബ്രഡു പോലെ പൊങ്ങും അത്
വീട്ടിലേക്കു വരുന്ന ശാപമാകും അത്.


3

അമ്പതാവുമ്പോൾ

ചിലപ്പോൾ
തുടക്കാത്ത കുളിമുറിക്കണ്ണാടികളിൽ
തന്നെ നോക്കുന്ന
മൂന്നു മുഖങ്ങളയാൾ കാണുന്നു

ഒന്നു സ്വന്തം
മറ്റൊന്ന് നരച്ച മുടിയുള്ള മനുഷ്യൻ്റേത്
അയാളുടെ ലൈഫ് പോളിസി
കാലമെത്തിക്കഴിഞ്ഞു
പിന്നൊന്ന് കളിയാക്കുന്ന യുവാവിൻ്റേത്
ആദ്യ പ്രീമിയം അടച്ചേയുള്ളൂ അയാൾ

No comments:

Post a Comment