രാമചരിതം 14
"ചതിയാലേ വനത്തിൽ നിന്നു ജാനകി തന്നെ മുന്നം
മതിമറന്നെടുത്തുകൊണ്ടു മറികടൽ കടന്നുപാഞ്ഞ്
ഹിതത്തോടിരുന്ന നിന്നെ പോരിനായ് തേടുന്നൂ ഞാൻ
കതിരവപുത്രൻ കൂട്ടായ് രാമന്റെ പടയുമായി"
"പടയുമായ് വന്നുവെങ്കിൽ ഇനിയൊട്ടും വൈകുകില്ല
കൊലയാനക്കൂട്ടം കണ്ടാലലറുന്ന സിംഹം പോലെ.
കൊടിയ വാനരകുലത്തെ തകർത്തുകൊണ്ടൊഴുകും ചോര
കുടുകുടെക്കൂടിച്ചരക്കർ കൂട്ടമിട്ടാർക്കുമിപ്പോൾ"
എന്നു രാവണൻ ചൊൽകേയംഗദൻ മറുത്തുരച്ചു
"ഒന്നുകിൽ മൈഥിലിയെ തന്നു വന്നടി വണങ്ങി
നിന്നുകൊള്ളല്ലെന്നാകിൽ പോരിനായ് വന്നോരെന്നെ
വന്നെതിരിടുകയെന്ന രാമവാക്യം നീ കേൾക്ക"
ഇത്തരം വാക്കു കേട്ടു വളഞ്ഞുള്ള ചില്ലിയോടും
കോപിച്ചിളകിപ്പറ്റേച്ചുവന്നുള്ള മിഴികളോടും
അന്തക സമം ഭയങ്കരന്മാരാം രാക്ഷസരോ -
"ടൂറ്റമുള്ളിവനെക്കെട്ടാനെല്ലാരും വരുവി"നെന്നാൻ
"വരുവിൻ" രാവണൻ ചൊൽകേ വന്നണഞ്ഞവരെയെല്ലാം
ഉണർവുള്ള ബാലിപുത്രനുയർന്നുടനടിച്ചു കൊന്നു
പുകഴാർന്നയോദ്ധ്യാരാജന്നടിയിണ വണങ്ങിച്ചേർന്നു
നിലകൊണ്ടു രാവണൻ വാക്കറിയിച്ചാൻ ഹരികളേയും
"കുരങ്ങക്കുലം മുഴുവൻ കൊന്നൊടുക്കിയിട്ടിന്നു
മുടിക്കും ഞാനിരവിൽത്തന്നെ രാമലക്ഷ്മണന്മാരെ"
മല പോൽ തോളുള്ള ബാലീസുതനീ രാവണവാക്യ-
മറിയിക്കേ സുഗ്രീവൻ ചെന്നിളക്കിനാൻ സേനയെല്ലാം.
ഇളക്കിയ സേന വന്നു മാമല പറിച്ചെടുത്തു
വലിയ കിടങ്ങു തൂർത്തൂ മരങ്ങളും മലയും കല്ലും
കളിപ്പോടു പിടിച്ചടുത്തു കടൽ കിടന്നലറും പോലെ
തിളപ്പോടെ ചെന്നെതിർത്തൂ രാക്ഷസസൈന്യത്തിനെ
എതിർത്ത വൻകപികുലത്തെത്തേരിൽ കയറി വന്നും
കുതിപ്പെഴും കുതിരമേലും കുഞ്ജരനിരയിന്മേലും
ഹിതത്തോടണഞ്ഞ സന്തുഷ്ടന്മാരാം നിശിചരന്മാർ
തനിക്കുതാൻ പോന്ന പടയാളിമാരോടെതിർത്തു.
ഒപ്പമാണിവനെനിക്കെന്നംഗദൻ ചെറുത്തുനിന്നാ -
നെപ്പുവനവും വെല്ലുമിന്ദ്രജിത്തിനെത്തന്നെ
അപ്പൊഴുതടരാടീ ഹനുമാൻ ജംബുമാലിയോ -
ടപ്രഹസ്തന്റെ വമ്പു നശിപ്പിച്ചൂ സുഗ്രീവനും
ഒടുക്കീ വിവിധൻ പോരിൽ അശനിനേരൊളിയുള്ളോനെ
തഴപ്പുള്ള നീലൻ നേരേ തടുത്തൂ നികുംഭൻ തന്നെ.
വഴിപ്പെടുമാറടുത്തൂ മൈന്ദൻ വജ്രമുഷ്ടിയെ
തടുത്തൂ തപനനുടെ ശ്രീയെക്കീർത്തിമാൻ ഗജൻ
തടുത്തൂ യുദ്ധത്തിലാട്ടിസ്സമ്പാതി ദേവന്മാരും
ഭയക്കും പ്രജംഘൻ തന്നെ, മിത്രങ്ങളെയൊക്കേയും
മുടിപ്പവനെത്തടുത്തൂ വിഭീഷണൻ, ലക്ഷ്മണനോ
നയനം വിരൂപമായ രാക്ഷസനോടിടഞ്ഞു.
No comments:
Post a Comment