പടലം 22
1
ആജ്ഞയേകിയതും നിശാചരരെങ്ങും വൻപട കൂട്ടിനാർ
വാഹനങ്ങളനേകമേ പലരൂപമുള്ളവ ബഹുതരം
നീളവേ കിരണങ്ങൾ പാകിടും സൂര്യനെത്തൊഴുകുന്നപോൽ കീഴുമേലുമായപ്രഹസ്തനെക്കൈവണങ്ങീ നിശാചരർ
2
കൈവണങ്ങിയ രാക്ഷസപ്പട കണ്ടടരിൽ ജയമുടൻ
കൈവരുത്തണമെന്നുറച്ചു കരേറി തന്നുടെ തേരിന്മേൽ
നാലു മന്ത്രികളോടുമൊത്തു കിഴക്കുദിക്കിലടുക്കയായ്
അഞ്ചു നായകരൊന്നു ചേർന്നു പടക്കളത്തിൽ പ്രഹസ്തനും
3
അടുത്തു വന്നവരെത്തിയ നേരമർക്കമണ്ഡലമഗ്നി പോൽ
തിടുക്കനെച്ചുവന്നൂ, കിടക്കയായ് നൽക്കുതിരകളൂഴിയിൽ
തടുത്തുകൊണ്ടു ചിലച്ചു പുള്ളുകൾ, ഭൂമി ചെമ്മേ തളരുമാ -
റടുത്തു വന്നൂ പൊടിപ്പരപ്പൊടു പാഞ്ഞു മാരുതദേവനും.
4
തളർന്ന രാക്ഷസകരങ്ങളിൽ നിന്നുമായുധങ്ങൾ നിരന്തരം
ഭയന്നെന്നോണമത്തറയിൽ വീണിതു കേവലം പലവട്ടമായ്
പല നിമിത്തങ്ങൾ മറ്റുമിങ്ങനെ പിഴച്ചു കണ്ടുമനാദരി -
ച്ചലറും വാനരവീരരോടവൻ വാതുവെച്ചടരാടിനാൻ
5
അടരിനായ് വന്ന നിശിചരൻ വരവാദരിച്ചൊരു രാമനും
"വടിവിൽ വമ്പടയോടെ വന്നവനാര്?പറയു"കെന്നരുളിനാൻ
അടിയിണക്കമലം വണങ്ങിയണഞ്ഞു കൂടീ വിഭീഷണൻ
കൊടിയ വില്ലു കരത്തിലേന്തിയ രാമനോടു പറകയായ്:
6
"പറയുകിൽ പട മൂന്നിലൊന്നിനുമിപ്രഹസ്തനേ നായകൻ
ആറണിഞ്ഞ ഹരന്നൊടും കുറവേതുമില്ലടരാടുവാൻ
ആറിനും പിന്നെ നാലിനും നല്ലിരിപ്പിട, മസ്ത്രവല്ലഭൻ
അറിവുള്ളോർക്കു പൈന്തേനുമാണിവനിന്ദ്രനിന്നഗരത്തിനേ
7
നഗരം വിട്ടിവൻ വന്നഞ്ഞതു നന്നു, മന്നിലെല്ലാടവും
മികവെഴുന്ന മുഴക്കവും വേഗം പെരുപ്പമൊക്കെയുമത്ഭുതം"
അകമഴിഞ്ഞു വിഭീഷണൻ രാജരാജനോടിവണ്ണം ചൊല്ലി -
പ്പുകഴ്ത്തവേ കപിവീരർ രാക്ഷസരോടു പൊരുതീ കനത്തൊടേ
8
കനമെഴും പട പാഞ്ഞു പോരിനായ് കളിപ്പൊടേ വന്നിടഞ്ഞപ്പോൾ
എളിയ തൂളിയുയർന്നു മൂടിയിട്ടിടഞ്ഞു കാണരുതായ്മയാൽ
വലിയ കോപിഷ്ഠർ രാക്ഷസന്മാരെ കപികൾ മണ്ണിതിൽ വീഴ്ത്തിനാർ
പൊരുതി വാനരവീരരും ചെമ്മേ രാത്രിവീരരും തങ്ങളിൽ
9
വീരന്മാരുടെ പോരിന്നാരവമേറിവന്നു പകച്ചു വൻ
തേരുമാനയും മാടുമാളൊടു സിംഹവും തുരഗങ്ങളും
പാരിലെങ്ങും മറിഞ്ഞു വീണു പരന്ന നേരം നുരഞ്ഞ ചെ-
ഞ്ചോര പാഞ്ഞങ്ങു മാഞ്ഞു പോയിതു പൊങ്ങിയ പൊടിയൊക്കെയും.
10
പൊങ്ങിയ പൊടി താണ നേരം സന്തുഷ്ടരാം കപിവീരർതൻ
വമ്പടങ്ങും വിധം തടുത്തണഞ്ഞമ്പെടുത്തു കരുത്തൊടേ
പൊഴിച്ചു വന്ന നരാന്തകനൊടു പടത്തലവൻ ദ്വിവിദനും
ചെറുത്തു മാമല കൊണ്ടെറിഞ്ഞുലകത്തിൻ സങ്കടം പോക്കിനാൻ
11
പോക്കി ദുർമുഖൻ കോപത്താൽ മരം കൊണ്ടെറിഞ്ഞു പേർ കേട്ടൊരാ
ശക്തനായ സമുന്നതനെന്ന രാക്ഷസവരൻ തന്നുയിർ
ഘോരനാം മഹാനാദന്റെ കരുത്തേറിയോരുടൽ കല്ലിനാൽ
ഏറ്റമൂക്കെഴും ജാംബവാനെറിഞ്ഞായിരം നുറുങ്ങാക്കിനാൻ