ഉണ്മയിലേക്കു ബഹിഷ്കൃനായവന്റെ ദുഃഖഗീതങ്ങളായി-പ്രവാസഗീതങ്ങളായി- ഇങ്ങനെ തമ്പിയുടെ കവിതകൾ മാറുന്നു. ഉണ്മയുടെ കാതൽ അഹം തന്നെ.
എൻചിതയൊരുക്കേണ്ടോൻ
ഞാൻതന്നെയല്ലേ ചൊല്ലൂ.
.........
എന്റെ വിത്തുകൾ വാരി
വിതയ്ക്കുന്നു ഞാൻ നിത്യ-
വന്ധ്യമാം മരുഭൂവിൻ
ഗർഭപാത്രത്തിൽത്തന്നെ (പ്രവാസഗീതം)
തന്നിലെ അഹത്തിനും തന്റെ ഭാവപ്രപഞ്ചത്തിനും കത്തിയൊടുങ്ങാനുള്ള ചിത എരിയുന്ന നഗരത്തിൻ്റെ സർപ്പസൗന്ദര്യമാണ്.
ശാപമേറ്റെരിഞ്ഞടി-
ഞ്ഞീടിന നഗരത്തിൻ
ഗോപുരം കാക്കും നഗ്ന-
കന്യതന്നധരത്തിൽ
കത്തുന്ന ദിവ്യാഗ്നിയിൽ
എന്നെയാഹുതിചെയ‌്വാ
നെത്തുന്നേൻ വ്രണമുഖ-
മിരുകൈകളാൽ മൂടി (പ്രവാസഗീതം)
നഗരത്തിലേക്ക് സ്വയം എടുത്തെറിഞ്ഞവന്റെ മുറിയാണ് തമ്പിയുടെ കവിതയിലെ മുറി. നാഗരികതയുടെ നഗ്നസൗന്ദര്യത്തിലേക്കു തന്നെ ഹോമിക്കാനായി വ്രണമുഖം ഇരുകൈകളാൽ മൂടിവരുന്ന ഏകാകിയും സ്വപ്നദർശിയും മരണത്തിൻ്റെ സുഗന്ധം നുകർന്നവനും ആത്മപീഡിതനുമായ ഇയാൾ തന്നയല്ലേ പിന്നീട് ഒരു പതിറ്റാണ്ടുകാലം മലയാള കവിതയുടെ അഹംബോധമായി ആളിക്കത്തിയത്!
തമ്പിയുടെ കവിതകളിലെ പ്രമേയപരതയുടെ ഒരു പ്രധാന വേര്, പാശ്ചാത്യമായ അസ്തിത്വവിഷാദത്തിലേക്കു പോകുന്നുണ്ട്. ബൈബിളുമായി ബന്ധപ്പെട്ട ദുരന്തദർശനത്തിലേക്കാണ് മറ്റൊന്ന്. പറുദീസാ നഷ്ടബോധം, പീഡാനുഭവസ്മൃതി, വിശ്വാസനഷ്ടബോധം എന്നിങ്ങനെ അതിനുതന്നെ പല അടരുകൾ. ഇനിയുമൊരു വേര് സമകാലത്തിൻ്റെ ഉത്കണ്ഠാകുലമായ ഇരുളറയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. തൊട്ടുപിറകേ വരാൻ പോകുന്ന ഒരടഞ്ഞ കാലത്തെ അതു പ്രവചിക്കുന്നതായിപ്പോലും ഇപ്പോൾ അനുഭവപ്പെട്ടേക്കും. അധോതലക്കുറിപ്പുകളാണീ കവിതകൾ. അമർത്തിവയ്ക്കുന്നതിന്റെ വിങ്ങൽ പ്രത്യക്ഷപ്രമേയങ്ങൾക്കിടയിലൂടെ വികസിക്കുന്ന സമാന്തരപ്രമേയമാണ് തമ്പിയുടെ കവിതയിൽ. സ്വന്തം അഹംബോധവും പ്രണയവും മരണവും സ്വപ്നവുമെല്ലാം അടക്കം ചെയ്ത ഇടമാണ് പ്രവാസഗീതത്തിലെ മുറി. അന്തഃക്ഷോഭങ്ങളാവാഹിച്ച് കാലത്തിലൂടെ പോകുന്ന ഒരന്തർവാഹിനിയാകുന്നു കെ.വി. തമ്പിയുടെ കവിത.
സ്ഫോടനാത്മകഭാവങ്ങളെ അമർത്തിവച്ച വടിവിൽ പ്രകാശിപ്പിക്കാൻ തമ്പി മുഖ്യമായും ആശ്രയിക്കുന്നത് കാവ്യബിംബങ്ങളെയാണ്. ബിംബങ്ങളിലൂടെ നിവർന്നുവരുന്ന അമാവാസി സൂര്യസ്വപ്നങ്ങളെ ഉള്ളിൽ പേറുന്നുണ്ട്. സൂര്യകേസരങ്ങൾ കണ്ണുകളെ ഉഴിയുമ്പോൾ സൗവർണപരാഗമായി ഉതിരുന്ന ഉഷസ്സുകൾ, പൂക്കളിൽ മുഖം ചേർക്കുമ്പോൾ ഉയരുന്ന മൃത്യുവിന്റെ സുഗന്ധം, ദേവന്മാർക്കു തർപ്പിക്കാൻ രക്തം വാറ്റിയുണ്ടാക്കുന്ന മദ്യം, ഗൂഢമായ ആകാശത്തിൽ ശബ്ദശൂന്യമായി കേഴുന്ന നക്ഷത്രം, പണ്ടു ഞാൻ നക്കിത്തോർത്തിത്തിന്ന സുഖങ്ങളുടെ എല്ലുകൾ ചൊരിയുന്ന വിളറിയ ചിരി, ഇരുപുറത്തേക്കും തോരണംപോലെ തൂക്കിയിട്ട ശൂന്യഹസ്തങ്ങൾ, വ്യർത്ഥത വിങ്ങുന്ന കുമിളകളായ വാക്കുകൾ, ശവക്കല്ലറകളിൽ മുളപൊട്ടുന്ന നനഞ്ഞ വിത്തുകളുടെ വിശുദ്ധി, ദുഃഖമില്ലാത്ത രാത്രിയുടെ തീരങ്ങളിൽ വിരിയുന്ന പൂക്കൾ, നിശ്ചലസമുദ്രത്തിൽനിന്നുമെത്തുന്ന ശീതമൃത്യുവിന്റെ നിമന്ത്രണം, അനുരാഗത്തിന്റെ രക്തഗന്ധിയായ കിടക്ക, ആരോഹമില്ലാതെ അവരോഹമില്ലാതെ ഒരേസ്ഥായിയിൽ ആരോ പരിക്ഷീണ നാവാലുരുവിടും സങ്കീർത്തനങ്ങൾ, പ്രവചനത്തിൻ്റെ പഴയപുസ്തകം പൊടിതട്ടിത്തൂത്തു തുടച്ചെടുത്ത് തുടകളിൽ നന്നായി മലർത്തിവച്ച് ഓതുന്ന വെളിപാടിന്നഗ്നി വചനം, കുടിച്ചുകഴിഞ്ഞ് എറിഞ്ഞുടയ്ക്കാനോങ്ങുന്ന കയ്യിൽ കടിച്ചുകരയുന്ന പാനഭാജനം, തണുത്ത മണ്ണിൻ ഭ്രൂണകോശത്തിൽ മുളപൊട്ടും കറുത്ത വിത്തിൻ കൈകാലടിയൊച്ച, രാത്രിയുടെ ബധിരസാക്ഷിയായ് നില്ക്കുന്ന കുരിശ് തുടങ്ങി അപൂർവസുന്ദരവും സങ്കീർണ്ണവുമായ കാവ്യബിംബങ്ങൾ കവിതയിലെ ഭാവപ്രപഞ്ചത്തെ സാക്ഷാത്കരിക്കുന്നു. അതോടൊപ്പം അവയിൽ പലതും 'അമർത്തിവച്ചതിൻ്റെ വിങ്ങൽ' എന്ന സമാന്തരപ്രമേയത്തെ വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. വിരുദ്ധധ്രുവങ്ങളെ കൂട്ടിക്കൊരു ത്തവയാണ് പലബിംബങ്ങളും. അഥവാ, വിരുദ്ധാർത്ഥദ്യോതകമായ വാക്കുകൾ രണ്ടറ്റത്തും ഉള്ളവയാണ് ഓരോന്നും. ഭാവങ്ങളെ ആളിക്കത്തിക്കുന്നതിനുപകരം ഒതുക്കാനുള്ള ശേഷി ഈ കാവ്യബിംബങ്ങൾക്കു ലഭിച്ചത് ഇങ്ങനെയാകാം.
പതിനെട്ടു കവിതകളുള്ള 'പ്രവാസഗീതം' എന്ന സമാഹാരത്തിൽ വായനക്കാരനെ ഒരുപക്ഷേ ഇന്നേറ്റവും ആകർഷിക്കുക കാവ്യഭാഷയുടെ സവിശേഷതകളാവാം. വലിഞ്ഞുമുറുകിയ ഒരുച്ചസ്ഥായിയിൽനിന്ന് ആ കാ വ്യഭാഷ ഒരിക്കൽപ്പോലും താഴേക്കിറങ്ങുന്നില്ല. വാമൊഴിയോ നാടോടി ത്തമോ അതിനെ അവസ്ഥാന്തരപ്പെടുത്തുന്നില്ല. ഉച്ചസ്ഥായിക്കായി സംസ്കൃതപദങ്ങൾ വേണ്ടപോലെ വിന്യസിച്ചാണ് രചന. ചില മാതൃകകൾ നോക്കുക:
1) രക്താസ്ഥിമജ്ജകളുരുക്കിജ്ജ്വലിക്കുന്ന
തിക്തസ്മരണാന്ധകാര ജന്മാന്തര-
സ്വപ്നങ്ങളിൽ സ്വയം
ആഹുതിചെയ്തുമീമെത്തയിൽ
പൊട്ടിച്ചിതറും പരമാണുജാലമായ്
നിദ്ര ചെയ്യുന്നൂ ഞാൻ. (മൃതലഹരി)
2) വിസ്മരിക്കുക
വ്യർഥ വാങ്മയ ജടിലത
സത്തയെപ്പകരുക
നാവിനാലധരത്താൽ (ശ്യാമരാഗം)
3) സ്വപ്നത്തിൻ ഹരിതസംഗീതമായൊഴുകിനീ-
യെത്തുക ജ്വരതപ്തനിദ്രയിൽ (ഹനനം)
4)വചനാസ്തമയത്തിൻ അജ്ഞേയപഥങ്ങളിൽ
മൃതവാഗ്ദാനങ്ങൾതൻ ജഡങ്ങൾ പുഷ്പിക്കുന്നു (നിശാരതി)
5) ഗ്രീഷ്മാകാശച്ചൊടിയിൽ വിടർന്നീ-
യൂഷരഭൂവിൽച്ചൊരിയും ചിരിയുടെ
ക്രൂരാഗ്നേയത. (വിയോഗം)
സംസ്കൃതപദങ്ങളെ ബോധപൂർവ്വം മാറ്റിനിർത്തുന്ന ഒരു ശൈലി എം. ഗോവിന്ദനും കടമ്മനിട്ടയും ആറ്റൂരും 'കവിത' എന്ന സമാഹാരത്തിലെ കക്കാടും രൂപപ്പെടുത്തിയെടുത്ത സമയത്താണ് അതിനുവിപരീതമായി സംസ്കൃതപദങ്ങളുടെ ശബ്ദഗതിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് തമ്പി തന്നിഷ്ടത്തോടെ എഴുതുന്നത്. ആ കാവ്യലോകത്തിലെ ഏകാകിയായ മനുഷ്യന് ആഢ്യത്വത്തിന്റെയോ സവർണതയുടെയോ മേലങ്കിയണിയിക്കുക സംസ്കൃതപദബാഹുല്യംകൊണ്ട് കവി ലക്ഷ്യമാക്കിയിട്ടില്ല. അങ്ങനെയൊരു ധർമ്മം ആ കാവ്യഭാഷ നിർവഹിക്കുന്നുമില്ല. അന്തഃക്ഷോഭം അനുഭവിപ്പിക്കാനാണ് സംസ്കൃതപദബാഹുല്യം പ്രയോജനപ്പെട്ടിട്ടുള്ളത്. ഇരുട്ടിന്റെയും അതാര്യതയുടെയും ഗാഢതയെക്കുറിക്കാനും ആ കാവ്യഭാഷയ്ക്ക് സാധിക്കുന്നുണ്ട്.
'പ്രവാസഗീത'ത്തിലെ എല്ലാ കവിതകളും വൃത്തബദ്ധമാണ്. എഴുപതുകളുടെ ആദ്യപകുതിയിൽ മലയാള കാവ്യഭാഷ ഗദ്യത്തിൻ്റെ വിഭിന്ന മട്ടുകൾ ഉൾക്കൊണ്ടു പരന്നപ്പോൾ തമ്പി അത്തരം പരീക്ഷണങ്ങളിലേക്കു കടക്കാതെ വൃത്തത്തിലെഴുതി. അസ്തിത്വവാദപരമോ ബൈബിൾബന്ധമുള്ളതോ ആയ ആശയധാരകളെ മലയാളത്തിനു സഹജമായ അനുഭവതലത്തിലേക്കു ജ്ഞാനസ്നാനപ്പെടുത്താൻ ഈ വൃത്തനിഷ്ഠയ്ക്കു സാധിക്കുന്നുണ്ട്. കവി ആവർത്തിച്ചുപയോഗിക്കുന്ന വൃത്തം കേകയാണ്.
നിത്യസുന്ദരശാന്തിമന്ത്രത്തിൻ മന്ദ്രോജ്ജ്വല- ശുദ്ധവൈഖരി മുഴങ്ങീടുമിശ്മശാനത്തിൽ
എന്ന കേക ശങ്കരക്കുറുപ്പിൻ്റെ കവിതകളിലെ ഗരിമയുറ്റ കേകയെയാണ് ഓർമിപ്പിക്കുന്നത്.
വന്ദനം സനാതനാനുക്ഷണവികസ്വര സുന്ദരപ്രപഞ്ചാദികന്ദമാം പ്രഭാവമേ (വിശ്വദർശനം-ജി)
ഇടപ്പള്ളിയിലേക്കും ചങ്ങമ്പുഴയിലേക്കും വേരുപോകുന്ന തന്റെ കാല്പനികഭാവനയ്ക്കു ഭാഷ നല്കാൻ മിസ്റ്റിക് ഗരിമയുള്ള ജി ശൈലിയെ പ്രയോജനപ്പെടുത്തുന്നതിലെ വൈചിത്ര്യഭംഗി തമ്പിയുടെ കവിതയിലുണ്ട്. കാല്പനിക വന്യതയെ തത്ത്വചിന്താപരമായ ഒരടിയൊഴുക്കിലേക്ക് ആഴ്ത്താൻ പര്യാപ്തമാവുന്നുണ്ട് ഇവിടെയീ ശൈലി.
ചുരുക്കത്തിൽ പടിഞ്ഞാറൻ വേരുകളുള്ള വിഷാദബോധം, ചങ്ങമ്പുഴക്കാല്പനികത, സംസ്കൃതപദബഹുലവും ഗരിമയുറ്റതുമായ കാവ്യഭാഷ എന്നിവയുടെ അസാധാരണമായ ലയനമാണ് എഴുപതുകളുടെ ആദ്യപകുതിയിൽ കെ.വി. തമ്പിയുടെ കവിതയെ വ്യത്യസ്തമാക്കുന്നത്.
കേകയ്ക്കു പുറമേ കാകളി, അന്നനട, തരംഗിണി തുടങ്ങിയ വൃത്തങ്ങളും 'പ്രവാസഗീത'ത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
വിവാഹരാത്രിയിൽ
സ്വയം സമർപ്പിക്കും
വധുവിനെപ്പോലെ
പുറത്തെന്നെക്കാത്തു
പവിത്രശയ്യയിൽ
കിടക്കുന്നൂഭൂമി
ഇനിയെനിക്കില്ലരഹസ്യങ്ങൾ,
മുഖമഴിച്ചിതാ വെപ്പേൻ
ഒരു തളികയിൽ
വിദൂരദേശത്തിൻ
പ്രലോഭനങ്ങളേ
ഇനി നിങ്ങൾ വരൂ,
ഉറയിൽനിന്നൂരി-
യെടുക്കൂ സ്നേഹത്തിൻ
തിളങ്ങും വാളുകൾ
പനീരലർപോലെ
മൃദുലമാമെൻ്റെ
തൊലിയിൽ മൂർച്ചയും
പരീക്ഷിച്ചീടുക (ഒടുവിൽ കുരിശ്)
'അന്നനട' എന്ന വൃത്തം ആധുനികകവിതയുടെ ഭാവപരിസരത്തോട് എത്രമാത്രം ഇണക്കിയാണ് കവി ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്നു ശ്രദ്ധിക്കുക. ഗദ്യം ഒഴിവാക്കി പദ്യം മാത്രമെഴുതി എന്നത് പ്രത്യേകം ശ്രദ്ധി ക്കേണ്ട ഒരു വസ്തുതയാണ്. ആധുനികമായ വിഷാദാനുഭവങ്ങളെ മുറുകിയ പദ്യത്തിലേക്കാവാഹിച്ച് കാവ്യഭാഷയെ കുലച്ചുനിർത്തിയ വില്ലുപോലെ സജ്ജമാക്കാൻ തമ്പിക്കു സാധിച്ചു. അമ്പു കുലച്ചുനിർത്തിയ വില്ലിന്റെ മുറുക്കമുണ്ട് ഇക്കവിതകളിലുടനീളം. അത് കുലയ്ക്കപ്പെടുന്നതും അമ്പ് ലക്ഷ്യത്തിലേക്ക് അതിദ്രുതം ചലിക്കുന്നതും ലക്ഷ്യം വേധിക്കുന്നതും നാമനുഭവിക്കുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലാണുതാനും.
സംഘർഷാത്മകഭാവങ്ങളെ തമ്പി ധ്യാനത്തിൽ നിശ്ചലമാക്കിയെങ്കിൽ അവ ഉറഞ്ഞാളിക്കത്തുന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിൽ നാം കാണുന്നത്. അസ്തിത്വവിഷാദമുൾപ്പെടെ ആധുനിക ദുരന്തബോധവും കാല്പനികഭാവങ്ങളും ഗാംഭീര്യത്തോടെ മുറുകിയ കാവ്യഭാഷയും തമ്മിലുള്ള ലയനം ബാലചന്ദ്രന്റെ കവിതയുടെ സൗഭാഗ്യമാണ്. 'പതിനെട്ടു കവിതകൾ'ക്ക് എം. ഗംഗാധരനെഴുതിയ അവതാരികയിൽ പറയുന്നു: 'അവ്യക്തമെന്നും അസാധാരണമെന്നും കരുതപ്പെട്ടിരുന്ന കാവ്യസങ്കല്പങ്ങൾ യുവഹൃദയങ്ങളിലേക്ക് അനായാസം കത്തിക്കയറി'. ഈ വാചകത്തിന്റെ ആദ്യപകുതിക്ക് തമ്പിയുടെ കവിതയും രണ്ടാംപകുതിക്ക് ബാലചന്ദ്രന്റെ കവിതയും ദൃഷ്ടാന്തങ്ങളാണ്.
ബാലചന്ദ്രനു മുൻപുള്ള കെ.വി. തമ്പി ചലനത്തിന്, നാടകത്തിന്, മുൻപുള്ള ടാബ്ലോയെ ഓർമിപ്പിക്കുന്നു. തമ്പിയുടെ കവിതയിലെ നാഗരിക യുവാവിന്റെ മുറി ചലനാത്മകമായ ഇടനാഴിയായി ബാലചന്ദ്രൻ്റെ കവിതയിൽ വികസിക്കുന്നു. ഇരുട്ടും ദുഃഖവും നിറഞ്ഞതെങ്കിലും ആ ഇടനാഴി അങ്ങേയറ്റം ചലനാത്മകമാണ്. ആദ്യപുസ്തകത്തിലെ ആദ്യകവിതയായ 'ഇടനാഴി' യിൽ ക്രിയാപദങ്ങൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
ഇടയ്ക്കിടയ്ക്ക്
ഒരു മരണഗാനത്തിൻ്റെ തളർന്ന കാലൊച്ച
ഗോവണി
കയറി
വരുന്നൂ.
അപ്പോൾ
ഇടനാഴിയിൽ
ഇരുട്ടും ദുഃഖവും നിറയുന്നു.
വിരഹാർത്തനായ സൈഗാൾ
മദ്യത്തിൽ കുതിർന്ന ഗാനത്തിൻ്റെ ചിറകുകളിൽ
ജ്വരബാധിതമായ
സ്വപ്നംപോലെ
ഇടനാഴിയിലൂടെ പറന്നുപോകുന്നു
എന്തിനെയും (കാവ്യബിംബങ്ങളെ വരെ) അപര സാന്നിദ്ധ്യങ്ങളാക്കിയാണ് ബാലചന്ദ്രൻ ഈ ചലനാത്മകത സൃഷ്ടിക്കുന്നത്.
നിദ്രയിലാരോവന്നെൻ കഴുത്തുഞെരിക്കുന്നു
ഞെട്ടി ഞാൻ മിഴിക്കുമ്പോൾ കുറ്റിരുട്ടിളിക്കുന്നു ശരറാന്തലിൻ തിരിപൊക്കി നോക്കുമ്പോൾ സ്വന്തം നിഴലിൻ കരിംതേറ്റ നീണ്ടു നീണ്ടടുക്കുന്നു (ഹംസഗാനം)
എന്ന ബാലചന്ദ്രൻ്റെ വരികളിൽ തമ്പിയുടെ ആ പഴയമുറിയുടെ ഒരു മിന്നൽദൃശ്യം ലഭിക്കുന്നുണ്ട്. പക്ഷേ, അവിടെയും നിദ്രയിൽ കഴുത്തു ഞെരിക്കുന്ന ആരോ, ഇളിക്കുന്ന ഇരുട്ട്, നീണ്ടുനീണ്ടടുക്കുന്ന സ്വന്തം നിഴലിൻ കരിംതേറ്റ തുടങ്ങിയ അപരസാന്നിധ്യങ്ങൾ ആ ദൃശ്യത്തെ ചലിപ്പിക്കുന്നു. തമ്പിയിൽനിന്ന് ബാലചന്ദ്രനിലേക്കുള്ള മാറ്റം ഏറ്റവും ഭംഗിയായി രേഖപ്പെടുത്തുന്ന ആദ്യകാല കവിതയാണ് 'മരണവാർഡ്'
മുറിയിലീതറിൻ മണം നിറയുന്നു
പനിക്കിടക്കയിൽ പകൽ തിളയ്ക്കുന്നു
കഴയ്ക്കും കണ്ണുകൾ വെളിച്ചത്തിൻവിഷം
കുടിച്ചു വേവുന്നു
മഹാമൗനത്തിന്റെ മരണവാർഡിലി-
ന്നൊരു മുഖത്തെ ഞാൻ തിരിച്ചറിയുന്നു
മറന്നുവോ എന്നെ?
അനന്തകാലങ്ങൾക്കകലെ,
ബാല്യത്തിനിരുണ്ട തീരത്തിൽ
അവസാനസ്സന്ധ്യാകിരണങ്ങൾപോലെ
പിരിഞ്ഞവർ നമ്മൾ.
എവിടെയോ ക്ലോക്കിൻ മിടിപ്പുകൾ
എങ്ങോ ഞരക്കങ്ങൾ
ഏങ്ങലടിക്കയാണാരോ,
അറിയുമോ എന്നെ?
ആത്മഭാഷണത്തിൽനിന്നു വിട്ട് അപരസാന്നിധ്യങ്ങളുമായുള്ള സംവാദമായി ബാലചന്ദ്രൻ്റെ കവിത മാറുകയാണ്. ഇതിൻ്റെ തുടർച്ചയെന്നോണം പ്രേതഭാഷണങ്ങളുടെ ഒരുതലവും രൂപംകൊള്ളുന്നുണ്ട്. മുറിയും ഇരുട്ടും ഇരുട്ടിലൊരു ശരറാന്തലിൻ്റെ തിരിയും നിദ്രയും സ്വപ്നവും പ്രണയവും യാത്രാമൊഴിയുമെല്ലാം തമ്പിയുടെ കവിതകളിലെ ഭാവാന്തരീക്ഷത്തിലെന്നോണം ബാലചന്ദ്രന്റെ കവിതകളിലുമുണ്ട്. പക്ഷേ, തമ്പി അവിടെത്തുടങ്ങി അതിൽത്തന്നെ ഒതുങ്ങുമ്പോൾ ബാലചന്ദ്രൻ അവിടെനിന്നു തുടങ്ങുകമാത്രമേ ചെയ്യുന്നുള്ളൂ.
നിഗൂഢമാമേതോ കരങ്ങൾ നിദ്രതൻ
രഹസ്യജാലകം തുറക്കുമ്പോൾ
മഹാതിമിരമൂർച്ഛയിൽ
ഒരു പേക്കാഴ്ചയിൽ (തേർവാഴ്ച)
നിന്നു തുടങ്ങി ചലനങ്ങളുടെ ഘോഷയാത്രയായിപ്പടരുന്നു. ചരിത്രവുംകാലവുമെല്ലാം അതിൽ അണിചേരുന്നു.
താരതമ്യത്തിനുവേണ്ടി പ്രലോഭിപ്പിച്ചുകൊണ്ടു നില്ക്കുന്ന രണ്ടു കവിതകളാണ് തമ്പിയുടെ 'യുഗവിഷാദ'വും ബാലചന്ദ്രൻ്റെ 'ആദ്യരാത്രി'യും. രണ്ടിലും വിഷയം ആദ്യരാത്രിയാണ്. യുഗവിഷാദത്തിലെ മനുഷ്യൻ തന്റെ മുറിയിലിരുന്ന് അബോധത്തെ തോറ്റിയുണർത്തുകയും അബോധവുമായുള്ള സംഗത്തിലൂടെ 'ജന്മമോചിതപൂർണകാമ'നായിത്തീരുകയും ചെയ്യുന്നു. 'ആദ്യ രാത്രി'യിലെ മനുഷ്യൻ ഭൂമിയുമായാണ് ഇണചേരുന്നത്. രതിക്കുശേഷമുള്ള രണ്ടു മനുഷ്യരുടെയും നില്പ് ഒന്നു താരതമ്യം ചെയ്യുക.
നൂറു നൂറ്റാണ്ടിൽ ചാമ്പൽ മൂടിയ നഗരത്തിൽ
ആദിരാത്രിതൻ കടൽ കാർന്നൊരീ നഗരത്തിൽ യന്ത്രശാലകളുടെയസ്ഥിഖണ്ഡങ്ങൾ, മാംസ-
മന്ദിരങ്ങൾ തൻ ശിഷ്ടരേഖകൾ, മഹാജന-
സഞ്ചയങ്ങൾ തൻ ചിതാലേഖങ്ങൾ-എന്നോ ജീവ-
സ്പന്ദനംപോലും ദാഹിച്ചാറിയ നഗരത്തിൽ
ഏകനായ് ദിഗംബരനായി
പൂർവോന്മുഖനായ് നില്ക്കുന്നൂ
ഞാൻ
എന്ന് ബാലചന്ദ്രൻ ചരിത്രത്തിൻ്റെ ശവപ്പറമ്പിലെ ദിഗംബരമൂർത്തിയായി മനുഷ്യനെ നിർത്തുമ്പോൾ കെ.വി. തമ്പി,
സത്യസിന്ധുവിൻ തീര -
തടഭൂമികൾ തന്നിൽ
പെറ്റുവീണുൾക്കൺതുറ-
ന്നുണ്മതൻ മുലയുണ്ട മർത്യസംസ്കൃതി
ഒരു കുമ്പിൾ ഭസ്മമായ് തീർന്നീടവേ
നിത്യസുന്ദരശാന്തിമന്ത്രത്തിൻ മന്ദ്രോജ്ജ്വല-
ശുദ്ധവൈഖരി മുഴങ്ങീടുമിശ്മശാനത്തിൽ
ഏകനായ് അനാഥനായ് നിൽപ്പൂ ഞാൻ
ഉണങ്ങാവ്രണത്തിൽനിന്നൊഴുകും ചെഞ്ചോരയിൽ
കുതിർന്ന ലലാടത്തിൽ
ഈയുഗവിഭൂതി
ഞാനഞ്ചു കൈവിരൽ ചേർത്തു
ഭക്തിയോടണിയട്ടെ.
എന്ന്, മാനവസംസ്കാരത്തിന്റെ ശവപ്പറമ്പിൽ അനാഥനും രക്തസ്നാതനുമായി നില്ക്കുന്ന ശ്മശാനരുദ്രനായി മനുഷ്യനെ അവതരിപ്പിക്കുന്നു. ചിതാഭസ്മത്തിൽ കലാശിക്കുന്ന രണ്ടു കവിതകളുടെയും തുടക്കം നിലാവിന്റെ മുദ്ര പതിഞ്ഞതാണ് (ചന്ദ്രരശ്മികളുടെ സാന്ദ്രകന്യക, നിലാവിൻ്റെ പൊൻപരാ ഗത്തിന്റെ ധൂളി). 'ആദ്യരാത്രി'യിൽ എന്റെ വേരുകൾ വസന്തത്തിന്റെ ഉലകളിൽ വെന്തുനീറുമ്പോൾ 'യുഗവിഷാദ'ത്തിൽ 'ഭൂതകാലത്തിൻ ഉവർമണ്ണിന്റെയാഴങ്ങളിൽ ജീവവാസനയുടെ വേരുകൾ വഴിതേടിയലയുന്നിഴയുന്നു''. മാത്രമല്ല, ഈ രണ്ടു കവികളുടെയും ഭാവുകത്വപരിസരത്തെ കൂട്ടിയിണക്കാൻ പര്യാപ്തമായ ഒരു താക്കോൽ വാക്ക്-അമാവാസി എന്ന വാക്ക്- യുഗവിഷാദ'ത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
പുറത്തുഗ്രഭീഷണയായി
ദംഷ്ട്രതൻ മുനകാട്ടി
നിൽക്കയാണമാവാസി.
'അമാവാസി' എന്ന പദം ബാലചന്ദ്രൻ്റെ കാവ്യലോകത്തെ സംബന്ധിച്ചും ഒരു കവിതയുടെയും സമാഹാരത്തിൻ്റെയും ശീർഷകമെന്നതിനപ്പുറം ചിലതു ധ്വനിപ്പിക്കാൻ പര്യാപ്തമാണ്.
എന്നാൽ ഈ സമാനതകൾക്കപ്പുറം 'യുഗവിഷാദ'ത്തിൻ്റേതിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവം 'ആദ്യരാത്രി' തരുന്നതെന്തുകൊണ്ട്? അപരസാന്നിധ്യങ്ങൾകൊണ്ടുണ്ടാക്കുന്ന ചലനാത്മകത തന്നെയാണ് യുഗവിഷാദത്തിൻ്റെ സ്ഥലകാലബദ്ധമായ പരിമിതിയിൽനിന്നു കുതറിമാറാൻ 'ആദ്യരാത്രി'യെ സമർഥമാക്കുന്ന ഘടകം. കാവ്യബിംബങ്ങൾ കൊണ്ട് അവനവനെത്തന്നെ വിഘടിപ്പിച്ച് അപരസാന്നിധ്യങ്ങളാകുന്ന രീതി ബാലചന്ദ്രനിൽ കാണാം.
മഞ്ഞുചോരയിൽ ചെന്നായ്ക്കൂട്ടം
എൻ മസ്തിഷ്കത്തിൽ
പാഞ്ഞുപോം മലങ്കാറ്റിൻ കാട്ടുപോത്തുകൾ
പുകപൊന്തുമീദാഹത്തിൻ്റെ രാത്രിവണ്ടികൾ കൂകി-
ത്തൊണ്ട താണ്ടുന്നു
...........
കാലക്ഷോഭത്തിൻ കവാടങ്ങൾ
മാഞ്ഞുപോം മഹാനഗരങ്ങൾതൻ മീതെ കത്തി-
പ്പാഞ്ഞുപോകുന്നു വൈദ്യുതാർത്തമെൻ ഞരമ്പുകൾ
അവിടുന്നങ്ങോട്ട് മഹാസഞ്ചാരങ്ങളാണ്.ഗോവൃന്ദങ്ങളെയും ഹലായു ധരെയും ശില്പികളെയും പ്രാക്തനസഞ്ചാരികളെയും നാം കാണുന്നു. ചരിത്രത്തിന്റെ ദ്രുതഗതി രത്യാവേഗമായി പരിണമിക്കുകയാണ് 'ആദ്യരാത്രി'യിൽ. അഥവാ, ഭൂമിയോടു രമിക്കുന്ന മനുഷ്യൻ്റെ രത്യാവേഗമായി ചരിത്രം മാറുന്നു. ചലനബദ്ധമായ ഒരു തലത്തിലേക്കുള്ള ഇവ്വിധമൊരു പകർച്ച തമ്പിയുടെ കവിതയ്ക്ക് അന്യമാണ്.
ബാലചന്ദ്രന്റെ പ്രശസ്ത കവിതയാണ് 'സന്ദർശനം'. യാത്രാമൊഴിക്കു മുൻപുള്ള കമിതാക്കളാണതിൽ. സന്ദർഭത്തിന്റെ അതേ സമ്മർദ്ദം നമ്മെ അനുഭവിപ്പിക്കുന്ന ഒരു മുൻകവിതയാണ് കെ.വി. തമ്പിയുടെ 'പിംഗലം', സന്ദർശനത്തിൽ കമിതാക്കൾക്കു മുന്നിൽ 'ജനലിന്നപ്പുറം ജീവിതം പോ ലെയിപ്പകൽവെളിച്ചം പൊലിഞ്ഞു' പോകുമ്പോൾ 'പിംഗല'ത്തിൽ 'മൃതി യുടെ നീലച്ചിറകുപോൽ ഗ്രീഷ്മ നഭസ്സ് മന്ദം വിടരുക'യാണ്. രണ്ടു കവിതകളിലും തുടർന്നുവരുന്നത് കിളികളുടെ ഇമേജാണ്. 'സന്ദർശനത്തിൽ ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ കിളികളൊക്കെ പറന്നുപോവുന്നു'. 'പിംഗല'ത്തിലാവട്ടെ, കൂടു തകർന്നു ചൂഴവും പറന്നുഴലും രണ്ടിളം കിളികൾ തൻ വിലാപഗീതമാണ് കേൾക്കുന്നത്. രണ്ടു കവിതയിലും ഒരേതരം ബിംബങ്ങൾ വിരുദ്ധരീതിയിൽ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കാം. വിലാപഗീതം തൊണ്ടയിൽ പിടയുന്ന ഏകാന്തരോദനമായി 'സന്ദർശന'ത്തിൽ തുടർന്നു കേൾക്കുകയും ചെയ്യാം. കാമുകൻ്റെ മനസ്സിലെ ദീപ്തസ്മൃതികളിലേക്കു പോവുകയാണ് 'സന്ദർശനം.'
സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരിൽ തുടുത്തനിൻ
വിരൽ തൊടുമ്പോൾ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ
കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകൾ.
സമാനമായ നായികാചിത്രം 'പിംഗല'ത്തിൽ ഇങ്ങനെ:
മുടിയിഴകളിലിരുന്നു വാടുന്ന
പനിമലരിതൾ
എനിക്കുമാത്രമായണിഞ്ഞ സിന്ദൂര -
തിലകത്തിൻ രേണു-
പുരണ്ട പൂവിതൾ
മഷിയണിഞ്ഞ നീൾമിഴികൾ രണ്ടിലും
നിറഞ്ഞ കാലത്തിൻ ഗഭീരകാളിമ
വചനശൂന്യമായിറുകിനില്ക്കുന്നോ-
രധരത്തിൻ ശവകുടീരശാന്തത
ഇവയെല്ലാമെന്റെ മനസ്സിൽ ഞാ-
നൊട്ടിച്ചെടുക്കട്ടെ.
രണ്ടു ചിത്രങ്ങൾക്കും സമാനതയുണ്ടെങ്കിലും ആവിഷ്കാരത്തിൻ്റെ ഊന്നലിലെ വ്യത്യാസം എടുത്തുപറയേണ്ടതാണ്. 'പിംഗല' ത്തിൽ കവി വെമ്പുന്നത് ഒരു നിശ്ചലചിത്രമാക്കാനാണ്. കൊളാഷ്പോലെ ചേർത്തൊട്ടിച്ച് ഉണ്ടാക്കുകയാണ് എന്ന സൂചന ആ നിശ്ചലതയുടെ ആഴം വെളിപ്പെടുത്തുന്നു. മറിച്ച് സ്മൃതിയിലും ചലനാത്മകമാണ് ബാലചന്ദ്രൻ്റെ നായികാചിത്രം. വിരൽ തൊടുമ്പോൾ കിനാവു ചുരക്കുക, കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് ചില്ലകൾ പൂക്കുക തുടങ്ങി ക്രിയാപദങ്ങളിലാണ് ഇവിടെ ഊന്നൽ. മറിച്ച്, ക്രിയകളുടെ ചലനസാധ്യതകളെ നാമപദങ്ങളിലേക്കു ശീതീകരിക്കുന്ന തന്ത്രമാണ് തമ്പി കൈക്കൊള്ളുന്നത്. ഉദാ: രേണു പുരണ്ട പൂവിരൽ. വേർപാടിന്റെ തീരത്ത് രണ്ടു കവിതകളും ചെന്നുനില്ക്കുന്നു. തമ്പി ഇവിടെ അസാധാരണമാംവിധം ക്രിയാപദങ്ങൾ ധാരാളം നിരത്തുന്നു:
ശ്വാസം മുറിയുമ്പോൾ
കണ്ണീരിമയടയുമ്പോൾ
പ്രിയനാമങ്ങൾ വീണുടയുമ്പോൾ
ആരോ കൊളുത്തിയ നിലവിളക്കണയുമ്പോൾ
ചിരകാലശത്രു കരയുമ്പോൾ
എന്ന് അതു നീളുന്നു. 'സന്ദർശന'ത്തിലാവട്ടെ ഈ സന്ദർഭത്തിൽ നാമപദങ്ങളുടെ ഒഴുക്കാണ്.
മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ നിത്യപ്രയാണങ്ങൾ
മദിരയിൽ മനംമുങ്ങി മരിക്കുന്ന
നരകരാത്രികൾ സത്രച്ചുമരുകൾ
ഈ ഇരുട്ടിലാണ് അയാളിൽ കാമിനീമുഖം ഉദിക്കുന്നത്. മറ്റേയാളാവട്ടെ, യാത്രാമൊഴിക്കു മുൻപേ ക്രിയാപദങ്ങളുടെ തിരക്കിലും സകലവും മറന്ന് ഒരേരൂപം അനുധ്യാനം ചെയ്ത് വിടവാങ്ങാൻ ഒരുങ്ങുന്നു.
അതിനാലിന്നു നാം
ഒരുമൊഴി ചൊല്ലാതിവിടെ നില്ക്കുക
കുറച്ചിട സൂര്യൻ മരിക്കട്ടേ
വാടും ഇലകൾ തൻ മഞ്ഞനിറത്തിൽ
നമ്മുടെ നിഗൂഢമജ്ജയിൽ
എന്ന് യാത്രാമൊഴി ചൊല്ലാതെ തമ്പി എഴുതിനിർത്തുന്നു. ആ നിമിഷം ഉള്ളിൽ സംഭവിക്കുന്നതിലാണ് ഇവിടെ ഊന്നൽ. യാത്രപറയാനല്ല നന്ദി പറയാനാണ് സന്ദർശനത്തിലെ നായകനു പ്രയാസം- 'അരുതു ചൊല്ലു
വാൻ നന്ദി' സമാനമോ പരസ്പരപൂരകമോ ആയ കാവ്യബിംബങ്ങൾ നിറഞ്ഞവയെങ്കിലും 'പിംഗല'ത്തിന്റെയും 'സന്ദർശന'ത്തിന്റെയും വായനാനുഭവങ്ങൾക്കു തമ്മിൽ കാതലായൊരു വ്യത്യാസമുണ്ട്. അമർത്തിവച്ചതിന്റെ വിങ്ങലാണ് 'പിംഗലം' ആവിഷ്കരിക്കുന്നതെങ്കിൽ അമർത്തിവച്ചതിനെ അഴിച്ചിടലാണ് 'സന്ദർശനം'. അഴിച്ചിടലിന്റെ അയവും വേഗവും സുതാര്യതയും പദഘടനകൊണ്ടും ബാഹ്യവും ആന്തരവുമായ സംഗീതംകൊണ്ടുമെല്ലാം ധ്വനിപ്പിക്കാൻ ബാലചന്ദ്രനു സാധിച്ചിട്ടുണ്ട്.
ഈ താരതമ്യ വിചിന്തനം ഇനിയും നീട്ടിക്കൊണ്ടുപോകാവുന്നതാണ്. വിശേഷിച്ചും ബൈബിളുമായി ബന്ധപ്പെട്ട കാവ്യബിംബങ്ങളുടെ സന്നിവേശരീതികളിലേക്ക്. എന്നാൽ, ഈ ലേഖനത്തിൻ്റെ ലക്ഷ്യം അതല്ല. ഒരു ഭാവുകത്വം എങ്ങനെയാണ് ഒരു കവിയിൽ അന്തർവാഹിനി സ്വരൂപത്തിലും മറ്റൊരു കവിയിൽ ജാജ്ജ്വല്യമാനമായും പ്രസരിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ് ഇവിടെ പ്രധാനം. ഒരു ഭാവുകത്വത്തിന് അതിന്റെ ബഹിർസ്ഫുരണഘട്ടങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നു നിരീക്ഷിക്കലും പ്രധാനം തന്നെ. ഒരേ ഭാവുകത്വത്തിൻ്റെ അവസ്ഥാന്തരങ്ങളായിരുന്നിട്ടും ഇതിലൊരാളുടെ കവിത തീരെ ശ്രദ്ധിക്കപ്പെടാതെ പോവുകയും മറ്റേയാളുടെ കവിത ഏറെ ശ്രദ്ധ നേടുകയും ചെയ്തു. വായനക്കാരെയോ നിരൂപകരെയോ പത്രാധിപന്മാരെയോ പ്രസാധകരെയോ കുറ്റംപറഞ്ഞ് തടിയൂരാവുന്നത്ര ലളിതമല്ല ഇതിൻ്റെ കാരണം. ഇരുവരുടെയും കവിതകളിൽ തേടണം ഇതിനു സമാധാനം. ഒരേ ഭാവുകത്വം ഒരാളിൽ അകത്തു വിങ്ങി നിശ്ചലം നില്ക്കുന്നു. മറ്റേയാളിൽ അതു വിങ്ങിപ്പൊട്ടി ചലനാത്മകമാകുന്നു. തമ്പിയുടെ കവിതയുടെ അരങ്ങിൽ, ഇരുട്ടിൽ ആത്മഭാഷണവുമായി നില്ക്കുന്ന ഒറ്റ കഥാപാത്രമേ ഉള്ളൂ. അയാളുടെ അന്തഃക്ഷോഭങ്ങളേയുള്ളൂ. എന്നാൽ ബാലചന്ദ്രനാകട്ടെ അപരസാന്നിധ്യങ്ങളെക്കൊണ്ട് അരങ്ങു നിറച്ചു. അവരുമായി സംവാദത്തിലേർപ്പെട്ടു. കവിതയുടെ ഭാവാന്തരീക്ഷത്തെ നാടകീയമാക്കി. അതെ, ബാലചന്ദ്രൻ്റെ കവിതയിൽ നാടകമുണ്ട്. ഈ മാറ്റത്തോടെ ബാലചന്ദ്രൻ്റെ കവിതയ്ക്ക് കുറേക്കൂടി വിപുലമായ റേഞ്ച് ലഭിക്കുന്നു. വിഷാദച്ഛവി കലർന്നതാണ് തമ്പിയുടെ കവിതയിലെ നിഷേധം പോലും. എന്നാൽ ബാലചന്ദ്രനാകട്ടെ, നിഷേധാത്മകതയെ ധിക്കാരമാക്കി കലാപക്കൊടിയുയർത്തുന്നു. വെറുപ്പിൻ പുറംകാലാൽ ഒരിക്കൽ ആശ്ലേഷിച്ചു ചവിട്ടിയെറിഞ്ഞ ദുർമുഖവിഷാദങ്ങൾ തമ്പിയുടെ കവിതാലോകത്ത് പിന്നെയും പിന്നെയും തിരിച്ചെത്തുന്നു. പല സമാനതകളുമുണ്ടെങ്കിലും കാവ്യഭാഷയിലും പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. തമ്പിയുടെ കാവ്യഭാഷ ഒരേ ഉച്ചസ്ഥായയിൽ നിന്നു വ്യതിചലിക്കുന്നില്ല. ബാലചന്ദ്രന്റെ കാവ്യഭാഷയിലാകട്ടെ സ്ഥായീസഞ്ചാരങ്ങളുണ്ട്. സംസ്കൃതപദബഹുലമായ ഗരിമയുറ്റ കാവ്യഭാഷയ്ക്കു സമാന്തരമായി നാടോടിത്തം കലർന്ന നാട്ടുവാക്കുകൾ നിറഞ്ഞ ഒരു കാവ്യഭാഷ പതിനെട്ടു കവിതകളിൽ സജീവമാണ്. എന്നാൽ അമാവാസിയിലും ഗസലിലുമെത്തുമ്പോൾ ആ ധാര മെലിഞ്ഞുവരുന്നതും കാണാം.
തമ്പിയുടെ കവിതയിലെ സവിശേഷമായ ഒരു കലർപ്പിനെക്കുറിച്ചം അത് ബാലചന്ദ്രനിൽ തുടരുന്നതിനെക്കുറിച്ചും മുൻപു സൂചിപ്പിച്ചു. ആ കലർപ്പിൻ്റെ വൈപുല്യം ബാലചന്ദ്രൻ തൻ്റെ ശക്തിയാക്കി മാറ്റുന്നു. അസ്തിത്വവിഷാദം, ബൈബിളുമായി ബന്ധപ്പെട്ട ദുരന്തബോധം, ചങ്ങമ്പുഴക്കാല്പനികത, ജി.യുടെ മിസ്റ്റിക്‌ഗരിമയുറ്റ കാവ്യഭാഷ എന്നൊരു കലർപ്പാണു തമ്പിയിലെങ്കിൽ ബാലചന്ദ്രനിൽ ഇവയ്ക്കു പുറമേ മറ്റുപലതും കലരുന്നതുകാണാം. ബാലചന്ദ്രന്റെ കവിതകൾക്കെഴുതിയ വിസ്തൃതമായ ആമുഖപഠന ത്തിൽ സച്ചിദാനന്ദൻ ഇതു വിശദമായി പരിശോധിച്ചിട്ടുമുണ്ട്. പലതരം ഉറവകളിലേക്ക് ബാലചന്ദ്രൻ്റെ കാവ്യഭാഷ സഞ്ചരിക്കുകയും തിരിച്ചുവരികയും ചെയ്യുന്നു. ആന്തരികസംഘർഷം ആവിഷ്കരിക്കുന്നതിൽ ആശാനിൽ നിന്നും രാഷ്ട്രീയബോധത്തിലേക്കു വികസിക്കുന്ന സംഘബോധം ആവിഷ്കരിക്കുന്നിടത്ത് വൈലോപ്പിള്ളിയിൽ നിന്നും ഊർജ്ജം സംഭരിക്കുന്നുണ്ട് ബാലചന്ദ്രന്റെ കവിത. ഇവ്വിധം എഴുത്തച്ഛൻ തൊട്ടിങ്ങോട്ടുള്ള പൂർവ്വകവികളുടെ സംസ്കാരത്തെ സ്വേച്ഛാനുസാരം കലർത്തി കുറേക്കൂടി ശക്തമാക്കുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്. ഇങ്ങനെ പലതരത്തിൽ ബാലചന്ദ്രന്റെ കവിതയിൽ വൈപുല്യപ്പെടുകയും ചലനാത്മകമാകുകയും നാടകീയമാവുകയും ആളിക്കത്തുകയും ചെയ്ത ഭാവുകത്വം കുറേക്കൂടി ശീതീകൃതമായ അവസ്ഥയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ് തമ്പിയുടെ കവിത. മുൻകവിയിൽ ഒതുങ്ങി ഉൾവലിഞ്ഞ് ബീജരൂപത്തിൽ കുടികൊണ്ട ഭാവുകത്വം പിൻകവിയിൽ വിസ്ഫോടകമാംവിധം പ്രകാശനം കൊള്ളുന്നു. തനിമ കാത്തുകൊണ്ടുതന്നെ കലർപ്പുകളാൽ ശക്തപ്പെട്ട് വിവിധ ഭാവുകത്വങ്ങൾ കാലത്തിലൂടെ മറഞ്ഞും തെളിഞ്ഞും പ്രവഹിക്കുന്നതിനെ നാം സാഹിത്യചരിത്രം എന്ന വാക്കുകൊണ്ടു വ്യവഹരിക്കുന്നു. സാഹിത്യചരിത്രത്തിൽ ശലഭങ്ങളുടെ മാത്രമല്ല അവയ്ക്കു മുൻപുള്ള പ്യൂപ്പകളുടെ ഇടംകൂടി നിർണ്ണയിക്കപ്പെടേണ്ടതുണ്ട് എന്നതാണ് കെ.വി. തമ്പിയുടെ കവിത മുൻനിർത്തിയുള്ള ഈ ലേഖനത്തിന്റെ സാംഗത്യം. ഒരു പ്രത്യേക കാലത്ത് ഒരു സവിശേഷ ഭാവുകത്വത്തിന്റെ പ്യൂപ്പഘട്ടത്തെ തമ്പിയുടെ കവിത കുറിക്കുന്നു. ഒരുപക്ഷേ ഇദ്ദേഹത്തിന്റെ മാത്രമായിരിക്കില്ല, ശ്രദ്ധിക്കപ്പെടാതെ പോയ മറ്റുപലരുടെ എഴുത്തിലും ഇതേ അന്തർവാഹിനീത്വം കണ്ടേക്കാനും മതി. സമകാലിക കവിതയിലും ചില ഭാവുകത്വങ്ങൾ സൂക്ഷ്മരൂപത്തിൽ സമാധിസ്ഥമായി ചിലരുടെ എഴുത്തിൽ കുടികൊള്ളുന്നുണ്ടാവാം. അത് ശലഭരൂപം കൊള്ളുക നാളെ മറ്റ് ചിലരുടെ കവിതകളിലുമാകാം.