പടലം 18
1
അല്ലൽ പോം കപികുലത്തെയൊടുക്കിയാലതിനു നീ നിൻ
വില്ലൊലി മുഴക്കൂ ചെന്നു വിസ്തൃതപ്പോർക്കളത്തിൽ
ചൊല്ലിനാൻ ലങ്കാനാഥൻ ധൂമ്രനയനനോടു
ചൊല്ലെഴും പടയോടൊപ്പം നടക്കുവാനവനും ചൊന്നു
2
നടന്നിതു തേരിന്മേലും മന്ഥരപർവ്വതത്തോ -
ടിടഞ്ഞ പോരാനമേലും കൊഴുത്ത വൻ കുതിരമേലും
കരുത്തെഴും കഴുതമേലും കൂറ്റനൊട്ടകങ്ങൾമേലും
പെരുത്ത സിംഹങ്ങൾമേലും ചൊടിയൊടേ കാലാളായും
3
ചൊടിയൊടേ കൂടം, ശൂലം, ഈട്ടി, വിട്ടേറ്, ചോട്ട,
അസി, ഇരിപ്പെഴുക്, കുന്തം, ആഴി,വിൽ, പീലിക്കുന്തം,
കുതിരവാൾ, നൂറ്റുക്കൊല്ലി, കൊടിയ വേൽ, ഭിണ്ഡിപാലം
ഗദകളും മറ്റുമേന്തിത്തിളങ്ങുമാറവർ നടന്നു.
4
ഒളിയെഴുമായുധങ്ങളോരോരോ വക നിറച്ചു
തെളിമയിൽ വേഗം തൻ തേരുറപ്പുള്ള വഴിയേ വിട്ടു
വളരിളം കഴുകൻ പാഞ്ഞു വന്നുടൻ തേരിൻ മീതെ
തെളിഞ്ഞു കണ്ടീടുമാറു ചോര ചൊരിഞ്ഞിതപ്പോൾ
5
നടക്കവേ ഭയന്നു വീണൂ കുതിരകൾ നടുങ്ങിക്കൊണ്ടു
തുടിച്ചിതിടത്തു തോള്, കുറുക്കന്മാർ പിറകേ വന്നു.
തടുത്തൂ പറവ നന്നായ്, തിടുക്കത്തിൽ ചോന്നൂ സൂര്യൻ
നടന്നിതു വീരൻ ധൂമ്രനയനനും തുലയാതപ്പോൾ
6
തുലയാതെ ധൂമ്രാക്ഷനുമറച്ചറച്ചങ്ങു വമ്പൻ
ദുർനിമിത്തങ്ങൾ കണ്ടു പേടിച്ചു തേരുമായി
പടിഞ്ഞാറേ ഗോപുരത്തിൽ വന്നു ബാണങ്ങളെയ്തു
ഹനുമാനണയും മുന്നേ കപികളെ നിരത്തീ മണ്ണിൽ
7
നിരപ്പാക്കീ പത്തിരട്ടി നിശിചരന്മാരെക്കൊന്നൊ -
രരക്ഷണം കൊണ്ടൂഴിമേലുണർവോടെ കുരങ്ങുവീരർ
ഒരുത്തനെയൊരുത്തനെക്കൊണ്ടുടനുടനെറിഞ്ഞും പാഞ്ഞും
മരത്തലകളാൽ തച്ചും മലകളാലെടുത്തെറിഞ്ഞും.
8
എറിഞ്ഞൂ മാമലയൊന്നാലേയെതിർത്തു ഹനുമാ,നേറു
പിറന്നപ്പോൾ പിഴ കണ്ടേറ്റം അകലേക്കു മാറിനിന്നു.
ഞൊടിയിടകൊണ്ടു നല്ല തേരു നുറുങ്ങിവീണു
ഗദയേറ്റു പറന്നകലെപ്പോന്ന രാക്ഷസനാർത്തു.
9
ആർത്തവൻ ഗദയാൽ വമ്പോടടിച്ചതു കണക്കാക്കാതെ
ചീർത്തൊരു മലയെടുത്തു കരുത്തൻ ഹനുമാൻ വീണ്ടും
ധൂർത്തോടെ യുദ്ധം ചെയ്ത ധൂമ്രനയനൻ തൻ മെയ്
നേർത്ത നുള്ളുപൊടിയായ് വീഴ്ത്തിയുടനെറിഞ്ഞു.
10
എറിഞ്ഞതേറ്റരക്കൻ വീഴുന്നതു കണ്ടു പറവ പോലെ
പറന്നുപോയ് രാക്ഷസന്മാർ ഭയത്തിനാലുയിരും കൊണ്ട്.
അടിച്ചടിച്ചവരെ പിന്തുടർന്നു വാനരങ്ങൾ ചെൽകേ
അകത്തു പോയ് മറഞ്ഞു കാലപുരത്തിലെത്താത്തോരെല്ലാം.
11
അന്തകൻ വീട്ടിലെത്തീ ഹനുമാനോടെതിർത്തോരെല്ലാം
ധൂമ്രാക്ഷനോടു കൂടെ തിടുക്കത്തിലെന്നു കേട്ട്
ദശമുഖൻ വജ്രം പോലെ കടുപ്പമുളെളകിറുള്ളോനാം
വജ്രദംഷ്ട്രനെച്ചാരേ വിളിച്ചുനിർത്തിപ്പറഞ്ഞു.
No comments:
Post a Comment