പടലം 17
1
പൂണ്ട മോഹമഖിലം കളഞ്ഞു പുകളാർന്ന മന്നരെഴുനേറ്റു പോ-
രാണ്ട വില്ലുശരമേന്തിയങ്ങു കപിവീരർ തന്നിടയിൽ നിൽക്കവേ
നീണ്ട ശോകമണയിച്ചിടാതെ നെറിയേറിടും ഗരുഡനും കരം
കൊണ്ടു പൂണ്ടു തടവീ,വണങ്ങി പദ,മങ്ങു മെല്ലെ വിടവാങ്ങിനാൻ
2
വാനരപ്പട പെരുത്ത കൊള്ളികളനേകമപ്പൊഴുതെടുത്തു വ -
ന്നോങ്ങി വീശി മതിലിന്നു മീതെയുയരത്തിലായെറിഞ്ഞു നിൽക്കവേ
"പാങ്ങു നോക്കി പട വെച്ചടുത്ത പടി പാർത്തു പാർത്തു ചിലരെന്തിതെ-
ന്നങ്ങു ചെന്നറിവി" നെന്നു കല്പന കൊടുത്തുടൻ നിശിചരാധിപൻ
3
നായകർക്കടരിൽ നാശം വന്നതിനു നമ്മെ വന്നു മുഷിയിക്കയോ
പൂശ കിട്ടുമതിനെങ്ങനേയു,മതു പോരു,മൊട്ടു വിളയാട്ടമോ?
ശോകമൊട്ടുമിയലാതിവർക്കു നവശോഭയേറിയതിനെന്തുവാൻ
ഹേതുവെന്നുമറികെന്നു കേട്ടുടനറിഞ്ഞു രാക്ഷസരുരയ്ക്കയായ്
4
ദുഃഖമറ്റഴകു പെറ്റു ദാശരഥിമാർക്കു, നന്മ പെരുതായി പ -
ണ്ടേതിലും കപിവരർക്കുമഗ്ഗരുഡദേവനേകിയൊരനുഗ്രഹാൽ
ഇങ്ങനേയവർ പ്രസന്നരായതു പറഞ്ഞിടാൻ പണി, പടക്കുവേ-
ണ്ടുള്ള കോപ്പു വിവരിക്കിലും വിഷമമുള്ളി,ലാകിലുമുരച്ചിടാം.
5
വിസ്തരിപ്പതു കടുപ്പമായ കൊടുവമ്പെഴുന്ന കുമുദൻ, തെളി-
ത്തേനുപോലെ പരിപക്വനാം പനസൻ, കൂടവേ പ്രഘസനെന്നവൻ
നൂറുകോടി കപിവീരർ ചൂഴ്കെ ഞൊടിയിൽ തഴപ്പൊടു കിഴക്കെഴും
ഗോപുരം വഴി കടന്നു വന്നവിടെ മൂടി മൂവരുമടിക്കുവാൻ
6
ലോകമാകെ നിറയും കരുത്തുടയ വീരരെമ്പതു വരുന്നതാം
കോടി ചൂഴ്ന്ന കപിവീരനാം ശതബലിക്കു താരനൊരു കൂട്ടുമായ്
തെക്കു ദിക്കിലവർ കുന്നുമാമലകളൊക്കെയേന്തി വരവായിത -
മ്മാനമാടിയുടനങ്ങു ഗോപുര വഴിക്കു കാത്തവരിരിക്കയായ്
7
നോക്കി നോക്കി ഹിതമോടെ യുദ്ധമിതു തേടിവന്നു പടിഞ്ഞാറു വൻ
ഗോപുരത്തിനു സമീപമേറ്റമുടൽ ചേലിയന്നൊരു സുഷേണനും
ദംഭനും ധര നടുക്കിടുന്ന ശതകോടിയാം പടയുമാർപ്പൊടേ
വന്നു പുക്കിതൊരു നാഴികക്കിടയിലെന്നതേകിയതിസങ്കടം
8
അഞ്ചു വീരർ ഗജനും ഗവാക്ഷനഴകേറിടും ഗവയനും ബലം
കയ്യിലുള്ള ശരഭൻ, പിന്നെപ്പെരിയ ഗന്ധമാദനനുമിച്ചൊന്നോർ
ശക്തിഹീനരവരേവരെന്നു ഞൊടിയിൽ നടന്നിടയിലൂടവേ
വ്യക്തമാക്കി പടയോടുകൂടെ നിലകൊൾവിതെങ്ങുമവരെപ്പൊഴും
9
എങ്ങുമേയുടനൊരുക്കി നിർത്തി കപിവീരരും വലിയ സൈന്യവും
ചേർന്നു രണ്ടരചനായകർ ശ്രുതി പെരുത്ത രാക്ഷസ വിഭീഷണൻ
സൂര്യപുത്ര കപിരാജനൊത്തു വടദിക്കിൽ ദുർഗ്ഗമതയേറുമാ
ഗോപുരത്തിനൊടടുത്തു വന്നു നിലയായ് തിളപ്പൊടതി സാഹസർ
10
"അടുത്ത പോരിൽ കപിവീരർ തന്നെയുമൊരസ്ത്രം കൊണ്ടുടനടക്കി വി -
ല്ലെടുത്ത ദാശരഥി തന്നെയും പിന്നെയെതിർത്ത തമ്പിയെയുമൂഴിയിൽ
കിടത്തിയിന്ദ്രനെ ജയിച്ച രാക്ഷസവരൻ തിരിച്ചു നഗരത്തിൽ വ-
ന്നിരിപ്പായെങ്കിലതു മിക്കവാറും ചതി" യെന്നടക്കമവർ ചൊല്ലിനാർ
11
ചൊല്ലിനാനുടനെ രാവണൻ "സുരരിൽ മുഖ്യരും കൊടിയ രാക്ഷസർ
നല്ല ദാനവരുമൊന്നുമാരുമൊരു നാഴികയ്ക്കുയിരു കാക്കുവോർ
ഇല്ല നമ്മളുടെയസ്ത്രജാലമുടലിൽ പിളർന്നു തറയുമ്പൊ,ഴീ
രാമലക്ഷ്മണരിലൊന്നുമേശിടുവതില്ലയെന്നതതി സങ്കടം"
No comments:
Post a Comment