Friday, October 13, 2023

രാമചരിതം പടലം 16

 പടലം 16


1

വലിയ തപസ്വിയിന്ദ്രജിത്തൊരു തവണ ജയിച്ചതു കണ്ടേ
"യകന്നു വിഷാദ"മതാഘോഷിക്കാൻ ലങ്കയലങ്കരിച്ചേ
രാക്ഷസിമാരോടാജ്ഞാപിച്ചു വിമാനമേറ്റിയിരുത്തി
ഇരുൾമിഴിയാളാം സീതയെയൂക്കൊടു പോർക്കളമെത്തിച്ചപ്പോൾ
പരന്നു നുരഞ്ഞ ചോരയണിഞ്ഞു ലക്ഷ്മണനും ദേവന്മാർ-
ക്കധിപനുമങ്ങു കിടപ്പതു കണ്ടു പണ്ടറിവുള്ളവരെല്ലാം
പറവതു തന്നെ പറഞ്ഞു പറഞ്ഞു മൈഥിലി മെയ് തളർ,"ന്നാർ
കാത്തിടുമെന്നെ നല്ലതുപോലെ" യെന്നു കരഞ്ഞിരുന്നു.

2

"കരയരുതേ നീ, വിശ്വാമിത്ര മുനിയുടെ പിറകേ പോന്നി -
ട്ടിളയവനുടെ വില്ലൊലി കേട്ടലറിപ്പിടിച്ചു വിഴുങ്ങാമെന്നോർ -
ത്തടവിയെല്ലാമിളക്കി വരും താടകയുടെ വമ്പൊരമ്പാൽ
അറുതി വരുത്തീ രാമനതും കഴിഞ്ഞവർ യാഗം കാത്താർ
വമ്പട നഷ്ടപ്പെട്ടു രണത്തിൽ രാക്ഷസന്മാർക്കെന്നാലോ
അങ്ങൊരു കല്ലു കാലടി വെച്ച നേരമഹല്യയായീ
കുറുകീ ജീവിതകാലം ക്രൂരൻ രാവണന്നും മകന്നും
കുടിലനെടുങ്കണ്ണാളേ,യിതിനാൽ നീയറിയേണമിതെല്ലാം"

3

"അറിയുകയില്ലേയൊന്നുമെനിക്കെൻ തലമുടി കണ്ടും ചില്ലി -
ക്കൊടിയുടെയിടതൂർന്നഴകതു കണ്ടുമെന്റെ നഖങ്ങൾ കണ്ടും
നീൾമിഴി കണ്ടുമാനനകാന്തി കണ്ടു,മെഴുത്തു കഴുത്തിൽ
കാലടിമേൽ പൊൻകൈകളിൽ, മുലയിണ മേലും തികവൊടു കണ്ടും
ജ്ഞാനികളെന്റെ കണങ്കാൽ കണ്ടുമൊതുങ്ങിയ നടുവിട കണ്ടും
കനിവൊടുരയ്ക്കാറുണ്ടെപ്പോഴും മൂവുലകാളുമനന്തൻ
ജീവിതകാലമൊടുങ്ങാത്തോൻ വരനായിടുമേ നിനക്കെ -
ന്നന്നവർ വെറുതേ മേന്മ പറഞ്ഞെന്നിന്നു നിനച്ചീടുന്നേൻ"

4

"കരുതരുതേ നീയിങ്ങനെയൊന്നും പരമശിവൻ കൊടുത്ത
കതിരുതിരും വില്ലൊടിച്ചല്ലയോ കൈ പിടിച്ചിതു നിങ്ങൾ തമ്മിൽ
പരശുധരനെത്തടുത്തു ജയിച്ചോരിതിനുമുമ്പാരേയുള്ളൂ
പലവക മന്നരെപ്പലവട്ടം വെട്ടിമുടിച്ച നാളും?
വലിയ വനം പിടിക്കുക നീ, നിനക്കഭിഷേകമിപ്പോൾ
അരുതെന്നൊരമ്മ പറഞ്ഞതു കേട്ടു തെളിഞ്ഞിങ്ങു പോന്നതെന്തേ?
തെല്ലു നിനക്കുമിതിനെപ്പറ്റിയില്ലേയുള്ളിൽ ചിന്ത,
നന്നായറിയുമെനിക്കു, നിശാചരസന്തതി വേരറുക്കാൻ"

5

"വേഗമറുക്കും രാക്ഷസസന്തതി വേരുകൾ കപിവീരന്മാർ
വിളയുമെനിക്കെൻ ആഗ്രഹമെന്നു കരുതിയിരുന്നൂ ഞാനും
അതു ചതിയായിത്തീർന്നിതു, രാവണനുണ്ടനുജൻ, പല മക്കൾ
മരുമക്കൾ, പടയാളികളുണ്ടതിലൊരുവൻ മാത്രം രാവിൽ
പൊരുതുവതിന്നായെത്തിയ നേരം രാമലക്ഷ്മണന്മാർ
ഇരുവരുടെയും ദേഹത്തമ്പിടതൂർന്നു തറച്ചതു കാൺക!
ഭരതകുമാരന്നമ്മ നിനച്ച മാതിരി തന്നെ വന്നു
വെന്തഴൽ പൂണ്ടു പലവിധമെന്തേ ഞാൻ പറയുന്നിതിപ്പോൾ"

6

"പലവിധമെന്തു ഞാൻ പറയുന്നു? തേരും പടയും കൂടേ -
യകമ്പടിക്കാരും ജഗം പൊടിയാക്കും വാക്കും ബലവുമുള്ളോൻ
മേഘനിനാദനംഗദനോടു ചെന്നടരാടിയൊട്ടും
വഴി കാണാതേ വമ്പടയാകേ നഷ്ടമായിപ്പോയി
നിലയും തെറ്റിത്തേരു തകർന്നായുധമൊക്കേയുമൊടിഞ്ഞു
ഗതികെട്ടോടിപ്പോരിക നല്ലൂവെന്നു തിരിഞ്ഞു പോന്നു
പോരും വഴിയിൽ രാഘവനോടു മായാവിദ്യയെടുത്തു
വാനിൽ മറഞ്ഞു നിന്നിതു ചെയ്തു പ്രാണനും കൊണ്ടിങ്ങു പാഞ്ഞു"

7

"മായ പ്രയോഗിച്ചുയിരും കൊണ്ടു പാഞ്ഞതു കുറ്റമല്ലാ
മേരുമലക്കൊത്തോരു വിരാധനതിന്നു കഴിഞ്ഞതുമില്ല
വാസ്തവമറിയാശ്ശൂർപ്പണഖക്കു മൂക്കു മുറിഞ്ഞു പോയീ -
യവളുടെയിളയവർ പടയൊടു വന്നു കാലപുരത്തിൽ പൂകി
ശക്തി പെരുത്ത ഖരൻ തനിയേ ചെറുത്തവനും മുടിഞ്ഞൂ
ശക്തി കുറഞ്ഞതിനിവിടെന്താവോ കാരണമെന്നതോർത്തു
മോഹാലസ്യമെനിക്കകമേ നിറഞ്ഞു നിറഞ്ഞു വരുന്നു
മുന്നമൊരാളും രാമനു ശത്രു മന്നിതിലില്ലാ തോഴീ"

8

"ഇതിനു മുന്നേയും മേലിലുമിന്നുമാരിവനോടെതിർക്കാൻ
ഹിമമലമങ്കയ്ക്കുടലു പകുത്ത പരമേശ്വരനല്ലാതെ?
കണ്ടൊരു മായാമാനിൻ പിറകേ പോയതറിഞ്ഞല്ലേയ-
ന്നിപ്പിഴ ചെയ്യാനവിടെ വരാൻ രാവണനവസരമുണ്ടായീ?
മതിവദനേ! നിന്നോടു പിരിഞ്ഞെരിഞ്ഞു കഴിഞ്ഞ കാലം
വഴിയിൽ മദിച്ചടുത്തു തടുത്തെതിർത്ത കബന്ധൻ തന്നെ
കയ്യിലെ വാളാൽ വെട്ടിയരിഞ്ഞൊരിവന്നരുതാത്തതൊന്നില്ലാ
മോഹമിതിപ്പോൾ തീരും, ലങ്കയുമതിശയകരമായ് തീരും

9

മൃതിയിവനുണ്ടോ സർവ്വവിനാശപ്പോരിൽ? മാമരമേഴു -
മെയ്തു മുറിച്ചു, ദുന്ദുഭിദേഹം കാൽവിരൽ കൊണ്ടെറിഞ്ഞു
പിഴ പെരുതുള്ള ബാലിയെയെയ്തു നാടപ്പാടെ കൊടുത്തൂ
പെരുമ മികച്ചൊരു സുഗ്രീവന്നവൻ വന്നു കരഞ്ഞ മൂലം.
വഴി തരികെന്നു പാടുകിടന്നു ബാണമെടുത്ത നേരം
മറികടൽ വന്നു ചൊന്ന വഴിക്കു വൻചിറ കെട്ടി മുട്ടി -
ച്ചഴകിനൊടേ പെരുമ്പട കൂട്ടി ലങ്കയിൽ വന്നു കേറി -
യടരിൽ ജയിച്ചേ പോന്നതുമിപ്പോളോർമ്മയിൽ നിന്നും മാഞ്ഞോ?

10

ഇവനു സുബോധമണഞ്ഞില്ലയിപ്പോ,ളിതു മോഹാലസ്യം താ-
നതിനു നിനക്കു ഞാനടയാളമൊന്നറിയിക്കാമിപ്പോൾ
മാൻമിഴി നാണിച്ചീടും നീൾക്കണ്ണാളേ, യാനനകാന്തി
ജീവനൊടുങ്ങിപ്പോയാലധികം തങ്ങിവിളങ്ങുകയില്ല.
കേളിതു കൂടി,പ്പെരുമ മികച്ച വിമാനം പേറുകയില്ലാ
വിധവളെത്തനിക്കകമെന്നാൽ നിന്നെ വഹിച്ചതിവേഗം
വന്നിതു, നിന്നിൽ സ്നേഹമെനിക്കുണ്ടേറ്റവുമതിനാൽ ചൊല്ലു-
ന്നീയുപദേശം നീൾമുടിയാളേ,ദുഃഖമകറ്റിപ്പോകൂ

11

കളയുക നിന്റെയുള്ളിലെ ദുഃഖം" രാക്ഷസവേരറുക്കാൻ
കരുതിയുണർന്നു വീരരെണീറ്റു ശരനിരകളെടുത്തു
തെരുതെരെയെങ്ങും വലിച്ചു തൊടുക്കും മുന്നമേ നടക്കാൻ
മൈഥിലിയോടു മെല്ലെയിരന്നു ത്രിജട നടന്ന നേരം
വളർമലയേഴുമാഴിയും വാനുമൂഴിയുമൂഞ്ഞാലാടും
പടിയിളകുന്ന വൻചിറകിൻ കാറ്റൂക്കൊടടിച്ച നേരം
തിരികെ ശരങ്ങളായി മടങ്ങിക്കാട്ടിലൊളിച്ചൂ പേടി -
ച്ചരചരുടേയുടൽ മുഴുവൻ മുഴുകിച്ചുറ്റിയ പാമ്പുകളെല്ലാം.

No comments:

Post a Comment