Monday, October 23, 2023

രാമചരിതം പടലം 20

 പടലം 20


1

അറുത്തൂ രാക്ഷസകണ്ഠമംഗദനെന്നു കേട്ടു
"മറുത്ത കപികുലത്തിൻ വമ്പിനെയമ്പുകൊണ്ടു
ചെറുത്തു നീ ശത്രുരാജശിരസ്സുകൾ ശരങ്ങളെക്കൊ -
ണ്ടറുക്കണം" രാവണനകമ്പനനോടു ചൊന്നു.

2

അകമ്പനൻ ദശമുഖന്റെ ചേവടിയിണ പണിഞ്ഞു
ജഗം പൊടിയാക്കുമൂക്കു തികഞ്ഞ വൻ പടയും ചൂഴ്കെ
അകമ്പടിയോടുമഞ്ചാറംഗമായ് നടന്ന നേരം
പകർന്നൂ പകലോൻ കാന്തി, പകച്ചുപോയ് പറവയെല്ലാം.

3

പറവകൾ പകച്ച നേരം പകർന്നൂ നിശാചരന്റെ
നിറമെഴും വദനകാന്തി, നിലമടിച്ചെതിർത്തൂ കാറ്റും
വചനം തളർന്നു മാഞ്ഞൂ, പകലറുതിയിൽ പോലേ
കൊടുമ പോയ് നിറവും ചൂടുമടങ്ങുമാറായീ സൂര്യൻ

4

ചൂടും തഴകൾ നാലും ചുഴന്നെഴും കൊടിയ കാറ്റു
വാടുമാ നട തുടർന്ന കുതിരയുമുള്ള തേരിൽ
പേടിയാമാമ്മാറു കേറി നിമിത്തങ്ങൾ കൂസീടാതേ -
യാടിമാമുകിൽവർണ്ണനകമ്പനൻ പോരടിച്ചു.

5

പോരടിക്കുവാൻ വന്ന രാക്ഷസന്മാരെക്കപി -
വീരർ മാമലയും കുന്നിൻ കൊടുമുടികളുമേന്തി
അടിച്ചും പൊടുപൊടേ മരാമരങ്ങളാലുട -
നെറിഞ്ഞും മാറുടയുമാറു തച്ചും പൊടിച്ചിതവർ


6

മാറിടം, ഉദരം, നാഭി, യൊളിതൂകും വദനം, കണ്ഠം
കണങ്കാൽ, ശിരസ്സ്, തുട, പാർശ്വമിവിടെയെല്ലാം
കൂടം, വേൽ, ശര, മസി, മുട്ടടി, ഗദ, ശൂലം
കുന്തം, മഴു, പരിഘയേറ്റു കപികൾ വീണു.

7

കപികുലമകന്ന നേരമകമ്പനനമ്പു പേടി -
ച്ചുരമുള്ള നളനും മൈന്ദൻ മുമ്പനാം കുമുദൻ താനും
പൊരുതിത്തൊടുത്തടുത്തപ്പൊഴുതു പോർക്കളത്തിലെങ്ങും
തെരുതെരെ നുറുങ്ങി വീണൂ കരുത്തർ നിശാചരന്മാർ

8

കരുത്തുള്ള നിശാചരർ ചെമ്മേയീ മൂവരാലും
ശരിക്കു മുടിയും മുന്നേ കൂട്ടൂ തേർ വേഗമെന്ന്
ജ്ഞാനിയാം തേരാളിയോടകമ്പനൻ പറയുമ്പോൾ
ജ്വലിക്കും ഹനുമാൻ വന്നു നിവർന്നു യുദ്ധത്തിനായി.

9

യുദ്ധത്തിനായി വന്ന ഹനുമാന്റെ നെഞ്ചിലമ്പാ -
ലകമ്പനൻ പൊഴിച്ചിതമ്പിൻ തൂവലുമാഴുംവണ്ണം
പൂത്തോരശോകക്കൂട്ടം മലയെപ്പൊതിഞ്ഞ പോലെ
കട്ടച്ചെങ്കുരുതി പാഞ്ഞു മാരുതിയ്ക്കുടൽ തിളങ്ങി.

10

തിളങ്ങുമായുധങ്ങളേറ്റുമിടയിൽ മാമലയേറേറ്റും
ശരമേറ്റും പിളർന്നു വീഴും പെരുമ്പട ദുഃഖിച്ചപ്പോൾ
കളഞ്ഞതെന്തെന്നു നോക്കും പോലേ ശിരസ്സു വേറാം
കബന്ധങ്ങളെഴുന്നേറ്റു താണ്ഡവമാടീയെങ്ങും

11

എങ്ങുമമ്പുടലിലേറ്റതെല്ലാം നിസ്സാരമാക്കി -
യങ്ങൊരു മലയെടുക്കേയകമ്പനനെയ്തൊരമ്പാൽ
പൊങ്ങി നുൾപ്പൊടിയായ് വീണു പോകേ ഹനുമാൻ വമ്പു
തങ്ങും വൻമരവുമേന്തി തരം നോക്കിയവനെത്തല്ലി.

No comments:

Post a Comment