Thursday, July 10, 2025

ഡാനേ സജാക് (സ്ലൊവേനിയ,1929 - 2005)

കൂറ്റൻ കരിങ്കാള

ഡാനേ സജാക് (സ്ലൊവേനിയ,1929 - 2005)


കൂറ്റൻ കരിങ്കാള അലറുന്നു രാവിലെ
ഇങ്ങനെ അലറി വിളിക്കാൻ നീയാര് കരിങ്കാളേ?
മേച്ചിൽപ്പുറങ്ങൾ ശൂന്യം
പർവതങ്ങൾ ശൂന്യം
മലയിടുക്കുകൾ ശൂന്യം
നിൻ വിളിയുടെ മാറ്റൊലിപോൽ ശൂന്യം

കൂറ്റൻ കരിങ്കാള അലറുന്നു പുലരിയിലേക്ക്
ഇരുണ്ട പൈൻമരത്തലപ്പുകളിലേക്ക്
കൊഴുത്ത കരിഞ്ചോര ചീറ്റുന്നതുപോലെ.
കാടിനു മുകളിലൂടെ കിഴക്കേ മാനത്തോളം
പ്രഭാതത്തിലേക്കു തുറക്കുന്ന
കാളച്ചോരക്കണ്ണുപോലെ.
അലറിവിളിക്കാൻ നീയാരാണ് കൂറ്റൻ കരിങ്കാളേ,
നിൻ്റെ പൊള്ള വിളിയുടെ മാറ്റൊലി
വല്ലാത്ത ഹരം തരുന്നുവോ നിനക്ക്?

കൂറ്റൻ കരിങ്കാളേ,
ചോരയോടാത്ത പ്രഭാതം.
കീറിപ്പറിഞ്ഞ കരിങ്കാക്കപ്പറ്റംപോലെ
നിൻ്റെ ശബ്ദം
മലയിടുക്കുകളിലേക്കു വീഴുന്നു
ആരും കേൾക്കുന്നില്ല നിൻ്റെ ഏകാന്തത
നിൻ്റെ കൂറ്റിൻ്റെ കരിഞ്ചോര
ആരും കുടിക്കുന്നില്ല
വായടയ്ക്ക്,കരിങ്കാളേ

അലറിവിളിക്കുന്നു കരിങ്കാള രാവിലെ
കിഴക്കു സൂര്യൻ മൂർച്ച കൂട്ടുന്നു
തിളങ്ങുന്ന അറവുകത്തി

No comments:

Post a Comment