രാമചരിതം 13
കുടതഴകൾനിഴലിൽ വമ്പൻ പടക്കോപ്പുമായ്
ദശമുഖനിരിക്കുന്ന കണ്ടെണീറ്റോടിവ-
ന്നഴകിനൊടു മൂടീ കിടങ്ങുകൾ ചുറ്റിലും
മലനിരയടർത്തിയതിലിട്ടവർ കൂട്ടമായ്.
മുഴുമതി കുതിച്ചു മേലേറുന്ന മാളികകൾ
ബലമുടയ മതിലിന്റെ കല്ലുമെല്ലാം തല്ലി
നഗരമതിലെങ്ങും തകർത്തു നാശം ചെയ്തു
കപികൾ ദശരഥസുതരുമൊത്തങ്ങു ചുറ്റിനാർ
കപിനിരയനേകനൂറായിരത്തോടൊത്തു
വിവിദനും നീലനും മൈന്തനീ മൂവരും
ഉദയദിശയിൽ പെരിയ കോട്ടവാതുക്കലായ്
ജവമൊടെയണഞ്ഞിതു രാമന്റെ വാക്കിനാൽ.
അതിവിപുലസേനയും കേൾവികേട്ടുള്ളോരു
ഗജനാദിയാമഞ്ചുപേരുമായംഗദൻ
പുറമെയരിസൈന്യം പിണങ്ങുന്നതും പാർത്തു
പെരുമ മികുമാത്തെക്കേ ഗോപുരം പൂകിനാൻ
പൊരുതുമരിനിരയുടെ പുറപ്പാടു നോക്കിയും
ബലമൊടിരുനൂറുകോടിപ്പടക്കോപ്പൊടും
പണിയിവരൊടേറ്റുമുട്ടാനെന്നരക്കരിൽ
ഭയമുയരുമാറു യുദ്ധത്തിന്നണകയായ്
വരുണദിശ കാക്കുന്ന ഗോപുരത്തിൻ പുറ-
ത്തിരുവർ പടയാളികൾ വാടാത്ത കൂട്ടുമായ്
പവനതനയൻ മൈഥിലിക്കു രാഗം ചേർന്നൊ-
രരചർമണി വമ്പൊടേ ചൊല്ലുമച്ചൊല്ലിനാൽ
അരച,നുലകങ്ങൾ മൂന്നിന്നുമൂന്നായവൻ,
അമല,നമരർക്കെല്ലാം തമ്പുരാൻ, ഭക്തരിൽ
കരുണ പൊഴിയുന്ന കാകുൽസ്ഥ,നാപത്തിനെ -
ക്കളവതിനു വമ്പെഴും തമ്പിയും ഹരിവര-
പ്രമുഖരെല്ലാരും വിഭീഷണൻ താനുമായ്
അറുതി ദുഃഖത്തിനും രാക്ഷസർക്കും വരാ-
നണകയായ് മെല്ലെ വൻകോട്ട ശോഭിക്കുമു-
ത്തരദിശയിൽ ഗോപുരത്തിൻ പുറത്തൂഴിയിൽ.
അറുതി നമ്മൾ തമ്മിലുള്ളടുപ്പത്തിന്നു
വരരുതിതു മൂല,മതിർ താണ്ടി നിൻ മുന്നിൽ ഞാൻ
ഇതുവരെയണഞ്ഞില്ല നീയെന്റെ മുന്നിലും
ഝടുതി നടകൊൾക പൊയ് പൂക കിഷ്കിന്ധയിൽ
അവനൊരു നരൻ, വാനരൻ നീ, പരസ്പരം
സുദൃഢസഖരാകുവാനെന്താണു കാരണം?
അവനെയറിവീലേ നിനക്കെന്നു രാക്ഷസൻ
മൊഴിയവെ ഹരീന്ദ്രനും ചൊല്ലിനാൻ മെല്ലവേ:
"വിരളുമിളമാൻകണ്ണി സീതയെക്കട്ടുകൊ-
ണ്ടലകടൽ കടന്നു ലങ്കാപുരം പുക്കിരു -
ന്നഴകു പറയും നിന്നെച്ചെഞ്ചെമ്മേ യുദ്ധത്തിൽ
തലയറുത്തുടലു തുണ്ടംതുണ്ടമാക്കിയാ-
ശകലങ്ങൾ പേയ്ക്കും പരുന്തിനും തീനാക്കി -
യെട്ടുദിവസത്തിന്നകം നൽകിയേ വീട്ടി-
ലെത്തിടുകയുള്ളൂ തിരിച്ചു ഞാൻ, പോയ് പറക
നിശിചരവരന്നോട്" സുഗ്രീവനോതിനാൻ.
നിശിചരനവൻ ചെന്നു തന്റെ രാജാവിനോ -
ടറിയിച്ചു സുഗ്രീവവാക്യമപ്പോഴവൻ
മിഴി മുഴുവനും ചെങ്ങി, "ചൊല്ലു ചൊല്ലെങ്ങനേ
നലമിയലുമംഗദനെന്നോടുരച്ചത്?
ദശരഥസുതന്മാർ പറഞ്ഞതൊന്നില്ലയോ?
കപികളവരെങ്ങനെ യഥേഷ്ടം സ്വതന്ത്രരായ്
നിലയുറപ്പിച്ചു നിൽക്കുന്നിതെന്നൊക്കെയും
സരസവിശദം ചൊല്ലുകെന്നൊ"ടെന്നോതിനാൻ.
"പറയുക പ്രയാസം, ശ്രമിച്ചിടാം, കീർത്തിമാൻ
പവനസുതനും പിന്നെ നീലനും ബാലിതൻ
മകനുമൊരുമിച്ചു നാലഞ്ചു പേർ കൂട്ടമായ്
വീറുറ്റ വില്ലാളിമാരവർക്കൊക്കെയും
സത്യമാം കൂട്ടായി രാമനും തമ്പിയും
സകലഭുവനത്തിലും പെരിയതാം പടയോടേ
വരികെ വരികേ പുറത്തോട്ടേക്കു പോകുന്ന
വഴി തടയുമാറു വടക്കടുത്താരവർ"
"വഴി തടഞ്ഞുവോ ചുറ്റുചുറ്റായിയെങ്ങു,മെതി -
രിടുവതിനു വന്നതാർ ശത്രു പണ്ടെന്നൊട്?
അറിയണമുടൻ ജയമാർക്കെന്നതിപ്പൊഴേ
ഒഴിയട്ടെ മറ്റുള്ളതൊക്കെയു,മാകയാൽ
പിഴ വന്നുകൂടാത്ത വണ്ണം നടക്ക നാം
അരുതധികമായ് ക്ഷമയിക്കാല" മിങ്ങനെ
ഉഴറിയധികാരികൾക്കുൾക്കനം തോന്നുമാ -
റരുളിയെഴുനേറ്റാൻ നലം ചേർന്ന രാവണൻ
ഗുണഗണമിണങ്ങുമംഗദനെ മന്നോർ തൊഴും
നരപതി വിളിച്ചു "നീ ചെന്നു ചോദിക്കുക
ബലമധികമെന്തേ നിന,ക്കെന്റെ ഭാര്യയെ
വിരവൊടു കവർന്നുകൊണ്ടിങ്ങനേ ചെഞ്ചെമ്മേ
പൊലിമയൊടു പേർകേട്ട ബന്ധുക്കൾ മക്കളും
വലിയ പടയാളിമാരും പടക്കോപ്പുമായ്
ഉലകിലീ ലങ്കയിൽ വന്നിരുന്നിങ്ങനേ
യഴകു പറയാൻ നീളെ വാഴുകയില്ല നീ"
അഴകുപറയാനെനിക്കും പറ്റുമേ, നിന -
ക്കുയിരൊടുടൽ കൂടീട്ടിരിക്കേണമെങ്കിലോ
കുറവു പറയുന്നതു നിറുത്തി നീയെന്നുടെ
കുയിൽമധുരമൊഴിയാളെ നൽ,കതല്ലായ്കിയോ
പലതര രണായുധമെടുത്തുവന്നമ്പേറ്റു
പരലോക നിലയനം പൂക നീ"യെന്നങ്ക -
ത്തറയിലറിയിക്കുവാനംഗദൻ ചാടിനാൻ
ചതിയുടയ രാക്ഷസാധീശന്റെ മുന്നിലായ്
No comments:
Post a Comment